Translate

Thursday, December 18, 2014

ഫാൻസീസ് മാർപ്പാപ്പായുടെ സമാപനപ്രസംഗം !

സിനഡംഗങ്ങൾക്ക് അവരുടെ യത്‌നങ്ങളുടെ പേരിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ടും പ്രയാണം തുടരാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഫ്രാൻസീസ് മാർപ്പാപ്പാ 2014 ഒക്‌ടോബർ 18-നു നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളുടെ സ്വതന്ത്ര മലയാളപരിഭാഷയാണ് താഴെ - എഡിറ്റർ


പരിഭാഷകൻ: ശ്രീ ജോസ് ആന്റണി


പ്രിയപ്പെട്ട ശ്രേഷ്ഠരേ, അനുഗൃഹീതരേ, വിശിഷ്ടരേ, സഹോദരന്മാരേ, സഹോദരിമാരേ,

നിങ്ങളേവരോടുമുള്ള ഹൃദയംനിറഞ്ഞ ആദരവോടും നന്ദിയോടുംകൂടി, നിങ്ങളോടൊപ്പം ചേർന്നുകൊണ്ട്, ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രകാശത്താൽ നമ്മെ നയിച്ച കർത്താവിനു ഞാൻ കൃതജ്ഞതയർപ്പിക്കുന്നു...
ഒരേ പാതയിലെ ഐക്യദാർഢ്യമുള്ള സഹയാത്രികർ എന്ന നിലയിൽ, സിനഡിന്റെ  സജീവചൈതന്യം യഥാർത്ഥത്തിൽ അനുഭവിച്ചറിയാൻ നമുക്ക് കഴിഞ്ഞു എന്ന് എനിക്ക് സസന്തോഷം പറയാൻ സാധിക്കും. അത് ഒരുമയുടെ ഒരു യാത്രാനുഭവമായിരുന്നു.
ഇതൊരു യാത്രയായിരുന്നതിനാൽ, എല്ലാ യാത്രയിലുമെന്നതുപോലെ എത്രയും വേഗം ലക്ഷ്യത്തിലെത്താൻ കാലത്തെ കീഴ്‌പ്പെടുത്തി അതിവേഗത്തിൽ ഓടേണ്ടിവന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്; 'മടുത്തു, മതി' എന്നു പറയേണ്ടിവന്ന ക്ഷീണിത നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒപ്പം, ആവേശവും ഉത്സാഹവും തുളുമ്പുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. സ്വന്തം വിശ്വാസികളുടെ സന്തോഷസന്താപങ്ങൾ ഹൃദയത്തിലുൾക്കൊണ്ട് അനുഭവസാക്ഷ്യങ്ങൾ നൽകിയ യഥാർത്ഥ അജപാലകരെ ശ്രവിച്ച അവസരങ്ങൾ അഗാധമായ സമാശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു. സിനഡിൽ പങ്കെടുത്ത കുടുംബങ്ങൾ അവരുടെ ദാമ്പത്യജീവിതത്തിലെ സന്തോഷവും സൗന്ദര്യവും പങ്കുവച്ചത്, ഹൃദ്യതയുടെയും പ്രസാദാത്മകതയുടെയും സുഖദനിമിഷങ്ങൾ നമുക്കു സംലഭ്യമാക്കി. കൂടുതൽ അനുഭവങ്ങളുള്ളവർ അവ കുറവുള്ളവരെ സഹായിക്കാൻ പ്രേരിതരായ, പരസ്പരമുള്ള സംവാദങ്ങളിലൂടെപ്പോലും, ശക്തർ തങ്ങളെക്കാൾ ശക്തി കുറഞ്ഞവരെ സഹായിക്കാൻ നിർബന്ധിതരായ, ഒരു യാത്രയായിരുന്നു ഇത്. ഈ യാത്ര മനുഷ്യരുടേതാകയാൽത്തന്നെ സമാശ്വാസത്തിന്‍റെ നിമിഷങ്ങൾക്കൊപ്പം ക്ലേശങ്ങളുടെയും സംഘർഷങ്ങളുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങളും ഇതിലുണ്ടായിരുന്നു. ഇത്തരം പ്രലോഭനങ്ങൾ നൽകുന്ന ഏതാനും സാധ്യതകളെക്കുറിച്ചു ഞാനിവിടെ സൂചിപ്പിക്കട്ടെ:

അയവില്ലായ്മയാണ് ഒരു പ്രലോഭനം- എഴുതപ്പെട്ട വചനത്തിനുള്ളിലേക്ക് അക്ഷരങ്ങളുടെ അർത്ഥപരിമിതിക്കുള്ളിലേക്ക്, ചുരുങ്ങിക്കൂടാനുള്ള പ്രലോഭനമാണിത്;നമ്മെ എപ്പോഴും വിസ്മയിപ്പിക്കുന്ന ആശ്ചര്യങ്ങളുടെ ദൈവത്തിന്റെ പ്രവൃത്തികളിൽ ആശ്ചര്യപ്പെടാൻ സ്വയം അനുവദിക്കാതിരിക്കാനുള്ള പ്രലോഭനമാണത്; നിയമത്തിനുള്ളിൽ ഉള്ളതായി നാം അറിയുന്നതിൽ സ്വയം പരിമിതപ്പെടാനുള്ള പ്രലോഭനമാണത്. ഇനിയും പലതും ഗ്രഹിക്കാനും ആർജ്ജിക്കാനുമുണ്ടെന്ന് അംഗീകരിക്കാതിരിക്കാനുള്ള പ്രലോഭനവുമാണത്. ക്രിസ്തുവിന്റെ കാലംമുതൽ, തീക്ഷ്ണമതികളിലും കണിശക്കാരിലുമുള്ള പ്രലോഭനമായിരുന്നു അത്. ഇപ്പോൾ പാരമ്പര്യവാദികളെന്നും ബുദ്ധിജീവികളെന്നും പറയപ്പെടുന്നവരിലും ഈ പ്രലോഭനമുണ്ട്.
രണ്ടാമത്തേത്, നല്ലപിള്ള ചമയാനുള്ള പ്രലോഭനമാണ്. വൃത്തിയാക്കാതെയും മരുന്നുവയ്ക്കാതെയും മുറിവു കെട്ടിവയ്ക്കുന്ന, കബളിപ്പിക്കുന്ന കരു ണ കാട്ടാനുള്ള, പ്രലോഭനമാണത്. അതുവഴി രോഗലക്ഷണങ്ങൾ മാത്രമേ ചികിത്സിക്കപ്പെടുന്നുള്ളൂ. രോഗത്തിന്‍റെ മൂലകാരണങ്ങൾ ഇല്ലാതാക്കപ്പെടുന്നില്ല. ഇത് ' ഭീരുക്കളായ പരോപകാരി' കളുടെയും ഒപ്പം, 'പുരോഗമനവാദി'കളെന്നും 'ലിബറലു'കളെ ന്നും പറയപ്പെടുന്നവരുടെ പ്രലോഭനമാണ്.
അടുത്തത്, കല്ലുകളെ അപ്പമാക്കി മാറ്റാനുള്ള പ്രലോഭനമാണ്. അത് ദീർഘവും കഠിനവും വേദനാപൂർണ്ണവുമായ ഉപവാസം വേണ്ടെന്നു വയ്ക്കാനുള്ള പ്രലോഭനമാണ് (ലൂക്കോ. 4:1-4). അപ്പത്തെ കല്ലാക്കി പാപികൾക്കും ദുർബലർക്കും രോഗികൾക്കുംനേരെ എറിയാനും (യോഹ. 8:7) ദുർവഹമായ ചുമടുകളാക്കി മാറ്റാനുമുള്ള (ലൂക്കോ. 11:46) പ്രലോഭനവുമുണ്ട്.
ഇനിയും, പിതാവിന്‍റെ ഹിതം നിറവേറ്റാൻ കുരിശിൽ കിടക്കേണ്ടതിനുപകരം, കുരിശിൽനിന്ന് ഇറങ്ങിപ്പോരാനും ജനങ്ങളെ പ്രീതിപ്പെടുത്താനുമുള്ള പ്രലോഭനവുമുണ്ട്. ലോകാരൂപിയെ ദൈവികാരൂപിയിൽ വിശുദ്ധീകരിക്കേണ്ടതിനുപകരം, അതിനു കീഴ്‌പ്പെടാനുള്ള പ്രലോഭനമാണിത്. ദൈവാരൂപിക്കുമുമ്പിൽ കുമ്പിട്ടുവണങ്ങുന്നതിനുപകരം, ലോകാരൂപിയെ കുമ്പിട്ടുവണങ്ങാനുള്ള പ്രലോഭനമാണിത്.
നമുക്കു ലഭ്യമായിരിക്കുന്ന വിശ്വാസനിക്ഷേപത്തെ അവഗണിക്കാനുള്ള പ്രലോഭനമാണു വേറൊന്ന്. അജപാലകരായ തങ്ങൾ വിശ്വാസത്തിന്‍റെ സൂക്ഷിപ്പുകാരാണെന്നു കരുതേണ്ടതിനുപകരം, അതിന്‍റെ ഉടമസ്ഥരും യജമാനന്മാരുമാണെന്നു കരുതുമ്പോഴുണ്ടാകുന്ന പ്രലോഭനമാണിത്. തലനാരിഴ കീറിയുള്ള ഭാഷാപ്രയോഗങ്ങളിലൂടെ യാഥാർത്ഥ്യങ്ങളെ അവഗണിക്കാനുള്ള പ്രലോഭനം അവർക്കുണ്ട്. വാക്കുകളുടെ ബാഹുല്യംകൊണ്ട് ഏറെ പറയുന്നു എന്ന തോന്നൽ സൃഷ്ടിച്ച് ഒന്നും തന്നെ പറയാതിരിക്കാനുള്ള പ്രലോഭനമാണിത്.
പ്രിയ സഹോദരീസഹോദരന്മാരെ, ഈ പ്രലോഭനങ്ങളിൽ നമ്മൾ ഭയപ്പെടുകയോ അശാന്തരാകുകയോ നിരുത്സാഹപ്പെടുകയോ അരുത്. കാരണം, ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. യേശുതന്നെ പ്രലോഭിതനായിട്ടുണ്ട്. ബേൽസെബൂൽ എന്നു വിളിക്കപ്പെടുകവരെ ചെയ്തിട്ടുണ്ട് (മത്താ. 12: 24). അതിനെക്കാൾ നല്ല പെരുമാറ്റം ശിഷ്യർ പ്രതീക്ഷിക്കരുതല്ലോ.
ഈ പ്രലോഭനങ്ങളും സജീവമായ ചർച്ചകളും ഇല്ലായിരുന്നെങ്കിൽ, വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നതുപോലെ, ഈ ചൈതന്യങ്ങളുടെ ചലനം ഇല്ലായിരുന്നെങ്കിൽ, എല്ലാറ്റിലും യോജിപ്പോ വ്യാജമായ നിശ്ശബ്ദതയോ മാത്രമാണുണ്ടായിരുന്നതെങ്കിൽ, വ്യക്തിപരമായി ഞാൻ കൂടുതൽ അസ്വസ്ഥനും ദുഃഖിതനുമാകുമായിരുന്നു. എന്നാൽ ഞാൻ ഇവിടെ കണ്ടതും കേട്ടതും, ആദ്ധ്യാത്മികവും താത്ത്വികവുമായ ശുഷ്‌കാന്തിയോടുകൂടിയതും ജ്ഞാനനിർഭരവും തുറന്ന മനസ്സോടെയുളളതും, ധീരവും വിശ്വാസപൂർണവുമായ പ്രസംഗങ്ങളും ഇടപെടലുകളുമായിരുന്നു. അത് ഏറെ സന്തോഷദായകവും ആസ്വാദ്യവുമായിരുന്നു. നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കപ്പെട്ടതെല്ലാം സഭയുടെയും കുടുംബങ്ങളുടെയും നന്മയ്ക്കും പരമമായ കല്പനയ്ക്കും ആത്മാക്കളുടെ നന്മയ്ക്കും (കാനോൻ 1752) ഉതകുന്നതാണെന്ന ബോധ്യമാണ് എനിക്കുണ്ടായിട്ടുള്ളത്. അതൊന്നും, വിവാഹം എന്ന കൂദാശയുടെ അവിഭാജ്യത, ഐക്യം, വിശ്വസ്തത, സഫലത, ജീവിതത്തോടുള്ള തുറന്ന മനോഭാവം മുതലായ അടിസ്ഥാനസത്യങ്ങളെ (കാനോൻ 1055, 1056) ഒരിക്കലും ചോദ്യംചെയ്തുകൊണ്ടുള്ളതായിരുന്നില്ല. - ഇക്കാര്യം ഇവിടെ ഈ ഹാളിൽ നാം എല്ലായ്‌പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇതാണു സഭ, കർത്താവിന്‍റെ മുന്തിരിത്തോട്ടം. പോഷണദായിയായ അമ്മയും കരുതലുള്ള അദ്ധ്യാപികയുമാണവൾ. മക്കളായ മനുഷ്യരുടെ മുറിവുകളിൽ വേണ്ടത്ര തയ്യാറെടുപ്പുകളോടെ എണ്ണയും വീഞ്ഞും പുരട്ടാൻ എപ്പോഴും സന്നദ്ധ. ജനങ്ങളെ വിധിക്കാനും വേർതിരിക്കാനുമുള്ള ചില്ലുകൊട്ടാരമായി  മനുഷ്യകുലത്തെ കാണാത്തവൾ. ഇതാണ് പാപികളും ദൈവകൃപ ആവശ്യമുള്ളവരും അടങ്ങിയ, ഏകവും പരിശുദ്ധവും സാർവത്രികവും ശ്ലൈഹികവുമായ സഭ. ഇതാണ്  ക്രിസ്തുവിന്‍റെ വധുവായ യഥാർഥ സഭ.  തന്റെ ഭർത്താവായ ക്രിസ്തുവിനോടും അവളുടെ വിശ്വാസസംഹിതകളോടും വിശ്വസ്തത പുലർത്താൻ ശ്രമിക്കുന്നവൾ. ചുങ്കക്കാരോടും വേശ്യകളോടുമൊപ്പം തിന്നാനും കുടിക്കാനും ഭയമില്ലാത്ത സഭയാണിത്. നീതിമാന്മാർക്കും വിശ്വാസികൾക്കും പൂർണരെന്നു സ്വയം വിശ്വസിക്കുന്നവർക്കുംവേണ്ടി മാത്രമല്ല, പാവങ്ങൾക്കും പശ്ചാത്തപിക്കുന്നവർക്കുമായിക്കൂടി വാതിലുകൾ തുറന്നിട്ടു കാത്തിരിക്കുന്നവളാണ് ഈ സഭ. വീഴ്ചപറ്റിയ സഹോദരനെയോർത്ത് ലജ്ജിക്കുകയും അവനെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സഭയല്ലിത്. പകരം, അവന്റെ കാര്യത്തിൽ ഇടപെടുകയും, അവനെ കൈപിടിച്ചുയർത്തുകയും തന്റെ പ്രിയന്റെ ദൈവിക ജെറൂശലേമിലേക്ക് യാത്ര തുടരാൻ പ്രോത്സാഹിപ്പിക്കുകയും അവനെ അനുയാത്രചെയ്യുകയും ചെയ്യുന്ന സഭയാണിത്.
ഇതാണ് നമ്മുടെ സഭ, നമ്മുടെ അമ്മ! തന്‍റെ വൈവിദ്ധ്യമാർന്ന സിദ്ധികളിലൂടെ കൂട്ടായ്മയുടെ ചൈതന്യത്തിൽ സ്വയം ആവിഷ്‌കരിക്കുമ്പോൾ അവൾക്ക് തെറ്റുപറ്റാനാവില്ല. ഇതാണ് പരിശുദ്ധാത്മാവിന്റെ ദാനമായി നമുക്കു ലഭിച്ചിട്ടുള്ള വിശ്വാസത്തിന്റെ ശക്തിയും സൗന്ദര്യവും. വിശ്വാസത്തെക്കുറിച്ച് പരിശുദ്ധാത്മാവു നൽകുന്ന അതീതബോധമാണിത്. നമുക്കൊരുമിച്ച് സുവിശേഷത്തിന്‍റെ ഹൃദയത്തിലേക്കു കടക്കാനും നമ്മുടെ ജീവിതത്തിൽ യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് പഠിക്കാനും അതു നമ്മെ പ്രാപ്തരാക്കുന്നു. ഇതൊരിക്കലും സംശയത്തിന്റെയും വിയോജിപ്പിന്‍റെയും ഉറവിടമാവില്ല.
നിരവധി വ്യാഖ്യാതാക്കളും, പ്രസംഗകരുംതർക്കങ്ങളും കലഹങ്ങളും നിറഞ്ഞ ഒന്നാണു സഭയെന്നു കരുതുന്നു. സഭയുടെ ഏകതയുടെയും ഐക്യത്തിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിനെപ്പോലും അവർ സംശയിച്ചു. സഭയാകുന്ന കടൽ പ്രക്ഷുബ്ധമായപ്പോഴും, അവളുടെ ശുശ്രൂഷകർ അവിശ്വസ്തരും പാപികളുമായിരുന്നപ്പോഴും, സഭാനൗകയെ ചരിത്രത്തിലുടനീളം നയിച്ചുപോന്നത് ഈ പരിശുദ്ധാത്മാവാണ്.
സിനഡിന്‍റെ തുടക്കം മുതൽ ഞാൻ പറഞ്ഞിരുന്നതുപോലെ, പ്രശാന്തതയോടും, ആന്തരിക സമാധാനത്തോടുംകൂടി, ഇതിലൂടെയെല്ലാം കടന്നുപോരേണ്ടത് ആവശ്യമായിരുന്നു. കാരണം, സിനഡ് നടക്കേണ്ടത് പത്രോസിനോടൊപ്പവും പത്രോസിന്റെ കീഴിലുമാണ്. പോപ്പിന്‍റെ സാന്നിധ്യം ഇതെല്ലാം ഉറപ്പുവരുത്തുന്നതിനുള്ളതാണ്.
മെത്രാന്മാരുമായി മാർപ്പാപ്പായ്ക്കുള്ള ബന്ധത്തെക്കുറിച്ച് ഇവിടെ നമുക്കല്പം സംസാരിക്കാനുണ്ട് (ചിരിക്കുന്നു). സഭയിൽ ഐക്യം ഉറപ്പാക്കുകയാണ് പോപ്പിന്‍റെ ഉത്തരവാദിത്വം. ക്രിസ്തുവിന്‍റെ സുവിശേഷത്തെ വിശ്വസ്തതയോടെ പിന്തുടരുകയെന്നതാണ് വിശ്വാസികളുടെ ചുമതലയെന്ന് അവരെ ഓർമ്മിപ്പിക്കലാണത്; അത്, കർത്താവ് തങ്ങളെ വിശ്വസിച്ചേൽപിച്ചിരിക്കുന്ന ആടുകളെ പരിപോഷിപ്പിക്കാനുള്ള അജപാലകരുടെ ചുമതലയെ ഓർമ്മിപ്പിക്കലുമാണ്. നഷ്ടപ്പെട്ട ആടിനെ പിതൃസഹജമായ കരുതലോടും കരുണയോടും കൂടി യാതൊരു ഭയവും കൂടാതെ  സ്വാഗതം ചെയ്യുകയെന്നതാണ് തങ്ങളുടെ പ്രഥമവും പ്രധാനവുമായ ചുമതലയെന്ന് അവരെ ഓർമിപ്പിക്കലാണത്.... അല്ല, എനിക്കിവിടെ ഒരു തെറ്റുപറ്റി. 'സ്വാഗതം ചെയ്യുക' എന്നാണു ഞാൻ പറഞ്ഞത്. അതിലുപരി, പുറത്തേക്കിറങ്ങിച്ചെന്ന് 'തേടിക്കണ്ടെത്താനുള്ള ചുമതല' എന്നാണു പറയേണ്ടിയിരുന്നത്... 
...സഭ ക്രിസ്തുവിന്‍റെതാണ്; അവന്‍റെ വധുവാണവൾ. എല്ലാ മെത്രാന്മാർക്കും, പത്രോസിന്‍റെ പിൻഗാമിയുമായിച്ചേർന്ന് അവളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യാനുള്ള ചുമതലയുണ്ട്. യജമാനന്മാരായല്ല, ഭൃത്യരായാണ് അവളെ സേവിക്കേണ്ടത്. ഈ സന്ദർഭത്തിൽ, മാർപ്പാപ്പാ  പരമാധികാരിയായ യജമാനനല്ല, പരമവിനീതനായ ഭൃത്യനാണ്; 'ദൈവത്തിന്‍റെ ദാസന്മാരുടെ ദാസ'നാണ്. ദൈവഹിതത്തോടും ക്രിസ്തുവിന്‍റെ സുവിശേഷത്തോടും സഭയുടെ പാരമ്പര്യത്തോടുമുള്ള സഭയുടെ താദാത്മ്യത്തിനും അനുസരണത്തിനും ഉറപ്പുനൽകുന്ന ജാമ്യക്കാരനുമാണു മാർപ്പാപ്പാ. എല്ലാ വിശ്വാസികളുടെയും വലിയ ഇടയനും അധ്യാപകനും ആയിരുന്നിട്ടും, പരമവും ആഗോളവുമായ അധികാരം ഉള്ളവനായിരുന്നിട്ടും (ഇമിി. 331334), വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഈ ഉറപ്പുകൾ പാലിക്കേണ്ടവനാണു മാർപ്പാപ്പാ.
പ്രിയ സഹോദരീസഹോദരന്മാരേ, കുടുംബങ്ങൾ നേരിടുന്ന അസംഖ്യം വെല്ലുവിളികൾക്കും നിരവധി പ്രതിസന്ധികൾക്കും പക്വമായ മറുപടികളും പ്രായോഗികമായ പരിഹാരങ്ങളും, ആത്മീയമായ വിവേചനാശക്തിയോടെ കണ്ടെത്താൻ നമുക്കിനിയും ഒരു വർഷമുണ്ട്; ഇവിടെ രൂപംകൊണ്ട റിപ്പോർട്ടിലെ ശിപാർശകളിന്മേൽ അദ്ധ്വാനിക്കാനുള്ളതാണ് ഈ ഒരു വർഷം. ഈ സിനഡിൽ റിപ്പോർട്ട്, ചെറിയ ഗ്രൂപ്പുകളിലും സിനഡ് പൊതുവായും ചർച്ച ചെയ്യപ്പെട്ടവയുടെയെല്ലാം വ്യക്തമായ സംക്ഷിപ്തമാണ്. ലോകമെങ്ങുമുള്ള മെത്രാൻസമിതികൾക്കൊക്കെ തുടർചർച്ചകൾക്കുള്ള മാർഗ്ഗനിർദ്ദേശമായി നൽകപ്പെടുന്ന കരടുരേഖയാണത്. ഈ ഹാളിലും ചെറിയ ഗ്രൂപ്പുകളിലുമായി വിശ്വാസികൾ ചർച്ചചെയ്തവയുടെ സംഗ്രഹം എപ്പിസ്‌കോപ്പൽ കോൺഫറൻസുകളിൽ അവതരിപ്പിച്ച മാർഗനിർദേശങ്ങളോടൊപ്പം ഉണ്ട്. അതു പഠിക്കാൻ നമുക്ക് ഈ ഒരു വർഷം ഉപയോഗിക്കാം.
ദൈവനാമത്തിന്‍റെ മഹത്വത്തിനായി നടത്തപ്പെടുന്ന ഈ യാത്രയിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകി കർത്താവ് നമ്മെ അനുയാത്ര ചെയ്യട്ടെ! അതിന് പരി.കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ!

എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കല്ലേ! നന്ദി!

No comments:

Post a Comment