Translate

Friday, December 21, 2012

സ്തോത്രക്കാഴ്ച

നല്ലനല്ല വാക്കുകള്‍ മെനഞ്ഞെടുത്ത് അത് സാധാരണ ഭാഷണത്തിന്റെ ഭാഗമാക്കാന്‍ കാരിസ്മാറ്റിക് കാര്‍ക്ക് നല്ല വശമാണ്. സ്തോത്രക്കാഴ്ച എന്ന വാക്കെടുക്കൂ. അത് ചുമ്മാ ഒരു നേര്ച്ചയല്ല, വണ്ടിയിലെ കിളികള്‍ കാണിക്കവഞ്ചിയില്‍ എറിയുന്ന തുട്ടല്ല, അര മണിക്കൂര്‍ കൊണ്ട് കുര്‍ബാനപ്പുസ്തകം ഒരാവര്‍ത്തി വായിക്കുന്നതിന് അച്ചന്റെ പോക്കറ്റില്‍ വീഴുന്ന വെറും അമ്പത് അല്ലെങ്കില്‍ നൂറുരൂപാ നോട്ടല്ല, മറിച്ച്, സാക്ഷാല്‍ ദൈവസ്തോത്രത്തിനായി എഴകളായ പാപികള്‍ മനംനൊന്തും മനസ്സറിഞ്ഞും കൊടുക്കുന്ന അല്പം ഈടുള്ള കറന്‍സിയാണ്‌. അന്നന്ന് കിട്ടുന്ന അഭിഷേകവും (ഇതെന്തു കുന്തമാണെന്ന് ചോദിക്കരുത്) ഉള്ളിലെരിയുന്ന അഗ്നിയും കൈവരാന്‍പോകുന്ന (എന്തേരെയെന്നു ആരറിയുന്നു!) അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒരഞ്ഞൂറിന്റെ നോട്ടുപോലും നിസ്സാരമല്ലേ? ഇടത്തും വലത്തും ഇരിക്കുന്നവര്‍ അഞ്ഞൂറിടുമ്പോള്‍ അത് കാണുന്നവന്‍ ആയിരം ഇടും. ഒരു chain reaction. ഈ ഒറ്റ വാക്ക് ഉണ്ടാക്കിയെടുത്തതിന്റെ ഫലം കോടികളായി വട്ടായിയും കല്ലറങ്ങാട്ടും ചാക്കില്‍ കെട്ടി കൊണ്ടുപോകും. മനുഷ്യരെ വഞ്ചിക്കാന്‍ (പ്രബുദ്ധരാക്കാന്‍) ഒരൊറ്റ നല്ല വാക്കുമതി. ഇതിനാണ് വിശുദ്ധ വാഗ്സാമര്‍ഥ്യമെന്നു പറയുന്നത്. അഭിഷേകാഗ്നിതന്നെ വെറുമൊരു വാക്കല്ല, ആയിരം മെഗാവാട്ടിന്റെ ഒരു കാന്തമാണ്. കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ നെട്ടോട്ടമാണ്, ഇതെന്തെന്ന് അനുഭവിച്ചറിയാന്‍. എത്ര ആയിരം മലയാളികളാണ്, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഈ അഗ്നിയുമായി വൈകീട്ട് വീട്ടില്‍ ചെല്ലുന്നതും സ്വന്തം മക്കളെ അന്യര്‍ക്കു കാഴ്ച്ചവച്ച്, നഷ്ടപ്പെട്ട സ്തോത്രക്കാഴ്ചപ്പണം തിരിച്ചു പിടിക്കാന്‍ വഴി തേടുന്നതും! 

8 comments:

 1. വട്ടായി എന്ന വട്ടന്റെ പോപ്പുലാരിറ്റി കുറയുമ്പോള്‍ വേറെ ഒരു വ്യാജ പ്രവാചകന്‍ എവിടെ എങ്കിലും ഉയര്‍ന്നു വരും ,കേരളത്തിന്റെ കരിസ്മാറ്റിക് ചരിത്രം കാണിക്കുന്നത് അതാണ് .ബിഷപ്പുമാര്‍ക്ക് വരെ ഈ മാതിരി വേതാളങ്ങളെ നിയന്തിക്കാന്‍ മടിയാണ് എന്നതാണ് സത്യം .ലോകം മുഴുവന്‍ മുസ്ലീങ്ങള്‍ പെരുകുന്നു അതോണ്ട് കത്തോലിക്കാ പെണ്ണുങ്ങളെ നിങ്ങള്‍ പെറ്റു കൂട്ടൂ -ഇതാണ് വട്ടായിയുടെ ലേറ്റസ്റ്റ് അരുളപ്പാട് .

  ReplyDelete
  Replies
  1. വട്ടായിയും ധ്യാനത്തില്‍ വരുന്നവരുംകൂടി സഹകരിച്ചാല്‍ ജനസംഖ്യ വര്‍ധിപ്പിക്കുവാന്‍ സാധിക്കുകയില്ലേ? സമാധാനമായി കുടുംബമായി ജീവിക്കുവരുടെ ജീവിതത്തിലേക്ക് ഇയാള്‍ എന്തിനാണ് വലിഞ്ഞു കയറി വരുന്നത്? കാഴ്ച ബംഗ്ലാവില്‍ ഇനി ഇദ്ദേഹത്തെ അടച്ചു സര്‍ക്കാര്‍ പണം ഉണ്ടാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. രാഷ്ട്രത്തിന്റെ നയങ്ങള്‍ക്കെതിരെ പെറ്റുപെരുകുവാന്‍ ഇയാള്‍ ഉപദേശിക്കുന്നതും രാജ്യദ്രോഹമാണ്. പെറ്റു പെരുകുന്നവര്‌ക്കു ചിലവിനു കൊടുക്കുവാന്‍ ഇയാള്‍ക്ക് കഴിവുണ്ടോ? രാജ്യത്തിന്റെ തലയില്‍ അങ്ങനെ ഒരു ഭാരം എല്പ്പിക്കുവാന്‍ ഈ വട്ടന്‍പ്രഭാഷകനെ ജനം ശ്രവിക്കേണ്ടതില്ല.

   Delete
 2. പ്രിയ സക്കറിയ സര്‍,
  എനിക്ക് നിങ്ങളോടും നിങ്ങളുടെ ബ്ലോഗിനോടും ഒരു ബഹുമാനം ഉണ്ടായിരുന്നു. അതിനു കാരണം നിങ്ങള്‍ ഒരു പുതിയ ആത്മീയ ജീവിതത്തിലേക്ക് ജനത്തെ നയിക്കുമെന്ന് ഞാന്‍ വിചാരിച്ചു. പുതിയ കാഴ്ചപ്പാടുകള്‍ കൊടുക്കുമെന്ന് പ്രതീക്ഷിച്ചു.
  എന്നാല്‍ നിങ്ങളെ സംബന്ധിച്ച് പുതിയ കാഴ്ചപ്പാട് എന്ന് പറയുന്നത്, നിങ്ങള്‍ എതിര്‍ക്കുന്നു എന്ന് പറയുന്ന പുരോഹിത വര്‍ഗ്ഗത്തിന്റെ അതെ കാഴ്ചപ്പാടാണ് എന്ന് എനിക്ക് തോന്നുന്നു. പണവും അതിന്റെ നിയന്ത്രണവും ആണ് ഏറ്റവും വലിയ പ്രശ്ശ്നം എന്ന് തോന്നിപ്പോകുന്നു. ശരിയാണ് പണം ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. എന്നാല്‍ അത് മാത്രമാണോ ഇന്നത്തെ സഭയുടെ പ്രശ്നം ? നമ്മുടെ യുവജനങ്ങളും കുടുംബങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍, തകരുന്ന കുടുംബ ബന്ധങ്ങള്‍, പെരുകുന്ന വിവാഹ മോചനങ്ങള്‍, ബലാത്സംഗകഥകള്‍, നശിക്കുന്ന സാമൂഹ്യ കെട്ടുറപ്പ്, ജാതി മത വൈരം, സാമ്പത്തിക പ്രശ്നങ്ങള്‍. എല്ലാം കൂടെ അസ്ഥിരമാക്കുന്ന മനുഷ്യന്റെ സമാധാനം. അവന്റെ ആകുലതകള്‍ ഇതെല്ലാം നമുക്ക് മറക്കാന്‍ പറ്റുമോ?
  ഇത്തിരി നേരം ദൈവത്തിന്റെ മുന്‍പില്‍ പോയിരുന്നാല്‍ പിരിവു ചോദിക്കാന്‍ വരുന്ന അച്ചന്മാരും !
  അതിനിടക്ക് കുറച്ചു പേര്‍ക്ക് വട്ടായി അച്ചന്‍ ഇത്തിരി സമാധാനം കൊടുത്താല്‍ നല്ലതല്ലേ.
  ഇടയ്ക്കിടെ ഈ ബ്ലോഗിലും കാണാമല്ലോ, "പുസ്തകം മേടിച്ചു സഹായിക്കണേ സംഭാവന തന്നു സഹായിക്കണേ എന്നൊക്കെ". ഇതുതന്നെയല്ലേ അവരും ചെയ്യുന്നത്.
  എല്ലാവരും എന്തെങ്കിലുമൊക്കെ ചെറിയ നന്മകള്‍ ചെയ്യുകയും ചെറിയ തെറ്റുകള്‍ പോലും ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ലോകം നന്നാകുന്നത് എന്ന് എനിക്ക് തോന്നുന്നു.
  മനുഷ്യന്റെ ആത്യന്തിക നന്മ ലക്ഷ്യമുള്ള ആരെങ്കിലും ഉണ്ടോ? എല്ലാവര്ക്കും നന്മ വരണം എന്ന് മനസ്സില്‍ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആരെങ്കിലും.
  ഈ അച്ചന്മ്മാര്‍ക്കും നന്മ വരട്ടെ, ഈ അത്മായര്‍ക്കും നന്മ വരട്ടെ, എല്ലാ മനുഷ്യര്‍ക്കും നന്മ വരട്ടെ.
  ഉള്ളിലുള്ള ഈശ്വരനെ കണ്ടുപിടിക്കുന്നതിനെ കുറിച്ചുള്ള ലേഖനങ്ങള്‍ ഒരു കാലത്ത് ഈ ബ്ലോഗില്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറുതെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അല്ലാതെ കാതലുള്ള ഒന്നും ഈ ബ്ലോഗിലും കാണുന്നില്ല എന്ന് ദേഷ്യത്തോടെ പറയട്ടെ.

  ReplyDelete
  Replies
  1. എന്നെ അഡ്രെസ്സ് ചെയ്ത് ഏതോ അനോണിമസ് എന്തോ നീട്ടിയെഴുതിയിരിക്കുന്നതായി കണ്ടു, പക്ഷേ, ആദ്യത്തെ ഒന്നുരണ്ടക്ഷരമൊഴിച്ചുള്ളത് വായിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. എഴുതിയ ആളിന് എന്റെ ഈ വാക്ക് വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. പേരില്ലാതെ ഈ ബ്ലോഗില്‍ ആരെന്തെഴുതിയാലും വായിക്കുകയോ പ്രതികരിക്കുകയോ ഇല്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഫലമാണിത്. പേര് വെളിപ്പെടുത്തിയിട്ടായാലും, എന്നെപ്പറ്റി ആരെന്തു പറയുന്നു എന്നത് അവരുടെ കാര്യം മാത്രമായിട്ടാണ് ഞാന്‍ ഏറെ നാളായി കാണുന്നത്. അതെന്നെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കില്ലാത്ത ഒരു മാനസികാവസ്ഥഉണ്ടാക്കിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വിധത്തിലുമുള്ള അനാവശ്യ ജിജ്ഞാസ മറ്റു മനുഷ്യരിലും അവരുടെ കാര്യങ്ങളിലും ജനിപ്പിക്കാത്ത ജീവിതചര്യയാണ് ഞാന്‍ പരിശീലിക്കുന്നത് എന്ന് ചുരുക്കം. പേരും അഡ്രെസ്സും ഉള്ളവരോട് ഇതാണെന്റെ പ്രതികരണമെങ്കില്‍, ഇത് രണ്ടുമില്ലാത്തവരോടുള്ള എന്റെ നിലപാട് ഊഹിക്കാമല്ലോ.

   Delete
  2. "എന്നെപ്പറ്റി ആരെന്തു പറയുന്നു എന്നത് അവരുടെ കാര്യം മാത്രമായിട്ടാണ് ഞാന്‍ ഏറെ നാളായി കാണുന്നത്. അതെന്നെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കില്ലാത്ത ഒരു മാനസികാവസ്ഥഉണ്ടാക്കിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്".
   ഈ പറയുന്ന വട്ടായി അച്ചനും കല്ലറങ്ങട്ട് പിതാവും ഇത്രയേ പറയുന്നുള്ളൂ.

   Delete
 3. "ഉള്ളിലുള്ള ഈശ്വരനെ കണ്ടുപിടിക്കുന്നതിനെ"Anony

  നമ്മുടെ ഉള്ളില്‍ ഈശ്വരന്‍ ഉണ്ട് എന്നത് ഒരു മിഥ്യയാണ്‌. മനുഷ്യ-മൃഗമാണ്‌ അവന്നും അവളും. അതല്ലേ അവര്‍ കോടിക്കണക്കിനു മനുഷ്യരെ കൊല്ലുന്നതും കൊള്ളയടിയ്ക്കുന്നതും ,ബലാല്‍സംഗം ചെയ്യുന്നതും ,കുട്ടികളെ പീടിപ്പിയ്ക്കുന്നതും, ചൂഷണം ചെയ്യുന്നതും.വ്യഭിച്രരിയ്ക്കുന്നതും,യുദ്ധം ചെയ്യുന്നതും,മക്കളുടെ ശരീരത്തില്‍ വരെ ബോംബു കെട്ടി പൊട്ടി ചിതറി കൊലയാളി ആകാന്‍ പറയുന്നതും ഒക്കെ.ദൈവം മനുഷ്യനില്‍ ഉണ്ടെങ്കില്‍ എന്ത് ദൈവം ആണ് അത് ? മനുഷ്യനില്‍ ദൈവമുന്ടെങ്കില്‍ പിന്നെ ആരും ദൈവത്തെ അന്വേഷിയ്ക്കില്ലല്ലോ. മനുഷ്യരില്‍ ഈശ്വരനെ കാണാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചാല്‍ ഈ തിന്മകള്‍ എല്ലാം അകലും എന്ന് മനസിലാക്കി സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ എല്ലാവരിലും ഈശ്വരന്‍ ഉണ്ട് എന്ന് പറഞ്ഞു. ദൈവത്തെ അന്വേഷിച്ചു എങ്ങും പോകണ്ട നര സേവ നാരായണ സേവ തന്നെ ആണ് എന്നും പറഞ്ഞു. പക്ഷെ പലര്‍ക്കും അത്രമാത്രം മാനസിക വളര്‍ച്ച വരാത്തത് കൊണ്ട് ബഹുഭൂരിപക്ഷവും മൃഗ ബോധത്തില്‍ തന്നെ കഴിയുന്നു. തലച്ചോറിലെ അമിഗ്ദുല എന്നാ ഭാഗം ആണ് അധികമാല്‍ക്കാരിലും വളര്‍ന്നു നില്‍ക്കുന്നത്. ഫ്രോണ്‍ണ്ടല്‍ ലോബു വളര്‍ച്ച കൂടുതല്‍ പ്രാപിച്ചവര്‍ കൂടുതല്‍ ആധ്യാത്മികരും സംസ്കര സമ്പന്നരും ആയി തീരും.മനുഷ്യന്‍ പരിണാമം പൂര്‍ത്തിയാകാത്ത അന്തരാള ജീവി മാത്രം ആണ് വളരെ ചുരുക്കം ചിലര്‍ ഒഴികെ.ബുദ്ധനിലും ക്രിസ്തുവിലും ഒക്കെ മനുഷ്യന് പ്രാപിയ്ക്കാവുന്ന പൂര്‍ണത കാണാം. ആദ്യമായി മനുഷ്യന്റെ ഫ്രോന്ടല്‍ ലോബിന്റെ വളര്‍ച്ചയും തലച്ചോറിന്‍റെ പരിണാമവും പൂര്‍ത്തിയായാല്‍ നമ്മള്‍ ദൈവം ലക്‌ഷ്യം വച്ചിട്ടുള്ള ദൈവമക്കളുടെ പിറവി പൂര്‍ത്തി ആയി എന്ന് പറയാം .മനുഷ്യ കുലത്തെ സംഭന്ധിച്ചിടത്തോളം. എന്നാല്‍ അതിനു ത്വരഗം ആക്കുന്ന വഴികള്‍ ആണ് മതങ്ങള്‍.എല്ലാ മതങ്ങളുടെയും ഉദ്ദേശം ഈ പരിണാമം ത്വരിതപ്പെടുത്തുക എന്ന ലക്‌ഷ്യം വച്ചുള്ളതാണ്.ചിലത് പ്രാകൃതമാണ്.ചിലത് ഉന്നതമാണ് ഓരോ കാലിക പാരിണാമിക വളര്‍ച്ചയ്ക്കനുസരിച്ച് എന്ന് മാത്രം. പക്ഷെ ഈ മതങ്ങള്‍ തന്നെ പലപ്പോഴും ഫ്രോന്ടല്‍ ലോബു വളര്‍ച്ച പ്രാപിച്ചവരുടെ കയ്യില്‍നിന്നും അമിഗ്ദുള ശക്തമായിട്ടുള്ളവരുടെ കയ്യില്‍ മ്രുഗീയതയുടെയും ചൂഷണത്തിന്റെയും ചട്ടുകം ആയി തീരുന്നു. അങ്ങിനെ ചരിത്രം തെളിയിയ്ക്കുന്നു. ശ്ലീഹന്മ്മാരുടെ കയ്യില്‍നിന്നും ക്രിസ്തീയത റോമാക്കാരുടെ കയ്യില്‍ കിട്ടിയപ്പോള്‍ അവര്‍ അത് ചൂഷണത്തിനും പീടനത്തിനും ഉപയോഗിച്ചു.സനാതന തത്വങ്ങള്‍ ഹിന്ദു വര്‍ഗീയവാദിയുടെ കയ്യില്‍ ത്രിശൂലവും മുളവടിയും ആയിമാറി. പഴയനിയമം മുഹമ്മദ്‌ നബിയുടെ കയ്യില്കിട്ടിയപ്പോള്‍ വാളും ,കഴുത്തുവെട്ടും, പടയോട്ടവും പിന്നെ ഇപ്പോള്‍ ഭീകരതയും ആയി മാറി. ഏതു പ്രസ്ഥാനം ആയാലും മനുഷ്യനിലെ മൃഗീയതയെ ഇല്ലാതാക്കുന്നതാണ് എങ്കില്‍ അതിനെ പ്രോല്സാഹിപ്പിയ്ക്കുക. അത് കരിസ്മാടിക് ആകാം, അതീന്ദ്രിയ ധ്യാനം ആകാം, സൂഫിസം ആകാം , സെന്‍ ആകാം. കരിസ്മാറ്റിക് ധ്യാനം ആരെ എങ്കിലും നല്ല ഒരു പൌരന്‍ ആക്കുന്നെങ്കില്‍ അതു മനുഷ്യ കുലത്തിന് നല്ലതാണ്. സൂഫിസം മറ്റുചിലര്‍ക്ക് നല്ലതാണ്.സെന്‍ വേറെ ചിലരെ പരിണാമ വളര്‍ച്ച കൊടുക്കുന്നെങ്കില്‍ അതും നല്ലത് തന്നെ. ചുരുക്കത്തില്‍ മനുഷ്യനെ സ്നേഹിയ്ക്കാന്‍ പഠിപ്പ്യ്ക്കുക അടുത്ത പടിയായി മനുഷ്യനെ സ്നേഹമാക്കി തീര്‍ക്കുക. അതുമാത്രമേ സമൂഹത്തെ നവീകരിയ്ക്കൂ.1John :4:7-8 ..സ്നേഹിയ്ക്കുന്ന ഏവനും ദൈവത്തില്‍ നിന്ന് ജനിച്ചവന്‍ ആണ്.....കാരണം ദൈവം സ്നേഹം ആണ്" ഈ അര്‍ഥത്തില്‍ നമ്മില്‍ ഉള്ള ദൈവത്തെ -സ്നേഹത്തെ കണ്ടെത്തിയാല്‍ നമ്മുടെ ഉള്ളിലെ ദൈവത്തെ കണ്ടെത്തി എന്ന് പറയാം.അല്ലാതെ വേറെ ഒരു ദൈവം നമ്മിലുന്ടെന്നും നമ്മള്‍ ദൈവം ആണ് എന്നുമുള്ള സിദ്ധാന്ദങ്ങള്‍ വഴി തെറ്റിയ്ക്കുന്നതാണ്.സാത്താനാണ്‌ താന്‍ ദൈവം ആണ് എന്ന് അഹങ്കരിയ്ക്കുന്നത്.സൃഷ്ടിയ്ക്കു ഒരിയ്ക്കലും സൃഷ്ടാവ് ആകാനാവില്ല . കുടത്തിനു ഒരിയ്ക്കലും കുശവന്‍ ആകാന്‍ ആവില്ല എന്നറിയുക.കുടത്തില്‍ കുശവനെ അന്വേഷിച്ചാല്‍ കന്ദെത്തുമൊ?.ഇല്ല എന്നാണു അനുഭവവും യുക്തിയും പറയുന്നത്.

  ReplyDelete
 4. വട്ടായി എന്ത് സൌഘ്യം ആണ് സുഹൃത്തേ കൊടുക്കുന്നത് ,അത് കപടമായ ആത്മീയത ആണ് അത് ബിഷപ്പ്മാര്‍ക്ക് എല്ലാവര്ക്കും അറിയുകയും ചെയ്യാം .

  ReplyDelete
 5. സൂഫിസത്തെയും, സെന്‍ ബുദ്ധിസത്തെയും ,അതീന്ദ്രിയ ധ്യാനത്തെയും -കരിസ്മറ്റിക്കുമായി താരതമ്യം ചെയ്യരുത് .കരിസ്മാറ്റിക് രീതികള്‍ മനുഷ്യനെ കൂടുതല്‍ അടിമപ്പെടുതുകയെ ഉള്ളു .ചൂടും തണുപ്പും ഇല്ലാത്ത -തുപ്പിക്കളയാന്‍ കൊള്ളാവുന്ന മന്ദന്‍മാരെ മാത്രം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ ആണ് ധ്യാനകേന്ദ്രങ്ങള്‍ ധ്യാനം എന്ന മനോഹര പദത്തിന്റെ അര്‍ഥം പോലും ഈ അപസ്മാരക്കാര്‍ നശിപ്പിച്ചു .നമുക്ക് അനുഭവിച്ചു അറിയാനാവുന്ന ദൈവരാജ്യം ,അത് നമ്മുടെ ഉള്ളിലാണെന്ന് കര്‍ത്താവ് പഠിപ്പിച്ചു -കുര്‍ബ്ബാന തൊഴിലാളിയുടെ സ്വര്‍ഗം മരണശേഷം മാത്രമാണ് അനുഭവിക്കാനാകുക .
  തലച്ചോറിലെ അമിഗ്ദുല എന്നാ ഭാഗം-അത് കലക്കി കേട്ടോ അത് വേദപാടത്തില്‍ പഠിച്ചതാണോ ?
  തന്റെ വിശ്വാസം അനുസരിച്ച് കുര്‍ബ്ബാന സ്വീകരിക്കുമ്പോള്‍ ഒരു ഫുള്‍ യേശു നിങ്ങളിളുടെ ഉള്ളില്‍ വന്നു കഴിഞ്ഞു ,എന്നിട്ടും എന്തെ യോഗ്യതയോടെ കുര്‍ബ്ബാന സ്വീകരികുന്നവര്‍ പോലും നന്നാവുന്നില്ല ?വെള്ളതിനുമേല്‍ നടക്കുന്നില്ല ?വെള്ളം വീഞ്ഞക്കുന്നില്ല .ഉള്ളിലുള്ള ദൈവത്തെക്കുറിച്ചു ബൈബിളില്‍ എണ്ണിയാല്‍ തീരാത്ത അത്ര പ്രാവശ്യം പറയുന്നുണ്ട് -അക കണ്ണ് തുറന്നു വേണം വായിക്കാന്‍ എന്ന് മാത്രം -പിന്നെ സംശയം ഉണ്ടെങ്കില്‍ കത്തോലിക്കാ പുരോഹിതരോട് ചോദിക്കരുത് കേട്ടോ

  ReplyDelete