Translate

Thursday, December 25, 2014

കണ്ണിരില്‍ നനഞ്ഞൊരു ക്രിസ്തുമസ് !


ഈ ക്രിസ്മസ് സുദിനത്തില്‍ വളരെ ശ്രദ്ധേയമായ ഒരു സന്ദേശം എനിക്ക് കിട്ടി, ഡോ. കാള്‍ റോഡിംഗ് അയച്ചത്: “To you all, it was a very good year and thanks to all the good faith and the positive energy. Changes are coming! The Popes address to the Curia was something never seen before. Please pray for his safety. He is one of us!! Dr. Karl Rodig.

മാര്‍പ്പാപ്പാ ഈ ക്രിസ്തുമസ് വേളയില്‍ ലോകത്തിന് നല്‍കിയ സന്ദേശത്തില്‍ ‘കണ്ണിരില്‍ കുതിര്‍ന്ന ഒരു ക്രിസ്മസ്സ്’ എന്ന് പറഞ്ഞതും, ക്യുരിയായെ ബാധിച്ച പതിനഞ്ചു രോഗങ്ങള്‍ എണ്ണിപ്പറഞ്ഞതും ഇതിനോട് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. മാര്‍പ്പാപ്പാ പൊട്ടിത്തെറിച്ചു കൊണ്ട് തന്നെ നല്‍കിയ ഈ സന്ദേശം സര്‍വ്വ ലോക മാധ്യമങ്ങളിലും വന്നിരുന്നു. ഇത്തരം ഒരു സന്ദേശം ഒരു മാര്‍പ്പാപ്പായില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ ഇടയില്ലാത്തതാണ് എന്നാണ് സ്നേഹിതന്‍  കാള്‍ റോഡിഗ് പറഞ്ഞത്. ലോകം മുഴുവന്‍, പരസ്യമായി വെളിപ്പെടുത്തപ്പെടാത്ത ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നു, മാര്‍പ്പാപ്പയുടെ ജീവന്‍ അപകടത്തിലാണെന്ന്. ഇത്തരം ഒരു സന്ദേഹം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആദ്യ പ്രഭാഷണം മുതല്‍ ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. റോമിനെപ്പറ്റി ആരെല്ലാം എന്തെല്ലാം നല്ല കാര്യങ്ങള്‍ പറഞ്ഞാലും ഇത് തരുന്ന ഒരു സൂചന, റോമിലെ ക്യുരിയാ തലവന്മാര്‍ക്ക് ഈ മാര്‍പ്പാപ്പാ അസഹ്യമായ തലവേദന സൃഷ്ടിക്കുന്നുവെന്നും, അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരുമാണെന്നാണ്. വെറും 33 ദിവസം മാത്രം ഭരണത്തിലിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ മരണം നിരവധി പുരികങ്ങള്‍ അന്ന് ചലിപ്പിച്ചിരുന്നു, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു.

സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ചിറകിനു കീഴില്‍ തലപൂഴ്ത്തി ഇരിക്കുന്ന കേരള പാരമ്പര്യമുള്ള സര്‍വ്വ കത്തോലിക്കരും അറിയേണ്ട ഒരു കാര്യം കൂടിയാണ് കാള്‍ റോഡിഗ് പറഞ്ഞത്; ഒരിക്കലും സംഭവിക്കരുതായിരുന്ന കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കാം ഇവിടെ നടക്കാന്‍ പോകുന്നതും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഇവിടുത്തെ സര്‍വ്വ ഇടയ ലേഖനങ്ങളിലും തന്നെ കാണുന്ന ഒരു ഉപദേശമാണ്, സഭയില്‍ നിന്നും വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന സംഭാഷണങ്ങളില്‍  നിന്ന് എല്ലാവരും അകന്നു നില്‍ക്കണമെന്ന്. ഇതിന്‍റെയര്‍ത്ഥം, സംഘടിത അത്മായാ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് അസംതൃപ്തരായ അത്മായര്‍ സഭയാകെ വ്യാപിച്ചിരിക്കുന്നു എന്നാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കുന്നുവെന്നതും കാണേണ്ടതുണ്ട്. അത് സത്യമാണെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. എന്ത് അസംബന്ധം പറഞ്ഞാലും ശിരസ്സാവഹിക്കും എന്നുറപ്പുള്ള ഒരു വിശ്വാസീവൃന്ദത്തില്‍ വടിയൂന്നിയാണ് സഭാ ഭരണാധികാരികളുടെ മുന്നേറ്റം. പക്ഷേ, സഭ ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന ഉത്തമ വിശ്വാസത്തോടെയാണ് വചന പ്രഘോഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ പോലും എത്തുന്നതെന്ന സത്യം  അധികാരികള്‍ വിസ്മരിക്കുന്നു.

അത്മായാ സംഘടനകളുടെ ലക്ഷ്യവും ദിശയും മാറിയിരിക്കുന്നുവെന്ന വസ്തുതയും കാണേണ്ടതുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്, അത്മായരുടെതായി പ്രവര്‍ത്തിച്ച കുറെയേറെ ബ്ലോഗ്ഗുകള്‍ ഇവിടെ ഉണ്ടായിരുന്നു. വ്യക്തിപരമായ പരാതികള്‍ അധിക്ഷേപകരമായ വാക്കുകളിലൂടെ വാരിയെറിഞ്ഞ് മുന്നേറുന്ന ഒരു രീതിയാണ് കണ്ടത്. ഓരോരുത്തരുടെയും വൈരാഗ്യം അവര്‍ യഥേഷ്ടം പറഞ്ഞു തീര്‍ക്കുന്നതും നാം കണ്ടു. ഇവര്‍ ശരി പറഞ്ഞപ്പോഴും തെറ്റ് പറഞ്ഞപ്പോഴും സഭ പ്രതികരിച്ചില്ല.  ഇപ്പോള്‍ കാണുന്നത്, ഉത്തരവാദ പൌരത്വം ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുകൊണ്ട് അത്മായാ സംഘടനകള്‍ മാധ്യമങ്ങള്‍ ചലിപ്പിക്കുന്നതാണ്. ഒരിടക്ക് സഭാധികാരികളുമായി ചര്‍ച്ചക്കിരിക്കാന്‍ ആഗ്രഹിച്ച അത്മായന്‍, അത് വിട്ട് ക്രിയാത്മകമായ സഭാ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. സഭ വിട്ട ആളുകളുടെ പുനരധിവാസം, സഭക്കുള്ളിലുള്ള അസ്വസ്ഥരായ വൈദികരുടെയും കന്യാസ്ത്രികളുടെയും പുനര്‍വിന്യാസം, ക്രൈസ്തവ വിശ്വാസികളുടെ ആശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, നിശ്ശബ്ദതയില്‍ ഊന്നിയ ഫലവത്തായ ധ്യാനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി മുഴുവന്‍ സമയവും ചിലവഴിക്കുന്ന സംഘടനകളും ഉണ്ട്. ചര്ച്ച് ആക്റ്റ് നടപ്പാക്കി അത്മായന്‍റെ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക എന്ന ലക്‌ഷ്യം അത്മായനു നേടാന്‍ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സഭയോട് ഒരു ദീര്‍ഘമായ നിയമയുദ്ധം നടത്താനുള്ള തയ്യാറെടുപ്പും അത്മായാ സംഘടനകള്‍ നടത്തുന്നു എന്നും അറിയുന്നു. 

സഭ ഏതു കൂദാശ  കൈയ്യില്‍ വെച്ചാണോ അത്മായനു വില പറയുന്നത് അതേ കൂദാശകള്‍ അത്മായനു സൌജന്യമായി ലഭ്യമാക്കുകയെന്ന ലക്‌ഷ്യം കുറഞ്ഞൊരു സമയത്തിനുള്ളില്‍ സാധിക്കുക എന്ന ലക്ഷ്യത്തിലേക്ക് അത്മായാ സംഘടനകള്‍ മുന്നേറുന്നു. അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണ്‌. സഭയെ ന്യായീകരിക്കുന്ന ഒരു ലേഖനം പോലും പൊതു മാധ്യമങ്ങളില്‍ ഇല്ല, മറിച്ചുള്ളവ ധാരാളം ഉണ്ട് താനും. മുഖ്യധാരാ പത്രങ്ങള്‍ പലതും മൂടി വെയ്ക്കുന്നു, എങ്കിലും അവസരം കിട്ടുമ്പോള്‍ ചാടിക്കൊത്തുന്നു. ക്രിസ്തു എന്താണോ പഠിപ്പിച്ചത് അതിന്‍റെ ശരിയായ  അര്‍ത്ഥത്തില്‍ ജീവിക്കുന്നവരുടെ ഒരു സമൂഹം  അത്മായര്‍ സ്വപ്നം കാണുന്നു. അത് പറഞ്ഞു കൊടുക്കാനും അതിന് പിന്തുണ കൊടുക്കാനും അനേകം അഭിഷിക്തര്‍ തന്നെ ഒപ്പമുണ്ടെന്നുള്ളത് അവരെ ആവേശം കൊള്ളിക്കുന്നു.

സഭയും സിനഡും ഇതെല്ലാം കാണുന്നു. ആദ്യം മുതല്‍ സഭയെടുത്ത നയം, പ്രതികരിക്കാതിരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ അത്മായന്‍റെ പരാതികള്‍ക്ക് മറുപടി പറയുക എന്ന സാമാന്യ മര്യാദയില്‍ നിന്ന് പോലും എല്ലാ മെത്രാന്മാരും തന്നെ പിന്മാറി. അത് ഉദ്ദേശിച്ച ഫലമല്ല  ഇപ്പോള്‍ നല്‍കുന്നതെന്ന് പറയാതെ വയ്യ. സഭയുടെ 99 ശതമാനവും വരുന്ന അത്മായര്‍ക്കിടയില്‍ കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കാനേ ഇത് ഉപകരിക്കുന്നുള്ളൂ. ഇന്ന്, മിക്ക മെത്രാന്മാരും സ്വകാര്യ മാധ്യമ സംഘടനകളുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് പത്ര സമ്മേളനങ്ങള്‍ പോലും നടത്തുന്നത്. ഒരു കാലത്ത് മെത്രാന്മാര്‍ക്ക് സാമൂഹ്യമായി ഉയര്‍ന്ന മൂല്യം കല്‍പ്പിച്ചിരുന്നവര്‍ ഇന്ന് മുഖ്യ ധാരയില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുന്നു; അവരെ സംരക്ഷിക്കാന്‍ ഔദ്യോഗിക അത്മായാ സംഘടനകള്‍ പോലും താത്പര്യം കാണിക്കുന്നില്ല. അടുത്ത കാലത്ത് ഒരു മെത്രാനെ നികൃഷ്ട ജീവിയെന്ന് ഒരു കേരള MLA  വിളിച്ചപ്പോള്‍, പ്രതിക്ഷേധിക്കാന്‍ അധികമാരും മുന്നോട്ടു വന്നില്ല. അങ്കമാലിയില്‍ നഴ്സുമാര്‍ക്കെതിരെ പ്രകടനം  നടത്താന്‍ അങ്കമാലി ഫൊറോനാ ആഹ്വാനം ചെയ്തെങ്കിലും സഹകരണം പ്രായേണ ശുഷ്കമായിരുന്നു. കുറെ ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍, മാര്‍ഗ്ഗം വിട്ടും വിശ്വാസികളെ പിഴിഞ്ഞ് പണം ഉണ്ടാക്കാന്‍ പഠിച്ചവര്‍ എന്നൊക്കെയുള്ളതില്‍ കവിഞ്ഞ് മറ്റൊരര്‍ത്ഥത്തില്‍ സഭാധികാരികളെ കാണാന്‍ ഒരു വിശ്വാസിക്ക് പോലും ആവുന്നില്ല.

സഭക്കുള്ളില്‍  വൈദികര്‍ അവലംബിക്കുന്ന വഴിവിട്ട പാതകള്‍ സഭയെ വളരെ ക്ഷിണിപ്പിച്ചിട്ടുണ്ട്. അവക്കൊന്നും പരിഹാരം കാണാന്‍ സഭ ശ്രമിച്ചിട്ടില്ല, പകരം അവയെല്ലാം മൂടി വെയ്ക്കാനെ സഭക്ക് താത്പര്യമുണ്ടായിരുന്നുള്ളൂ. അധികാരം ആവോളം ആസ്വദിക്കുക, എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ആലോചിക്കാന്‍ സഭക്കാവുന്നില്ല, പഴുതുകള്‍ നിയമങ്ങള്‍ക്കൊണ്ട് മുറുക്കി മുന്നോട്ടു പോകാമെന്ന് കരുതുന്ന സഭ, പല ധ്യാന കേന്ദ്രങ്ങള്‍ക്കും താഴ് വീണുകൊണ്ടിരിക്കുന്നതും കാണുന്നില്ല. ഒരു കാലത്ത് മുരിങ്ങൂരില്‍ ഒരു റെയില്‍വേ സ്ടെഷന്‍ തന്നെ ഉണ്ടായെങ്കില്‍ ഇന്ന് ആ സ്ടെഷനില്‍ പതിവ് വണ്ടികള്‍ ഒന്നും തന്നെ നിര്‍ത്തുന്നില്ല. ഓരോ വചന പ്രഘോഷണത്തിനും വ്യാപകമായ പരസ്യ പ്രചരണം തന്നെ ആവശ്യമായി വന്നിരിക്കുന്നു. അല്ലേലൂജാ ധ്യാനങ്ങള്‍ക്ക്, വൈദികര്‍ തന്നെ അനുകൂലമല്ലാത്ത നിലപാടുകളും എടുത്തു തുടങ്ങി. എല്ലാ വര്‍ഷവും ചിക്കാഗോ പള്ളിയില്‍ നടത്തിയിരുന്ന ധ്യാനം ഈ വര്ഷം ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നു.

സഭ എങ്ങിനെയൊക്കെയാണ് വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചതെന്നു പറഞ്ഞു കൊണ്ടിരുന്ന അത്മായന് ഫ്രാന്‍സിസ് മാര്‍പ്പായുടെ വരവ് മരുഭൂമിയില്‍ മന്ന കിട്ടിയത് പോലെയായിരുന്നുവെന്ന് പറയാതെ വയ്യ. മാര്‍പ്പാപ്പാ സഭാ തലവനെന്ന നിലയില്‍ സഭാ നവീകരണത്തിന് ആവശ്യം ചെയ്യേണ്ടതെന്ന് പറഞ്ഞ് നല്‍കിയ ഒരു സന്ദേശവും സ്വീകരിക്കാതെ, അവയെല്ലാം തമസ്കരിച്ചവരെന്ന ബഹുമതി ഭാരത കത്തോലിക്കാ സഭക്ക് മാത്രം സ്വന്തമായുള്ളതാണ്. സഭയെ ബാധിച്ചുവെന്ന് മാര്‍പ്പാപ്പാ പറഞ്ഞ പതിനഞ്ചു രോഗങ്ങളും ഇവിടെയുണ്ട്. ഏതാനും മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളെ മാത്രം മനസ്സില്‍ കണ്ടല്ല ‘ഇതൊരു കണ്ണീരില്‍ കുതിര്‍ന്ന ക്രിസ്മസ്സ്’ എന്ന് മാര്‍പ്പാപ്പാ പറഞ്ഞത്. നാളെ, സീറോ മലബാര്‍ സഭയെ പേരെടുത്തു പറഞ്ഞു മാര്‍പ്പാപ്പാ വിമര്‍ശിച്ചാലും ആരും അത്ഭുതപ്പെടേണ്ട. സര്‍വ്വരെയും സമന്മാരായി കണ്ട യേശു, ശത്രുവിനെപ്പോലും സ്നേഹിക്കണമെന്നു പറഞ്ഞ യേശു എന്താണ് ഉദ്ദേശിച്ചതെന്ന് നോക്കിയിരുന്നെങ്കില്‍ ശുദ്ധരക്തവാദികളുടെ സ്ഥാനം സഭക്ക് പുറത്താകുമായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന വചനം കേട്ട് ആവേശഭരിതനായി പുറപ്പെട്ട ഒരപ്പസ്തോലനാണ് മാര്‍ത്തോമ്മായും. ഇന്ന് അദ്ദേഹത്തിന്‍റെ പൈതൃകം അവകാശപ്പെടുന്ന കത്തോലിക്കാ സഭ പാരമ്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം പരിമിതപ്പെട്ടിരിക്കുന്നു.

ഒരിടത്തു സഭാ നേതൃത്വം കേരള മന്ത്രിസഭയെ കൊമ്പു കുത്തിക്കാനുള്ള അടവുകള്‍ പയറ്റുന്നു, വേറൊരിടത്ത് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. ‘ഘര്‍ വാപ്പസി’ വാതില്‍പ്പടിയില്‍ വന്നു മുട്ടി വിളിക്കുന്നത്‌ കണ്ടിട്ടും പ്രതികരിക്കാനുള്ള കരുത്ത് സഭക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഘര്‍ വാപ്പസി’ ഒരു ഹ്രസ്വ കാല പദ്ധതിയല്ല. അത് ക്രിസ്ത്യാനികള്‍ക്ക് ‘ഘര്‍ ബന്ദ്‌’ ആയും മാറാം. 

ആരാണ് കേരളസഭയുടെ മുഖ്യ ശത്രു? ആ ലിസ്റ്റില്‍ ഒരു പാട് പേരുണ്ട്: മാര്‍പ്പാപ്പാ, രാഷ്ട്രിയക്കാര്‍, അത്മായര്‍, വിമര്‍ശകരായ  വൈദികര്‍ ..... ഈ ലിസ്റ്റ് നീളുന്നു എന്ന് കാണുന്നതിനേക്കാള്‍ തമാശ, സിനഡിനെ അനുകൂലിക്കാന്‍ സിനഡും സിനഡിന്‍റെ ശമ്പളം പറ്റുന്നവരും മാത്രം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നതാണ്. ഒരു മേജര്‍ ഓപ്പറേഷന് നടത്താനുള്ള ശേഷിയും സഭക്കിന്നില്ല. ഒരു ചര്‍ച്ചക്ക് വിളിച്ചാല്‍ ഒരത്മായനും വരണമെന്നുമില്ല. എല്ലാത്തിനും ഒരു പരിഹാരമായി മാര്‍ പവ്വത്തില്‍ കണ്ടത്, ഒരു താമരക്കുരിശും, ഒരു പ്രത്യേക കുര്‍ബ്ബാന ക്രമവും,  റോമില്‍ സ്വന്തമായി ഒരു ക്യുരിയാ ഹൌസും, സ്വന്തമായ ഒരു എപ്പാര്‍ക്കിയും, വേണ്ടത്ര ലത്തിന്‍ വിരോധവുമൊക്കെ ആയിരുന്നു. ഭാരത ക്രൈസ്തവരുടെ ആകെ ജനസംഖ്യ രണ്ടു ശതമാനത്തില്‍ നിന്ന് താഴ്ത്താനും, വിശ്വാസികളുടെ വിശ്വാസത്തിനു വിള്ളല്‍ വീഴ്ത്താനും ഇതുപകരിച്ചു. ഒരുമയില്‍ ഒതുങ്ങി കഴിഞ്ഞ കേരള കത്തോലിക്കാ സഭയുടെ തകര്‍ച്ചക്ക് വഴി തെളിച്ചതും ഇവയൊക്കെയായിരുന്നുവെന്നു വരും ചരിത്രങ്ങളില്‍ എഴുതപ്പെടുമെന്നുള്ളതും തീര്‍ച്ച!

ജോസഫ് മറ്റപ്പള്ളി
jmattappally@gmail.com 

2 comments:

  1. ഇന്ന് സഭയിൽ അല്മായർ സ്വസ്ഥരല്ല എന്നത് എവിടെയും കാണാവുന്നതേയുള്ളൂ. അച്ചന്മാരെ അനുസരിച്ചനുസരിച്ച് ഇപ്പോൾ ഏതു സാധാരണക്കാരനും മതിയായ പരുവമായി. ഒരുദാഹരണം മതി ഇത് തെളിയിക്കാൻ. ഇന്നലെ എന്റെ പഴയ ഇടവകയിലെ ഒരംഗം എന്നെ വിളിച്ച് രണ്ടായിരം രൂപാ ചോദിക്കുന്നു. ആൾ സാമാന്യ സാമ്പത്തിക ശേഷിയുള്ള മാന്യനാണ്. ആരോടും കടം ചോദിക്കേണ്ട ആവശ്യമില്ലാത്തയാൾ. രണ്ടു കിലൊമീറ്റർ നടന്ന് ആളെത്തിയപ്പോൾ ഞാൻ ചോദിച്ചു, എന്തെ ഇങ്ങനെയോരാവശ്യം വരാൻ? 'എന്റെ പൊന്നേ ഒന്നും പറയണ്ടാ. പള്ളി പണുതതിന്റെ കടം വീട്ടാൻ ഇനിയുമുണ്ട്. പിഴിയാവുന്നതിന്റെ ഇരട്ടി പിഴിഞ്ഞു. ഇനി വികാരി സ്ഥലം വിടുന്നതിനു മുമ്പ് അവസാനക്കൈ ആയി ഓരോ വീട്ടിലും രണ്ട് കുറ്റികൾ കൊടുത്തിരിക്കുകയാണ്. പത്തുരൂപയുടെ നറുക്കുകൾ വിറ്റിട്ട് കാശ് ഏല്പിക്കേണ്ട അവസാന ദിവസം നാളെയാണ്. ഞങ്ങൾ ഇതെല്ലാം എവിടെക്കൊണ്ടുപോയി വില്ക്കാനാണ്. അതൊന്നും അച്ചനറിയേണ്ട. നാളെയാണ് നറുക്കെടുപ്പ് അതിനുമുമ്പ് രണ്ടായിരം രൂപാ ഓരോ കുടുംബവും അച്ചനെ ഏല്പിക്കണം. കുറെ അത്യാവശ്യ പണികളുമൊക്കെയായി എന്റെ കൈവശം കാശൊന്നുമില്ല. അതുകൊണ്ടാണ് ചോദിക്കേണ്ടി വന്നത്. ഈ പള്ളിപണി മൂലം ഞങ്ങൾ ഇടവകക്കാർ അച്ചനേയും സഭയേയും തന്നെ വെറുത്തുതുടങ്ങി എന്ന് പറയാം.'

    ഇത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. ഞാനിതെപ്പറ്റി പലതവണ എഴുതിയിരുന്നു. ഇങ്ങനെ മനുഷ്യനെ മറന്ന് ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു നേതൃത്വമാണ് സീറോമലബാർ സഭയിലുള്ളത്. മറ്റപ്പള്ളിസാർ എണ്ണിപ്പറഞ്ഞ ദുരിതങ്ങൾ എല്ലാം കൂടെ വന്ന് ഈ സഭയെ മുച്ചൂടും മുടിക്കുന്നത് യേശുവിനെ മറന്ന ഈ പുരോഹിതവേഴ്ച്ച ഒന്നുകൊണ്ടു മാത്രമാണ്. പാപ്പാ ദുഖിക്കുന്നു. ലോകമെങ്ങുമുള്ള എല്ലാ നല്ല മനുഷ്യരും ദുഖിക്കുന്നു. കുറേ അവിവേകികൾ മൂലം ഒരു നല്ല പ്രസ്ഥാനം ആര്ക്കും വേണ്ടാത്തതായി തീരുന്നു. യേശുവല്ലാത്ത സകലതും ഇന്ന് മെത്രാന്മാരുടെ കൈയിലുണ്ട്. എന്നാൽ അതൊന്നുമല്ല, സഭക്ക് വേണ്ടത് യേശുവിനെയാണെന്ന് ഒരു നല്ല പാപ്പാ പറയുമ്പോൾ ഇവർ തുറിച്ചു നോക്കുകയാണ്, ഇതെന്തു കൂത്താണ് ഈ കേൾക്കുന്നത് എന്ന മട്ടിൽ.

    Tel. 9961544169 / 04822271922

    ReplyDelete
  2. സക്കരിയാച്ചയന്റെ " മനുഷ്യനെ മറന്ന് ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു നേതൃത്വമാണ് സീറോമലബാർ സഭയിലുള്ളത്." എന്നത് ഞാന്‍ ഒന്ന് തിരുത്തിക്കോട്ടേ . please ."ദൈവത്തെയും മനുഷ്യനെയും മറന്നു / ദൈവത്തെ അറിയാതെ,മനുഷ്യത്വം ഇല്ലാതെ./ ദൈവത്തെ ഭയവും മനുഷ്യരേ ശങ്കയുമില്ലാതെ ." മതിവരുന്നില്ല ..ഇവറ്റകളെ എന്ത് പറഞ്ഞാലും മതിവരുന്നില്ല ..sorry

    ReplyDelete