Translate

Monday, December 3, 2012

കുര്‍ബ്ബാന ചൊല്ലാതെ, ചെയ്യുവിന്‍ !


സാമൂവല്‍ കൂടല്‍, കലഞ്ഞൂര്‍


അല്‍മായശബ്ദം ബ്ലോഗിലും സത്യജ്വാല മാസികയിലും ശ്രീ.ജോസഫ്.കെ.കുളിരാനിയുടെ 'യേശുവിന്റെ അന്ത്യ അത്താഴമേശ അര്‍ത്ഥവും ദൗത്യവും' എന്ന ലേഖനം വായിക്കാനിടയായി. 

ഞാന്‍ ഭ്രൂണാവസ്ഥയിലായിരുന്നപ്പോഴേ എന്റെ മാതാവ് എന്നെ ദൈവവേലയ്ക്കായി സമര്‍പ്പിച്ചതുകൊണ്ടും എന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ അള്‍ത്താര ബോയിയായി, ദിവ്യബലി തിരശീലയ്ക്കുള്ളിലും പുറത്തുമായി കണ്ടുപഠിക്കാനും എനിക്ക് അവസരം ലഭിച്ചതുകൊണ്ടും ഞാന്‍ ഇതെഴുതിപ്പോകുന്നു.

ഒരു മാന്ത്രികനുമാത്രമേ മാന്ത്രികച്ചെപ്പില്‍നിന്നു ജാലവിദ്യകള്‍ കാണിക്കാനാവു എന്നതുപോലെ, ക്രിസ്തുവിന്റെ ദിവ്യബലിയുടെ അനുകരണങ്ങള്‍ നടത്തുന്ന പുരോഹിതന്‍ തന്റെ ജീവിത/ഹൃദയ വിശുദ്ധികൊണ്ട് സിദ്ധി ആര്‍ജ്ജിച്ചവനാണെങ്കിലേ അള്‍ത്താരയിലെ ഗോതമ്പപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീര രുധിരങ്ങളായി സൂക്ഷ്മാവസ്ഥയില്‍ രൂപാന്തരപ്പെടുകയുള്ളു എന്ന സത്യം പരമമാണ് എന്ന് ഒന്നാമതായി നാം മനസ്സിലാക്കണം. 

സുവിശേഷങ്ങള്‍ നാലു പഠിച്ചാലും പെസഹാനാളില്‍ 
എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍  എന്ന് ക്രിസ്തു മൊഴിഞ്ഞത് വിശുദ്ധലൂക്കോയുടെ പുസ്തകത്തില്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. പൊതുവില്‍ പെസഹാനാളില്‍ പങ്കിടീല്‍ (Sharing of Wealth and Health to fellow beings) എന്ന ത്യാഗബലി നടത്തിപ്പെടുന്ന യഹൂദ ആരാധനാരീതി യേശുവും തന്റെ അവസാന പെസഹാ പെരുന്നാളില്‍ (പിറ്റേന്ന് നടക്കാന്‍ പോകുന്ന കുരിശ്ശിലെ തന്റെ ത്യാഗബലിയുടെ നിഴലെന്നപോലെ) സ്വശരീര രക്തങ്ങള്‍ കാവ്യബലിയായി (അപ്പവും വീഞ്ഞൂം) ശിഷ്യന്മാര്‍ക്ക് പങ്കിട്ടുകൊടുത്തതോടൊപ്പം നിങ്ങളും ഇപ്രകാരം ചെയ്യുവിന്‍ എന്നവരെ ഉല്‍ബോധിപ്പിക്കയും ചെയ്തു. അവരും സ്വയം ത്യാഗബലികളായി അനേകര്‍ക്കുവേണ്ടി പങ്കിടപ്പെടുവാന്‍, സ്വാര്‍ത്ഥതയില്ലാത്ത ജീവതമൂല്യങ്ങള്‍ ഉള്ളവരാകാന്‍ പ്രേരിപ്പിക്കയായിരുന്നു ചെയ്തത്. 

ക്രിസ്തുവിനെ അനുകരിക്കുന്ന നാമും നമുക്കുള്ളത് സ്വമേധയാ പങ്കുവയ്ക്കുവാന്‍ കടമപ്പെട്ടവരാണ്. പങ്കുവയ്ക്കലിലൂടെ മാത്രമെ ത്യാഗത്തിന്റെ സുഖം അനുഭവിക്കാനാവൂ എന്നും അതുവഴി ക്രിസ്തീയത ഓരോ ഹൃദയത്തിലും മുളയക്കുകയുള്ളു, വിളവെടുക്കപ്പെടുകയുള്ളു എന്നും മിശിഹ അര്‍ത്ഥമാക്കി. എന്നാല്‍ പുരോഹിതന്‍ സ്വയം പങ്കിടപ്പെടേണമെന്ന ബോധം മറന്ന്, വീണ്ടും അള്‍ത്താരയില്‍ ക്രിസ്തുവിനെ പങ്കിടുന്നു. അവനെ വീണ്ടും കീറിമുറിക്കുന്നു, രക്തവും ശരീരവും ആഹരിക്കുന്നു. ദഹനപ്രക്രിയകാരണം പിറ്റേന്ന് ഒരു തടസ്സവുമില്ലാതെ മറപ്പുരയില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍ എന്ന അവന്റെ മൊഴിയെ, ചെയ്യുവിന്‍ എന്നതിനു പകരം ചൊല്ലുവിന്‍ എന്നാക്കി പുരോഹിതന്‍ ഷിഫ്റ്റ് കുര്‍ബ്ബാനകള്‍ നടത്തി ക്രിസ്തുവിന്റെ ഉല്‍ബോധനത്തെ അപഹസിക്കുന്നു. 


പുരോഹിതന്റെ കുബുദ്ധിയില്‍ വിളഞ്ഞ് അരങ്ങേറിയ ഈ സംഗീതനാടകത്തിന് ഓരോ സഭയും ഓരോവിധം ഗാന-സംഭാഷണ രചനകളും ചിട്ടപ്പെടുത്തലുമാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ ദിവ്യഭാവന പാടേ മറന്ന്, കത്തോലിക്കന് ദിവസവും എത്രനേരം വേണമെങ്കിലും; മറ്റുള്ള സഭകള്‍ക്ക് ഞായറാഴ്ചയും വിശേഷദിവസങ്ങളിലും മാത്രം, കര്‍ത്താവിനെ ഭുജിക്കാം. രക്തമെന്ന പേരില്‍ വീഞ്ഞ് കൂടക്കൂടെ കുര്‍ബ്ബാനചൊല്ലി കുടിക്കുന്നതുകാരണം കത്തനാര്‍ക്ക് മത്തുപിടിച്ച് എന്നും സ്വര്‍ഗത്തിലുമെത്താം. കത്തനാര്‍ക്ക് മത്തായി, തൊഴിലായി, കീശയും വീര്‍ത്തു ! ക്രിസ്തുവിനോ ? കേള്‍പ്പാന്‍ ചെവിയുള്ളവനില്ല എന്ന ദുഃഖവും ! 


അപ്പോസ്‌തോലന്‍മാര്‍ ആദിമകാലത്ത് സഭാമക്കളുടെ സ്വത്തുവകകള്‍ കോമണ്‍പൂളിങ്ങില്‍ കൊണ്ടുവന്നതായി ബൈബിളില്‍ നാം പഠിക്കുന്നു. എന്നാല്‍ ഇന്നത് നടപ്പില്ല, എങ്കിലും അവന്റെ വചനം രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കട്ടെ എന്നതു നടപ്പിലാക്കാന്‍ ധനം നാം ദാനം ചെയ്‌തേ മതിയാവു.മീഡിയേറ്റര്‍ കളിക്കുന്ന ചൂഷകനായ പുരോഹിതനെ ഒഴിവാക്കി, ഓരോ മനുഷ്യനും ഇതും സ്വയം ചെയ്യാന്‍ ഒരുങ്ങണം. സി.പി.എം.കാര്‍ കാണിക്കുന്ന മനുഷ്യച്ചങ്ങല മാതിരി അയല്‍ക്കാരനെ സ്‌നേഹിക്കലും ലോകമെല്ലാം വ്യാപിക്കണം. മനുഷ്യനും സഭകളും രാജ്യങ്ങളും ഈ ത്യാഗത്തിന്റെ ബലിയില്‍ പങ്കെടുക്കണം; പങ്കിടീലിന്റെ ചങ്ങലിയില്‍ കണ്ണികളാകണം. ത്യാഗംചെയ്യല്‍ വഴിമാത്രമേ നിത്യജീവനെ പ്രാപിക്കാനാകു എന്ന് തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് യേശു പറയുന്നു. നല്ല ശമരിയാക്കാരന്റെ കഥ പറഞ്ഞതിനുശേഷം നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇതുപോലെ ചെയ്യു, എന്ന് അവനോട് പറയുന്നത് ലൂക്കോസ് 10 ന്റെ 25 മുതല്‍ നാം വായിക്കുന്നു. ഒരിക്കല്‍ തന്റെ ശിഷ്യനാകാന്‍ വന്ന ധനികനോട് ക്രിസ്തു നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരുഎന്ന് പറയുന്നതായും നാം പഠിക്കുന്നു. 


ക്രിസ്തീയത എന്നാല്‍ സ്‌നേഹം, ദയ, പങ്കിടീല്‍, ശുശ്രൂഷ എന്നീ മൂല്യങ്ങള്‍ കര്‍മ്മത്തില്‍ വരുത്തുകയെന്നതാണ്. യോഹന്നാന്റെ 13 മുതല്‍ ഇതാണെന്റെ കര്‍ത്താവിന്റെ വാമൊഴി എന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു. അവന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നാമും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കാന്‍ ആ സ്‌നേഹഗായകന്‍ തന്റെ സ്‌നേഹമന്ത്രങ്ങളിലൂടെ നമ്മോട് ആജ്ഞാപിക്കുന്നു.കാലുകഴുകല്‍ കര്‍മ്മത്തിലൂടെ യോഹന്നാന്റെ 13-ന്റ 17-ല്‍ സഹോദരന്റെ കാല്‍ കഴുകുന്നവന്‍ ഭാഗ്യവാന്‍ എന്ന പട്ടവും കര്‍ത്താവ് കൊടുക്കുന്നു. വിശുദ്ധ മത്തായി 5-ന്റെ തുടക്കത്തില്‍ ഭാഗ്യവാന്‍ പട്ടങ്ങള്‍ പറഞ്ഞതിനുശേഷം യേശു വീണ്ടും ഒരു ഭാഗ്യവാനെ ശുശ്രൂഷയുടെ മഹത്വം കാണിച്ച് പറയുന്നു. 

ഞാന്‍ ഓര്‍ത്തുപോകുന്നു അമൃതസര്‍ ഗോള്‍ഡന്‍ ടെമ്പിളില്‍ എന്റെ ചെരുപ്പു വാങ്ങി ടോക്കണ്‍ തന്ന് എന്നെ സേവിച്ചത് അന്നത്തെ പഞ്ചാബ് ഡി.ജി.പി.ആയിരുന്നു! സ്വയം അഹംഭാവം കളഞ്ഞ് അഹംബോധമായി, മാനവസേവ ചെയ്യുന്നതുവഴി ഒരുവന്‍ ഈശ്വരസേവയാണ് ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു മുമ്പുള്ള പാണ്ഡവരുടെ അശ്വമേധ യാഗശാലയില്‍ യാഗം തുടങ്ങും മുന്‍പ് ഗുരുദക്ഷിണ കൊടുക്കാന്‍ ലോകഗുരുവായ കൃഷ്ണനെ അന്വേഷിച്ച് പാണ്ഡവന്മാരും പാഞ്ചാലിയും യാഗശാലയാകെ തെരയുന്നതും, ഒടുവില്‍ യാഗശാലയ്ക്കു വെളിയില്‍ യാഗത്തിനെത്തുന്ന ബ്രാഹ്മണരുടെ കാലുകഴുകുന്ന ഭഗവാനെക്കണ്ട് അവര്‍ അമ്പരക്കുന്നതും മഹാഭാഗവതത്തില്‍ നാം പഠിക്കുന്നു. 


ഇന്ന് സഭകള്‍, വീട്ടിലും നാട്ടിലും, പഠിപ്പിലും മര്യാദയിലും, കൊള്ളരുതാത്തവനെ കത്തനാരാക്കുന്നു! വീട്ടുകാര്‍ ശല്യം സഭയെ ഏല്‍പ്പിക്കുന്നു; സഭ വിശ്വാസികളെ അടിമകളാക്കാന്‍ ഈ കൂദാശച്ചട്ടമ്പിയെ ദൂരെദൂരെ പള്ളികളിലേക്ക് നാടുകടത്തുന്നു. കൂടലിലെ കൊള്ളരുതാത്തവനെ കത്തനാരാക്കി കൂത്താട്ടുകുളത്തിനും അവിടത്തെ ചട്ടമ്പിയെ കൂദാശചൊല്ലാന്‍ കൊട്ടാരക്കരയ്ക്കും പോസ്റ്റ് ചെയ്യുന്നു. ഇങ്ങനെ സഭകള്‍ മത്സരിച്ച് ആളെച്ചേര്‍ത്ത് ജനത്തിന്റെ ഇല്ലാക്കാശു പിരിച്ചെടുത്ത് മുക്കിനുമുക്കിനു പള്ളികള്‍, 50 അടി അകലത്തില്‍പ്പോലും പള്ളികള്‍, പണിത് ദൈവത്തെ അപമാനിക്കുന്നു, ജനത്തെ ആത്മീയഅന്ധകാരത്തിലേക്ക് നയിക്കുന്നു! ഇങ്ങേ പള്ളിയില്‍ ഒരുപാട്ട് , അങ്ങേപ്പള്ളിയില്‍ വേറൊരു മട്ടിലും താളത്തിലും മറ്റൊരു പാട്ട് ! കേള്‍ക്കാന്‍ വിധിക്കപ്പെട്ട പാവം ദൈവം കാതില്‍ വിരലിട്ടു പോകുന്നു. മാലാഖമാര്‍ കോലാഹലം കാരണം ഭയന്നോടുന്നു. 


ഞാനൊന്നു ചോദിച്ചുകൊള്ളട്ടേ, ഇത്രമേല്‍ പോപ്പുമാരും മെത്രാന്മാരും ബാവമാരും കത്തനാരന്മാരും കര്‍ദ്ദിനാളന്മാരും ഷിഫ്റ്റ് കുര്‍ബ്ബാനകളും പൂരുക്കുര്‍ബ്ബാനകളും ചൊല്ലുന്നു. എന്നാല്‍ ഇതുവരെ കര്‍ത്താവിനെ ഭക്ഷിച്ചവരില്‍ എത്രപേര്‍ അവന്റെ തേന്‍മൊഴിയിലേ സൂക്ഷ്മമൂല്യങ്ങള്‍ ജീവിതത്തില്‍ കര്‍മ്മവേദിയിലാക്കി? ജനവുമില്ല പുരോഹിതനാരുമില്ല. പിന്നെ കുര്‍ബ്ബാന, കുമ്പസാരം, കൂദാശവഴി ചിന്തനശിച്ച പോഴന്മാരെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ വിലയില്‍ പുരോഹിതനു സുഖിച്ചു വാഴാമെന്നേയുള്ളു. 


ജനമേ ചൂഷിതരേ, പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാതെ ഈ ചൂഷകരെ ഹൃദയങ്ങളില്‍നിന്നും ജീവിതത്തില്‍ നിന്നും പിരിച്ചുവിടൂ. അവരും പണിയെടുത്തു ജീവിക്കട്ടെ. അവരുടെ വിയര്‍പ്പ് നേടുന്ന അപ്പം അവരും പങ്കിടട്ടെ. എങ്കിലേ മിശിഹ മഹത്വപ്പെടുകയുള്ളു, പള്ളിവഴക്കു തീരുകയുള്ളു. ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന കര്‍ത്താവിന്റെ മൊഴി ഓരോരുത്തരും ഉള്ളിലറിഞ്ഞു മനസ്സിലാക്കണം. ഞാനും ദൈവവും ഒന്നാകുന്നു. എന്റെ ഉള്ളിന്റെയുള്ളിലെ ചൈതന്യമായ ദൈവത്തെ ഞാന്‍ എന്റെ ധ്യാനംകൊണ്ട് മനസ്സിന്നുള്ളറയില്‍ കണ്ടറിഞ്ഞു എന്നതാകണം മനോബലം. സ്വയം അറിഞ്ഞാല്‍ അറിവായ്. അറിവുതാന്‍ ആത്മമോദം. 


കല്ലുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ തന്ത്രിമാര്‍ ഈശ്വരചൈതന്യം ആവാഹിച്ചിറക്കി അതിനെ പൂജചെയ്യാനും, ദേവനായി സങ്കല്പ്പിച്ച് ആരാധിക്കാനും വിഗ്രഹാരാധനക്കാരെ ശീലിപ്പിച്ചതുപോലെയല്ലേ ഗോതമ്പപ്പവും വീഞ്ഞും കത്തനാര്‍ ക്രസ്തുവിന്റെ ശരീരരക്തങ്ങളാക്തി രൂപാന്തരപ്പെടുത്തി വിശുദ്ധകുര്‍ബ്ബാനയില്‍ ദിവ്യഭോജനമാക്കി മനുഷനു കൊടുക്കുന്നത്? ക്ഷേത്രത്തില്‍ കല്ലില്‍ ദൈവത്തെ കാണുന്നു. നാമോ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിനെ കാണുന്നു. രണ്ടും വിഗ്രഹാരാധന! പിതാവായ തേറഹിന്റെ ഈ ആചാരത്തെ വെറുത്ത് അബ്രഹാം വിശ്വാസികളുടെ പിതാവായെങ്കില്‍ ഇന്ന് അബ്രഹാമ്യസന്തതിയെ കത്തനാര്‍ തേറഹിന്റെ പിന്തുടര്‍ച്ചക്കാരനാക്കാന്‍ കൂര്‍ബ്ബാനവഴി പഴയ മനസ്സിന്റെ ശീലത്തിലാക്കുന്നു. പ്രാകൃതം വീണ്ടും പ്രകൃതമാകുന്നു. 


ഇന്നു പലര്‍ക്കും പള്ളി ഒരു സോഷ്യല്‍ ഗാതറിങ്ങ് പ്ലെയ്‌സ് എന്നതായി സത്യം. പ്രര്‍ത്ഥന മനസ്സിന്റെ ഉള്ളറയില്‍, ഹൃദയം ദേവാലയം. ക്രിസ്തു ജയിച്ചിരിക്കുന്നു. ശ്രീ.ജോ
ഫ്.കെ. കുളിരാനി പറഞ്ഞതുപോലെ ഇനിയും ഗ്രാമങ്ങള്‍ തോറും ക്രിസ്തീയ അയല്‍ക്കൂട്ടങ്ങള്‍ ഞായറാഴ്ചകളില്‍ ഒത്തുകൂടട്ടെ. പള്ളിയില്‍ പോകുന്നതിനു പകരം സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കട്ടെ. ഉള്ളവന്‍ ഇല്ലാത്തവനെ കരുണയോടെ കണ്ട് ത്യാഗബലി ചെയ്ത് നല്ല ശമരായനാക്കട്ടെ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാകണമെങ്കില്‍ മനം നന്നാകണം, മനനം നന്നാകണം, പുരോഹിതന്‍ ഇല്ലാതെയാകണം. നാമോരോരുത്തരും ദൈവമക്കളാകണം. ഈശോവാസ്യമിദം സര്‍വ്വം. ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ എന്നതിനു പകരം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാകട്ടെ മനസ്സുകളുടെ പ്രാര്‍ത്ഥനാമന്ത്രം ഇനിമേല്‍............

'കുര്‍ബ്ബാന ചൊല്ലാനല്ല, ചെയ്യുവിന്‍ നിങ്ങളെന്റെ 

ഓര്‍മ്മയ്ക്കായ് കാലത്തോളം'എന്നേശു വിതുമ്പുന്നു!


03-11-2012

1 comment:

  1. ഇന്ന് സഭകള്‍, വീട്ടിലും നാട്ടിലും, പഠിപ്പിലും മര്യാദയിലും, കൊള്ളരുതാത്തവനെ കത്തനാരാക്കുന്നു! വീട്ടുകാര്‍ ശല്യം സഭയെ ഏല്‍പ്പിക്കുന്നു; സഭ വിശ്വാസികളെ അടിമകളാക്കാന്‍ ഈ കൂദാശച്ചട്ടമ്പിയെ ദൂരെദൂരെ പള്ളികളിലേക്ക് നാടുകടത്തുന്നു. കൂടലിലെ കൊള്ളരുതാത്തവനെ കത്തനാരാക്കി കൂത്താട്ടുകുളത്തിനും അവിടത്തെ ചട്ടമ്പിയെ കൂദാശചൊല്ലാന്‍ കൊട്ടാരക്കരയ്ക്കും പോസ്റ്റ് ചെയ്യുന്നു.
    ഇത് സത്യം സത്യം സത്യം .

    കൂദാശ ചട്ടമ്പി - നല്ല പേര്

    ReplyDelete