Translate

Thursday, October 16, 2014

സ്വവര്‍ഗവിവാഹം: സഭയ്‌ക്കു വീണ്ടുവിചാരം

റോം: സ്വവര്‍ഗവിവാഹത്തെ വിശാലമനസ്‌കതയോടെ കാണണമെന്ന വാദങ്ങളില്‍നിന്നു കത്തോലിക്കാസഭ പിന്നോട്ട്‌. ഉദാര നിലപാടുകളെ എതിര്‍ത്ത്‌ ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സുന്നഹദോസില്‍ യാഥാസ്‌ഥിതികരായ മെത്രാന്‍മാര്‍.

സ്വവര്‍ഗവിവാഹത്തെയും വിവാഹമോചനത്തെയും അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും തുറന്ന മനസോടെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന ചില മെത്രാന്‍മാരുടെ വാദങ്ങള്‍ക്കെതിരേ യാഥാസ്‌ഥിതികര്‍ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ തിരുത്തലുമായി സഭാനേതൃത്വം തന്നെ രംഗത്തുവന്നു. സുന്നഹദോസ്‌ പുരോഗമിക്കുന്നതേയുള്ളൂവെന്നും ഇതുവരെ പുറത്തുവന്ന രേഖകള്‍ അപൂര്‍ണമാണെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന്‌ അനുസരിച്ച്‌ വരും ദിവസങ്ങളില്‍ ഇതില്‍ ഭേദഗതിവരുമെന്നു സഭാനേതൃത്വം അഭിപ്രായപ്പെട്ടു. സഭയുടെ യാഥാസ്‌ഥിതിക സമീപനങ്ങളെ പാടേ കൈയൊഴിയുന്ന തരത്തിലേക്കായിരുന്നു കഴിഞ്ഞദിവസത്തെ ചര്‍ച്ചകളുടെ പോക്ക്‌.
സ്വവര്‍ഗാനുരാഗികള്‍ക്കും ചില ഗുണങ്ങളും വരങ്ങളുമുണ്ടെന്നും അവരുടെ ലൈംഗികദിശാബോധത്തെ തുറന്ന മനസോടെ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു മെത്രാന്‍മാരില്‍ ചിലരുടെ വാദം. ഇക്കൂട്ടര്‍ക്കും സഭയില്‍ ഒരിടം വേണമെന്നും അവര്‍ വാദിച്ചു. അവിവാഹിതരുടെ ഒന്നിച്ചുകഴിയലിനെയും വിശാലതയോടെയാണു പലരും സമീപിച്ചത്‌.

പള്ളി മുഖേന വിവാഹിതരാകാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുകയാണു വേണ്ടതെന്നായിരുന്നു ചിലരുടെ പക്ഷം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള ദമ്പതികളുടെ തീരുമാനങ്ങളെ മാനിക്കണമെന്ന തരത്തിലും വാദങ്ങളുയര്‍ന്നിരുന്നു. ശിഥിലമാകുന്ന കുടുംബങ്ങളുടെ രക്ഷയ്‌ക്കുള്ള സുധീരമായ നിലപാടുകള്‍ എന്ന മട്ടിലാണ്‌ പുരോഗമനവാദികളായ മെത്രാന്‍മാര്‍ ഈ വാദങ്ങള്‍ അവതരിപ്പിച്ചത്‌. ഇതിനെതിരേയാണ്‌ ഇന്നലെ യാഥാസ്‌ഥിതികരായ മെത്രാന്‍മാര്‍ വാളെടുത്തത്‌.
ഉപരിപ്ലവമായ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സഭയുടെ ഉദ്‌ബോധനങ്ങള്‍ക്കു വിരുദ്ധമായ സമീപനത്തെ ഉള്‍ക്കൊള്ളാനാകില്ലെന്നും അവര്‍ വ്യക്‌തമാക്കി.

200 മെത്രാന്‍മാര്‍ പങ്കെടുക്കുന്ന സുന്നഹദോസ്‌ ഞായാറാഴ്‌ചയാണ്‌ അവസാനിക്കുന്നത്‌. ചര്‍ച്ച ഒരാഴ്‌ച പിന്നിട്ട ഘട്ടത്തില്‍ മെത്രാന്‍ സമിതിയാണ്‌ ഇതുവരെയുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള രേഖ കഴിഞ്ഞദിവസം പുറത്തിറക്കിയത്‌. ഇതിനു ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പത്ത്‌ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചകളാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌.
സ്വവര്‍ഗാനുരാഗം സംബന്ധിച്ച ചര്‍ച്ചയിലെ വിശാല കാഴ്‌ചപ്പാടുകളെ സ്വാഗതംചെയ്‌ത്‌ സ്വവര്‍ഗപ്രേമികളുടെ സംഘടനകളടക്കം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
- See more at: http://www.mangalam.com/print-edition/international/239929#sthash.7lIKenyg.dpuf

No comments:

Post a Comment