ഇപ്പന്റപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പിശുക്കനായിരുന്നു. പക്ഷെ പള്ളിപ്പെരുന്നാളുകള്‍ ഏറ്റെടുത്തു കഴിക്കുന്ന കാര്യത്തിലും മെത്രാന്മാര്‍ക്കു പിരിവുകൊടുക്കുന്ന കാര്യത്തിലും ധാരാളിയായിരുന്നു. അപ്പന്റെ പിശുക്ക് ചില കാര്യങ്ങളില്‍ ഇപ്പനു പകര്‍ന്നു കിട്ടിയിട്ടുണ്ട്. കോളേജില്‍ മോടിയായി വസ്ത്രംധരിച്ചു പോകുന്നവരില്‍ ഒരാളാണു ഞാന്‍. പലര്‍ക്കും അതിന്റെ രഹസ്യം പിടികിട്ടിയിട്ടില്ല. എന്റെ ഷര്‍ട്ടുകളില്‍ 75ശതമാനവും അളിയന്റെ സെക്കന്റ് ഹാന്‍ഡ് ഷര്‍ട്ടുകളാണ്. പിന്നെ സ്‌നേഹമയിയായ അമ്മായിയമ്മ ആണ്ടുതോറും രണ്ടുമൂന്നു പുതിയ ഷര്‍ട്ടുകള്‍ സമ്മാനിക്കും. ഭാര്യയിതെല്ലാം കഞ്ഞിമുക്കിത്തേച്ചു വടിയാക്കി തന്നുവിടും. രണ്ടായിരത്തില്‍ കുറയാത്ത വിലയുള്ള ഷര്‍ട്ടുകളേ അമ്മായിയമ്മ സമ്മാനിക്കൂ. ആ രൂപയിങ്ങു തന്നാല്‍ മതിയായിരുന്നല്ലോന്നു ഞാന്‍ ഭാര്യയോടു പരിഭവം പറയും. അഞ്ഞൂറു രൂപയുടെ ഒരുഷര്‍ട്ടു വാങ്ങിയിട്ട് ബാക്കി രൂപയ്ക്ക് ചര്‍ച്ച് ആക്റ്റിനെക്കുറിച്ചുള്ള ഒരുപരസ്യം കൊടുക്കാമല്ലോന്നാണെന്റെ വിചാരം. ദാനംകിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോന്നു നോക്കണ്ടെന്ന് അവള്‍ പറയും. ലോകത്തിലേറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ വിവാഹവസ്ത്രം സംഘടിപ്പിച്ച കോളേജദ്ധ്യാപകന്‍ ഇപ്പനായിരിക്കണം. എന്റെ ഒരകന്ന ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ആയിരുന്നു എന്റെ വിവാഹം. ഞാനദ്ദേഹത്തിന്റെ പാന്റ്‌സും കോട്ടും ഡ്രൈക്ലീന്‍ ചെയ്‌തെടുത്തു. ആവശ്യം കഴിഞ്ഞ് ഡ്രൈക്ലീന്‍ ചെയ്തു തിരിച്ചുകൊടുത്തു. മൊത്തം മുപ്പതുരൂപ ചെലവ്. ആദ്യരാത്രിയില്‍ എന്റെ വീരവാദങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഇക്കാര്യവും ഞാന്‍ അവളോടു പറഞ്ഞു. അപ്പോളവളെന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അവളുടുത്തിരുന്നത് അവളുടെ ചേച്ചിയുടെ ഡ്രൈക്ലീന്‍ ചെയ്ത കല്യാണസാരിയായിരുന്നു ചങ്കരനൊത്ത ചക്കി തന്നെ. ഇവളെ ദൈവം എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ സമ്മതിച്ചോ?
പള്ളിക്കാര്യത്തില്‍ മാത്രം അപ്പന്‍ ധൂര്‍ത്തനായിരുന്നെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ. വ്യത്യസ്തമായ ഒരുരീതിയില്‍ പള്ളിക്കാര്യത്തില്‍ ഇപ്പനും ധൂര്‍ത്തനാണ്. ചര്‍ച്ച് ആക്റ്റു പ്രചരിപ്പിക്കാന്‍ വേണ്ടി പരസ്യം കൊടുത്ത വകയില്‍ ഈയൊരു വര്‍ഷംകൊണ്ട് അഞ്ചുലക്ഷം രൂപയെങ്കിലും പൊടിച്ചിരിക്കും. അപ്പന്റെ പിശുക്കിനെ വിമര്‍ശിക്കുന്ന സരസനായ ഒരു ബന്ധു ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ ഭാര്യയോടൊപ്പം വന്നു. അദ്ദേഹം പറഞ്ഞു. 'എന്റെയൊപ്പം സ്വത്ത് വറീച്ചനുണ്ട്. മാന്യമായ ജോലിയുമുണ്ട്.' ഇപ്പനന്ന് പത്തുവയസേ ഉള്ളൂ. അപ്പനെ ന്യായീകരിക്കേണ്ട ബാധ്യത അപ്പന്റെ ഉപ്പും ചോറും തിന്നുന്ന മകനുണ്ടല്ലോ. ഞാന്‍ പറഞ്ഞു 'അങ്കിളേ, പക്ഷെ ഒരു വ്യത്യാസമുണ്ട്. അപ്പനു ഞങ്ങളെട്ടു മക്കളുണ്ട്. അങ്കിളിനു മൂന്നല്ലേ ഉള്ളൂ.' വള്ളി നിക്കറുമിട്ടു മൂക്കളയുമൊലിപ്പിച്ചു നെഞ്ചും കൂടുകെട്ടി പിത്തശൂലപിടിച്ചവനെപ്പോലിരിക്കുന്ന പീറച്ചെറുക്കനോടു തോല്‍ക്കുന്നതെങ്ങനെ? അദ്ദേഹമുടനെ തന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെപ്പിടിച്ച് എന്റെ മുമ്പിലേക്കു നിറുത്തി. എന്നിട്ടു പറഞ്ഞു. 'എടാ മോനേ, ഇവളിപ്പോള്‍ത്തന്നെ പത്തുപെറാന്‍ സമയം കഴിഞ്ഞു. ഇനി വേണമെങ്കില്‍ ഒരുപത്തുംകൂടി പെറും. പക്ഷെ ഞാനിവളുടെ പ്രസവം നിറുത്തി.' അപ്രതീക്ഷിതമായ ഈ കടന്നാക്രമണത്തില്‍ ഞാനിരുന്നു പോയി. മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുമല്ലോ. അദ്ദേഹത്തിന്റെ ഉപദേശം എന്റെ ചങ്കില്‍ തുളഞ്ഞുകയറി. ഞാനേറെ ചിന്തിച്ചു. എന്നിട്ടൊരു തീരുമാനമെടുത്തു. എനിക്കദ്ദേഹത്തെക്കാള്‍ മിടുക്കനാവണം. കല്യാണം കഴിച്ചാല്‍ ഞാന്‍ രണ്ടുകുട്ടികളെ മാത്രമേ ജനിപ്പിക്കൂ. എനിക്കു രണ്ടുപെണ്‍മക്കളാണുള്ളത്. ഒരു മകനുണ്ടാകാത്തതിനെക്കുറിച്ച് ഇന്നേവരെ എനിക്ക് ഒരു നഷ്ടബോധവും തോന്നിയിട്ടില്ല. നെല്ലിക്കാക്കൊട്ട മറിച്ചിട്ടമാതിരി ആണ്‍മക്കളുള്ള എത്രയോ അപ്പനമ്മമാര്‍ വൃദ്ധമന്ദിരങ്ങളിലാണ്; മക്കളുടെ കുറ്റം കൊണ്ടല്ലാതെ തന്നെ. ഞാനും എന്റെ ഭാര്യയും ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ട് സ്വന്തമായി ജീവിക്കാന്‍ വയ്യാത്ത സാഹചര്യത്തില്‍ ഒരുവൃദ്ധമന്ദിരത്തില്‍ ചേക്കേറണമെന്ന്. മക്കള്‍ കൊച്ചുമക്കളുമായി അവിടെ വന്നു കാണണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇങ്ങനെയൊക്കെ മനക്കോട്ട കെട്ടിയാലും തലേവര വഴീല്‍കിടന്നു ചാകാനാണോന്നും നമുക്കറിഞ്ഞുകൂട. ഇന്ദുലേഖ മരിച്ചുപോകാന്‍ 99ശതമാനം സാധ്യതയുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ഡോക്ടറന്മാര്‍ എന്നെ രണ്ടാഴ്ചയോളം തുടര്‍ച്ചയായി പേടിപ്പിച്ചു. ഞാനാ ആശുപത്രിയുടെ ഇടനാഴിയിലൂടെ തേങ്ങിക്കരഞ്ഞു പ്രാര്‍ത്ഥിച്ചു നടന്നു. പക്ഷെ അതിനിടയ്ക്കും എന്റെ ഭാര്യയുടെ പ്രസവം നിര്‍ത്തിയതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ഒരിക്കല്‍പോലും പശ്ചാത്തപിച്ചില്ല. മൂന്നാമതൊരു കുഞ്ഞിനെക്കൂടി ജനിപ്പിക്കുന്നത് സൃഷ്ടാവിനോടും സമസൃഷ്ടികളോടും ചെയ്യുന്ന ഏറ്റവും കടുത്ത അപരാധമാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്.
ഇന്ദുലേഖ സുപ്രീംകോടതിയില്‍ തോറ്റ സമയം. കേരളത്തിലെ പത്രങ്ങള്‍ ആ വാര്‍ത്തയെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു. ബഹുമാനപ്പെട്ട ജഡ്ജി കേസു തള്ളിയതിനു പുറമേ അവളെ കഠിനമായി ശാസിച്ചു. 'ഇതൊരു വിദ്യാര്‍ത്ഥിയാണോ? വിദ്യാര്‍ത്ഥികള്‍ ഗാന്ധി ചമയാന്‍ നോക്കരുത്. വെടിവെച്ചു കൊന്നിട്ടു മാപ്പു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ?' ഇതെല്ലാം മാധ്യമങ്ങള്‍ അക്ഷരം വിടാതെ റിപ്പോര്‍ട്ടു ചെയ്തു. ഒരു കടുകുമണിയോളം പോലും തെറ്റുചെയ്യാത്ത എന്റെ മകള്‍ കേരളത്തിലേറ്റവും അപമാനിതയായ പെണ്‍കുട്ടിയായി മാറി. വിങ്ങുന്ന ഹൃദയവുമായി ഞാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോയി കണ്ടു. ഞാനൊരു മതവിമര്‍ശന ഗ്രന്ഥമെഴുതിയതിന്റെ പേരില്‍ എന്റെ രോഗിണിയായ മകള്‍ക്ക് മൂന്നുവിലപ്പെട്ട അക്കാദമിക വര്‍ഷങ്ങള്‍ നഷ്ടപ്പെട്ട കദനകഥ പറഞ്ഞു. അദ്ദേഹം അപ്പോള്‍ എന്നോടു ചോദിച്ചു. 'നിങ്ങള്‍ ക്രിസ്തുവിനെ വിമര്‍ശിക്കുന്ന പുസ്തകമാണോ രചിച്ചത്? ക്രിസ്തുവിന് മഗ്ദലമറിയവുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നൊക്കെ സ്ഥാപിക്കുന്ന മാതിരി ഗ്രന്ഥം. അങ്ങനെയെങ്കില്‍ നിങ്ങളുമായി സംസാരിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ക്രിസ്തുവിനെ ആരാധിക്കുന്ന ഒരുമനുഷ്യനാണ്.' ഞാന്‍ മറുപടി പറഞ്ഞു. ഞാനും ക്രിസ്തുവിനെ ആരാധിക്കുന്ന ക്രിസ്ത്യാനിയാണ്. ക്രിസ്തുവിനെ ആരാധിക്കുന്നതുകൊണ്ടാണ് ഞാന്‍ സംഘടിത ക്രിസ്തുമതത്തെ വാക്കുകളുടെ മുള്‍മുനകളില്‍ നിറുത്തി വിസ്തരിക്കുന്നത്. പുരോഹിതമേധാവിത്വത്തെയും കത്തോലിക്കാസഭയുടെ സാമ്പത്തിക ചൂഷണങ്ങളെയും മാത്രമാണ് ഞാന്‍ വിമര്‍ശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം എന്നോടു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഹൃദയവേദനയോടെ അദ്ദേഹം എന്നോടു സമ്മതിച്ചു, ഇന്നത്തെ കോടതികളും പീലാത്തോസിന്റെ കോടതികളുടെ തുടര്‍ച്ചയാണെന്ന്. ക്രിസ്തുവിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ പീലാത്തോസിന്റെ കോടതിയില്‍ നിന്നു നീതി ലഭിക്കും? അദ്ദേഹം വികാരഭരിതനായി ചോദിച്ചു. കൃഷ്ണയ്യര്‍ ക്രിസ്തുവിനെ ആരാധിക്കുന്നുവെന്നു പറഞ്ഞത് ഭംഗിവാക്കല്ലെന്ന് പിന്നീടെനിക്ക് ബോധ്യമായി. അദ്ദേഹം ക്രിസ്തുവിന്റെ ആദര്‍ശങ്ങളോടുള്ള സ്‌നേഹംമൂലം കോടികള്‍ വിലമതിക്കുന്ന സ്വന്തം തറവാട് തലശ്ശേരി ബിഷപ്പിന് ദാനംചെയ്തു. കൃഷ്ണയ്യരുടെ തറവാടാണ് തലശ്ശേരി ബിഷപ്പ് ഇപ്പോള്‍ അരമനയായി ഉപയോഗിക്കുന്നത്.
ജസ്റ്റിസ് കൃഷ്ണയ്യരുടെ കേരള വനിതാ കോഡ് ബില്ല് കത്തോലിക്കാമെത്രാന്മാരെ കണക്കറ്റ് പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മാധ്യമങ്ങള്‍ വഴി അമര്‍ഷരോഷവിഷങ്ങളെ അവര്‍ ഛര്‍ദ്ദിച്ചു കൊണ്ടേയിരിക്കുന്നു. ഈ രാജ്യത്തിന്റെ ആത്യന്തികമായ നന്മ ആഗ്രഹിക്കുന്നവരാണെങ്കില്‍ വനിതാ കോഡ് ബില്ലിനെ സ്വാഗതം ചെയ്‌തേ മതിയാവൂ. ബില്ലു നിയമമാക്കുന്നതിനുമുമ്പ് അതിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭഛിദ്രവും വ്യക്തിസ്വാതന്ത്ര്യനിഷേധവുമൊക്കെ ചര്‍ച്ചയുടെ പിരിധിയില്‍ വന്നുകൊള്ളും. വ്യക്തിസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചു വിലപിക്കുന്ന മെത്രാന്മാര്‍ വിശ്വാസികള്‍ക്ക് ഒന്നുറക്കെക്കരയാന്‍ പോലും സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണു തങ്ങളെന്നകാര്യം വിസ്മരിക്കരുത്. ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ സ്വന്തം കുക്ഷി വീര്‍പ്പിക്കുന്ന മെത്രാന്മാര്‍ വിശ്വാസികളുടെ വ്യക്തിസ്വാതന്ത്ര്യ നിഷേധത്തിന്റെ മറവില്‍ ക്രൈസ്തവദമ്പതികളുടെ കിടപ്പറയില്‍ തങ്ങളുടെ ശ്ലൈഹികാധികാരം വിനിയോഗിക്കാനുള്ള ദുഃസ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇപ്പന്റപ്പനെപ്പോലുള്ള ശുദ്ധാത്മാക്കള്‍ സന്താനവിഷയത്തില്‍ ധാരാളിയാവാനുള്ള ഒരേയൊരു കാരണം കത്തോലിക്കാമെത്രാന്മാരോടുള്ള അന്ധമായ ആരാധനയും വിധേയത്വവും മാത്രമാണ്. വനിതാ കോഡ് ബില്ലിനെ എതിര്‍ക്കുന്ന മെത്രാന്മാരുടെ ദുഷ്ടലാക്കുകള്‍ പലതാണ്. അച്ചനായാലുള്ള ഭൗതികസാധ്യതകള്‍ പലതായതുകൊണ്ട് അച്ചന്മാര്‍ക്കു പഞ്ഞം ഇനിയും നേരിട്ടിട്ടില്ലെന്നു തോന്നുന്നു. എന്നാല്‍ സ്വന്തം പെണ്‍കുഞ്ഞുങ്ങള്‍ കിണറ്റില്‍ പൊന്താനുള്ള സാധ്യത മാതാപിതാക്കളെ ഭയപ്പെടുത്തുന്നതുകൊണ്ടാവാം കന്യാസ്ത്രീമഠങ്ങള്‍ അതിവേഗം തരിശായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ കസ്റ്റഡിയിലുള്ള മന്ദബുദ്ധിവോട്ടുബാങ്കു കുറയുമെന്ന ഭീതി മെത്രാന്മാരെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഏതൊരു വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളാണോ പൗരോഹിത്യം സംരക്ഷിക്കുന്നത്, ആ മുതലാളിവര്‍ഗ്ഗത്തിന് പാദസേവ ചെയ്യുവാന്‍ അടിമകളെ ഭാവിയിലും സുലഭമായി ലഭിക്കും എന്ന് ഉറപ്പാക്കുക - അതും ഒരു പ്രധാന ലക്ഷ്യമാണ്. ദുഃഖങ്ങളും ദുരിതങ്ങളും പ്രശ്‌നങ്ങളും ജനസംഖ്യയോടൊപ്പം വര്‍ദ്ധിക്കും എന്നു മനസ്സിലാക്കാനും മാത്രം ബുദ്ധിയൊക്കെ നമ്മുടെ മെത്രാന്മാര്‍ക്കുമുണ്ട്. മെത്രാന്മാരുടെ തൊട്ടടുത്ത ബന്ധുക്കള്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തിനോക്കൂ. ഓരോവീട്ടിലും കുട്ടികളെത്രയെന്ന്. തങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ദുഃഖദുരിതങ്ങള്‍ വര്‍ദ്ധിച്ചുകൊള്ളട്ടെ എന്നാണവരുടെ ഉള്ളിലിരുപ്പ്. ദുഃഖദുരിതങ്ങള്‍ വളരുന്തോറും തളരാത്ത രണ്ടു വ്യവസായങ്ങളേ ഈ ദുനിയാവിലുള്ളൂ. ആത്മീയ വ്യവസായവും മദ്യ വ്യവസായവും.
ചില ഭാര്യമാര്‍ ചിലപ്പോള്‍ കിടപ്പറയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളയും. ഭര്‍ത്താവ് കുടിച്ചുകൂത്താടി വന്നതോ, നെക്‌ലേസു വാങ്ങിക്കൊടുക്കാത്തതോ ഒക്കെയാവാം കാരണം. ആ പാവത്താന്‍ മുക്രയിട്ട് ചുരമാന്തി മൂക്കു വീര്‍പ്പിച്ച് പൊറുപൊറുത്ത് നേരം വെളുപ്പിക്കും. നേരം വെളുത്ത് കുഞ്ഞുങ്ങളുണരുന്നതോടുകൂടി പക അബോധമനസ്സിലേക്ക് ചേക്കേറുന്നു. ഉള്ള കാരണം പറഞ്ഞു വഴക്കുകൂടിയാല്‍ കൊച്ചുങ്ങളെന്തു വിചാരിക്കും? പിന്നെ അവന്‍ പകലന്തിയോളം ഭാര്യയില്‍ കുറ്റം കണ്ടുപിടിക്കും. ഉപ്പിലിട്ടതിന് ഉപ്പില്ല. എരിശ്ശേരീല്‍ കഷണമില്ല. മത്തിക്ക് ഉളുമ്പുനാറ്റമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക്. നമ്മുടെ മെത്രാന്മാര്‍ ഇപ്പോള്‍ ഇത്തരം ഭര്‍ത്താക്കന്മാരുടെ ഗതികേടിലാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ മിക്‌സിയിലടിച്ചു ജൂസാക്കിക്കൊടുത്താല്‍ ഒറ്റവലിക്കു കുടിക്കാനും മാത്രം ദേഷ്യമുണ്ട് കത്തോലിക്കാമെത്രാന്മാര്‍ക്ക്. സത്യത്തില്‍ അത് അങ്ങേര് കേരള വനിതാ കോഡ് ബില്ല് നിര്‍ദ്ദേശിച്ചതിന്റെ പേരിലൊന്നുമല്ല. യഥാര്‍ത്ഥ കാരണം അദ്ദേഹം നിര്‍ദ്ദേശിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലാണ്. അതു തുറന്നുപറയാന്‍ പോലും വയ്യാത്ത ഗതികേടിലാണവര്‍. പിള്ളേരായ വിശ്വാസികള്‍ കാര്യം മനസ്സിലാക്കില്ലേ? ചര്‍ച്ച് ആക്ട് ഒരു ചര്‍ച്ചാവിഷയമാകുന്നതിനെപ്പോലും അവര്‍ ഭയപ്പെടുന്നു. പെരുവെള്ളപ്പാച്ചിലിനു മണല്‍ച്ചാക്കുകൊണ്ട് അണകെട്ടുന്നതുപോലെ അവര്‍ ഇടതു-വലതുപക്ഷങ്ങളെയും മാധ്യമങ്ങളെയും എല്ലാം വിലയ്‌ക്കെടുത്ത് തല്‍ക്കാലത്തേക്ക് നിശബ്ദരാക്കിയിരിക്കുകയാണ്. കത്തോലിക്കാമതമൊഴിച്ചുള്ള മറ്റെല്ലാ മതങ്ങളിലും മതസ്വത്തുഭരണം വിശ്വാസികളാണു നടത്തുന്നത്. ചര്‍ച്ച് ആക്ടിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് യുക്തിഭദ്രമായ
ഒരുകാരണവുമില്ല. ഇതേറ്റവും നന്നായി അറിയാവുന്നത് അവര്‍ക്കുതന്നെയാണ്. അതുകൊണ്ട് എന്തുവിലകൊടുത്തും ചര്‍ച്ച് ആക്ടിനെ ഒരു ചര്‍ച്ചാ വിഷയമാക്കാതിരിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. സ്വന്തം കക്ഷത്തില്‍ ഭദ്രമായി ഇരിക്കുന്ന സമ്പത്തു നഷ്ടപ്പെടുമെന്നു കാണുമ്പോള്‍ ആരും പരിഭ്രാന്തരായിപ്പോവും. കാനോന്‍ നിയമമനുസരിച്ച് മതസമ്പത്തു മുഴുവന്‍ മെത്രാന്റെ സ്വകാര്യസ്വത്താണ്. ചര്‍ച്ച് പ്രോപ്പട്ടീസ് ബില്‍ എന്ന ഭൂതത്തെ കുടത്തില്‍നിന്നു തുറന്നുവിട്ടതിനാണ് മെത്രാന്മാര്‍ക്ക് കൃഷ്ണയ്യരോടു പക. സ്വന്തം തറവാട് തലശ്ശേരി രൂപതയുടെ ഇഷ്ടപ്രാണേശ്വരി തന്നെയായിരുന്നു. കുടിച്ചുകൂത്താടി വന്നപ്പോള്‍ സെക്‌സു നിഷേധിച്ചതാണു പിണക്കത്തിനു കാരണമെന്ന് കൊച്ചുങ്ങളോടെങ്ങനെ പറയും? അതുകൊണ്ടു കപ്പയ്ക്കുപ്പില്ലെന്നു പറഞ്ഞു കയര്‍ക്കുന്നെന്നേയുള്ളൂ.
(2011 നവംബര്‍ ലക്കം ബിലാത്തി മലയാളി-യില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment