Translate

Friday, December 19, 2014

ഈ-മലയാളിയില്‍ ഒരു വന്‍ മലയാളി!

സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടാ ഞാനിതെഴുതുന്നത്. എണ്ണവില കുത്തനെ കുറഞ്ഞപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എന്നെപ്പോലുള്ള എണ്ണകമ്പനി തൊഴിലാളികള്‍ വിഷമിക്കുന്നു. പല കമ്പനികളും  കോണ്ട്രാക്റ്റ് പുതുക്കാന്‍ തിരക്ക് കാണിക്കുന്നില്ല. കത്തോലിക്കാ സഭയുടെ കാര്യം എഴുതുന്നത്‌ കൊണ്ട്  എല്ലാം കെട്ടിപ്പെറുക്കി പോകേണ്ടി വരുമോയെന്ന് പോലും ഞാന്‍ സംശയിച്ചു. എങ്കിലും ഞാന്‍ ചെയ്തത് ശരിയെന്നേ എനിക്ക് തോന്നിയുള്ളൂ. ഇപ്പന്‍ പണ്ട് ചെയ്തതുപോലെ ഞാനും ഒരു നേര്‍ച്ച നേര്‍ന്നു, അത്മായാ ശബ്ദത്തില്‍ സമയം കിട്ടുമ്പോഴൊക്കെ എഴുതിക്കൊള്ളാമെന്ന്. ഒരു രണ്ടു മാസമായി ഞാന്‍ അങ്ങിനെ തന്നെ ചെയ്യുന്നുമുണ്ടായിരുന്നു. അതിന്‍റെ ഫലം കിട്ടിയ സന്തോഷത്തിലാണ് ഞാന്‍. എനിക്ക് പുതിയ ഒരു കോണ്ട്രാക്റ്റ് കിട്ടി, രണ്ടു വര്‍ഷം, ശമ്പളവും കൂടുതല്‍, അവധിയും  കൂടുതല്‍. ദൈവത്തിനു സ്തോത്രം!

റവ. ഡോ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്തച്ചന്‍ ഈ ക്രിസ്മസ്സിനു ‘ഈ-മലയാളി’യില്‍ എഴുതിയത് ഞാന്‍ വായിച്ചു. അതില്‍ ശരിയുണ്ടോ എന്ന് ഞാന്‍ സൂക്ഷിച്ചു നോക്കി (ഈ ‘റവ ഡോ.’ എന്ന പൊതു പ്രയോഗം മാറ്റി ‘ആട്ട ഡോ.’ എന്നാക്കിയാല്‍ കൊള്ളാം എന്നാണ് എന്‍റെ അഭിപ്രായം – രണ്ടും തിന്നാനുള്ളതാണല്ലോ). ചിക്കാഗോ രൂപതയുടെ ചാന്സലര്‍ ആയ അദ്ദേഹത്തിന് ഒരു ചാന്‍സ് കൈവിട്ടു പോയതിന്‍റെ പ്രയാസം കാണും (അമ്മാവന്‍ നല്‍കിയ ചാന്‍സ് തെറിപ്പിച്ചു കളഞ്ഞ കൊഞ്ഞാണ്ടാന്മാരെ ദൈവം പിടിച്ചോളും!). അദ്ദേഹത്തിന് ആ വല്യ ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ‘ഈ-മലയാളിയി’ല്‍ മാത്രമല്ല, ‘ആ മലയാളിയി’ലും ഒത്തിരി തമാശകള്‍ വന്നേനെ. അദ്ദേഹം എഴുതിയ കാര്യങ്ങള്‍ എണ്ണയുടെ രാജ്യത്തിരുന്നുകൊണ്ട് വായിച്ചത് കൊണ്ടാണോ എന്നറിയില്ല, ആശയങ്ങള്‍ വഴുവഴുപ്പനായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹം എഴുതി, “സഭയില്‍ നിന്ന്‌, വിശുദ്ധ കുര്‍ബാനയില്‍ നിന്ന്‌ നമ്മെ അകറ്റുന്ന, വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നാം അകലം പാലിക്കണം.(അത്മായാ ശബ്ദവും സത്യജ്വാലയും അങ്ങേര് വായിക്കുന്നുണ്ടെന്നു സ്പഷ്ടം!). “....കാരണം സഭയില്‍ നിന്ന്‌ നമ്മെ വ്യതിചലിപ്പിക്കാനായി മാര്‍ഗ്ഗഭ്രംശം സംഭവിച്ച വ്യക്തികളുടെ രൂപത്തില്‍ തിന്മയുടെ ശക്തി നമുക്ക്‌ ചുറ്റും എപ്പോഴും പ്രവര്‍ത്തനനിരതമാണ്‌.” (കുഴഞ്ഞു! കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്നത്‌ പോലെ ഒരു ചോദ്യം; അത്മായര്‍ പറയുന്നു, വഴിതെറ്റിക്കുന്നത് മെത്രാന്മാരാണെന്ന്, മെത്രാന്മാര്‍ ചിന്തിക്കുന്നു അത്മായരാണ് വഴിതെറ്റിക്കുന്നത്. ഒരു ഗ്രൂപ്പ് വഴി തെറ്റിയെന്ന് അങ്ങേര് പറയുന്നുണ്ട്, അതാരാന്നു പറയുന്നുമില്ല!).
അദ്ദേഹം തുടരുന്നു, ദൈവാന്വേഷണത്തിന്‍റെ സത്യപാതയില്‍ നിന്നും നമ്മെ വഴിതെറ്റിക്കുന്ന കപടവ്യക്തിത്വങ്ങളും തെറ്റിദ്ധാരണ പുലര്‍ത്തുന്ന ദുഷ്‌പ്രചരണങ്ങളും നമുക്കു ചുറ്റും ഉയരുമ്പോഴും, സഭയെക്കുറിച്ചും സഭാ ശുശ്രൂഷകരെക്കുറിച്ചും നിഷേധാത്മകമായ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോഴും നാം സത്യത്തിന്‍റെ വഴിയില്‍ നിന്നും ഇടറി വീഴാന്‍ സാധ്യതയുണ്ട്‌. ഇവിടെ നാം കരുതലുള്ളവരും ജാഗരൂകരുമായിരിക്കണം.” (അത്മായാശബ്ദത്തില്‍ വരുന്ന കാര്യങ്ങള്‍ സത്യമെന്ന് തോന്നിയാലും നാം ജാഗരൂകരായിരിക്കണം! അത് കലക്കി; അളവെടുപ്പിനു ഒരു ശുശ്രൂഷകന്‍ അകത്തായാലും (തൃശ്ശൂര്‍) അച്ചന്‍ ഒരുവന്‍റെ ഭാര്യയെ തട്ടിക്കൊണ്ടു പോയാലും (അമേരിക്കാ) ജനം ജാഗരൂകരായി നിലകൊള്ളണം. ഇങ്ങിനെ നില്‍ക്കാന്‍ മാര്‍ത്തോമ്മായെ കൊണ്ട് പോലും പറ്റുമായിരുന്നോ എന്തോ?)

ദൈവപുത്രനെ അമ്മയോടൊപ്പം കണ്ട്‌, ആരാധിച്ച്‌ തിരുമുല്‍ക്കാഴ്‌ചകളും ജീവിതവും അവിടുത്തേക്ക്‌ സമര്‍പ്പിച്ച്‌, ജ്ഞാനികള്‍ തിരിച്ചുപോയത്‌ മറ്റൊരു വഴിക്കാണ്‌. ദൈവത്തെ കണ്ടെത്തുന്നവര്‍ക്ക്‌ പാപത്തിന്‍റെ പഴയ വഴികളുടെ വീണ്ടും സഞ്ചരിക്കാന്‍ കഴിയില്ല. (വേത്താനത്തച്ചോ സ്തുതി! ഒരാള്‍ ചാന്സലറായി വന്നപ്പോള്‍ അരമനയില്‍ ഉണ്ടായിരുന്നവര്‍ പല വഴിക്ക് പോയ സംഭവവും ഓര്‍മ്മ വരുന്നു. വിജാതികളുടെ ഇടയില്‍പോലും ഇത്തരം വിശ്വാസം ഞാന്‍ കണ്ടിട്ടില്ല. പള്ളിയില്‍ പോയി മടങ്ങുന്നത് വന്ന വഴിക്കായിരിക്കരുതെന്ന് ഉപദേശിക്കാന്‍ മാത്രം, ദേശം മുഴുവന്‍ വിമതരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. KCRM പ്രവര്‍ത്തകര്‍ പോലും ഇങ്ങിനെ ഒരു തിരിവുണ്ടായ കാര്യം അറിഞ്ഞു കാണില്ല. ഓരോ ഞായറാഴ്ചയും പുതിയ പാത വെട്ടി മുന്നോട്ടു പോകണമെന്നാണ് അങ്ങേര് പറയുന്നത്. ഉള്ളത് പൊളിച്ചു കൊണ്ടിരിക്കുമ്പോഴാ വീണ്ടും വെട്ടുന്നതിനെപ്പറ്റി ചിന്തിക്കുന്നത്).

ഞാനിവിടെ വേറൊരു പ്രശ്നവും കാണുന്നു. ബെത്ലേഹം കഥകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നു ബെനഡിക്റ്റ് മാര്‍പ്പാപ്പാ സ്വയം എഴുതിയ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നത് ഈ വൈസ് (ബുദ്ധിയുള്ള) ചാന്‍സലര്‍ മറന്നു. (ബെനഡിക്റ്റ് മാര്‍പ്പാപ്പാ അടുത്തിടെ പറഞ്ഞത് അങ്ങേരെ ഫാ. ബെനഡിക്റ്റ് എന്ന് വിളിച്ചാ മതിയെന്നാണ്. അങ്ങിനെ വിളിച്ചാല്‍ അതിവിടെ വേറെ അര്‍ത്ഥത്തില്‍ എടുക്കും എന്നത് കൊണ്ട് ഒരു മലയാളിയും അങ്ങിനെ ചെയ്യരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു). ആടും പോത്തുമൊന്നും ബേതലഹേമില്‍ വന്നിട്ടില്ലെന്നും ഈ മാര്‍പ്പാപ്പാ പറഞ്ഞിട്ടുണ്ട്. യേശു ജനിച്ചത്‌ ഡിസംബര്‍ 25 നായിരുന്നു എന്നത് സത്യമല്ലെന്ന് പറയുന്നവര്‍ക്കും അറിയാം, ചരിത്രകാരന്മാര്‍ക്കും അറിയാം. ഒരു രാജ്യത്തെ മുഴുവന്‍ ശിശുക്കളെയും  കൊന്നൊടുക്കിയ സംഭവം എന്തേ ഒരു ചരിത്രകാരന്മാരും പറയാത്തതെന്നും ചിന്തിക്കുന്നതു കൊള്ളാം. ഒരു ചെറിയ നക്ഷത്രം കന്നുകാലിക്കൂടിന്‍റെ മുകളില്‍ വന്നു നിന്നു, പിന്നെ മറഞ്ഞു എന്നത് കഷ്ടിച്ചു വിശ്വസിക്കാം, കാരണം നക്ഷത്രങ്ങള്‍ കോമാങ്ങായുടെ വലിപ്പം മാത്രമുള്ളവയാണല്ലോ. യേശു ഒരു ദരിദ്ര സാഹചര്യത്തില്‍ ജനിച്ചുവെന്നത് സ്പഷ്ടം! അതോര്‍ക്കാന്‍ ഇത്രമാത്രം വളഞ്ഞ വഴി വേണമായിരുന്നില്ലച്ചോ.

ഡോ. ജെയിംസ് കോട്ടൂര്‍ ഇത് വായിച്ചാല്‍ എന്നെ നാലെണ്ണം പറയും, ഉറപ്പ്. ഏതു തുരപ്പനാണേലും ചര്‍ച്ചക്ക് വന്നാല്‍ മാന്യമായി സ്വീകരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇങ്ങിനെ മാന്യമായി വിളിച്ചിരുത്തി കാപ്പിയും കടിയും കൊടുക്കാനാണോ KCRM പാണ്ഡവന്മാരുടെ  ലക്‌ഷ്യം എന്ന് എനിക്ക് സംശയമുണ്ട്‌. ഇവരെ പാണ്ഡവര്‍ എന്ന് ഞാന്‍ വിളിച്ചത്, അവരാണല്ലോ ഭഗവാനെ തേര് തെളിക്കാന്‍ ഏല്പ്പിച്ചിട്ടു യുദ്ധത്തിനിറങ്ങിയത് എന്നത് കൊണ്ടാണ്. ഇവിടെയും സ്ഥിതി അത് തന്നെയല്ലേ? അത്മായരുടെ കൂടെ ദൈവവും, പട മുഴുവന്‍ മെത്രാന്മാരുടെ കൂടെയുമല്ലേ? അല്ല, KCRM കാര്‍ ഇത്രേം പണം മുടക്കി സത്യജ്വാല മാസികയും കുറെ പതിനായിരങ്ങള്‍ മുടക്കി പുതിയ വെബ്സൈറ്റും ഒക്കെ തുടങ്ങി ഭൂഗോള വേദിയിലേക്ക് ഇറങ്ങിയിരിക്കുന്നത് വെറുതെ ആയിരിക്കില്ലല്ലോ. അപകടം ഞാന്‍ മണക്കുന്നുണ്ട്. സന്യാസ ജീവിതം വിട്ട എല്ലാവരെയും പുനരധിവസിപ്പിക്കാനുള്ള വിപുലമായ പദ്ധതിക്ക് തുടക്കം ഇട്ടതും വെറുതെ ആയിരിക്കില്ലല്ലോ. പണ്ട് ഒരു സ്നേഹിതന്‍ എന്നോട് പറഞ്ഞിരുന്നു, ഈ പോക്ക് പോയാല്‍ ഇവര്‍ സ്വന്തമായി ദിനപത്രവും തുടങ്ങിയേക്കാം എന്ന്. ചെകുത്താന്‍ സഭ പോലും സ്പോണ്സര്‍ ചെയ്യാന്‍ ആളുണ്ട്. ആരൊക്കെയോ ഇവരുടെയും പിന്നില്‍ ഉണ്ടെന്ന് സ്പഷ്ടം! അതായത്, സമീപ ഭാവിയില്‍ മെത്രാന്മാര്‍ സ്വയം അരമനയില്‍ നിന്നിറങ്ങിയേക്കാനാണ് സാദ്ധ്യത എന്നാണ് എനിക്ക് തോന്നുന്നത്. കൂടുതല്‍ കൂടുതല്‍ ആളുകളും സന്നാഹങ്ങളും ഇപ്പുറത്ത് സമാഹരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, സത്യത്തില്‍ ഇനി അവരെ ചര്‍ച്ചക്ക് വിളിച്ചു നാം അപമാനിക്കപെടണമോ കോട്ടൂര്‍ സാറെ?

കക്കാന്‍ മാര്‍ത്തോമ്മാഭക്തരേക്കാള്‍ മിടുക്കര്‍ ലോകത്തില്ലെന്നാ എന്‍റെ അഭിപ്രായം. ഏതു കഥകള്‍ ആരു പറയുന്നത് കേട്ടാലും എണ്ണ തേച്ചു വളച്ചു പരുവപ്പെടുത്തി നമ്മള്‍ നമ്മുടെ പുസ്തകത്തിലാക്കും. ഒട്ടകത്തിനു തല വെയ്ക്കാന്‍ ഇടം കൊടുത്തതുപോലിരിക്കും നമ്മുടെ മെത്രാന്മാരെ എവിടെ കുടിയിരുത്തിയാലും. ഇന്ത്യയില്‍ വന്നിട്ട് കാണിച്ച കോപ്രായങ്ങളില്‍ ചിലത്  ഞാന്‍ പറയാം. ഉത്സവത്തിനു പകരം പെരുന്നാള്‍ കൊണ്ടുവന്നു; ഒരിടത്ത് അയ്യപ്പനെ ശരണം വിളിച്ചപ്പോള്‍ ഇവിടെ മുത്തപ്പനെ ശരണം വിളി തുടങ്ങി; അവര്‍ അടിയന്തിരം വെച്ചപ്പോള്‍ നമ്മള്‍ ചാത്തം വെച്ചു; അവരുടെ കാണിക്ക മണ്ഡപം മാറ്റി നമ്മള്‍ കുരിശുംതൊട്ടി തുടങ്ങി; അവര്‍ നാമം ജപിച്ചപ്പോള്‍ നാം സുകൃതം ജപിച്ചു തുടങ്ങി; അവര്‍ രുദ്രാക്ഷമാല ഇട്ടപ്പോള്‍ നമ്മള്‍ കൊന്ത കഴുത്തില്‍ തൂക്കി; അവര് പുണ്യ തീര്‍ത്ഥം തളിച്ചപ്പോള്‍ നമ്മള്‍ മൂറോന്‍ തുടങ്ങി; അവര്‍ ശയന പ്രദക്ഷിണം ചെയ്തപ്പോള്‍, നാം ഉരുള് നേര്ച്ചയും നീന്തു നേര്‍ച്ചയും തുടങ്ങി; അവര് മരിച്ചവര്‍ക്ക് ബലിയിട്ടപ്പോള്‍, നമ്മള്‍ ഒപ്പീസ് തുടങ്ങി; അവര് പറയെഴുന്നള്ളിപ്പ് നടത്തിയപ്പോള്‍ നമ്മള്‍ അമ്പെഴുന്നള്ളിപ്പ് തുടങ്ങി; അവര്‍ മന്ത്രവടി എടുത്തപ്പോള്‍ നമ്മള്‍ അംശവടി എടുത്തു; അവര് ചോറ്റാനിക്കരയമ്മയെ വിളിച്ചു, നമ്മള്‍ വല്ലാര്പാടത്തമ്മയെ വിളിച്ചു; അവര് ശുദ്ധികലശം നടത്തി, നമ്മള്‍ വെഞ്ചരിപ്പും തുടങ്ങി; വഴിപാട്, എണ്ണ നേര്‍ച്ച, മണിയടി, കൊടിയേറ്റം, താലികെട്ട് മുതലായവ അതുപോലെ ഇങ്ങോട്ടെടുത്തു. തീക്കലശം ധൂപക്കുറ്റിയാക്കി; വൃതം നോയമ്പാക്കി; പ്രസാദം നേര്ച്ചവിളമ്പാക്കി, ശ്രികോവിലിനു പകരം സക്രാരി കൊണ്ടുവന്നു, പഞ്ചവാദ്യം ചെണ്ടമേളമാക്കി; ഇപ്പൊ കുടമാറ്റവും, തുലാഭാരവും തുടങ്ങി. അവര്‍ കാല്‍ നാട്ടിയപ്പോള്‍ നമ്മളും നാട്ടിത്തുടങ്ങി,   അവര്‍ നട തുറന്നു, നമ്മളും നട തുറന്നു; അവര്‍ രാമായണ മാസം നടത്തി, നമ്മള്‍ വണക്കമാസം തുടങ്ങി; അവരുടെ ഗണപതി പാല് കുടിച്ചപ്പോള്‍ നമ്മുടെ മാതാവ് കണ്ണിരോഴുക്കി. അവരുടെ ആശ്രമങ്ങളും സത്സംഗും എന്നേ നമ്മള്‍ കസ്ടഡിയിലാക്കി; അവര്‍ പളനിയില്‍ മൊട്ടയടിച്ചാല്‍ നമ്മള്‍ വേളാംകണ്ണിയില്‍ പോയി മൊട്ടയടിക്കും; അവര് ജാതി നോക്കുമ്പോള്‍ ഇവിടെ വിവേചനം നോക്കാന്‍ നാം ദളിതരെയും ക്നാനായാക്കാരെയും  സൂക്ഷിക്കുന്നു. നമ്മുടെ കൈയ്യില്‍ നിന്ന് മോഷ്ടിക്കാന്‍ ഹിന്ദുക്കള്‍ക്കെന്തുണ്ട്? കുറെ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ മാത്രം!

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഭൌതിക വസ്തുക്കള്‍ മോഷ്ടിക്കുന്നതും ബൌദ്ധിക സമ്പത്ത് മോഷ്ടിക്കുന്നതും ശിക്ഷാര്‍ഹം; പക്ഷെ, മന്ദബുദ്ധികള്‍, ബുദ്ധി സ്ഥിരതയില്ലാത്തവര്‍ എന്നിവര്‍ക്ക് ഇളവു കിട്ടുമെന്ന് വക്കീലന്മാര്‍ പറയുന്നു.


2 comments:

  1. റോഷന്റെ താരതമ്യപഠനം , കാര്യവിചാരം ഒരുവട്ടം വായിക്കാതെപോയാല്‍ നിങ്ങള്‍ക്കുപോയി !!

    ReplyDelete
  2. The attitude of the Knanites towards their non-endogamous members is not just discriminatory but cruel too. The Hindus practice discrimination at their homes.. But we treat them as out castes not only at our homes but also in our community and parishes. The law permitting all Hindus irrespective of their caste paved way for unity and better understandin among our hindu brothers. Now we see Brahmins along with upper, lower and even thise belonging to the scheduled castes pray and participate in the activities of the temple. But what about thecatholic church which boast as a religion above all petty consideratios based on color and caste. The syro malabar church without any shame endorsed the racist, inhuman and unchristian acts of the knanites. Right thinking people of all religions and christian denominations should join hands to expose and end such practices.

    ReplyDelete