Translate

Wednesday, December 31, 2014

പോയ വര്‍ഷത്തെ വില്ലന്‍

കടപ്പാട് - അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)
നമോവാകം 2015…
ചില കിഴക്കന്‍ കൊച്ചുരാജ്യങ്ങള്‍ 2015ന്റെ പ്രഭാതകിരണങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. നമുക്ക് ഏതാനും മണിക്കൂറുകള്‍കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
പോയ വര്ഷം... സത്യത്തില്‍ നല്ല ഓര്‍മ്മകള്‍ കുറവാണ്.. വ്യക്തിപരമായി പറഞ്ഞാല്‍ എല്ലാം ഭദ്രം.. ദുരന്തങ്ങള്‍ ഒന്നും നേരിടേണ്ടി വന്നില്ല... സന്തോഷം.
 മതമായിരുന്നു പോയ വര്‍ഷത്തെ വില്ലന്‍ എന്നാണ് എന്റെ വിലയിരുത്തല്‍. സിറിയ, ഇറാക്ക്.. മതപരിവര്‍ത്തനം.. വാനരസേന, ബലിയര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അവിശുദ്ധമായ രാഷ്ട്രീയ ഇടപെടലുകള്‍.. താലിബാനിസം ഇന്ത്യയിലും കേരളത്തിലും വേരുറപ്പിക്കുകയാണോ എന്ന സംശയം ജനിപ്പിക്കുന്നു.
ആഗോളതലത്തില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ ഉണ്ടായില്ല. റഷ്യ (അടുത്ത കാലത്താണ് റഷ്യന്‍ ചരിത്രത്തോട് ഭ്രമം തോന്നിയത്) – അവിടെ സംഭവിക്കുന്നത്‌ നമ്മള്‍ ശ്രദ്ധിക്കാറില്ല.. എങ്കിലും ഒന്നെനിക്കുറപ്പായി, ആ രാജ്യത്തെ സാധാരണക്കാരന് മോചനമില്ല. നിരവധി മോചകരെ അവര്‍ കണ്ടു. മോചനം ഇന്നും വിദൂരസ്വപ്നം തന്നെ. റഷ്യന്‍മനസ്സിന് ക്രൈമിയ പ്രദേശത്തോട് ചക്രവര്‍ത്തിമാര്‍ ഉണ്ടാക്കികൊടുത്ത ഒരു പ്രതിപത്തിയുണ്ട്. ആ പ്രദേശം അവര്‍ വീണ്ടെടുത്തു. പക്ഷെ ജീവിതസൌകര്യങ്ങള്‍ താഴേയ്ക്കുതന്നെ കൂപ്പുകുത്തുന്നു.
കമ്മ്യൂണിസം ക്യൂബയിലും കേരളത്തിലും മാത്രം അവശേഷിക്കും എന്നാരോ പണ്ട് പ്രവചിച്ചിരുന്നു.. ഇല്ല, ക്യൂബ രക്ഷപ്പെട്ട മട്ടാണ്. ഇനി ആ പ്രത്യയശാസ്ത്രം നമുക്കുമാത്രം സ്വന്തം.
ആകാശത്ത് വിമാനം അപ്രത്യക്ഷമാകുന്ന സംഭവങ്ങള്‍ രണ്ടായി. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും മുകളില്‍കൂടി പറക്കുന്ന ശകടത്തില്‍ കയറാന്‍ വിധിക്കപ്പെട്ട നമുക്ക് അടുത്ത യാത്രയില്‍ നാഡിമിടിപ്പ് കൂടിയേക്കാം.
യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടി പ്രത്യേക ധ്യാനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക.
എല്ലാ എഫ്ബി സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍

No comments:

Post a Comment