Translate

Saturday, December 8, 2012

പുലി


ഇപ്പന്‍
(നവംബര്‍ ലക്കം 'സത്യജ്വാല'യില്‍നിന്ന്)

പാലാ കോളേജിലാണ് ഇപ്പന്‍ പഠിച്ചത്. ഹോസ്റ്റലില്‍ വിരുതന്മാരുടെ തലയിണയ്ക്കടിയില്‍ 'കൊച്ചു പുസ്തകങ്ങള്‍' എന്ന ഓമനപ്പേരുള്ള അശ്ലീലപുസ്തകങ്ങള്‍ ഉണ്ടാകും. ആരോടും പറയരുത്. കുറച്ചൊക്കെ ഇപ്പനും വായിച്ചിട്ടില്ലെന്നില്ല. അതൊരു കുറ്റമാണെങ്കില്‍ ഈ കുറ്റസമ്മതം നടത്തുന്നത് മനപ്പൂര്‍വ്വമാണ്. ഞാന്‍ വിമര്‍ശിക്കുന്ന പുരോഹിതന്മാരെക്കാളൊന്നും ഏറെ ലൈംഗികസദാചാരമഹിമ എനിക്കുമില്ല. കല്യാണം കഴിക്കാന്‍ അനുവാദം കിട്ടാത്ത സാഹചര്യത്തില്‍ നിശ്ചയമായും ഞാന്‍ വേലി ചാടിയേനെ. 



ഹോസ്റ്റലില്‍ വിജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികളുടെ തലയിണയ്ക്കടിയില്‍ മറ്റൊരു 'കൊച്ചുപുസ്തകം'കൂടി ഉണ്ടായിരുന്നു- ജോസഫ് പുലിക്കുന്നേലിന്റെ 'ഓശാന' മാസിക. വാര്‍ഡനച്ചന്‍ മഞ്ഞപ്പുസ്തകം കണ്ടെത്തിയാല്‍ വീട്ടില്‍ വിടും. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പുറത്തു താമസിക്കേണ്ടിവരും. 'ഓശാന' കണ്ടുപിടിച്ചാല്‍ പെട്ടിയും കിടക്കയുമായി വിടും. പിന്നെ തിരിച്ചുവരല്‍ ഉണ്ടായില്ലെന്നും വരാം. അച്ചന്മാര്‍ക്ക് അന്നൊക്കെ 'ഓശാന' കാണുന്നത് ചെകുത്താന്‍ കുരിശുകാണുന്നതുപോലെയായിരുന്നു. മഞ്ഞപ്പുസ്തകം വായിക്കുന്നതിന്റെ പാപം ഇപ്പന്‍ പോക്കിയിരുന്നത് 'ഓശാന' വായിച്ചാണ്.


ആയിടയ്ക്കാണ് മത്സ്യത്തൊഴിലാളി നേതാക്കളായ അച്ചന്മാര്‍ പാലാ മില്‍ക്ക് ബാറില്‍ ഒരു സെമിനാറിന് വരുന്നെന്നു കേട്ടത്. പുലിക്കുന്നനും വരുന്നുണ്ടത്രേ! ഈ അത്ഭുതപുരുഷനെ ഒന്നു കാണണമെന്നു കരുതി ഞാനും ചെന്നു. എനിക്കന്നു 16 വയസേ പ്രായമുളളു. ചില വ്യക്തിത്വങ്ങള്‍ ഇരുമ്പും കാന്തവുംപോലെ ആകര്‍ഷിക്കപ്പെടുന്നു. സത്യം പറയട്ടെ, ആ മനുഷ്യന്റെ മുഷ്‌കും തന്റേടവും ആവേശവും എനിക്കു നന്നേ പിടിച്ചു. കോച്ചേരിയച്ചന്റെ പ്രസംഗം ഭക്തിഭ്രാന്തനായിരുന്ന എനിക്ക് ഒരു ഷോക്ക് ട്രീന്റ്‌മെന്റായി. യേശു ഒരു വിപ്ലവകാരിയായിരുന്നു എന്ന അച്ചന്റെ നിരീക്ഷണം, മധുരതമമായ ഒരു വെള്ളിടിയെ സങ്കല്പിക്കാമെങ്കില്‍, അതിന്റെ ആഘാതം എന്റെ ഹൃദയത്തില്‍ ഏല്പിച്ചു. ബൈബിളിന്റെ മാനുഷികതലത്തിലേക്കു പ്രവേശിക്കാനുള്ള താക്കോല്‍ വാചകങ്ങളായിരുന്നു അച്ചന്റെ പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. വിപ്ലവത്തിന്റെ അഗ്നി ഏറ്റുവാങ്ങിയാണ് ഞാനന്ന് ആ സെമിനാര്‍ ഹാള്‍ വിട്ടത്. ഒരു സെമിനാറുകൊണ്ട് ഒരാളുടെയെങ്കിലും ഹൃദയത്തില്‍ വിപ്ലവത്തിന്റെ അഗ്നി കൊളുത്താനായാല്‍ ആ സെമിനാര്‍ സഫലമായി. അവന്‍ ഹനുമാനാണെങ്കില്‍ ലങ്ക മുഴുവന്‍ ഭസ്മമാക്കിക്കൊള്ളും.


എന്റെ കൊച്ചമ്മാവന്റെ സുഹൃത്താണു പുലിക്കുന്നന്‍. ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കുശേഷം അദ്ദേഹത്തോടൊപ്പം പുലിക്കുന്നന്റെ കാറില്‍ യാത്ര ചെയ്യാനിടയായി. പലതിന്റെയും കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകം എന്റെ ഹൃയത്തിലുടക്കി. 'മൂത്രശങ്കയുണ്ടായാല്‍ ഞാന്‍ തെങ്ങിന്റെ ചുവട്ടിലേ മൂത്രമൊഴിക്കൂ. അത്രേം യൂറിയാ തെങ്ങിനു കിട്ടട്ടെ.' അതിനുശേഷം ഞാനും നിവൃത്തിയുണ്ടെങ്കില്‍ തെങ്ങിന്റെ ചുവട്ടിലേ മൂത്രമൊഴിക്കൂ. കോട്ടയം കളക്‌ട്രേറ്റിനു താഴെ ഇലയിട്ടു വിളമ്പുന്ന ഒരു ഹോട്ടലില്‍നിന്നാണു ഞങ്ങളന്ന് ഉണ്ടത്. ആ പുരുഷശാര്‍ദ്ദൂലം കൈനിറച്ചും വാരി, മീന്‍ വറുത്തതും കൂട്ടി കലാപരമായി ഉണ്ണുന്നത് ഇടയ്ക്കിടയ്ക്ക് ഞാന്‍ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ ഭംഗിയായി ചെയ്യുന്നവര്‍ക്ക് ഭംഗിയായി ഭക്ഷിക്കാനും അറിയാം. പിന്നീടൊരിക്കല്‍ ഒരു കല്യാണസദ്യയ്ക്ക് ഐസ്‌ക്രീം തിന്നുകൊണ്ടുനിന്ന അദ്ദേഹത്തിന്റെ അടുത്ത് ഐസ്‌ക്രീമുമായി ഞാനും ചെന്നുനിന്നു. ഗുരുവില്‍നിന്ന് എന്തെങ്കിലും കിട്ടുമല്ലോ. അത്യസാധാരണമായ വലുപ്പമുള്ള ഐസ്‌ക്രീം. പെട്ടെന്നു വന്നു അദ്ദേഹത്തിന്റെ അമര്‍ഷഭരിതമായ കമന്റ്. 'മണ്ട്! തിന്നിട്ടും തിന്നിട്ടും തീരുന്നില്ലല്ലോ'. ആ അമര്‍ഷം അരവയര്‍ നിറയാതെ കീറപ്പായില്‍ കിടന്നു പിച്ചും പേയും പറയുന്ന കുഞ്ഞുമക്കളോടുള്ള സഹതാപത്തില്‍നിന്നു ജ്വലിക്കുന്നതാണ്. പലരും സദ്യ നടത്തുന്നത് മനുഷ്യര്‍ക്കു ഭക്ഷണം കൊടുക്കാനല്ല, സ്വന്തം മുഴുപ്പുകാട്ടാനാണ്. ചെറിയ ഐസ്‌ക്രീം വെച്ചിട്ട് കൊതിയന്മാര്‍ക്ക് ഒന്നോ രണ്ടോകൂടി കൂടുതല്‍ കൊടുത്താല്‍ മതിയല്ലോ.

ഞാന്‍ മതവിമര്‍ശനഗ്രന്ഥമെഴുതിയതിന്റെ പരിണതഫലമായി ഇന്ദുലേഖയെ അരുവിത്തുറകോളേജില്‍ നിന്ന് ആട്ടിപ്പുറത്താക്കി. സ്വാഭാവികമായും എന്റെ മനസ്സിലാദ്യം തെളിഞ്ഞ രക്ഷകരൂപം പുലിക്കുന്നന്റേതായിരുന്നു. ഇവിടെയും വായനക്കാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഉള്ളതുകൊണ്ട് ലേശം കാടുകയറുകയാണ്. പലരും ചോദിക്കാറുണ്ട് പുലിക്കുന്നന്‍ എന്ന ഞാഞ്ഞൂലു കിടന്നു പിടച്ചാല്‍ കത്തോലിക്കാസഭയെന്ന കരിങ്കല്‍ക്കോട്ടയ്‌ക്കെന്തു പറ്റാനാണെന്ന്. എന്നോടും ഇതേ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ഭയാനകമാണ്. ഒരച്ചന്‍തന്നെ എന്നോടൊരിക്കല്‍ പറഞ്ഞു 'ഈ പുലിക്കുന്നനൊന്നും ഇല്ലായിരുന്നെങ്കില്‍ ഇവന്മാര്‍ എന്തു കളികളിച്ചേനേ എന്നു സാറു ചിന്തിച്ചിട്ടുണ്ടോ?' പണ്ട് ഒരു പുലിയെ മാത്രമേ കത്തോലിക്കാ മാഫിയയ്ക്കു പേടിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് പുലി പെറ്റ നിരവധി പുപ്പുലികള്‍ കേരളസഭാന്തരീക്ഷത്തില്‍ മുറുമ്മിയും മുരണ്ടും ഗര്‍ജ്ജിച്ചും വിലസുന്നു. 

ഞങ്ങളെയൊക്കെ കത്തോലിക്കാമാഫിയ ശത്രുക്കളായാണു പരിഗണിക്കുന്നത്. പക്ഷേ, ഞങ്ങളുടെ സാന്നിധ്യം പാവം കുഞ്ഞാടുകളോട് കുറേക്കൂടി സൗമ്യമായി ഇടപെടുവാന്‍ പുരോഹിതദുഷ്പ്രഭുക്കന്മാരെ പ്രേരിപ്പിക്കും. കുഞ്ഞാടുകളോടുള്ള വാത്സല്യം കൊണ്ടൊന്നുമല്ല. അവര്‍ ശത്രുക്കളായ ഞങ്ങളുടെകൂടെ കൂടിയാലോ? ഒരു ബദല്‍ പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ ഏതു നന്മ നിറഞ്ഞ പ്രസ്ഥാനവും ജീര്‍ണ്ണിക്കും. ഭരണപക്ഷത്തെക്കാള്‍ അത്യാവശ്യമാണ് പ്രതിപക്ഷം.
പുലിക്കുന്നേല്‍ സാര്‍ ഇന്ദുലേഖയ്ക്കു വേണ്ടി നാലു ലഘുലേഖകള്‍ പുറത്തിറക്കി. തന്റെ സ്ഥിരം പ്രചാരണസംവിധാനങ്ങളുപയോഗിച്ച് അതു നാട്ടിലെമ്പാടും എത്തിക്കുകയും ചെയ്തു. അവളും അമ്മയും അനുജത്തിയുംകൂടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ഞങ്ങള്‍ക്കുവേണ്ടി ഏഴായിരം രൂപയെങ്കിലും അദ്ദേഹം പൊടിച്ചുകാണും. ലേശം ദുരഭിമാനം എന്റെ കൂടെപ്പിറപ്പാണ്. ഏഴായിരം രൂപായും പോക്കറ്റിലിട്ടുകൊണ്ട് ഞാനദ്ദേഹത്തെ പോയിക്കണ്ട് കടം വീട്ടാന്‍ ശ്രമിച്ചു. 'നിങ്ങളെന്നോട് ആവശ്യപ്പെട്ടിട്ടല്ലല്ലോ ഞാനൊന്നും ചെയ്തത്. ഞാനെന്റെ സാമൂഹ്യമായ ബാദ്ധ്യത നിര്‍വഹിക്കുകയായിരുന്നു. അതിനു പ്രതിഫലമൊന്നും ആവശ്യമില്ല', അദ്ദേഹം പറഞ്ഞു. വിദേശപ്പണം മോഹിച്ചാണ് പുലിക്കുന്നന്‍ ഈ കളിയൊക്കെ കളിക്കുന്നതെന്ന് ഞാന്‍ മുപ്പത്താറു വര്‍ഷമായി കേള്‍ക്കുന്നു. എന്നെക്കുറിച്ചും ആളുകള്‍ ഇങ്ങനെതന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഏതു സര്‍ക്കാര്‍ ഏജന്‍സിയുടെയും സാമൂഹ്യസംഘടനയുടെയും അന്വേഷണത്തെ ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. എന്റെ അനുഭവസാക്ഷ്യം ഞാനിവിടെ രേഖപ്പെടുത്തിയെന്നേയുള്ളൂ. 


ഇന്ദുലേഖ പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ കുടുംബസഹിതമാണ് പുലിക്കുന്നനെക്കാണാന്‍ പോയത്. എവിടേക്കാണെന്നു ഭാര്യ ചോദിച്ചു. ഭരണങ്ങാനംവരെ ഒരു തീര്‍ത്ഥയാത്രയ്ക്കാണെന്നു ഞാന്‍ പറഞ്ഞു. 'അല്‍ഫോന്‍സാമ്മയുടെ അടുത്തേക്കോ?' അവള്‍ ചോദിച്ചു. 'അല്ല, ഒരു പുലിയുടെ മടയിലേക്ക്' ഞാന്‍ പറഞ്ഞു. കാറ് ഓശാനാ മൗണ്ട് കയറുമ്പോള്‍ ഞാന്‍ അമ്മയോടും മക്കളോടും പറഞ്ഞു, 'നമ്മള്‍ കാണാന്‍ പോകുന്ന മനുഷ്യനെക്കുറിച്ച് നിങ്ങള്‍ നിഷ്പക്ഷമായ ഒരഭിപ്രായം തിരിച്ചു വരുമ്പോള്‍ പറയണം'. മടങ്ങിവരവേ ഞാന്‍ മൂന്നു ചോദ്യങ്ങള്‍ അവരോടു ചോദിച്ചു. (1) ഈ മനുഷ്യന്‍ കൃഷി നടത്തിയിരുന്നെങ്കില്‍, കാവാലം മുരിക്കനെക്കാള്‍ വലിയ കൃഷിക്കാരനാകുമായിരുന്നില്ലേ? (2) ഇയാള്‍ അബ്കാരി ബിസിനസു തുടങ്ങിയിരുന്നെങ്കില്‍, മണര്‍കാട്ടു പാപ്പന്‍ ചേട്ടനെക്കാള്‍ വലിയ കോണ്‍ട്രാക്ടര്‍ ആകുമായിരുന്നില്ലേ? (3) ഇങ്ങേര് മെത്രാന്മാരുടെ മോതിരം മുത്താന്‍ തലകുനിച്ചിരുന്നെങ്കില്‍, മാണിസാറിന് കുട്ടിയമ്മച്ചേച്ചിയുടെ കുറെക്കൂടി നല്ല ഭര്‍ത്താവായി, ജോസുമോന്റെ കുറേക്കൂടി നല്ല അപ്പനായി, കേസുള്ള പാലാ കോടതിയിലെ ഫീസുള്ള വക്കീലായി, കാലം കഴിച്ചുകൂട്ടേണ്ടി വരില്ലായിരുന്നോ? 
മൂന്നുചോദ്യങ്ങള്‍ക്കും അമ്മയും മക്കളും, 'അതേ, തീര്‍ച്ചയായും' എന്നാണ് ഉത്തരം തന്നത്.

കത്തോലിക്കാസഭയുടെ ഔദ്യോഗികവക്താവായ തേലക്കാട്ടച്ചന്‍ എന്നെ കത്തോലിക്കാസഭയുടെ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ചപ്പോള്‍ എനിക്കൊരു നോബെല്‍ സമ്മാനം കിട്ടിയാലെന്നതിനെക്കാള്‍ നിഗളം തോന്നിയെങ്കിലും, ആ അര്‍ഹിക്കാത്ത ബഹുമതി ഉത്തരക്ഷണത്തില്‍ എന്നെ ലജ്ജിതനാക്കി. രണ്ടാം സ്ഥാനം ജോമോന്‍ പുത്തന്‍പുരയ്ക്കലിനാണദ്ദേഹം കൊടുത്തിരിക്കുന്നത്. ശത്രുകുലോത്തമനായ പുലിക്കുന്നനെ അച്ചന്‍ വിട്ടുകളഞ്ഞിരിക്കുന്നു! ജോസഫ് പുലിക്കുന്നേല്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ജോസഫ് വര്‍ഗീസ് (ഇപ്പന്‍) ഇങ്ങനെ ആയിരിക്കേണ്ടിയിരുന്നു ക്രമം. അങ്ങനെയൊരു മൂന്നാം സ്ഥാനം എനിക്കു തന്നാല്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്കറിയാം, പുലിക്കുന്നനും ജോമോനും ഞങ്ങളുടെ തട്ടകത്തില്‍നിന്നു കല്ലും മുള്ളും പെറുക്കിക്കളഞ്ഞതുകൊണ്ടാണ് എനിക്കും എന്നെപ്പോലുള്ളവര്‍ക്കും കാലുംപറിച്ചു ചാടാനാകുന്നതെന്ന്. ഇന്ന് പാലാപ്പട്ടണത്തിലൂടെ അര്‍ദ്ധരാത്രിക്ക് ഒറ്റയ്ക്കു നടന്ന് മെത്രാന്മാരുടെ ആര്‍ത്തിക്കും ധൂര്‍ത്തിനുമെതിരെ പോസ്റ്ററൊട്ടിക്കാന്‍ എനിക്കു ലവലേശം ഭയമില്ല. 36 കൊല്ലം മുമ്പായിരുന്നെങ്കില്‍ എന്റെ ശവം മീനച്ചിലാറ്റിലൂടെ തലയില്ലാതെ ഒഴുകിയേനെ. പുലിക്കുന്നനും ജോമോനും ഞാനും ഇന്നത്തെ സഭയുടെ ഏറ്റവും വലിയ ശത്രുക്കളാണ്; അന്നത്തെ യേശുവിന്റെ ഏറ്റവും വലിയ മിത്രങ്ങളും.

ലോകനവോത്ഥാനകഥാകാരന്മാരില്‍ ഗോഗോളിന്റെ 'ഓവര്‍ക്കോട്ട്' എന്ന ചെറുകഥ ചെലുത്തിയ അത്യസാധാരണമായ സ്വാധീനംകണ്ട് ആനന്ദതുന്ദിലനായി ഒരു നിരൂപകന്‍ എഴുതി, ''നവോത്ഥാന കഥാകാരന്മാരെല്ലാം ഗോഗോളിന്റെ 'ഓവര്‍ക്കോട്ടില്‍'നിന്നു വന്നവരാണ്.'' ഞാനും സാക്ഷ്യപ്പെടുത്തുന്നു. 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം കത്തോലിക്കാ മതപരിഷ്‌കരണപ്രസ്ഥാനങ്ങളുടെ കൂട്ടുകെട്ടാണ്. അതിന്റെ അംഗങ്ങളെയെല്ലാം പുലിക്കുന്നന്റെ ഓശാന പ്രസവിച്ചതാണ്. നാല്പത്തിരണ്ടു വര്‍ഷം നീണ്ട ആ ഒറ്റയാള്‍ പോരാട്ടത്തെ ചരിത്രം നെഞ്ചേറ്റി ലാളിക്കുകതന്നെചെയ്യും. ജോമോനും ഒറ്റയാള്‍ പോരാളിയാണ്. 1994 -ലെ ശിശുദിനത്തില്‍ ഇന്ദുലേഖ പാര്‍ലിമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ചപ്പോള്‍ ഒരാളെനിക്കെഴുതി, 'ഇന്ത്യ കണ്ട ഏറ്റവും വലിയ ഒറ്റയാള്‍ പോരാളിയാണു നിങ്ങള്‍'. ഒറ്റയാള്‍ പോരാളികളാരും- പ്രത്യേകിച്ചു ഞാന്‍ - ഒറ്റയ്ക്കു പോരാടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണു സത്യം. കൂടെക്കൂടാന്‍ ആരുമില്ലെങ്കില്‍പ്പിന്നെ എന്തുചെയ്യും? ഒറ്റയാള്‍ പോരാട്ടങ്ങളും സഫലമാണെന്നുള്ളതിനുദാഹരണങ്ങളാണ് പുലിക്കുന്നന്റെയും ജോമോന്റെയും മറ്റും ജീവിതങ്ങള്‍. ചിലപ്പോള്‍ തോന്നും പലരുകൂടിയാല്‍ പാമ്പുചാകില്ലെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന്. നമ്മള്‍ മുന്നോട്ടുവയ്ക്കുന്ന പല സാഹസികമായ ആശയങ്ങളും സംഘടന നിര്‍ദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞെന്നിരിക്കും.


പലരും എന്നോടു ചോദിച്ചിട്ടുണ്ട് പുലിക്കുന്നന്‍ എന്തു നേടിയെന്ന്? ഇതിനെനിക്ക് വ്യക്തമായ ഉത്തരമുണ്ട്. അതുകൊണ്ടാണല്ലോ ഞാന്‍ പുലിപ്പാത തിരഞ്ഞെടുത്തത്. ഈ ചോദ്യത്തിന് അദ്ദേഹം എന്തുത്തരം പറയുമെന്നറിയാന്‍ എനിക്കു കൗതുകം തോന്നിയതുകൊണ്ട് ഞാനൊരിക്കലിതു ചോദിക്കുകതന്നെ ചെയ്തു. പെട്ടെന്നു വന്നു മറുപടി. 'കുട്ടനാട്ടില്‍ നെല്ലുവിതച്ചാല്‍ മൂന്നാം മാസം കൊയ്യാം. മീനച്ചില്‍ താലൂക്കില്‍ റബ്ബര്‍ വെച്ചാല്‍ ഏഴാം കൊല്ലം വെട്ടാം, തേക്കുവെച്ചാല്‍ അമ്പതാം കൊല്ലം, ചന്ദനം നട്ടാല്‍ നൂറാം കൊല്ലം. ഞാന്‍ ആശയങ്ങളുടെ വിത്തു വിതയ്ക്കുന്നവനാണ്. അതു മുളയ്ക്കാന്‍ അതിന്റേതായ സമയം എടുത്തേക്കാം'. മുപ്പത്താറു വര്‍ഷം മുമ്പ് ഈ മഹാത്മാവ് ഇപ്പന്റെ ഹൃദയത്തിലൊരു റോസാച്ചെടി നട്ടു. അതില്‍ വിടര്‍ന്ന വിപ്ലവത്തിന്റെ വിശുദ്ധ പുഷ്പമാണ് ഇന്ദുലേഖ. ചരിത്രം അദ്ദേഹത്തെ ഏല്‍പിച്ച മതപരിഷ്‌കരണത്തിന്റെ ദീപശിഖ ഞങ്ങളിലൂടെ, ഇന്ദുലേഖമാരിലൂടെ, അനന്തരതലമുറകള്‍ ഏറ്റുവാങ്ങുകതന്നെ ചെയ്യും.


ഒരു പുലിസ്തവം തയ്യാറാക്കല്‍ എന്റെ ജോലിയല്ല. ഇന്ദുലേഖയ്ക്കുവേണ്ടി തയ്യാറാക്കിയ ലഘുലേഖകളില്‍ ഒന്നുരണ്ടു സത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാനദ്ദേഹത്തോട് ഒരിക്കല്‍ അപേക്ഷിച്ചു. ഇന്ദുലേഖ കോളേജില്‍ സത്യഗ്രഹമിരുന്നത,് വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവളെ മാനേജ്‌മെന്റ് അവഗണിച്ചതുമൂലമായിരുന്നു എന്നാണ് പൊതുവെ എല്ലാവരും ധരിച്ചിരിക്കുന്നത്. അതായിരുന്നില്ല, കാരണം. അധികൃതര്‍ രണ്ടു വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ചു. 1. കോളേജ് ഡേ, ഇന്ദുലേഖയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ചെയ്തു. 2. ഇന്ദുലേഖ ഒരു വിദ്യാര്‍ത്ഥിക്കെതിരെ സ്ത്രീപീഡനക്കേസ് കൊടുത്തു. 20000 രൂപയുടെ അടിപൊളി ഗാനമേള കൊതിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അവളെ ഒരു എയ്ഡ്‌സ്‌രോഗിയെപ്പോലെ വെറുത്തു. ഉണ്ണാന്‍ കൂടെച്ചെന്നിരിക്കുമ്പോള്‍, ഉറ്റകൂട്ടുകാരികള്‍വരെ എഴുന്നേറ്റുമാറാന്‍ തുടങ്ങി. 'പീഡനക്കേസി'ലെ 'പ്രതി'യെ മാനേജ്‌മെന്റ് കൈയിലെടുത്തു. അയാള്‍ അവളെ പരസ്യമായി ഭീഷിണിപ്പെടുത്തി. നിസ്സഹായതയില്‍ ഹൃദയം തകര്‍ന്ന്, ആത്മഹത്യചെയ്യാന്‍വരെ തോന്നിപ്പോയ ആ സാഹചര്യത്തിലാണ് അവള്‍ സത്യഗ്രഹത്തിനു മുതിര്‍ന്നത്. ഇക്കാര്യംകൂടി സൂചിപ്പിച്ചെഴുതണമെന്നായിരുന്നു എന്റെ അപേക്ഷ. പക്ഷെ, അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എനിക്കു തോന്നുന്നതേ ഞാന്‍ എഴുതൂ. നിങ്ങള്‍ക്കുവേണ്ട കാര്യങ്ങള്‍ നിങ്ങള്‍ എഴുതിക്കൊള്ളണം.' അതിന്റെ വ്യംഗ്യാര്‍ത്ഥം ഞാന്‍ ശരിയായി തിരിച്ചറിഞ്ഞു. 'ഇപ്പാ, എടാ ശപ്പാ, ഞാന്‍ നിന്റെ കൂലിയെഴുത്തുകാരനല്ല'. ഇതു ഞാനെഴുതിയത്, വ്യക്തിപരമായി ഉണ്ടായിട്ടുള്ള ഇഷ്ടത്തിന്റെയോ ഇഷ്ടക്കേടിന്റെയോ ഒന്നും അടിസ്ഥാനത്തിലല്ല, അദ്ദേഹത്തെ ഞാന്‍ വിലയിരുത്തുന്നത് എന്നു ചൂണ്ടിക്കാണിക്കാനാണ്. 


പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നു. ഒന്നോര്‍ക്കുക. ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതെ ചുമ്മാ കാല്‍ക്കൂട്ടില്‍ കയ്യും തിരുകി മൂടിപ്പുതച്ചു കിടക്കുന്നവനെ ആരും വിമര്‍ശിക്കില്ല. ആളുകള്‍ നിങ്ങളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ത്തു നിങ്ങള്‍ക്കു സന്തോഷിക്കാം. നിങ്ങളെന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. 


ഇവിടെ ഞാനൊരു മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. പുലിക്കുന്നന്റെ ശത്രുക്കളുടെ വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം നൂറുശതമാനവും ശരിയാണെന്ന് നാളെ തെളിഞ്ഞുവെന്നിരിക്കട്ടെ. അപ്പോഴും ഈ എഴുതിയതില്‍നിന്ന് ഒരക്ഷരംപോലും വെട്ടിക്കളയാന്‍ ഞാന്‍ തയ്യാറല്ല. ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നത് അദ്ദേഹം സമൂഹത്തിനു സമര്‍പ്പിച്ച ആശയങ്ങളുടെ പേരിലും അവ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആ ദീര്‍ഘായുസ് സമര്‍പ്പിച്ചതിന്റെ പേരിലുമാണ്. ഐന്‍സ്റ്റീനും ന്യൂട്ടനും കള്ളന്മാരും കൊലപാതകികളുമായിരുന്നെങ്കില്‍പ്പോലും, അവരുടെ ശാസ്ത്രീയസിദ്ധാന്തങ്ങളും ആശയങ്ങളും തെറ്റാണെന്നു വരുന്നില്ല. അവര്‍ സല്‍സ്വഭാവികളായിരുന്നെങ്കില്‍ സ്വര്‍ണ്ണത്തിനു സുഗന്ധമെന്നപോലെ അതവര്‍ക്കു ഭൂഷണമായിരുന്നേനെ എന്നുമാത്രം.


പുലിക്കുന്നന്‍ എന്റെ ഗുരുവും വഴികാട്ടിയുമാണ്. സ്വതന്ത്രമായ ചിന്ത, തുറന്ന സംസാരം, ധീരമായ പ്രവര്‍ത്തനം -ഗുരുവില്‍നിന്നു ഞാനുള്‍ക്കൊണ്ട മൂന്നു ജീവിതപാഠങ്ങളാണിവ. ശക്തമായ അഭിപ്രായങ്ങളും ഉറച്ച നിലപാടുകളും അദ്ദേഹത്തിനുണ്ട്. ഞങ്ങള്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഞാനെന്റെ നിലപാടിലുറച്ചുനിന്നു. ഞാന്‍ പുലിക്കുന്നന്റെ ശിഷ്യനാണല്ലോ. എന്റെ ഉദ്ദേശശുദ്ധി ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. അനുസരണയല്ല, ബുദ്ധിപരമായ അനുസരണക്കേടാണ് ഉത്തമശിഷ്യന്റെ ഏറ്റവും വലിയ യോഗ്യത. പുരോഗമിക്കാനും അറിവിന്റെ അതിരുകള്‍ വികസിക്കാനും അനുസരണയെക്കാള്‍ പ്രയോജനപ്പെടുന്നത് നിഷേധമാണ്. ഇതാണു ഞാന്‍ പുലിക്കുന്നനില്‍ നിന്നു പഠിച്ച ഒന്നാംപാഠം.

2 comments:

  1. പുരോഹിതര്‍ ദൈവത്തെ മറന്നപ്പോള്‍ അവരെ ശാസിച്ച പ്രവാചകന്‍ ആയി പുലിയെ
    ലോകം ആദരിക്കും

    ReplyDelete