Translate

Thursday, December 13, 2012

അറയ്ക്കല്‍ മോനിക്കയുടെ ഭൂമി തിരികെ നല്കുക


ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

2012 ഓഗസ്റ്റ് മാസം മുതല്‍ വിവിധ അച്ചടിദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായും പരസ്യമായും പ്രത്യക്ഷപ്പെടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന ഒരു സംഭവം എന്ന നിലയില്‍ വളരെയേറെ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞ ഒരു വിഷയമാണ് കൊരട്ടിയിലെ ആവേ മരിയ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി വിവാദം. അതിനാല്‍ത്തന്നെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഘടക സംഘടനയായ പാലായിലെ കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ അതുമായി ബന്ധപ്പെട്ട നിജസ്ഥിതി അന്വേഷിക്കാന്‍ തയ്യാറായി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. പ്രസ്തുത ഭൂമിവിഷയവുമായി ബന്ധപ്പെട്ട് മനസ്സിലായ കാര്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

1. അറയ്ക്കല്‍ തോമസ് (കാഞ്ഞിരപ്പള്ളി മെത്രാന്റെ പിതൃസഹോദരപുത്രന്‍) വൃദ്ധനും രോഗിയും ഇപ്പോള്‍ മൂകനുമാണ്. ഭാര്യയായ മോനിക്കാ ഇതില്‍ വളരെ ദുഃഖിതയും ആശങ്കാഭരിതയുമാണ്. ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല. 40 വര്‍ഷമായി ഇവര്‍ ജര്‍മനിയില്‍ വസിക്കുന്നവരുമായിരുന്നു. 

2. ഇവര്‍ പ്രാര്‍ഥനാജീവിതം ഇഷ്ടപ്പെട്ടിരുന്നവരാണ്. പഴയ കൊരട്ടിയിലെ 'ആവേ മരിയ' ധ്യാനകേന്ദ്രത്തില്‍ ഇവര്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. 'ആവേ മരിയ' ധ്യാനകേന്ദ്രം ആരംഭിച്ച തോമസച്ചന്‍ ഇന്നു നല്ല രീതിയില്‍ ദാമ്പത്യജീവിതം നയിക്കുകയാണ്. ഇവരുടെ ദൗര്‍ബല്യം മനസ്സിലാക്കിയിരുന്ന ധ്യാനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാരനായ ഫാ. ജോര്‍ജ് നെല്ലിക്കലിനെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമില്ല. 

3. നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമൊടുവില്‍ സ്വാധീനവലയത്തിലായ ടി ദമ്പതികളില്‍ ഭര്‍ത്താവിന്റെ പേരിലുള്ള 55 സെന്റ് ഭൂമി 2010 ജൂലൈ മാസത്തില്‍ ധ്യാനകേന്ദ്രത്തിനു നല്കാന്‍ ഇവര്‍ സമ്മതിച്ചു. അതിനെത്തുടര്‍ന്ന് രജിസ്ട്രാറെ പടികെട്ടി വീട്ടില്‍ കൊണ്ടുവന്ന് ധ്യാനകേന്ദ്രത്തിനുവേണ്ടി ആധാരം രജിസ്റ്റര്‍ ചെയ്തു. ടി ദമ്പതികളുടെ സ്വന്തക്കാരോ ബന്ധുക്കളോ ഇതൊന്നും അറിഞ്ഞില്ല. അന്ന് ശ്രീ തോമസ് അത്രയ്ക്ക് അവശനായിരുന്നില്ല.

4. തുടര്‍ന്ന് ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ, നാട്ടുനടപ്പനുസരിച്ച് ഒരു കോടി രൂപയോളം കിട്ടേണ്ട, ആയിരം റബര്‍ മരങ്ങള്‍ ആറു വര്‍ഷത്തേക്ക് 33 ലക്ഷം രൂപയ്ക്ക് ടാപ്പിങിനായി ഫാ. നെല്ലിക്കലിന്റെ ബിനാമിക്ക് വിട്ടുകൊടുത്തു. 

5. അറയ്ക്കല്‍ ഭൂമിയില്‍ ധ്യാനകേന്ദ്രം നടത്തുന്നതിനെതിരെ ആ പ്രദേശത്തെ ആളുകള്‍ക്ക് എതിര്‍പ്പുണ്ട്. അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ അസംതൃപ്തരാണ്. കോടതിയെ സമീപിച്ച് പ്രവര്‍ത്തനാനുമതി തടഞ്ഞിട്ടുണ്ട്. ധ്യാനകേന്ദ്രം അവിടെ നിയമാനുസൃതം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

6. താന്‍ വഞ്ചിക്കപ്പെട്ടുവെന്നു അറയ്ക്കല്‍ ശ്രീമതി മോനിക്ക പരാതിപ്പെട്ടു. ടി സാഹചര്യങ്ങളിലും നടപടികളിലുംനിന്ന് അതു ബലപ്പെടുകയും ചെയ്തു. അവര്‍ കോടതിയെ സമീപിച്ചു. കോടതി നടത്തിയ അദാലത്തില്‍ അവരുടെ ആവശ്യം അംഗീകരിക്കുന്നതിനു പുരോഹിതരോട് ആവശ്യപ്പെട്ടു.

7. പൗരോഹിത്യം എന്നത് ബിസിനസ് നടത്താനുള്ള ലൈസന്‍സായി മാറുന്നു എന്ന് ആളുകള്‍ ആക്ഷേപിക്കുന്നത് സഭയ്‌ക്കോ സമുദായത്തിനോ ഭൂഷണമല്ല. വന്‍കിട റിസോര്‍ട്ടുകളുടെ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്ന ധ്യാനകേന്ദ്രങ്ങളും മറ്റും പുരോഹിതരെക്കുറിച്ചുള്ള മതിപ്പ് അനുദിനം തകരുന്നതിനു മാത്രമേ ഉപകരിക്കുന്നുള്ളു.

8. വഞ്ചനയിലൂടെയോ അവിഹിതമാര്‍ഗത്തിലൂടെയോ യാതൊന്നും സമ്പാദിക്കരുതെന്നുള്ളത് നിയമപരമായും ധാര്‍മ്മികമായും പാലിക്കേണ്ട കടമയാണ്. അതിവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇടപാടുകളില്‍ ഉണ്ടാകേണ്ട സുതാര്യതയും ഇതിലുണ്ടായിട്ടില്ല. എല്ലാറ്റിനുമുപരി, സാധാരണ െ്രെകസ്തവരില്‍നിന്ന്് സമൂഹം പ്രതീക്ഷിക്കുന്ന, വാഗ്ദാനം ചെയ്യപ്പെട്ട തരത്തിലുള്ള, നീതിയോ ധാര്‍മികതയോപോലും ഉന്നത ശ്രേണിയിലുള്ള പുരോഹിതരില്‍നിന്നുണ്ടായില്ല എന്നത് ഞെട്ടലും വേദനയും സമുദായംഗങ്ങളെന്ന നിലയില്‍ അപമാനവും ഉളവാക്കുന്നു. 

വ്യവസ്ഥാപിതമായ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള ഈ ഇടപാടില്‍ നിന്നു കരാര്‍ലംഘനവും വഞ്ചനയും ആരോപിച്ച് ശ്രീമതി മോനിക്ക പിന്മാറിയിരിക്കുന്നു എന്നതിനാല്‍ ഇടപാടു തന്നെ അസാധുവായിരിക്കുകയാണ്. അതിനാല്‍, സാങ്കേതികത്വവും മുടന്തന്‍ ന്യായങ്ങളും മുട്ടാപ്പോക്കും ഉന്നയിച്ച് ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കരുതെന്നും സാമൂഹികവും സാമുദായികവുമായ ചേരിതിരിവിനും സംഘര്‍ഷത്തിനുമുള്ള സാധ്യത ഒഴിവാക്കണമെന്നും അഭ്യര്‍ഥിക്കുന്നു. 

കോടതി വ്യവഹാരങ്ങളിലൂടെ വിശ്വാസികളുടെ പൊതുസ്വത്ത് ദുര്‍വ്യയം ചെയ്യാതെ തര്‍ക്കഭൂമി ഉടമയ്ക്ക് തിരികെ കൊടുക്കേണ്ടതാണ്. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ മാത്രം ശ്രമിച്ചാല്‍ പരിഹരിക്കാവുന്ന ഈ പ്രശ്‌നം എത്രയും പെട്ടെന്നു അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ യോഗം ആവശ്യപ്പെടുന്നു. 

മാന്നാനം തയ്യില്‍ പോത്തച്ചനുമായി ഒരു സന്യാസസഭ നടത്തിയ കേസില്‍ അവര്‍ക്കുണ്ടായ പരാജയം ഞങ്ങള്‍ സഭാധികാരികളെ ഒന്ന് അനുസ്മരിപ്പിക്കുകയാണ്. ശ്രീ തയ്യില്‍ പോത്തച്ചന്‍ ഏതാണ്ട് 30-35 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സംരക്ഷണത്തിനും ആത്മീയ സാധനയ്ക്കുമായി കോട്ടയം മാന്നാനത്ത് ഒരു സന്ന്യാസാശ്രമത്തിന് ഇഷ്ടദാനമായി അഞ്ചേക്കര്‍ ഭൂമി എഴുതിക്കൊടുത്തിരുന്നു. സംരക്ഷണം തൃപ്തികരമാകാതെ വന്നപ്പോള്‍ ആശ്രമം വിട്ട അദ്ദേഹം ഭൂമി തിരിച്ചുകിട്ടാനായി കേസു കൊടുത്തു. 25 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം ഇന്ത്യന്‍ സുപ്രീം കോടതി, അദ്ദേഹത്തിന്റെ മരണശേഷമാണെങ്കിലും, അദ്ദേഹത്തിന്റെ അനന്തരവര്‍ക്ക് ആ ഭൂമി തിരിച്ചു കൊടുക്കുവാന്‍ ഉത്തരവിട്ടു. അതിപ്പോള്‍ അവരുടെ കൈവശമാണ്. ഇത് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്കുന്ന ഒരു സംഭവമാണ്. 

2012 നവംബര്‍ 24-നു പാലാ റ്റോംസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുയോഗം അംഗീകരിച്ചത്. 

ചെയര്‍മാന്‍: ലാലന്‍ തരകന്‍ 
ജനറല്‍ സെക്രട്ടറി: ആന്റോ കോക്കാട്ട്
വര്‍ക്കിങ് പ്രസിഡന്റ്: ജോസഫ് വെളിവില്‍ 
വൈസ് ചെയര്‍മാന്‍: ജോര്‍ജ് ജോസഫ് കാട്ടേക്കര
ട്രഷറര്‍: അഡ്വ. വര്‍ഗീസ് പറമ്പില്‍

4 comments:

 1. The church should give back the land to Mrs. Monica Thomas. Legally, Church may win. But it will be a defeat morally. There might be another side to the story, facts which the Church want others to know, I have no idea. What ever is the case Church should give back the land otherwise it will open another front of attack against the Church.

  The fight already looks like the one between David and Goliath. The Church should handle such issues very carefully.

  ReplyDelete
 2. http://www.ochappad.com/2012/12/blog-post_13.html

  ReplyDelete
 3. വൃദ്ധനും രോഗിയുമായ സ്വന്തം പിതൃസഹോദരപുത്രനെ ചതിച്ച കഞ്ഞിരപ്പള്ളിബിഷപ്പ് ഇന്ന് ഒരു കൊള്ളക്കാരനു തുല്യമാണ്. സോമാലിയാകൊള്ളക്കാരും, കായംകുളം കൊച്ചുണ്ണിയും അറക്കല്‍കൊച്ചുണ്ണിയും തമ്മിലുള്ള വിത്യാസമെന്താണ്. കൊച്ചുണ്ണി മോഷ്ടിച്ച മുതല്‍കൊണ്ട് പാവങ്ങളെ സഹായിച്ചിരുന്നു. കൊച്ചുണ്ണിയുടെ സുഹൃത്തുക്കള്‍ പാവങ്ങളായിരുന്നു. തിരുമേനി ആഗോളതലത്തിലെ ഭൂമിവെട്ടിപ്പ് മാഫിയാസംഘത്തിന്റെ നേതാവും.

  ഇട്ടിരിക്കുന്ന കുപ്പായം ഇത്രയും ദുര്‍ഗന്ധമേറിയതോ? ഈ ബിഷപ്പ് ചിരിച്ചുകൊണ്ട് പുതിയതായി വാഴിച്ച കാര്‍ഡിനലിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോകണ്ടു. ഫോട്ടോ കാണുന്നവനു ഒരു കുറ്റവാളിയുടെ ചത്തവനെപ്പോലെയുള്ള ചിരിയെ തോന്നുകയുള്ളൂ. ഈ മനുഷ്യന്‍ മിശിഹായുടെ മുന്തിരിത്തോപ്പിലാണ് ജോലിയെന്ന് പറയുവാനും ലജ്ജയില്ലേ?

  കാറ് തടഞ്ഞ ഒരു പാവപ്പെട്ട പോലീസുകാരനെ രക്ഷിക്കുന്നതിനുപകരം ആ പോലീസുകാരനെ മാനസികമായി പീഡിപ്പിച്ചു ഏതോ ഓണംകേറാമൂലയില്‍ സ്വാധീനം ചൊലുത്തി സ്ഥലംമാറ്റം മേടിച്ചു കൊടുത്ത ഒരു സാഡിസ്റ്റുംകൂടിയാണ് ഇദ്ദേഹം. കാഞ്ഞിരപ്പള്ളിക്ക് മാത്രമല്ല കിഴക്കിനുതന്നെ ഈ പിതാവ്
  അപമാനകരമായിരിക്ക്ന്നു. പരിഹാരം ബിഷപ്പിനെ രാജിവെപ്പിക്കുകയാണ് വേണ്ടത്.

  ഏത് ദൈവപ്രമാണമാണ് ബിഷപ്പ് ‍പഠിപ്പിക്കുന്നത്? അന്യന്റെ മുതല്‍ കട്ടുതിന്നണമെന്നാണോ കുര്ബാനയിലെ ദിവ്യബലിയിലും പറയുന്നത്? തകരുന്ന സീറോമലബാര്‍ പള്ളിയുടെ മുകളില്‍ ഇനി പുണ്യാളനായി ബിംബംപണിയുന്നതും കുപ്രസിദ്ധനായ ഈ കാഞ്ഞിരപ്പള്ളി പിതാവിന്റെതായിരിക്കും.

  തരംതാണ ഒരു രാഷ്ട്രീയക്കാരന്‍പോലും രോഗംബാധിച്ചു കിടക്കുന്ന ഒരു മനുഷ്യന്റെ ജീവിത സമ്പാദ്യം തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയില്ല. നേര്ച്ചപ്പണം തിരിച്ചു കൊടുക്കുകയില്ലെന്നു തന്റേടത്തോടെ കോടതിയില്‍ പറയുവാന്‍ ഈ തിരുമേനിക്ക് ധൈര്യംവന്നതും കുപ്പായത്തിന്റെ അഹങ്കാരമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരിപ്പാറയില്‍ ഊരിക്കൊണ്ടിരിക്കുന്ന കന്നുകാലി ചെറുക്കന്മാര്‍പോലും ഇതിലും അന്തസ്സായി സംസാരിക്കും. മനസാക്ഷിയും ഉണ്ടായിരിക്കും.

  കൊടുംതണുപ്പും വിദേശിയുടെ ആട്ടുംതുപ്പും ലഭിച്ചു നേടിയെടുത്ത സമ്പാദ്യം തട്ടിയെടുക്കുക ചിന്തിക്കുവാന്‍പോലും സാധിക്കുന്നില്ല. കേരളത്തിലെ മടിയന്മാരായ വര്‍ഗം മറുനാട്ടില്‍ വരുമ്പോള്‍ സാധാരണ ഒരു സായിപ്പ് ചെയ്യുന്നതിന്റെ ഇരട്ടി ജോലിഭാരം സമയത്ത് ചെയ്തുകൊടുക്കും. ഇല്ലെങ്കില്‍ അവന്റെ ജോലി തെറിക്കും. എട്ടുമണിക്കൂര്‍ ജോലിയെന്നു പറഞ്ഞാല്‍ ശ്വാസം വിടുവാന്‍ സമയംകിട്ടുകയില്ല. ജോലിയുടെ തീവ്രതയില്‍ ഊണും ഉറക്കവുംതന്നെ മറന്നുപോവും. കുഞ്ഞങ്ങള്‍ ഉള്ളവരുടെ കഥ പറയുവാനും ഇല്ല. പലപ്പോഴും ജീവന്‍ പണയംവെച്ചാണ് പലരും അപകടംനിറഞ്ഞ ചില സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത്.

  പ്രവാസിക്ക് പണംഉണ്ടായി കഴിഞ്ഞാണ് ആത്മാക്കളെ രക്ഷിക്കുവാന്‍ കുപ്പായം ഇട്ട യാജകരക്ഷിതാക്കള്‍ രക്ഷിക്കുവാനെന്ന ഭാവേന വിദേശത്തു വരുവാന്‍ തുടങ്ങിയതും. ചെറുപ്പകാലങ്ങളില്‍ ഗോതമ്പട തിന്നു വളര്ന്നവനൊക്കെ പുരോഹിതനായാല്‍ മട്ടും ഭാവവും മാറും. എന്നും ഇവര്‍ സമൂഹത്തിനും സഭക്കും നാടിനും ശാപം.

  ചെറിയ കാര്യത്തിനുവരെ കൊടിയുംപിടിച്ചു നടക്കുന്ന മാന്യന്മാരായ രാഷ്ട്രീയക്കാര്‍ ഒളിച്ചിരിക്കുകയാണോ.?

  ഇത്തരം ഹീനമായ പ്രവര്‍ത്തികളെ അമര്‍ച്ചചെയ്യുവാന്‍ കേരളത്തില്‍ ഹൈന്ദവ മൌലികസംഘടനകള്‍ ശക്തിപ്രാപിക്കണമെന്നും തോന്നിപ്പോവുന്നു. വാവരുസ്വാമിയുടെ തൊട്ടടുത്തുള്ള ഈ ധ്യാനകേന്ദ്രം അവര്‍ക്കും ഒരു വെല്ലുവിളിയാണ്.

  ReplyDelete
 4. വടക്കേ ഇന്ത്യയില്‍ മിഷന്‍ എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നത് വളരെ ചീപ്പ്‌ ആണ് . പട്ടിണി പാവങ്ങളെ അരി കൊടുത്തു വിശ്വാസികള്‍ ആക്കുക .കേരളത്തിലെ ഹിന്ദു സംഘടനകള്‍ ഈ കള്ളത്തരം തിരിച്ചറിഞ്ഞു ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട് .

  ReplyDelete