Translate

Wednesday, November 30, 2011

Crime and Punishment


ഴിമതിയിലൂടെ ജീവിതം അനായാസമാക്കാന്‍ തക്കതായ ഒരു മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ സഭക്കുള്ള പങ്കിനെപ്പറ്റി ഒരു ചെറിയ കുറിപ്പില്‍ ഞാനെഴുതിയിരുന്നു. http://almayasabdam.blogspot.com/2011/11/blog-post_6455.html
താല്പര്യമുള്ളവരെ വീണ്ടും വീണ്ടും തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സൂത്രവും സഭയുടെ സംഭാവനയായി നടപ്പിലുണ്ട്. അതാണ്‌ കുമ്പസാരം. അരുതാത്തത് ചെയ്തു എന്ന ബോദ്ധ്യമുള്ളയാള്‍ അതേപ്പറ്റി അനുതപിക്കുകയും തന്റെ തെറ്റിലൂടെ ഉപദ്രവിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ചെയ്യുകയും ചെയ്താല്‍ ചെയ്തുപോയ തെറ്റിന് ദൈവത്തിനും മനുഷ്യനും മുമ്പില്‍ ഏതാണ്ടൊരു പരിഹാരമായി എന്ന് കരുതാം. ആ അര്‍ത്ഥത്തിലാണല്ലോ കുമ്പസാരത്തെ ഒരു കൂദാശയായി കരുതുന്നത്. എന്നാല്‍ സംഭവിക്കുന്നതോ? എത്ര വലിയ തെറ്റ് ചെയ്താലും, അത് ഒരച്ചനോട് പറഞ്ഞാലുടനെ നിസ്സാരമായ ഒന്നോ രണ്ടോ വാചിക പ്രാര്‍ത്ഥനയിലൂടെ എല്ലാം ശുഭപര്യവസായിയായി എന്ന ധാരണയാണ് വിശ്വാസികള്‍ക്ക് കിട്ടുന്നത്. ഒരാളെ കൊന്നിട്ട് ചെന്നാലും കിട്ടുന്ന ശിക്ഷ ഒരാകാശങ്ങളിലിരിക്കുന്നതും ഒരു നന്മനിറഞ്ഞ മറിയവും! അതോടേ എല്ലാം പഴയ പടി. മനസ്താപമാണ് കാര്യം, ശിക്ഷ അപ്രസക്തമാണ്, കുമ്പസാരമെന്ന തട്ടിക്കൂട്ടലില്‍. ആവര്‍ത്തനഫലമായി, ഈ മനസ്താപവും ഒരു തമാശയായിത്തീരാം - സ്വയം കബളിപ്പിക്കല്‍, മനുഷ്യരെ കബളിപ്പിക്കല്‍, ദൈവത്തെ കബളിപ്പിക്കല്‍.

സഭയുടെ കല്പനകളുടെ, അല്ലെങ്കില്‍ ഒരു രാജ്യത്തുള്ള നിയമങ്ങളുടെ, വെറും ലംഘനമല്ല പാപം, മറിച്ച്, ഏത്‌ കാര്യത്തിലായാലും, സ്വന്തം സുഖം മാത്രം തേടുന്നത് എപ്പോഴുംതന്നെ പാപവും അതിലൂടെ അന്യന്റെ സുഖം കെടുത്തുന്നത്‌ ഗുരുതരമായ പാപവും ആണെന്ന ശരിയായ ബോധം ഇല്ലാത്തിടത്ത് ഒരു കുമ്പസാരവും ശുദ്ധീകരണപ്രക്രിയ ആവില്ല.
 
മതത്തിനുള്ളിലെ മാത്രം കാര്യമല്ലിത്. പുറത്തും, വലിയ ക്രിമിനലുകള്‍ക്ക് പോലും ഇന്ന് കുശാലാണ്. പിടിക്കപ്പെട്ട്, കുറ്റം തെളിയിക്കപ്പെട്ടാലും കിട്ടുന്നത്  ഒരു നിസ്സാര ശിക്ഷ മാത്രം. കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം തക്കതായ ശിക്ഷയെ ഭയക്കേണ്ടതില്ല എന്ന ചുറ്റുപാടാണ്. ഒരു തെറ്റെന്നാല്‍, അതൊരു കൊലപാതകമാകണമെന്നില്ല. വീട്ടിലെ മാലിന്യങ്ങള്‍ വഴിയിലും അന്യന്റെ പുരയിടത്തിലും കൊണ്ടിടുന്നതും വെറും തെറ്റല്ല, വളരെ നീചമായ തെറ്റു തന്നെയാണ്. അതിനൊക്കെ ഗുരുതരമായ ശിക്ഷകള്‍ നല്കപ്പെടണം. എങ്കിലേ വിവരംകെട്ടവര്‍ (വിവരമുള്ളവര്‍ ഇത്തരം പണികള്‍ ചെയ്യില്ല.) പാഠം പഠിക്കുകയുള്ളൂ. അല്ലാതെ പള്ളിയില്‍ ചെന്നു കുമ്പസാരിക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന ഒരു തഴക്കത്തിന് നമ്മുടെ നിയമ- ശിക്ഷാനടപടികള്‍ വളം വച്ചുകൊടുക്കരുത്.

നൂറ്റാണ്ടുകളായി ബാലപീഡനത്തിന് ഒരു ചെറിയ ശിക്ഷ പോലും കൊടുക്കാതെ അധികാരികള്‍ അനാസ്ഥ കാണിച്ചതുകൊണ്ടാണ് സഭയില്‍ ഇന്ന് ഇതൊരു മാറാവ്യാധിയായിത്തീര്‍ന്നിരിക്കുന്നത്. ഈ വിഷയം ഇവിടെ കൂട്ടിച്ചേര്‍ത്തതിന് വ്യക്തിപരമായ ഒരു കാരണമുണ്ട്. കൌമാരപ്രായത്തില്‍ ഒന്നില്‍ കൂടുതല്‍ പുരോഹിതര്‍ എന്നോട് ശാരീരികമായ അടുപ്പത്തിന് വിഫലശ്രമം നടത്തിയിട്ടുണ്ട്. ഒരുമ്മ തന്നോട്ടേ എന്ന് ചോദിച്ചു വന്നവരും അതിനുമപ്പുറത്തേയ്ക്ക് ശ്രമിച്ചവരുമുണ്ട്. ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ട് അതില്‍ കൂടുതല്‍ എഴുതുന്നില്ല. എന്നാല്‍, ഒരാള്‍, വിചിത്രമായ ഒരു കാര്യം ചെയ്തു. തെറ്റ് മനസ്സിലാക്കിയിട്ടോ, എന്നെ സാന്ത്വനപ്പെടുത്താനോ, എന്റെ ശ്രദ്ധ തിരിക്കാനോ എന്നറിയില്ല, എന്നെ പിടിച്ചു അദ്ദേഹത്തിന്‍റെ കസേരയില്‍ ഇരുത്തിയിട്ട്, അടുത്തു മുട്ടുകുത്തി നിന്ന്, എന്നോട് കുമ്പസാരിക്കാന്‍ തുടങ്ങി. ഏതായാലും, ആ നാടകത്തിനും വഴങ്ങാതിരിക്കാനുള്ള ധൈര്യം എനിക്കുണ്ടായതിനാല്‍, , കാര്യം ഒന്നുരണ്ടു മിനുട്ടുകളെയെടുത്തുള്ളൂ. പിന്നീടൊന്നും സംഭവിച്ചുമില്ല. കുമ്പസാരം കൊണ്ട് പലതും കഴുകിക്കളയാം എന്നതുപോലെ, പലതും നിര്‍വീര്യവുമാക്കാം എന്നൊരു സങ്കല്പമുണ്ട് എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?
                  
ഒരിക്കല്‍ ഉപകാരപ്രദമായത് എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. ഉദാ: ഗാന്ധിജിയുടെ നിരാഹാര സത്യഗ്രഹം, രാഷ്ട്രീയ നിയമലംഘനം തുടങ്ങിയ ഉപരോധരീതികള്‍. ഇതാ ഈ ഒരാഴ്ചക്കുള്ളില്‍ (നവ.-ഡിസം.2011) കേരളത്തില്‍ മൂന്ന് ഹര്‍ത്താലുകള്‍! ഇവകൊണ്ട് ആര്‍ക്ക് എന്തു നേട്ടം? സംസ്ഥാനത്ത് കോടികളുടെ നഷ്ടവും അസഹനീയ സംഭവങ്ങളുമല്ലാതെ ഒരു തരി നേട്ടവുമില്ലെങ്കിലും, എല്ലാ സദാചാരത്തെയും മറികടന്ന് ഹര്‍ത്താലാചരിക്കാന്‍ ഭരണകൂടങ്ങള്‍ പോലും ആഹ്വാനം ചെയ്യുന്നത് അങ്ങേയറ്റത്തെ ധാര്‍മ്മികാധ:പതനമല്ലേ? കുറ്റവും ശിക്ഷയും ഈവിധമായാല്‍ മതിയോ? മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗതി ഇങ്ങനെയായത്, 1989 ല്‍ ഭീമമായ കോഴ വാങ്ങി അന്നത്തെ മന്ത്രിമാര്‍ അരുതാത്ത ഒരു പാട്ടക്കരാര്‍ പുതുക്കിയതുകൊണ്ടല്ലേ? ഇത്ര ഹീനമായി സ്വന്തം നാടിനെ ദ്രോഹിച്ചത്തിന് ആരെങ്കിലും എന്നെങ്കിലും ശിക്ഷിക്കപ്പെട്ടോ? ശിക്ഷിക്കപ്പെടുന്നത് എന്നും ബുദ്ധികെട്ട ജനം.  ബാലപീഡകരായ വൈദികരെ സംരക്ഷിക്കുന്ന സഭാധികാരികളെപ്പോലെതന്നെ വിവരം കെട്ടവരാണ് അഴിമതിക്കാരെന്ന് തീര്‍ച്ചയുള്ള ക്രിമിനലുകളെ വീണ്ടും വോട്ടു ചെയ്ത് അധികാരത്തിലെത്തിക്കുന്ന ജനവും. ആ ജനം നാമോരോരുത്തരുമാണ്!

No comments:

Post a Comment