Translate

Thursday, December 4, 2014

അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം)



By ജോസഫ് പടന്നമാക്കൽ

(മുഖം നോക്കാതെ ചരിത്രത്തിന്‍റെ ഹൃദയത്തിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന ഈ ലേഖനം വളരെ ആഴത്തില്‍ യേശുവിന്‍റെ കാലത്തെ ചരിത്ര പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്നു. ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് അദ്ദേഹവും അവകാശപ്പെടുന്നില്ല. ചരിത്രകാരന്മാരും ഗവേഷകരും ഒരെപ്പോലെ തട്ടിക്കളിക്കുന്ന ബൈബിളിലെ വിവാദ പ്രശ്നങ്ങളിലൂടെ നടത്തിയ സമഗ്രമായ അന്വേഷണങ്ങളില്‍ നിന്ന് ഈ ലേഖനം വേറിട്ട്‌ നില്‍ക്കുന്നു, പ്രതിപാദനത്തിന്‍റെ ലാളിത്യം കൊണ്ട് - എഡിറ്റര്‍)  


യേശുവിന്റെ  ജീവിതവുമായി ബന്ധപ്പെട്ട  കഥകളാണ്  പുതിയ നിയമത്തിലെ സുവിശേഷ   വചനങ്ങളിൽക്കൂടി   നാം പഠിക്കുന്നത്.  മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ  പ്രതിഫലിക്കുന്ന ആധ്യാത്മിക താത്ത്വിക ചിന്തകൾ യേശുവിന്റെ പ്രഭാഷണങ്ങളിൽ  നിറഞ്ഞിരിക്കുന്നതായും  കാണാം. സത്യവും ദയയും  കരുണാർദ്രമായ സ്നേഹവും ദീനാനുകമ്പയും  ഉപമകളിൽക്കൂടി യേശുതന്നെ ശിഷ്യഗണങ്ങളെ പഠിപ്പിക്കുന്നുമുണ്ട്.  ആദ്ധ്യാത്മികതയിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനും പ്രയാസമാണ്.

ക്രിസ്ത്യൻ മതങ്ങളുടെ ജീവനും ആത്മാവുമായ യേശുവിന്റെ ചരിത്രം പണ്ഡിതരുടെയിടയിൽ എന്നും  വിവാദമായിരുന്നു. യേശുവിന്റെ ജീവിതത്തെപ്പറ്റി  ബൈബിളിലെ വിഷയങ്ങല്ലാതെ മറ്റു യാതൊരു സമകാലീക തെളിവുകളും ലഭിച്ചിട്ടില്ലായെന്നതും വിമർശകർ ചൂണ്ടികാണിക്കുന്നു.  അതുകൊണ്ട് ചരിത്രത്തിന് എക്കാലവും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടുപിടിക്കാൻ അനുമാനങ്ങളെയും വ്യാഖ്യാങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.

യേശു ഒരിക്കലും ഒരു പുസ്തകം എഴുതിയിട്ടില്ല. ഒരു പട്ടാളത്തെ നയിച്ചില്ല. ഒരു ഭരണാധികാരിയായിരുന്നില്ല. വസ്തുക്കളും സ്വത്തും സമ്പാദിച്ചിട്ടില്ല. അവന്റെ ഗ്രാമം വിട്ട് നൂറു കാതങ്ങൾക്കപ്പുറം അവനൊരിക്കലും സഞ്ചരിച്ചിട്ടില്ല. അവന്റെ വാക്കുകൾ കേട്ട് കർമ്മനിരതരായ ജനം  വിദൂര ദേശങ്ങളിൽനിന്നുപോലും വന്നുകൊണ്ടിരുന്നു. അവന്റെ  പിന്നാലെ ജനവും സഞ്ചരിച്ചിരുന്നു. അജ്ഞേയവും  അദൃശ്യവുമായ സത്ഗുണങ്ങൾ അവനിൽ  കണ്ടിരുന്നു.  അവന്റെ വാക്കുകൾ ശ്രവിച്ചവർക്കെല്ലാം അവൻ സാധാരണ മനുഷ്യരിൽനിന്ന് വ്യത്യസ്തനായിരുന്നു. ജീവിച്ചിരുന്ന യേശുവിനെപ്പറ്റിയുള്ള തെളിവുകൾ  ചരിത്രതാളുകളിൽ ഒളിഞ്ഞിരിക്കുകയാണെങ്കിലും ആയിരമായിരം പുസ്തകങ്ങളിലും മീഡിയാകളിലും  അവിടുത്തെ മഹത്വം നിറഞ്ഞിരുപ്പുണ്ട്. വിപ്ലവകാരികൾക്കും വിശ്വാസികൾക്കും ഒരുപോലെ അവൻ ആവേശഭരിതനായിരുന്നു. യഹൂദഗോത്രങ്ങൾക്കും റോമനധികാരികൾക്കും വെല്ലുവിളിയുമായിരുന്നു. അഭിമാനിക്കത്തക്ക  സമകാലീകമായ  നേട്ടങ്ങളോ രാഷ്ട്രീയധികാരമോ ഉണ്ടായിരുന്നില്ലെങ്കിലും ഇരുപത്തിയൊന്നു നൂറ്റാണ്ടുകളും യേശുവെന്ന നസ്രത്തുകാരൻ  ലോകത്തെ  തന്നെ പരിവർത്തനവിധേയമാക്കിക്കൊണ്ടിരുന്നു.  അനേക പ്രവാചക ഗണങ്ങളും മതപ്രചാരകരും ലോകത്തുനിന്ന് മണ്മറഞ്ഞിട്ടുണ്ടെങ്കിലും നസ്രത്തിലെ ആശാരി ചെറുക്കനെപ്പോലെ ചൈതന്യം  നൽകിയവരാരും ലോകത്തുണ്ടായിട്ടില്ല.

യേശുവിൽ വ്യത്യസ്തമായി നാം കാണുന്നത്  എന്താണ്? അദ്ദേഹം ഒരു മഹാനോ അതോ അതിലുമുപരിയോ? ഇത് നാം ഓരോരുത്തരുടെയും ഹൃദയത്തോടു ചോദിക്കേണ്ട ചോദ്യമാണ്. സന്മാർഗ ഗുരുവായി ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റുള്ളവർ ലോകത്തിലെ ഏറ്റവും വലിയ മതത്തിന്റെ ആദ്ധ്യാത്മിക നേതാവായി മാത്രം കരുതുന്നു. എന്നാൽ ഭൂരിഭാഗം ജനം അതിലുമുപരി വിശ്വസിക്കുന്നു.  ദൈവം മനുഷ്യരൂപത്തിൽ വന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. അതിനുള്ള തെളിവുകളും ദൈവശാസ്ത്രംവഴി  പണ്ഡിതർ നിരത്താറുണ്ട്. ആരാണ് ജീസസ്, അദ്ദേഹം ആദ്ധ്യാത്മിക ഗുരു മാത്രമോ? ഈ വിവാദ മനുഷ്യനെ അഗാധമായി പഠിക്കുംതോറും നാം സ്വയം ചോദിച്ചു പോകും, അദ്ദേഹം മഹാനായ ഒരു ഗുരു മാത്രമോ?

ക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായിട്ടാണ്  കോട്യാനുകോടി ജനങ്ങൾ  തലമുറകളായി കരുതുന്നത്. സുവിശേഷത്തിനു പുറമേ യേശുവിന്റെ  ജീവിതവുമായി ബന്ധപ്പെട്ട ചരിത്രകഥകൾ ഒരു ഗ്രന്ഥപ്പുരയിലും  കാണില്ല. എന്നാൽ സുവിശേഷങ്ങളിൽ യേശു സത്യമായിരുന്നുവെന്ന് അനേക പരാമർശനങ്ങളുണ്ട്. അതുപോലെ യേശുവിന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നിരിക്കുന്ന  കെട്ടുകഥകൾക്കും രണ്ടായിരം വർഷങ്ങൾ പഴക്കമുണ്ട്. ചരിത്രത്തിലെ യേശുവിനെ ചിലർ ഇതിഹാസങ്ങളാക്കുന്നു. ചിലർ  മനുഷ്യനായി  ഗണിക്കാതെ അദ്ധ്യാത്മികതയുടെ പൂർണ്ണരൂപത്തിൽ മാത്രം മനസിലാക്കുന്നു. യേശു വെറും ഭാവനാസങ്കൽപ്പമായിരുന്നുവെന്നും അങ്ങനെയൊരാൾ ഭൂമിയിൽ ജീവിച്ചിട്ടില്ലായെന്നും ചരിത്രത്തിലേക്ക് നുഴഞ്ഞു കയറുന്നവർ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുണ്ട്.  യേശുവിന്റെ ജീവിത കഥകളുമായി താരതമ്യപ്പെടുത്തി  അനേക  പൌരാണിക ഡോക്കുമെന്റുകളും പുസ്തകങ്ങളുമുണ്ടെങ്കിലും വിവാദനായകനായി   കെട്ടു കഥകളിൽക്കൂടി  യേശുവിനെ കാണാൻ യുക്തിവാദികൾ ശ്രമിക്കുന്നതും കാണാം.  ക്രിസ്തുമതം സ്ഥാപിച്ചതു സംബന്ധിച്ച് യേശുവിന് യാതൊരു ബന്ധവുമില്ലെന്ന  ഒരു നിഗമനവുമുണ്ട്. സുവിശേഷങ്ങളിലെ വചനങ്ങളുമായി യേശുവിന്റെ പ്രവർത്തനങ്ങളിൽ  സാമ്യമില്ലെന്നും കരുതുന്നു. പുതിയ നിയമത്തിന് ചരിത്രമൂല്യങ്ങൾ കൽപ്പിച്ചിട്ടുമില്ല. ചിലരുടെ വിമർശനങ്ങളിൽ പുതിയ നിയമത്തെ ഒരു താത്ത്വിക നോവലിനു തുല്യമായി കാണുന്നു.  ബൈബിൾ പണ്ഡിതർ  കൃസ്തുവിന്റെ വരവിനു മുന്നോടിയായി സ്നാപകന്റെ വരവും യേശുവിന് മാമ്മോദീസാ നല്കുന്നതും കുരിശുമരണവും ചരിത്രസത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്. മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന അനേക ദൈവങ്ങളുള്ള പേഗൻ ദൈവങ്ങളുടെ തുടർച്ചയാണ് യേശുവെന്ന് യുക്തി വാദികൾ പറയും. ഏക ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പണ്ഡിതർ ബഹുദൈവങ്ങളുള്ള പേഗൻ മതങ്ങളുമായി തുലനം ചെയ്യാൻ തയ്യാറാവുകയില്ല. കാരണം, മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന പേഗനിസത്തിന്റെ ദൈവങ്ങളെ  ക്രൈസ്തവ മൂല്യങ്ങളുടെ വിശ്വാസത്തിന് സമമായി കരുതാൻ ഒരിക്കലും സാധിക്കില്ല.

ചരിത്ര വിഷയങ്ങളുമായി കൈകാര്യം ചെയ്യുന്നവർക്ക് ശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാൻ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളെ മാത്രം ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിൽ പല വിവരങ്ങളും ക്രിസ്തുവിന്റെ മരണശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞ് കണ്ടെടുത്തിട്ടുള്ളതാണ്. അനേകമനേക കെട്ടുകഥകൾ ക്രിസ്തുവിന്റെ ജീവിതവുമായി ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും വിശ്വാസികൾ അത്തരം ഗഹനമായ വിഷയങ്ങൾ ചിന്തിക്കാൻ തയാറാവുകയില്ല. ചോദ്യങ്ങൾ ചോദിക്കുകയെന്നുള്ളതിൽ മനുഷ്യ മനസുകൾ ജിജ്ഞാസുക്കളാണെങ്കിലും ബൈബിളിനെ സംബന്ധിച്ച വിഷയങ്ങളിൽ ചോദ്യങ്ങളുമായി വിശ്വാസത്തെ പ്രശ്നസങ്കീർണ്ണമാക്കാൻ ആരും താൽപര്യപ്പെടുകയില്ല. ഒരു പക്ഷെ അത് അന്ധമായി വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്കും വിമർശിക്കുന്ന ക്രിസ്ത്യനികൾക്കും ഒരു പോലെ പ്രയോജനപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ മതവിശ്വാസവും പ്രായോഗിക ജ്ഞാനവും ഉൾപ്പെടുത്തി ചരിത്രവസ്തുതകളുമായി തുലനം ചെയ്ത് ചരിത്രത്തിന് ഒരു അനുമാനത്തിലെത്താൻ സാധിക്കുമായിരുന്നു. ഇവിടെ എന്തെല്ലാം ചരിത്ര വസ്തുതകളുണ്ടെന്നും പരിശോധിക്കണം. മതത്തിന്റെ അടിസ്ഥാന വിശ്വാസം മാത്രം ഉൾപ്പെടുത്തിയ വചനങ്ങളെ വേർപെടുത്തി ചരിത്രത്തിനുതകുന്ന വചനങ്ങളെ വിലയിരുത്താനും വിമർശകർക്ക് സാധിക്കണം. യേശുവിന്റെ കഥ പൂർണ്ണമായും ഒരു കെട്ടുകഥയെന്ന് ആർക്കും സ്ഥാപിക്കാൻ സാധിക്കില്ല. ബൈബിളിലെ വചനങ്ങളിൽ ഗവേഷണം നടത്തുന്നവർ മനുഷ്യനായ യേശുവും ദൈവമായ യേശുവും തമ്മിലുള്ള ആന്തരിക മൂല്യങ്ങളെ വേർതിരിച്ചു തുലനം ചെയ്യാറുണ്ട്.

യേശുവിന്റെ പുല്ക്കുടിലിലെ ജനനം മുതൽ ഗാഗുൽത്തായിൽ ക്രൂശിതനാകുന്ന വരെയുള്ള രംഗങ്ങൾ ചരിത്രാവിഷ്ക്കരണമായി ചിത്രീകരിക്കാൻ  ഏതു ക്രിസ്ത്യാനിയും ആഗ്രഹിക്കും. ജിജ്ഞാസുവുമായിരിക്കും.  ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ള അന്വേഷണം ഒരു യുക്തിവാദിയുടെ ചിന്തയിൽ  മറ്റൊരു വിധത്തിലായിരിക്കാം. ആട്ടിടയരുടെ നടുവിൽ  ബദ്'ലഹേമിലെ കാലിത്തൊഴുത്തിൽ കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കു ദൃശ്യമായി   വഴിയാത്രക്കാരായ ജോസഫിനും മേരിയ്ക്കും  ഒരു ദിവ്യശിശു ജനിച്ച സന്ദേശം ചരിത്രത്തിൽ ചികഞ്ഞാൽ കണ്ടെന്നിരിക്കില്ല. യേശുവിന്റെ ബാല്യവും യൌവനവും ബന്ധിപ്പിച്ച  കണ്ണി   കണ്ടുപിടിക്കാനും സാധിക്കില്ല. യേശുവിന്റെ ജനനം ആദികാല ക്രിസ്ത്യാനികളുടെ താല്പര്യങ്ങളനുസരിച്ച്  അന്നത്തെ സഭയുടെ തലപ്പത്തിരുന്നവർ  യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിലെ  ഹീബ്രു വചനങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. രക്ഷകനെന്നർത്ഥത്തിൽ  'മിശിഹാ' യുടെ വരവെന്ന  പ്രവചനവും  ഏതോ താത്ത്വികന്റെ ബുദ്ധി വൈഭവത്തിൽനിന്നും  ഉടലെടുത്തു. അസാധാരണ ചിന്താമൂല്യങ്ങളും  വൈരുദ്ധ്യങ്ങളുമടങ്ങിയ ദിവ്യമായ ഒരു ജീവിതമായിരുന്നു യേശു എന്ന  ദേവൻ ലോകത്തിനായി  കാഴ്ച വെച്ചത്.



ജറൂമിയായുടെ  പ്രവചനമനുസരിച്ച് അവൻ ദാവീദു ഗോത്രത്തിലെ പുത്രനായി ജനിച്ചിരിക്കണം.  ജനനവും ദാവീദിന്റെ പട്ടണത്തിലായിരിക്കണം. ദാവിദിന്റെ പട്ടണമായ ബതലഹേം  അവന്റെ  വരവിനായി കാത്തിരുന്നു. എന്നാൽ യേശുവിനെ അറിയുന്നത് നസ്രായക്കാരനെന്നാണ്.  ജറൂമിയായുടെ  പ്രവചനം അവനിൽക്കൂടി  നിറവേറാൻ   യഹൂദജനം ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുള്ള യഹൂദരും ഫരീസിയരും യേശു നസ്രത്തിൽ ജനിച്ചുവെന്നാണ് കരുതിയിരുന്നത്. യേശുവിന്റെ ആരംഭം മുതലുള്ള ജീവിതവും ജനങ്ങളിൽ പ്രതിഫലിച്ചിരുന്നത് നസ്രായക്കാരനെന്ന നിലയിലായിരുന്നു. ആദ്യ നൂറ്റാണ്ടിലുള്ള ക്രിസ്ത്യാനികൾ അതിനുത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു.  യേശുവിന്റെ മാതാപിതാക്കൾ  ബതലഹേമിൽ ജനിച്ചതുകൊണ്ട് യേശുവും ബതലഹേമിൽ  ജനിച്ചെന്നുള്ള  അനുമാനവും കണ്ടെത്തി.     

യേശുവിന്റെ  ജനനത്തിനു മുമ്പായി  രാജ്യത്തിലെ പൌരന്മാർക്ക് തങ്ങളുടെ  ജനിച്ച സ്ഥലങ്ങളിൽനിന്നും   സെൻസസെടുക്കണമെന്ന് അക്കാലത്ത് റോമായിലെ സീസറിന്റെ കല്പ്പനയുണ്ടായിരുന്നു. ജോസഫിന്റെയും മേരിയുടെയും ജന്മം തന്ന സ്ഥലങ്ങൾ   ബതലഹേമിലായിരുന്നതു കൊണ്ട്  സെൻസസ് വിവരങ്ങൾ നല്കുവാൻ അവർക്ക് നസറേത്തിൽനിന്നും  ബതലഹേമിലേക്ക്  ദുർഘടവും  ദുരിത പൂർണ്ണവുമായ  വഴികളിൽക്കൂടി യാത്ര പുറപ്പെടേണ്ടി വന്നു. സീസറിന്റെ നിയമങ്ങളെ ആർക്കും ധിക്കരിക്കാൻ സാധിച്ചിരുന്നില്ല. നസറെത്ത് പട്ടണം കടന്നു ബതലഹേമിലെത്തിയപ്പോൾ മേരി അവശയും പരവശയുമായിരുന്നു. താമസിക്കാനോ വിശ്രമിക്കാനൊ ഇടമില്ലാതെ അവർ വലഞ്ഞു. അവർക്കു മുമ്പിൽ വഴിയമ്പലങ്ങളും സത്രങ്ങളും   വാതിലുകളടച്ചു.  ആടുമാടുകൾ മേഞ്ഞിരുന്ന മേച്ചിൽ സ്ഥലങ്ങൾക്ക്  സമീപമുള്ള പുൽക്കൂട്ടിനുള്ളിൽ മേരി യേശുവിനു ജന്മം നല്കി. അങ്ങനെ വാഗ്ദാന ഭൂമിയിലെ  ജറൂമിയായുടെ പ്രവചനം  അവിടെ  പൂർത്തിയാക്കിക്കൊണ്ട്  ആദ്ധ്യാത്മികതയ്ക്ക്   മാറ്റുകൂട്ടി.

സഭയുടെ പാരമ്പര്യ വിശ്വാസമനുസരിച്ച് യേശുവിനു ജന്മം നല്കിയ മേരി നിത്യ കന്യകയാണ്. ചരിത്രത്തിലെ മേരിയിൽ നിത്യകന്യാകത്വം സ്ഥാപിക്കാൻ ബുദ്ധിമുട്ടുകളുണ്ട്. മേരിയെ സഭ നിത്യ കന്യകയായി വാഴ്ത്തുന്നുണ്ടെങ്കിലും നിഷ്പക്ഷമായി ബൈബിൾ വായിക്കുന്നവർക്ക്  അത് പൂർണ്ണമായും സമ്മതിക്കാൻ സാധിക്കില്ല. ചരിത്രത്തിലുള്ള യേശുവിന്‌  വലിയ ഒരു കുടുംബവും സഹോദരങ്ങളും സഹോദരികളുമുണ്ടായിരുന്നതായി വചനങ്ങളിൽ കാണുന്നു. സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നപോലെ ജയിംസ്, ജോസഫ്, സൈമണ്‍, ജൂദാസ് (ഒറ്റുകാരനായ ജൂദായല്ല) എന്നിങ്ങനെ കുറഞ്ഞത് നാലു സഹോദരന്മാർ യേശുവിനുള്ളതായി പരാമർശനമുണ്ട്. ഇക്കാര്യം ബൈബിളിൽ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്. പോളിന്റെ കത്തുകളിലും സുവിശേഷങ്ങളിലും യേശുവിന്റെ സഹോദരന്മാരെപ്പറ്റി ആവർത്തിച്ചാവർത്തിച്ചു  പറഞ്ഞിട്ടുമുണ്ട്. അറിയപ്പെടാത്ത സഹോദരികളും സുവിശേഷത്തിലുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച 'ജോസഫ്സെന്ന' യഹൂദ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് 'യേശുവിന്റെ മരണശേഷം അവിടുത്തെ സഹോദരനായ ജയിംസ് ആദിമ സഭയുടെ നേതൃത്വം വഹിച്ചിരുന്നു'വെന്നാണ്. 

വചനത്തിലെ  'സഹോദരങ്ങളെന്ന' പ്രയോഗത്തിൽ സഭയുടെ ദൈവ ശാസ്ത്രജ്ഞർക്ക്   വിഭിന്നങ്ങളായ  അഭിപ്രായങ്ങളാണുള്ളത്. 'സഹോദരൻ' എന്ന പദം ഗ്രീക്കു ഭാഷയിൽ നിന്നുള്ള തെറ്റായ വിവർത്തനമെന്നു  വാദിക്കുന്നു. ഗ്രീക്കു ഭാഷയിൽ  'അഡെൽഫോസ്' (Adelphos) എന്ന വാക്കിൻറെയർത്ഥം  കസിൻസെന്നാണ്.   അർദ്ധ സഹോദരന്മാരെന്നും  അർത്ഥമുണ്ട്.  ക്രിസ്തുവിനൊപ്പം നടന്ന സഹോദരർ ജോസഫിന്റെ മുൻവിവാഹത്തിൽ നിന്നുള്ള മക്കളുമാകാം. വ്യാഖ്യാനങ്ങളിൽക്കൂടി  വചനത്തിലെ വാക്കുകൾക്ക്  വേറെ അർത്ഥങ്ങൾ കൽപ്പിക്കാമെങ്കിലും പുതിയ നിയമത്തിൽ  'സഹോദരന്മാർ' എന്ന വാക്കിനു പകരമായി മറ്റൊരു  വാക്ക്  ഒരു വചനത്തിലും  കാണുന്നില്ല.  യുക്തിപൂർവ്വം ചിന്തിക്കുന്നവർക്ക് യേശു ഏക ജാതനെന്നു കരുതാൻ   പ്രയാസമാണ്.

കുരിശു മരണശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറയ്ക്കുള്ളിൽ അടക്കുകയും ചെയ്തെന്ന് സുവിശേഷം പറയുന്നു. അസാധാരണമായ ആ സംഭവം സത്യമെങ്കിൽ അന്നത്തെ റോമൻ ഭരണാധികാരികളെ സഹാനുഭൂതിയുള്ളവരായി കണക്കാക്കണം. കുരിശുമരണമെന്നുള്ളത് റോമിനെ സംബന്ധിച്ച് വെറും വധശിക്ഷ മാത്രമായിരുന്നില്ല. രാജ്യത്തിനും ജനങ്ങൾക്കും പൊതുവേ ഭീക്ഷണിയാകുന്നവരെയാണ് അക്കാലങ്ങളിൽ പരസ്യമായി കുരിശിൽ തറച്ചിരുന്നത്. കുറ്റവാളികളെ മരിച്ചു കഴിഞ്ഞാലും തൂക്കിയിടുകയാണ് പതിവ്. കുരിശിൽ തറയ്ക്കുന്നവരെ ഒരിക്കലും കുഴിച്ചിട്ടിരുന്നില്ല. കുരിശിൽ മരിക്കുംവരെ പീഡിപ്പിക്കുക, നരകിപ്പിക്കുക എന്ന മുറകളായിരുന്നു ക്രിസ്തുവിന്റെ കാലങ്ങളിൽ നിലവിലുണ്ടായിരുന്നത്. മരിച്ച ശരീരം പിന്നീട് പട്ടികൾക്കും കഴുകന്മാർക്കും എറിഞ്ഞുകൊടുക്കും. എല്ലുകൾ നിക്ഷേപിക്കാനുള്ള കൂമ്പാരങ്ങളുമുണ്ടായിരുന്നു.   ഗോല്ഗോത്താ (ഗാഗുൽത്താ) എന്ന വാക്കിന്റെ അർത്ഥംതന്നെ തലയോട്ടികളും എല്ലുകളും സംക്ഷേപിക്കുന്ന സ്ഥലമെന്നാണ്. യഹൂദ രാജ്യത്ത് കുരിശിൽ മരിച്ച യേശുവിനെ  ഒരു ധനികന്റെ സംസ്ക്കാരാചാരങ്ങളോടെ  കല്ലറയിൽ ശവം മറവുചെയ്തുവെന്നുള്ളതും അവിശ്വസിനീയമാണ്.

യേശുവിന്റെ ജീവിതവുമായുള്ള പഠനത്തിൽ പന്ത്രണ്ടു ശിക്ഷ്യന്മാർ ഉള്ളതായി നാം അറിയുന്നു. ശിക്ഷ്യന്മാർ ആരൊക്കെയെന്നുള്ളത് ഒരു കെട്ടുകഥയുടെ രൂപത്തിലേ  മനസിലാക്കാൻ സാധിക്കുള്ളൂ. പുതിയ നിയമം വായിക്കുകയാണെങ്കിൽ സ്ത്രീജനങ്ങളും യേശുവിനെ പിന്തുടരുന്നതായി കാണാം. യേശുവിന്റെ സുവിശേഷം കേൾക്കാൻ അനേകർ വരുന്നു, സൌഖ്യം പ്രാപിക്കുന്നു, പട്ടണത്തിൽ പ്രവേശിക്കുന്ന യേശുവിനെ ജനക്കൂട്ടം ഒന്നായി പിന്തുടരുന്നുവെന്നും പുതിയ നിയമത്തിൽ വായിക്കാം. മറ്റൊരു കൂട്ടർ കരകൾ തോറും അവനോടൊപ്പം പിന്തുടരുന്നതായും കാണാം. എഴുപതിൽപ്പരം ജനങ്ങൾ യേശുവിനെ പിന്തുടരുന്നതായി ലൂക്കിന്റെ സുവിശേഷത്തിലുണ്ട്. അവരെയെല്ലാം യേശുവിന്റെ  ശിക്ഷ്യന്മാരായും  ഗണിക്കുന്നു. യേശുവിനെ പിന്തുടർന്ന പന്ത്രണ്ടു പേരെ അപ്പസ്തോലന്മാരായി കരുതുന്നു. അവർ ശിക്ഷ്യന്മാർ മാത്രമല്ല, യേശുവിനെ പിന്തുടരുകയും അതോടൊപ്പം മറ്റുള്ള പട്ടണങ്ങളിൽ പോയി അവന്റെ  വേദങ്ങൾ  പ്രസംഗിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കാൻ മറ്റാരുമുള്ളതായി വചനത്തിലില്ല. എന്തും സ്വതന്ത്രമായി അവന്റെ വചനങ്ങളെപ്പറ്റി  ജനത്തോടു സംസാരിക്കാൻ അനുവാദവുമുണ്ടായിരുന്നു. യേശുവിന്റെ പ്രേഷിത പ്രവർത്തനങ്ങളിൽ അവരായിരുന്നു പ്രധാന മിഷ്നറിമാർ.

പുതിയ നിയമം വായിക്കുന്നൊരാൾക്ക് റോമ്മായുടെ  ഗവർണ്ണരും ന്യായാധിപതിയുമായിരുന്ന പൊന്തിയോസ് പീലാത്തൊസ് വളരെ സത്യവാനായി തോന്നും. അതേ സമയം ദുർബലമായ മനസ്സോടുകൂടിയ ഒരു വിധികർത്താവായും ചിത്രികരിച്ചിരിക്കുന്നു.  യേശുവിനെ ശിക്ഷിക്കുന്ന സമയം  കാര്യ നിർവഹണങ്ങൾ വഹിച്ചിരുന്നത് യഹൂദരായ  അധികാരികളായിരുന്നു. നിഷ്കളങ്കനായ ഒരുവനെയാണ് കുരിശിൽ തറയ്ക്കുന്നതെന്നും  പീലാത്തോസിനറിയാമായിരുന്നു. എന്നാൽ ചരിത്രത്തിലെ പീലാത്തോസിന്റെ കഥ മറ്റൊന്നാണ്. പീലാത്തോസുമായി അഭിപ്രായ ഭിന്നതയുള്ള യഹൂദരെ കൂട്ടക്കൊലകൾ നടത്തിയതായി പൌരാണിക കൃതികളിൽ വിവരിക്കുന്നുണ്ട്. അയാളുടെ പത്തു കൊല്ലത്തെ ഗവർണ്ണർ  ഭരണ കാലത്തിൽ വിചാരണ കൂടാതെ ആയിരക്കണക്കിന് യഹൂദ ജനങ്ങളെ കുരിശിൽ തറച്ചതായും ചരിത്രമുണ്ട്. റോമ്മായിൽനിന്ന് യഹൂദർക്ക് ഒരിക്കലും നീതി ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിൽ യഹൂദർക്കെതിരെ വിപ്ലവം സൃഷ്ടിച്ച യേശുവിനെ വിധിക്കാൻ യഹൂദരോടൊപ്പം പീലാത്തൊസ് പങ്കുചേർന്നുവെന്നും വിശ്വസിക്കാൻ പ്രയാസമാണ്.  യുക്തിക്ക് നിരക്കുന്നതുമല്ല. യേശുവിന്റെ കുരിശു മരണം വെറും ഭാവനകളായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ.  

അദ്ധ്യാത്മികതയിലെ യേശു ലോക രക്ഷകനായി വന്ന് പാപികൾക്കായി മരിച്ചു. ചരിത്രത്തിലെ യേശുവിനെ യഹൂദ പുരോഹിതരും റോമൻ അധികാരികളും കൂടി വധിച്ചു. ചരിത്രപരമായ വീക്ഷണത്തിൽ അവൻ ലോകത്തിന്റെ പാപവും പേറിക്കൊണ്ടല്ല മരിച്ചത്. മൌലികത തുളുമ്പുന്ന ഉപദേശിയുടെയും പുരോഹിതന്റെയും ഭാഷ ചരിത്രമായി കണക്കാക്കാൻ സാധിക്കില്ല. അവൻ മരിച്ചപ്പോൾ  അവന്റെ അനുയായികൾ അവന്റെ മരണത്തിൽ ഒരു അർത്ഥം കല്പ്പിച്ചു. അങ്ങനെയവൻ പ്രവാചകനായി, മിശിഹായായി, ദൈവ പുത്രനായി അറിയപ്പെട്ടു. ആദ്ധ്യാത്മികതയുടെ അദ്ധ്യായങ്ങളിൽ അവന്റെ പേര് വർണ്ണഭംഗികളോടെ  കൂട്ടിച്ചേർത്തു.  പൊന്നിൻ കുടത്തിന് തിലകമെന്തിനെന്ന  ചോദ്യംപോലെ യാതൊരു ഭൂഷണാലങ്കാരവുമില്ലാത്ത യേശുവിനെയാണ്  നല്ലവന്റെ ഹൃദയം കാക്കുന്ന മനുഷ്യസംസ്ക്കാരത്തിന്റെ  യേശുവായ്‌  ചരിത്രം കരുതുന്നത്.

Cover design: Malayalam Daily News: http://www.malayalamdailynews.com/?p=127988

4 comments:

  1. വളരെ ശ്രദ്ധെയമായ ഒരു ലേഖനമാണിതെന്നു പറയാതെ വയ്യ, അനേകം പഠനങ്ങള്‍ കാച്ചിക്കുറുക്കിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു എഴുത്തുകാരന്‍ എന്നോട് പറഞ്ഞത്, അത്മായാ ശബ്ദത്തില്‍ നിരീശ്വരവാദികളും ഉള്ളത് കൊണ്ട് ഞാന്‍ എഴുതുന്നില്ല എന്നാണ്. ഈ ബ്ലോഗ്ഗില്‍ വരുന്ന വ്യത്യസ്ത ആശയങ്ങളെ അപ്പാടെ തള്ളിക്കളയുന്നവര്‍ തീര്‍ച്ചയായും ഭക്തി ഭ്രാന്തരായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. ചരിത്രത്തിലെ യേശുവിനെ നാം കൊന്നു എന്ന് തന്നെ പറയാം. റോമ്മാ സാമ്രാജ്യത്തെ വിറപ്പിച്ച ഒരു സമൂഹത്തെപ്പറ്റിയുള്ള നൂറ്റമ്പതോളം വര്‍ഷങ്ങളിലെ ചരിത്രം നമുക്കില്ലല്ലോ.
    അത്മായാ ശബ്ദം വായനക്കാരും എഴുത്തുകാരും എല്ലാവരും കൂടി യോജിച്ച് ഒരു കാര്യത്തിലും ഏകാഭിപ്രായം ഉണ്ടാകാന്‍ പോകുന്നില്ല; ഉണ്ടാകണമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. ഓരോരുത്തരും അവരവരുടെ വാദഗതികളില്‍ ഉറച്ചു നില്‍ക്കുന്നത് തെറ്റുമല്ല. എല്ലാവര്ക്കും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി എന്ന് മാത്രമിതിനെ കണ്ടാലും മതി. എങ്കിലും, എന്‍റെ അറിവിന്‌ പരിമിതികളുണ്ട് എന്ന് മനസ്സിലാക്കി, കൂടുതല്‍ പഠിക്കാനും അറിയാനും ശ്രമിക്കുന്നവരാണ് മുന്നോട്ടു വളരുന്നതെന്ന സത്യം ആരും നിഷേധിക്കില്ല. എന്‍റെ അഭിപ്രായത്തില്‍ യേശുവിന്‍റെ സന്ദേശം ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് ജീവിതം പരുവപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ചരിത്ര പശ്ചാത്തലവും ഒരു ക്ഷതവും വരുത്താന്‍ പോകുന്നില്ല. അതാണ്‌ നമുക്ക് വേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഈശ്വരനിലേക്കുള്ള ഒരാളുടെ യാത്ര വ്യക്തിഗതമാണെന്നും ആ യാത്രയില്‍; ബുദ്ധിയും അറിവും സാഹചര്യങ്ങളും എല്ലാം ഒരു ഘട്ടം വരെയേ തുണക്കൂവെന്നും ഞാന്‍ കരുതുന്നു. ഈശ്വരനില്‍ ആയിത്തിരാനുള്ള ജിജ്ഞാസ ജനിപ്പിക്കാന്‍ പോലും ആരും ഒന്നും ചെയ്യേണ്ടതില്ല, അത് ഉള്ളില്‍ തന്നെയുണ്ട്‌. ആ ചോദനയുടെ പിന്നാലെ പോയാല്‍ ആരും വഴി തെറ്റുകയുമില്ല. എവറെസ്ടിലേക്ക് പല പോയിന്റുകളില്‍ നിന്ന് കയറിത്തുടങ്ങുന്നവര്‍ വ്യത്യസ്ഥ അനുഭവങ്ങള്‍ വര്‍ണ്ണിക്കുന്നത് പോലെയേ ഉള്ളൂ, ഈശ്വരനെപ്പറ്റിയുള്ള നമ്മുടെ എല്ലാ നിഗമനങ്ങളും. ഏറ്റവും മുകളില്‍ ചെല്ലുമ്പോള്‍ എല്ലാവരും കാണുന്നത് ഒന്ന് തന്നെയായിരിക്കും. ആ അനുഭവത്തെപ്പറ്റി ഒരു ഏകാഭിപ്രായം യാത്ര തുടങ്ങുന്നതിനു മുമ്പേ ഉണ്ടാക്കാനാണ് നാം ശ്രമിക്കുന്നത്, അല്ലാതെ യാത്ര നടത്താനല്ല. അവിടെയാണ് ലോകം കാലിടറുന്നതും. സൂര്യന്റെ ചിത്രത്തിന് ചൂടുമില്ല അവിടെ തീയുമില്ല. സൂര്യന്‍റെ ഗുണദോഷങ്ങളെപ്പറ്റി അതിന്‍റെ ചിത്രം വെച്ചു കൊണ്ട് നാം വിശകലനം നടത്തുന്നു. മനുഷ്യനെ സൂര്യനിലേക്കു തന്നെ കൊണ്ടുപോകാന്‍ അത്മായാ ശബ്ദത്തിനു കഴിയട്ടെ.
    നാം ശരിയെന്ന വിശ്വസിച്ചു പോന്ന എത്രയോ കാര്യങ്ങള്‍ അങ്ങിനെയല്ലായെന്ന് കാണേണ്ടി വന്നു. അപ്പോള്‍ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ദൈവശാസ്ത്രജ്ഞമാരുടെ പ്രഭാഷണങ്ങള്‍ക്കല്ല സ്ഥാനം. ദൈവ ശാസ്ത്രം എന്ന ഒരു പഠന ശാഖ സുബുദ്ധിയുള്ളവര്‍ വിഭാവനം ചെയ്യില്ല. നമ്മുടെ വളര്‍ച്ചക്ക് ഈ അറിവുകള്‍ ഭാരമാണെന്ന് അറിഞ്ഞു കൊണ്ട് തുറന്ന മനസ്സോടെ എല്ലാ വിലയിരുത്തലുകളെയും ശ്രദ്ധിക്കാന്‍ നമുക്ക് കഴിയുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ഒരു നേട്ടം വായനയില്‍ നിന്ന് ലഭിച്ചേക്കില്ല. മനസ്സിനെ ചരിത്രത്തില്‍ നിന്ന് മോചിപ്പിക്കാനെ അത് സഹായിക്കൂ.

    ReplyDelete
  2. ആദ്ധ്യാത്മികതയിലെ യേശു

    നിന്റെ മുഗ്ദലാവണ്യം കിനിയുന്ന പ്രപഞ്ചസരിത്തിന് മുമ്പിൽ
    ഞാൻ സാദരം കൈകൂപ്പി നിൽക്കട്ടെ
    എന്റെ മനസ്സിന്റെ അജ്ഞാത തലങ്ങളിൽ
    ഹേമമേല്പിച്ചു നീയെന്നെ മന്ത്രന്തബദ്ധനാക്കുന്നു
    നയനങ്ങളിൽ അദ്ഭുത തരംഗങ്ങൾ നിക്ഷേപിച്ച്
    നീയെന്നെ അവശനും ദീനനുമാക്കുന്നു
    സാഗരത്തിന്റെ ഇരമ്പലിൽ അടിവെച്ചടിവെച്ചകലുന്ന
    നിന്റെ മോഹനരൂപമെന്നെ അനുനിമിഷം
    ദഹിപ്പിക്കുന്ന തീജ്ജ്വാലയായി മാറ്റിയിരിക്കുന്നു
    പ്രഭാതത്തിന്റെ വശ്യ ശോഭയിൽ നീയെനിക്ക്
    നിത്യവും ദർശനമേകുന്നു.
    സായംസന്ധ്യ വേര്പാടിന്റെ ദുഃഖഗാനം
    ആലപിക്കാൻ വേപഥു പൂണ്ടു നില്ക്കുന്നു
    പൂമ്പൈതലിന്റെ പുഞ്ചിരിയിൽ എന്റെ ക്ഷുദ്ര ഹൃദയത്തെ
    നീ വെണ്ണയാക്കി മാറ്റിയിരിക്കുന്നു
    ആയിരം വസന്തങ്ങൾ ഒന്നിച്ചവതരിച്ചാലെന്നപോലെ
    എന്റെ സ്വപ്നലോകത്തെ പ്രദീപ്തമാക്കുന്ന ദേവാ
    നിന്റെ സാന്നിദ്ധ്യമെനിക്ക് അമൃതതുല്യമാണ്.
    ശക്തിയുടെ മിന്നൽപിണർ നിന്നിൽനിന്ന് ഉയിർപ്രാപിച്ച്
    അനേക നാമാരൂപങ്ങളായി പിരിഞ്ഞ്
    എന്നെ നിത്യം അമ്പരപ്പിക്കുന്നു
    നിത്യം പ്രവഹിക്കുന്ന പ്രണവധ്വനിയാണ് നീ
    ഇരുട്ടിലെ മാർഗ്ഗരേഖ, പ്രകാശത്തിലെ ഗാനപൌർണമി
    ശബ്ദസാകല്യം നീ, ഞാനോ വെറും പ്രതിധ്വനി
    നീ കൈവല്യസ്വരൂപൻ, എന്റെ അന്ത്യാഭിലാഷം
    നീ ചിൽസ്വരൂപൻ, എന്റെ ആത്മലാഭം!

    (എൻറെ സുഹൃത്ത്‌ എം. ദേവാനന്ദിന്റെ 'സാധകന്റെ സരണി' എന്ന കൃതിയിൽ നിന്ന്)
    താത്പര്യമുള്ളവർ 'അറിയുമോ ഈ യേശുവിനെ?' എന്ന ലേഖനം വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക.
    https://www.blogger.com/blogger.g?blogID=6778531614783501265#editor/target=post;postID=2993007970013739318;onPublishedMenu=allposts;onClosedMenu=allposts;postNum=107;src=postname

    ReplyDelete
  3. വിശ്വാസികൾ മതം വിട്ടു മതമൗലികതയിലെക്കു ചേക്കേറുന്ന കാലത്ത് ഇതുപോലെയുള്ള ലേഖനങ്ങൾ ആണ് ഈ ബ്ലോഗിന് ആവശ്യം. പടന്നമായ്ക്കലിനെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. അതോടൊപ്പം ചരിത്രത്തിലെ യേശുവിനെ ('historical jesus') വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

    ഒരു സംശയം ഈ അവസരത്തിൽ ചോദിച്ചു കൊള്ളട്ടെ. Historical Jesus literature മലയാളത്തിൽ ലഭ്യമാണോ? (ഉദാ : John Dominic Crossan, Bart Ehrman, Marcus Borg, ...) സഖറിയാസ് നെടുങ്കനാൽ Jesus Seminar വഴി ഉരുത്തിരിഞ്ഞ പല ആശയങ്ങളും പലപ്പോഴായി കമന്റ്‌കളിൽ എഴുതി കണ്ടിട്ടുണ്ട്. തങ്ങളെ സ്വാധീനിച്ച കൃതികളെപ്പറ്റി പങ്കു വെയ്ക്കുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും.

    ReplyDelete
  4. Ninan Mathulla wrote in Emalayalee

    I do not question the sincerity of the writer. But it is misleading. Joseph Padannamakkal quotes Josephus the Jewish historian to prove his point. Why he left out the fact that the same Josephus, the official historian of the Roman Empire has clearly stated that Jesus was a historical figure. He described Jesus life in his book. The census that took place at Jesus birth is also described by Josephus. So it is misleading to say that there is no historical proof for Jesus outside Bible. If you like to learn more about these things please read, ‘The case for Christ’ by Lee Strobel.


    Joseph Padannamakkel wrote in EMalayalee:

    യേശു ചരിത്രപുരുഷനായിരുന്നുവെന്നാണ് ഞാനും വിശ്വസിക്കുന്നത്. അക്കാര്യം ചരിത്ര ആർക്കിയോളജിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. യേശു ജീവിച്ചിരുന്നുവെന്ന് ചരിത്രത്തിലെ 'സീസർ' തന്നെ തെളിവാണ്. പക്ഷെ ചരിത്രാന്വേഷികൾ അത്തരം തെളിവുകൾ നിരത്തിയാലൊന്നും തൃപ്തരാവുകയില്ല. യേശുവിലെ അദ്ധ്യാത്മികതയെന്ന ഇരുമ്പുചട്ട മാറ്റാതെ ചരിത്രത്തിലെ യേശുവിനെ കണ്ടുപിടിക്കാൻ പ്രയാസമാണെന്നും പണ്ഡിതർ വിശ്വസിക്കുന്നു.

    ആദ്യകാലത്തെ മിസ്റ്റിക്കുകൾ ചരിത്രത്തിലുള്ള യേശുവിനെ മറച്ചുവെച്ച് അമാനുഷിക കഥകളുണ്ടാക്കി അത്ഭുതങ്ങളിൽക്കൂടി പണമുണ്ടാക്കുന്ന ഒരു വ്യവസായമാക്കി വളർത്താൻ തുടങ്ങി. യേശുവിന്റെ എതിരാളികൾ എഴുതിയ ഡോക്കുമെന്റുകളിൾ രക്തവും മാംസവുമുണ്ടായിരുന്ന ചരിത്രപുരുഷനെപ്പറ്റി ഒന്നുമുള്ളതായി അറിവില്ല.

    യേശു മരിച്ചു കഴിഞ്ഞ് കുറെ വർഷങ്ങൾക്കു ശേഷം (എ.ഡി. 67-93 ) ജനിച്ച പ്ലേവിയാസ് ജോസഫസ് എന്ന ചരിത്രകാരന്റെ സാക്ഷ്യം യേശു ചരിത്ര പുരുഷനായിരുന്നുവെന്ന തെളിവാണ്. ജോസഫസ് എഴുതി, "യേശുവെന്ന വിശുദ്ധൻ ജീവിച്ചിരുന്നു. അദ്ദേഹം അനേകരെ സത്യത്തിന്റെ വഴിയെ സഞ്ചരിക്കാൻ പഠിപ്പിച്ചു. ഗ്രീക്കുകാരും യഹൂദരും ആ ദിവ്യനെ അനുഗമിച്ചിരുന്നു. അദ്ദേഹം മിശിഹാ (രക്ഷകൻ) ആയിരുന്നു" പക്ഷെ 'ജോസഫ്സ്' എന്ന എഴുത്തുകാരൻ ജീവിച്ചിരുന്നില്ലായെന്ന് അനേക ചരിത്രഗവേഷകരും യുക്തിവാദികളും വാദിക്കുന്നു. ക്രിസ്തു മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞ് അങ്ങനെയൊരാളിനെ ആദിമസഭ തിരുകി കയറ്റിയെന്നാണ് മറ്റൊരു ശക്തമായ വാദം.

    2006-ൽ ചരിത്രത്തിൽ ഇല്ലാത്ത യേശുവിന്റെ കഥയുണ്ടാക്കി കബളിപ്പിച്ചുവെന്നു പറഞ്ഞ് 'ലൂജി കാസ്സി മോലി' എന്നൊരാൾ വത്തിക്കാനെതെരെ കേസ് കൊടുത്തിരുന്നു. എന്നാൽ ആ കേസ് തള്ളി പോവുകയാണുണ്ടായത്. വത്തിക്കാൻ തെളിവുകൾ അന്നു കോടതിയിൽ ഹാജരാക്കിയിരിക്കാം.


    യുക്തിവാദിയും തത്ത്വചിന്തകനുമായ ബർട്രാൻ റസ്സൽ ചരിത്രത്തിലെ യേശുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, "ചരിത്രപരമായി യേശു ജീവിച്ചിരുന്നുവെന്ന് സംശയകരമാണ്. യേശു ജീവിച്ചിരുന്നുവെങ്കിൽ തന്നെയും ജീവിച്ചിരുന്ന യേശുവിനെപ്പറ്റി നമുക്കൊന്നും അറിയത്തില്ല. അങ്ങനെയൊരു ചരിത്രം കണ്ടുപിടിക്കുകയും പ്രയാസമാണ്." വാദങ്ങളും എതിർ വാദങ്ങളും ചരിത്രത്തിന്റെ ഭാഗമായി അന്നും ഇന്നും തുടരുന്നു.

    യേശുവിന്റെ ചരിത്രം, ചരിത്രമാണെന്നും അല്ലെന്നും വെല്ലുവിളിക്കാനുള്ള കഴിവ് എനിക്കില്ല. ഞാനെഴുതിയ ലേഖനം സത്യമാണെന്ന് അവകാശപ്പെടുന്നുമില്ല. അതുപോലെ പള്ളിയിലും വേദപാഠത്തിലും പഠിപ്പിച്ച ചരിത്രവും സത്യമോ അസത്യമോ ആകാം.






    ReplyDelete