Translate

Friday, December 7, 2012

ജീവന്‍ ടി.വി.തര്‍ക്കത്തിലേക്ക് വിശ്വാസികളെ വലിച്ചിഴക്കേണ്ടതില്ല


ജോയ് പോള്‍ പുതുശ്ശേരി,
സംസ്ഥാനപ്രസിഡണ്ട്,
കേരള കാത്തലിക് ഫെഡറേഷന്‍

കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യകമ്പനിയായ ജീവന്‍ ടി.വി.യുടെ നിയന്ത്രണംസംബന്ധിച്ച തര്‍ക്കങ്ങളിലേക്ക് കത്തോലിക്കാവിശ്വാസികളെ വലിച്ചിഴക്കേണ്ടതില്ലെന്ന് 18112012ല്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്റെ നിര്‍വാഹകസമിതി അഭിപ്രായപ്പെട്ടു. കമ്പനികളുടെ നടത്തിപ്പും നിയന്ത്രണവും കമ്പനിനിയമമനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമപ്രകാരം കമ്പനികളുടെ ഓഹരിയുടമകളുടെ പൊതുയോഗത്തില്‍ ഭൂരിപക്ഷതീരുമാനപ്രകാരമാണ് ഡയറക്ടര്‍മാരെ നിയമിക്കുക. ജീവന്‍ ടി.വി.യുടെ ഓഹരിയുടമകളുടെ പൊതുയോഗം ഭൂരിപക്ഷതീരുമാനത്തിനനുസരിച്ചാണ് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. ഇത് കമ്പനിനിയപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചുതന്നെയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 

കമ്പനികളുടെ ഭരണസമിതികളിലേക്ക് പ്രൊഫഷണല്‍ വൈദഗ്ധ്യവും പരിചയസമ്പത്തും കണക്കിലെടുത്താണ് അംഗങ്ങളെ നിയമിക്കാറുള്ളത്. അതിനുപകരം മെത്രാപ്പോലീത്തായും മെത്രാനുമാണെന്ന അവകാശവാദത്തില്‍ കമ്പനികളില്‍ ഡയറക്ടറും ചെയര്‍മാനുമാകണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ചെയര്‍മാന്‍സ്ഥാനത്തുനിന്നും ഡയറക്ടര്‍സ്ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ടതില്‍ ആക്ഷേപമുള്ളവര്‍ നിയമകോടതിയെ സമീപിക്കുകയാണ് വേണ്ടത്. അതിനുപകരം തൃശ്ശൂര്‍ അതിരൂപതയിലെ ഏതാനും പോക്കറ്റ്‌സംഘടനകളേയും സീറോ-മലബാര്‍ മെത്രാന്മാരുടെ ആജ്ഞാനുവര്‍ത്തികളായ അല്‍മായകമ്മിഷന്‍ ഭാരവാഹികളേയും ഇളക്കിവിട്ട് തെരുവില്‍ പ്രക്ഷോഭം നടത്താനുള്ള മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നീക്കം ദുരുപദിഷ്ടിതമാണ്. 

സ്വകാര്യകമ്പനിയായ ജീവന്‍ ടി.വി.യിലെ അധികാരതര്‍ക്കത്തില്‍ വിശ്വാസികളെ ഭാഗഭാക്കാക്കാന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നും കമ്പനിയുടെ തലപ്പത്ത് നിയമവിരുദ്ധമായി പുരോഹിതമേധാവികളെ കെട്ടയേല്‍പ്പിക്കാന്‍ നടത്തുന്ന പ്രക്ഷോഭണങ്ങളില്‍നിന്ന് മുഴുവന്‍ വിശ്വാസികളും വിട്ടുനില്‍ക്കണമെന്നും കേരള കാത്തലിക് ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു.


യോഗത്തില്‍ കേരള കാത്തലിക് ഫെഡറേഷന്റെ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ.ജോയ്, ബി. സി. ലോറന്‍സ്, ഐ.വി.തരകന്‍, ജെയിംസ് അടമ്പുകുളം എന്നിവര്‍ പ്രസംഗിച്ചു.

തൃശ്ശൂര്‍
19-11-2012

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. സീറോമലബാര്‍ സഭയുടെ വക്താവായി താങ്കളെ ആരാണ് അവരോധിച്ചത് ?

    ReplyDelete