Translate

Thursday, December 27, 2012

മതാതീതമായ ഒരു ക്രിസ്തുമസ് ആഘോഷത്തിന്റെ അമ്പതാം വാര്‍ഷികംതലനാട് ഗവ. സ്‌ക്കൂളില്‍നിന്നു കൊണ്ടൂര്‍ ഗവ. L P സ്‌ക്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെ തുടര്‍ന്ന് തീക്കോയിയില്‍ നിന്നു പ്ലാശനാലേക്ക് താമസം മാറേണ്ടിവന്ന കയ്യാണിയില്‍ മത്തായി സാറിന് അയല്‍വാസികള്‍ ഹിന്ദുക്കളാണ് എന്നതില്‍ ഒട്ടുംതന്നെ അസ്വസ്ഥത ഉണ്ടായിരുന്നില്ല. തന്നെപ്പോലെ തന്റെ അയല്ക്കാരെയും സ്‌നേഹിക്കണം എന്നായിരുന്നല്ലൊ കര്‍ത്താവിന്റെ ഉദ്‌ബോധനം. അയല്‍വാസികളായ ഹൈന്ദവ കുടുംബങ്ങളുമായി ക്രിസ്മസ് സന്തോഷം പങ്കിടാന്‍ 1963-ല്‍ ആരംഭിച്ച മതാതീതമായ ക്രിസ്തുമസ് ആഘോഷത്തിന്റെ അമ്പതാം വാര്‍ഷികം  മകന്‍ കെ.എം.ജെ പയസിന്റെ തിടനാട്ടുള്ള വസതിയില്‍ വച്ചായിരുന്നു. 1982-ല്‍ മത്തായി സാര്‍ മരിച്ചതിനുശേഷം എല്ലാ വര്‍ഷവും അതു തുടര്‍ന്നിരുന്നതവിടെയാണ്.


വീടുവീടാന്തരം കയറിനടന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുക എന്ന അപൂര്‍വമായ ഒരു സേവനം വര്‍ഷങ്ങളായി (തൊണ്ണൂറു വയസ്സു കഴിഞ്ഞിട്ടും) തുടരുന്ന അക്കരയമ്മയെന്നറിയപ്പെടുന്ന അമ്മൂമ്മയെ സ്ഥലത്തെ റെസിഡന്റ്‌സ് അസോസിയേഷന്റെയും വികാരിയച്ചന്റെയും സഹകരണത്തോടെ ആദരിച്ചു എന്നതായിരുന്നു ഈ വാര്‍ഷികച്ചടങ്ങിന്റെ സവിശേഷത. 

ചടങ്ങു തീരുംവരെ പ്രാര്‍ഥനാപൂര്‍വമായിരുന്നു അക്കരെയമ്മ വേദിയില്‍ ഇരുന്നിരുന്നത്. അവസാനം അവര്‍ മറുപടി പറഞ്ഞപ്പോള്‍ എത്രയും ഹൃദയംഗമമായി പുറത്തേക്കുവന്ന ആ വാക്കുകള്‍ ആ പ്രാര്‍ഥനയുടെ തുടര്‍ച്ചയായാണ് ഏവര്‍ക്കും അനുഭവപ്പെട്ടത്. ദൈവം തനിക്കുതന്നിട്ടുള്ള നന്മകള്‍ക്ക് പ്രതിനന്ദി പ്രകടിപ്പിക്കാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന വിനീതഹൃദയത്തോടെയുള്ള അതീവം ഹൃദയസ്പര്‍ശിയായ ഒരു പ്രാര്‍ഥന. താന്‍ ചെയ്തിട്ടുള്ളവയിലും ചെയ്തുകൊണ്ടിരിക്കുന്നതിലും യാതൊരഹന്തയുമില്ലാത്ത ആ പ്രാര്‍ഥന നമ്മുടെയല്ലാം വീടുകളിലും പള്ളികളിലും നടക്കുന്ന പ്രാര്‍ഥനകളൊന്നും പ്രാര്‍ഥനയല്ലെന്ന് ശ്രോതാക്കള്‍ക്കെല്ലാം ബോധ്യം പകരുന്നതായിരുന്നു. 


യേശു ചൂണ്ടിക്കാണിച്ച ചുങ്കക്കാരന്റെ പ്രാര്‍ഥനയും സക്കേവൂസിന്റെ പ്രവൃത്തിയും സ്വാംശീകരിക്കാന്‍ നമുക്കും കഴിയേണ്ടതുണ്ടെന്ന് ആ പ്രാര്‍ഥന ഏവരെയും ബോധ്യപ്പെടുത്തി. ഈ ലോകത്ത് ഇപ്പോഴും ജീവിക്കുന്ന ജീവിതമാതൃകകള്‍ നേരില്‍ കാണാനിടയായാല്‍പോലും നീതിബോധം നഷ്ടപ്പെട്ട സഭാധികാരികള്‍ക്കു കണ്ണുകള്‍ തുറക്കുകയില്ലെങ്കില്‍ ക്രിസ്തുവിന്റെ രണ്ടാം വരവ് തീവ്രവാദികളുടെ ഹിംസാത്മകമായ പ്രവര്‍ത്തനങ്ങളുടെ രൂപത്തിലായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ!


2 comments:

  1. ഈ സദ്‌സംഗമത്തില്‍ പങ്കുചേരാന്‍ ഏതാനും കുട്ടികളുമായി ഞാനും പോയിരുന്നു. അവര്‍ക്കെല്ലാം അതൊരു സവിശേഷമായ ആത്മീയാനുഭവമായിത്തീര്‍ന്നു. ഇത്ര നിസ്വാര്‍ത്ഥയും സഹജീവിസ്നേഹവുമുള്ള ഒരമ്മൂമ്മയെ നമ്മുടെ സമൂഹത്തില്‍ പ്രതീക്ഷിക്കാന്‍ സാദ്ധ്യമാണെന്ന് കരുതിയില്ലെന്ന് കുട്ടികള്‍ പോലും വിലയിരുത്തി. തിന്മ മാത്രം കണ്ടും കേട്ടും വളരുന്ന ഇന്നത്തെ യുവത്വത്തിന് ഇങ്ങനെയൊരനുഭവം സമ്മാനിച്ചു എന്നതാണ് പയസ് സാര്‍ ചെയ്ത വലിയ സേവനം. തിടനാട് വികാരിയും അവിടെയുണ്ടായിരുന്നു. ഇന്ന് സഭ സ്വകാര്യസാദ്ധ്യത്തിനായി കൊട്ടിഘോഷിക്കുന്ന വിശുദ്ധരും ഈ വിശുദ്ധയും എത്ര വ്യത്യസ്തമായ തലത്തിലാണ് എന്ന് അദ്ദേഹവും ചിന്തിച്ചിരുന്നെങ്കില്‍! അധികം ചിന്തിച്ചാലും പിശകാകും. മരണശേഷം അവരെ ഒരു കാണിക്കവഞ്ചിയുടെ പുറകില്‍ സ്ഥാപിക്കാനുള്ള ആവേശം മൂത്താല്‍ എല്ലാം കഴിഞ്ഞു. അതുണ്ടാകാതിരിക്കട്ടെ.

    ReplyDelete
  2. അഭ്യസ്ത വിദ്യരും, എന്നാല്‍ പ്രധാനമായ എന്തോ ഒന്ന് ഇല്ലാത്തവരുമായ നമ്മളും ,നമ്മുടെ ആദ്ധ്യാല്മീക നേതാക്കളും , അനുകരിക്കാന്‍ ശ്രമിച്ചു നോക്കേണ്ട ഒന്നാണ് ഇവരുടെ ജീവിതം .

    ReplyDelete