Translate

Sunday, October 12, 2014

കുട്ടിയെ കാണാനില്ല!

ദുബായിയില്‍ റാഫേലിപ്പോള്‍ പ്രസിദ്ധനാണ്. ദുബായിയില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍ ആണദ്ദേഹം എന്നേ തത്ക്കാലം പറയാന്‍ നിവൃത്തിയുള്ളൂ. ഒരാളെ എന്തിനു വെറുതേ കളിയാക്കണം? അദ്ദേഹം ദീര്ഘ നാളായി അവിടെ ജോലി ചെയ്യുന്നു. രണ്ടു മക്കള്‍ ഉള്ളതും ഭാര്യയും നാട്ടില്‍. കുറച്ചു നാള്‍ മുമ്പ് അദ്ദേഹം നാട്ടില്‍ വന്നു. മൂത്ത മോള്‍ പഠിക്കുന്ന സ്കൂളില്‍ പോയി അദ്ധ്യാപകരെ ഒന്ന് കാണണം എന്നദ്ദേഹം പറഞ്ഞപ്പോള്‍ പ്രിയതമ എതിര്‍പ്പൊന്നും പറഞ്ഞില്ല, കാറുമെടുത്തു നേരെ സ്കൂളില്‍ എത്തിയ അദ്ദേഹം UKG യില്‍ പഠിക്കുന്ന മോളുടെ പേര് പറഞ്ഞു. ഹെഡ് മിസ്ട്രസ്സ് രെജിസ്ടര്‍ എടുത്ത്, ഏതു ഡിവിഷനാണെന്നു നോക്കി. തുടര്‍ന്ന് അങ്ങിനെയൊരു കുട്ടി അവിടെ പഠിക്കുന്നില്ലെന്നു പ്രസ്താവിച്ചു. വീണ്ടും LKG യില്‍ പഠിക്കുന്നവരുടെ ലിസ്റ്റ് നോക്കി, അവിടെയും കുട്ടിയുടെ പേരില്ല. റാഫേലിനു പരവേശമായി, മൊബൈല്‍ എടുത്ത് ഭാര്യയെ വിളിച്ചു ഗദ്ഗദത്തോടെ വിവരം പറഞ്ഞു. അപ്പോഴാണ്‌ ഭാര്യ പറഞ്ഞത് മോള്‍ പഠിക്കുന്നത് വേറൊരു സ്കൂളിലാണെന്നും അതാകട്ടെ ഒന്നാം ക്ലാസിലാണെന്നും.

ഞാന്‍ പരന്ന വായനയുള്ള ആളുമല്ല നാട്ടുകൂട്ടങ്ങളില്‍ സമയം ചിലവാക്കുന്ന ആളുമല്ല. ഓണ്‍ലൈന്‍ പത്രങ്ങള്‍ ഓടിച്ചു വായിക്കും, സമയം കിട്ടുമ്പോള്‍ അത്മായശബ്ദം മനസ്സിരുത്തി വായിക്കും അത്രേയുള്ളൂ. റാഫേലിന്‍റെ കഥ ഇവിടെ ഓര്‍ക്കാന്‍ കാര്യം ഡല്‍ഹിയില്‍ ഉള്ള സിറോ മലബാര്‍ അഭയാര്‍ഥികള്‍ ഫരിദാബാദ് രൂപത എപ്പോഴാ അതിരൂപതയായതെന്ന് ചോദിക്കുന്നത് കേട്ടപ്പോഴാണ്. അവിടുത്തെ മെത്രാന്‍ എപ്പോഴെങ്കിലും മാര്‍പ്പാപ്പാ നിയോഗിച്ച ഏതെങ്കിലും ഒരു പദവിയില്‍ ഇരുന്നിട്ടുണ്ടോ എന്നന്വേഷിക്കുക. അങ്ങിനെയുണ്ടെങ്കില്‍ മാര്‍ ഭരണിക്കുളങ്ങരയുടെ സ്ഥാനം നൂണ്‍ഷ്യോ ആയിരുന്നിരിക്കാന്‍ ഇടയുണ്ട്. നൂണ്‍ഷ്യോമാരെ ആര്‍ച്ചു ബിഷപ്പുമാരായാണ് പരിഗണിക്കുക. അപ്പോള്‍ അദ്ദേഹം ആര്‍ച്ച് ബിഷപ്പും രൂപത ആര്‍ച്ച് ഡയോസിസ്സും ആകും. ഇതിന്‍റെ തമാശ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്യാഗം ചെയ്താലും അടുത്തു വരുന്ന ആളും ആര്‍ച്ചു ബിഷപ്പ് ആയിരിക്കുമെന്നുള്ളതാണ്. അതായത് രൂപത അനുവദിച്ച മേജര്‍ആര്‍ച്ചു ബിഷപ്പ് സ്വന്തം കുട്ടികളെ അന്വേഷിച്ചു ചെല്ലുമ്പോള്‍ UKG യില്‍ ചേര്‍ത്തിടത്തു കാണണമെന്നില്ലാ എന്നതാണ്.


ബിഷപ്പിനെ ആര്‍ച്ചു ബിഷപ്പാക്കാന്‍ വേറേതെങ്കിലും മാര്‍ഗ്ഗം അറിയാവുന്നവര്‍ സദയം പറയുക. ആ പദവിക്ക് അങ്ങേയറ്റം അനുയോജ്യനായ ഒരാള്‍ ഈ കേരളത്തില്‍ ഉണ്ട്. കത്തോലിക്കരുടെ സമൂല സാമൂഹ്യ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും, AKCC എന്ന ശക്തമായ പാര്‍ട്ടിക്ക് പ്രചോദനമാവുകയും ഫെയിസ് ബുക്കിലും യുട്യൂബിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രവിക്കുകയും ചെയ്യുന്ന ഇടുക്കി ബിഷപ്പിനെ കുറഞ്ഞത്‌ ആര്‍ച്ചു ബിഷപ്പ് എങ്കിലും ആക്കിയില്ലെങ്കില്‍ ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും അതെന്നു പറയാതെ വയ്യ. അദ്ദേഹം വളര്‍ത്തി വലുതാക്കിയ മഹാനായ നേതാവ് മന്ത്രിയുടെ കോളറിനു പിടിച്ചു എന്ന് പറയുന്നത് സത്യമായിരിക്കാന്‍ ഇടയില്ല, അങ്ങേര് ഇടത് സഹയാത്രികനായി മാറിയെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം മെത്രാന്‍റെതായിരിക്കുകയുമില്ല.
എക്കാലവും ക്രൈസ്തവ മൂല്യങ്ങള്‍ ഇത്രയും പൊക്കത്തില്‍ ഉയര്‍ത്തിപ്പിടിച്ച മറ്റൊരു മെത്രാന്‍ കേരളക്കരയില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. കാല്‍ക്കല്‍ വീണ് കണ്ണുനീരുകൊണ്ട് പാദം കഴുകിയ, അരമനക്ക് നേരെ പടക്കം എറിഞ്ഞ പ്രതിയെ സ്നേഹപുരസ്സരം പിടിച്ചേഴുന്നേല്‍പ്പിച്ച്,  ‘മകനെ നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ വെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തലേന്ന് റെയിഞ്ച് IG യെ വിളിച്ചു പ്രതിയെ കസ്ടഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടത് മണിക്കൂറുകള്‍ക്കകം അദ്ദേഹം മറന്നില്ലേ?

നമ്മുടെ പാരമ്പര്യ കുരിശു മുമ്പില്‍ വെയ്ക്കാതെ കുര്‍ബ്ബാന പാടില്ലായെന്ന് ഇത്ര വാശിയോടെ മാര്‍ പവ്വം പോലും പറഞ്ഞിട്ടുണ്ടാവില്ല. നെടുംകണ്ടത്തെ കാട്ടില്‍ വെറും കുരിശുമായി കുര്‍ബ്ബാന ചെയ്യിച്ചു പോന്ന മഠംകാരെ കൈയ്യോടെ പൊക്കാന്‍ അദ്ദേഹത്തിനല്ലേ കഴിഞ്ഞുള്ളു. അത് പിന്നീട് പൊല്ലാപ്പായി; അവരുടെ ശാപമാണോന്നെറിയില്ല മഹാ പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതി. അതുമായി ബന്ധപ്പെട്ട് സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി വളരെയേറെപ്പേര്‍ അദ്ദേഹത്തെ വിളിച്ചു അഭിനന്ദിക്കുകയുണ്ടായിയെന്നു അത്മായാ ശബ്ദത്തില്‍ വന്നിരുന്നു. ചിലര്‍ ഉപയോഗിച്ചത് മലയാള ഭാഷ ഉണ്ടായ കാലത്തെ ചില വാക്കുകളായിരുന്നെന്നും അന്ന് ഞാന്‍ കേട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയ ലാളിത്യം കൊണ്ട് ആ വാക്കുകള്‍ അദ്ദേഹം പത്ര ലേഖകരുടെ മുന്നില്‍ തുറന്നു പറഞ്ഞു; ആ ഭാഗമായിരിക്കണം ഇപ്പോള്‍ സൂപ്പര്‍ വൈറല്‍ ആയി ലോകമെങ്ങും പറക്കുന്നത്. എനിക്കിതില്‍ ശക്തമായി സംശയമുണ്ട്‌; അതദ്ദേഹത്തിന്‍റെ ശബ്ദം പമ്പ് ചെയ്തു കയറ്റിയതാവാനാണ് വഴി. ഇത്രയൊക്കെ ഉണ്ടായിട്ടും കമാന്ന് ഒരക്ഷരം അദ്ദേഹം മിണ്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ക്ഷമയുടെ പര്യായമായി മറ്റൊരു മെത്രാന്‍ കേരളം കണ്ടിരിക്കാന്‍ ഇടയില്ലായെന്ന്. അത്തരക്കാര്‍ക്ക് കൂടുതല്‍ പീഡകള്‍ കൊടുത്ത് കര്‍ത്താവ്‌ പരീക്ഷിക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ അങ്ങോട്ടു പോകുന്ന കാറിലല്ല അദ്ദേഹം ഇങ്ങോട്ട് വരുന്നതെന്ന് പറഞ്ഞു കേള്‍ക്കുന്നു.

താമരക്കുരിശില്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന ഇടുക്കി മെത്രാനും വെറും കുരിശില്‍ ഇറുകെ പിടിച്ചിരിക്കുന്ന ഫരിദാബാദ് മെത്രാനും ഇപ്പോള്‍ ശനിദശ തന്നെ. മേജര്‍ ആര്‍ച്ചു ബിഷപ്പാണേല്‍ കയ്പ്പ് രസം ആവോളം കുടിച്ചുകൊണ്ട് വികാരാധീനനായി ദിവസങ്ങള്‍ പോക്കുന്നു. ഒരിക്കല്‍ അദ്ദേഹത്തെ കണ്ടിട്ടുള്ള ആര്‍ക്കും അദ്ദേഹത്തെപ്പറ്റി നല്ലതേ പറയാനുള്ളൂ. പക്ഷെ, കാണാന്‍ വരുന്ന എല്ലാവരെയും പറ്റി ആ അഭിപ്രായമായിരിക്കില്ല അദ്ദേഹത്തിനുള്ളത്. പത്ര ലേഖകര്‍ കാണാന്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് ഒന്ന് രണ്ടു അനുഭവങ്ങളിലൂടെ അദ്ദേഹം പഠിച്ചു. ഫോണ്‍ സൂക്ഷിച്ചേ എടുക്കൂ, ഇന്റര്‍നെറ്റ്‌ പരിചയമില്ല, പരിചയമില്ലാത്ത കൈപ്പട കണ്ടാല്‍ എഴുത്താണെങ്കിലും എടുക്കുകയുമില്ല (പിന്നല്ലേ മറുപടി). വല്ല അത്മായനും ആണതെങ്കില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ ഏതാവശ്യമാണെങ്കിലും മറ്റൊരു മെത്രാനെ സ്വാധീനിച്ച് നടത്തിക്കൊടുക്കാനോ കഴിയില്ല. അപ്പോള്‍ തൊടാതിരിക്കുകയല്ലേ ഭംഗി? അത് തന്നെയാണ് അദ്ദേഹം ചെയ്യുന്നതും. ഡല്‍ഹിക്കാര് ലോകമെമ്പാടും പരാതി അയച്ചു, ഞങ്ങളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ്. റോമില്‍ നിന്ന് പരാതി കിട്ടിയെന്നു പറഞ്ഞു നാല് മെയിലുകള്‍ വന്നു. തൊട്ടടുത്തു കിടക്കുന്ന ഫരീദാബാദില്‍ നിന്ന് വന്ന കത്ത് അയച്ചവനല്ല കേട്ടവനാന്നെന്ന് ഡല്‍ഹിക്കാര്‍ പറയുന്നു.

വാര്‍ത്തകള്‍ സഭക്കെതിരായി മാധ്യമങ്ങളിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. പണ്ട് സത്യാദീപത്തില്‍ വരുന്ന ചില കൊളുത്തി വലിക്കലുകളായിരുന്നു, പിന്നീടത് അച്ചന്മാര്‍ തന്നെ നടത്തുന്ന ‘ഇന്ത്യന്‍ കറന്റ്സ്’ ആയി. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഗതി ദയനീയമായി തുടരുന്നു. UCAN, Matters India, എന്ന് തുടങ്ങി എല്ലാ കത്തോലിക്കാ/അര്‍ദ്ധ(കാല്‍) കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും ഒരു മറയും കൂടാതെ കാര്യങ്ങള്‍ പറയുന്നു. ഇന്ത്യ ടുടെ ഈ വര്ഷം പുറത്തിറക്കിയ ഒരു മലയാളം പതിപ്പിന്‍റെ മുഖ്യ ലേഖനം “അനുസരണ ഇല്ലാത്ത ഇടയന്മാര്‍” ആയിരുന്നു. ഇതിന്‍റെ ഒക്കെ മുകളില്‍ കിരീടവും ചൂടി അല്മായാ ശബ്ദവും.  കോട്ടയം കേന്ദ്രമാക്കിയ ചില മുഖ്യ ധാരാ പത്രക്കാരെ ഒതുക്കി നിര്‍ത്താന്‍ ഇപ്പോഴും കഴിയുന്നു എന്നത് വിചിത്രം. അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ അമല്‍ ജ്യോതി കോളേജു പ്രശ്നം മാലോകര്‍ എന്നേ അറിഞ്ഞേനെ.അരിച്ചു പെറുക്കി വിശകലനം ചെയ്‌താല്‍ കാര്യമായ പ്രശ്നം അവിടില്ല താനും. ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് കമ്പ്യുട്ടറുകള്‍ നല്‍കുന്ന പിരിമുറുക്കം അഴിക്കാന്‍ ആണ്ടില്‍ രണ്ടു ദിവസം ധ്യാനം കൂടണമെന്നുള്ളത് അവിടുത്തെ ഒരാചാരം. സ്വന്തം ചിലവില്‍ അതിനു ചിറ്റൂരോ മാമല്ലൂരോ ഒക്കെ വരെ പോവുകയും വേണം. ഹോസ്ടലില്‍ ഭക്ഷണം മോശമെന്നും ആരോപണം. അരമനയില്‍ ഉണ്ടാക്കുന്ന ഭക്ഷണം കോളേജില്‍ വിളമ്പുന്ന കാര്യം നടക്കില്ലെന്നു അവര്‍ക്കും അറിയാഞ്ഞിട്ടല്ല താനും. അവിടുത്തെ പ്രശ്നം തീരാന്‍  വേണ്ടത് മന:ശാശ്ത്രജ്ഞന്‍  ആണെന്നാണ്‌ എന്‍റെ അഭിപ്രായം. വിദ്യാര്‍ഥികളെ എങ്ങിനെ ഊറ്റാം എന്ന് ചിന്തിക്കുന്ന മാനേജ്മെണ്ടും ഇവര്‍ക്ക് എട്ടിന്‍റെ പണി കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പിള്ളേരും ചേര്‍ന്നാല്‍ ഇതല്ലാതെ മറ്റെന്താണ് സംഭവിക്കുക? നവീകാരണക്കാര്‍ സന്തോഷിക്കുക. ചിറ്റൂര്‍ക്ക് പോയ കുട്ടികളില്‍ ബഹു ഭൂരിപക്ഷവും അവിടെ എത്തും. ഞാനും ഇതുപോലൊരു കുഞ്ഞാടായിരുന്നു. സ്വന്തം വേരുകള്‍ മാന്തി മാന്തി പാരമ്പര്യം തപ്പുന്നവര്‍ മരം മറിയുന്നത് അറിയുന്നില്ല.

മനുഷ്യനെ പേടിപ്പിച്ചു ഭരിക്കുകയെന്നതാണ് മെത്രാന്മാരുടെ തന്ത്രം. ഈ ഉപായത്തിന്‍റെ ഉപജ്ഞാതാവ് ആരെന്നറിയില്ല, പക്ഷെ, ഈ തന്ത്രം കേന്ദ്ര മന്ത്രിയ്ക്ക് നേരെയും ഒരു മെത്രാന്‍ പ്രയോഗിച്ചു കളഞ്ഞു. കാഞ്ഞിരപ്പള്ളി മെത്രാന്‍ റബ്ബറിന്‍റെ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര മന്ത്രിയെ കാണാന്‍ പോയി; കൂട്ടത്തില്‍ സ്വന്തം ഷെവലിയരെയും കൂട്ടി. ഒരു മെത്രാനും ഷെവലിയറും കാണാന്‍ വന്നിരിക്കുന്നുവെന്നു അറിഞ്ഞപ്പോള്‍ വനിതാ മന്ത്രി പെട്ടെന്ന് തന്നെ സമയം കൊടുത്തു. അവര്‍ ഇതിനു മുമ്പ് ഷെവലിയറെ കണ്ടിട്ടുണ്ടായിരുന്നില്ല. നേരിട്ട് കണ്ടപ്പോളാണ് അവര്‍ക്ക് ആശ്വാസമായതത്രേ. ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത ആരെങ്കിലും ആയിരിക്കുമെന്നായിരിക്കണം അവര്‍ ആദ്യം ഓര്‍ത്തത്. ലോക മഹായുദ്ധത്തിലോ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലോ കത്തോലിക്കാ സഭ പങ്കെടുത്തിരുന്നില്ലെന്ന് സെക്രട്ടറി തിരുത്തി കൊടുത്ത് കാണണം.

AKCC യെ വളര്‍ത്തി വലുതാക്കണം അവനെ ഡോക്ട്രാക്കണം എന്നൊക്കെയാണ് പാവം ആലഞ്ചേരി പിതാവിന്‍റെ ആഗ്രഹം. മെത്രാന്മാര് പിന്തുണ കൊടുത്തപ്പോള്‍ ഇത്ര ശക്തമായിരിക്കുമെന്ന്‍ അദ്ദേഹം കരുതിയില്ല. ഇപ്പോള്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളികളിലാണ് അദ്ദേഹത്തിന്‍റെയും പ്രതീക്ഷ. ആദ്യം മാണി സാര്‍ ഒന്ന് ഞെട്ടിയിരുന്നു. ഇപ്പോള്‍ അദ്ദേഹം ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ രൂപതാ കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്നു മെത്രാന്മാരുണ്ട്, അതിലൊന്ന് ദൈവ ശാസ്ത്രജ്ഞനും. പിന്നെന്തിന് അദ്ദേഹം വിരളണം? അതും പോരെങ്കില്‍ സ്വന്തം മണ്ഡലത്തില്‍ തന്നെ പത്തു പതിനഞ്ചു മെത്രാന്മാര്‍ വേറെയും ഉണ്ടെന്നോര്‍ക്കണം. ചങ്ങനാശ്ശേരിയില്‍ നിന്ന് കേരള വത്തിക്കാന്‍ പൊക്കി പാലായില്‍ കൊണ്ടുവരാമെങ്കില്‍ ഇതാണോ പ്രശ്നം? സഹായത്തിന് മുന്‍ AKCC പ്രവര്‍ത്തകരും കൂടുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. 

No comments:

Post a Comment