Translate

Sunday, December 23, 2012

വൈദികന്‍ ചാക്കില്‍!

അല്മായാ ശബ്ദത്തിലേക്ക് അജ്ഞാതരുടെ ഒരു കുത്തൊഴുക്ക് കാണുന്നു. സഭയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ച കുറെ നിരീശ്വര വാദികളാണ് പിന്നിലെന്നാണ് ചിലരുടെ ആരോപണം. ഒരു സ്വതന്ത്ര ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു, മോനിക്കാക്ക് മെത്രാന്‍ സ്ഥലം തിരിച്ചുകൊടുക്കുമെന്ന് (അത് മോനിക്കാ മേടിക്കുക തന്നെ ചെയ്യും - തീര്‍ച്ച). സഭാധികാരികള്‍ കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ തുറന്നു കാട്ടുന്നത് ശത്രുക്കള്‍ക്ക് വെടിമരുന്നാകും എന്ന് ഭയപ്പെടുന്ന അജ്ഞാതരും ഏറെയുണ്ട്. കാലാകാലങ്ങളായി പരി.ആത്മാവിന്‍റെ പേരില്‍ ചെയ്തുകൂട്ടിക്കൊണ്ടിരുന്ന തെമ്മാടിത്തരങ്ങള്‍ തിരുത്താന്‍ മിനക്കെടാത്ത സഭ അല്മായനെ തിരുത്താന്‍ ഇറങ്ങിയിരിക്കുന്നു. ഈശോ സഭയിലെ ഒരു പണ്ഡിതനായിരുന്ന സ്വാമി. സ്നേഹാനന്ദ ജ്യോതി നാളത്തെ സഭഎന്ന ഹൃദയ സ്പര്‍ശിയായ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്, സഭയുടെ ചരിത്രത്തില്‍ പത്തില്‍ കൂടുതല്‍ മാര്‍പ്പാപ്പാമാര്‍  വിവാഹിതരായിരുന്നുവെന്നാണ്; മാര്‍പ്പാപ്പാമാരുടെ മക്കള്‍ മാര്‍പ്പാപ്പാമാരായ രണ്ടു സംഭവങ്ങള്‍ ഉണ്ട്; ഒരു മാര്‍പ്പാപ്പയുടെ ചെറുമകന്‍ മാര്‍പ്പാപ്പായായിരുന്നിട്ടുണ്ട്, വിവാഹജിവിതത്തിനു പുറത്തു മക്കളുണ്ടായിരുന്ന മാര്‍പ്പാപ്പാമാരും ഉണ്ടായിരുന്നു; ബാലനായ മാര്‍പ്പാപ്പായെന്നു അറിയപ്പെട്ട ആള്‍ക്ക് വെറും 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ അയാളുടെ ജിവിതകാലത്താണ് വത്തിക്കാന് വേശ്യാലയം എന്ന അപരനാമം കൂടി കിട്ടിയതത്രേ. നിരവധിപേരെ വധിച്ച ഈ മാര്‍പ്പാപ്പാ വധിക്കപ്പെട്ടത് ഒരു വീട്ടമ്മയുടെ കിടപ്പറയില്‍ വെച്ച് ആ സ്ത്രിയുടെ ഭര്‍ത്താവിന്‍റെ തന്നെ കൈകളാല്‍. മറ്റൊരു മാര്‍പ്പാപ്പ അധികാരത്തില്‍ വന്നത് മറ്റൊരാളെ അധികാരഭ്രഷ്ടനാക്കിയാണ്.

ഒരു മാര്‍പ്പാപ്പയുടെ കുഴിച്ചിട്ട ശവം മാന്തിയെടുത്ത്  നദിയില്‍ വലിച്ചെറിഞ്ഞപമാനിച്ച മാര്‍പ്പാപ്പയും പട്ടികയിലുണ്ട്. ചക്രവര്‍ത്തിമാരുടെ   ഇശ്ചാനുസരണം അവരോധിക്കപ്പെട്ടവരും, ഭ്രഷ്ടരാക്കപ്പെട്ടവരും, സ്വയം രാജിവെച്ചവരും ഒക്കെ ആ പട്ടികയിലുണ്ട്. മരുമക്കളെ കര്‍ദ്ദിനാളന്മാരാക്കിയ മാര്‍പ്പാപ്പാമാരുണ്ട്; ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളിന്റെ പ്രായം 5 വയസ്സ്. ഇതൊക്കെ വെച്ച് നോക്കിയാല്‍ നമ്മുടെ തട്ടിപ്പ് വിരന്മാര്‍ എത്രയോ വിശുദ്ധര്‍!

അഭിഷേകാഗ്നി ആളിക്കത്തുകയാണ് ചിലടിത്ത്; കൈയ്യടിയും സ്ത്രോത്രം വിളിയും ഉണ്ടെങ്കിലെ പരി. ആത്മാവ് ഇറങ്ങത്തൊള്ളൂ ഭയങ്കരം! ഇറങ്ങിയാല്‍ത്തന്നെ എല്ലാവരേയും തൊടുകയുമില്ല. തൊട്ടാല്‍ത്തന്നെ അത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കുകയുമില്ല. കേരളത്തിലെ വൈദികരില്‍ നല്ലൊരു പങ്കും ആ പദവിക്ക് ചേര്‍ന്ന പണിയല്ല ചെയ്യുന്നത്. അത്തരക്കാരുടെ പറുദീസായാണ് കാഞ്ഞിരപ്പള്ളി. മെത്രാന്‍ സ്വര്‍ണ്ണപണയം പിടിക്കാന്‍ സഹ്യാദ്രി ബാങ്ക് തുടങ്ങിയപ്പോള്‍ പ്രജ അച്ചന്‍ ഗൂഗിളിനു സമാനമായി കാഗിളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. സത്യവിശ്വാസികളായ വിദ്യാര്‍ഥികളുടെയും സഭാ സ്ഥാപനങ്ങളുടെയുമെല്ലാം വെബ്സൈറ്റുകള്‍ സ്വന്തം വെബ്‌ സര്‍വ്വറില്‍ കൊണ്ടുവരികയെന്ന ആദ്യ പടിയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത്. ദരിദ്രരില്‍ ദരിദ്രനായി ജനിച്ച യേശുവിന്‍റെ നാമത്തില്‍ വിലസുന്ന മേജര്‍ ആര്‍ച് ബിഷപ്പിന്‍റെ കഴുത്തില്‍ സ്വര്‍ണ്ണ രുദ്രാക്ഷ മാലയാണെങ്കില്‍, 25 പവന്‍റെ വൈറ്റ് ഗോള്‍ഡ്‌ മാലയാണ്  ഇതേ കേരളത്തിലുള്ള ഒരു മെത്രാന്റെ കഴുത്തില്‍. ഏറ്റവും മുന്തിയ കാറുകള്‍ വാങ്ങിക്കുക, ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റൊരു മോഡല്‍ വാങ്ങുക; ഇത് മിക്ക മെത്രാന്മാരുടെയും ഹോബി (ഈ വിരുതന്മാരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല). പുത്തന്‍ കാറ് മേടിച്ചു കളര്‍ മാറ്റിയവരും ഇവിടുണ്ട്. ആരെയാ പേടിക്കണ്ടേ? ദശാംശം ഉണ്ടല്ലോ!

ഈയ്യിടെ  കുരിശുമല ആശ്രമത്തില്‍ ധ്യാനിക്കാന്‍ പോയ ഒരു അല്മായന്‍ തന്‍റെ അനുഭവം പറഞ്ഞു. ഒരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ കാലിത്തിറ്റ ചാക്ക് ഏപ്രണാക്കി ഒരാള്‍ വരുന്നു. ചാക്ക് കീറി നടുക്ക് ഒരു തുളയുണ്ടാക്കി കുര്‍ബ്ബാന കുപ്പായം പോലെ കഴുത്തിലിടുന്ന നൂതന തന്ത്രം കണ്ടു രസിച്ചിരുന്നപ്പോളാണ് തല മരച്ചു പോയത് ചാണകം വാരാന്‍ പോകുന്ന ആ മനുഷ്യന്‍ ആ ആശ്രമത്തിലെ ആബട്ടച്ചന്‍ തന്നെയായിരുന്നുവത്രേ. ധ്യാനവും കഴിഞ്ഞ് ആബട്ടച്ചനെ കണ്ടു യാത്രപറയാന്‍ ചെന്നപ്പോള്‍ ഒരു സഹവാസി പറഞ്ഞത്രേ, ആബട്ടച്ചനെ കാണണമെങ്കില്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞേക്കും, ഇന്ന് കക്കൂസുകള്‍  കഴുകുന്നത് അദ്ദേഹമാണെന്ന്. ഇത് അല്മായാ ശബ്ദത്തിലെ എഴുത്തുകാരുടെ ഭാവനയല്ല. ഖുറാനും, ബൈബിളും ഗിതയും ഒരേ നിരയില്‍ വെച്ച് കുര്‍ബാന ചെല്ലുന്ന ആശ്രമങ്ങള്‍ ഈ കേരളത്തിലുണ്ട്, ഓംകാരം പള്ളിയുടെ നിറുകയില്‍ ചാര്‍ത്തിയിരിക്കുന്ന ആശ്രമ ദേവാലയങ്ങളുമുണ്ട്. എവിടെയെന്നു പറയുന്നില്ല, ആ പാവങ്ങള്‍ സമാധാനത്തില്‍ കഴിയട്ടെ. ടാന്‍സാനിയയില്‍ ഒരു സിറോ മലബാര്‍ (ലാറ്റിന്‍) മെത്രാന്‍ ജനങ്ങളോടൊപ്പം തെരുവ് വൃത്തിയാക്കാന്‍ ഇറങ്ങിയതും ഇവരോട് ആരും പറഞ്ഞിട്ടില്ല. എന്തിനാ അവര്‍ക്ക് മനപ്രയാസം ഉണ്ടാക്കുന്നത്‌?

ആര്‍ക്കും കാണരുതാത്ത ഒരു വര്‍ഗ്ഗം എന്നേ കേരളത്തിലെ സിറോ മലബാര്‍ മെത്രാന്മാരുടെ നിരയെ  ഇന്ന് വ്യാഖ്യാനിക്കാനാവൂ.  ഒരു ജനതതിയെ മുഴുവന്‍ അജ്ഞതയുടെ അന്ധകാരത്തില്‍ ഞെക്കിപ്പിടിച്ചുനിര്‍ത്തി പണം പിഴിഞ്ഞെടുക്കുന്ന ഈ സഭയെ Money Extractor - Deluxe’  എന്നല്ലാതെ എന്താ വിളിക്കുക? അജ്ഞാതര്‍ സദയം ക്ഷമിക്കുക സഹികെട്ട് പറഞ്ഞു പോവുന്നതാ.

4 comments:

 1. പോപ്‌ ജോണ്‍ പോള്‍ ഒന്നാമന്റെ വധവുമായി ബന്ധപ്പെട്ട " ഇന്‍ ഗോഡ്സ് നെയിം " എന്ന പുസ്തകം പുറത്തു വന്നപ്പോള്‍ ഒരു വത്തിക്കാന്‍ വക്താവ് പറഞ്ഞ കാര്യമാണ്‌ ഓര്‍മ്മ വരുന്നത് .
  "കഴിഞ്ഞ 2000 കൊല്ലമായി ഞങ്ങളിവിടുണ്ട്...കുറഞ്ഞതൊരു 2000 കൊല്ലം കൂടി ഞങ്ങളിവിടെ കാണും . എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും പുറത്തു വന്നോട്ടെ "

  ReplyDelete
 2. അല്‍മായശബ്ദം അഡ്മിനിസ്റ്ററുടെ അനൊനിമസുകള്‌ക്കെതിരെയുള്ള ശക്തിയായ താക്കീതില്‍ അഭിനന്ദിക്കുന്നു.ഇവരുടെ കുത്തഴിഞ്ഞ പ്രവാഹം മൂലം ബ്ലോഗില്‍ സ്വയം പേരുവെച്ചു എഴുതുവാന്‍തന്നെ ഭയം തോന്നിതുടങ്ങിയിരുന്നു.
  അനോനിമസുകളെ തകര്‍ക്കുവാന്‍, അവരുടെ നിലവാരത്തില്‍ താഴോട്ടിറങ്ങി എഴുതുവാന്‍ ഞാനും ഒന്നുരണ്ടു പ്രാവിശ്യം അനൊനിമസ്സായിട്ടുണ്ട്. കാരണം, അമിതമായ വ്യക്തിഹത്യ ആരംഭിച്ചിരുന്നു. ഇതിലെ പല പ്രമുഖ എഴുത്തുകാരും എഴുതുവാനും മടിച്ചുകാണും. കേരളത്തില്‍ നിന്നായാലും വിദേശത്തുനിന്നായാലും അല്‍മായ ശബ്ദത്തിലെ എഴുത്തുകാര്‍ ഓരോ നിലകളില്‍ ഉന്നത നിലവാരം പുലര്‌ത്തുന്നവരെന്നു ചിന്തിക്കുവാനുള്ള സാമാന്യ ബുദ്ധിപോലും ഈ അജ്ഞാത നാമധാരികള്‌ക്കില്ലായിരുന്നു.

  ഭാരതപ്രസിദ്ധനായ പുലിക്കുന്നന്റെ കുടുംബ കാര്യങ്ങള്‌വരെ ബ്ലോഗില്‍ ചര്‍ച്ചക്ക് കൊണ്ടുവരുവാനായിരുന്നു ഇവരുടെ താത്പര്യം.പാലാ ബിഷപ്പ്പോലും ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുലിക്കുന്നന്റെ സ്വകാര്യ ജീവിതംവരെ വിമര്‌ശിക്കുവാന്‍ ഇവര്‍ക്ക് താല്പര്യമാണ്. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളെയോ വിമര്‌ശന ഗ്രന്ഥങളെയോ ആധികാരികമായി വിമര്‌ശിക്കുവാന്‌ കഴിവുണ്ടായിരുന്നുവെങ്കില്‍, സ്വാഗതം ചെയ്യാമായിരുന്നു.


  പള്ളികുര്‌ബാനയും വീഞ്ഞും എന്നും കഴിച്ചു വരുന്നവര്‍ അല്‍മായശബ്ദത്തിന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കുന്നില്ല. കുഞ്ഞാടിന്റെ വേദപ്രമാണങ്ങളായി സൈബര്‍ലോകത്ത് ധാരാളം ബ്ലോഗുകള്‍ ഉണ്ട്. അവിടെയൊന്നും എഴുതുവാന്‍ ഇവര്‍ക്ക് താല്പര്യം ഇല്ല. ഇവരെക്കാളും വേദപ്രമാണം അറിവുള്ളവരാണു ഈ ബ്ലോഗില്‍ എഴുതുന്നതെന്ന് അറിയുവാനുള്ള സാമാന്യ ബുദ്ധി ഇവര്‍ക്കില്ല. ഒരാഴ്ച്ച മുമ്പ് ക്നനായിലെ മൂലേക്കാടനും അങ്ങാടിയത്തും സഭയെ വിമര്‌ശിക്കുന്നവരെ ഒരു പള്ളികൂദാശ സമയത്ത് പരിഹസിക്കുന്നത് വായിച്ചു. ചെറുപ്പകാലത്ത് വേദപാഠ ക്ലാസ്സുകളില്‍ പോകാത്തവരാണ് സഭയെ വിമര്‌ശിക്കുന്നവരെന്നായിരുന്നു അവരുടെ അഭിപ്രായം. എങ്കില്‍ ഈ ബിഷപ്പുമാര്‍ക്ക് തെറ്റുപറ്റി പോയി. ഒരു നല്ല ഭാഷാപണ്ഡിറ്റ്നെ ഭാഷയെ വിമര്‌ശിക്കുവാന്‍ കഴിയുമെന്നതുപൊലെ സഭയെ പഠിച്ചവനേ കര്‍ദ്ദിനാള്‍ മാര്‌ട്ടിനിയെപ്പൊലെ സഭയെയും വിമര്‌ശിക്കുവാന്‌ സാധിക്കുകയുള്ളൂ. അല്‍മായശബ്ദത്തില്‌ വായിച്ച പല ലേഖനങ്ങളും എഴുതുവാന്‍ സാധിക്കുകയുള്ളൂ. യാതൊരു കാരണവശാലും
  സഭയെ പഠിക്കുന്നവര്‍ക്ക് വിമര്‌ശനം പാടില്ലായെന്നുള്ളതു എന്ത് യുക്തിയാണ്?

  റോഷന്‍ എഴുതിയ മാര്‍പാപ്പാമാരുടെ കഥ എത്ര കുഞ്ഞാടുകള്‌ക്കറിയാം. വിശുദ്ധ കത്തോലിക്കാ സഭയെന്നു അന്ധമായി നാവു ഉരുവിട്ടു കുര്‍ബാന സ്വീകരിക്കുന്നതിലും സഭയുടെ തെറ്റുകള്‍ തിരുത്തണമേയെന്നു പ്രാര്‍ഥിക്കുന്നതല്ലേ നല്ലത്? എന്റെ പാപങ്ങള്‍ പൊറുക്കുന്നതിനൊപ്പം ഈ വിശുദ്ധ കുര്‍ബാന തരുന്ന വൈദികന്റെ പാപം പൊറുക്കണമേയെന്നും പ്രാര്‍ഥിക്കണം.

  ഈ ബ്ലോഗിന്റെ നയങ്ങള്‍ വ്യക്തമായി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എത്ര നല്ല നവീകരണ ആശയങ്ങള്‍ ബ്ലോഗിലെ എഴുത്തുകാര്‍ എഴുതിയാലും അന്ധമായി പരിഹസിച്ചു എഴുതുകയെന്നാണ് അനോനിമസുകാരുടെ
  ജോലി. പള്ളിയില്‍അച്ചന്‍ പറയുന്നതുപോലെ ഇവരുടെ മറുപടി വരുകയുള്ളൂ. എങ്കില്‍ ഞങ്ങള്‍ക്കെല്ലാം ഞായറാഴ്ച കുര്‍ബാനയ്ക്ക് പോയാല്‍ പോരെ? സാമൂഹ്യ ദ്രോഹികളായ വട്ടായിയെയും കാഞ്ഞിരപ്പള്ളിയില്‌ ശ്രീ ഭൂമിതട്ടിപ്പു ബിഷപ്പിനെയുംവരെ ന്യായികരണമാണ് ഇവര്‍ക്ക് താല്പര്യം. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെ എതിര്‍ക്കുന്നില്ല. അല്‍മായ ശബ്ദത്തിന്റെ നയങ്ങള്‌ക്കുള്ളില്‍ എഴുതുന്നവരെ പരിഹസിക്കുകയും ഊമക്കത്തുകാരുടെ സ്ഥിരം സവിശേഷതകളായി തീര്‍ന്നിരിക്കുന്നു.

  സ്വതന്ത്ര ചിന്തകനെ ഒരു കാര്യത്തില്‍ അഭിനന്ദിക്കണം. കാരണം അദ്ദേഹം ചര്‍ച്ചുആക്റ്റിന്റെ വിമര്‌ശനാ ചിന്താഗതിയോടെ കണ്ടു. ഒരു ബ്ലോഗിന്റെ ശരിയായ ദിശയില്‍ ഉള്ള പഠനത്തിനു അങ്ങനെയുള്ള വിമര്‌ശനവും വേണം. പേര് വെക്കാതെ എഴുതുന്ന കുണ്ടാണ്ടികളൊടു സല്ലപിക്കുവാന്‍ സമയമില്ലെന്നു പറഞ്ഞാലും വ്യക്തി ബോധമില്ലാതെ അല്‍മായശബ്ദം ബ്ലോഗിനെ തിരുത്തുവാന്‍ അനൊനിമസ്സുകള്‌ക്കു പ്രത്യേക താല്പര്യമാണ്. പല ബ്ലോഗും വ്യക്തികള്‍ നടത്തുന്നുവെങ്കില്‍ അല്‍മായശബ്ദം ബ്ലോഗു ഒരു മഹാ സംഘടനയുദെ വകയാണെന്നും ഊമകത്തു ഉടമകള്‍ അറിയുക. ഈ ബ്ലോഗിന്റെ പിന്നണിയിലുള്ളവര്‌ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‌ത്തിച്ചിരുന്നുവരും പ്രവര്‌ത്തിക്കുന്നവരുമാണ്. സത്യ ജ്വാല തന്നെ നോക്കൂ. അറിയപ്പെടുന്ന എഴുത്തുകാരും കവികളും കോളേജു പ്രൊഫസര്‍മാരും പേരുകേട്ട സാമൂഹ്യ പ്രവര്‍ത്തകരും സഭയില്‍ ഇപ്പോഴുള്ള അച്ചന്മാരും പിരിഞ്ഞു പോയ അച്ചന്മാരും, പണ്ഡിതരും ആ പത്രമാസികയില്‍ എഴുതുന്നുണ്ട്.

  ഊമക്കത്തുകാര്‌ ഇങ്ങനെ നിയന്ത്രണം ഇല്ലാതെ എഴുതിയാല്‍ ബ്ലോഗിന്റെ വില ഇടിയുമെന്നുള്ളതാണു സത്യം. വ്യക്തികളെ പരിഹസിച്ചാല്‍, ഈ ബ്ലോഗിനെ ഇടിച്ചുതാത്താല്‍ ഇവര്‍ക്ക് നേട്ടമുണ്ടാകുമെന്ന് സ്വയം വിചാരിക്കുന്നു. പരമ വിഡ്ഢിത്തര ചോദ്യങ്ങള്‍മൂലം ബ്ലോഗു നിറഞ്ഞിരിക്കുന്നു. ഊമകത്തുടമസ്ഥരെ സഹിക്കുന്നതിനൊപ്പം അവരുടെ എന്തും എഴുതുന്ന തോന്ന്യാസവും സഹിക്കണോ?

  ReplyDelete
 3. മാര്‍പ്പാപ്പമാരുടെ കഥകള്‍ അറിയുന്ന കുഞ്ഞാടുകള്‍ ചുരുക്കമായിരിക്കും .ഗലീലിയൊയ്ക്കു പട്ടും വളയും നല്‍കി സഭ ആദരിച്ചു തുടങ്ങിയ അച്ചന്മാര്‍ തട്ടിവിടാറുണ്ട് ." ചെയ്ത തെറ്റുകള്‍ക്കൊക്കെ സഭ മാപ്പ് പറഞ്ഞിട്ടുണ്ട് പിന്നെ അല്മയശബ്ദംക്കാര്‍ക്ക് എന്താണ് പ്രശ്നം" എന്ന് ചോദിച്ച പുരോഹിതരും ഉണ്ട് .ബ്ലോഗ്‌ വായിക്കുന്നവരുടെ എണ്ണം ദിവസേന കൂടുന്നതും പലര്‍ക്കും തലവേദന ആകുന്നുണ്ട് അത് അവരുടെ കമന്റ്സില്‍ പ്രതിഫലിക്കുന്നുണ്ട് .

  ReplyDelete
 4. This comment has been removed by the author.

  ReplyDelete