Translate

Tuesday, December 16, 2014

ക്രിസ്തുമസും ആഘോഷങ്ങളും ചരിത്ര വിമർശനങ്ങളും.



By ജോസഫ് പടന്നമാക്കൽ


രണ്ടായിരം വർഷങ്ങൾക്കു  മുമ്പ്  ഒരു ഡിസംബർ  ഇരുപത്തിയഞ്ചാം തിയതി മേരി  ബത് ലഹേമിൽക്കൂടി  കഴുതപ്പുറത്തു സഞ്ചരിച്ചെന്നും  അവളൊരു കുഞ്ഞിനെ പ്രസവിക്കാനിടമില്ലാതെ ജോസഫുമൊത്തു വഴിയോരങ്ങളിൽക്കൂടി  അലഞ്ഞെന്നും  അവർക്കാരും അഭയം കൊടുത്തില്ലെന്നും സത്രങ്ങളും വഴിയമ്പലങ്ങളും അവർക്കു മുമ്പിൽ വാതിലുകളടച്ചെന്നും  ഒടുവിൽ ഒരു പുൽക്കൂട്ടിൽ മേരി യേശുവിനെ പ്രസവിച്ചുവെന്നുമാണ് ചരിത്രം പഠിപ്പിക്കുന്നത്‌. പുസ്തകങ്ങളിലും നാടകങ്ങളിലും സിനിമാകളിലും കവിതകളിലും കഥകളിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ മേരി കഴുതപ്പുറത്തു സഞ്ചരിച്ചതായി  ബൈബിളിൽ  എഴുതപ്പെട്ടിട്ടില്ല. വഴിയമ്പലങ്ങളോ സത്രങ്ങളോ അക്കാലങ്ങളിൽ ഉണ്ടായിരുന്നതായും  അറിയില്ല.   ജോസഫും മേരിയും  താമസിക്കാനായി  സത്രത്തിലെ മുറി തേടിയ  കഥയും വചനത്തിലില്ല. യേശുവിനെ കാണാൻ വന്ന വിജ്ഞാനികളായ ബുദ്ധിമാന്മാരെ  പിന്നീട് കെട്ടു കഥകളിൽക്കൂടി   കഴുത്തപ്പുറത്തു വന്ന മൂന്നു രാജാക്കന്മാരായി വാഴിക്കുകയും ചെയ്തു.

യേശുവിന്റെ ജനനത്തെപ്പറ്റി ലൂക്കിന്റെയും മാത്യൂവിന്റെയും സുവിശേഷങ്ങളിൽ വിവരിച്ചിട്ടുണ്ട്. ബത്'ലഹേമിൽ കന്യകയിൽനിന്നും രക്ഷകൻ പിറന്ന വാർത്ത ദൈവത്തിന്റെ ദൂതൻ ഇടയന്മാരെ വന്നറിയിച്ചു. "ദൂതൻ പറഞ്ഞു, ദാവിദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം, പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും."  അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊ ട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു."(ലൂക്ക്:2:10-17) ക്രിസ്തു ജനിച്ച ദിവസത്തെപ്പറ്റി   വചനത്തിൽ  എഴുതപ്പെട്ടിട്ടില്ല. പഴയകാല  മാനുസ്ക്രിപ്റ്റുകളിൽ ക്രിസ്തുവിന്റെ ജനന തിയതികൾ വ്യത്യസ്തങ്ങളായി  രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.


പുതിയ നിയമത്തിലെ വചനങ്ങളെ   സൂക്ഷ്മമായി പഠിക്കുകയാണെങ്കിൽ ക്രിസ്തു ജനിച്ചത് ഡിസംബർ ഇരുപത്തിയഞ്ചാകാൻ സാധ്യതയുമില്ല.  സുവിശേഷ  വാക്യങ്ങളിൽ യേശു   ജനിച്ച ദിവസം 'ആട്ടിടയർ  ആടുമാടുകളെ മേയ്ച്ചിരുന്നതായി'   കാണുന്നു.    ഡിസംബർ മാസത്തിലെ അതികഠിനമായ ശൈത്യകാലങ്ങളിൽ   ആട്ടിടയർ ആടുകളെ മേയ്ച്ചിരുന്നുവെന്നതും അവിശ്വസിനീയമാണ്.  അങ്ങനെയെങ്കിൽ ലൂക്കിന്റെ വചനമനുസരിച്ച് ആട്ടിടയർ ഉഷ്ണകാലത്തിലോ   മഴയില്ലാത്ത പകൽ സമയങ്ങളിലോ  ആടുകളെ മേയ്ക്കാനാണ് സാധ്യത.  യേശുവിന്റെ ജനനവും ശൈത്യകാലത്തായിരിക്കില്ല. ഡിസംബർ മാസം ജൂഡിയാ മുഴുവൻ തണുപ്പും മഴയുമുള്ള  കാലങ്ങളാണ്. ആട്ടിടയർക്ക് പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ വയലുകളിലിറങ്ങാൻ ഡിസംബർ മാസത്തിലെ കാലാവസ്ഥ ഒട്ടും യോജിച്ചതുമല്ല. ചരിത്രത്തിലെ ക്രിസ്തുമസ്   എന്നും ഡിസംബർ ഇരുപത്തിയഞ്ചാതിയതിയായിരുന്നു.   ക്രിസ്തു ജനിക്കുന്നതിനുമുമ്പേ  ഡിസംബർ  മാസത്തിൽ   പേഗൻദൈവമായ  സൂര്യ ദേവന്റെ ജന്മദിനവും   റോമാക്കാർ ആഘോഷിച്ചിരുന്നതായി  ചരിത്രം വ്യക്തമാക്കുന്നു.


സീസറിന്റെ കൽപ്പനയനുസരിച്ച്  യേശുവിന്റെ മാതാ പിതാക്കൾ റോമൻ സെൻസസിനുള്ള  വിവരങ്ങൾ   രജിസ്റ്റർ ചെയ്യാൻ   ബത് ലഹേമിൽ വന്നതായി ലൂക്കിന്റെ സുവിശേഷം രണ്ടാമദ്ധ്യായം ഒന്നു മുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഓരോ ഗോത്രങ്ങളും അതാത് ഗോത്രങ്ങളുടെ ഉറവിടസ്ഥാനത്ത് സെൻസസിനുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു രാജ കല്പ്പന.  നസ്രത്തിലെ ഗലീലിയോയെന്ന നഗരത്തിൽ താമസിച്ചിരുന്ന   ജോസഫും മേരിയും  ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചതുകൊണ്ട്   ദാവിദിന്റെ ജന്മ സ്ഥലമായ ബത്'ലഹേമിലെക്ക്   യാത്ര ചെയ്യണമായിരുന്നു.  അതി ശൈത്യകാലത്ത് അത്തരം  സെൻസസിനുള്ള രാജവിളംബരമുണ്ടാകാൻ സാധ്യതയില്ല. ആ സമയങ്ങളിൽ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ   റോഡിന്റെ അവസ്ഥയും പരിതാപകരമായിരിക്കും. അങ്ങനെയുള്ള ദുർഘടകരമായ സമയത്ത്  സീസറിനെപ്പോലുള്ള  ബുദ്ധിമാൻ അത്തരം കൽപ്പനകൾ പുറപ്പെടുവിച്ചാൽ  നികുതിയടയ്ക്കണമെന്നുള്ള സെൻസസിന്റെ ലക്ഷ്യം സാധിക്കാതെയും വരും.


ലോകത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളിലും ശൈത്യകാലങ്ങളിൽ   തങ്ങളുടെ   സാംസ്ക്കാരിക  ഉത്സവങ്ങൾ   സംഘടിപ്പിക്കാറുണ്ട്. യേശു ജനിക്കുന്നതിനുമുമ്പ് യൂറോപ്യന്മാർ ആകാശത്ത് സൂര്യനില്ലാതെ ഇരുളടഞ്ഞ സമയങ്ങളിൽ   പ്രകാശ ദീപങ്ങൾ കൊളുത്തിക്കൊണ്ട്   ശൈത്യദിനങ്ങൾ കൊണ്ടാടിയിരുന്നു.  സ്കാൻഡിനേവിയൻ   രാജ്യങ്ങളിൽ  നീണ്ട മാസങ്ങളോളം സൂര്യൻ പ്രകാശിക്കാത്തതുകൊണ്ട്  അവിടുത്തെ ജനങ്ങൾ  ഇരുട്ടിൽ ജീവിക്കേണ്ടി വരുന്നു.  ഇരുളിനെ ജനങ്ങൾ ഭയപ്പെടുകയും ചെയ്യുന്നു.  ഇതിനു പരിഹാരമായി  ഓരോ വർഷവും ഡിസംബർ  ഇരുപത്തിയൊന്നാം തിയതി അവർ കൂനയായി കൂട്ടിയിട്ടിരിക്കുന്ന   തടികഷണങ്ങളിൽ  തീ കത്തിച്ച്   ഉത്സവങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ആഘോഷങ്ങൾ പന്ത്രണ്ടു ദിവസങ്ങൾവരെ നീണ്ടു നിന്നിരുന്നു.   നോഴ്സ് വർഗക്കാർ  കത്തുന്ന തങ്ങളുടെ തടികളുടെ പ്രകാശത്തിലും  ഓരോ തീക്കനലിലെ പ്രസരത്തിലും   ആടുമാടുകളും   കന്നുകാലികളും   പന്നികളും പെറ്റുപെരുകുമെന്നു വിശ്വസിച്ചിരുന്നു.   തണുപ്പുള്ള കാലങ്ങളിൽ കന്നുകാലികളെ പരിപാലിക്കുക പ്രയാസമുള്ള കാര്യമാണ്.  ശൈത്യം അതി കഠിനമാകുമ്പോൾ  ആടുമാടുകളെ തീറ്റാനും   സംരക്ഷിക്കാനും ബുദ്ധിമുട്ടായതുകൊണ്ട്   കൂട്ടത്തോടെ  മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്നതും ഡിസംബർ മാസത്തിലായിരുന്നു. അങ്ങനെയവർക്കു   തണുപ്പുകാലത്ത്   മൃഗങ്ങളെ  തീറ്റേണ്ട  ബുദ്ധിമുട്ടുകൾ വരില്ല.   കൂടാതെ വീഞ്ഞ് വീര്യം കൂടി പാകപ്പെടുന്നതും ഡിസംബർ  മാസമാണ്.  ക്രിസ്തുവിനു മുമ്പുള്ള കാലം മുതൽതന്നെ ഇങ്ങനെ എല്ലാം കൊണ്ടും സമുചിതമായ  ഡിസംബർ  മാസം ആഘോഷങ്ങൾക്കു   യോജിച്ചതായി  കരുതിയിരുന്നു. കൂടാതെ  പച്ച മാംസം പാകപ്പെടുത്തിക്കൊണ്ടുള്ള   ഭക്ഷണവിഭവങ്ങളും പുത്തൻ ലഹരി വീഞ്ഞും ആഘോഷങ്ങൾക്ക് മോഡിയും പകിട്ടും  കൂട്ടിയിരുന്നു.


ജർമ്മനിയിൽ  'ഒടൻ' എന്ന ദൈവത്തിന്റെ ആഘോഷവും ഡിസംബർ മാസത്തിലാണ്. ഈ ദൈവം സകലവിധ ഐശ്വര്യവും സമാധാനവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യ ദ്രോഹവും ക്രൂരതയും   നിരീക്ഷിക്കാൻ  ദൈവമായ 'ഓടൻ' ആകാശത്തിനു  ചുറ്റും കറങ്ങുന്നുവെന്ന വിശ്വാസവും ഉണ്ട്. റോമ്മാക്കാരുടെ  'സാറ്റേണ്‍'  ദൈവത്തെ കൃഷിയുടെ ദേവനായി കരുതുന്നു. ശൈത്യ കാലത്തിൽ അടിമകളെ മോചിപ്പിച്ചു കൊണ്ട് ഇവർ ആഘോഷങ്ങൾ  നടത്തിയിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ  അടിമകളെ  ഏതാനും ദിവസങ്ങൾ   മാത്രം    യജമാനരായി ഉയർത്തുന്ന  പാരമ്പര്യവും ഇവരുടെയിടയിലുണ്ടായിരുന്നു. ആ ദിനങ്ങളിൽ അടിമകൾ ആജ്ഞാപിക്കുന്നത്  യജമാനർ കീഴ്വഴങ്ങിക്കൊണ്ട് അനുസരിക്കുകയും വേണമായിരുന്നു.  പുരാതന   റോമിൽ  യുവജനങ്ങളുടെ ദിനവും കൊണ്ടാടിയിരുന്നത് ഡിസംബർ  മാസത്തിലായിരുന്നു.  ഡിസംബർ   ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ 'മിത്രാ' യുടെ ദിനമായും ആഘോഷിച്ചു വരുന്നു. ഈ ദൈവം പാറയിൽ നിന്ന് മുളച്ചു വന്നതെന്നും വിശ്വസിക്കുന്നു.    മിത്രാ ദേവന്റെ  ദിനം  നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും ദിനമായി റോമായിലിന്നും കരുതുന്നു.


ആദികാല ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസ്  ഒരിക്കലും ആഘോഷിച്ചിരുന്നില്ല. ഈസ്റ്റർ ദിനങ്ങൾ മാത്രമേ ആചരിച്ചിരുന്നുള്ളൂ. ബൈബിളിൽ  ക്രിസ്തുവിന്റെ ജന്മ ദിനത്തെ  പരാമർശിക്കാത്തതുകൊണ്ടു പ്യൂരിറ്റൻ മതവിഭാഗക്കാർ ക്രിസ്തുവിന്റെ ജന്മദിനം കൊണ്ടാടുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ  ജൂലിയസ് ഒന്നാമൻ മാർപ്പാപ്പയാണ് ഡിസംബർ  ഇരുപത്തിയഞ്ചാം തിയതി  യേശു ജനിച്ച ദിനമായി ആചരിക്കാൻ   തീരുമാനിച്ചത്.   റോമ്മായിലെ 'സാറ്റെണ്‍'  പേഗനീസ ദൈവത്തിന്റെ   ദിനവും   ഡിസംബർ ഇരുപത്തിയഞ്ചുതന്നെയാണ്.  ഈ ദിവസം തെരഞ്ഞടുത്തത് പേഗൻ മതക്കാരെയും ക്രിസ്തുമതത്തിലേക്ക് ആകർക്കുന്നതിനായിരിക്കണം. റോമിന്റെ ഈ ദേശീയാഘോഷം എ.ഡി 432-.ൽ ഈജിപ്റ്റിലേക്കും  ആറാം നൂറ്റാണ്ടിൽ  ഇംഗ്ലണ്ടിലേക്കും എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഡിസംബർ ഇരുപത്തിയഞ്ചിനു ശേഷം പതിമൂന്നു  ദിവസങ്ങളോളം ഗ്രീക്ക് ഓർത്തഡോക്സ് സഭകൾ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു. മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഈ ദിവസങ്ങളിൽ കിഴക്കുനിന്നു മൂന്നു പണ്ഡിതർ പുൽക്കൂട്ടിൽ കിടക്കുന്ന ശിശുവിനെ  കാണാൻ വന്നെത്തിയെന്നും  വിശുദ്ധ ഗ്രന്ഥങ്ങളിലുണ്ട്.


മദ്ധ്യകാലങ്ങളിൽ പേഗൻ മതങ്ങളുടെ തുടർച്ചയായി  ക്രിസ്തുമതം പ്രചരിച്ചുവെന്ന്   പണ്ഡിതർ ചിന്തിക്കുന്നു.  പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ സാമൂഹിക പരിഷ്ക്കാരങ്ങൾ മതപരമായ മാറ്റങ്ങൾക്കും ആചാരങ്ങൾക്കും  കാരണമായി. ഏ.ഡി.  1645-ൽ ഒലിവർ ക്രോം വെല്ലും അയാളുടെ പ്യൂരിറ്റൻ ശക്തികളും  ഇംഗ്ലണ്ടിന്റെ അധികാരം കൈവശപ്പെടുത്തി. അവരുടെ എകാധിപത്യവലയത്തിൽ ക്രിസ്തുമസാഘോഷിക്കാൻ അനുവദിക്കില്ലായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം  ഇംഗ്ലണ്ടിൽ ചാർല്സ് രണ്ടാമൻ അധികാരത്തിൽ വന്ന ശേഷമാണ്' വീണ്ടും ക്രിസ്തുമസാഘോഷിക്കാൻ അനുവാദം കൊടുത്തത്. പിന്നീട് ക്രിസ്തുമസ് ദിനം അവിടെ വിശേഷദിനമായി  (holiday) മാറി.


അമേരിക്കയിൽ തീർത്ഥാടകരായ ഇംഗ്ലീഷ്കാർ വന്നു തുടങ്ങിയത് A.D. 1620 മുതലാണ്.  ക്രോം വെല്ലിന്റെ പ്യൂരിറ്റൻ വിഭാഗക്കാരെക്കാളും അവർ യാഥാസ്ഥിതിക ചിന്താഗതിക്കാരായിരുന്നു.  അതുകൊണ്ട് ആദികാല അമേരിക്കക്കാർ ക്രിസ്തുമസിന് യാതൊരു പ്രാധാന്യവും കൊടുത്തിരുന്നില്ല. A.D. 1659--1681 കാലയളവിൽ ബോസ്റ്റണിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരുന്നു. നിയമ വിരുദ്ധമായ ഈ ആഘോഷങ്ങളിൽ പങ്കു ചേരുന്നവർക്ക് അഞ്ചു ഷില്ലിംഗ് പിഴയും കൊടുക്കണമായിരുന്നു. അക്കാലത്ത് അഞ്ചു ഷില്ലിങ്ങെന്നു പറഞ്ഞാൽ വലിയൊരു തുകയുമായിരുന്നു.


അമേരിക്കൻ  വിപ്ളവത്തിനുശേഷം  ഇംഗ്ലീഷ്കാരുടെ നിലവിലുണ്ടായിരുന്ന ആചാരങ്ങളേറെയും  ഐക്യനാടുകളിൽ കാലഹരണപ്പെട്ടുകൊണ്ടിരുന്നു.എ.ഡി. 1870 ജൂണ് ഇരുപത്തിയാറാം തിയതി   ക്രിസ്തുമസ്  ദിനം അമേരിക്കയിൽ ഫെഡറൽ വിശേഷ ദിനമായി  നടപ്പിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ  അമേരിക്കക്കാർ ക്രിസ്തുമസാഘോഷങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ   ക്രിസ്തുമസിന്  പുനർജന്മം നല്കിയത്' വിവിധ സംസ്ക്കാരങ്ങൾ നിറഞ്ഞ അമേരിക്കൻ സമൂഹമാണ്. കുടുംബങ്ങളുടെ ഐക്യത്തിനും സ്നേഹത്തിനുമായുള്ള  ക്രിസ്തുമസ് സന്ദേശങ്ങൾ  അക്കാലത്തെ ജനങ്ങൾക്ക് ഉണർവും ആത്മീയവെളിച്ചവും പ്രദാനം ചെയ്തിരുന്നു.  പത്തൊമ്പതാം നൂറ്റാണ്ടിൽ വർഗസമരം ഏറ്റവുമധികം മൂർച്ഛിച്ചിരുന്ന കാലവുമായിരുന്നു. തൊഴിൽരഹിതരായവരുടെ എണ്ണം  രൂക്ഷമായിക്കൊണ്ടിരുന്നു. കൊള്ളയും കൊള്ളി വെപ്പും കൂട്ട വിപ്ലവങ്ങളും നിത്യ സംഭവങ്ങളായി മാറി. ജനങ്ങളുടെ ജീവൻപോലും സുരക്ഷിതമായിരുന്നില്ല. എ.ഡി. 1828-ൽ  ക്രിസ്തുമസ് കാലത്തെ അരാജകത്വം മൂലം ന്യൂയോർക്ക് സിറ്റിയധികാരികൾ   ജനങ്ങളുടെ സുരക്ഷക്കായി കൂടുതൽ പോലീസ് സൈന്യത്തെ  വികസിപ്പിച്ചു. കുത്തഴിഞ്ഞ ജനജീവിതംമൂലം ക്രിസ്തുമസാഘോഷങ്ങൾ  സ്വന്തം വീടിനുള്ളിൽമാത്രം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത്   ആഘോഷിക്കാൻ തുടങ്ങി.  ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വ്യത്യാസമില്ലാതെ പരസ്പര സ്നേഹത്തോടെ   ക്രിസ്തുമസിന്റെ പവിത്രതയ്ക്കും  ആഘോഷങ്ങൾക്കും   അർത്ഥ പുഷ്ടികൾ നല്കുകയും ചെയ്തു. പാരമ്പര്യാചാരങ്ങളിൽ നല്ലതിനെ സ്വീകരിച്ച്  സമത്വം സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചിരുന്നതും  അക്കാലത്തെ  ജനങ്ങളിലെ പ്രത്യേകതയായിരുന്നു.


ഫ്രഞ്ച് വിപ്ലവ കാലം  മാറ്റങ്ങളുടെതായ സാംസ്ക്കാരിക മൂല്യങ്ങളുടെ  പരിവർത്തനഘട്ടമായിരുന്നു. ക്ലാസ്സിക്കൽ ചിന്താഗതിക്കാരനായ ചാർല്സ് ഡിക്കൻസ്  പ്രഞ്ച് വിപ്ളവത്തിന്റെ  ചൈതന്യത്തിൽ    ക്രിസ്തുമസിന്റെയും ക്രിസ്തുമസ്  കരോളിന്റെയും  നൈർമല്യത്തെപ്പറ്റി ഉത്കൃഷ്ടമായ കഥകളെഴുതിയിട്ടുണ്ട്.  ക്രിസ്തുമസ് കരോളിന്റെ  പാശ്ചാത്തലത്തിലെഴുതിയ ഹൃദ്യമായ കഥയിൽ കരുണയും  ദയയും പരസ്പര സ്നേഹവും ചിത്രീകരിച്ചിട്ടുണ്ട്. ഡിക്കൻസിന്റെ കഥയിൽ  ക്രിസ്തുമസ് കരോളിന്റെ ഉദ്ദേശശുദ്ധിയും സന്ദേശവും കുട്ടികളുടെയും മുതിർന്നവരുടെയും ആത്മീയതയെ  ഉത്തേജിപ്പിച്ചിരുന്നു.  ക്രിസ്തുമസ് കാലത്തുള്ള കരോൾ സംഘടനകൾക്ക്  തുടക്കമാരംഭിച്ചത് എ.ഡി 1800-ലായിരുന്നു. കരോളുകളുടെ   സന്ദേശം   വളരുന്ന കുഞ്ഞുങ്ങളിൽ  വൈകാരികമായും ആവേശമുണ്ടാക്കിയിരുന്നു. സമ്മാനങ്ങൾ ലഭിക്കുന്നത്' കുഞ്ഞുങ്ങൾക്ക്   ആഹ്ലാദവും ആവേശവും  ഉന്മേഷവും  ഉത്തേജനവും ലഭിച്ചിരുന്നു.


ക്രിസ്ത്യാനികൾക്ക് 'ക്രിസ്തുമസ്' മതപരമായ ഒരു ചടങ്ങാണെങ്കിലും അമേരിക്കയെ സംബന്ധിച്ച് അതൊരു സാംസ്ക്കാരിക വിശേഷ ദിനമാണ്. ക്രിസ്തുമസ് ഒരു പ്രത്യേക മതത്തിന്റെ കുത്തകയല്ല.   ക്രിസ്തുമസെന്നു പറയുന്നത് വൈവിദ്ധ്യമാർന്ന വിവിധ സംസ്ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്. ക്രിസ്തുമസ് ദിനത്തെ ഫെഡറൽ  വിശേഷ ദിനമായി കരുതുന്നതിൽ ചോദ്യങ്ങളുണ്ടായപ്പോഴെല്ലാം   അമേരിക്കൻ കോടതികൾ ക്രിസ്തുമസിന്റെ  സാംസ്ക്കാരിക സാധുതയെ എന്നും   ന്യായികരിക്കുകയായിരുന്നു.  പതിനാറാം നൂറ്റാണ്ടിൽ അലംകൃതമായ ക്രിസ്തുമസ് മരങ്ങളുടെ തുടക്കമിട്ടത് ജർമ്മനിയായിരുന്നു. നവീകരണ പിതാവായ' മാർട്ടിൻ ലൂതർ' കുഞ്ഞുങ്ങളുമൊത്ത് ക്രിസ്തുമസ് മരങ്ങളലങ്കരിച്ച്,  ദീപം കത്തിച്ച് ക്രിസ്തുമസാഘോഷിച്ചിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അമേരിക്കയിലും ബ്രിട്ടണിലും നക്ഷത്രക്കൂട്ടങ്ങളടങ്ങിയ  അലങ്കരിച്ച ക്രിസ്തുമസ് മരങ്ങൾ വ്യാപിക്കാൻ തുടങ്ങിയത്. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുമായി വ്യാപകമായ ക്രിസ്തുമസാഘോഷങ്ങൾ തുടങ്ങിയതും  പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. 'സാന്റാ ക്ലൗസെ'ന്നുള്ളത്   ജർമ്മൻ വിശുദ്ധനായ സെന്റ്‌  നിക്കളാവോസിൽനിന്നും  ഉത്ഭവിച്ച പദത്തിന്റെ  വികസന  സ്വരമാണ്. 1828-ൽ രചിച്ചതായ  'സെന്റ്‌   നിക്കളവൂസിന്റെ വരവ്'  എന്ന പദ്യം   സാന്റാ ക്ലൌസുകളുടെ ആവീർഭാവങ്ങൾക്ക് ആവേശവും നല്കിയിരുന്നു. വ്യവസായിക ക്രിസ്തുമസ് കാർഡുകൾ വിപണിയിൽ പ്രചരിക്കാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു.


ക്രിസ്തുമസാഘോഷങ്ങൾ   കുടുംബങ്ങളുടെ നിയന്ത്രണത്തിലായതോടെ  പഴയ പാരമ്പര്യങ്ങൾ പലതും ഇല്ലാതായി.  കത്തോലിക്കരുടെയും എപ്പിസ്കോപ്പൽ കാരുടെയും  അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെ യാഥാസ്ഥികരുടെ നിലവിലുണ്ടായിരുന്ന  നിബന്ധനകളും  പാരമ്പര്യങ്ങളും ക്രമേണ അപ്രത്യക്ഷ്യമാവുകയും ചെയ്തു.  പുതിയതായി വന്നവരുടെ ആചാരങ്ങളെ ആദി കുടിയേറ്റക്കാർ പകർത്താൻ തുടങ്ങി.  കൊളോണിയൽ കാലത്തിനു ശേഷം പടിപടിയായി അമേരിക്കക്കാർ   നൂതനമായ പരിഷ്ക്കാരങ്ങൾ തനതായ ആചാരങ്ങളിൽ കണ്ടെത്തിക്കൊണ്ടിരുന്നു.  ക്രിസ്തുമസ് മരങ്ങളെ അലങ്കരിക്കുക, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആദ്ധ്യാത്മികതയുടെ സന്ദേശങ്ങൾ നല്കുക ,   ക്രിസ്തുമസ് കാർഡുകൾ അയക്കുക,  സമ്മാനങ്ങൾ കൈമാറുക എന്നിങ്ങനെ ക്രിസ്തുമസിനെ പരിവർത്തന വിധേയമാക്കിക്കൊണ്ടിരുന്നു.  കാലത്തിനനുസരിച്ചുള്ള  ഓരോ പരിവർത്തനങ്ങൾക്കും  നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.  അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ   സമ്മിശ്ര സംസ്ക്കാരത്തിൽ  ക്രിസ്തുമസാഘോഷങ്ങൾക്ക്  പുനരാവിഷ്ക്കരണം നല്കിയത് അമേരിക്കൻ ഐക്യനാടുകളാണ്.


അമേരിക്കയിൽ ഓരോ വർഷവും നാൽപ്പതു മില്ല്യൻ മരങ്ങളാണ് ക്രിസ്തുമസ് സമയങ്ങളിൽ   വില്പ്പന നടത്തുന്നത്. ക്രിസ്തുമസ് മരങ്ങൾ വളർത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായ  ഇരുപത്തിയയ്യായിരം ജനങ്ങൾ അമേരിക്കയിലുണ്ട്. പതിനഞ്ചു വർഷം വളർച്ച  പ്രാപിച്ച മരങ്ങൾവരെ ക്രിസ്തുമസ് കാലത്തു വില്ക്കുന്നു. 1890 മുതൽ 'സാന്റാ ക്ലവുസിനെ  ' സാൽവേഷൻ ആർമിയിൽ ആവിഷ്ക്കരിച്ചു. അവരുടെ ചാരിറ്റി പ്രവർത്തനങ്ങൾ   പട്ടണങ്ങൾ തോറും വ്യാപിപ്പിക്കാനും തുടങ്ങി. ന്യൂയോർക്കിലെ റോക്ക്ഫെല്ലർ കെട്ടിട നിർമ്മാണത്തിൽ ഏർപ്പിട്ടിരുന്നവർ എ.ഡി.1931 മുതൽ അവിടുത്തെ  ടവ്വറിനു  മുമ്പിൽ ക്രിസ്തുമസ് മരം നടുന്ന പാരമ്പര്യത്തിനും തുടക്കമിട്ടു.  റോക്ക് ഫെല്ലറിലെ കൂറ്റൻ ക്രിസ്തുമസ്  മരവും മിന്നിത്തിളങ്ങുന്ന ലൈറ്റുകളും  അലങ്കാരങ്ങളും അനേകായിരം ടൂറിസ്റ്റുകളെ ക്രിസ്തുമസ് കാലങ്ങളിൽ ആകർഷിക്കാറുണ്ട്.  പതിനെണ്ണായിരത്തിൽപ്പരം ലൈറ്റുകളോടെ എഴുപത്തിയഞ്ചടി മുതൽ നൂറടി വരെ പൊക്കമുള്ള ഈ ക്രിസ്തുമസ് മരം  റോക്ക് ഫെല്ലർ കെട്ടിടങ്ങളിലെ വിനോദയാത്രക്കാർക്ക് ഒരു ഹരവുംകൂടിയാണ്.





Cover design: Malayalama Daily News

EMalayalee:

4 comments:

  1. അലക്സ് കണിയാമ്പറമ്പില്‍ഫെയിസ് ബുക്കില്‍ എഴുതി: പാക്കിസ്ഥാനില്‍ 120 കുട്ടികളെ സ്കൂള്‍മുറികളില്‍ കയറി ഓടിച്ചിട്ട്‌ വെടിവെച്ചുകൊന്നു..
    ഏതു ദൈവത്തെ പ്രീതിപ്പിക്കാനായായിരുന്നു ഈ കൊലപാതകം? ഈ കാപാലികര്‍ വിചാരിച്ചാല്‍ ആ കുട്ടികളില്‍ ഒരാള്‍ക്കെങ്കിലും വീണ്ടും ജീവന്‍ കൊടുക്കാന്‍ സാധിക്കുമോ? കരുണാമയനാണ് എന്ന് പറയപ്പെടുന്ന അള്ളാ ഈ കുരുതിയില്‍ സന്തോഷിക്കുന്നു എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?
    എത്ര നാശം വിതച്ചാലും മതങ്ങളെ ആരും തള്ളിപ്പറയുന്നില്ല.. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല... ചരിത്രം പരിശോധിച്ചാല്‍ ഇതിലും അപലപനീയമായ എന്തെല്ലാം കാര്യങ്ങള്‍ മതത്തിന്റെ പേരില്‍ നടന്നിട്ടുണ്ട്!
    യഹൂദരെ ചുട്ടുകൊന്നത്, ഇന്‍ക്വിസിഷന്‍, മഹായുദ്ധങ്ങള്‍.. എല്ലാത്തിന്റെയും പിന്നില്‍ കരുണാമയനും, സ്നേഹസമ്പന്നനുമായ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍.
    എന്നിട്ടും മതത്തെ എതിര്‍ക്കുന്നവരാണ് ബഹുഭൂരിപക്ഷത്തിനും സാത്താന്മാര്‍. മതത്തിനെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും ഇത്തരം കാടത്തരം ചെയ്തതായി ആര്‍ക്കെങ്കിലും അറിയാമോ?
    കാപാലികര്‍ വിശുദ്ധര്‍; അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ അരാജകവാദികളും വിവരദോഷികളും... എന്തൊരു തമാശ..
    മതങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഈ ഭൂലോകത്ത് ആരും സമാധാനം പ്രതീക്ഷിക്കാതിരിക്കുക...

    ReplyDelete
  2. ALEX PAIKADA WROTE:
    Another x’mas comes our way and a new year heaves
    Clad in silken silver mist and floating tufts of falling leaves
    More mellowed and annealed, we plod into the unknown
    The ministrations of time us to see the subtle unseen
    Many more new years may dawn on our chequered paths
    But this one matters more than ever before or ever after
    Because I sit back and think of you- your smiles warmth and laughter
    And I realize with a sad smirk that you matter-
    To me, to many and even to this universe in toto
    The Cool shades of love, the sweet pain of sacrifice
    And the moments of unconditional forgiveness will suffice
    For the levitation, to be present at the highest office
    With all the humility of my poor elfish self I wish:
    May these and more your days be filled to kiss
    X mas marks a tremendous day of unbecoming
    When the cherished hopes and hallowed fears of generations meet
    It sweeps down the centuries with the will of a covenant
    A will that all may be one behind the tapestried multiplicity
    Gently gently we will wade past this slough very slow
    Cured of invisible empires, frowning umpires and messianic fury
    Downed by failures chased by furies and shunned by glory.
    But we will stand with an unruffled will on the hill
    And the world will stand awestruck, cowed and still.

    ReplyDelete
  3. ചരിത്രപരമായ എന്റെ ഈ ലേഖനം തികഞ്ഞ മത വിശ്വാസികളെ ചൂടുപിടിപ്പിച്ചതായി ചില ഫേസ്ബുക്കുകളിലെയും സൈബർ പത്രങ്ങളിലെയും അസംബന്ധ സന്ദേശങ്ങളിൽനിന്നു മനസിലാക്കുന്നു. ചരിത്രം അവലോകനം ചെയ്താൽ സത്യങ്ങൾ ഉൾക്കൊള്ളുമ്പോൾ മത വികാര ജീവികളെ ചൊടിപ്പിക്കുന്നതും സാധാരണമാണ്. അങ്ങനെ സംഭവിക്കുന്നത് മതമെന്ന കടുത്ത വിശ്വാസം അവരുടെ ഞരമ്പുകളെ ചൂടു പിടിപ്പിക്കുന്നതുകൊണ്ടാണ്. അത്തരക്കാർക്ക് ചരിത്രബോധമുണ്ടെന്നിരിക്കില്ല. മാർത്തോമ്മാ ശ്ലീഹാ സുറിയാനിക്രിസ്ത്യാനികളെ നമ്പൂതിരിമാരിൽ നിന്ന് മാർഗം കൂട്ടിയെന്നു ചരിത്രപുസ്തകങ്ങളിലും പഠിക്കാം. നമ്പൂതിരിമാർ കേരളത്തിൽ വന്നത് നാലാം നൂറ്റാണ്ടിലെന്ന ചരിത്രം വെളിപ്പെടുത്തിയാൽ ചീറ്റലും വെട്ടലുമായി യാഥാസ്ഥിതിക ലോകം ഇളകുന്ന കാഴ്ചയാണ് നാം കാണുന്നത്. ബൈബിളിൽ യേശുവിനെ കാണാൻ ജ്ഞാനികളായവർ വന്നെത്തിയെന്നുണ്ട്. ചിലർക്കത് ചരിത്ര ബോധമില്ലാതെ ജ്ഞാനികളെ മൂന്നു രാജാക്കന്മാരുമാക്കണം.

    മനുഷ്യനായ ക്രിസ്തുവിന്റെ ചരിത്രം മാത്രമേ ഈ ലേഖനംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ക്രിസ്തുവിനെക്കൊണ്ട് മഹാസ്പോടനങ്ങൾ നടത്തിക്കാനും പരിണാമക്രിയകളുടെ രക്ഷകനാക്കാനും സർവ്വ ശക്തനാക്കാനുമുള്ള കഴിവ് മത ഭക്തർക്ക് വിട്ടു തന്നിരിക്കുകയാണ്. സത്യത്തെ തേടിയുള്ള യാത്രയിൽ അവരോളം ഞാൻ വളർന്നിട്ടില്ലായെന്നതും വാസ്തവമാണ്. സൂര്യ ദേവന്റെ ദിനമായ ഞായറാഴ്ച പേഗൻ ദിനമെന്നു പറഞ്ഞാൽ ചരിത്രത്തെ അവർ അവഗണിക്കും. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും പേഗൻ പാരമ്പര്യങ്ങളും ചരിത്രവിദ്യാർത്ഥികൾ പഠിച്ചേ മതിയാവൂ. അവിടെ മത ഭക്തരുടെ ചരിത്രത്തിനെതിരെയുള്ള പത്തി വിടർത്തൽ നടപ്പാവില്ല.

    ക്രിസ്തുമസ് ഞാനും ആഘോഷിക്കാറുണ്ട്. ബൈബിൾ തിരുവചനമെന്നു പറഞ്ഞുകൊണ്ട് കഷത്തിൽ വെച്ച് ക്രിസ്തുമസാഘോഷിക്കുന്നവർ ചരിത്രംകൂടി പഠിക്കാൻ മെനക്കെട്ടാൽ കൊള്ളാം. പുതിയതും പഴയതുമായ വേദപുസ്തകങ്ങൾ ഘോഷിച്ചു നടക്കുന്നവർ ക്രിസ്തുമസാഘോഷിക്കാൻ പറഞ്ഞ തിരുവചനമേതെന്നു കാണിച്ചു തരാമോ? ചെണ്ടയുംകൊട്ടി നിങ്ങൾ ആഘോഷിച്ചോ, എനിയ്ക്കത് സന്തോഷമാണ്. ദൈവവചനക്കാരും ലുത്തിനീയ ചൊല്ലലുകാരും ആഘോഷം കഴിഞ്ഞ് വീണ്ടും വിശുദ്ധ വചനങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ഇരട്ട നയമാണ് മനസിലാകാത്തത്.

    ക്രിസ്തുമസിൽ അത്മീയതയെക്കാളും കൂടുതൽ വ്യവസായമാണുള്ളത്. യേശുവിന്റെ മുപ്പതു വർഷങ്ങൾക്കുശേഷമുള്ള ജീവിതം മാത്രമേ കാര്യമായി നമുക്കെന്തെങ്കിലും വിശുദ്ധ ഗ്രന്ഥത്തിൽ പഠിക്കാനാവുന്നുള്ളൂ. കുരിശു മരണ ശേഷം അടുത്ത മുപ്പതു വർഷത്തെ ചരിത്രം സുവിശേഷകരും എഴുതിയിട്ടുണ്ട്. അവിടുത്തെ മരണവും ഉയർപ്പും വചനത്തിലുണ്ടെങ്കിലും പേഗനീസ ക്രിസ്തുമസാഘോഷത്തെ പ്പറ്റി വചനത്തിലൊരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ ചുരുങ്ങിയ വിവരങ്ങളുണ്ട്. മാലാഖയായ ഗെബ്രിയേൽ, മേരിയ്ക്കും പിന്നീട് ജോസഫിനും പ്രത്യക്ഷപ്പെടുന്നതും ബെത് ലഹേമും സ്വർഗീയഗീതങ്ങളും ആട്ടിടയന്മാരും ഉണ്ട്. യേശു ഒരിക്കലും ക്രിസ്തുമസാഘോഷിക്കാൻ പറഞ്ഞതായി പുതിയ നിയമത്തിലില്ല. ഇംഗ്ലണ്ട്, അമേരിക്കാ എന്നിവടങ്ങളിൽ പതിനേഴാം നൂറ്റാണ്ടുവരെ ക്രിസ്തുമസ് നിരോധിച്ചിരുന്നുവെന്ന ചരിത്ര സത്യം ഞാൻ പറഞ്ഞതും ചിലർക്കു രസിച്ചിട്ടില്ല.

    യഹൂദാദേശത്ത് ഡിസംബർ മാസത്തിലെ തണുപ്പുകാലത്ത് ആട്ടിടയന്മാർ ആടുകളെ മേയിച്ചിരുന്നതെങ്ങനെയെന്ന ചോദ്യങ്ങൾ ചിലർക്കു പ്രയാസം വന്നെങ്കിൽ വിജ്ഞാന കോശമൊന്നു മറിച്ചു നോക്കൂ. ചിന്തിക്കാൻ കഴിവില്ലെങ്കിൽ മന ശാസ്ത്രജ്ഞർ അവർക്കുത്തരം തേടി കൊടുത്തുകൊള്ളും. ക്രിസ്തു ജനിച്ച ഡിസംബർ ഇരുപത്തിയഞ്ചെന്ന ദിനം ക്രിസ്തുമതം വരുന്നവരെ റോമിന്റെ ഔദ്യോഗിക മതമായിരുന്ന മിത്രാ മതക്കാരുടെ ദൈവമായ സൂര്യന്റെ ജന്മ ദിനമായിരുന്നുവെന്നും പിന്നീട് കോണ്സ്റ്റാൻറ്റയിൻ ചക്രവർത്തിയുടെ കാലം മുതൽ ആ ദിവസം ക്രിസ്തുമസ്സായി ആഘോഷിക്കാൻ തുടങ്ങിയെന്നുള്ളതും ചരിത്രം മാത്രമാണ്. ഞാനല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കരുതെന്ന തത്ത്വം പറഞ്ഞ് ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ആ ദിവസത്തെ വിലക്കുകയും ചെയ്യുന്നു.

    ReplyDelete
  4. ബുദ്ധമതത്തിലെ ആദിയും അന്തവും (ഈ മലയാളിയിൽ എന്റെ മറുപടി )

    വിശദമായ ഒരു ചർച്ചയിൽക്കൂടി എന്റെ ലേഖനത്തിന് അർത്ഥവും ഊർജവും നല്കിയ എല്ലാ വായനക്കാർക്കും നന്ദി. ഈ വിവാദങ്ങളിൽ പങ്കെടുത്തവരെല്ലാം വിഷയത്തെപ്പറ്റി ഗഹനമായി പഠിച്ചവരെന്നും വ്യക്തമാണ്. അത്ഭുതങ്ങൾ മാറ്റിവെച്ചാൽ മനുഷ്യനായ യേശുദേവൻ ലോകത്തിലുള്ള എല്ലാ മതങ്ങളുടെ പൊതുസ്വത്താണെന്നതിലും സംശയമില്ല.


    സ്വാമി വിവേകാനന്ദനോട് ദൈവമുണ്ടെന്നുള്ള തെളിവെന്തെന്ന് ആരോ ചോദിച്ചു. "ആ കാണുന്ന ഭിത്തിയിൽ ദൈവത്തെ ഞാൻ കാണുന്നുവെന്ന്" സ്വാമിജി ഉത്തരം പറഞ്ഞു. ദൈവത്തെ കാണേണ്ടവർ ദൈവത്തെ കാണും. പക്ഷെ സപ്ത നാഡികളിൽക്കൂടി നാം കാണുന്നതല്ല ദൈവം. ദൈവമെന്ന സങ്കൽപ്പം വികാരങ്ങൾക്കുമപ്പുറം അതീന്ദ്രിയ ജ്ഞാനമായ ഉപബോധ മനസിലെ മായയിൽ നിന്നു വരുന്നതാണ്. ദൈവമുണ്ടെന്നു നമുക്ക് വിശ്വാസം വരണമെങ്കിൽ അത് വിശ്വസിക്കാനുള്ള മനസുമുണ്ടാകണം. മതങ്ങൾ ദൈവത്തെ പ്പറ്റി പലതും പറയുന്നു. അതിൽ കാര്യകാരണങ്ങളോ കാഴ്ചപ്പാടോ ഒന്നുമില്ല. പാറപോലെ വിശ്വസിച്ചു കൊള്ളണം. സത്യം നാം തെളിവുകളില്ലാതെയും വിശ്വസിക്കണം. .

    ബുദ്ധമതം സെമറ്റിക്ക് മതങ്ങളെപ്പോലെ ഏകദൈവത്തിൽ വിശ്വസിക്കുന്നില്ല. ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ലെന്നു വിശ്വസിക്കുന്നവരും അറിയില്ലെന്നു പറയുന്നവരും ബുദ്ധമതത്തിലുണ്ട്. ബുദ്ധനൊരിക്കലും ദൈവത്തെപ്പറ്റി സംസാരിച്ചിട്ടില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നുവോയെന്നും ഉത്തരം കണ്ടു പിടിക്കാൻ പ്രയാസമാണ്. രാജകുമാരനായിരുന്ന ബുദ്ധൻ സർവ്വതുമുപേക്ഷിച്ച്, ലോക ദുഃഖങ്ങ ളുടെയും കഷ്ടപ്പാടുകളുടെയും കാരണം കണ്ടെത്തി, അന്വേഷകനായി ഒടുവിൽ സന്തുഷ്ടമായ, പ്രകാശിതമായ് 'നിർവാണ' യിൽ ലയിക്കുകയായിരുന്നു. "നിനക്കുള്ളതെല്ലാം സർവതും വിറ്റ് എന്റെ പിന്നാലെ വരൂ' വെന്ന യേശുവിന്റെ താത്ത്വിക ദർശനം ബുദ്ധനിലുമുണ്ടായിരുന്നു.

    'ഞാൻ ആദിയും അന്തവുമാകുന്നുവെന്ന് ക്രിസ്തീയ തത്ത്വം പറയുന്നു. എന്നാൽ ബുദ്ധമതം ആദിയിൽ വിശ്വസിക്കുന്നില്ല. കാര്യ കാരണ തത്ത്വങ്ങളിൽ കാരണമെന്തെന്ന് അന്വേഷിക്കുകയുമില്ല. ബുദ്ധ മതത്തിന്റെ ഭാവനയിൽ ഒരത്ഭുത ലോകം, ജീവിക്കുന്ന ലോകം, അവിടെ സർവ്വതും ജീവിക്കുന്നു, പർവ്വതങ്ങളും താഴ്വരകളും വൃക്ഷ ലതാതികളും തടാകങ്ങളും ആകാശവും ഭൂമിയും ജീവിക്കുന്നു. ഇതെല്ലാം നൂറായിരം ദൈവങ്ങളുടെ ഉച്ഛ്വാസ വായുവായിരുന്നുവെന്നാണ് ബുദ്ധ മതം വിശ്വസിക്കുന്നത്. അങ്ങനെ ബുദ്ധനു ചുറ്റും അനേക ദൈവങ്ങളുണ്ടായിരിക്കണം.

    ബുദ്ധനൊരിക്കലും ദൈവത്തെ എങ്ങനെ കാണണമെന്നോ ആരാധിക്കണമെന്നോ പറഞ്ഞിട്ടില്ല. ബുദ്ധൻ ദൈവങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും അദ്ദേഹമൊരിക്കലും ദൈവത്തെ അവതരിപ്പിച്ചിട്ടില്ല. ദൈവത്തെ ആരാധിക്കാനും ബുദ്ധ മതം നിഷ്ക്കർഷിക്കുന്നില്ല . ജനന മരണ വാർദ്ധക്യ രോഗ കാര്യ കാരണങ്ങൾ തേടിയുള്ള അന്വേ ഷണത്തിൽ പരമാനന്ദത്തിലെ 'നിർവാണ' കണ്ടെത്താനുള്ള വഴിയിൽ ബുദ്ധൻ സഞ്ചരിച്ചു. ഒടുവിൽ പ്രകാശിതനായി 'നിർ'വാണായിൽ ലയിക്കുകയും ചെയ്തു. 'നിർവാണാ'യെന്നാൽ ധർമ്മ നിഷ്ഠ, സദാചാര തത്ത്വങ്ങളിൽ ലയിച്ച് ദുഃഖ ങ്ങളെയില്ലാതാക്കിക്കൊണ്ട് മനസിനെ ക്രമപ്പെടുത്തി സ്വയം പരമാനന്ദം കണ്ടെത്തുന്നുവെന്ന അർത്ഥം കൽപ്പിച്ചിരിക്കുന്നു. അതായിരുന്നു ബുദ്ധൻ.

    പ്രപഞ്ചമുണ്ടായതെങ്ങനെയെന്ന് ബുദ്ധനോട് ആരോ ചോദിച്ചപ്പോൾ അദ്ദേഹം നിശബ്ദനായിരുന്നു. ബുദ്ധമതത്തിൽ ആരംഭത്തിന്റെ കാരണം നിശബ്ദമാണ്. പകരം അവസാനിക്കാത്ത ജനന മരണങ്ങളുണ്ട്. ഈ ലോകത്തിലും ലോകങ്ങളായ ലോകങ്ങളിലും ജനന മരണങ്ങളിൽ ആരംഭവും അവസാനവുമുണ്ടെങ്കിലും എവിടെ തുടങ്ങിയെന്ന് ബുദ്ധ മതം പറയുന്നില്ല. ബുദ്ധന്മാർക്ക് ദൈവത്തെ വിശ്വസിക്കാം. എങ്കിൽ അവർ സൃഷ്ടാവായ ദൈവത്തിൽ നിന്ന് ആരംഭത്തെ വിശ്വസിക്കുന്നു. ബുദ്ധ മതത്തിന് ശാസ്ത്രവും സ്പോടന തത്ത്വവും എതിരല്ല.പരിത്യാഗിയായി 'നിർ'വാണാ' തേടുകയെന്നതാണ് ബുദ്ധമതം അനുശാസിക്കുന്നത്. 'ഞാൻ ആദിയും അന്തവുമെന്ന ക്രിസ്ത്യൻ തത്ത്വത്തിലെ ആദിയിൽ ബുദ്ധമതം വിശ്വസിക്കുന്നില്ല.
    http://emalayalee.com/varthaFull.php?newsId=91432

    ReplyDelete