Translate

Thursday, December 20, 2012

മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണIV

( ശ്രീ. സണ്ണി ലൂക്കോസ് ഈ യോഗത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നകാര്യം ഇപ്പന്‍ വട്ടമറ്റം സാറിനെ അറിയിച്ചു. സാറും സദസും ആഹ്ലാദപൂര്‍ണമാണതു കേട്ടത്. അദ്ദേഹം മോണിക്കാപ്രശ്‌നം റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു.
അതുകൊണ്ട്, കേസുകള്‍ക്കു സമാന്തരമായി കത്തോലിക്കാമാഫിയായുടെ ഇമേജ് തകര്‍ക്കുക എന്ന യുദ്ധതന്ത്രമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്, ഇതിനു രണ്ടു ഫലമുണ്ട്. 


1) മോണിക്കയുടെ 25 കോടി രൂപ ഉത്തരത്തില്‍ നിന്നെടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തിലുള്ള 25000 കോടി അവര്‍ക്കു നഷ്ടപ്പെടും. അതെങ്ങനെ? കത്തോലിക്കാമാഫിയാ ഒരു തട്ടിപ്പുകമ്പനിയാണെന്നും മെത്രാന്മാരില്‍ പലരും സന്തോഷ് മാധവന്മാരേക്കാള്‍ നാണംകെട്ട തട്ടിപ്പുകാരാണെന്നും വിശ്വാസികളറിയുമ്പോള്‍ അവര്‍ പണം നേര്‍ച്ചക്കുറ്റിയിലിടാതെ ആ പണംകൊണ്ട് ചുറ്റുവട്ടത്തുള്ള ദുരിതബാധിതരെ സഹായിക്കാന്‍ ശ്രമിക്കും. അങ്ങനെ കര്‍ത്താവിന്റെ ജീവകാരുണ്യാദര്‍ശം പ്രയോഗത്തില്‍ വരും.


2) പ്രതിച്ഛായ തകര്‍ന്നുകഴിയുമ്പോള്‍ അതു മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇടത്തേ കക്ഷത്തിലിരിക്കുന്ന 25000 കോടി രൂപ കൂടി കത്തോലിക്കാമാഫിയയ്ക്കു ചാരിറ്റിക്കുവേണ്ടി വിനിയോഗിക്കേണ്ടിവരും. അങ്ങനെ അദ്ദേഹം ലോജിക്കലായി കാര്യങ്ങള്‍ വിശദീകരിച്ചു.)




(തുടര്‍ച്ച) 

ഇപ്പന് വട്ടമറ്റം സാറിന്റെ പ്രസംഗം മൃതസഞ്ജീവനിയായി. 
നമ്മളിവിടെ സമ്മേളിച്ചിരിക്കുന്നത് ചേച്ചിയെ കുറ്റപ്പെടുത്താനല്ല. 
മറിച്ച്, ചേച്ചിയെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സമരാവേശവും ഉന്മേഷവും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും പകര്‍ന്നുകൊടുക്കാനുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 
തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേസിനോടൊപ്പം പ്രക്ഷോഭപരിപാടികള്‍ അതിശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട കാര്യം ഇപ്പന്‍ ഓര്‍മ്മിപ്പിച്ചു. 
ഇവിടെക്കൂടിയിരിക്കുന്ന നമ്മളെല്ലാം പുലിക്കുന്നന്റെ ഓശാന പെറ്റ പുലിക്കുട്ടികളാണെന്നും ഈ പാവം അമ്മ നമ്മെ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഈ മുത്തശ്ശി, കത്തോലിക്കാമാഫിയാ തലയിലെടുത്തുവെച്ച കൊഞ്ചുകുട്ടയാണെന്നും, കൊഞ്ചിന്റെ വിലയോര്‍ത്ത് ആര്‍ത്തിമൂത്ത പുരോഹിത മാഫിയ തങ്ങള്‍ എത്ര നാറിയാലും കുട്ട താഴെവയ്ക്കില്ലെന്ന വാശിയിലാണെന്നും, നാറ്റം വത്തിക്കാന്‍ വരെയെത്തുമ്പോള്‍ പോപ്പു മൂക്കുംപൊത്തിക്കൊണ്ട് 'കുട്ട താഴെ വയ്ക്കിനെടാ' എന്ന് ചാക്രികമായി ഗര്‍ജ്ജിക്കുമെന്നും, ഇപ്പന്‍ തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍ ഈ സമരത്തിനുണ്ടാവാന്‍ പോവുന്ന വിജയസമാപ്തിയെ ദീര്‍ഘദര്‍ശനം ചെയ്തു. 

തുടര്‍ന്ന്, മോണിക്കയുടെ സമരത്തിന്റെ വിജയസാദ്ധ്യതയെ ഇപ്പന്‍ ഇങ്ങനെ അപഗ്രഥിച്ചു:
1) കോടിയിലൊരു സ്ത്രീയേ ഇങ്ങനെയൊരു പോരാട്ടത്തിനു തയ്യാറാവൂ. അതുകൊണ്ടുതന്നെ, മോണിക്കയുടെ നടത്താനിരിക്കുന്ന സമരങ്ങള്‍ വിപുലമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റും.

2) അവര്‍ക്കു പോരാടണമെന്നേയുള്ളൂ; ജയിക്കണമെന്നില്ല.

3) തന്നെ കൊല്ലാനേ പറ്റൂ തോല്പിക്കാനാവില്ല എന്നവര്‍ ഊറ്റം കൊള്ളുന്നു. ചെഗുവേര മാത്രമേ ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടുള്ളൂ.

4) അവരുടെ അത്യസാധാരണമായ ധീരതയ്ക്കുദാഹരണമാണ് മാധ്യമങ്ങളില്‍ അവര്‍ സ്വന്തം ഫോട്ടോവച്ച് കൊടുക്കുന്ന പരസ്യങ്ങള്‍.

5) അവരിന്നും തീര്‍ത്തും ദരിദ്രയല്ല. സ്വന്തം പേരിലുള്ളതുമുഴുവന്‍ നഷ്ടപ്പെട്ടെങ്കിലും, മക്കളില്ലാത്ത അവര്‍ ഭര്‍ത്തൃസ്വത്തിനും അവകാശിയാണ്. ഉള്ള കാശ് ചങ്കുവെറ കൂടാതെ കേസുകള്‍ക്കും പരസ്യങ്ങള്‍ക്കും പ്രക്ഷോഭപരിപാടികള്‍ക്കുമായി വാരിയെറിയാനും അവര്‍ക്കു മടിയില്ല.

6) അവരെ പിന്തുണയ്ക്കുന്നത്, മെത്രാന്മാരുടെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ക്കുവേണ്ടി നാവും വെളിക്കിട്ടിരിക്കുന്ന നായ്ക്കുട്ടികളല്ല, പുലിക്കുന്നന്റെ ഓശാന പ്രസവിച്ച പുപ്പുലികളാണ്. 

തന്റെ കാര്യം സാധിച്ചില്ലെങ്കിലും, തന്നെ മണ്ടിയാക്കിവരെ ഒരു പാഠം പഠിപ്പിക്കണമെന്ന അത്യസാധാരണമായ വാശി അവര്‍ക്കുണ്ട്. ഈ വാശിയുടെ സാമൂഹികമായ മാനത്തെക്കുറിച്ച് അവര്‍ക്കു നല്ല ബോദ്ധ്യവുമുണ്ട്. തനിക്കു സംഭവിച്ചത് ലോകത്തിനിയൊരു സ്ത്രീക്കും കത്തോലിക്കാമാഫിയായില്‍നിന്നുണ്ടാകരുതെന്ന ശ്രേഷ്ഠമായ ലക്ഷ്യമാണവരെ നയിക്കുന്നത്.

2 pm -ന് ആരംഭിച്ച പരിപാടി 6 pm വരെ നീണ്ടു. ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്, ശ്രേഷ്ഠമെത്രാപ്പോലിത്തായ്ക്കും എല്ലാ മെത്രാന്മാര്‍ക്കും അയച്ചുകൊടുക്കുന്നതിനായി തയ്യാറാക്കിയ പ്രമേയം  K C R M ചെയര്‍മാന്‍ ശ്രീ കെ. ജോര്‍ജ് ജോസഫ് വായിച്ചവതരിപ്പിക്കുകയും എല്ലാവരും അതു കൈയ്യടിച്ചംഗീകരിക്കുകയും ചെയ്തു. സമരപരിപാടികള്‍ക്കു രൂപംകൊടുക്കാന്‍ K C R M  കമ്മറ്റിയെയും J C C  നേതാക്കളെയും യോഗം ചുമതലപ്പെടുത്തി. 

ചര്‍ച്ചയ്ക്കുശേഷം, ശ്രീ ചാക്കോ കളരിക്കല്‍ രചിച്ച 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ജെ.സി.സി പ്രസിഡന്റ് ശ്രീ ലാലന്‍ തരകനാണ് 'സത്യജ്വാല' എഡിറ്റര്‍ ശ്രീ. ജോര്‍ജ് മൂലേച്ചാലിനു പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സഭാനവീകരണം ലക്ഷ്യംവെച്ച്, ഒരു തപസ്യയെന്നോണം പുസ്തകരചന നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ശ്രീ കളരിക്കലിനെ ശ്ലാഘിച്ച് ഇരുവരും സംസാരിച്ചു.
ശ്രീമതി അലോഷ്യാ ജോസഫിന്റെ നന്ദിപ്രസംഗത്തോടെ പരിപാടി പര്യവസാനിച്ചു.

No comments:

Post a Comment