Translate

Tuesday, December 30, 2014

അല്‍പ്പം ഗിന്നസ് ചിന്തകള്‍

അളവ്, എല്ലായിടത്തും ഒരേ കോലുകൊണ്ടല്ല. വസ്തു സര്‍ക്കാര്‍ അളക്കുന്നത് ഹെക്ടര്‍,  ആര്‍  കണക്കിനാണെങ്കിലും ക്രിസ്ത്യാനികളിപ്പൊഴും ഏക്കര്‍ സെന്റ്‌ കണക്കിലാണല്ലോ കാര്യങ്ങള്‍ കാണുന്നതും അതിരുകള്‍  തോറും ആഞ്ഞിലിയും, പ്ലാവും, തേക്കും, മഹാഗണിയുമൊക്കെ വെച്ചു പിടിപ്പിക്കുന്നതും. ദൂരം സര്‍ക്കാര്‍ മീറ്റര്‍ കണക്കില്‍  അളക്കുമ്പോള്‍ നാം ‘അടി’ യാണല്ലോ ഇഷ്ടപ്പെടുന്നത്.  ലോകാവസാനം വരെ ‘അടി’ നാം കൈവിടരുത്. മദ്ധ്യ കേരളത്തില്‍ ഇത് കുറഞ്ഞതിന്‍റെ ഫലം വല്ലാതെ അനുഭവപ്പെടുന്നുമുണ്ട്. തൃശ്ശൂരുകാര്‍ ബോണ്‍ നത്താലെ നടത്തിയിട്ടും ഒന്നും പഠിച്ചില്ലെന്ന് കേള്‍ക്കുന്നു. കേരളത്തിലെ എല്ലാ ശ്ലീഹന്മാരും തദ്ദേശ പൌരാവലികളുടെ (സമ്മര്‍ദ്ദാനന്തര) പിന്തുണയോടെ ഇതുപോലെ ഏതെങ്കിലും ബുക്കില്‍ കയറാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും സ്ഥിതി? അതൊക്കെ പോട്ടെ, ഇത് രൂപകല്‍പ്പന ചെയ്തത് രൂപത ആണെങ്കിലും പാപ്പാമാരുടെ കോട്ടില്‍ ഉണ്ടായിരുന്ന അടയാളം കുരിശും കുടയുമൊന്നും ആയിരുന്നില്ല, പകരം ഒരു ജൌളിക്കടയുടെ പരസ്യമായിരുന്നു. ഈ മെത്രാനെ വിളിക്കേണ്ട പേര് നിങ്ങള്ക്ക് തീരുമാനിക്കാം. എന്തായാലും, അങ്ങിനെ തൃശ്ശൂര്‍ കാര് ഞെളിയാന്‍ വരട്ടെ, ഇവിടെ വേറൊരു മെത്രാന്‍ നോബല്‍ പ്രൈസ് വാങ്ങിക്കാനുള്ള ഒരുക്കത്തിലാണെന്ന് കേള്‍ക്കാന്‍ ഇടയായി. പണ്ട് ഒരു ബിഷപ്പ് ടുട്ടുവിന് ഇത് കിട്ടിയിട്ടുണ്ടല്ലോ. എന്തെല്ലാം കണ്ടാലാ കര്‍ത്താവേ ഈ ജീവിതം ഒന്നവസാനിക്കുക!

രണ്ടായിരം വര്ഷം മുമ്പ്, ഇതുപോലെ മൊബൈലും വീഡിയോയും ഗിന്നസ് ബുക്കുമൊക്കെ  ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ആവശ്യപ്രകാരം കര്‍ത്താവിന് ഒന്ന് രണ്ടു മണിക്കൂര്‍ കൂടിയെങ്കിലും കുരിശില്‍ കിടക്കേണ്ടി വന്നേനെ, രണ്ടു കള്ളന്മാരും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. ഇരുപത്തയ്യായിരം പാപ്പാമാര്‍ പ്രകടനത്തിന് ഉണ്ടാവുമെന്ന് തൃശ്ശൂര്‍ അരമന ഉറപ്പു പറഞ്ഞതാ (നത്തോലി പാപ്പാമാരും പാപ്പിമാരും ബോണ്‍ വേഷത്തില്‍ എത്തുമെന്നാ ജനം കരുതിയത്‌); പതിനെണ്ണായിരം വന്നു. ജൗളിക്കടക്കാരന്‍ ഇടക്ക് വന്നിരുന്നില്ലെങ്കില്‍ ഗിന്നസ്കാര്‍ക്ക് വണ്ടിക്കൂലിയും ചിലവും അങ്ങോട്ട്‌ കൊടുക്കേണ്ടി വന്നേനെ, ക്ഷമയും പറയേണ്ടി വന്നേനെ. പണ്ടൊരു മെത്രാന്‍ സക്കാത്ത് വാങ്ങിച്ച്  മുദ്രക്കടലാസില്‍ അടയാളം പതിപ്പിച്ചതിന്‍റെ ക്ഷിണം ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇനി മേല്‍ ഏതരമന എന്ത് പറഞ്ഞാലും, പറയുന്നതിന്‍റെ നാലിലൊന്ന് കണക്കു കൂട്ടിയാല്‍ മതി – ഗിന്നസ് ആശാന്മാര്‍ക്ക് നന്ദി! എവന്മാരുടെ കൈയ്യില്‍ ക്രിസ്ത്യന്‍ വോട്ട് അളക്കുന്ന കുന്ത്രാണ്ടം ഉണ്ടെങ്കില്‍ ഒരെണ്ണം കിട്ടിയാല്‍ കൊള്ളാമായിരുന്നു.

മെത്രാനിട്ടു പത്രക്കാര്‍ ചെയ്തത് ക്രൂരമായിപ്പോയി. ഈ ഗിന്നസ്  ഡ്രാമാ സ്കോപ്പ് ചിത്രം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ മുക്കിത്താഴ്ത്തി. അവരുടെ മെയിന്‍ പേജില്‍ പലരും ഈ വാര്‍ത്ത ഇട്ടില്ല. പിറ്റേന്നത്തെ പത്രം എടുത്തു നോക്കിയാല്‍ അറിയാം അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അവര്‍ കൊടുത്തത് ഏതു വാര്‍ത്തക്കാണെന്ന്. വെറുതേ വടക്കന്‍ അയര്‍ലന്റിന്‍റെ വൈരാഗ്യം എന്തിനാ മേടിച്ചു കേട്ടുന്നതെന്ന് അവരും ഓര്‍ത്തു കാണും. തൃശ്ശൂര്‍  മെത്രാന്‍ സ്ഥാനം ഒഴിയണമെന്ന് പറഞ്ഞും കുറെ കുസൃതികള്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ മാര്‍പ്പാപ്പാക്ക് പരാതിയും അയച്ചു കഴിഞ്ഞു. പണ്ട് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുത്തന്‍ എനിക്ക് എട്ടിന്‍റെ ഒരു പണി തന്നു. ഒരു കടലാസ്സില്‍ ഒരു വര വരച്ചിട്ട് ആ വരയില്‍ തൊടാതെ അത് ചെറുതാക്കാന്‍ അവന്‍ പറഞ്ഞു. എന്‍റെ സര്‍വ്വ ബുദ്ധിയും ഉപയോഗിച്ചിട്ടും പണി നടന്നില്ല. പിറ്റേന്ന് അവന്‍ എന്ത് ചെയ്തെന്നോ? ആ വരയുടെ അടുത്ത് അതിലും വലിയ ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു, കണ്ടോ ആദ്യത്തെ വര ചെറുതായതെന്ന്‍. താഴത്ത് മെത്രാനെ ഒതുക്കാന്‍ ഒരു പണിയേ ഉള്ളൂ; ഞാന്‍ പറഞ്ഞു വരുന്നത് മാര്‍ ആലഞ്ചേരിയുടെ വീട്ടുപേര് മേലത്ത് എന്നാക്കിയാല്‍ മതിയെന്നാണ്. നടക്കുന്ന കാര്യം ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.

മെത്രാന്മാരുടെ തുള്ളല്‍ അല്‍പ്പം അധികമാകുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം കാണില്ല. സദ്യക്ക് പപ്പടം കാച്ചുന്നത് കണ്ടിട്ടുണ്ടോ? പപ്പടം കുറെ ഇങ്ങെടുത്തിട്ട് ഒരു കൂര്‍ത്ത കമ്പിയെടുത്തു രണ്ടു കുത്ത് കുത്തും. പിന്നെ എണ്ണക്കകത്തോട്ട് ഇട്ടാല്‍ അത് വലിയ അധികം വീര്‍ക്കില്ല. മെത്രാനാകാന്‍ തിരഞ്ഞെടുക്കപ്പെട്ട പത്തു പേരെ ഓരോ രൂപതയില്‍ നിന്നും നേരത്തെ എടുത്ത്, ഒരു മണിക്കൂര്‍ പ്രാര്‍ഥിക്കാനും, ഒരു മണിക്കൂര്‍ വായിക്കാനും, ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാനും, ഒരു മണിക്കൂര്‍ ചെരിപ്പിടാതെ നടക്കാനും, ഒരു നേരം ഉപവസിക്കാനും, സസ്യഭക്ഷണം മാത്രം കഴിക്കാനും, മദ്യം ഉപയോഗിക്കാതിരിക്കാനും, മാരുതി 800 ല്‍ യാത്ര ചെയ്യാനും, ഒരു മണിക്കൂര്‍ ഏതെങ്കിലും അത്മായനുമായി സംസാരിക്കാനും, എന്നും ഇഞ്ചതേച്ചു കുളിക്കാനും പരിശീലിപ്പിക്കുക. സിമെന്റ് കമ്പി എന്നീ സാധനങ്ങള്‍ കൈ കൊണ്ട് തൊടരുതെന്നും, ടിവി, സിനിമാ ഇത് കാണരുതെന്നും, ചെക്ക്, വൌച്ചര്‍, ബാങ്ക് സ്ലിപ്പുകള്‍ എന്നിവയിലൊന്നും ഒപ്പിടരുതെന്നും, പണം കൈകൊണ്ടു തൊടരുതെന്നും,  ഇടയ ലേഖനം എഴുതി പഠിക്കരുതെന്നും പ്രത്യേകം പറയണം. ട്രെയിനികളുടെ തല മൊട്ടയടിക്കണം, അരയില്‍ ബെല്ടിനു പകരം ചക്കരക്കയര്‍ ഉപയോഗിക്കാനും പഠിപ്പിക്കണം. ഇത്രയൊക്കെ ചെയ്‌താല്‍ വി എച്ച് പി ക്കാരുടെ വൈരാഗ്യം അല്‍പ്പം കുറയാനും ക്രിസ്ത്യാനികള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനും കഴിഞ്ഞേക്കും. ഒപ്പം, നല്ല മെത്രാന്മാരും ഉണ്ടായേക്കും, നല്ല അച്ചന്മാരും ഉണ്ടായേക്കും.

കോഴിക്കോട്ട് നില്‍പ്പ് സമരം നടത്തിയത് KCBC. പങ്കെടുത്തത് നാല്‍പ്പതിലധികം പേര്‍ (മുപ്പതോളം കന്യാസ്ത്രികള്‍ - അവരാണല്ലോ മദ്യത്തിന്‍റെ ദോഷം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്). എങ്കിലും, ഉമ്മന്‍ ചാണ്ടി താമരശ്ശേരി മെത്രാനെ കണ്ട്, ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെന്നാണ് ജനസംസാരം. പിറ്റേന്ന്, നില്‍പ്പ് സമരവുമായി KCBC ക്ക് ബന്ധമൊന്നുമില്ലെന്ന് ക്ലീമസ് കര്‍ദ്ദിനാളിന്‍റെ പ്രസ്താവന വന്നു. ഇടക്ക് KCBC കോട്ടയത്ത് നില്‍പ്പ് സമരം നടത്തുമെന്നും വാര്‍ത്ത വന്നിരുന്നു. ആടുകള്‍ ഇപ്പോള്‍ ചോദിക്കുന്നു, KCBC ആകെ എത്രയുണ്ട്? എനിക്കും നിശ്ചയമില്ല. KCBC  യുടെതായി എറണാകുളം, തൃശ്ശൂര്‍, പാലാ, ചങ്ങനാശ്ശേരി മുതലായ സ്ഥലങ്ങളില്‍ നിന്ന് സ്ഥിരം പ്രസ്ഥാവനകള്‍ വരാറുണ്ട്. ആലഞ്ചേരി പിതാവിന് സ്വന്തമായും ഒരെണ്ണം കാണണം. KPCC, KCBC എന്നൊക്കെ ഞാനും കേട്ടിട്ടേയുള്ളൂ. അകത്തെന്താന്ന് തുരന്നുനോക്കാന്‍ അത്മായന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. ആ തുടക്കം ഒരു രണ്ടു തുടക്കമായി കൂട്ടാം. KCRM ന്‍റെ ഒരു സെക്രട്ടറി കണ്ടത്തിലും ഒരാള്‍ കരക്കും നിന്നാണ് തുരക്കാന്‍ തുടങ്ങിയിരിക്കുന്നത്. കരക്ക്‌ നിന്ന് കരളുന്ന റെജി ഞള്ളാനിയെപ്പറ്റി അടുത്ത കാലത്താണ് ഞാന്‍ കൂടുതല്‍ കേട്ടത്. ഏലം നടുന്നവര്‍ക്ക് ഞള്ളാനി ഏലം പഥ്യം. കൂടുതല്‍ വിളവ്‌, കുറഞ്ഞ രോഗങ്ങള്‍ എന്നിവയൊക്കെയായിരിക്കണം പ്രത്യേകതകള്‍. ഈ കുറഞ്ഞോരു സമയം കൊണ്ട്, ഇടുക്കിയിലെ അതിലോല പ്രദേശങ്ങളില്‍ എന്‍ഡോ സല്ഫാനുമായി കഴിഞ്ഞ വിശ്വാസികളെ തൊഴില്‍ പഠിപ്പിച്ച റെജി, ദയവായി മെത്രാന്മാരെ തൊഴില്‍ പഠിപ്പിക്കാന്‍ ശ്രമിക്കരുത്. പരമാവധി, ഒരു തൊഴിലും ചെയ്യാതെ തിന്നാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ വല്ലോം ഉണ്ടെങ്കില്‍ ഉപദേശിക്കുക, അതും സൌജന്യമായി.  

ബോണ്‍ നത്താലെ നടത്തി ഇത്രയും കോലം കെട്ടണമായിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് വിവരമില്ലന്നേ ഞാന്‍ പറയൂ. ഇവിടെ മെത്രാന്മാര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് കൊണ്ടല്ലേ ഫ്രാന്‍സിസ് മാര്‍പ്പാപ്പാക്ക് ഇത്രയും ഗ്ലാമര്‍. എല്ലാവരും നല്ലവരായിരുന്നെങ്കില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ എന്ത് ചെയ്തെനെയെന്ന്  ഓര്‍ക്കാന്‍ കൂടി വയ്യ. പണ്ട് തൊടുപുഴയില്‍ നിന്ന് ഇടുക്കിക്ക് സ്ഥിരം ബസ്സ് ഓടിക്കുന്ന ഒരു കള്ളുകുടിയന്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. അയാളുടെ വണ്ടി മറിഞ്ഞ് അയാളും യാത്രക്കാരനായിരുന്ന ഒരുപദേശിയും മരിച്ചു. പത്രോസിന്‍റെ അടുത്തു ചെന്നപ്പോള്‍ ഡ്രൈവറോട് സ്വര്‍ഗ്ഗത്തിലേക്കും ഉപപദേശിയോടു നരകത്തിലേക്കും പോയ്ക്കൊള്ളാനാണ് അങ്ങേര് പറഞ്ഞത്. ഉപദേശി പൊട്ടിത്തെറിച്ച് രണ്ടെണ്ണം അങ്ങോട്ട്‌ പറഞ്ഞു, പത്രോസിനോട്. വെള്ളമടിയും മൊടല പൊളിയുമായ് ജീവിച്ച തെമ്മാടിക്കു സ്വര്‍ഗ്ഗം! ഉപദേശിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. പത്രോസ് അയാളോട് പറഞ്ഞത്, അയാള്‍ അങ്ങിനെ അശ്രദ്ധമായി വണ്ടി ഓടിച്ചപ്പോഴൊക്കെ യാത്രക്കാര്‍ ദൈവത്തെ ഓര്‍ക്കുമായിരുന്നു എന്നാണ്. അതായത്, ഉപദേശി പ്രസംഗിച്ചപ്പോഴോന്നും ദൈവത്തെ ആരും ഓര്‍ക്കാന്‍ ഇടയായിട്ടില്ലെന്നു സാരം.

ഇത് തന്നെയല്ലേ, ഇപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്‌? ഈ മെത്രാന്മാര്‍ ഉള്ളതുകൊണ്ടല്ലേ ജനങ്ങള്‍ ദൈവത്തെ ഓര്‍ത്ത്‌ തുടങ്ങിയത്‌? അപ്പോള്‍ അവരിവിടെ വേണം. ഇത് ദൈവത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ഇത് കുളമാക്കരുതേയെന്നാണ് സര്‍വ്വ നവീകരണക്കാരോടും  എനിക്ക് പറയാനുള്ളത്. സര്‍വ്വ മെത്രാന്മാരും യേശുക്രിസ്തു പറയുന്നത് പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സത്യജ്വാലയും അടച്ചു പൂട്ടി എല്ലാവരും കാശിക്ക് പോകേണ്ടി വരും. ഒരു പെരുമാറ്റച്ചട്ടം അല്ലെങ്കില്‍ മാര്‍ഗ്ഗരേഖ എന്ന് പറയുന്നത് മനസ്സിലാകാന്‍, ഒന്നുകില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറയണം, അല്ലെങ്കില്‍ എന്തൊക്കെയാണ് ചെയ്യരുതാത്തതെന്ന് വ്യക്തമാക്കണം. ഏതെങ്കിലും ഒന്ന് പോരെ? ഇന്ത്യന്‍ പീനല്‍ കോഡില്‍ എന്തൊക്കെയാണ് ചെയ്യരുതാത്തതെന്നല്ലേ പറഞ്ഞിരിക്കുന്നത്. ഒരു ക്രിസ്ത്യാനി എന്തൊക്കെയാണ് ചെയ്യരുതാത്തതെന്ന് കാണാന്‍ ഇവിടെ എത്രയോ പേരെ ദൈവം നമ്മുടെ മുമ്പില്‍ കൊണ്ടുവന്നിരിക്കുന്നു. അല്ലെലൂജാ! അല്ലെലൂജാ!! നമ്മള്‍ പുറമേ നിന്ന് കാണുന്നതായിരിക്കണമെന്നില്ല അളക്കുള്ളില്‍. വത്തിക്കാനിലെ കണക്കെടുത്തപ്പോള്‍ കര്‍ദ്ദിനാള്‍ ബോധം കെട്ടു എന്നല്ലേ പത്രങ്ങള്‍ പറഞ്ഞത്.

പണ്ടൊക്കെ ഓരോ ജാതിക്കാരനും ബ്രാഹ്മണന്‍റെ എത്ര അകലെ നില്‍ക്കണം എന്നതിന് കൃത്യമായ കണക്കുകള്‍ ഉണ്ടായിരുന്നു, അതുപോലെ ചില പെരുമാറ്റ കീഴ്വഴക്കങ്ങളും. ക്രിസ്ത്യാനിക്ക് ആരുമായും അടുക്കുന്നതിന് അങ്ങിനെ ദൂരക്കണക്ക് ഇല്ലായിരുന്നുവെങ്കിലും സമാനമായ ഒരു മാര്‍ഗ്ഗരേഖ, പകരം ഇല്ലായിരുന്നുവെന്ന് കരുതരുത്; പള്ളിയോടും പട്ടക്കാരനോടും അടുക്കരുത്, എന്നൊരു പ്രമാണം നമുക്കുമുണ്ട്. എത്ര അകന്നു നില്‍ക്കുന്നോ അത്രയും നല്ലതെന്ന് പൂരിപ്പിക്കേണ്ട ജോലി ഇപ്പോള്‍ അത്മായനാണ്. ഇവിടെ ദളിതനെ എത്ര മനോഹരമായാണ് അകലം അറിയിക്കാതെ മെത്രാന്മാര്‍ അകറ്റി നിര്‍ത്തുന്നത്. കഴിയുന്നതും, ദളിതരെ സെമ്മിനാരിയില്‍ ചേര്‍ക്കുകയില്ലായെന്ന് മാത്രമല്ല, അഥവാ അങ്ങിനെ ഒരുത്തന്‍ ഒരച്ചനായാല്‍ അവനെ മെത്രാനാക്കുന്ന പ്രശ്നവുമില്ല. തമിള്‍നാട്ടിലെ KCBC യുടെ മുമ്പിലാണ് ഈ പ്രശ്നം ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകത്തില്‍ KCBCയുടെ വിവേചനം വംശപരമായിരുന്നു എന്ന വത്യാസമേയുള്ളൂ.

കേരളത്തില്‍ സര്‍വ്വ കത്തോലിക്കാ പള്ളികളിലും ദളിതന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പിരിവും ഉണ്ട്. ഒരു ഞായറാഴ്ച തന്നെ അവര്‍ക്ക് നാം വിട്ടു കൊടുത്തിരിക്കുന്നു. സഭയുടെ എല്ലാ സ്ഥാപനങ്ങളിലും  ദളിതന് 30 ശതമാനം മുതല്‍ എണ്‍പത് ശതമാനം വരെ ഒഴിവു കിഴിവും നല്‍കുന്നുണ്ട്. തമിള്‍ നാട്ടുകാര്‍ നൂന്ഷ്യോക്ക് പരാതി കൊടുത്ത് കാത്തിരിക്കാതെ ഇതൊക്കെ കണ്ടു പഠിച്ചോ. അല്ലെലൂജാ! അല്ലെളൂലൂളൂലൂജാ!!

2 comments:

  1. ശരിയാണ്, അന്ന് വീഡിയോ ഉണ്ടായിരുന്നെങ്കിൽ ക്യാമറാക്കാർ ഈശോയെ മരിക്കാൻ അനുവദിക്കുകയില്ലായിരുന്നു. അങ്ങോട്ട്‌ തിരിഞ്ഞ് വാ പൊളി, ഇങ്ങോട്ട് കുനിഞ്ഞ്‌ കുരിശേൽ പിടി, മാതാവിനെ ഒന്ന് ഏറു കണ്ണിട്ടു നോക്കിക്കേ, എന്നൊക്കെ പറഞ്ഞ് കോഴി കൂകുംവരെ നാടകം കളിപ്പിച്ചേനെ. ഇന്ന് കണ്ടില്ലേ. ഒരൊത്തുകല്യാണം ഉണ്ണാൻ ഇവന്മാര് കാരണം എന്ത് താമാസ്സമാ വരുന്നത്. പെണ്ണിനേയും ചെറുക്കനേയും കൊണ്ട് സകല പ്രണയക്കുസൃതികളും കാണിപ്പിച്ചു ഫോട്ടോ എടുത്തു കഴിഞ്ഞേ പാരിഷ് ഹാളിലേയ്ക്ക് അവരെത്തൂ. എന്നാൽ ഈ കുട്ടിക്കളികൾ വേണ്ടെന്നു വയ്ക്കാൻ മാത്രം വിവേകം വച്ച ഒരു പെണ്ണും ചെറുക്കനും അല്ലെങ്കിൽ അവർക്ക് ബോധം പറഞ്ഞുകൊടുക്കാൻ കഴിവുള്ള തന്തതള്ളമാർ ഈ നാട്ടിലൊട്ടില്ല താനും. ഒരുരുള ചോറ് വായിലോട്ടു വയ്ക്കുമ്പോൾ ക്യാമറാമാൻ ലൈറ്റും അടിച്ച് നേരെ മുമ്പിൽ! ഇത്തരം അലമ്പ് ഓക്കാനം വരുത്തുമെന്നുപോലും ആരും ചിന്തിക്കുന്നില്ല, ഈ നാട്ടിൽ. എല്ലാം റെക്കോർഡ് ചെയ്തു സിഡിയിൽ ആക്കിയാൽ മോടിയായെന്നാണ് പരക്കെയുള്ള വിശ്വാസം.

    പണിയാനിറങ്ങിയാൽ തുണി അഴിഞ്ഞഴിഞ്ഞു പോകുമെന്ന് ഭയന്ന് ഞാൻ പഴയ ഒരു ജീനസ് ഇടാറുണ്ട്. ബെൽറ്റിനു പകരം ചക്കരക്കയറാണ് കെട്ടാറ്. ബെൽറ്റിനു പകരം ചക്കരക്കയർ മതിയാവുമെന്നു ഗൾഫിലെ ഏതോ തുറമുഖത്തിരുന്നോണ്ട് റോഷൻ എങ്ങനെ അറിഞ്ഞു എന്നത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു.

    റോഷൻ പറയുന്നത് മുഴുവൻ ജീവിതത്തിൽ നിന്നാണ്, പപ്പടം കാച്ചുന്നത് മുതൽ സീറോമലബാർ മെത്രാന്മാർ കാരണം പോപ്‌ പൊട്ടിത്തെറിക്കുന്നത് വരെ. പള്ളി, അച്ചൻ ഒക്കെ ഒലക്കേടെ മൂട് എന്ന് കരുതി നടന്നിരുന്ന ഞാൻ തന്നെ അല്മായശബ്ദത്തിൽ ഏതാണ്ടൊക്കെ കുറിക്കാൻ തുടങ്ങിയത് മെത്രാന്മാരുടെ കുഞ്ഞുകളി കണ്ടു മടുത്താണ്. റോഷൻ ഓരോന്ന് പറയുന്നത് കാര്യമില്ലാതെയല്ല.

    ഇന്ന് രാവിലെ ആറിനു മുമ്പ് ഒരാൾ എന്നെ വിളിച്ച് ഒരു ചരിത്രം പറഞ്ഞു. Little Sisters of Jesus ഇറക്കുക്കുന്ന ഒരു മാസികയിൽ ദൈവസഹായം പിള്ള എന്നൊരു ദൈവദാസനെ വിശുദ്ധനാക്കാനുള്ള നടപടിയുടെ ഭാഗമായി ഒരു പ്രൊപഗാന്താ കണ്ടെന്നും, അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഈ പിള്ള 1712ൽ ജനിച്ചവനോ മാർത്താണ്ടവർമയുടെ പട്ടാളത്തിലോ മറ്റോ ആയിരുന്നിട്ട് ക്രിസ്ത്യാനി ആയതിന്റെ പേരിൽ കൊല്ലപ്പെട്ട രക്തസാക്ഷിയോ അല്ലെന്നും, വാസ്തവത്തിൽ അയാൾ എന്നെ വിളിച്ച ആളിന്റെ ചെറുപ്പത്തിൽ പൈക വിളക്കുമാടം ഭാഗത്ത് പള്ളികളിൽ പ്രസംഗിച്ചു നടന്നിട്ടുണ്ടെന്നും, ഈ കഥയൊക്കെ കെട്ടിച്ചമച്ചതാണെന്നും ഒക്കെ പറഞ്ഞാണ് വിളി. ഒരു പുതിയ പുണ്യാളനെ ഉണ്ടാക്കാൻ ഈ കത്തോലിക്കർ, വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ, ഏതു നുണയും ചമക്കും എന്നാണ് കത്തോലിക്കനായ അദ്ദേഹത്തിൻറെ വാദം. ഗിന്നിസ് ബുക്കിൽ കേറാൻ ഇത്രയുമൊക്കെ വിട്ടിത്തരങ്ങൾ ആകാമെങ്കിൽ അദ്ദേഹം പറയുന്നതിലും കാര്യമുണ്ടാകണം. The whole bunch has lost its priorities. znperingulam@gmail.com

    ReplyDelete
  2. ഇന്നലത്തെ സായാഹ്ന കൂട്ടായ്മയില്‍ നിന്ന്: (P A Mathew - Facebook)
    കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളില്‍ കേരളത്തില്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, മറ്റ് കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങള്‍ എന്നിവയും മദ്യ ഉപയോഗവും വളര്‍ന്നത് ഏകദേശം സമാന്തരമായിട്ടാണ്. ഇത് വെറും യാദൃശ്ചികമെന്നതിനെക്കാള്‍, ഒന്ന് മറ്റേതിന്റെ ബൈപ്രോടക്റ്റ് ആണെന്ന് കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം.
    ഭയം, നിരാശ, ആത്മവിശ്വാസമില്ലായ്മ എന്നിവയൊക്കെ ഒന്നാമത്തേതില്‍ നിന്ന് സുലഭമായി ലഭിക്കുന്നതിനാല്‍, രണ്ടാമത്തേതില്‍ എത്തിപ്പെടുക വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും ഉത്തരവാദികളും ഒരേ കൂട്ടര്‍ തന്നെ.
    ഒന്നാമത്തേതിനെ MBA ക്കാരെ വെല്ലുന്ന വൈഭവത്തോടെ ഇക്കൂട്ടര്‍ ഒരു profit centre ആക്കി മാറ്റിയെടുത്തപ്പോള്‍, രണ്ടാമത്തേത് അവരുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തതായി വളര്‍ന്നു പന്തലിച്ചു. അതില്‍ നിന്നുണ്ടായ കുറ്റബോധമാണോ ഇപ്പോഴത്തെ ഈ മദ്യവിരുദ്ധസമിതിക്കാരുടെ വിറളിപിടിച്ചുള്ള നെട്ടോട്ടം?
    റബ്ബര്‍ വില ഉയരാന്‍ അലമുറയിട്ട് പ്രാര്‍ത്തിച്ചിട്ട് ദൈവം കേട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറക്കാന്‍ അതിനെക്കാള്‍ ഉച്ചത്തില്‍ കൈകാലുകളിട്ടടിച്ചു വര്‍ഷങ്ങളോളം തുടര്‍ച്ചയായി പ്രാര്‍ത്തിച്ചിട്ടും പ്രയോജനമോന്നും ഉണ്ടായില്ല. ഇപ്പോള്‍ ഈ രണ്ടു ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. അതിനവര്‍ സമ്മര്‍ദവും ഭീഷണിയും എല്ലാം പയറ്റുന്നുമുണ്ട്.
    അപ്പോള്‍, ദൈവത്തെക്കാള്‍ ശക്തി സര്‍ക്കാരിനുണ്ടെന്ന് സമ്മതിക്കുകയാണോ അവര്‍? അതോ, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം അന്നും, ഇന്നും, ഒരിക്കലും കേട്ടിട്ടുമില്ല, ഇനി കേള്‍ക്കുകയുമില്ല എന്നാണോ?

    ReplyDelete