Translate

Thursday, December 20, 2012

സത്യജ്വാലയിലെ ചര്ച്ച് ആക്റ്റിന്റെ' അനിവാര്യത

ശ്രീമതി ഇന്ദുലേഖയുടെ 'സത്യജ്വാലയിലെ ചര്ച്ച് ആക്റ്റിന്റെ' അനിവാര്യത എന്ന ലേഖനം വളരെയേറെ ആഴമേറിയതും ഒരു ഗവേഷകയുടെ കാഴ്ചപ്പാടോടെ രചിച്ചതുമാണ്. ഭാരതീയ നിയമ വ്യവസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഇന്നത്തെ ക്രൈസ്തവ നേതൃത്വത്തെ ഇന്ദു നിശിതമായി വിമര്‌ശിച്ചിട്ടുണ്ട്. ലേഖനം വായിച്ചപ്പോള്‍ നിയമത്തിന്റെ പഴുതില്‍ക്കൂടി മര്‍ക്കടമുഷ്ടി പിടിച്ചിരിക്കുന്ന ഭാരതീയ പൌരാഹിത്യത്തെ കീഴ്പ്പെടുത്താമെന്നും തോന്നിപ്പോവുന്നു. ചെറുപ്പത്തിന്റെ ആവേശത്തോടെ വിപ്ലവ നവീകരണ കാഹളവുമായി രംഗത്തു വന്നിരിക്കുന്ന ഇന്ദുവിനെപ്പൊലെയുള്ളവരെയാണ് നഷ്ടപ്പെട്ട നമ്മുടെ സഭയുടെ ചൈതന്യം വീണ്ടെടുക്കുവാന്‍ ആവശ്യം.

ലോകത്തിലെ ഏതു പ്രസ്ഥാനം വിജയിച്ചതും യുവതലമുറകളുടെ ശക്തിയില്‌ നിന്നായിരുന്നുവെന്നും ചരിത്രം സാക്ഷിപ്പെടുത്തുന്നു. " കത്തോലിക്കാസഭയെ അണിയറയിലുരുന്നു നിയന്ത്രിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ഗര്‍ഭസ്ഥശിശുക്കള്‍പോലും മുഷ്ടിചുരുട്ടി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു" ഇന്ദുലേഖയുടെ ശക്തിയേറിയ വാക്കുകള്‍ ആത്മാഭിമാനമുള്ള ഏതൊരു അത്മായന്റെയും ഹൃദയത്തില്‍ ആഞ്ഞടിക്കുന്നതാണ്.

പ്രതികരിക്കാതെ അരമനയില്‍ എന്നും കയറിയിറങ്ങുന്നവരാണ് യഥാര്‍ഥ സഭാശത്രുക്കളെന്നു പൌരാഹിത്യം മനസിലാക്കുന്നില്ല. സഭയോടുള്ള അഗാധമായ സ്നേഹം സ്പുരിക്കുന്ന ശക്തിയേറിയ ഇന്ദുലേഖയുടെ വാക്കുകളില്‍ ഞാനും അഭിമാനംകൊണ്ടു. ഒരു നിമിഷം ദുര്‍ഗന്ധം വഹിക്കുന്ന സഭാ നേതൃത്വത്തെപ്പറ്റി ചിന്തിച്ചുപോയി.
എന്റെ ചെറുപ്പകാലങ്ങളില്‍ ഇന്ദുലേഖയെപ്പൊലെ എനിക്ക് ചിന്താശക്തിയില്ലായിരുന്നു. ഇവരോട് പൊരുതുവാന്‍ തലവെട്ടുന്നവരുടെ ഇടയിലുള്ള കാലവും അനുവദിക്കുകയില്ലായിരുന്നു. ഇന്നുള്ള ചെറുപ്പക്കാര്‍ പഴയ തലമുറകളെക്കാള്‍ കൂടുതല്‍ വിവേകമുള്ളവരാണ്. തലമന്ദിച്ച അനേക തിരുമെനിമാരെക്കാളും അറിവുണ്ട്. മേനിയെ കഴുകി പവിത്രമാക്കാം. വീണ്ടും തിരുമേനിയാക്കാം. എന്നാല്‍ കളങ്കമനസോടെ ചലിക്കുന്ന ഇവരുടെ മേനി ‍ നരകാഗ്നിയിലെ ജ്വലിക്കുന്ന തീനാളങ്ങളിലെ സ്ഫുലിംഗമാണ്‌. പുരോഹിതരുടെ കഴിഞ്ഞ തലമുറയിലെ അടവുകള്‍ മുമ്പോട്ടുള്ള കാലങ്ങളില്‍ ഇനി ചിലവാകുകയില്ല. അല്മായനെ ബലഹീനന്‍ ആക്കുകയാണ് പൌരാഹിത്യദൌത്യം. ആ വക്രതയില്‌ കാഞ്ഞിരപ്പള്ളി പുരോഹിതര്‍ വിജയിച്ചു. ഇനി ഒരിക്കലും  ചരിത്രം ആവര്‌ത്തിക്കാതിരിക്കുവാന്‌ നോക്കേണ്ട കടമ ഓരോ അല്മായനുമുണ്ട്.

സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നതു ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളാണ്. മതവും സാമ്പത്തികവും ഓരോ പൌരന്റെയും തുല്ല്യമായ അവകാശങ്ങളായി ഭരണഘടന ഇരുപത്തഞ്ചാം വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലേഖിക ചൂണ്ടി കാണിക്കുന്നു. ഒരു രാജ്യത്തിലെ നിയമങ്ങള്‍ ഒരു വ്യക്തിക്കുവേണ്ടിയോ ഒരു പ്രസ്ഥാനത്തിനുവേണ്ടിയോ മാത്രമുള്ളതല്ല. തുല്ല്യനീതിയും തുല്ല്യഅവകാശവും ഒരു പൌരന്റെ ജന്മവകാശമാണ്. ഏതു പരിഷ്കൃത രാജ്യത്തിന്റെയും ജനങ്ങള്‍ക്കുവേണ്ടിയുള്ള നിയമം ആണ്. ഭരണഘടന പതിനാലാം വകുപ്പനുസരിച്ച് തുല്യമായ നിയമം ഭാരതത്തിലുള്ള  സ്ഥിതിക്ക് കാനോന്‍ എന്ന പൈശാചിക നിയമത്തിനു ക്രൈസ്തവര്‍ അടിമകളാകുന്നത് എന്തിന്? സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്തിന്റെ ഭരണഘടനക്കുള്ളില്‌ മറ്റൊരു രാഷ്ട്രത്തിന്റെ ഭരണഘടന വന്നതെങ്ങനെയെന്നും ചരിത്ര വിഡ്ഢിത്തരമായി പരിഗണിക്കാം.

ജനാധിപത്യത്തിനുള്ളിലെ ഏകാധിപത്യം പുലര്‍ത്തുന്ന സഭയുടെ നേതൃത്വം അധികാരവും സ്വത്തും സ്വന്തം അധീനതയില്‍ കാത്തു സൂക്ഷിക്കുന്നതു രാജ്യത്തിനെതിരായ ഒരു വെല്ലുവിളിയുമാണ്‌. ഒരു പരിഷ്കൃത സമൂഹത്തിനും മതവിവേചനം ഉള്‌കൊള്ളുവാന്‌ സാധിക്കുകയില്ല. വെറും ന്യൂനപക്ഷമായ ഒരു സമൂഹം മതമൂല്ല്യതയെ തന്നെ തകര്‍ത്തുകൊണ്ടു  രാജ്യത്തിന്റെ അന്തസ് ബലികഴിച്ചിരിക്കുന്നു.

മതം മയക്കുന്ന കറുപ്പെന്നു കാറല്‍മാര്‍ക്സ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല പറഞ്ഞത്. മതം കറുപ്പ് അഥവാ വിഷമെന്നായിരുന്നു അര്‍ത്ഥമാക്കിയിരുന്നത്.  കപട കുപ്പായം ധരിച്ചുകൊണ്ട് മെത്രാന്റെ അനുഗ്രഹത്തോടെ മോനിക്കായുടെ വസ്തുക്കള്‍ തട്ടിയെടുത്തതും സഭയുടെ വിഷപ്പല്ല് കൊത്തി തന്നെയായിരുന്നു.

 ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്നതിനു ലേഖനത്തില്‍ പല നിര്‍ദ്ദേശങ്ങളും ഉണ്ട്.പ്രശസ്തരായ നിയമജ്ഞരും ചിന്തകരും മതനവീകരണ പ്രവര്‍ത്തകരും ഒന്നായി രൂപം കൊടുത്ത ചര്‍ച്ച്ആക്റ്റ് എന്ന നിയമത്തെ പ്രാബല്ല്യമാക്കുവാന്‍ പൊതുമനസും സഹകരണവും വേണം. ഒരു എകാധിപതിക്കും ദീര്‍ഘനാള്‌ പിടിച്ചു നില്‍ക്കാന്‍ ആവില്ല. സമര്‍ഥനായ സീസറും കൈസറും നെപ്പോളിയനും ഹിറ്റ് ട്ലറും കാലത്തിന്റെ ചുവരില്‍ എഴുതപ്പെട്ട എകാധിപതികളായിരുന്നു. കമ്യൂണിസം തകര്‍ന്നു. ആദിസഭയുടെ ചൈതന്യം വീണ്ടെടുക്കുവാന്‍ സഭ തയ്യാറല്ലെങ്കില്‍ ഒരു സാമൂഹ്യ വിപ്ലവത്തിനെതന്നെ നേരിടേണ്ടി വരും. സഭ തകരുകയില്ല. അല്മായന്റെ അധീനതയില്‍ സഭ ലോകാവസാനംവരെ സുരക്ഷിതമായിരിക്കും. എന്നാല്‍ തകരുന്നത് പൌരാഹിത്യം ആയിരിക്കും. ആഗോള സഭയെപ്പറ്റിയല്ല ഈ പ്രവചനം. ഭാരത മണ്ണിലെ ഭാരത നിയമങ്ങള്‌ക്കെതിരായി പേഗന്‍വേഷം ധരിച്ചു സാധാരണ ഭക്തരെ പറ്റിച്ചു ജീവിക്കുന്ന ഒരു പറ്റം പുരോഹിതര്‍ പടയോട്ടത്തില്‍ തോറ്റു പുറകോട്ടു ഓടുന്ന രംഗമാണ് സഭയെ സ്നേഹിക്കുന്ന അല്മേനി ഇന്ന് സ്വപ്നം കാണുന്നത്.

വിജയം കൈവരിക്കണമെങ്കില്‍ ഇന്ദുലേഖ പറഞ്ഞതുപോലെ ചര്ച്ച് ആക്ട്റ്റ് സമൂഹത്തിന്റെ ആവശ്യമെന്ന തോന്നല്‍ ഓരോ അല്മായനും ഉണ്ടാകണം. സ്വാര്‍ഥ രഹിതമായ ആശയ പ്രചരണവും അത്യാവശ്യമാണ്. പ്രശസ്തിയുടെ പടവുകള്‍ കയറുവാനല്ല ; അത്മായ സംഘടനകളുടെ കൂട്ടായ്മയോടെ, ജനിച്ചുവീണ സഭയുടെ ചൈതന്യം വീണ്ടെടുക്കുവാനാണ് ഈ പോരാട്ടമെന്ന ഇന്ദുലേഖയുടെ വാക്കുകളും തത്ത്വാത്മകമാണ്. ചിന്തനീയമാണ്. രോഗിയായ ഒരു ഭര്‌ത്താവുമൊത്തു ജീവിക്കുന്ന ഒരു സ്ത്രീയുമൊപ്പം ദുഷിച്ച പൌരാഹിത്യത്തിനെതിരായി പൊരുതുവാന്‍ തീരുമാനിച്ച യുവതിയായ ഇന്ദുലേഖക്കു എല്ലാ വിജയാശംസകളും.

മോനിക്കയുടെ കഥ കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. ഏതായാലും രണ്ടും കല്‍പ്പിച്ചു മെത്രാന്റെയും പുരോഹിതരുടെയും കൊള്ളരുതായമകളെ മോനിക്കാക്ക് ലോകത്തെ അറിയിക്കുവാന്‍സാധിച്ചതും ഒരു നേട്ടം തന്നെയാണ്. ലോകത്തിനുമുമ്പില്‍ അപമാനിതനായ മെത്രാന്റെ ചങ്കിലെ പിടച്ചല്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നുവെന്നും തീര്‍ച്ചയാണ്. ഇനി ഒരിക്കലുമൊരിക്കലും മറ്റൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കരുത്. അത്രമാത്രം കണ്ണുനീര്‍ അവര്‍ ഒഴുക്കിക്കഴിഞ്ഞു. മാപ്പര്‍ഹിക്കാത്തവിധം പൌരാഹിത്യം ഇന്നും പാപത്തിന്റെ ലഹരിയില്ത്തന്നെ കൂത്താടുന്നുമുണ്ട്. പഴംവീഞ്ഞു കുടിച്ചു മത്തുപിടിച്ചു ജീവിക്കുന്ന പുരോഹിതര്‍ക്ക് കരയുന്നവന്റെ ഹൃദയം മനസിലാക്കുവാന്‍ കഴിവില്ല.

ഒരു ദുര്‍ബല നിമിഷത്തില്‍ ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്, മോനിക്കായുടെ ജീവിതത്തിലും കടന്നുകൂടിയത്. യൂദാസുകള്‌ അവര്‌ക്കുചുറ്റും പരിഹസിക്കുന്നുവെന്നും വായിച്ചു. പല്ലിളിക്കുന്ന സാഡിസ്റ്റുകള്‍ ഇളിപ്പ്യരായി മാളങ്ങളില്‍ ഒളിച്ചു കൊള്ളും. മോനിക്കായുടെ സമരം ഒരു നാടിന്റെയും കൂടിയാണ്. നാടിന്റെ വിജയംകൂടിയാണ്.

 പോലിസിനെയും പുരോഹിതനെയും വീടിനുള്ളില്‍ കയറ്റരുതെന്ന് പഴമക്കാര്‍പോലും പറയുന്നതു കേട്ടിട്ടുണ്ട്. കുഞ്ഞായിരിക്കുന്ന നാള്‌മുതല്‍ പുരോഹിതന്‍ എന്ന ദൈവത്തെ ബിംബമായി മനസ്സില്‍ കയറ്റുന്നതാണ് ചില ദുര്‍ബലനിമിഷങ്ങളില്‍ നമ്മള്‍ അടിപതറുന്ന കാരണവും. പുരോഹിതന്റെ ട്രാപില്‍ വീണു ഞാനും ഒന്നുരണ്ടു പ്രാവിശ്യം പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും ചതിച്ചുവെന്ന കുറ്റബോധം മനസിനെ അലട്ടികൊണ്ടിരിക്കും. നൂറില്‍പ്പരം പുസ്തകങ്ങള്‍ എഴുതിയ പ്രസിദ്ധനായ ആ പുരോഹിതന്‍ ഏതാനും  ആഴ്ചകള്‍ക്കു മുമ്പു  മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനും നിത്യശാന്തി നേരുന്നു. മലയാളീ കത്തോലിക്കനായി ജനിച്ചെങ്കില്‍ എവിടെയോ ബലഹീനമായ മനസ് നമ്മുടെ ഉപബോധമനസ്സില്‍, ഉണ്ടെന്നും വിശ്വസിക്കുന്നു. പുരോഹിതരെ സമ്പൂര്‍ണ്ണമായി തിരസ്ക്കരിച്ചു ചര്‍ച്ച ആക്ട്‌പോലുള്ള വിപ്ലാകരമായ നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാല്‍ മനസിനെ ബലപ്പെടുത്തി പൌരാഹിത്യ ചതിക്കുഴിയില്‍നിന്നും രക്ഷപ്പെടുവാന്‍ സാധിക്കും. 

ഇന്ദുലേഖയുടെ സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച  വിജ്ഞാനപ്രദമായ  ലേഖനം ഓരോ അല്മായനും വായിച്ചു കാര്യങ്ങളുടെ ഗൌരവം എത്രമാത്രമെന്നും ചിന്തിക്കണം.ഞാനും ചര്‍ച്ച് ആക്റ്റിനെപ്പറ്റി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിന്റെ തുടര്‍ച്ചയായി വായിക്കുക.(തുടരും)2 comments:

  1. പള്ളീലച്ചന്‍ പറയുന്നത് കേട്ട് പെരുന്നാളിന് തോരണം ഒട്ടിക്കുയാണ് തങ്ങളുടെ കടമ എന്ന് യുവജനം കരുതുന്നു .

    ReplyDelete
  2. ഇന്ദുലേഖയുടെ ലേഖനം കാര്യമാത്രപ്രസക്തവും ശുദ്ധജലംപോലെ സുതാര്യവുമാണ്. ചര്‍ച് ആക്റ്റ് പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ വേണ്ടുന്ന മാര്‍ഗരേഖയും ശരിയാം വണ്ണം ഈ തന്റേടി അതില്‍ കുറിച്ചിട്ടുണ്ട്. സഭയുടെ ഭൌതിക വസ്തുക്കളുടെ അധികാരി പോപ്പാണെന്ന് കാനന്‍ നിയമമെന്ന ഉണ്ടയില്ലാ തോക്കുചൂണ്ടി അച്ചന്മാര്‍ പറയുന്നത് വെറും തമാശയാണ്. ഇവിടെയാരും ഇടയ്ക്കു കയറാതെയിരിക്കാന്‍ ദൂരെ നില്‍ക്കുന്ന ഒരു പോലീസിന്റെ പേര് വിളിച്ചുപറയുന്നതിന് തുല്യമാണിത്. സംഗതികള്‍ ഇവിടെയുള്ള വിരുതന്മാര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതും ആളോഹരി വച്ച് വിഴുങ്ങുന്നതും. അതിനെതിരേ ഇന്ദുലേഖ പറയുന്ന ബോധവല്‍ക്കരണം അത്യന്തം ആവശ്യമാണ്‌. നേര്ച്ചപ്പണം പോലുള്ള കാണിക്കകള്‍ അര്‍ത്ഥശൂന്യമാണെന്നും തടിച്ചുകൊഴുത്ത വിഷസര്‍പ്പത്തെ ഒന്നുകൂടെ തടിപ്പിക്കാനാണ് അതുപകരിക്കുന്നത് എന്ന് ജനം മനസ്സിലാക്കണം. നേര്ച്ചപ്പെട്ടികളില്‍ അവരിടുന്ന പണത്തില്‍ ഒരു പൈസാ പോലും പാവങ്ങള്‍ക്കോ അര്‍ഹരായ മറ്റ് സംരംഭങ്ങള്‍ക്കോ കിട്ടുന്നില്ല, പുരോഹിതര്‍ തന്നെ വിഴുങ്ങുകയാണ് എന്നു അവര്‍ തിരിച്ചറിയണം. ഇപ്പന്റെ പുസ്തകത്തിലെ കാതലായ സന്ദേശം നേര്ച്ച ഇടരുത് എന്നാണല്ലോ. ഈ സന്ദേശം വിപുലമായി പരസ്യപ്പെടുത്തണം.
    രണ്ടാമത്, കടലാസിലെ കടുവാ മാത്രമാണെങ്കിലും റോമായിലുള്ള ഒരു മൂപ്പനാണ് ഞങ്ങളുടെ തലവന്‍ എന്ന് പറയുന്നതിലെ നാണക്കേടും യുക്തിരാഹിത്യവും സഭാമാക്കള്‍ തിരിച്ചറിയണം. സ്വന്തംകാര്യം നോക്കാന്‍ നമുക്കെന്തിന് വിദേശ ഉദ്യോഗസ്ഥര്‍? റോമയുമായുള്ള ബന്ധംതന്നെ വിശ്ച്ച്ചേദിക്കണം എന്നാണ് എന്റെ പക്ഷം. പിടികൊടുക്കാതെ ആളുകളിച്ചുനടക്കാനുള്ള സൂത്രങ്ങളാണ് ഇതൊക്കെ. പിന്നെ, പണ്ടത്തെ രാജവാഴ്ചയുടെ ഒരു രുചിയും, ദൈവവുമായി ഞങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന ഒരു മേനിയും വളര്‍ത്താന്‍ ഈ ബന്ധം ഉതകും. സാധാരണ ഇന്ത്യന്‍ പൗരന്മാരായി ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ മനസ്സില്ലാത്ത ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ Church Act എന്ന ഒറ്റ ഉപാധിയേ ഇനി ഉള്ളൂ.

    ReplyDelete