Translate

Sunday, December 9, 2012

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' അയച്ചുകൊടുത്ത നിവേദനം2012 ജനുവരിയില്‍ തയ്യാറാക്കിയ ഈ നിവേദനം JCC-യുടെ പ്രതിനിധിസംഘം നേരിട്ടു നല്‍കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ പലവട്ടം ശ്രമിച്ചിട്ടും, സന്ദര്‍ശനാനുമതി ലഭിച്ചില്ല. അവസാനം 3-4 മാസങ്ങള്‍ക്കുമുമ്പ് രജിസ്റ്റേര്‍ഡ് കത്തായും ഇ-മെയില്‍ ആയും അയച്ചുകൊടുക്കുകയാണുണ്ടായത്. ഇതുവരെ ഒരു മറുപടിയും ഇതിനു ലഭിച്ചിട്ടുമില്ല. അതിനാല്‍ വായനക്കാരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു- എഡിറ്റര്‍ 


അഭിവന്ദ്യനായ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്താ, 

സീറോ- മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി അവരോധിതനായതിനെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍പദവിയും അങ്ങയെ തേടിയെത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേക്ക് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ അഭിവാദനങ്ങളും അഭിനന്ദനങ്ങളും!

കേരളത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന പന്ത്രണ്ട് സ്വതന്ത്രക്രൈസ്തവസംഘടനകളുടെ ഏകോപനവേദിയാണ് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' (ഖഇഇ)എന്ന് ആദ്യമേ പരിചയപ്പെടുത്തട്ടെ. കേരളത്തിലെ ക്രൈസ്തവസഭകളെ യേശുവിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ച് നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കരുതുന്നവരാണ് ഖഇഇ പ്രവര്‍ത്തകര്‍. ഈ നവീകരണം ഏറ്റം ആവശ്യമായിരിക്കുന്നത് കേരളത്തിലെ കത്തോലിക്കാസഭയിലാണെന്നും, അതില്‍ത്തന്നെ ഒരു പ്രമുഖവ്യക്തിസഭയായ സീറോ-മലബാര്‍ സഭയിലാണെന്നുമാണ് ഞങ്ങളുടെ വിലയിരുത്തല്‍. കാരണം, യേശു വിലക്കിയ വിജാതീയ റോമന്‍ അധികാരഘടന(മത്താ. 20: 25-28) ഏറ്റവും ശക്തമായി ഇന്നും നിലനില്‍ക്കുന്നത് ഈ സഭയിലാണ്.

ഏതൊരു സമൂഹത്തിന്റെയും ഭരണവും നിയമനിര്‍മ്മാണവും പ്രാതിനിധ്യസ്വഭാവത്തിലുളളതായിരിക്കണമെന്ന ജനാധിപത്യതത്വം ആധുനികലോകം അംഗീകരിച്ചിട്ടുളളതാണ്. എന്നാല്‍, തങ്ങളുടെ യാതൊരുവിധ പ്രാതിനിധ്യവും ഒരു ഘട്ടത്തിലും ലഭിച്ചിട്ടില്ലാത്ത ഒരു പുരോഹിത അധികാരശ്രേണിയുടെ ഭരണത്തിന്‍കീഴിലാണ്, അങ്ങ് മേജര്‍ ആര്‍ച്ചുബിഷപ്പായിട്ടുളള സീറോ-മലബാര്‍ സഭയിലെ വിശ്വാസിസമൂഹം. രൂപീകരണത്തില്‍ തങ്ങളുടേതായ ഒരുവിധ പങ്കാളിത്തവും ഉണ്ടായിട്ടില്ലാത്തതും, അവര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ 'പൗരസ്ത്യകാനോന്‍ നിയമ'മെന്ന വിദേശനിര്‍മ്മിത നിയമത്തിന്‍കീഴിലാണവര്‍ ഭരിക്കപ്പെടുന്നത്. ഈ സഭാസംവിധാനം ആധുനിക ജനാധിപത്യമൂല്യങ്ങളെയും യേശുവിന്റെ കല്പനകളെയും ആദിമസഭാഘടനാമാതൃകകളെയും (മത്താ. 20:25-28, അപ്പോ. 6: 2-4) പരിഹസിക്കുകയല്ലേ ചെയ്യുന്നത്? ആദ്യമാര്‍പാപ്പാ ആയ പത്രോസ് അപ്പോസ്തലന്‍ 'രാജകീയ പുരോഹിതഗണം' എന്നു വിശേഷിപ്പിച്ച വിശ്വാസികളെ ഇന്നത്തെ അപ്പോസ്തലപിന്‍ഗാമികള്‍ അടിമകളാക്കിയിരിക്കുകയല്ലേ ചെയ്തിരിക്കുന്നത് എന്ന് അങ്ങ് ആലോചിച്ചുനോക്കുമല്ലോ.

അങ്ങു നേതൃത്വംകൊടുക്കുന്ന സഭയില്‍ നിലനില്‍ക്കുന്ന ഈ ദുരവസ്ഥ മാറ്റിയെടുക്കേണ്ടതില്ലേ? ഇവിടെ അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സഭാസംവിധാനങ്ങള്‍ക്കുപകരം സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയുമായ സഭാസംവിധാനങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതില്ലേ? അതിനായി സഭയെ അതിന്റെ ഉറവിടങ്ങളിലെ ചൈതന്യധാരയിലേക്കു നയിക്കേണ്ടതില്ലേ? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ലക്ഷ്യമിട്ടതും അതിനായിരുന്നുവല്ലോ.

റോമന്‍ സാമ്രാജ്യമതമാകുന്നതിനു മുമ്പുളള ആദിമസഭയിലേക്കും, പോര്‍ട്ടുഗീസുകാര്‍ക്ക് അധീനപ്പെടുന്നതിനുമുമ്പുളള കേരളസഭയിലേക്കും തിരിഞ്ഞുനോക്കിയാല്‍, അവിടെ വചനാനുസൃതമായ രൂപമാതൃകയിലുളള സഭാഘടനയായിരുന്നു നിലനിന്നിരുന്നത് എന്നു കാണുവാനാകും. കാലത്തിന്റെയും വ്യക്തികളുടെയും സമ്മര്‍ദ്ദങ്ങളില്‍പ്പെട്ടു കേരളസഭയ്ക്കു നഷ്ടപ്പെട്ട തനതു ക്രൈസ്തവരൂപമാതൃക വീണ്ടെടുത്തു പുനഃസ്ഥാപിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കേരളസഭയുടെ പൂര്‍വ്വപാരമ്പര്യമായ പളളിയോഗ സഭാഭരണസമ്പ്രദായം വീണ്ടെടുക്കണമെന്നഭ്യര്‍ത്ഥിച്ച് എത്രയോ നിവേദനങ്ങളാണ് ഞങ്ങളുടേതുപോലുളള ക്രൈസ്തവപ്രസ്ഥാനങ്ങള്‍ അക്കാലത്തു സമര്‍പ്പിച്ചിട്ടുളളത്! അവ ചെവിക്കൊളളുന്നതിനോ ഒരു കൂടിക്കാഴ്ചയെങ്കിലും അനുവദിക്കുന്നതിനോ പകരം, ഏതു സഭാഘടനയില്‍നിന്നാണോ സ്വയം മോചിപ്പിക്കാന്‍ വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്, അതേ പാശ്ചാത്യസഭാഘടന അരക്കിട്ടുറപ്പിക്കുന്ന പൗരസ്ത്യ കാനോന്‍നിയമം കേരളസഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ പൗരസ്ത്യ
സംഘം എന്ന വത്തിക്കാന്‍ കാര്യാലയത്തിനു കൂട്ടുനില്‍ക്കുകയാണ് സീറോ-മലബാര്‍ സഭാദ്ധ്യക്ഷന്മാര്‍ ചെയ്തത്. അതും, രണ്ടായിരം വര്‍ഷ
ത്തെ പാരമ്പര്യമുളള കേരളസഭ, നൂറ്റാണ്ടുകള്‍ക്കുശേഷം ജന്മംകൊണ്ട കല്‍ദായസഭയുടെ പുത്രീസഭയാണെന്ന തികച്ചും വ്യാജ വും ആത്മഹത്യാപരവുമായ വാദഗതിക്ക് അടിമപ്പെട്ടുകൊണ്ട്!

അങ്ങനെ, ലോകത്തിലെ മുഴുവന്‍ കത്തോലിക്കാമെത്രാന്മാരും ചേര്‍ന്ന് ഏറ്റവും ആധികാരികമായി പ്രഖ്യാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ അനുസരിക്കാന്‍ തയ്യാറാകാതെ, പൗരസ്ത്യസംഘമെന്ന ഒരു വത്തിക്കാന്‍ കാര്യാലയത്തിന്റെ അധികാരതാല്പര്യപ്രകാരം കേരളത്തിലെ ദൈവജനത്തി നുമേല്‍ റോമന്‍ പുരോഹിതാധിപത്യവ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ തയ്യാറായ സീറോ-മലബാര്‍ മെത്രാന്‍ സിനഡില്‍നിന്ന് നീതി ലഭിക്കില്ല എന്നു മനസ്സിലായ പശ്ചാത്തലത്തിലാണ്, ഇന്‍ഡ്യയിലെ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഗവണ്‍മെന്റിനെ സമീപിച്ചത്.

ഇന്‍ഡ്യന്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദമനുസരിച്ച്, ഇന്‍ഡ്യയിലെ എല്ലാ മതസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടേണ്ടത് പാര്‍ലമെന്റോ അസംബ്ലികളോ പാസ്സാക്കുന്ന നിയമപ്രകാരമായിരിക്കേണ്ടതുണ്ട്. അത്തരമൊരു നിയമനിര്‍മ്മാണം കേരളത്തിലെ ക്രൈസ്തവസമൂഹത്തിനായി നടത്തിത്തരണം എന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത.് അതിന്‍ഫലമായി, ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി രൂപംകൊടുത്ത നിയമപരിഷ്‌കരണകമ്മീഷന്‍, ‘The Kerala Christian Church Properties and Institutions Trust Bill-2009’ എന്ന, 'ചര്‍ച്ച് ആക്ട്' എന്നു പൊതുവേ അറിയപ്പെടുന്ന, കരട് ബില്‍ ക്രോഡീകരിക്കുകയും 2009 ജനുവരി 26-ന് അന്നത്തെ കേരളാ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ ദുഃസ്വാധീനംമൂലം അസംബ്ലിയില്‍ അതിന്നോളം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായില്ല. കേരളത്തിലെ മെത്രാന്മാരും അതിതുവരെ ചര്‍ച്ച ചെയ്തതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളിപ്പോള്‍ ആവശ്യപ്പെടുന്നത് സീറോ-മലബാര്‍ മെത്രാന്‍സിനഡ് എത്രയും വേഗം 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്യണമെന്നാണ്; അതില്‍ ബൈബിള്‍ വിരുദ്ധമായോ, ആദിമസഭയുടെയോ കേരളസഭയുടെയോ പാരമ്പര്യങ്ങള്‍ക്കു വിരുദ്ധമായോ എന്തെങ്കിലുമുണ്ടോ എന്നു സഭാസമൂഹത്തിനു മുമ്പില്‍ ചൂണ്ടിക്കാണിക്കണമെന്നാണ്; അങ്ങനെയൊന്നുമില്ലെങ്കില്‍, 'ചര്‍ച്ച് ആക്ട്' അംഗീകരിക്കണമെന്നും അതു നടപ്പാക്കുന്നതിനു ഗവണ്‍മെന്റിനെ പിന്തുണയ്ക്കണമെന്നുമാണ്.
ദൈവജനമാണ് സഭ എന്ന കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെകൂടി വീക്ഷണകോണില്‍ കാര്യങ്ങള്‍ നോക്കിക്കാണാന്‍ ഇനിയെങ്കിലും സഭാദ്ധ്യക്ഷന്മാര്‍ തയ്യാറാകണം എന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അവരുടെ കാഴ്ചപ്പാടിലും അനുഭവത്തിലും സഭ ഇന്ന് സമൂഹത്തോടു ഉത്തരവാദിത്വമോ(accountability) സുതാര്യതയോ പുലര്‍ത്താത്തതും അഴിമതി നിറഞ്ഞതുമായ കേവലമൊരു ഭൗതികസ്ഥാപനമാണ്. വിശ്വാസിസമൂഹത്തിന്റെ-സഭയുടെ-കൂട്ടായ വിവേകത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുന്നില്ലെങ്കില്‍, സഭയുടെ ഈ ഭൗതികവല്‍ക്കരണം യാതൊരു കടിഞ്ഞാണുമില്ലാതെ ഭീകരമായി വളരുമെന്ന് അവര്‍ ഭയപ്പെടുന്നു. സഭാസമൂഹത്തിന്റെ കൂട്ടായ വിവേകം പ്രകടമാകുന്നത് ഉത്തരവാദിത്വവും അധികാരവുമുളള അവരുടെ വേദികളുണ്ടാകുമ്പോഴാണ്. അതായിരുന്നു നമ്മുടെ പളളിയോഗങ്ങള്‍. ഇന്നത് അധികാരമില്ലാത്ത പാരീഷ് കൗണ്‍സിലുകളെന്ന വെറും ഉപദേശകസമിതികളാണെന്നോര്‍ക്കുക. 

'ചര്‍ച്ച് ആക്ട്' നിയമപരിഷ്‌കരണകമ്മീഷന്റെയോ ഏതെങ്കിലും ഗവണ്‍മെന്റിന്റെയോ സൃഷ്ടിയല്ല, എന്ന് പ്രസ്താവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറിച്ച്, കേരളസഭയുടെ മൂന്നു തട്ടുകളുളള പളളിയോഗഭരണസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ വിശ്വാസിസമൂഹത്തിന്റെ നിരന്തരനിവേദനങ്ങളുടെ പരിണതഫലമാണത്. ഭരണഘടനാവിധേയമാക്കാനുദ്ദേശിച്ച് പുതുതായി ക്രോഡീകരിച്ചു എന്നുമാത്രം. സഭയുടെ ഇന്നത്തെ അമിതമായ ഭൗതികവല്‍ക്കരണത്തിനും സ്ഥാപനവല്‍ക്കരണത്തിനും അഴിമതിക്കും തടയിടാന്‍ കേരളസഭാപാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരമായ 'ചര്‍ച്ച് ആക്ട്' നിയമമാക്കിയേ പറ്റൂ.


സുവിശേഷമൂല്യങ്ങളിലൂടെയും കേരളസഭയുടെ വിശുദ്ധപാരമ്പര്യങ്ങളിലൂടെയും ഈ സഭയെ നയിക്കാനുളള ദൈവികമായ ഉത്തരവാദിത്വം ഇന്ന് ഏറ്റവുമേറെ നിക്ഷിപ്തമായിരിക്കുന്നത് ഈ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ അങ്ങിലാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഗവണ്‍മെന്റുകളും രാഷ്ട്രീയകക്ഷികളുമായുളള ചര്‍ച്ചകളിലൂടെയും നയതന്ത്രനീക്കങ്ങളിലൂടെയും വിശ്വാസിസമൂഹത്തിന്റെ തലയ്ക്കു മുകളിലൂടെ കാര്യങ്ങള്‍ നീക്കുന്നത് ഈ ദൈവികമായ ഉത്തരവാദിത്വത്തില്‍പ്പെടില്ല എന്നും അങ്ങേക്ക് അറിയാമല്ലോ. അങ്ങും മറ്റു മെത്രാന്മാരും സംസാരിക്കേണ്ടതും ഉത്തരം നല്‍കേണ്ടതും സഭയിലെ ദൈവജനത്തോടാണ്.


അഴിമതിക്കും സുതാര്യതയില്ലായ്മയ്ക്കുമെതിരെ ഭാരതമനസ്സ് സടകുടഞ്ഞുണര്‍ന്നു കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍, കത്തോലിക്കാസമൂഹത്തിലും താമസംവിനാ അതു സംഭവിക്കും. അതിനുമുമ്പേതന്നെ, കാലത്തിന്റെ ചുവരെഴുത്തുവായിച്ച്, സഭയിലെ ജനാഭിലാഷം മാനിക്കാനുളള ഉള്‍ക്കാഴ്ച അങ്ങേക്കുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.


ലാലന്‍ തരകന്‍ (പ്രസിഡണ്ട്)
ജോയിപോള്‍ പുതുശ്ശേരി (ജന: സെക്രട്ടറി)

9 comments:

 1. അല്‍മായപ്രതിനിധികളെ കാണാന്‍ പോലും താല്പര്യമില്ലാത്ത ഈ മഹാന്റെ
  തനി നിറം ഇറ്റലി വെടിവെപ്പ് കേസില്‍ മനസ്സിലായതല്ലേ ?

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
  Replies
  1. ഇട്ടാവട്ടത്തിലെ കത്തോലിക്കാ രാജ്യത്തിലെ വെറും ഒരു കര്‍ദ്ദിനാള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ മഹാരാജാവോ? കഴിവില്ലാത്തെ ഈ കര്‍ദ്ദിനാള്‍ മറ്റു പണികള്‍ ചെയ്യട്ടെ. അല്മെനിയുടെ ഒരു സംഘടനയെ അപമാനിക്കുകയല്ല വേണ്ടത്.

   Delete
  2. This comment has been removed by the author.

   Delete
 3. The presence of a കൂദാശ ചട്ടമ്പി in disguise as a free thinker proves that JCC & this blog is threat to the Holy Parasites. Bishops are having the majority ? Let's see how long it lasts

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 4. സീറോ മലബാര്‍ സഭ പൂജ്യമായ വിവരം പുരോഹിതനെപ്പോലെ സംസാരിക്കുന്ന ഈ ചിന്തകന്‍ അറിയുന്നില്ല. തല മരവിപ്പിച്ച കോടി കണക്കിന് വിശ്വാസികളെ നയിക്കുന്നത് ഒരു മാഫിയ പ്രസ്ഥാനമെന്നും ഭക്തര്‍ അറിയുന്നില്ല.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 5. ഈ കൂദാശമാഫിയ തലവന്‍ അല്മായപ്രതിനിധികളുടെ പുറകെ നടക്കുന്ന കാലം വിദൂരമല്ല ,നുണകള്‍ പറഞ്ഞു ദൈവജനത്തെ വഞ്ചിച്ചിരുന്ന കാലം -അത് കടന്നു പോയി ,എന്നാലും മാഫിയക്കാര്‍ എതിര്തിരുന്നവരെ കത്തിച്ചിരുന്ന കാലത്തിലാണ്‌ ഇന്നും ജീവിക്കുന്നത് . കത്തോലിക്കാ സഭ ഇപ്പോഴും ,എപ്പോഴും ,എന്നേക്കും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നില്‍ ആണ് .

  ReplyDelete