Translate

Tuesday, December 25, 2012

നൂറ്റൊന്നു സൂത്രങ്ങള്‍ !

അങ്കചേകവര്‍ക്ക് അടവുകള്‍ പതിനെട്ട്, രാജകുമാരന്മാര്‍ക്ക്‌ തന്ത്രങ്ങള്‍ അഞ്ച്, സത്യ ക്രിസ്ത്യാനിക്ക് സൂത്രങ്ങള്‍ നൂറ്റൊന്ന്. കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് അബദ്ധ വിശ്വാസങ്ങള്‍ മാത്രമല്ല വേണ്ടത്ര സൂത്രങ്ങളുമാണെന്ന് അധികം പേര്‍ ചിന്തിച്ചിട്ടുണ്ടാവില്ല. ഒരു സാധാരണ വിശ്വാസി പള്ളിക്കുള്ളില്‍ നടക്കുന്ന സൂത്രങ്ങളെപ്പറ്റിയെ ചിന്തിച്ചിട്ടുണ്ടാവുകയുള്ളൂ. അതില്‍ അവസാനത്തെ ആശീര്‍വ്വാദത്തിനു മുമ്പ് അറിയിപ്പുകള്‍ വരുന്നത് എടുത്തു നില്‍ക്കും. ഉറക്കം വരാതെ ഏല്‍ക്കുകയും ഇരിക്കുകയും മുട്ടില്‍ നില്‍ക്കുകയും ഒക്കെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടണമെന്നില്ല. കുര്‍ബാനയുടെ അവസാനത്തെ പ്രാര്‍ത്ഥന കഴിഞ്ഞ് സെക്കന്റുകള്‍ പോലും ഇടവിടാതെ നൊവേന പ്രാര്‍ത്ഥന തുടങ്ങുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഒരുത്തരും കളം വിട്ടു പോകാതിരിക്കാനുള്ള സൂത്രമാണത്. പണ്ട് നേര്‍ച്ചപ്പാത്രവുമായി കപ്യാര് നേരിട്ട് വരുമായിരുന്നെങ്കില്‍ ഇപ്പോള്‍  നേര്‍ച്ചപ്പാത്രം കൈമാറി കൈമാറി പോകുന്ന കല്‍ദായ കാഴ്ചയാണ് മിക്കയിടത്തും – മൂന്നിരട്ടി പാത്രത്തില്‍ വിഴുമെന്നു കണ്ടു കഴിഞ്ഞു. പണ്ട് ഓരോ കല്ലറയുടെ മുമ്പിലും പോയി ഒപ്പിസ് ചെല്ലുമായിരുന്നെങ്കില്‍ ഇപ്പോളത് ഒരൊറ്റ ആശിര്‍വ്വാദംകൊണ്ട്  തീരും. പസ്സാരമായി എത്ര കൊടുത്താലും, വിവാഹ സഹായ നിധിക്ക് എന്ന പേരില്‍ കല്യാണ സമയത്ത് ഒരു പിരിവു കാണും. പിരിവു കൊടുക്കുന്ന തുകകള്‍ പേര് സഹിതം കമ്പ്യുട്ടറില്‍ കേറ്റാന്‍ തീരുമാനിച്ചതും ഗുണം ചെയ്തു. പേരെഴുതി കവര്‍ കൊടുത്തുവിടുന്നത് വിജയമെന്ന് നേരത്തെ കണ്ടതാണ്.

ദശാംശം പിരിവു തുടങ്ങിയ കാലത്ത് അത് എങ്ങിനെയൊക്കെ ചെലവ് ചെയ്യുമെന്ന് കാണിച്ച് ഒരു പത്രക്കുറിപ്പ് തന്നെ ഇറക്കിയിരുന്നു – ഇപ്പോളത് കേള്‍ക്കാനില്ല, പണം എതിലേ പോയെന്നറിയാന്‍ മാര്ഗ്ഗങ്ങളുമില്ല. അത് നല്ലൊരു സൂത്രമായിരുന്നു.  വല്യ പെരുന്നാളിന് ആളു കൂട്ടാനുള്ള  നാടകം/ഗാനമേള യൊക്കെ നൂറ്റൊന്നു സൂത്രങ്ങളില്‍പ്പെടും. പാരിഷ് കൌണ്‍സിലിലേക്ക് ഏതു വാര്‍ഡുകളില്‍ നിന്നാണ് സ്ത്രി വരേണ്ടത്, മുതിര്‍ന്നവര്‍ വരേണ്ടത് എന്നൊന്നും നേരത്തെ പറയില്ല - സമയത്ത് അച്ചന്‍ തീരുമാനിക്കും. വേദപാഠം പന്ത്രണ്ടു ക്ലാസ്സാക്കിയത് വേറൊരു സൂത്രമാണ് – പിള്ളേര് വഴിതെറ്റി പോകരുതല്ലോ, അതുപോലെ എന്ട്രന്സിനൊന്നും പോയി ആവശ്യമില്ലാതെ മിന്നത്തുമില്ലല്ലോ. ഇതൊന്നുമില്ലാത്ത കുടുംബക്കാര്‍ വഴിതെറ്റിപ്പോകാതെ കുടുംബ കൂട്ടായ്മയുണ്ട്. ഏതു പ്രായക്കാര്‍ക്കും സംഘടനയുണ്ട്- അല്മായാ കമ്മിഷന്‍ പോലെ റബ്ബര്‍ സ്ടാമ്പുകളാണെന്നെയുള്ളൂ. അച്ചനാകാന്‍ പോകുന്നവനും രൂപത വിട്ടു പോകാതെ നിയമങ്ങളുമുണ്ട്, ചില സൂത്രങ്ങളുമുണ്ട്.

ചില പള്ളികളില്‍ ഞായറാഴ്ചകളില്‍ ഹ്രസ്വധ്യാനങ്ങള്‍ സംഘടിപ്പിക്കും ഇതില്‍ കുര്‍ബാന സമയം പറയില്ല. അത് പ്രാധാന സൂത്രങ്ങളില്‍പ്പെടും.

ഭരണങ്ങാനത്തു മേരിഗിരി ആശുപത്രി ഏറ്റെടുക്കാനുള്ള അരമനയുടെ സൂത്രം പക്ഷെ ഇതുവരെ ഫലിച്ചിട്ടില്ല. ചെത്തിപ്പുഴ, മുണ്ടക്കയം മെഡിക്കല്‍ ട്രെസ്റ്റ്‌ മുതലായവ വിട്ടുകൊടുത്തതിന്‍റെ ഫലം മെഡിക്കല്‍ മിഷന്കാര്‍ ഇപ്പൊ അനുഭവിക്കുന്നു. അവര്‍ കാര്യം നേരെ പറഞ്ഞു - ഞങ്ങള്‍ക്കുള്ള ഏക വരുമാനം ഇപ്പോള്‍ ഇത് മാത്രമേ ഉള്ളൂ. അരമന അങ്ങോട്ട്‌ മാറ്റിയിട്ടു കൊട്ടാരമറ്റത്തു രണ്ടാമത്തെ ഷോപ്പിംഗ്‌ കോമ്പ്ലക്സ് പണിയാനാണ് പദ്ധതിയെന്ന് മെത്രാന്‍ പക്ഷെ പറഞ്ഞില്ല. മോണിക്കയുടെ സ്ഥലം കസ്ടഡിയിലെടുത്തത് എത്രനാളത്തെ സൂത്രപ്പണികൊണ്ടാ! സ്ഥിരം ഭവന സന്ദര്‍ശനം, ദത്തു നില്‍ക്കാന്‍ റെഡിയായി ഒരച്ചന്‍, മാതാവ് ദര്‍ശനം നല്‍കിയത് ഏറ്റു പറയണമെന്നു വേറൊരാള്‍ക്ക് നിര്‍ബന്ധം; ജെര്‍മ്മനിക്ക് പോകുന്നതിനു മുമ്പ് തന്നെ ആധാരം രജിസ്ടര്‍ ചെയ്യണമെന്നു വെറൊരച്ചന്‍;  അതിന്‍റെ കോപ്പി പോലും മോനിക്കാക്ക് കൊടുക്കാതെ സംഗതിയൊക്കെ ക്ലിയര്‍ ആക്കിയതായിരുന്നു, കഷ്ടം – ഗതിയിതാകുമെന്നു ആര് കണ്ടു! കരിസ്മാറ്റിക് അല്ലെലൂജായും, കള്ളടിക്കുന്നതും ഒരുപോലെ ഭ്രമിപ്പിക്കുന്നതാണെന്നോ മറ്റോ വിധി വന്നാല്‍ കേസ് തിരിഞ്ഞു കുത്തും. ഇതൊന്നു കണ്ടിട്ട് വേണം വേറെ പത്തെണ്ണം കുത്തിപ്പോക്കാനെന്നോര്‍ത്തു കാത്തിരിക്കുന്നവരും ഉണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒന്നുകില്‍ എന്‍റെ വസ്തു അല്ലെങ്കില്‍ മരണം എന്ന് മോനിക്കാ പറയുന്നത് എന്തുദ്ധേശിച്ചാണോ? ഇത് നേരിടാനുള്ള ഡിജിറ്റല്‍ സൂത്രങ്ങളുടെ പണിപ്പുരയിലാണ് കാഞ്ഞിരപ്പള്ളി അരമനയെന്നു കേള്‍ക്കുന്നു.

കാഞ്ഞിരപ്പള്ളി 26ആശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ ഉത്ഘാടനത്തിന് മെത്രാന്‍ ഇല്ലാതെ പോയത് നാട്ടുകാര് ശ്രദ്ധിച്ചുവെന്നു കേള്‍ക്കുന്നു. സ്വന്തം അണികള്‍ക്കും അങ്ങേരെ വേണ്ടെന്നായിയെന്നാണോ എന്ന് സംശയിച്ചാല്‍ ആരെ കുറ്റം പറയും? ചിലപ്പോള്‍ സൂത്രങ്ങള്‍ തിരിഞ്ഞും കൊത്താറുണ്ടല്ലോ. എന്തായാലും ജീവിക്കാന്‍ എന്തെല്ലാം സൂത്രങ്ങള്‍ വേണമെന്നും അതെപ്പോള്‍ എങ്ങിനെയൊക്കെ പ്രയോഗിക്കണമെന്നും അറിയണമെങ്കില്‍ ഒരു കത്തോലിക്കനായി  അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മതിയെന്നാണ് എന്റെ പക്ഷം – പരിശിലനം സൌജന്യം. പക്ഷെ, അത് കഴിഞ്ഞു കൈയ്യിലോ പേരിലോ ഒന്നും കാണണമെന്നില്ല. അങ്ങിനെ കീശയിലുണ്ടായിരുന്നതു പോയവര്‍ക്കും ഉത്തരത്തില്‍ കണ്ടത് കിട്ടാഞ്ഞവര്‍ക്കും എല്ലാം കണ്ടു ചിരിക്കുന്നവര്‍ക്കും, റോഷന്റെ ക്രിസ്മസ് ആശംശകള്‍. !   

No comments:

Post a Comment