Translate

Saturday, November 12, 2011

അന്നത്തേതുപോലെ ഇന്നും മെത്രാന്മാര്‍ 'കല്പിക്കുന്നു'


ഓശാന മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഒരു ലേഖനമാണിത്. കാലം മാറിയിട്ടുണ്ടോ?

രാജത്വം ലോകമെമ്പാടും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും രാജപദവി ഇന്നും കാത്തുസൂക്ഷിക്കുന്ന, സൂക്ഷിക്കാന്‍ പരിശ്രമിക്കുന്ന, ഒരു വിഭാഗമാണ് നമ്മുടെ മെത്രാന്‍ തിരുമേനിമാര്‍ . രാജകീയമായ വേഷം നാണമില്ലാതെ പരസ്യമായി ധരിക്കാന്‍ ഇവര്‍ക്ക് ഇന്നും മടിയില്ല. കത്തീഡ്രല്‍ പള്ളികളിലെ വെല്‍വെറ്റ് കുഷ്യനുകളുള്ള സിംഹാസനങ്ങള്‍ കാണുക. ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുള്ളഒരു രാജാവുപോലും കിരീടവും ചെങ്കോലും പരസ്യമായി എടുത്തണിഞ്ഞു നില്‍ക്കാറില്ല. എന്നാല്‍ മെത്രാന്മാര്‍ നിര്‍ലജ്ജം ഇന്നും അവ ഉപയോഗിക്കുന്നു. നമ്മുടെ വ്യവഹാരഭാഷയില്‍ നിന്നും കല്പന എന്ന രാജകീയപദം അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്കിലും ഇന്നും മെത്രാന്മാര്‍ 'കല്പിക്കുന്നു.'
മുന്‍കാലങ്ങളില്‍ രാജാക്കന്മാരെ സന്ദര്‍ശിക്കുന്നതിനു ചില ചട്ടവട്ടങ്ങളുണ്ടായിരുന്നു. ഈ ചട്ടവട്ടങ്ങള്‍ പാലിക്കാതെ ചെന്നതിനാലാണോ എന്തോ ഈയിടെ POC-യില്‍ ചെന്ന വൈദികരെ മെത്രാന്മാര്‍ കാണാന്‍ വിസമ്മതിച്ചത്.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന M.M. വര്‍ക്കിയുടെ 'ഓര്‍മ്മകളിലൂടെ' എന്ന ഗ്രന്ഥത്തില്‍ മഹാരാജാവിനെ മുഖംകാണിക്കുന്നതു സംബന്ധിച്ചുള്ള മുന്‍കാല ആചാരം വിവരിക്കുന്നതിങ്ങനെയാണ്:

''അക്കാലങ്ങളില്‍ മഹാരാജാ വിനെ (പൊന്നുതമ്പുരാനെ) കാണുക അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. കൂടിക്കാഴ്ചയ്ക്കു 'മുഖംകാണിക്കുക' എന്നാണ് അന്നൊക്കെ പറഞ്ഞുപോന്നിരുന്നതും. 'മുഖംകാണിക്കാന്‍ അനുവാദം കിട്ടുകതന്നെ അന്നൊക്കെ നന്നേ പ്രയാസമേറിയ ഒരു കാര്യമായിരുന്നു. അനുവാദം കിട്ടിയാലോ പിന്നെയുമുണ്ട് കുറേ കുണ്ടാമണ്ടികള്‍. പുലര്‍ച്ചയ്ക്കു കൊട്ടാരത്തില്‍ എത്തിയിരിക്കണം. വൈദികരല്ലാത്തവരൊക്കെ അര്‍ദ്ധനഗ്നരായിട്ടുവേണം ചെല്ലാന്‍ . ഷര്‍ട്ട് എന്ന ഒന്നു പാടില്ല; ഉടുമുണ്ടിനുമേലെ രണ്ടാംമുണ്ട് അരയില്‍ കെട്ടിയിരിക്കണം, അത് നിര്‍ബന്ധമാണ്. വായ് പൊത്തിവേണം 'തിരുമുമ്പില്‍ ' നില്‍ക്കാന്‍ . ഇങ്ങനെയൊക്കെ ചെന്നുനിന്നാലും 'മെമ്മോറിയല്‍' നേരിട്ടു 'തൃക്കൈയില്‍ ' കൊടുക്കാനും പാടില്ല. നെടിയ തൂശനില കൂടെ കൊണ്ടുപോകണം. അതു തൃപ്പാദങ്ങളില്‍വച്ച് അതില്‍ ഭക്ത്യാദരപൂര്‍വ്വം മെമ്മോറിയല്‍ പ്രതിഷ്ഠിക്കണം. അതിനുമുമ്പായി സ്വര്‍ണ്ണനാണയങ്ങളോടും പട്ടുവസ്ത്രങ്ങളോടുംകൂടിയ തിരുമുല്‍ ക്കാഴ്ച വയ്ക്കുകയും വേണം. ഈ പങ്കപ്പാടുകളും കസര്‍ത്തുകളുമെല്ലാം അണുമാത്രം തെറ്റാതെ പ്രവര്‍ത്തിച്ചാല്‍ രണ്ടോ നാലോ വാക്കുകള്‍ 'തിരുമുഖ'ത്തുനി ന്നും പൊഴിഞ്ഞെന്നുവരും. അതെന്താ ണെന്നു മനസ്സിലായെന്നുമില്ലെന്നും വരാം. 'വേണ്ടതു ചെയ്യാം', 'ദിവാനോടു പറയാം' എന്നൊക്കെയാവാം അതിന്റെയെല്ലാം പൊരുള്‍ . പിന്നെ ആരുമൊന്നും കുത്തിപ്പൊക്കിയില്ലെങ്കില്‍ ദിവാന്‍ജിപോലും ആ ഏടുകളൊന്നും കാണാതെ ഹജൂരാഫീസിലെ വല്ല പാറ്റാ സങ്കേതങ്ങളിലും കിടന്നുപൊടിഞ്ഞുപോകുകയും ചെയ്യും'' (ജ: 64).

ഒരുപക്ഷേ POC-യില്‍ ചെന്ന വൈദികര്‍ പട്ടും പൊന്നും തൂശനിലയില്‍ തിരുമുല്‍ക്കാഴ്ചവെച്ച് മെമ്മോറാണ്ടം കൊടുക്കാതിരുന്നതിനാലാവാം അവരെ മുഖം കാണിക്കാന്‍ നമ്മുടെ ആദ്ധ്യാത്മിക കുട്ടിരാജാക്കന്മാര്‍ അനുവദിക്കാതിരുന്നത്.
മറ്റൊരു സംഭവംകൂടി എം.എം. വര്‍ക്കി വിവരിക്കുന്നുണ്ട്. റീജന്റ് മഹാറാണി ലക്ഷ്മീഭായ് രാജ്യം ഭരിക്കുന്ന കാലം. തിരുവനന്തപുരത്തെ അഞ്ചാറ് പത്രപ്രവര്‍ത്തകര്‍ ഈ തൂശനിലയും പട്ടും പവനും കൂടാതെ, അര്‍ദ്ധനഗ്നരല്ലാതെ, കൊട്ടാരത്തില്‍ ചെന്നു. ശ്രീ വര്‍ക്കി ഇങ്ങനെ തുടരുന്നു: ''ഒരു കൂസലും കൂടാതെയുള്ള ഞങ്ങളുടെ ആഫീസിലേക്കുള്ള പ്രവേശനവും അനുമതി കാത്തുനില്‍ക്കാതെ കസേരകളില്‍ കയറിയുള്ള ഇരുപ്പും കുളത്തു അയ്യരെ അല്പമൊന്നു വെകളി പിടിപ്പിച്ചു. എന്താണു കാര്യമെന്നായി അദ്ദേഹം. 'റീജന്റിനെ കാണാന്‍ '. ''മുഖം കാണിക്കാന്‍ ' എന്ന പദത്തിന്റെ അഭാവം കുളത്തു അയ്യരെ ഒന്നുകൂടി പകപ്പിച്ചു. ''ആദ്യമായി മുഖം കാണിക്കുകയല്ലേ? പട്ടും സ്വര്‍ണ്ണവും കൊണ്ടുവന്നിട്ടുണ്ടോ?'' എന്നൊരു ചോദ്യം. 'അതെന്തിന്?' എന്നായി ഞാന്‍ . രണ്ടും കൊണ്ടുവരാത്തവര്‍ രണ്ടു രൂപാ കൊടുക്കണം. അപ്പോള്‍ ഒരു പട്ടുതുണി കുളത്തുഅയ്യര്‍ തരും. ഇലയും തയ്യാര്‍ ഉണ്ടായിരിക്കും. സാധാരണക്കാര്‍ കുളത്തുഅയ്യര്‍ക്കു രണ്ടു രൂപാ കൊടുത്ത് ഇലയും തുണിയും വാങ്ങുകയാണു പതിവ്. പിന്നെ ഞാനും, കുളത്തു അയ്യരും തമ്മിലായി തര്‍ക്കം. അത് അല്പം രൂക്ഷമായിട്ടും ആയിരുന്നു. കാശു കൊടുത്തു ഞങ്ങളുടെ മഹാറാണിയെ കാണാന്‍ ഞങ്ങള്‍ തയ്യാറില്ല; അല്ലാതെ തന്നെ ഞങ്ങള്‍ക്കു മഹാറാണിയെ കാണണം, കണ്ടിട്ടേ ഞങ്ങള്‍ പോവുകയുള്ളൂ. കുളത്തു അയ്യര്‍ രാജസ്ഥാനത്തിന്റെ പിന്‍ബലം കണ്ടിട്ടുള്ള മുഷ്‌കോടെയും, ഞങ്ങള്‍ പത്രങ്ങളുടെ പിന്‍ബലം വച്ചുകൊണ്ടുള്ള തണ്ടോടെയുമായി വിവാദം. പരിസരം മറന്നുള്ള ഈ ഒച്ചപ്പാടിനിടയില്‍ മണിയടി കേട്ടു. അടുത്തനിമിഷംതന്നെ ഞങ്ങളുടെ മുന്നില്‍നിന്നും കുളത്തു അയ്യര്‍ അപ്രത്യക്ഷനുമായി. ഒരു പത്തു നിമിഷം കഴിഞ്ഞു കാണും, കുളത്തു അയ്യര്‍ മടങ്ങിവന്ന്, ''തിരുമനസ്സിനെ ഉടനേതന്നെ കാണാം; കൂടെ വരണം'' എന്നു പറഞ്ഞു. ഞങ്ങളെ അദ്ദേഹം റീജന്റിന്റെ സ്വീകരണമുറിയിലേക്കു നയിച്ചു. ഞങ്ങള്‍ ഓരോരുത്തരായി മുറിയില്‍ കടന്ന് നിരന്നുനിന്നു. റീജന്റു അല്പം അകലെയുള്ള ഒരു വാതുക്കല്‍ നില്ക്കുകയാണ്. ചെറിയൊരു പുഞ്ചിരിയോടെയാണു നില. ഞങ്ങളുടെ തര്‍ ക്കവും ഡിമാന്‍ഡും കുറച്ചൊക്കെ കേട്ടിരിക്കും; മുഴുവനും കുളത്തു അയ്യര്‍ ധരിപ്പിച്ചിട്ടുമുണ്ടാവാം. ഞങ്ങള്‍ ആരെല്ലാമാണെന്നു പരിചയപ്പെടുത്തിയശേഷം ഞങ്ങള്‍ ഞങ്ങളുടെ പത്രങ്ങളുടെ വിവരങ്ങളും പറഞ്ഞു മനസ്സിലാക്കി'' (മുന്‍ഗ്രന്ഥം പേജ് 69-70).

റീജന്റു മഹാറാണിപോലും ആചാരം വെടിഞ്ഞ് പ്രജകളെ കാണാന്‍ തയ്യാറായിട്ട് വര്‍ഷം 70 കഴിഞ്ഞു. എങ്കിലും യേശു എന്ന ആശാരിച്ചെറുക്കന്റെ പ്രതിനിധികളാണെന്നു സ്വയം പ്രഖ്യാപിച്ച തിരുമേനിമാര്‍ക്ക് ഇണങ്ങരുടെയും വൈദികരുടെയും നിവേദനം തിരുക്കൈകളില്‍ മേടിക്കാനും തിരുമുഖം കാണിക്കാനും മടി. ''കര്‍ത്താവേ, ഇതെന്തൊരു കാലം!!!

200-ഓളം വൈദികര്‍ നിവേദനവുമായി മെത്രാന്മാരുടെ അടുക്കല്‍ ചെന്നപ്പോള്‍ അതു വാങ്ങാതിരുന്ന ധിക്കാരമല്ല; മറിച്ച് നിവേദനം കൊടുത്ത 'ധിക്കാര'ത്തെയാണ് അച്ചടക്കലംഘനമായി അരമന ആസനശുശ്രൂഷകര്‍ക്ക്‌ കണ്ടത്. ജനങ്ങള്‍ ആവശ്യപ്പെടുന്നവിധം ലോകത്തിലെ 99.9% വൈദികരും കുര്‍ബ്ബാന ചൊല്ലുന്നതുപോലെ ജനാഭിമുഖമായി കുര്‍ബ്ബാന ചൊല്ലാന്‍ അനുവദിക്കണം എന്ന് അപേക്ഷിച്ചതാണ് 200-ഓളം വൈദികരുടെ തെറ്റ്; അച്ചടക്കലംഘനം!
പാലായില്‍നിന്നും പോയ നിവേദനത്തെക്കുറിച്ച് ദീപികയില്‍ വന്ന വാര്‍ത്ത താഴെക്കൊടുക്കുന്നു:

''നാളിനുവരെ അനുവര്‍ത്തിച്ചുപോന്ന സഭാപാരമ്പര്യത്തിനു വിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടായാല്‍ അവ അസ്വീകാര്യമായിരിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.'' അപ്പോള്‍ സഭാപാരമ്പര്യം പാലായിലും ചങ്ങനാശ്ശേരിയിലും നടക്കുന്ന പൃഷ്ഠക്കുര്‍ബ്ബാനയാണ്. ജനങ്ങളോട് പൃഷ്ഠം തിരിഞ്ഞുനിന്നല്ലാത്ത ഒരു കുര്‍ബ്ബാന ചൊല്ലണമെന്ന് മാര്‍പ്പാപ്പ പറഞ്ഞാലും അത് അസ്വീകാര്യമായിരിക്കുമെന്നു പറഞ്ഞവര്‍ക്ക്‌ അച്ചടക്കത്തെക്കുറിച്ച് പറയാന്‍ എന്തവകാശമെന്നാരും ചോദിക്കരുത്.

6 comments:

  1. I am sure the public find their dress respectable. Otherwise, why should they wear these comic apparels in the extreme hot and humid weather of Kerala. Ever thought of their misery when they are not "air-conditioned?"

    To me, they look like Don Quixhotes; far from respectable. Pathetic creatures, destined to lead comic life.

    Long live Mar Don Quixhotes!

    ReplyDelete
  2. People respect not the robes but the deeds. But the bishops know well that the believers are slaves and the majority will blindly obey & pay everything. We know all autocrats were wiped out from power by the people's power-History attests.
    George Joseph K.
    9747304646

    ReplyDelete
  3. എത്രയോ കാലമായി മനുഷ്യര്‍ക്ക്‌ ഉപയോഗശൂന്യരായ കോമാളികളായി ഞാന്‍ എഴുതിത്തള്ളിയ ഒരു വിഭാഗമാണ്‌ മെത്രാന്മാര്‍. അവരെ നന്നാക്കാന്‍ നോക്കുന്നത് ഒട്ടകക്കയര്‍ സൂചിക്കുഴയിലൂടെ കയറ്റുന്നതിലും അസ്സാദ്ധ്യമായ കാര്യമാണ്. പയ്യന്‍സ് വെറുതേ സമയം കളയാതെ.
    Zach Ned.

    ReplyDelete
  4. maarakamaaya keedanaashinikal govermenment nirodichu.endosulphaan baakkivannathu kayattumathi cheyyaan theerumaanavumaay. enthukond kraisthava naashiniyaaya methran enna visham nirodikkunnilla,vathikkaanilek kayattumathi cheyyunnumilla,raajyam nashikkatte ennaano!

    Kuriakose Eliyas 9605392401

    ReplyDelete
  5. Government has banned dangerous poisons. The balance Endosulfan was ordered to export. But why these deadly 'Christicides'(bishops)are not banned or exported to Vatican? Are they spared to ruin our society!

    ReplyDelete
  6. എന്‍റെ രാജ്യം ഇഹലോകത്തില്‍ അല്ലായെന്ന് യേശുഭഗവാന്‍ പറഞ്ഞപ്പോള്‍ തെറ്റെന്നുപറഞ്ഞു പടവാളും പടയോട്ടവുമായി നമ്മുടെ പുരോഹിതലോകം ഒരിക്കല്‍ രാജ്യങ്ങളെല്ലാം പിടിച്ചെടുത്തില്ലേ!!! കൊല്ലരുതെന്ന് പറഞ്ഞപ്പോള്‍ അവിടുത്തെ അനുയായികളായ തിരുമേനിലോകം ഗുരുവിനെ ധിക്കരിച്ചു എത്രയെത്ര രക്ത പുഴകള്‍ ഈ ലോകത്ത് ഒഴുക്കിയിരിക്കുന്നു. ഇന്ന് വത്തിക്കാന്‍ എന്ന കൊച്ചുരാജ്യത്തിന്‍റെ രാജകുമാരന്മാര്‍ യേശുവിന്‍റെ സ്വര്‍ഗരാജ്യം വിറ്റു പണം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. സാമ്രാജ്യങ്ങളില്ലെങ്കിലും ചെങ്കോലും രാജകിരീടവും രാജവടിയും കോടാനുകോടി അടിമകളായ അല്‍മായപ്രജകളും മെത്രാന്‍മാര്‍ക്ക് ലോകമെമ്പാടുമുണ്ട്. യേശു പാവങ്ങളുടെ പാദങ്ങള്‍ കഴുകിയപ്പോള്‍ കുജേലകുബേര വിത്യാസമില്ലാതെ കൊച്ചുകുട്ടികള്‍ മുതല്‍ അല്‍മായപ്രജകളും അവരുടെ വീട്ടമ്മമാരും ഓടിനടക്കുകയാണ് ആ പൊന്നു തിരുമേനിമാരുടെ മോതിരമൊന്നു മുത്തുവാന്‍. യേശു കുഞ്ഞാടുകളെ തീറ്റിയപ്പോള്‍ അതിന്‍റെ ലാഭം കൊയ്തത് തിരുമേനിമാരും. യേശു പാവം ഒരു ആശാരി ചെറുക്കന്‍ എന്നാല്‍ ഇവര്‍ രാജപുരോഹിതരോ എക്കാലവും യജമാനന്മാര്‍. യേശു തന്‍റെ തോളില്‍ ഭാരമുള്ള കുരിശു വഹിച്ചപ്പോള്‍ ഭൂമിയിലെ ഇല്ലാരാജ്യത്തിലെ ഈ രാജാക്കന്മാര്‍ ഭാരമേറി കെട്ടുകെട്ടായി പണവും നവരത്നങ്ങളും എല്ലാ രാജ്യങ്ങളിലും കുന്നുകൂട്ടിയിരിക്കുകയാണ്. അവിടുന്ന് ചുങ്കക്കാരെയും കച്ചവടക്കാരെയും ദേവാലയങ്ങളില്‍നിന്ന് പുറത്താക്കിയപ്പോള്‍ ബിഷോപ്പ് രാജാക്കന്മാര്‍ ലാഭം കൊയ്യുവാന്‍ അവരെ സ്വാഗതം ചെയുന്നു. യേശു നിയമങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ കാനോന്‍നിയമംവഴി അവിടുത്തെ നിയമങ്ങളെ ഇവര്‍ ‍ നീചാവസ്തയിലാക്കി. എവിടെ പുരോഹിതര്‍ വാണരുളുന്നോ അവിടെ അടിമത്വമുണ്ട്, പട്ടിണിയുണ്ട്, ചൂഷണവുമുണ്ട്.

    ReplyDelete