ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ക്കു സ്തുതി! അവസാനമിതാ, അദ്ദേഹം കേരളത്തിലെ ക്രൈസ്തവരെ രക്ഷിക്കുക എന്ന തന്റെ ലക്ഷ്യം നേടിയിരിക്കുന്നു!
സര്‍വ്വാധിപതികളായി വാഴുന്ന മെത്രാന്മാരെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ബാലപാഠങ്ങളെങ്കിലുമൊന്ന് സമ്മതിപ്പിക്കാന്‍ എത്രയോ കാലമായി അദ്ദേഹം പരിശ്രമിക്കുന്നു! ഒന്നും ഒരു ഫലവും ഉണ്ടാക്കിയില്ല. 'യേശു ഒരു ആത്മീയ വിപ്ലവകാരിയും മനുഷ്യരാശിയുടെ മോചനത്തിനുവേണ്ടി നിലകൊണ്ട മഹാനുമാണെ'ന്നു പറഞ്ഞ്, മെത്രാന്മാരായ നിങ്ങളും അങ്ങനെയാകണമെന്നു ധ്വനിപ്പിച്ചു നോക്കി. മെത്രാന്മാരതു കേട്ടതായി ഭാവിക്കുകപോലും ചെയ്തില്ല. തന്റെ ധ്വനിപ്രയോഗമൊന്നും മെത്രാന്‍മാര്‍ക്ക് മനസ്സിലാവില്ലെന്നു കണ്ട്, 'യേശു പാവങ്ങള്‍ക്കുവേണ്ടിയും പണക്കാര്‍ക്കെതിരായിട്ടുമാണ് നിലകൊണ്ടത്' എന്നും, 'പ്രൗഢി തൊട്ടുതീണ്ടിയിട്ടില്ലാത്ത ലളിതനായ ഒരു മനുഷ്യസ്‌നേഹിയായിരുന്നു' വെന്നും വളച്ചുകെട്ടൊന്നുമില്ലാതെ പറഞ്ഞു നോക്കി. 'ജഡ്ജീ, അതിന് താങ്കള്‍ക്കും ഞങ്ങള്‍ക്കും എന്ത്' എന്ന് സുവിശേഷശൈലിയില്‍ തലവെട്ടിക്കുകയായിരുന്നു മെത്രാന്‍മാര്‍. അങ്ങനെ, മെത്രാന്മാരോടു സുവിശേഷപ്രസംഗം നടത്തി തോറ്റു തുന്നം പാടിയപ്പോഴാണ് പ്രസംഗം നിര്‍ത്തി പ്രവൃത്തിയിലേക്ക് ജസ്റ്റീസ് തിരിഞ്ഞത്. അദ്ദേഹം തലശ്ശേരിയിലെ തന്റെ സുന്ദരഭവനം മെത്രാനു വിട്ടുകൊടുത്ത് ക്രൈസ്തവമാതൃക കാട്ടി. സദാ ഗൗരവംപൂണ്ടു മരവിച്ചുനിന്നിരുന്ന മുഖങ്ങളില്‍ എന്തെന്നില്ലാത്ത ഒരു മുഖപ്രസാദം തെളിയുന്നതു കണ്ട്, തന്റെ പരിശ്രമത്തിനിതാ ഫലമുണ്ടായിരിക്കുന്നു എന്ന കൃതകൃത്യതാ ബോധത്തില്‍ ജസ്റ്റീസ് ആകാശത്തിലേക്കു കണ്ണുകളുയര്‍ത്തി അര്‍ദ്ധനിമീലിതനായി ഒന്നു നിന്നുപോയി. അപ്പോഴായിരുന്നു, ഇരുട്ടടി. താഴേക്കു നോക്കിയപ്പോള്‍ തന്റെ സുന്ദരഭവനമതാ, തലശ്ശേരി മെത്രാന്‍ തന്റെ അരമനയാക്കിയിരിക്കുന്നു!!
അവിടെ തുടങ്ങുന്നു, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരും മെത്രാന്‍മാരുമായുള്ള പ്രശ്‌നം. ഇവരെയൊന്ന് നേരെയാക്കാതെ താന്‍ ഇഹലോകവാസം വെടിയുകയില്ലന്ന് ജസ്റ്റീസ് ശപഥം ചെയ്യുന്നു; എത്രയായാലും ഞങ്ങള്‍ നന്നാകാന്‍ തയ്യാറല്ലെന്നു മെത്രാന്മാരും! ജസ്റ്റീസിന്റെ ആത്മാര്‍ത്ഥതയില്‍ സന്തുഷ്ടനായ ദൈവം അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് സഭാസ്വത്തുക്കളുടെമേലുള്ള മെത്രാന്മാരുടെ അള്ളിപ്പിടുത്തം വിടുവിക്കാനും പള്ളിസ്വത്തുഭരണം ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ കൊണ്ടുവരാനുമുദ്ദേശിച്ച് 'ചര്‍ച്ച് ആക്ട്' എന്നൊരു നിയമം ഡ്രാഫ്റ്റ് ചെയ്ത് അദ്ദേഹം ഗവണ്ടമെണ്ടിനു സമര്‍പ്പിച്ചത്. അതോടെ മെത്രാന്മാരുടെ റോമന്‍രാജത്വവാഴ്ച അവസാനിച്ചെന്ന് അദ്ദേഹം മാത്രമല്ല, പൊതുജനവും കരുതി. പക്ഷേ, മെത്രാന്മാര്‍ ഒന്നു കണ്ണുരുട്ടിയതേയുള്ളു, ഗവണ്‍മെന്റിന്റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കാന്‍തുടങ്ങുകയും, അവസാനം വായ്‌പൊത്തി മുട്ടിന്മേല്‍ ഇഴയുകയും, അങ്ങനെതന്നെ ചെന്ന് മോതിരം മുത്തുകയും ചെയ്തു. മെത്രാന്മാര്‍ കൂടുതല്‍ സ്വേച്ഛാധിപതികളായി മാറി എന്നതിനപ്പുറം തന്റെ 'ചര്‍ച്ച് ആക്ട്' കൊണ്ടും ഒരു ഫലവുമുണ്ടായില്ലല്ലോ എന്ന കുണ്ഠിതം ജസ്റ്റീസിന്റെ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി എവറസ്റ്റ് കീഴടക്കിയെങ്കിലും, അദ്ദേഹം തന്റെ ശപഥം മറക്കുകയോ ശുഭാപ്തിവിശ്വാസം കൈവിടുകയോ ചെയ്തില്ല. പകരം, തന്റെ അയ്യര്‍ബുദ്ധി ഊതിയുണര്‍ത്തുകയും കൂടുതല്‍ കൂടുതല്‍ കൂര്‍പ്പിച്ചെടുക്കുകയുമായിരുന്നു എന്നു വേണം അനുമാനിക്കാന്‍. അതോ, അന്തരിച്ച തന്റെ പ്രിയപത്‌നിയുമായുള്ള ഹൃദയഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ ഓതിക്കൊടുത്ത ബുദ്ധിയായിരിക്കുമോ എന്നും സംശയിക്കാം. ഇതൊന്നുമല്ലെങ്കില്‍ ഇങ്ങനെയൊരുനീക്കം എങ്ങനെ സാധിക്കാന്‍? യൂദാശ്ലീഹായുടെ നൊവേനയ്‌ക്കൊന്നും അദ്ദേഹം പോയിട്ടില്ലതാനും. പക്ഷേ, അസ്സാദ്ധ്യകാര്യം സാധിക്കുകതന്നെ ചെയ്തു. അതായത്, മെത്രാന്‍മാര്‍ക്കിട്ട് 'വനിതാ കോഡു ബില്‍' ഏറ്റു. മെത്രാന്മാര്‍ക്കിട്ടേല്‍ക്കുകയെന്നാല്‍ അതു നിസ്സാരകാര്യമായിരിക്കില്ലല്ലോ. അതിനു പിന്നില്‍ അപാരമായൊരു അതിബുദ്ധിപ്രയോഗം ജസ്റ്റീസ് കൃഷ്ണയ്യര്‍ നടത്തിയിട്ടുണ്ടാവണം. അതെന്താണെന്നാലോചിച്ചാല്‍, മനുഷ്യാവകാശലംഘനത്തിന്റെതന്നെ നൂറ്റൊന്നാവര്‍ത്തിച്ച്, ഹോമിയോ മരുന്നുകളുടേതു പോലെ, സൂക്ഷമതയും മൂര്‍ച്ച (potency) യും കൂട്ടിയ, ഒരു മാത്ര കൂടി കൂട്ടിച്ചേര്‍ത്തുള്ള ഒരു 'ഫോര്‍മുല' പ്രകാരമാണ് 'വനിതാ കോഡ് ബില്‍' തയ്യാര്‍ ചെയ്തിരിക്കുന്നതെന്ന്
കൂര്‍മ്മബുദ്ധികള്‍ക്കുകണ്ടെത്താനാകും. മുള്ളുകൊണ്ടുതന്നെ മുള്ളെടുക്കുക എന്ന തത്വത്തിന്റെ അതിവിദദ്ധമായ ഒരു അയ്യര്‍പ്രയോഗം തന്നെ! അല്ലെങ്കില്‍ മനുഷ്യാവകാശങ്ങളുടെ എന്നത്തെയും കാവല്‍ഭടനായ കൃഷ്ണയ്യര്‍ മനുഷ്യാവകാശം വിട്ടുകളിക്കുമോ; വധശിക്ഷതന്നെ നിര്‍ത്തലാക്കണമെന്നാവശ്യപ്പെടുന്ന അദ്ദേഹം ഭ്രൂണഹത്യാ സൗകര്യങ്ങള്‍ വ്യാപകമാക്കണമെന്നു വാദിക്കുമോ? തീര്‍ച്ചയായുമില്ല. പക്ഷേ എന്തുചെയ്യാം, ഇവിടെ പ്രതിയോഗികള്‍ മെത്രാന്മാരായിപ്പോയി; അവരുടെ തന്നെ ആയുധം അല്പമൊന്നു പ്രയോഗിക്കേണ്ടി വന്നു. ഏതായാലും, മെത്രാന്‍ചേരുവകള്‍ മേമ്പൊടി ചേര്‍ത്ത് 'വനിതാകോഡ് ബില്‍' ഒരു ഗൈഡഡ് മിസൈല്‍ കണക്കെ, അദ്ദേഹം തൊടുത്തുവിട്ടു. അതു മെത്രാന്മാരുടെ പുറകെ വളഞ്ഞു പുളഞ്ഞു ചെന്ന് അവരുടെ മര്‍മ്മങ്ങളില്‍തന്നെ കൃത്യമായി ചെന്നു കൊള്ളുകയും ചെയ്തു. എന്തതിശയമേ, ആ നിമിഷത്തില്‍ത്തന്നെ അവരെല്ലാം കടുത്ത ജനാധിപത്യവാദികളും മനുഷ്യാവകാശവക്താക്കളുമായി മാനസാന്തപ്പെടുകയായിരുന്നു! അതും കുറഞ്ഞ നിലവാരത്തിലൊന്നുമല്ലെന്നോര്‍ക്കണം. ജസ്റ്റീസ് കൃഷ്ണയ്യരെ സ്വേച്ഛാധിപതിയെന്നും മനുഷ്യാവകാശലംഘകനെന്നും മതവിരുദ്ധനെന്നും വിളിക്കാന്‍ കഴിയുന്നത്ര, ജനാധിപത്യ-മനുഷ്യാവകാശബോധത്തിന്റെ ഉന്നത തലങ്ങളിലാണവര്‍, ഒരു ലിഫ്റ്റിലെന്നപോലെ പെട്ടെന്നുയര്‍ന്നെത്തിയത്! മെത്രാന്മാര്‍ മാത്രമല്ല, അവര്‍ രക്ഷാധികാരികളായിരിക്കുന്ന കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളുടെ പുരോഹിതപത്രാധിപന്മാരും സംഘടനകളും, എന്തിന്, സാദാ വികാരിമാരും അച്ചന്മാരും വരെ, ഒന്നടങ്കം മാനസാന്തരപ്പെട്ട് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങി! ഇതെല്ലാം കണ്ടും കേട്ടും വായിച്ചും രോമാഞ്ചകഞ്ചുകമണിഞ്ഞു നില്‍ക്കുകയാണ് കേരളത്തിലെ ക്രൈസ്തവസമുദായമാകെ, പ്രത്യേകിച്ച് കത്തോലിക്കാസമൂഹം. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും വേണ്ടി ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വിശ്വാസികള്‍ ദിവസേനയുള്ള ലക്ഷക്കണക്കിനു കുര്‍ബ്ബാനകളില്‍ ഇക്കാലമത്രയും പ്രാര്‍ത്ഥിച്ചു വശം കെട്ടിട്ടും ഉണ്ടാകാത്ത ഫലം, അക്രൈസ്തവനായ ഒരു അയ്യരുടെ മര്‍മ്മാണിപ്രയോഗംകൊണ്ടു സാധിച്ചതില്‍ അത്ഭുതംകൂറിനില്‍ക്കുകയാണവര്‍. സഭയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും വീണ്ടെടുക്കാന്‍ അരയും തലയും മുറുക്കി സമരരംഗത്തെത്തിയ സ്വതന്ത്ര ക്രൈസ്തവസംഘടനകളും അവയുടെ ഏകോപനവേദിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലുമൊക്കെ ഇനി പിരിച്ചുവിട്ടാലോ എന്നിടംവരെ ആലോചനകള്‍ എത്തിനില്‍ക്കുകയാണെന്നു പറഞ്ഞാല്‍, ജസ്റ്റീസ് കൃഷ്ണയ്യര്‍ രൂപം കൊടുത്ത 'വനിതാ കോഡ് ബില്‍' മെത്രാന്മാരില്‍ വരുത്തിയ മാനസാന്തരത്തിന്റെ വ്യാപ്തി മനസ്സിലാക്കാമല്ലോ.
ഈ മാനസാന്തരകഥയില്‍ വിശ്വാസം വരുന്നില്ലങ്കില്‍ എര്‍ണാകുളത്ത് പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററി(POC)ല്‍ നിന്നു അഖില കേരള മെത്രാന്‍ സമിതി(KCBC) പ്രസിദ്ധീരിക്കുന്ന 'ജാഗ്രത'യുടെ 2011 ഒക്‌ടോബര്‍ 7-ലെ പതിപ്പു വായിച്ചാല്‍ മതി. കേരളത്തിലെ മെത്രാന്മാര്‍ തങ്ങളുടെ ജനാധിപത്യപ്രേമവും മനുഷ്യാവകാശ പ്രതിബദ്ധതയുമൊക്കെ വിളംബരം ചെയ്യാനിറക്കിയ സ്‌പെഷ്യല്‍ പതിപ്പായിരുന്നത്. സര്‍വ്വശ്രീ, സോറി, സര്‍വ്വ'മാര്‍' തോമസ് ചക്യത്ത്, ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് പെരുന്തോട്ടം, മാത്യു ആനിക്കുഴിക്കാട്ടില്‍ മുതലായവരെല്ലാം സ്വേച്ഛാധിപത്യശൈലിയെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞും, മനുഷ്യാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളെയുംമെല്ലാം മാറോടണച്ചും നടത്തിയിട്ടുള്ള പ്രസ്താവനകള്‍ വായിച്ചാല്‍മതി, അവര്‍ക്കുണ്ടായ മനം മാറ്റത്തെക്കുറിച്ച് പിന്നെയാരും സംശയിക്കുകപോലുമില്ല.
മാര്‍ തോമസ് ചക്യത്ത് പറഞ്ഞിരിക്കുന്നതു കാണുക: 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവിക-ധാര്‍മ്മിക മൂല്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തുന്നത് വേദനാജനകമാണ്, വ്യക്തി-സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതാണ് ഈ (വനിതാ കോഡ് ബില്‍) നിര്‍ദ്ദേശങ്ങള്‍'. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ബില്ലിനോടുള്ള എതിര്‍പ്പിനേക്കാള്‍ ദൈവിക-ധാര്‍മ്മിക മൂല്യങ്ങളെ അതു ഹനിച്ചതിലുള്ള ഹൃദയവേദനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത് എന്ന കാര്യമാണ്. ഈ മൂല്യങ്ങളോട് അദ്ദേഹത്തിനുള്ള ആത്മാര്‍ഥമായ പ്രതിബദ്ധതയാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. ഈ മൂല്യപ്രതിബദ്ധതയില്‍ ഊന്നി നിന്നുകൊണ്ട് എല്ലാവിധ സ്വേച്ഛാധിപത്യശൈലികളെയും താന്‍ എതിര്‍ക്കുമെന്നും മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ജന്മാവകാശങ്ങളെയും പിന്‍താങ്ങുമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണിവിടെ മാര്‍ ചക്യത്ത്. അദ്ദേഹം മാത്രമല്ല, മറ്റു മെത്രാന്മാരും 'ജാഗ്രത'യിലൂടെ ഇതേ മൂല്യ പ്രതിബദ്ധതയില്‍ ഉറച്ചു നിന്നാണ് സംസാരിച്ചിട്ടുള്ളത്. കൂടാതെ, പവിത്രമായ ദാമ്പത്യത്തിന്റെ സ്വകാര്യതയിലേക്കും ക്രമീകരണങ്ങളിലേക്കും കടന്നു-കയറുന്നതിനെതിരായും അവരെല്ലാം ശബ്ദിച്ചിട്ടുണ്ട്. സഭയെ സംബന്ധിച്ച് ഈ പ്രസ്താവനകള്‍ മാറ്റത്തിന്റെ എത്രയോ വലിയ സാധ്യതകളാണു തുറന്നിടുന്നത് എന്നാലോചിക്കുക. സഭയുടെ അടഞ്ഞുകിടന്ന വാതിലുകളും ജനാലകളുമെല്ലാം വലിച്ചുതുറന്ന് അകത്തേക്ക് അല്പം കാറ്റും വെട്ടവും കടത്താന്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നടത്തി ജോണ്‍ 23-ാമന്‍ മാര്‍പാപ്പാ എത്രയാണ് കഷ്ടപ്പെട്ടത്! (തുറന്ന വാതിലുകളെല്ലാം പിന്നീടു വന്നവര്‍ വലിച്ചടയ്ക്കുകയും ചെയ്തു!) എന്നാല്‍ ഇതൊന്നുംകൂടാതെ ഒറ്റയടിക്ക് കാര്യം സാധിച്ചുതന്നിരിക്കുകയാണ്, 'വനിതാ കോഡ് ബില്ലി'ലൂടെ ജസ്റ്റീസ് കൃഷ്ണയ്യര്‍. അധികാരദുരയിലും സ്വേച്ഛാധിപത്യ-വാഞ്ഛയിലും സാമ്പത്തികാര്‍ത്തിയിലും രാജകീയ പ്രൗഢിയിലും ആറാടിത്തിമര്‍ത്തുകൊണ്ടിരുന്ന കേരളത്തിലെ മെത്രാന്മാരുടെ ഹൃദയങ്ങള്‍ തന്റെയൊരു മര്‍മ്മപ്രയോഗത്തിലൂടെ മലര്‍ക്കെ തുറക്കുകയും ജനാധിപത്യബോധത്തിന്റെയും മനുഷ്യാവകാശബോധത്തിന്റെയും കാറ്റും വെളിച്ചവും കടത്തി ശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു, അദ്ദേഹം!
മെത്രാന്മാര്‍ ജനാധിപത്യ-മനുഷ്യാവകാശവാദികള്‍ ആയിക്കഴിഞ്ഞ നിലയ്ക്ക് സഭയില്‍ ഇനി വരാന്‍പോകുന്ന മാറ്റങ്ങള്‍ ആര്‍ക്കും സ്വന്തം ഭാവനയില്‍ത്തന്നെ കാണാനാവുന്നതേയുള്ളൂ. കാണാന്‍പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലെങ്കിലും, ആവേശംകൊണ്ട് ഇരിക്കപ്പൊറുതികിട്ടാതെ പറഞ്ഞുപോവുകയാണ്:
ആദ്യമായിത്തന്നെ, ഇത്രയുംകാലം സ്വേച്ഛാധിപതികളായി വാണതിലുള്ള പശ്ചാത്താപത്തില്‍ മെത്രാന്മാര്‍ വിശ്വാസിസമൂഹത്തോട് ഉള്ളുരുകി മാപ്പപേക്ഷിക്കും. തങ്ങളെ വഴി തെറ്റിച്ച കാനോന്‍ നിയമഗ്രന്ഥം അവര്‍ വലിച്ചെറിയും. പകരം, ബൈബിള്‍ വായിച്ചുതുടങ്ങും. അധികാരികളാകാതെ ദാസരാവുക എന്ന യേശുവിന്റെ ഉപദേശത്തിന്റെ മര്‍മ്മം അവര്‍ ഗ്രഹിക്കും. തങ്ങളല്ല, വിശ്വാസികള്‍ ഒത്തുചേരുന്നതാണ് സഭ എന്നവര്‍ മനസ്സിലാക്കും. സഭയുടെ അധികാരഘടനയെ ശുശ്രൂഷാഘടനയാക്കും. സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍തൃത്വം രാജകീയപുരോഹിതഗണമെന്നു തങ്ങള്‍ തിരിച്ചറിഞ്ഞ വിശ്വാസിസമൂഹത്തിന് വിട്ടുകൊടുക്കും. അങ്ങനെ ബൈബിളധിഷ്ഠിതമായ ജനാധിപത്യം സഭയില്‍ അനുവദിക്കും. അങ്ങനെ 'ചര്‍ച്ച് ആക്ട്' ഇല്ലാതെതന്നെ അവര്‍ സഭയില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കും. എങ്കിലും, തങ്ങളുടെ തഴക്കദോഷംകൊണ്ടുള്ള പ്രലോഭനത്തില്‍ വീണ്ടും വീണുപോയെങ്കിലോ എന്ന ആശങ്കയില്‍ 'ചര്‍ച്ച് ആക്ട്' ആധികാരികമായി നടപ്പാക്കി തങ്ങളെ പരിരക്ഷിക്കണമെന്ന് ഇവര്‍ ഗവണ്‍മെന്റി-നോടപേക്ഷിക്കുകയും ചെയ്യും.
മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായി മെത്രാന്മാര്‍ സഭയ്ക്കുള്ളില്‍ത്തന്നെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും പ്രഖ്യാപിക്കും. ആരൊക്കെയോ പടച്ചുണ്ടാക്കിയ വിശ്വാസസത്യങ്ങളുടെ ഏറാന്‍മൂളികളാകാതെതന്നെ ജനിച്ചുവളര്‍ന്ന സമുദായത്തില്‍ മരിക്കുവോളം ജീവിക്കുവാനുള്ള മനുഷ്യന്റെ മൗലികമായ ജന്മാവകാശം സഭയില്‍ വ്യവസ്ഥാപിച്ചു നല്‍കും. ഏതു മതസ്ഥരെയും വിവാഹം കഴിക്കാനുള്ള സ്ത്രീപുരുഷന്മാരുടെ ജന്മാവകാശം സഭ വകവെച്ചുകൊടുക്കും. സര്‍വ്വോപരി, പക്വതവരാത്ത പ്രായത്തില്‍ കുമാരി-കുമാരന്മാരെക്കൊണ്ട്, തങ്ങളുടെ വളര്‍ന്നുവരുന്ന ശരീരത്തിനും മനസ്സിനുമെതിരെ പ്രതിജ്ഞ എടുപ്പിച്ച് അവരെയെല്ലാം ഷണ്ഡന്മാരും വന്ധ്യകളുമാക്കുന്ന മനുഷ്യാവകാശധ്വംസനത്തിന് മെത്രാന്മാര്‍ സഭയില്‍ അറുതിവരുത്തും.
ഇങ്ങനെ പറഞ്ഞാല്‍ തീരാത്തതും എണ്ണിയാലൊടുങ്ങാത്തതുമായ എത്രയെത്ര മാറ്റങ്ങളാണിനി സഭയില്‍ നടക്കാന്‍ പോകുന്നത്! കാണാന്‍ പോകുന്ന പൂരം ഇനി കണ്ടുതന്നെ നമുക്ക് ആസ്വദിച്ചനുഭവിക്കാം.
ജസ്റ്റീസ് കൃഷ്ണയ്യര്‍ക്ക് സ്തുതിയോ സ്തുതി!
ജോര്‍ജ് മൂലേച്ചാലില്‍
Chacko Kalarickal said...
ReplyDeleteMr. Moolechalil, It was very interesting to read your article. But, you know what? These bishops are like chameleons. They change their color according to the situation. They are against democracy, human rights, freedom of conscience, freedom of religion, you name it, they are against every thing the modern person aspire for. They treat women like dirt. They are bunch of old people who really don't know what is going on in the real world. They think that the church is doing well, especially because of their money power. But, in fact, it's moral status is spiraling down like a parachute.
November 11, 2011 4:40 PM
കൃഷ്ണയ്യരുടെ വനിതാബില്ലിനെപറ്റി വിരുദ്ധങ്ങളായ പല വാര്‍ത്തകളും മാധ്യമങ്ങളില്‍കൂടി കാണുന്നു. ബിഷപ്പുമാരുടെ എതിര്‍പ്പുകള്‍ അവരുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി മാത്രമാണെന്ന്അറിയാം. അവര്‍ക്കൊത്ത് തുള്ളിക്കളിക്കുവാന്‍ അവരുടെ വാലാട്ടിപട്ടികള്‍ ധാരാളമായിഉണ്ട്. ഒരാളിന്‍റെ വ്യക്തി സ്വാതന്ത്ര്യത്തെക്കാള്‍ സമൂഹത്തിന്‍റെ ബാധ്യതകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഓരോ കുട്ടി ജനിക്കുമ്പോഴും സര്‍ക്കാരിനും ചുമതലകളുണ്ട്. അതനുസരിച്ച് സര്‍ക്കാരിന്‍റെ പദ്ധതികളും വരവുചെലവ് കണക്കുകളുടെ മതിപ്പുകളും കണക്കാക്കണം. പത്ത്മക്കളുള്ള ഒരു കുടുംബത്തിന്‍റെ ആളോഹരി വരുമാനം ചുരുങ്ങുന്നതു പോലെ ജനസംഖ്യ കൂടിയാല്‍ രാഷ്ട്രത്തിന്‍റെ മൊത്തം വിഭവങ്ങളെ അതനുസരിച്ച് വീതിക്കേണ്ടിവരും. ഭാരതത്തിലെ 47 ശതമാനം കുഞ്ഞുങ്ങള്‍ വളരുന്നത് പോഷകാഹാരം ഇല്ലാതെയാണെന്നു യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതമൊഴിച്ചു ലോകരാജ്യങ്ങള്‍ എല്ലാംതന്നെ മുസ്ലിംരാജ്യങ്ങള്‍ ഉള്‍പ്പടെ ജനസംഖ്യയെ നിയന്ത്രിച്ചുകഴിഞ്ഞു. എന്നിട്ടും ഇവിടെമാത്രം മുള്ളാമാര്‍ക്കും ബിഷോപ്പുമാര്‍ക്കും എതിര്‍പ്പ്. കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ പിഴയും ജയില്‍ വാസവും മാതാപിതാക്കള്‍ക്ക് കൊടുക്കുവാന്‍ ഒരു നിയമത്തിനും കഴിയുകയില്ല. അത് പുരോഹിതവര്‍ഗം ജനങ്ങളെ ഇളക്കുവാന്‍ നടത്തുന്ന ഒരു പ്രചാരണതന്ത്രമാണ്.എന്നാല്‍ നിയമത്തിലൂടെ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന് വെട്ടികുറയ്ക്കുവാന്‍ സാധിക്കും. ഈ ബില്ലിനെ ഇന്ന് മതപുരോഹിതര്‍ മാത്രമാണ് എതിര്‍ക്കുന്നത് എന്നുള്ളതാണ് ഒരു സവിശേഷത. പൊതുമുതല്‍ നീതിപൂര്‍വ്വം ഓരോ കുടുംബത്തിനും വീതിക്കാനും രാഷ്ട്രത്തിന്‍റെ ആളോഹരി വരുമാനം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണം കൂടിയേതീരു. എന്നിരുന്നാലും ഭ്രൂണഹത്യയെ അനുകൂലിക്കുവാന്‍ കഴിയുകയില്ല. അത് കിരാതമാണ്. സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുകയും പല വിധ രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും. അമേരിക്കയിലും യൂറോപ്പിലും ഭ്രൂണഹത്യയുടെ പേരില്‍ ക്ലിനിക്കുകള്‍ നടത്തി ഡോകടര്‍മാര്‍ ലക്ഷക്കണക്കിന് ഡോളറാണ് ഓരോവര്‍ഷവും കൊയ്യുന്നത്. അത്തരം സ്ഥിതിവിശേഷങ്ങള്‍ ഈ നാട്ടിലെ ഡോക്ടര്‍മാരെയും നിര്‍ദ്ദയമായ ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കും.
ReplyDelete