Translate

Wednesday, November 9, 2011

പള്ളിപ്രസംഗം

"സഹോദരികളെ, സഹോദരരെ, നമ്മുടെ പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, ശുദ്ധീകരണസ്ഥലത്തെയും മരണത്തെയും അവസാന വിധിയെയും പറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്. "*

ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ് Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്‌ Die katholische Zeitschrift, 16 Oct., 2011ല്‍ കൊടുത്തിരുന്നതില്‍ നിന്നാണിത് .

വലിയ ആട്ടിന്‍കൂട്ടത്തെ തീറ്റാന്‍ കൊണ്ടുനടക്കുന്ന ഇടയന്മാര്‍ സഹായത്തിന് ഒരു പട്ടിയെ പരിശീലിപ്പിച്ചെടുക്കാറുണ്ട് . ഒരാട് കൂട്ടം വിട്ടുപോയാല്‍, ഉടനെ അവന്‍ കുരച്ചും തടഞ്ഞും അതിനെ കൂട്ടത്തിലേയ്ക്ക് നയിക്കും. വിശ്വാസികള്‍ സഭയില്‍ നിന്ന് അകന്നുപോകാതിരിക്കാനും, എപ്പോഴും അവരെ ആശ്രയിച്ചു മാത്രം സ്വര്‍ഗത്തില്യ്ക്കുള്ള വഴിയേ നടക്കാനും വേണ്ടി, അവര്‍ക്ക് ചുറ്റും കറങ്ങി കുരച്ചുകൊണ്ടു നടക്കുന്ന അജനായകളെ ഓര്‍മ്മിപ്പിക്കുന്നു, ഇത്തരം അജപാലകര്‍.

വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയ നാളുകളിലെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴും മനുഷ്യരുടേത് എന്നാണ് ഇവര്‍ കരുതുന്നത്. അന്ന് അതില്‍ ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ അന്നത്തെ ആളുകള്‍ക്ക് കൊള്ളാമായിരുന്നു. ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരുന്നാല്‍ ഇവരെ ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍. അപ്പോസ്തലരുടെ വിശ്വാസപ്രമാണം എന്ന് പറയുന്നെങ്കിലും, ഇതെഴുതിയുണ്ടാക്കി, പല തവണ തിരുത്തിത്തിരുത്തി ഇന്നത്തെ രൂപത്തിലായത് രണ്ടാം നൂറ്റണ്ടിന്റെ അവസാനം തൊട്ട്‌ നാലാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള സമയത്താണ്. വിശ്വാസപ്രമാണത്തിലെ പല പ്രഖ്യാപനങ്ങളും ഇന്നുള്ളവര്‍ക്ക് എന്തെങ്കിലും അര്‍ത്ഥം ഉളവാക്കുന്നവയോ, ഏതെങ്കിലും വിധത്തില്‍ മനസ്സിലാകുന്നവയോ അല്ല. ഉദാ: അവന്‍ പാതാളങ്ങളില്‍ ഇറങ്ങി (descended into hell), സ്വര്‍ഗത്തിലേയ്ക്ക് ആരോഹണം ചെയ്തു (ascended into heaven), പിതാവിന്റെ വലത്ത് ഭാഗത്തിരിക്കുന്നു, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരും തുടങ്ങിയവ. എന്നാലും മനുഷ്യര്‍ ഇതൊക്കെ ഉറച്ചു വിശ്വസിക്കുന്നതായി ആവര്‍ത്തിച്ചുകൊണ്ടിരിക്കണം എന്നാണ് സഭയുടെ വാശി.

അന്ത്യവിധിയെപ്പറ്റിയും, പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും, യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസത്തിന്റെ കാതല്‍ എന്ന് മാര്‍ ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റി നിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ദൈവമില്ലങ്കില്‍, ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്ക് ഹൈമറെ (Max Horkheimer) ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു മനുഷ്യസങ്കല്പമാണ് ഇത്!

കാതലില്ലാത്ത, യാന്ത്രികമായ ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാതെ ജീവിച്ചിരിക്കെത്തന്നെ ഉണ്ടാകേണ്ട ആത്മീയാവബോധത്തിന്റെ സാദ്ധ്യതയെയും നേട്ടത്തെയും പറ്റി ഇവര്‍ക്കിനി ഒന്നും വിശ്വാസികളോട് പറയാനില്ലേ? ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണ ആളുകള്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വസിച്ച് നന്മയുടെ വഴിയേ പോകുന്നെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ആ വഴിയേ പോയാല്‍ കിട്ടുന്നത് ഒരു സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം ദൈവജ്ഞാനികളായി കരുതപ്പെടുന്ന മെത്രാന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ഏത്‌ മതമായാലും സ്വര്‍ഗത്തെ ജീവിതത്തിന് ശേഷമുള്ള പ്രാപ്യസ്ഥാനമായി കാണുന്നതിന്റെ പൊള്ളത്തരം ഭഗവത്ഗീത പോലുള്ള കൃതികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിക്രൂര ശിക്ഷകള്‍ ചൂണ്ടിക്കാട്ടി മനുഷ്യരെ സത്സ്വഭാവികളാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ, അതുകൊണ്ട് മനുഷ്യന്‍ നന്നാകുന്നില്ലല്ലോ. സഭയുടെ ആവശ്യങ്ങള്‍ക്ക് അത്രയും മതിയായിരിക്കാം.

ബഹുമാന്യ ഇടയന്മാരേ, സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞങ്ങള്‍ ആട്ടിന്‍പറ്റങ്ങളോട് കൂടുതല്‍ പ്രസംഗിക്കുക.

*Es ist wichtig, dass wir in der Kirche wieder mehr vom Himmel und der Hölle, dem Tod und dem Gericht predigen, lehren und sprechen. Das ist für unser Leben hier, für unsere Kirche, für die Gesellschaft und unseren Weg zur Vollendung im Himmel wichtig.

No comments:

Post a Comment