Translate

Wednesday, December 5, 2012

പൗരോഹിത്യ രജതജൂബിലി ആശംസാഗാനം


              സാമുവല്‍ കൂടല്‍

ഒരുക്കുന്നാരോ മമ മാനസോദ്യാനംതന്നില്‍
ആശംസാപൂചെണ്ടുകള്‍ ആയിരമെങ്ങക്കായി;
അണിയുക്കുന്നു ഞാനെന്‍ അനുമോദനം കോര്‍ത്ത
സ്‌നേഹത്തിന്‍ പുമാലയെന്‍ വന്ദ്യനാം പുരോഹിതാ. . .
തൊഴിലില്ലായ്മക്കിന്നൊ'രീസി'യാം പരിഹാരം
പൗരോഹിത്യമായ് ചിലര്‍ കാമുമീ കലികാലേ,
സഭകള്‍ നാനജാടവേഷങ്ങളണിയിച്ചു
'ദൈവദാസരെ' പടച്ചിറക്കും കലികാലേ,
ടിവിയില്‍ ചാനല്‍തോറും 'വചന' കസര്‍ത്തുകള്‍!
കേള്‍ക്കാതെ ചാനല്‍ മാറ്റി ക്ഷീണിച്ചൊരവശര്‍ക്ക്
കോട്ടാലും മതിവരാത്താത്മഹര്‍ഷചിന്തന-
ഭാഷണമനേകമായ് ചൊരിയും ജോസഫച്ചാ,
മനസ്സിന്നാഴങ്ങളില്‍ വേദമാം ചിപ്പിക്കുളളില്‍
വരിയും 'വചനങ്ങള്‍' നന്മതന്‍ മന്നാപോലെ
അറിയാന്‍ വിശക്കുമീ സഭതന്‍ മക്കള്‍ക്കാത്മ-
ഭോജനം ദിനംതോറും പൊഴിക്കും ജോസഫച്ചാ. . .
കാലത്തിന്‍ കുര്‍ബാനയായ് ക്രൂശിലാത്തനുനിണം
നേദിച്ച മശിഹാതന്‍ ത്യാഗമാം യാഗാന്ധിയില്‍
എരിയാന്‍ നിവേദിക്കൂ താവക നരജന്മ-
കര്‍മ്മങ്ങള്‍ യാമംതോറും പുണ്യമാം കുര്‍ബാനയായ്!
ഹന്നായ്ക്കു ദൈവം നല്‍കിയ പൊന്മുത്തിനെ
തന്നൊരാ ദേവന്നവള്‍ കാണിക്കയര്‍പിച്ചപോല്‍
കുറകയ്‌ക്കൊരു വരദാനമായ് ലഭിച്ച 'വെണ്‍-
കുറകയാം ജോസഫെ' നേദിച്ചോരധിധന്യര്‍!
മനസ്സിന്നള്‍ത്താരയില്‍ ത്യാഗമാം കുര്‍ബാനകള്‍
അര്‍പ്പിക്കും ശമര്യരേ, 'നിങ്ങള്‍ക്കു സമാധാനം'!
'കുര്‍ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ
ഓര്‍മ്മക്കായ് കാലത്തോളം' എന്നേശു വിതുമ്പുന്നു. . .!
കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ!
വിയര്‍പ്പിനപ്പം ചേലില്‍ മുറിക്കൂ പുരോഹിതാ;
ക്രോബകള്‍ കാതോര്‍ക്കട്ടെ കാദീശാര്‍ത്തുപാടട്ടെ!
മനസ്സകോവില്‍തോറും കാല്‍വരി ഉയരട്ടെ!
വാഴ്‌വുകള്‍ ആശംസകള്‍ അനുമോദനമച്ചാ,
സ്വീകരിച്ചാലും ധന്യജൂബിലീയാഘോത്തില്‍;
നിത്യനാം പുരോഹിതന്‍ ക്രിസ്തുവിനൊപ്പം നിന്നു
സത്യമാം ഗേഹത്തിലേക്കാനയിക്കീ ഞങ്ങളെ . . .
ആത്മാവിനാനന്ദമായ് അറിവിന്‍ തേന്‍തുളളികള്‍
ആവോളം കിനിയിച്ചോനമൃതനായ് വാഴുക!
വാനവര്‍ക്കാമോദനായ് മാനവര്‍ക്കാശ്വാസമായ്
സഫല്യമാകും തവജന്മമേ പുണ്യം ശുഭം!

കലഞ്ഞൂര്‍ ,
25-08-2010
To, REV.FR.JOSEPH SAMUEL, KARUKAYIL, 

No comments:

Post a Comment