Translate

Tuesday, December 9, 2014

ക്രൈസ്തവ സഭയെ മാറ്റിമറിച്ച അറിയപ്പെടാത്ത സംഭവങ്ങള്‍ !

(ശ്രി. എഡ്ഗാര്‍ ഡാവി CCRInt’l ന് വേണ്ടി തയ്യാറാക്കിയ സുദീര്ഘമായ ലേഖനത്തിന്‍റെ ആശയ സംഗ്രഹം. ഇതിന്‍റെ പൂര്‍ണ്ണ രൂപം Going Global ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് - എഡിറ്റര്‍) 

ഈ ചെറിയ വിശദീകരണം, പുതിയ നിയമം ഉണ്ടാകുന്നതിനു മുമ്പ് ഇന്നത്തെ ക്രൈസ്തവസഭ വിഭജിക്കപ്പെടാന്‍ ഇടയായ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്നു. യേശുവിന്‍റെ മരണവും കഴിഞ്ഞ് അപ്പസ്തോലന്മാരും മണ്മറഞ്ഞ ശേഷം,  രണ്ടാം നൂറ്റാണ്ടില്‍ സഭാ ചരിത്രം മാറ്റി മറിച്ച് ക്രിസ്ത്യാനികളെ അരാജകത്വത്തിലേക്ക് നയിച്ച സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടമാണ്. അപ്പസ്തോലന്മാര്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത ഏക നേതാവായ നീതിമാനായ ജെയിംസിനെ യേശുവിന്‍റെ മരണത്തിനു 32 വര്‍ഷങ്ങള്‍ക്കു ശേഷം യഹൂദ പുരോഹിതര്‍ വധിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം AD 67ല്‍ വി. പത്രോസും അദ്ദേഹത്തിന്‍റെ ഭാര്യ പെര്‍പെച്ചുവായും വി. പൌലോസും റോമില്‍ വധിക്കപ്പെടുന്നു. AD 70ല്‍ യഹൂദ-ക്രൈസ്തവ ദേവാലയ ശുശ്രുഷകള്‍ക്ക് അന്ത്യം കുറിച്ച് കൊണ്ട്  റോമന്‍ പട്ടാളം ജെരൂസലേം ദേവാലയം നാമാവശേഷമാക്കുന്നു. AD 135ല്‍ യഹൂദരും ക്രിസ്ത്യാനികളും എന്നന്നേക്കുമായി വേര്‍പിരിയുന്നു. റോമാ സാമ്രാജ്യത്തിനെതിരായുള്ള യഹൂദരുടെ അവസാനത്തെ പോരാട്ടത്തില്‍ ഏതാണ്ട് അഞ്ചു ലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടു; ഇത് യഹൂദരെയും യഹൂദ ക്രിസ്ത്യാനികളെയും ഒരു പോലെ ജന്മദേശം വിട്ട് പുറം ജാതികളുടെ ആക്രമണം കാത്തിരുന്ന റോമന്‍ സാമ്രാജ്യത്തിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു. ഒരു ചരിത്രകാരന്‍ ഈ പ്രതിസന്ധിഘട്ടത്തെപ്പറ്റി പറഞ്ഞത്, കര്‍ത്താവായ യേശുവിന്‍റെ മതം അത് പ്രസംഗിക്കപ്പെട്ട യഹൂദ പശ്ചാത്തലത്തില്‍ നിന്ന് പുറത്തു വന്നപ്പോള്‍ തന്നെ അന്യമത സംസ്കാരങ്ങളുടെ ആക്രമണത്തിനു വിധേയമായി എന്നാണ്. എല്ലാ സമൂഹങ്ങളിലും ക്രിസ്ത്യാനികളെ പ്രതിരോധിക്കാന്‍ ജ്ഞാനികളും ഗുരുക്കന്മാരും അണിനിരന്നിരുന്നു.
ഈ അസന്നിഗ്ദാവസ്ഥയിലും ക്രൈസ്തവര്‍ക്ക് മൂന്ന് അധികാരങ്ങളെപ്പറ്റിയെ അറിവുണ്ടായിരുന്നുള്ളൂ. ആദ്യത്തേത് പഴയ നിയമം, രണ്ടാമത്തേത് യേശു നേരിട്ട് പറഞ്ഞ വചനങ്ങള്‍, അവസാനമായി  അപ്പസ്തോലരിലൂടെ കേട്ട വ്യഖ്യാനങ്ങള്‍ എന്നിവ ആയിരുന്നത്. ഇത് നിര്വ്വചിക്കപ്പെട്ടിരിക്കുന്നത്, വിശ്വാസം എന്നാല്‍ ക്രിസ്തു ഏല്‍പ്പിച്ച സത്യത്തിന്‍റെ ആത്മാവിനെ സംരക്ഷിക്കുകയും പ്രഘോഷിക്കുകയെന്നതും ആണെന്നാണ്‌. രണ്ടാം വത്തിക്കാന്‍ കൌന്സിലിനോടനുബന്ധിച്ച് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ പറഞ്ഞതും ഇതാണ് കാലഘട്ടത്തിന്‍റെ ദൌത്യം എന്നാണ്. 
രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യഭാഗം, യഹൂദരില്‍ നിന്ന് ക്രിസ്ത്യാനികള്‍  വേര്‍പെട്ട ശേഷം മതം മാറിയെത്തിയ എല്ലാവരും തന്നെ ക്രൈസ്തവ സഭ ഉയിര്‍കൊണ്ട പഴയനിയമ സംഹിതയെ ആയിരുന്നില്ല പകരം, ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ മാത്രം പരിചയമുള്ള ജ്ഞാനികളെയാണ് ആശ്രയിച്ചത്. അവര്‍ യേശുവിന്‍റെ രണ്ടാം വരവ് പ്രതീക്ഷിച്ചു, രക്തവും മാംസവുമുള്ള, കുരിശു മരണത്തെ അതിജീവിച്ച, ഒരു ദൈവമായി അവര്‍ യേശുവിനെ കണ്ടു, യഹൂദ പ്രതിഷ്ടകളെയും ലോകത്തെ തന്നെയും പാപമായും അവര്‍ കരുതി. കാലക്രമേണ വലിയ ഒരു നഷ്ടത്തിലേക്കാണ് ഇത് ക്രൈസ്തവ സഭയെ നയിച്ചത്, യഹൂദനായി ജനിക്കുകയും ജീവിക്കുകയും ചെയ്ത യേശുവിനെ മനസ്സിലാക്കാനുള്ള  എല്ലാ അവസരങ്ങളും ഈ മാറ്റം നഷ്ടപ്പെടുത്തുക തന്നെ ചെയ്തു.
ലോകത്തിന്‍റെ ആകമാനതയെ മനസ്സിലാക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്ക് ഇന്ന് ഏറെ ക്ലേശിക്കേണ്ടി വരുന്നുണ്ട്. പ്ലേറ്റോയുടെ ദാര്‍ശനികതയില്‍ നിന്ന് വന്ന, ആത്മാവ് ദുഷിച്ച ശരീരത്തിന്‍റെ തടങ്കലിലാണെന്നുള്ള ചിന്തയും ക്രിസ്ത്യാനികളെ വല്ലാതെ സ്വാധീനിച്ചുവെന്ന് പറയാം. മദ്യം, മാംസ ഭക്ഷണം, ലൈംഗിക സുഖങ്ങള്‍ ഇവയെല്ലാം ഗുരുക്കന്മാര്‍ക്കും പുരോഹിതര്‍ക്കും അങ്ങേയറ്റം നിഷിദ്ധമാണെന്നുള്ള സങ്കല്‍പ്പം ഇവിടെ തുടങ്ങി. സ്ത്രൈണതയുടെ ദുഷിച്ച സ്വാധീനവലയം ഒരു വലിയ കെണിയായി അവര്‍ കരുതി. യേശുവിനു ശേഷം നീതിമാനായ ജെയിംസ് അല്ലാതെ ആദിമ ക്രിസ്ത്യാനികള്‍ക്ക് വേറെ ഒരു നേതാവുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ അവര്‍ ആശ്രയിച്ചത് ഓരോ സമൂഹത്തിലെയും മൂപ്പന്മാരെ ആയിരുന്നു. വാളെന്റിനസ് ആയിരുന്നോ  ഏതന്‍സില്‍ നിന്ന് വന്ന ഹിജിനസ് ആയിരുന്നോ AD 136 ല്‍ റോമിന്‍റെ ബ്ഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത് എന്നതിനെപ്പറ്റി ചരിത്രകാരന്മാരുടെ ഇടയില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ശുദ്ധമായ യഹൂദ ക്രിസ്ത്യാനികള്‍ യേശുവിനു ശേഷം ഒരു നൂറ്റാണ്ട് കൂടെയേ ഉണ്ടായിരുന്നുള്ളൂ. രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷം കൊന്‍സ്റെന്റൈന്‍ ചക്രവര്‍ത്തി വരുന്നിടം വരെ മാര്‍പ്പാപ്പയും ഉണ്ടായിരുന്നില്ല.
രണ്ടാം നൂറ്റാണ്ടിലും പുതിയ നിയമം ഉണ്ടായിരുന്നില്ലായെന്നത് ഇന്നത്തെ ക്രിസ്ത്യാനികള്‍ക്ക് ഒട്ടും അറിവുള്ള കാര്യമല്ല. റോമന്‍ സാമ്രാജ്യത്തിലും അതിന് പുറത്തേക്കും അതിവേഗം ക്രിസ്ത്യാനികള്‍  പടര്‍ന്നു വളര്‍ന്നു കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ ഇന്നത്തെ പുതിയ നിയമ രചനകള്‍ക്ക് പഴയ നിയമ പുസ്തകങ്ങളെക്കാള്‍ പ്രാധാന്യം നല്കപ്പെട്ടുമിരുന്നില്ല. ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരുന്ന പുതിയ പുതിയ സംസ്കാരങ്ങളെയെല്ലാം ഉള്‍ക്കൊണ്ടു കൊണ്ട് ബിഷപ്പ് പദവിയില്‍ എത്തിപ്പെട്ട പ്രധാനികളാണ് അവരവരുടെ ഇംഗിതത്തിനനുസരിച്ച് അവരവുടെ മനസ്സിലാക്കലും മൂല വിശ്വാസരീതികളും കോര്‍ത്തിണക്കി  നിരവധി ക്രൈസ്ത ഗ്രന്ഥങ്ങള്‍ രചിച്ചത്. ഏതാണ്ട് AD 230 ആയപ്പോഴേക്കും അനേകം അജ്ഞാതകൃതികള്‍ ശരിയായ വിശ്വാസ ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുകയും, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഏതാനും അംഗീകരിക്കപ്പെടത്ത പുതിയ നിയമ ഗ്രന്ഥങ്ങളെക്കാള്‍ പ്രാമാണ്യം നേടുകയും ചെയ്തു. ഭാഗ്യവശാല്‍ രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനം ഈ മനോഭാവത്തിന് ക്ഷയം സംഭവിക്കുകയും നസ്രായനായ ഉയര്ക്കപ്പെട്ട ക്രിസ്തുവിന്‍റെ അനുയായികളായ ചിന്തകര്‍ ആധിപത്യം സ്ഥാപിക്കുകയും അവര്‍ പ്രമുഖ നഗരങ്ങളില്‍ ബിഷപ്പുമാരായി സ്ഥാനം എല്ക്കുകയും ചെയ്തു. ദൌര്‍ഭാഗ്യവശാല്‍ അവരും ഒപ്പംകൊണ്ടുവന്ന പുരോഹിതര്‍ക്ക് ബ്രഹ്മചര്യം,  ലൈംഗികത ആപത്ത് മുതലായ പ്ലേറ്റോയുടെ ദര്‍ശനങ്ങള്‍ സ്ത്രികളെ തരം താഴ്ത്തുകയും പൌരോഹിത്യത്തെ അപമാനിക്കുകയും ചെയ്തു. പഴയ നിയമങ്ങള്‍ക്കു ക്രിസ്തുവിന്‍റെ ഉയര്പ്പിനെ ഏറ്റു പിടിക്കാനുള്ള ശേഷിയില്ലായെന്ന നിഗമനമാണ് അതിനെ വെറും യഹൂദ ഗ്രന്ഥമായി മാത്രം പരിഗണിക്കപ്പെടാന്‍ ഇടവന്നത്.
കൊന്‍സ്റെന്ടിനു മുമ്പ് പൊതു അംഗീകാരമുള്ള ഒരു തത്ത്വവും ക്രിസ്താനികളുടെ ഇടയില്‍ ഉണ്ടായിരുന്നില്ലായെന്ന് പറയാം. ക്രിസ്ത്യാനികള്‍  AD 313 വരെ ഒരു ഐക്യപ്പെട്ട സംഘമായി ചേര്‍ന്നിരുന്നുമില്ല. കൊന്‍സ്റെന്ടിനു ശേഷമാണ് റോമിലെ ബിഷപ്പുമാര്‍ റോമന്‍ സര്‍ക്കാരിന്‍റെയും ഔദ്യോഗിക പ്രതിനിധികള്‍ ആയത്. അന്ന് മുതല്‍ മാര്‍പ്പാപ്പയുടെ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആവാത്തതുമായി. ഒപ്പം സ്ഥാപിത താത്പര്യമുള്ള ചിന്തകള്‍ നിറഞ്ഞ ഗ്രന്ഥങ്ങളും രചനകളും മാത്രം ഔദ്യോഗികവും അല്ലാത്തവയെല്ലാം അനദ്യോഗികവുമായും മാറി. AD 380ല്‍ ആദ്യത്തെ അപ്പസ്തോലിക നിയമം നിലവില്‍ വന്നു, ഒപ്പം ക്രിസ്തുവിന്‍റെതെന്നവകാശപ്പെട്ട ചില മാര്‍ഗ്ഗ രേഖകളും.  
AD 380 ഫെബ്രുവരി 10ന് സൈറിഷ്യസ് മാര്‍പ്പാപ്പാ തെറ്റാവരം അവകാശപ്പെട്ടു കൊണ്ട് ആകമാന സഭ അനുവര്‍ത്തിക്കേണ്ടതെന്നു നിര്‍ദ്ദേശിക്കുന്ന ഒരു പ്രമാണ രേഖ പുറപ്പെടുവിച്ചു. അതിനനുസരിച്ച് പുരോഹിതര്‍ക്ക് വിവാഹം നിഷിദ്ധമാക്കി. ക്രിസ്തു പഠിപ്പിച്ചതിനെ നിഷേധിക്കുന്നത് വഴി അപ്രമാദിത്യം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു ഈ പ്രമാണ രേഖയെന്നു മിക്കവാറും ക്രിസ്ത്യാനികളും ഇന്നും മനസ്സിലാക്കിയിട്ടില്ല. കാനോന്‍ നിയമത്തിനു ചരിത്ര സത്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലല്ലോ! പയസ് ഒന്‍പതാമന്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്യത്തെ പറ്റിയുള്ള വിശദീകരണത്തിനും അദ്ദേഹത്തിന് മുമ്പുള്ള 15 നൂറ്റാണ്ടുകളിലെ അപ്രമാദിത്വ ഭോഷത്തരങ്ങളെ മായ്ക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം പറഞ്ഞത്, അപ്രമാദിത്വം വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും അതിന്‍റെ തിരസ്കരണം പാഷണ്ഡതയാണെന്നുമാണ്.
2002ല്‍ പുരോഹിതരുടെ ബാലപീഡനകഥകള്‍ വ്യാപകമായി പുറത്തു വന്നപ്പോള്‍ ക്രൈസ്തവ ലോകം ഞെട്ടിയെന്നു പറയാതിരിക്കാന്‍ ആവില്ല; എല്ലാ പുരോഹിതരും അഭിഷിക്തരും സംസയത്തിന്‍റെ നിഴലിലാവാനും  ഇത് കാരണമായി. ആദ്യ നൂറ്റാണ്ടിലെ രേഖകളിലും സ്ത്രികളെയും കുട്ടികളെയും ചൂഷണം ചെയ്യരുതെന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നു. AD 306ല്‍ എല്‍വിരായിലെ ബിഷപ്പുമാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് മരണ സമയത്തു പോലും കൂദാശകള്‍  കൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഭ അനുവര്‍ത്തിച്ച ഇത്തരം തെറ്റുകള്‍ ഉന്മൂലനം ചെയ്യാനും സ്ത്രി പൌരോഹിത്യം സഭയില്‍ സ്ഥാപിക്കാനും ചരിത്രകാരന്മാര്‍ ശ്രമിച്ചെങ്കിലും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിലും അത് ഫലം കണ്ടില്ല.

1968ല്‍ പോപ്പ് പോള്‍ ആറാമന്‍ പുറപ്പെടുവിച്ച പ്രമാണങ്ങളിലും ആദിമ ക്രൈസ്തവര്‍ അനുവര്‍ത്തിച്ചു പോന്ന ജീവിത ചര്യയിലേക്ക് സഭയെ കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായില്ല. 1994ല്‍ ജോണ്‍ പോള്‍ രണ്ടാമനും  സ്ത്രികള്‍ക്ക് പൌരോഹിത്യവും വൈദികര്‍ക്കു വിവാഹവും ഒരിക്കല്‍ കൂടി നിഷേധിച്ചു. ഇവിടെയും മൂലക്രൈസ്തവ സിദ്ധാന്തങ്ങളുടെ  തിരസ്കരണമാണ് സംഭവിച്ചതെന്ന് പറയാതെ വയ്യ. അപ്പസ്തോലന്മാര്‍ പുരോഹിതരായിരുന്നില്ലെന്നും, അന്ന് സ്ത്രികളും പുരുഷന്മാരും ഒരുപോലെ അധികാരം കൈയ്യാളിയിരുന്നെന്നതും നമുക്കറിയാവുന്ന ചരിത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങളിലൂടെ ഇവര്‍ യേശുവിനെ നിഷേധിക്കുകയായിരുന്നു. ഇന്ന് അഭിഷ്ക്തര്‍ക്കും സഭാ സേവകര്‍ക്കും ഇതിനെപ്പറ്റി യാതൊരറിവുമില്ല, ഉണ്ടാകണമെങ്കില്‍ വര്‍ഷങ്ങളോളം സഭാ ചരിത്രം പഠിക്കേണ്ടതായും വരും. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ഇരുണ്ട സഭാ ചരിത്രം മനസ്സിലാക്കാതെ ആധുനിക ക്രൈസ്തവ ചരിത്രം പഠിക്കുന്നത് കൊണ്ടും പ്രയോജനമില്ല. ഈ കിരാത നിയമങ്ങളൊക്കെ ചരിത്രം മാറ്റിക്കുറിച്ച ഏതാനും വ്യക്തികളുടെ നേട്ടങ്ങളോട് മാത്രം ചേര്‍ക്കേണ്ടതാണ്. 

No comments:

Post a Comment