Translate

Tuesday, October 14, 2014

Synod News

നന്മയുള്ള കുടുംബചുറ്റുപാടുകള്‍ക്ക് ആഗോളവത്ക്കരിക്കപ്പെടുന്ന തിന്മയെ ചെറുത്തുനില്ക്കാനാകുമെന്ന് സിനഡുസമ്മേളനം


വത്തിക്കാന്‍, കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡിന്‍റെ 9-ാമത് പൊതുസമ്മേളനം നടന്നത് ഒക്ടോബര്‍ 10-ാം തിയതി രാവിലെയാണ്. കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ മുന്നേറിയത്.

കുടുംബങ്ങളുടെ ജീവിതപരിസരം, കുടുംബപ്രേഷിതത്വം, ജൈവധാര്‍മ്മികത എന്നിവ ചര്‍ച്ചയ്ക്ക് വിഷയമായി. നിരീക്ഷകരായി സന്നിഹിതരായിരുന്ന കത്തോലിക്കാ ദമ്പതിമാര്‍ മേല്പറഞ്ഞ വിഷയങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തി. അനുദിനജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രൈസ്തവകുടുംബങ്ങളുടെ തനിമയാര്‍ന്നതും ചൈതന്യമാര്‍ന്നതുമായ ജീവിതശൈലിക്ക് അവര്‍ സാക്ഷികളുമായി.

മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ - നാടുകടത്തല്‍, കൂട്ടക്കൊലപാതകം, കുടുംബങ്ങളുടെ വസ്തുവകകളുടെ നാശനാഷ്ടം, സ്വന്തമായ എല്ലാം നഷ്ടമായ അവസ്ഥ, പീഡനം, തകര്‍ന്ന കുടുംബങ്ങള്‍ എന്നിവയാല്‍ കലുഷിതമായ അന്തരീക്ഷത്തില്‍ - കുടുംബങ്ങള്‍ നേരിടുന്ന എല്ലാത്തരത്തിലുമുള്ള ക്ലേശങ്ങളും സമ്മേളനം അവലോകനംചെയ്തു.
തൊഴിലും വിദ്യാഭ്യാസ സാദ്ധ്യതകളുമില്ലാത്ത മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ യുദ്ധഭൂമിയിലെ ഒറ്റപ്പെട്ട കുട്ടികളും വ്യക്തികളുമെല്ലാം, 21-ാം നൂറ്റാണ്ടില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുടെ പ്രതീകങ്ങളാണെന്ന് സിനഡ് സമ്മേളനം വിലയിരുത്തി. കലുഷിതമായ രാഷട്രീയ സാമൂഹിക പരിസരത്ത് പതറിനില്ക്കുന്ന കുടുംബങ്ങള്‍ക്ക് - സഭ വലിയ കുടുംബവും, രക്ഷാസങ്കേതവും, സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മദ്ധ്യസ്ഥയും സ്രോതസ്സുമാണെന്ന് –പ്രത്യേക സിനഡിലെ കുടുംബങ്ങളുടെ പ്രതിനിധികളായ നിരീക്ഷകര്‍ auditors സാക്ഷൃപ്പെടുത്തി.

വൈവാഹികബന്ധത്തിന്‍റെ സ്വകാര്യമായ കാര്യങ്ങള്‍, അല്ലെങ്കില്‍ ദാമ്പത്യത്തിലെ ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിലും, അവയ്ക്ക് പ്രതിവിധി നിര്‍ദ്ദേശിക്കുന്നതിനും പ്രാഗത്ഭ്യം നേടിയിട്ടുള്ള കുടുംബസ്ഥരായ അല്‍മായരാണ് അഭികാമ്യമെന്ന അഭിപ്രായം കുടുംബങ്ങളുടെ നിരീക്ഷകര്‍ സമ്മേളനത്തെ ധരിപ്പിച്ചു. ജൈവധാര്‍മ്മികത bioethics, ദമ്പത്യജീവിതത്തിലെ ലൈംഗികത sexuality of conjugal life എന്നിവ സംബന്ധിച്ച്, ഇക്കാരണത്താല്‍ ശാസ്ത്രീയമായ അറിവിന്‍റെ മേഖലയും അജപാലന മേഖലയും സമന്വയിപ്പിച്ചുകൊണ്ടുള്ള നവവീക്ഷണവും സഹകരണവും (synergy) അനിവാര്യമാണെന്നും കുടംബങ്ങളുടെ പ്രതിനിധകള്‍ ചൂണ്ടിക്കാട്ടി. ശാസ്ത്രീയതയും അജപാലനമേഖലയും തമ്മില്‍ സന്ധിക്കുന്ന നവമായ വേദി കുടുംബത്തിന്‍റെയും ജീവന്‍റെയും, സാങ്കേതികതലം എന്നതിനേക്കാള്‍ ക്രൈസ്തവമൂല്യങ്ങളില്‍ അടിയുറച്ച ശക്തവും സാര്‍വ്വലൗകികവുമായ ജീവിതചുറ്റുപാട് human ecology വളര്‍ത്തിയെടുക്കാന്‍ സഹായകമാകുമെന്ന നവമായ ചിന്തകളും അഭിപ്രായ പ്രകടനവേളയില്‍ ഉയര്‍ന്നു വന്നു.

സഭയും രാഷ്ട്രവും, അല്ലെങ്കില്‍ ഭരണകൂടങ്ങളും ഈ മേഖലയില്‍ കൈകോര്‍ത്തു നില്ക്കേണ്ടതും, സംവാദത്തിന്‍റെ പാതയില്‍ നീങ്ങേണ്ടതും അനിവാര്യമാണ്. അങ്ങനെ മാത്രമേ ജീവനെയും കുടുംബത്തെയും മാനിക്കുന്നതും ആദരിക്കുന്നതുമായ സാമൂഹ്യ മുഖതാവ് യാഥാര്‍ത്ഥ്യമാക്കാനാവൂ. ജീവിന്‍റെയും കുടുംബങ്ങളുടെയും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അല്‍മായര്‍ അതിന്‍റെ പ്രായോക്താക്കളാകേണ്ടതാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

അതിനാല്‍ ദാമ്പത്യസ്നേഹത്തെയും ബന്ധങ്ങളെയുംകുറിച്ച് ശരിയായ അറിവുനേടിയ അജപാലകര്‍ ഇന്നിന്‍റെ ആവശ്യമാണ്. പ്രാഗത്ഭ്യമില്ലാത്ത വിഷയങ്ങള്‍ അജപാലന മേഖലയിലുള്ളവര്‍ ആധികാരികമായി പറയുവാനും പഠിപ്പിക്കുവാനും ശ്രമിക്കുന്നത്, ഒരുങ്ങാത്ത പ്രസംഗം നീണ്ടുപോകുന്നതും, സമൂഹത്തിന് വിരസമാകുന്നതും പോലെയാണെന്ന് നിരീക്ഷിക്കപ്പെട്ടു. പ്രകൃതിദത്തമായ ഗര്‍ഭനിരോധന രീതിയെക്കുറിച്ച് ശരിയായതും, വ്യക്തവുമായ പഠനങ്ങള്‍ ജനങ്ങള്‍ക്ക് നല്കാനായാല്‍ ഇനിയും അത് ദാമ്പത്യബന്ധത്തില്‍ സ്വീകാര്യവും ഫലപ്രദവുമാകുമെന്ന അഭിപ്രായം സമ്മേളനത്തില്‍ പൊന്തിവന്നു.

പൊതുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം - ശാസ്ത്രീയവും സൈദ്ധാന്തികവുമായ പഠനങ്ങള്‍ക്കുമപ്പുറം ഇന്നത്തെ യുവതലമുറ പ്രതീക്ഷിക്കുന്നത്, സുവിശേഷവത്ക്കരണത്തിന്‍റെ വിശ്വാസ്യമായ ജീവിതസാക്ഷൃമാണ്. അതിനാല്‍ വിവാഹത്തോടു ചേര്‍ന്നു മാത്രമല്ല, അതിനുമുന്‍പും ശേഷവും ക്രമാനുഗതമായ അജപാലനശ്രദ്ധയും പിന്‍തുണയും കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടതാണ്. അതുവഴി ജീവിതത്തിന്‍റെ ക്ലേശങ്ങളിലും നഷ്ടങ്ങളിലും കുടുംബങ്ങള്‍ പതറാതെ വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കാന്‍ ഇടയാകും.

സന്തുലിതവും ക്രിയാത്മകവുമായ കുടുംബചുറ്റുപാടിനു മാത്രമേ ഇന്നിന്‍റെ ആഗോളവത്കൃത സാമൂഹ്യചുറ്റുപാടില്‍ ഉയര്‍ന്നുനില്ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെയും അതിനോടു ചേര്‍ന്നുള്ള മറ്റു പ്രതിസന്ധികളെയും ചെറുത്തുനില്കുവാന്‍ സാധിക്കുകയുള്ളൂ.

എല്ലാത്തരം ഗാര്‍ഹിക പീഡനങ്ങളെയും, വിശിഷ്യ സ്ത്രീപീഡനങ്ങളെ സമ്മേളനം അപലപിച്ചു. ഒപ്പം അവയെ ചിരന്തനമാക്കാതിരിക്കാന്‍, അല്ലെങ്കില്‍ സ്ഥിരപ്പെടുത്താതിരിക്കേണ്ട ഉത്തരവാദിത്വം യുവതലമുറയാണെന്നും അനുസ്മരിപ്പിച്ചു. കുടുംബങ്ങളില്‍ എന്നും നിലനില്ക്കേണ്ട പരസ്പര സംവേദനത്തിന്‍റെ ആത്മബന്ധം, ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ നിലനില്ക്കേണ്ട പരസ്പര ധാരണ, പങ്കുവയ്ക്കല്‍, കുട്ടികളുടെ കൂട്ടായ പരിചരണം, വിശ്വാസജീവിതം, പ്രാര്‍ത്ഥന എന്നിവ അനുദിനം കുടുംബജീവിതങ്ങളെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളായും സമ്മേളനം ചൂണ്ടിക്കാട്ടി. 

Radio Vatican, William Nellickal


No comments:

Post a Comment