Translate

Sunday, December 2, 2012

ദൈവസഹായചരിതം ഓട്ടന്‍തുള്ളല്‍


വിശുദ്ധ നീലകണ്ഠപിള്ള അഥവാ വിശുദ്ധ ദൈവസഹായം പിള്ള എന്ന പോസ്റ്റിനോടും പ്രതികരണങ്ങളോടുമുള്ള എന്റെ പ്രതികരണം ഇങ്ങനെ ആയിപ്പോയി. ക്ഷമിക്കുക. 


ഈരേഴുലോകവും ചുറ്റിനടക്കുന്ന
 

നാരദന്‍ വിശ്രമിക്കുന്നതു പാതാള- 
നാട്ടിലാം, കാരണം മാവേലിയെപ്പോലെ, 
യാരുമില്ലെങ്ങും നുണപ്പൊരുളുണ്ണുവോന്‍!

നേരു നുണയ്ക്കുള്ളിലുണ്ടെന്നറിഞ്ഞാണു
മാവേലി നാരദയാത്രാ വിശേഷങ്ങള്‍
കേള്‍പ്പതെന്നുള്ളറിവാലെയാം വിശ്രാന്തി 
നാരദനങ്ങു ലഭിപ്പതു നിത്യവും!

ഇന്നു പാതാളത്തിലെത്തുന്നതിന്‍ മുമ്പു
നാരദന്‍ പോയതു സ്വര്‍ഗത്തിലാം, സ്വര്‍ഗ-
വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ മാവേലി കൗതുകം
പൂണ്ടിരുന്നീടവെ ചൊല്കയായ് നാരദന്‍:

''കേരളം കീഴടക്കീടുവാന്‍ ഡച്ചുകാര്‍
രാജാവിനോടു കരാരുറപ്പിച്ചോരു
കാലത്തു രാജന്റെ വിശ്വസ്തസേവകന്‍
നീലകണ്ഠപ്പിള്ള ക്രൈസ്തവനായിപോല്‍!

സ്വര്‍ഗാധിരാജനാം യേശുവിന്‍ സേവയാം
ഡച്ചുകാര്‍ ചെയ്യുന്നതെന്നും അവര്‍ക്കുതന്‍
സേവ ചെയ്തീടിലേ സ്വര്‍ഗസ്ഥനാകുവാ-
നാകയുള്ളെന്നുമറിഞ്ഞതാം കാരണം.

ബോധ്യത്തിനൊത്തു പ്രവര്‍ത്തിച്ചതേയുള്ളു
രാജാവു കോപിച്ചു, പീഡനമായി പോല്‍!!
അങ്ങനെ രക്തം ചൊരിഞ്ഞുമരിച്ചതാം
ആ രക്തസാക്ഷി വിശുദ്ധനാണെന്നൊരു
പ്രഖ്യാപനം ചെയ്തു മാര്‍പ്പാപ്പയിന്നലെ!
സ്വര്‍ഗത്തിലും വിവാദം കണ്ടതിന്നലെ!!

കേരളം നീതിപൂര്‍വം ഭരിച്ചെന്നതിന്‍
പേരിലാ സ്വര്‍ഗത്തിലെത്തിയ കേരള
രാജനു തന്‍ശിക്ഷയേറ്റവന്‍ തന്നുടെ
കൂടെ സ്വര്‍ഗത്തിലും വാഴുന്നതില്‍ നീതി-
കേടുള്ളതായ്‌ത്തോന്നി, വാക്കൗട്ടു ചെയ്യവെ
മാര്‍പ്പാപ്പ ചെയ്തതില്‍ തെറ്റുവന്നീടുമോ
എന്നൊരാള്‍ ചോദിച്ചു, സ്വര്‍ഗത്തിലാകവെ
സംഭ്രാന്തിയാണെന്നു കണ്ടിങ്ങു പോന്നു ഞാന്‍!''

മാവേലി ചോദിച്ചു: ''നാരദാ നീ കണ്ട
സ്വര്‍ഗമോ നാം ശാന്തി നേടുന്ന പാതാള-
ലോകമോ ഏതാണു നിന്‍ ദൃഷ്ടിയില്‍ സ്വര്‍ഗ?''-
മെന്തുത്തരം ചൊന്നിരിക്കണം നാരദന്‍?

1 comment: