Translate

Tuesday, December 11, 2012

പരുമലയ്ക്കും ഡ്യൂപ്ലിക്കേറ്റോ!


 സാമുവല്‍ കൂടല്‍

1. പരുമലയിലുറങ്ങും വിശുദ്ധ ഗ്രീഗോറിയോസേ,
കബറില്‍നിന്നുയരൂ നീ മശിഹായെപ്പോല്‍;
പുതിയൊരു * 'ഗുഹ' വീണ്ടും പണിയാനണഞ്ഞു ചോരര്‍
പണക്കൊതിമൂത്തപട, പരീശരുമായ്!
2. കബറിടം വെടിയൂ നീ, കരുണതന്‍ ഗേഹങ്ങളില്‍
വിനയമനസംതോറും മരുവിനിമേല്‍;
പല കല്പകാലമെല്ലാം ക്ഷമയുടെ തീരഭൂവില്‍
ബലവാനായ് വാഴാന്‍ നിന്നെ വിളിപ്പു കാലം.
3. മലയാളനാടിനാകെ മഹിമയായ് മാറിയ നിന്‍
പുകഴിടം 'ഡ്യൂപ്ലിക്കേറ്റായ്' പണിയുമെന്നാല്‍,
രണഭൂമിയായി മാറും മലങ്കരസഭ; കേഴൂ
ബലികുടീരങ്ങള്‍ നീളെ വിലപിക്കുമേ. . .
4. കരിങ്കാലിരാഷ്ട്രീയക്കാര്‍ പകച്ചുപോം, ളോഹ നാറും
കപടമനസ്സുകളാണിടയവൃന്ദം;
'തിരുമനസ്സ്' എന്നിവരെ വിളിച്ചില്ലേല്‍ മുഖം മാറും
'തിരുമേനീ' എന്നാകിലേ മനം തെളിയൂ.
5. ഇടതുഭാഗത്തെ കളളന്‍ വരിച്ചൊരാ കുരിശിനെ
അഭിമാനമോടെ നെഞ്ചില്‍ അണിയുവോരേ,
അരുമനാഥന്റെ ത്യാഗക്കുരിശിന്‍ മറവിലല്ലോ
മദിച്ചു വാഴുന്നു നിങ്ങള്‍? പൊറുക്കുകീശോ. . .
6. അജങ്ങളെ പോരിലാക്കി, ഊറിവീഴും നിണം നക്കി-
നുണയുമാ കുറുനരീമനസ്സുകളേ;
* 'മലങ്കരവര്‍ഗീസു'മാര്‍ പതിനായിരങ്ങള്‍ വേണോ
സെമിത്തേരീല്‍ പുകവീശി സുഖിച്ചു മേവാന്‍?
7. കയറിന്റെ ചമ്മട്ടിക്കു പകരം വിപത്തു പേറി
നസറായന്‍ കോപമോടിങ്ങണഞ്ഞിടാറായ്;
കഴുതയെ തടയുവാന്‍ കോടികള്‍തന്‍ കാറിലേറി
കലഹവും നെഞ്ചിലേറ്റി വരുന്നു ളോഹ!
8. കലികാലകോലാഹലം ഒരുനോക്കുകാണാന്‍, 'വീണ്ടും
വരുമെന്നു' രച്ചോന്‍ വാനില്‍ വരുന്നനേരം,
കറുത്തകുപ്പായം വീശി കരിങ്കൊടി കാട്ടുമിവര്‍,
മണവാട്ടി * 'മൊഴിചൊല്ലും'! പടിയടക്കും . . .
9. അവര്‍ക്കു 'കീ...ജയ്' വിളിച്ചലമുറ കൂട്ടുവാനായ്
മനനമില്ലാത്ത ജനം ഒഴുകിയെത്തും;
കുരുത്തോലപോലും മേലില്‍ ഓശാന പാടതാക്കും!
മരണമേ, ഇതാ ' ക്രിസ്ത്യന്‍ ശവവന്ദനം' . . .
10. 'പരുമല' പകരമായ് പണിയുവാനാവില്ലാര്‍ക്കും!
പരിശുദ്ധിക്കെന്തു നിങ്ങള്‍ പകരമാക്കും!
കാല്‍വരിക്കൊരു 'ഡ്യൂപ്ലിക്കേറ്റ്'!? എനിക്കോര്‍ക്കാന്‍മേലാ
മലങ്കരസഭയേ, നീ ഭയപ്പെടേണ്ടാ . . . 
കലഞ്ഞൂര്‍
08-10-2010
*ഗുഹ = ' നിങ്ങളോ ഇതിനെ കളളന്മാരുടെ ഗുഹയാക്കി' (തിരുവചനം)
*മൊഴിചൊല്ലി = സഭ കൃസ്തുവിനെ 'തലാക്ക്' ചൊല്ലി വിവാഹ മോചനം നടത്തി
*മലങ്കരവര്‍ഗീസ് = കുരുടന്മാരായ വഴികാട്ടികളെ പിന്‍പറ്റി കുഴിയില്‍ വീണവന്‍

No comments:

Post a Comment