Translate

Wednesday, November 9, 2011

റവ. ഡോ. ജേക്കബ് വെള്ളിയാന് ഒരു തുറന്ന കത്ത്

കഴിഞ്ഞ ആഗസ്റ്റ് 31-ലെ ഫ്‌ളാഷ് പത്രത്തിലും, തുടര്‍ന്ന് സൂര്യ ടി.വി.യിലും കണ്ട വാര്‍ത്ത വളരെ ഖേദകരമായിരുന്നു. താങ്കള്‍ അമേരിക്കയില്‍ വച്ച് ഒരു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു.

കോട്ടയം രൂപതയിലെ, വചനവിരുദ്ധമായ നടപടികളും, ക്രൂരവും,നിന്ദ്യവുമായ ഊരുവിലക്കും, കപടരക്തശുദ്ധി പാരമ്പര്യവാദവും ഉയര്‍ത്തിക്കാട്ടി, ദൈവമക്കളെ അഹങ്കാരത്തിന്റെയും, അഹം-ഭാവത്തിന്റെയും പടികള്‍ ചവിട്ടിച്ച് പൊങ്ങച്ച സംസ്‌ക്കാരത്തിന്റെ ഉന്നതങ്ങളില്‍ എത്തിച്ചതില്‍ താങ്കള്‍ക്കുള്ള പങ്ക് നിസ്തുലമാണ്.

കാലഹരണപ്പെട്ട പെണ്‍പാട്ടിനെ ആധുനികവല്‍ക്കരിച്ച് ക്‌നാനായ പുരാതനപ്പാട്ട് എന്ന പേരില്‍ അവതരിപ്പിച്ച്, യുവജനങ്ങളിലും പ്രായമായവരിലും ഉന്മാദം സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. അതുവഴി ശാന്തവും, ഹൃദ്യവുമായ ക്രൈസ്തവസംസ്‌ക്കാരത്തിന് വിരുദ്ധമായ കുഴഞ്ഞാട്ടങ്ങളിലും, മദ്യാസക്തിയിലും ദൈവജനത്തെ നിങ്ങള്‍ കൊണ്ടെത്തിച്ചു. മുന്‍മെത്രാനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി തനിക്കില്ലാതായ രക്തശുദ്ധി പാരമ്പര്യം ഉണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ നടത്തിയ കുത്സിത ശ്രമങ്ങളുടെ ഭാഗമായാണ് താങ്കളെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്ന് മനസ്സിലാക്കുന്നു. അതിന് പ്രത്യുപകരമായാണല്ലോ മോണ്‍സിഞ്ഞോര്‍ സ്ഥാനം താങ്കള്‍ക്ക് ലഭിച്ചത്!!

ബലിയര്‍പ്പണം വിശ്വാസികള്‍ക്ക് മനസ്സിലാകുന്ന അവരവരുടെ ഭാഷയില്‍ തന്നെ വേണമെന്ന് തിരുസഭ വ്യക്തമാക്കിയതിന് വിരുദ്ധമായി ആലാഹാ, ഊലാഹാ പാടി സുറിയാനി പാട്ടുകുര്‍ബ്ബാന എന്ന പേരില്‍ സഭാ വിരുദ്ധമായി ബലിയര്‍പ്പിക്കാന്‍ താങ്കള്‍ മുന്‍പന്തിയിലായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.

കോട്ടയം രൂപതയിലെ ഒരു സഹോദരന്‍, ഇതര കത്തോലിക്കാ-രൂപതകളില്‍ നിന്നു പോലും ദൈവം നിശ്ചയിച്ച തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുമ്പോള്‍, അവള്‍ക്ക് രക്തശുദ്ധിയില്ല എന്നു പറഞ്ഞ് താന്‍ വളര്‍ന്ന ഇടവക കൂട്ടായ്മയില്‍നിന്നും പുറത്താക്കി ഊരുവിലക്ക് കല്‍പ്പിക്കുന്നതില്‍ താങ്കളും അതീവ സന്തുഷ്ടനായിരുന്നു. അതുകൊണ്ടാണല്ലോ തോബിത്തിന്റെ ക്രൂരമായ നടപടിയായ തോബിത്ത് 4 : 12 ഒത്തുകല്യാണത്തിന് വായിക്കാന്‍ ഇയാള്‍ തെരഞ്ഞെടുത്തത്. ദൈവത്തിന്റെ പദ്ധതി സാര്‍വ്വത്രികമാണ് എന്നത് ഡോക്ടറേറ്റ് എടുത്ത താങ്കള്‍ക്ക് എങ്ങനെ മനസ്സിലാകാതെ പോയി?

ഇങ്ങനെ പുറത്താക്കപ്പെട്ട സഹോദരങ്ങള്‍ വിവാഹമെന്ന കൂദാശ്ശ അതിന്റേതായ ഭക്തിയോടും ആദരവോടും സ്വീകരിച്ചവരാണ് എങ്കിലും അവര്‍ കോട്ടയം രൂപതയുടെ കിരാതമായ നടപടി പ്രകാരം രൂപതയ്ക്ക് അനഭിമതരായി!! എന്നാല്‍ ഒരു അമേരിക്കന്‍ ബാലികയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച താങ്കള്‍ക്ക് എങ്ങനെ കോട്ടയം രൂപതയില്‍ തുടരാന്‍ സാധിക്കുന്നു? രൂപതാനേതൃത്വം ഇതിന് മറുപടി തരണം.

താങ്കള്‍ ഒരു തിരിഞ്ഞുനോട്ടം നടത്തേണ്ടതായുണ്ട്. ഒരു സമൂഹത്തെ പാട്ടില്‍ പൊതിഞ്ഞ സംസ്‌ക്കാരത്തിന് അടിമയാക്കി ക്രൂരവും നിന്ദ്യവുമായി മാറ്റിയതില്‍ താങ്കള്‍ക്കുള്ള പങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ഞാന്‍ മടിക്കുന്നില്ല. കോട്ടയം രൂപത ക്രൂരമായി പുറത്താക്കപ്പെട്ട സഹോദരങ്ങളുടെ ശാപം ഇടിത്തീപോലെ നിങ്ങളിലും ഈ രൂപതാ നേതൃത്വത്തിലും ഇതില്‍ ആകൃഷ്ടരായ ജനവിഭാഗത്തിന്‍മേലും പതിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ശാപമാണ് ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന താങ്കള്‍ അനുഭവിക്കുന്നത്.

സ്വയം തിരുത്തൂ, തിരുത്താന്‍ മറ്റള്ളവരെ പ്രേരിപ്പിക്കൂ, സ്വന്തം സഹോദരനെ പുറത്താക്കിയല്ല ക്രിസ്തുവിന്റെ സ്‌നേഹം പ്രഘോഷിക്കേണ്ടത്. മറ്റുള്ളവരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് സ്വീകരിച്ചുകൊണ്ടാണ് ദൈവവചനം പ്രഘോഷിക്കേണ്ടത്. വചനം നിഷേധിച്ചുകൊണ്ട് അതില്‍നിന്നുരുത്തിരിഞ്ഞ കപട പാരമ്പര്യവാദം ക്രിസ്തുവിന് എതിര്‍ സാക്ഷ്യമാണ് നല്‍കുന്നത്. കോട്ടയംരൂപത സാത്താന്റെ വിജയമാണ് ആഘോഷിക്കുന്നത്. (കാണുക മത്തായി 15:6-9, മര്‍ക്കോസ് 7:6-9).

വിദേശപണത്തിന്റെ കുത്തൊഴുക്കില്‍ കോട്ടയം രൂപതാനേതൃത്വത്തിന്റെ ഹൃദയത്തില്‍ തിമിരം ബാധിച്ചിരിക്കുന്നു. താങ്കളും അതിന്റെ ഒരു ഭാഗമാണ്. കോടികള്‍ മുടക്കി നടത്തിയ ശതാബ്ദിയാഘോഷങ്ങളിലൂടെ ദൈവജനത്തെ കൂടുതല്‍ അഹംഭാവികളാക്കാന്‍ സാധിച്ചു. ഇനി കപട ചരിത്രങ്ങള്‍ നിരത്തി - ചരിത്രം സൃഷ്ടിക്കുന്നതാണ്, അത് തെളിയിക്കാന്‍ ബാധ്യതയില്ല - ക്‌നാനായ സിനിമ അവതരിപ്പിക്കുമ്പോള്‍ ഈ ജനത്തെ പൊങ്ങച്ചത്തിന്റെ ഔന്നത്യത്തിലെത്തിക്കാന്‍ സാധിക്കും. ഇവിടെ സാത്താന്‍ വിജയിക്കുന്നു. ദൈവം അസ്വസ്ഥനാകുന്നു.

ശതാബ്ദി ആഘോഷങ്ങള്‍ക്കുശേഷം കുടുംബങ്ങളിലെ അന്തഛിദ്രം വര്‍ദ്ധിച്ചു. സിനിമയോടുകൂടി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തും. അതുകൊണ്ട് നിങ്ങള്‍ സന്തോഷിക്കും.

ആത്മീയതയെ കശാപ്പു ചെയ്ത് ആത്മീയതയുടെ മൂടപടം അണിഞ്ഞിരിക്കുന്ന താങ്കളെയും കോട്ടയം രൂപതാ നേതൃത്വത്തെയും ദൈവജനം തിരിച്ചറിയട്ടെ.

ക്രിസ്തുവില്‍ ധീരതയോടെ,


സി.കെ. പുന്നന്‍,

6 നവംബര്‍ 2011,

ചിറയില്‍, കാട്ടാത്തി, ഏറ്റുമാനൂര്‍-686 631

2 comments:

  1. അപ്പോള്‍ ഇതാണ് ക്നാനായം – ബലാല്സംഗം ആരെയും ആവാം, പക്ഷെ കല്യാണം ക്നായെ തന്നെ.

    എന്റെ വെള്ളിയനച്ചോ നിങ്ങടെ ഒരു കാര്യം!

    ReplyDelete
  2. വെള്ളിയനച്ചന്‍ പെണ്‍കുട്ടിയെ പിടിച്ചതില്‍ തെറ്റില്ല. അത് പറഞ്ഞതാണ്‌ തെറ്റ്. ഹ കഷ്ട്ടം!

    ReplyDelete