Translate

Thursday, November 10, 2011

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ!

(താലി കെട്ടുന്നത് അച്ചനോ വരനോ?)
പ്രായപൂര്‍ത്തിയിലെത്തിയ രണ്ട് മക്കളുടെ അപ്പനായ ഞാന്‍ ഒരു വലിയ കണ്‍ഫ്യൂഷന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. നിയമം പഠിച്ചവരോ പുരോഹിതരോ കാര്യവിവരമുള്ള സഹൃദയരോ എന്റെ സംശയം തീര്‍ത്ത്‌ തന്നാല്‍ നന്ദിയുണ്ടായിരിക്കും.


നാട്ടിലും പ്രവാസികളായ മലയാളികളുടെ ഇടയിലും ഇന്ന് നടപ്പിലുള്ള വിവാഹച്ചടങ്ങുകളെപ്പറ്റിയാണ്‌  എളിയവനായ എന്റെ സംശയം. നമ്മുടെ ആളുകള്‍ കല്യാണം എന്ന ചടങ്ങ്  സാധാരണ മൂന്ന് തട്ടുകളായിട്ടാണ് ആഘോഷിക്കുന്നത് : ഒത്തുകല്യാണം, കെട്ടുകല്യാണം, എഴുത്ത് (രജിസ്റ്റര്‍) കല്യാണം. കാശുള്ള പാര്‍ട്ടികള്‍ ഇവ മൂന്നും അടിപൊളിയായി കൊണ്ടാടും. അതവര്‍ ചെയ്തുകൊള്ളട്ടെ, തീറ്റക്കൊതിയന്മാര്‍ക്കും കുടിയന്മാര്‍ക്കും ഒരു ഹരമാകട്ടെ. പക്ഷേ, വിവാഹമെന്ന ഒറ്റ കാര്യം ഇങ്ങനെ മൂന്ന് തട്ടുള്ള അമിട്ട് പോലെ പടിപടിയായി പൊട്ടിക്കുന്നതിന്റെ ആവശ്യവും അതിലെ ഔചിത്യവുമാണ് എന്റെ തലയില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌. 
  
ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹം എന്നത് ഒരു കൂദാശയാണെന്നും (sacrament = വിശുദ്ധീകരിക്കുന്ന പ്രവൃത്തി), മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നുമാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം വാക്കുകൊടുത്ത് , ഭാര്യാഭര്‍ത്താക്കന്മാരായി തീരുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു നടപടിയായി. സിവിള്‍ അധികൃതരാല്‍ ഔദ്യോഗികമായി എഴുതിച്ചേര്‍ത്ത് ഇരു കക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). കാതലായ സംഗതി ഇത്രയേ ഉള്ളൂ.  ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലുമാണ്.

ഇനിയാണ് എന്റെ റീയല്‍ കണ്‍ഫ്യൂഷന്‍ തുടങ്ങുന്നത്. ഒരു രസത്തിന്, വിവാഹത്തിനു മുമ്പ്, മനസമ്മതമെന്ന  ഒരു ചെറിയ (വലുതുമായിക്കോട്ടെ) ചടങ്ങ് വേണമെന്ന് വച്ചാല്‍ തന്നെ ങാ, പോട്ടെന്നു വയ്ക്കാം. എന്നാല്‍, സിവില്‍ മാരിയെജ്  എന്ന പ്രധാന സംഭവം കഴിഞ്ഞ്, വീണ്ടും അതേ പയ്യനും അതേ പെണ്ണും പള്ളിയില്‍ ചെന്നുനിന്ന് അതേ സംഗതി ഒന്നുകൂടി ചെയ്യുന്നതിന്റെ സാംഗത്യമാണ്‌ പിടികിട്ടാത്തത്. മറ്റ് സമുദായങ്ങളില്‍ സമൂഹത്തിന്റെ അംഗീകാരത്തിന് സിവില്‍ മാരിയെജ് മാത്രം മതിയെന്ന ധാരണയുള്ളപ്പോള്‍, ക്രിസ്ത്യാനികള്‍ക്ക് അത് പോരാത്തത് എന്തുകൊണ്ട്? പള്ളിയില്‍ കെട്ടാത്തത് അസാധുവാണെന്നാണോ അവരുടെ മനസ്സിലിരുപ്പ്?

അതിലും വലിയ കണ്‍ഫ്യൂഷന്‍ എനിക്ക് മറ്റൊന്നാണ്. വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) അതിനിടക്ക് വൈദികരും, പിടിപാടുള്ളവരാണെങ്കില്‍ മെത്രാനും, മുമ്പില്‍ കയറിനിന്ന് കാര്‍മ്മികന്റെ സ്ഥാനം ഏറ്റെടുക്കുന്നത് എന്തധികാരം അല്ലെങ്കില്‍ അവകാശം വച്ചാണ്? സാക്ഷികളും അഭ്യുദയകാംക്ഷികളുമായി ഇവരൊക്കെ എത്ര പേര്‍ വേണമെങ്കിലും സന്നിഹിതരായിക്കൊള്ളട്ടെ, പക്ഷേ, ചടങ്ങിന്റെ മുഖ്യകര്തൃത്വം ഇവരെ ഏല്‍പ്പിക്കുന്നത് സ്വല്പം അതിരുകടന്ന പണിയല്ലേ? പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?

ഈ വിഷയവുമായി ബന്ധപ്പെട്ട തമാശകള്‍ അങ്ങ് തീരുന്നില്ല. പലപ്പോഴും കാണുന്ന മറ്റൊരു കാര്യം ഇതാണ് , വിശേഷിച്ച് പ്രവാസികളുടെയിടയില്‍. പൊതുസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന യുവതീയുവാക്കള്‍, പറക്കപറ്റിയാല്‍, ഒരിണയെ കണ്ടെത്തി, മാതാപിതാക്കളറിഞ്ഞോ അറിയാതെയോ, ഒരുമിച്ച് താമസമാക്കുന്നു. കുറേക്കാലം അങ്ങനെ തട്ടിയും മുട്ടിയും, ഇരു ഭാഗത്തുമുള്ള കുടുംബവുമായി സ്വരുമയിലോ സ്വരുമക്കേടിലോ കഴിഞ്ഞശേഷം, എന്നാല്‍ അങ്ങ് കെട്ടിയേക്കാം എന്ന് തീരുമാനിക്കുന്നു. ഒരു സിവില്‍ മാരിയെജ് നടത്തി, സാമ്പത്തികം അനുസരിച്ച് ആഘോഷം പൊടിപൊടിക്കുന്നു. അതോടേ ഒരുമിച്ചുള്ള പൊറുതി ഔദ്യോഗികമായി. വളരെ നല്ല കാര്യം. കുറേ മാസങ്ങള്‍ അങ്ങനെ കഴിഞ്ഞാണ് അടുത്ത നാടകം. വിദേശത്തോ നാട്ടിലോ ഒരു പള്ളിയില്‍ വച്ച് ഒരു താലികെട്ട് കൂടി!  ഇത്രയും നാള്‍ കൂടെപ്പൊറുത്ത ചെറുക്കനോടും പെണ്ണിനോടും പള്ളീലച്ചന്‍ നേരത്തേ റെജിസ്ട്രാര്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു: ...നെ, ....ളെ ഭര്‍ത്താവായി, ഭാര്യയായി നീ സ്വീകരിക്കുന്നോ? അപ്പോള്‍ "ഉവ്വ്" എന്നുരുവിടുന്നതിനു പകരം, "ഞങ്ങളോട് അങ്ങനെ ചോദിക്കല്ലേ, അച്ചോ, മാസങ്ങളായി (വര്‍ഷങ്ങളായി) ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണേ" എന്ന് പറയാനുള്ള തന്റേടം പെണ്ണിനോ ചെറുക്കനോ ഉണ്ടാകുമോ? ഇതൊക്കെ കണ്ടും കേട്ടും നില്‍ക്കുന്നവരുടെ മാനസിക നിലപാട് ഏതിനത്തില്‍ പെടുമോ ആവോ? ഇത്രയും കഴമ്പില്ലാത്ത നാടകം കളിക്കുന്നതില്‍ പെണ്ണിനും ചെറുക്കനും, അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതില്‍   മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു കണ്‍ഫ്യൂഷനും തോന്നുകയില്ലേ? 


ഇല്ലെങ്കില്‍ അവര്‍ അസ്സല്‍ മലയാളികളും ഒന്നാന്തരം ക്രിസ്ത്യാനികളും തന്നെ!

3 comments:

  1. I am afraid there is nothing I can do about your confusion!

    This reminds me of something else. I understand Holy Mass is not mandatory in a Catholic wedding. I have seen several priests jointly saying Mass with sort of vengeance during practically every Catholic wedding. Guests, with different religious background are bored and they take it only as a punishment. What is the point in torturing your guests? When you go for a Hindu wedding, we are not punished like this.

    When will our people decide that wedding and mass are different things? (Don’t ever expect a priest or bishop to tell you that this is unwanted).

    On a different note, I understand The Good Shepherd is a pericope found in John 10:1-21 in which Jesus is depicted as the Good Shepherd who lays down his life for the sheep.

    Does it imply that all other Shepherds of ours are Bad Shepherds?

    Someone please make me wiser!

    ReplyDelete
  2. Kindly visit this site.
    http://znperingulam.blogspot.com/2010/04/blog-post_25.html
    I had reported there a wedding that was conducted in a hall and without mass. What happens usually is that in order not to get bored, most of the guests arrive late, towards the end of the liturgical ceremonies.

    The relevant portion from the above mentioned report reads so: "വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധൂവരന്മാര്‍തന്നെ ആണെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. അപ്പോള്‍, ഒരു വൈദികന്റെ സേവനം അതിനാവശ്യമേയില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും പരസ്പരം വാക്ക്കൊടുത്ത് ഭാര്യാഭര്‍ത്താക്കന്മാരാകുകയാണ് വിവാഹത്തില്‍ സംഭവിക്കുന്നത്‌. സാക്ഷികളുടെ മുമ്പില്‍വച്ച് അതു നടക്കുമ്പോള്‍ അതു സമുദായവും അംഗീകരിച്ച ഒരു ബന്ധമായിത്തീരുന്നു. അത്രയല്ലേ വേണ്ടൂ? അതിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ഒട്ടുമാവശ്യമില്ലതന്നെ. ഇതൊക്കെ ഏവര്‍ക്കുമറിയാം. എന്നാലും പള്ളിയിലെ വിപുലമായ ചടങ്ങും കഴിയുന്നത്ര വൈദികരുടെ സാന്നിദ്ധ്യവും മറ്റും പള്ളി പ്രോത്സാഹി പ്പിക്കുന്നു. എവിടെയും ഒരു പിടുത്തം അവര്‍ക്ക് വേണമെന്നതുകൊണ്ടാണത്. ഇതൊന്നും ഒഴിച്ചുകൂടാനാവാത്തതല്ല. പള്ളിയില്‍വച്ച് കെട്ടിയില്ലെങ്കിലും വിവാഹം ഒരു കൂദാശതന്നെയാണെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നത് കഷ്ടമാണ്. അത്തരം കാര്യങ്ങള്‍ പറയാനും പഠിപ്പിക്കാനും പള്ളിക്ക് ഭയമാണെന്നതാണ് കാര്യം.

    ReplyDelete
  3. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിന്‍ എന്ന് യേശു അരുളിചെയ്തതായി വി. മത്തായി സുവിശേഷം അദ്ധ്യായം 22, വാക്യം 21 നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ടു ക്രിസ്ത്യാനിയായി
    മേല്‍വിലാസം വേണമെങ്കില്‍ വിവാഹിതരാകുന്നവര്‍ സര്‍ക്കാരിനുള്ള രജിസ്ട്രേഷന്‍ ഫീസും ശുദ്ധമാനപള്ളിയുടെ കല്പനയായ പള്ളിക്കുള്ള അള്‍ത്താരപണവും കൊടുത്തേ മതിയാവു. വിശുദ്ധപട്ടം ലഭിക്കാത്ത കൈകള്‍കൊണ്ട് വിവാഹിതരായാല്‍ വ്യപിചാരത്തിനു തുല്യമാണെന്നാണ് സഭ നമ്മെ അനുശാസിക്കുന്നത്. അക്രൈസ്തവ വിവാഹങ്ങള്‍ എല്ലാം സഭയുടെ ദൃഷ്‌ടിയില്‍ വ്യഭിചാരവും നിത്യനരകവും ഫലം. ആ നരകത്തില്‍ വിശ്വാസ പ്രമാണമനുസരിച്ച് മഹാത്മാഗാന്ധിജിയുമുണ്ട്. യേശുവും ശിക്ഷ്യഗണങ്ങളും ആരെയും വിവാഹം കഴിപ്പിച്ചു
    കൊടുത്തതായി പുതിയനിയമത്തിലും ഇല്ല. പോലീസുകാരെയും വക്കീലന്മാരെയും പുരോഹിതരെയും പണം കൊണ്ട്
    തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയില്ല. അല്മായരെ പാപികളും കുറ്റവാളികളുമായിട്ടാണ് പുരോഹിതവര്‍ഗം കാണുന്നത്. മാമ്മോദീസ, വിവാഹമെന്ന ചടങ്ങുകള്‍ വരുമ്പോള്‍ അവര്‍ അല്മായരില്‍ നിന്ന് കുറ്റവാളികളെപ്പോലെ
    കൊള്ളയടിക്കുവാന്‍ ശ്രമിക്കും. പ്രവാസികളാണെങ്കില്‍ വിവാഹം കഴിപ്പിക്കണമെങ്കില്‍ കുറഞ്ഞത് അയ്യായിരം
    ഡോളറിനു മുകളിലാണ് അവരുടെ അവകാശമായി ആവശ്യപ്പെടുക. ഇത് സീറോ മലബാറിലെ ഒരു വൈദികന്‍റെ കൂലിയാണ്‌ കേട്ടോ. ക്ഷണക്കത്തും വിവാഹപരിപാടികളും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിച്ചു കഴിയുമ്പോള്‍ ഈ കൊലകൊമ്പന്മാര്‍ അവരുടെ തനിനിറം പുറത്തിറക്കും. അതുകൊണ്ട് പ്രവാസികളേ, സീറോ മലബാര്‍ മെത്രാന്മാരുടെ പള്ളികളിലുള്ള ഇത്തരം പുരോഹിത തന്ത്രക്കാരെ സുക്ഷിക്കുക. പണ്ടു അവര്‍ക്ക് മഹറോന്‍ എന്ന മാറാന്‍ ചേമ്പ് ഉണ്ടായിരുന്നു. അതിന്‍റെ ചൊറിച്ചില്‍ ഇന്നും ഈ കൂട്ടര്‍ക്ക് നാളിതുവരെ മാറിയിട്ടില്ല. യുറോപ്പ്യന്‍രാജ്യങ്ങളിലും അമേരിക്കയിലും ഏതു ദുര്‍മാര്‍ഗ്ഗികളെയും സല്‍മാര്‍ഗ്ഗികളെയും സ്വവര്‍ഗ രതി നടത്തുന്നവരെയും വിവാഹം കഴിപ്പിക്കുവാന്‍ എല്ലാ മതവിഭാഗത്തിലുള്ള വൈദികരെയും വാടകയ്ക്ക് കിട്ടും. കൊള്ളക്കാരായ വിശുദ്ധ സഭയുടെ വൈദികരുടെ വരുമാനമാര്‍ഗം അവിടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

    ReplyDelete