Translate

Thursday, May 1, 2014

മലയാളി എന്തുകൊണ്ട് ഇങ്ങനെ?

എം.വി. ദേവന്‍

കഴിഞ്ഞ ജനുവരി 27 നു ഹൗറ മെയിലിന്‌ ഞാന്‍ മദിരാശിക്കു പോവുകയായിരുന്നു. മറ്റുരണ്ടു തീവണ്ടികള്‍ക്ക്‌ ടിക്കറ്റ്‌ കിട്ടാത്തതിനാലും ഹൗറ വണ്ടി മദിരാശി സെന്‍ട്രലില്‍ എത്തുന്നസമയം കാലത്ത്‌ 9 മണി ആയതിനാലുമാണ്‌ ഈ വണ്ടിക്കു യാത്രതിരിച്ചത്‌. സൗകര്യമായി കിടക്കുന്നതിന്‌ ബര്‍ത്തും ലഭിച്ചിരുന്നു. പിറ്റേദിവസം കാലത്ത്‌ നാലര നാലേമുക്കാല്‍മണിയായപ്പോള്‍ ഞാന്‍ ഉറക്കമുണര്‍ന്നു. വണ്ടി നിശ്‌ചലാവസ്‌ഥയിലാണ്‌. ചുറ്റുപാടും വെളിച്ചമൊന്നുമില്ല. ഏതെങ്കിലും സ്‌റ്റേഷനില്‍ എത്താന്‍ സിഗ്നല്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്നു കരുതി. സഹയാത്രികര്‍ നല്ല ഉറക്കമായതിനാല്‍ പ്രഭാതകൃത്യങ്ങളെല്ലാം നിറവേറ്റാന്‍ ഏറെ സൗകര്യം ലഭിച്ചു. സമയം അരമണിക്കൂര്‍ കഴിഞ്ഞു. മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞു. വണ്ടി നീങ്ങുന്നില്ല. ഇതിനിടയില്‍ ചായക്കാരന്‍വന്നു. അയാളില്‍ നിന്ന്‌ ഒരു കപ്പ്‌ ചായ വാങ്ങിക്കഴിച്ചു. വണ്ടി നീങ്ങാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, ഇതിനുമുമ്പേ ആ വഴിക്ക്‌ മദിരാശിക്കുപോയ ഏതോ ഒരു വണ്ടി പാളത്തില്‍ മറിഞ്ഞുകിടക്കുന്നു. ഇനി നാലുമണിക്കൂറെങ്കിലും കഴിയാതെ ഈ വണ്ടി പുറപ്പെടുമെന്നു തോന്നുന്നില്ല.
രാവിലെ ഏഴുന്നേറ്റാല്‍ ഒരു മണിക്കൂര്‍ നടക്കുന്ന പതിവുണ്ട്‌. കുറച്ചുനാളായി തുടങ്ങിയതാണ്‌. അതുകൊണ്ട്‌ വാര്‍ധക്യസഹജമായ അസ്വാരസ്യങ്ങളെ കുറെയൊക്കെ അകറ്റിനിര്‍ത്താന്‍ സാധിക്കുന്നുണ്ട്‌. ഈ നടപ്പ്‌ കമ്പാര്‍ട്ട്‌മെന്റില്‍ അങ്ങോട്ടുമിങ്ങോട്ടും ആവാമെന്നുവച്ചു. ഇതിനിടയില്‍ നേരം പുലര്‍ന്നു. വെളിച്ചത്തില്‍ പരിസരമൊക്കെ വ്യക്‌തമായി കാണാം. ഈ വണ്ടി നില്‍ക്കുന്നത്‌ ഏതോ ഒരു ചെറിയ സ്‌റ്റേഷനിലാണ്‌. ഞാന്‍ യാത്രചെയ്ുന്ന ബേയാഗിയുടെ തൊട്ടടുത്താണ്‌ അവിടെയുള്ള ചെറിയ പോലീസ്‌ സ്‌റ്റേഷന്‍. ഞാന്‍ ഇറങ്ങി പോലീസ്‌ സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ മദിരാശിക്കുപോകുന്ന ചേരന്‍ എക്‌സ്‌പ്രസ്‌ ആണ്‌ ജോലാര്‍പേട്ട ജംഗ്‌ഷനടുത്തുള്ള ഒരു ചെറിയ സ്‌റ്റേഷനടുത്തുവച്ചു മറിഞ്ഞതെന്നും നാലഞ്ചു ബോഗികള്‍ റെയില്‍പാളത്തില്‍ നിന്നു തെന്നിമാറിയിട്ടുണ്ടെന്നും ആളപായമുണ്ടോ മറ്റു നാശനഷ്‌ടങ്ങളെന്താണ്‌ എന്നുള്ള വിവരമൊന്നും അവിടത്തെ ഉദ്യോഗസ്‌ഥര്‍ക്ക്‌ അറിയില്ലെന്നും പറഞ്ഞു. ഏതായാലും അപകടസ്‌ഥലത്തെ തടസങ്ങളൊക്കെ നീക്കിയതിനുശേഷമേ ഹൗറ എക്‌സ്‌പ്രസ്‌ യാത്ര തുടരുകയുള്ളൂ എന്നും ചുരുങ്ങിയത്‌ നാലഞ്ചുമണിക്കൂര്‍ കിടക്കേണ്ടിവരുമെന്നും മനസിലായി.
രാവിലെയാണല്ലോ പത്രങ്ങള്‍ വല്ലതും കിട്ടുമെങ്കില്‍ വാങ്ങി വായിക്കാമെന്നുദ്ദേശിച്ച്‌ ഇറങ്ങിനോക്കി. തമിഴ്‌പത്രങ്ങളല്ലാതെ ഒന്നും കിട്ടാനില്ല. ഞാന്‍ കൈയിലുണ്ടായിരുന്ന പുസ്‌തകങ്ങളും മാസികകളും കുറച്ചൊക്കെ വായിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ ശ്രദ്ധ പുറത്ത്‌ തമിഴ്‌നാടന്‍ പ്രകൃതിയിലേക്കാണ്‌ തിരിഞ്ഞത്‌. ഏറെ വര്‍ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള തീവണ്ടിയാത്രകള്‍ രാത്രികാലത്താവുകയാല്‍ തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങള്‍ ഇക്കാലത്ത്‌ എങ്ങനെയിരിക്കുമെന്നു നിശ്‌ചയമുണ്ടായിരുന്നില്ല. പത്തുപതിനെട്ടുവര്‍ഷം തുടര്‍ച്ചയായും അല്ലാതെയും തമിഴ്‌നാട്ടില്‍ കഴിച്ചുകൂട്ടിയിട്ടുള്ള എന്റെ മനസിലെ ചിത്രം വരണ്ടുണങ്ങിയ തമിഴ്‌നാടിന്റേതായിരുന്നു. എന്നാല്‍ അത്ഭുതമെന്നുപറയട്ടേ തമിഴ്‌നാട്‌ ഈ കേരളത്തെക്കാളും സസ്യശ്യാമളകോമളമായിക്കിടക്കുന്നു. തീവണ്ടി മദിരാശി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ഈ തമിഴ്‌നാടിന്റെ ഹരിതാഭ ഒന്നിനൊന്നു വര്‍ധിച്ചുവരുന്നതായിക്കണ്ട്‌ ഞാന്‍ അത്ഭുതംകൂറുകയും ആഹ്‌ളാദചിത്തനാകുകയും ചെയ്‌തു. തീവണ്ടി പൂര്‍വഘട്ടസാനുക്കളില്‍ എത്തിയപ്പോള്‍ ഇത്‌ കേരളത്തെ വെല്ലുന്ന ഒരു പച്ചക്കാടാണല്ലോ എന്നാണു തോന്നിയത്‌. വിസ്‌തൃതമായ തെങ്ങിന്‍തോപ്പുകള്‍, നിറയെ കായ്‌ച്ചുനില്‍ക്കുന്ന ഉയരമുളള തെങ്ങുകളുടെ സംഘാതം. അപ്പുറത്ത്‌ ഉയരമില്ലാത്ത തെങ്ങുകളുടെ തോപ്പുകള്‍. അവ കായ്‌ച്ചു തുടങ്ങിയ കുലകളുമായി നമ്മെ മാടിവിളിക്കുന്നു. തൊട്ടപ്പുറത്ത്‌ വിശാലമായ കരിമ്പിന്‍തോട്ടങ്ങള്‍. നെല്ലു കൊയ്‌തെടുത്ത പാടങ്ങള്‍. അപ്പുറത്ത്‌ കൃഷിക്കായി ഉഴുതുമറിച്ചിട്ട നിലങ്ങള്‍. ഇടയ്‌ക്ക്‌ പല നിറത്തിലുള്ള പൂക്കള്‍ കൃഷിചെയ്യുന്ന പൂന്തോട്ടങ്ങള്‍, പച്ചക്കറിക്കൃഷിയിടങ്ങള്‍-എന്തൊരത്ഭുതകരമായ കാഴ്‌ച! എന്റെ കണ്ണു നിറഞ്ഞു. ഹൃദയം ആനന്ദാവേശഭരിതമായി തമിഴകമേ... നിനക്കു സ്വസ്‌തി എന്നു ഞാന്‍ പ്രാര്‍ഥിച്ചു.
കേരളത്തില്‍ പെയ്യുന്ന മഴയുടെ പത്തിലൊരംശംപോലും കിട്ടാത്ത നാടാണ്‌ തമിഴകം, കേരളത്തില്‍ ജൂണ്‍, ജൂലായ്‌ മാസക്കാലത്തുപെയ്യുന്ന കാലവര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ കാലത്തു പെയ്യുന്ന തുലാവര്‍ഷവും ഇതിനിടയില്‍ ഇടമഴകളും കേരളത്തിന്റെ മാത്രം സൗഭാഗ്യമാണ്‌. 365 ദിവസമുള്ള ഒരു കൊല്ലത്തില്‍ ഏകദേശം പകുതിയോളം ദിവസങ്ങളില്‍ മഴ കിട്ടുന്ന ഒരു ഭൂവിഭാഗമുണ്ടെങ്കില്‍ അത്‌ ഈ ഭൂമിയില്‍ കേരളം മാത്രമാണ്‌. കിഴക്ക്‌ സഹ്യാദ്രിമലകളും പടിഞ്ഞാറ്‌ അറബിക്കടലും അതിര്‍ത്തി തീര്‍ത്തിട്ടുള്ള കേരളത്തില്‍ നാല്‍പത്തിനാലു നദികളുണ്ട്‌. ഇതില്‍ ഒന്നോ രണ്ടോ നദികളൊഴിച്ച്‌ ബാക്കിയെല്ലാം പശ്‌ചിമഘട്ടത്തില്‍ നിന്നൊഴുകി കേരളത്തില്‍ ജലസേചനം നടത്തി അറബിക്കടലില്‍പോയി അവസാനിക്കുന്നവയാണ്‌. ഈ കേരളം ഇന്നു വരണ്ടുകിടക്കുന്നു. നദികള്‍ വറ്റിവരണ്ട്‌ പുല്‍ക്കാടുകളുടെ താവളമായിത്തീര്‍ന്നിരിക്കുന്നു. പാവപ്പെട്ട മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി പാത്രവുമെടുത്ത്‌ അഞ്ചും പത്തും കിലോമീറ്റര്‍ തെണ്ടിനടക്കേണ്ട ദിവ്യാനുഭവം ഇവിടെ സംജാതമായിരിക്കുന്നു. നദികളിലുള്ള വെള്ളംതന്നെ വിഷലിപ്‌തമാണ്‌. പെരിയാറേ, പെരിയാറേ, പര്‍വതനിരയുടെ പനിനീരേ എന്നു പാടിയ കവിക്ക്‌ ഇപ്പോള്‍ പെരിയാറേ, ചളിയാറേ, ദുര്‍ഗന്ധമലീമസമായ ആറേ എന്നു വിലപിക്കേണ്ട അവസ്‌ഥ വന്നിരിക്കുന്നു.
നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നുപാടി സ്വയം രോമാഞ്ചമണിയുകയും കേരളീയരെ ഒന്നടങ്കം രോമാഞ്ചമണിയിക്കുകയും ചെയ്‌ത കവി ഇപ്പോള്‍ ആ വയലുകള്‍ കാണുമ്പോള്‍ പശ്‌ചാത്താപ വിവശനായി, മൂഢമനസ്‌കനായി, തല താഴ്‌ത്തി ജനമദ്ധ്യത്തില്‍ നിന്ന്‌ അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നു. ഈ നദികളെ ഊഷരമാക്കിയതും വയലുകളില്‍ പാഴ്‌പുല്ലു വളരാന്‍ ഇടയാക്കിയതും അമേരിക്കക്കാരന്‍ ബുഷോ ബ്രിട്ടീഷുകാരന്‍ ബ്ലെയറോ, റഷ്യക്കാരന്‍ പുടിനോ ആണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഇനി ലോകത്തെങ്ങും വേണ്ട എണ്ണ നല്‍കുന്ന അറബ്‌ രാജ്യങ്ങളിലെ സുല്‍ത്താന്മാരോ, ഷെയ്‌ക്കുമാരോ ആണോ കേരളമാതാവിനെ ഇങ്ങനെ ക്രൂശിച്ചത്‌? ഞാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാരോടു വീണ്ടും ചോദിക്കുന്നു: ഈ ദുഷ്‌കര്‍മങ്ങള്‍ക്ക്‌ ആരാണുത്തരവാദികള്‍?
എന്റെ മിതവും സൗമ്യവുമായ ഉത്തരം നാം മലയാളികള്‍ തന്നെയാണ്‌ ഈ പാപം ചെയ്‌തത്‌. അച്‌ഛനെ പ്രീതിപ്പെടുത്താന്‍ അമ്മയുടെ തലയറുത്ത്‌ കാട്ടിയ പരശുരാമന്‍ സൃഷ്‌ടിച്ച മലയാളക്കരയിലെ നിവാസികളായ നാം ഇതും ഇതിലപ്പുറവും ചെയ്യും. മാനുഷരെല്ലാരുമൊന്നുപോലെ, കള്ളവുമില്ലാ ചതിയുമില്ലാ എള്ളോളമില്ലാ പൊളിവചനം എന്നു വാഴ്‌ത്തപ്പെട്ട, ധര്‍മനിരതമായ ഭരണത്തിന്‌ ഉത്തരവാദിയായ മഹാബലിയെ പാതാളത്തോളം ചവിട്ടിത്താഴ്‌ത്തിയ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനന്‌ ക്ഷേത്രവും നിത്യപൂജയും ഉത്സവാഘോഷങ്ങളും നടത്തുന്ന ഭക്‌തന്മാര്‍ നിറഞ്ഞുവഴിയുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. തീര്‍ച്ച.
എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ചുറ്റും ഒന്നു കണ്ണോടിക്കുക ഹൈവേകളിലും റോഡായ റോഡുകളിലും റെയില്‍ ട്രാക്കുകളിലും അധ്വാനിച്ചു ജോലികള്‍ ചെയ്യുന്നതാരാണ്‌? മേല്‍പ്പാലങ്ങളുടെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാരാണ്‌? കേബിളിടാനുള്ള കുഴിയെടുക്കുന്നവരാരാണ്‌? വീടുപണിയാനുള്ള അസ്‌തിവാരം തോണ്ടി അവിടെ വലിയ കരിങ്കല്‍ക്കഷണങ്ങളിട്ട്‌ കുഴി നികത്തുകയും തറപ്പണി നടത്തുകയും ചെയ്യുന്നതാരാണ്‌? ശരീരമനങ്ങിയുള്ള ജോലി ചെയ്യാന്‍ മലയാളിക്കു മനസില്ല. അത്‌ അസ്‌പൃശ്യന്റെ (തൊട്ടുകൂടാത്തവന്റെ) പണിയാണെന്ന്‌ അവന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. അങ്ങനെ നാം മഹാത്മാക്കളായ മലയാളികള്‍ മലയാളദേശത്തെ തമിഴനും ബാംഗാളിക്കും കര്‍ണാടകക്കാരനും ഒറീസക്കാരനും മറ്റും മറ്റുമുള്ള ഒരു ഗള്‍ഫ്‌ രാജ്യമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ഈ കര്‍മമഹത്വത്തെ വാഴ്‌ത്താതിരിക്കാന്‍ പറ്റുമോ?
ഒരുതുള്ളി വെള്ളം കിട്ടിയാല്‍ ഭൂമിയെ നനച്ച്‌ സൗഭാഗ്യവതിയാക്കി അതില്‍ നിന്നു കായും കനിയും ഉല്‍പാദിപ്പിക്കുന്ന തമിഴ്‌മക്കളെ നാം വൃത്തിശൂന്യര്‍ എന്നുവിളിക്കുന്നു. രാവിലെ കുളിച്ച്‌ കുറിയും തൊട്ട്‌ തമിഴന്റെ വിയര്‍പ്പുകലര്‍ന്ന അരിയും പച്ചക്കറിയും കഴിച്ച്‌ കൂംഭ വീര്‍പ്പിച്ച്‌ മലയാളി തമിഴന്റെ പൂന്തോട്ടത്തില്‍ നിന്നു പൂക്കളെടുത്ത്‌ ദേവതകളെയും മനുഷ്യദൈവങ്ങളെയും അര്‍ച്ചന ചെയ്യുന്നു. മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ?
(കടപ്പാട്‌: ദേവസ്‌പര്‍ശം, ഗ്രാന്‍ഡ്‌ ബുക്‌സ്‌ കോട്ടയം)
 http://www.mangalam.com/opinion/177080#sthash.A7CnYGX8.dpuf

1 comment:

  1. കല്യാണം, ആദ്യകുർബാനസ്വീകരണം തുടങ്ങിയ സന്ദർഭങ്ങളിൽ ക്ഷണിക്കപ്പെടുന്നവർക്ക് ഭക്ഷണം കൊടുക്കാറുണ്ട്. മിക്കവാറും എല്ലാം ഒരേതരത്തിൽ കെയ്റ്ററിംഗ് ടീംസ് തയ്യാറാക്കുന്ന വിഭവങ്ങൾ. ഒരിക്കലും പുറത്തുനിന്ന് കഴിക്കാത്തതിനാൽ ഞാനെവിടെയെങ്കിലും ചുറ്റിപ്പറ്റി നിന്നിട്ട് വീട്ടിൽ പോകുകയാണ് പതിവ്. എന്നാലും മലയാളികൾ ഇത്തരം അവസരങ്ങളിൽ പെരുമാറുന്നത് നിരീക്ഷിക്കാറുണ്ട്. എല്ലാവരും തന്നെ ആർത്തിപ്പണ്ടാരങ്ങളെപ്പോലെയാണ് പെരുമാറുക. ഹാൾ അല്ലെങ്കിൽ പന്തൽ തുറന്നാലുടാൻ തള്ളിക്കയറ്റം തുടങ്ങും. ഉച്ചവരെ എല്ലാം തൊട്ടും പിടിച്ചും വിയർത്ത കൈകൾ പരസ്പരം കൊടുത്തും നടന്നിട്ട്, ഭക്ഷണത്തിനു മുമ്പ് കൈ കഴുകുന്നവർ തീരെയില്ല. ബുഫേ രീതിയാണെങ്കിൽ, ഒരു ക്യൂ ആയി നില്ക്കാനുള്ള ക്ഷമ ആർക്കുമില്ല. ബസിൽ കയറുന്ന അതീ തിരക്കാണ് സ്വന്തം പാത്രം നിരച്ചുകിട്ടാൻ. എന്നിട്ട് ഒരു സീറ്റ് കിട്ടുന്നതിനു മുമ്പുതന്നെ വലിച്ചുവാരി തീറ്റതുടങ്ങും. മാന്യമായി പെരുമാരുന്നവർക്ക് പോലും ഭക്ഷണം രുചിച്ചു കഴിക്കാൻ തോന്നാത്തവിധത്തിൽ എല്ലാം അവിടെയുമിവിടെയും വാരിവലിച്ചെറിഞ്ഞും അടുത്തിരിക്കുന്നവരെ ഒട്ടും പരിഗണിക്കാതെയും പന്നികളെപ്പോലെ തിന്നിട്ട് സ്ഥലം വിടുക. ആതിഥേയനെയോ വധൂവരന്മാരെയോ ഒന്ന് കണ്ടു നന്ദിപറയാനോ കുശലാന്വേഷണം നടത്താനോ മിക്കവാറും ആരും കൂട്ടാക്കാറില്ല. കെയ്റ്ററിംഗ് ടീംസ് ഭക്ഷണം കൈകാര്യം ചെയ്യുന്നതും വെയ്സ്റ്റ് ചുറ്റുപാടും എറിയുന്നതും അതിലെല്ലാം ചവുട്ടി നിൽക്കുന്നതും കണ്ടാൽ ഒരു പട്ടിപോലും ഒന്നുംതിന്നാതെ സ്ഥലം വിടും. മലയാളികൾ മാത്രമായിരിക്കും ഇത്ര മര്യാദകെട്ട, വൃത്തികെട്ട ഒരു വർഗ്ഗം. ദേവൻ പറയുന്നതുപോലെ, ദൈവം ഇത്ര സമൃദ്ധമായി അനുഗ്രഹിച്ചിട്ടുള്ള മലയാളികൾ ആണ് ലോകത്തിലെ ഏറ്റവും നന്ദികെട്ട മനുഷ്യർ.

    ReplyDelete