Translate

Wednesday, October 29, 2014

പരിണാമ സിദ്ധാന്തവും ബിഗ്‌ ബാങ്ങ് തിയറിയും ശരിയെന്നു മാര്‍പ്പാപ്പ .

ഉല്‍പ്പത്തി പുസ്തകം തള്ളി പോപ്‌ ബെനഡിക്റ്റ് 16 നടത്തിയ പ്രസ്താവന ശരിയാണെന്നും, പ്രപഞ്ച സൃഷ്ട്ടിയുമായി ബന്ധപ്പെട്ട മഹാവിസ്ഫോടന സിദ്ധാന്തം ശരിയാണെന്നും കണ്ണടച്ച് തുറക്കും മുന്പ് പ്രപഞ്ചം സൃഷ്ട്ടിക്കാന്‍  മാന്ത്രിക വടി കയ്യിലേന്തിയ മാന്ത്രികന്‍ അല്ല ദൈവം എന്നും  പോപ്പ് ഫ്രാൻസിസ്.

പോപ്പിനെ കല്ലെറിയാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ വരിയായി നിന്നോളൂ ..... വിശ്വാസികളെക്കാള്‍ ഇതു സഭയിലെ മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമാണ്  തലവേദന സൃഷിക്കുന്നത്. ഇപ്പോള്‍ അവര്‍ വളരെ കഠിനമായി ദുഖിക്കുന്നുണ്ടാവണം. ഇപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്, ഒരിക്കലും ബുദ്ധിയും ബോധവും അതിലുപരി മനുഷ്യത്വവും ഉള്ളവരെ ഈ പണിക്ക് എടുക്കരുത് എന്ന് .

പോപ്പ് അത്ര വലിയ വിപ്ലവമൊന്നും പറഞ്ഞതായി ബോധമുള്ളവര്‍ക്ക് തോന്നിയില്ല. വിശ്വാസിയായിരിക്കുമ്പോഴും ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ബോദ്ധ്യമുള്ള ആർക്കും തോന്നുന്ന കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ആ പദവിയിലിരുന്നുകൊണ്ട് ഇത്രയെങ്കിലും പറഞ്ഞുവല്ലോ എന്ന് നമുക്കാശ്വസിക്കാം. പക്ഷേ താനിങ്ങനെ പറയാൻ തുടങ്ങിയാൽ എവിടെ ചെന്നെത്തുമെന്നും പോപ്പിന് നല്ല നിശ്ചയമുണ്ടെന്നു വേണം പറയാൻ. അതുകൊണ്ടല്ലേ, ദക്ഷിണകൊറിയയിൽ നിന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ, തനിക്ക് അധികകാലം ഈ ഭൂമിയിൽ വാഴ്ചയില്ലെന്ന് ഒരു ഉൾവിളിയുണ്ടാ‍യത്? കാരണം, സഭയേക്കാൾ വലിയ പോപ്പിനെ സഭ ഇതുവരെ അധികം വച്ചുവാഴിച്ചിട്ടില്ല.

വര്‍ഷങളായി നിരന്തരം ദൃഡതയും അനിഷേധ്യതയും തെളിയിച്ചു കൊണ്ടിരിക്കുന്ന പരിണാമ ശാസ്ത്രത്തെ  മാര്‍പ്പാപ്പ അംഗീകരിച്ചു. എന്നാല്‍  കേളത്തിലെ സഭയുല്പ്പെടെയുള്ള അനേകം സഭകള്‍ ഇതിനു എതിരായി നില്‍ക്കുമോ? നമുക്ക് കാത്തിരിക്കാം. ഇതിന്റെ പരിണിതഫലം ജന്മപാപത്തെക്കുറിച്ചും  മിശിഹായുടെ ജനനത്തെക്കുറിച്ചുമുളള സഭയുടെ പ്രബോധനങ്ങള്‍ക്ക്‌ എതിരായി മാറും എന്നുള്ളതാണ്.



14 comments:

  1. യേശുവിന്റെ ജനനത്തെക്കുറിച്ച് മാത്രമല്ല, യേശുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള ധാരണകളും മാറേണ്ടിയിരിക്കുന്നു. അവയും കാലാന്തരേ മാറും. സഭയുടെ വിശ്വാസപ്രമാണങ്ങൾ എല്ലാംതന്നെ പൊളിച്ചെഴുതേണ്ട കാലം പണ്ടേ കഴിഞ്ഞു. ഈച്ച അമേദ്ധ്യത്തിലെന്നപോലെ വട്ടയിയുടെയും മറ്റും പുറകേ ഇരച്ചു കൂടുന്ന കുറെ അന്ധവിശ്വാസികളൊഴിച്ച് ഇപ്പോൾത്തന്നെ അധികമൊന്നും ആൾക്കാർ യേശുവിന്റെ ദൈവികത്വത്തിലോ ഉയർപ്പിലോ വിശ്വസിക്കുന്നില്ല. അതോടൊപ്പം ആദിപാപവും ശിക്ഷയും ബലിയുമെല്ലാം അർഥശൂന്യമാവും. അപ്പോൾ സഭയുടെ നിലനില്പ്പ് തന്നെ ഇത്തരം അന്ധമിഥ്യകളിൽ നിന്ന് മാനുഷികമായ ന്യായീകരണമുള്ള സാമൂഹിക കാഴ്ച്ചപ്പാടുകളിലേയ്ക്ക് സ്വാഭാവികമായി മാറ്റേണ്ടി വരും. അധികാരപ്രമത്തമായ പൌരോഹിത്യത്തിന്റെ തിരസ്കരണം അതോടൊപ്പം വന്നുചേരും. അങ്ങനെ ഏതാണ്ട് രണ്ടര സഹസ്രാബ്ദങ്ങളോളം പൊള്ളയായ മിഥ്യകളിൽ കെട്ടിപ്പടുത്ത ക്രിസ്തുമതം കല്ലിന്മേൽ കല്ലില്ലാതെ തകർന്നുവീഴും. മനുഷ്യർ വീണ്ടും സ്വാതന്ത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങും. ആത്മീയമായ (psycho-spiritual) വളരെയധികം രോഗങ്ങൾ ഭൂമുഖത്തുനിന്ന് അപ്രീത്യക്ഷമാകും. ജീവിതസങ്കല്പം തന്നെ പരലോകമോക്ഷത്തിൽ നിന്ന് ഈ ലോകത്തിൽ സന്തുഷ്ടരായി ജീവിക്കുന്നതിനെപ്പറ്റി അവബോധമുള്ള മനുഷ്യരുടെ സൌഹൃദത്തിൽ ഊന്നലുള്ളതായിത്തീരും. ഈവിധ നന്മകള്ക്കെല്ലാം തടസ്സമായി ഇന്ന് നിലകൊള്ളുന്ന ഇത്തരം മറ്റു മതങ്ങളും സത്യം തിരിച്ചറിയും. സൌഭാഗ്യകരമായ ഇത്തരം മാറ്റങ്ങള്ക്ക് ഒരു ചെറിയ നിമിത്തമായിത്തീരാൻ നമുക്കും ഭാഗ്യമുണ്ടായതിൽ സന്തോഷിക്കാം.

    ReplyDelete
  2. "ആദിയില്‍ സൃഷ്ടിതന്‍ ആദി കുറിച്ചനാള്‍ ആഴത്തിലാഴുന്നിരുളകറ്റാന്‍,
    ആദ്യ പ്രകാശം പരത്തി നിന്‍ ഭാഷണം; ആജ്ഞാനുവര്‍ത്തി ദിനേശനുണ്ടായ്"!എന്ന എന്റെ ഗാനം അര്‍ത്ഥസൂന്യമായി ! കണ്ണുമടച്ചു കത്തനാരെ നമ്പിയത്തില്‍ പറ്റിയ ചതിയെ!! ഉല്‍പ്പത്തി പുസ്തകവും, ക്രിയേഷന്‍ സ്ടോറിയും, ഏദന്‍ തോട്ടവും , വാരിയെല്ലൂരലും പതിരിപ്പാമ്പും ഹോ! വചനം ജഡമാകലും ഒക്കെ ഒക്കെ മുത്തശ്ശി കഥകള്‍ ആക്കി ഒറ്റകാച്ചിനീ പോപ്പ്! ബൈബിള്‍ നാല് മാളോര്‍ വായിക്കാതെ വിലക്കുകല്പ്പിച്ച് കത്തനാരുടെ ളോഹകീശയില്‍ ബൈബിള്‍ ഒതുക്കിവച്ച കത്തോലിക്ക സഭ സിന്ദാബാദ് ! വായിച്ചതിന്റെ ഗതികേടിലായി ജനമാകമാനം ! "പൂച്ചയ്ക്കാരു മണികെട്ടും" എന്ന് കാലം കാതോര്‍ത്തിരുന്നു ; ദാ..പോപ്പുതന്നെ ആ മണികെട്ടി ! ഭേഷ് ...

    ReplyDelete
  3. "ഈച്ച അമേദ്ധ്യത്തിലെന്നപോലെ വട്ടയിയുടെയും മറ്റും പുറകേ ഇരച്ചു കൂടുന്ന കുറെ അന്ധവിശ്വാസികളൊഴിച്ച് ഇപ്പോൾത്തന്നെ അധികമൊന്നും ആൾക്കാർ യേശുവിന്റെ ദൈവികത്വത്തിലോ ഉയർപ്പിലോ വിശ്വസിക്കുന്നില്ല"
    Zach very poor language and shame for a group of civilized people who read and write in this blog. Dont get licked by ഈച്ച soon.

    ReplyDelete
    Replies
    1. ഉള്ളിൽ നിറഞ്ഞിരിക്കുന്ന അഴുക്കെല്ലാം പുറത്തേയ്ക്ക് വലിച്ചെറിയുന്ന ചില വൈദികരുടെയും 'കാരിസ്മാ'ക്കാരുടെയും ബൈബിൾ നിർവചനങ്ങളും അലർച്ചയും വെറും രണ്ടു നിമിഷം ശ്രദ്ധിച്ചാൽ ഉള്ളിൽ തോന്നുന്ന വികാരമാണ് ഞാൻ ആ പദങ്ങളിലൂടെ പ്രകടിപ്പിച്ചത്. ഇവരുടെ കൂക്കുവിളികൾ ഒരിക്കൽ കേട്ടിരുന്നെങ്കിൽ യേശു ഇതിലും ശക്തമായി പ്രതികരിക്കുമായിരുന്നു എന്നുവേണം കരുതാൻ. തങ്ങൾ ചെന്നിരുന്ന് ഉള്ളിലാക്കുന്ന സാധനം അഴുകിയതും വൃത്തികെട്ടതുമാണെന്ന് ഈച്ചകൾക്ക്‌ അറിയില്ലല്ലോ എന്ന പരമ ദയനീയാവസ്ഥയെയാണ് ഞാൻ എടുത്തു പറയാൻ ആഗ്രഹിച്ചത്‌. ചിന്താശക്തിയില്ലാത്ത ജനത്തെ ഇങ്ങനെ വഴിതെറ്റിക്കുന്നവരെ ചൂണ്ടിക്കാണിക്കാൻ ഇതിലും നല്ല വാക്കുകൾ റോഷൻ പറഞ്ഞു തരുമെങ്കിൽ ഞാൻ ഉടനടി തിരുത്താം.

      "പോട്ട-വട്ടായിമാര്‍ രംഗത്ത്‌ വരുന്നതിനു മുമ്പേ തന്നെ നമുക്കൊരു ദിവ്യനുണ്ടായിരുന്നു... ദിനകരന്‍. ആരും കടന്നുചെല്ലാന്‍ മടിക്കുന്ന ലിബിയയില്‍ പോലും അദ്ദേഹമെത്തി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് ഞാന്‍ അവിടെയുള്ളപ്പോഴായായിരുന്നു.. പതിവുപോലെ, അത്ഭുതം എന്നു കേട്ടതോടെ ജനം തടിച്ചുകൂടി.. അങ്ങേരുടെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകാന്‍ മനസുവന്നില്ലെങ്കിലും പിന്നീട് അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചു. കുറെനാള്‍ കഴിഞ്ഞ് ഹൃദ്രോഗബാധിതനായതിനെതുടര്‍ന്ന് ബ്രിട്ടനില്‍ പരിശോധനയ്ക്ക് പോകാന്‍ തയ്യാറെടുക്കവേ രോഗം കലശലായി. ചെന്നയിലെ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. അവിടെയുള്ള ഡോക്ടര്‍മാര്‍ അദ്ദേഹം വിമാനയാത്രയ്ക്ക് ഫിറ്റല്ല എന്നു വിധിച്ചതിനെതുടര്‍ന്ന് അവിടെത്തന്നെ ശക്സ്ത്രക്രിയ ചെയ്തു. ഇത്രയുമേയുള്ളൂ ഇവരുടെയൊക്കെ അത്ഭുതങ്ങള്‍. സ്വന്തം കാര്യം വരുമ്പോള്‍ ഇവര്‍ക്ക് ശാസ്ത്രം വേണം... മറ്റുള്ളവരുടെ കാര്യത്തില്‍ അതൊക്കെ സാത്താന്റെ ശാസ്ത്രം.. Bloody Hypocrites!!" ഫെയ്സ് ബുക്കിൽ എന്റെയൊരു സുഹൃത്ത് ഇട്ടതാണ് ഈ കുറിപ്പ്.

      ജനത്തെ മൊത്തമായും ചില്ലറയായും വഞ്ചിക്കുന്നവരെക്കുരിച്ചു ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെ എന്തെങ്കിലും എഴുതാൻ പറ്റും, സുഹൃത്തേ?

      Delete
    2. ദിനകരൻ പ്രായമായി ഹൃദ്രോഗം വന്നു എന്നത് അയാളുടെ അത്ഭുതത്തെ അസാധുവക്കുന്നില്ല താത്വികമായി (ഇനി അയാളുടെ അത്ഭുത കഥകൾ തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല അതിനെ സാധൂകരിക്കുന്നും ഇല്ല)
      കാരണം ഹൃദ്രോഗ വിദഗ്ദ്ധനു ഹൃദ്രോഗം വരാം , കാൻസർ ഡോക്ടര്ക്ക് കാൻസറും വരാം അതുകൊണ്ട് അയാളുടെ ചികിത്സകിട്ടിയവരുടെ രോഗശാന്തി നുണയാണ് എന്ന് വരുന്നില്ല. ലോകത്തിൽ ജനിച്ച എല്ലാവരും മരിച്ചിട്ടുണ്ട് പലരും രോഗം മൂലം. അതുകൊണ്ട് ദിനകരന്റെ രോഗം യുക്തിയില്ലാത്ത ഒരു വാദം ആണ്. അയാളുടെ ഒരു മകൻ അയാൾക്ക്‌ മുൻപേ കാറപകടത്തിൽ മരിച്ചു പോയി. അപ്പോഴും ചോദിക്കാം അതെന്തേ അയാൾക്ക് തടയാൻ പറ്റിയില്ല എന്ന്. ദൈവത്തിന്റെ പുത്രനാണ് , നിത്യ ജീവനാണ് എന്ന് പറഞ്ഞ യേശു കുരിശിൽ തറക്കപ്പെട്ടു മരിച്ചു !/( സാക്ക് ഉയിർപ്പിൽ വിശ്വസിക്കാത്തതു കൊണ്ട് അതിവിടെ പ്രസക്തമല്ല)
      ഇതൊന്നും വഞ്ചനയല്ല അവരുടെ വിശ്വാസം ആണ് അല്ലെകിൽ അന്ധ വിശ്വാസം ആണ് എന്ന് പറയാം.


      https://www.youtube.com/watch?v=CpC2GtBbXD4
      or search in youtube
      Understanding Vedas (Malaya
      lam) By Dr Viswanathan C


      Click the above link to know what are vedas

      ദിനകരൻ പ്രായമായി ഹൃദ്രോഗം വന്നു എന്നത് അയാളുടെ അത്ഭുതത്തെ അസാധുവക്കുന്നില്ല താത്വികമായി (ഇനി അയാളുടെ അത്ഭുത കഥകൾ തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല അതിനെ സാധൂകരിക്കുന്നും ഇല്ല)
      കാരണം ഹൃദ്രോഗ വിദഗ്ദ്ധനു ഹൃദ്രോഗം വരാം , കാൻസർ ഡോക്ടര്ക്ക് കാൻസറും വരാം അതുകൊണ്ട് അയാളുടെ ചികിത്സകിട്ടിയവരുടെ രോഗശാന്തി നുണയാണ് എന്ന് വരുന്നില്ല. ലോകത്തിൽ ജനിച്ച എല്ലാവരും മരിച്ചിട്ടുണ്ട് പലരും രോഗം മൂലം. അതുകൊണ്ട് ദിനകരന്റെ രോഗം യുക്തിയില്ലാത്ത ഒരു വാദം ആണ്. അയാളുടെ ഒരു മകൻ അയാൾക്ക്‌ മുൻപേ കാറപകടത്തിൽ മരിച്ചു പോയി. അപ്പോഴും ചോദിക്കാം അതെന്തേ അയാൾക്ക് തടയാൻ പറ്റിയില്ല എന്ന്. ദൈവത്തിന്റെ പുത്രനാണ് , നിത്യ ജീവനാണ് എന്ന് പറഞ്ഞ യേശു കുരിശിൽ തറക്കപ്പെട്ടു മരിച്ചു !/( സാക്ക് ഉയിർപ്പിൽ വിശ്വസിക്കാത്തതു കൊണ്ട് അതിവിടെ പ്രസക്തമല്ല)
      ഇതൊന്നും വഞ്ചനയല്ല അവരുടെ വിശ്വാസം ആണ് അല്ലെകിൽ അന്ധ വിശ്വാസം ആണ് എന്ന് പറയാം.

      Delete
  4. ശ്രി ആന്റണി സാഗിയുടെ പോസ്റ്റും അതിന് വന്ന കമന്റുകളും ശ്രദ്ധിച്ചു. ഏതാനും കാര്യങ്ങള്‍ എനിക്കും പറയാനുണ്ട്. മാര്പ്പാപ്പയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത് സിറോ മലബാര്‍ ക്രിസ്ത്യാനികളെ ആണെന്ന് സ്പഷ്ടം. കാരണം, ഈ സഭ നിലനില്ക്കുന്നത് പാരമ്പര്യം അനുഷ്ടാനം ഊഹാപോഹങ്ങള്‍ എന്നിവയിലാണെന്നത് തന്നെ കാരണം. പഴയ നിയമത്തില്‍ ആദ്യ ദിവസം രണ്ടാം ദിവസം ഇങ്ങിനെ പറഞ്ഞു സൃഷ്ടി നടക്കുന്നു. ദിവസത്തിന്റെ ദൈര്ഘ്യം 24 മണിക്കൂര്‍ എന്ന സങ്കല്പ്പത്തിലാണ് നാം നില്ക്കുന്നത്. 24 മണിക്കൂര്‍ ദിവസം വരുന്ന ഒരേ ഒരു ഗ്രഹം ഭൂമി മാത്രമായിരിക്കാനാണ് സാധ്യത. സൌരയൂഥത്തിന്‍റെ ഒരു ദിവസം (സൂര്യന്‍ അതിന്റെ് സാങ്കല്പ്പിക അച്ചുതണ്ടില്‍ ഒന്ന് കറങ്ങാന്‍ ഇരുപത്തിരണ്ടര കോടി വര്ഷരങ്ങള്‍ എടുക്കും) എന്ന് പറഞ്ഞാല്‍ നമ്മുടെ അനേകമനേകം വര്ഷപങ്ങള്‍ ചേര്‍ന്നതാണ്. ക്ഷിരപഥത്തിനും അതിന്റെ് മുകളിലുള്ള കൂട്ടായ്മകള്ക്കും ഇതുപോലെ കോടി കോടി വര്ഷ‍ങ്ങള്‍ നീളുന്ന ദിവസ കണക്കുകള്‍ ഉണ്ട്. അതിരുകള്‍ നിര്‍വ്വചിക്കാന്‍ പോലും മനുഷ്യന് കഴിഞ്ഞിട്ടില്ലാത്ത പ്രപഞ്ചത്തിന്റെറ അധീശന്റെ ഒരു ദിവസം എന്ന് പറഞ്ഞാല്‍ ആദ്യ ജീവന്റെ കണം പരിണമിച്ചു മനുഷ്യനായി തീരാന്‍ വേണ്ടതിലും അധികമാണെന്നതാണ് ശരി. അതായത്, പഴയ നിയമത്തില്‍ പറയുന്ന കഥ പ്രതീകാത്മകമായി സത്യം തന്നെ. ഇതൊക്കെയാണ് മാര്പ്പാപ്പ പറഞ്ഞതും, വിവരമുള്ളവര്‍ വിശ്വസിക്കുന്നതും. പകരം, അത് അപ്പടി സത്യമാണെന്ന് പറയുകയും അതിന്‍ പ്രകാരം ആദം മുതല്‍ അബ്രാഹം- ദാവീദ് – ജൊസഫ് + 2000 വര്ഷം കൂടെ കൂട്ടി മനുഷ്യന്‍ ഇവിടുണ്ടായിട്ടു 3500 വര്ഷദങ്ങളെ ആയിട്ടുള്ളൂ എന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന തത്വ ശാസ്ത്രത്തെ അമേദ്യം എന്നല്ലാതെ എന്താ വിളിക്കുക? ഇത്തരം അനവധി വിഡ്ഢിത്തരങ്ങള്‍ ഓരോ ദിവസവും സഭാചാര്യന്മാര്‍ വിളമ്പുന്നു.
    സ്വന്തം ചിന്താശക്തി ശരിയാം വണ്ണം ഉപയോഗിക്കുകയും തിരിച്ചറിവ് ഉള്ളില്‍ ജ്വലിക്കുകയും ചെയ്യുന്ന ഒരുവനെ യേശുവിന്റെ ജീവിത കാല ചരിത്രവും ബന്ധുക്കളുടെ സ്വഭാവവുമല്ല സ്വാധീനിക്കുക. യേശുവിന്റെ വചനങ്ങളെയാണ് നാം ഉള്ക്കൊള്ളേണ്ടത്, അല്ലാതെ കാലാകാലങ്ങളായി നാം കൂട്ടിചേര്ത്തു കൊണ്ടിരുന്ന നവീകരണങ്ങളെയല്ല. സത്യമല്ലാത്തതൊന്നും നിലനില്ക്കാന്‍ പോകുന്നില്ല. അനിവാര്യമായ ഈ പ്രതിസന്ധിയാണ് കേരള കത്തോലിക്കാ സഭയെയും ബാധിച്ചിരിക്കുന്നത്. ബൈബിള്‍ ആദ്യന്തം തികഞ്ഞ ശാസ്ത്രമാണ്. അത് മനസ്സിലാക്കണമെങ്കില്‍ ഒരു പക്ഷെ ഒരു ഹിന്ദുവായി ജനിക്കേണ്ടിയും വന്നേക്കാം. സനാതന സത്യങ്ങള്‍ ഓജസ്സ് ചോരാതെ പകര്ത്ത്പ്പെട്ടിരിക്കുന്നത് ഭാരതീയ വേദ ഗ്രന്ഥങ്ങളില്‍ മാത്രമെന്ന് തന്നെ പറയാം.

    ReplyDelete
    Replies
    1. "ബൈബിള്‍ ആദ്യന്തം തികഞ്ഞ ശാസ്ത്രമാണ്. അത് മനസ്സിലാക്കണമെങ്കില്‍ ഒരു പക്ഷെ ഒരു ഹിന്ദുവായി ജനിക്കേണ്ടിയും വന്നേക്കാം. സനാതന സത്യങ്ങള്‍ ഓജസ്സ് ചോരാതെ പകര്ത്ത്പ്പെട്ടിരിക്കുന്നത് ഭാരതീയ വേദ ഗ്രന്ഥങ്ങളില്‍ മാത്രമെന്ന് തന്നെ പറയാം"

      "നമ്മുടെ ചെരിപ്പിനെക്കാൾ ശ്രേഷ്ടമാണ് മറ്റവൻ അഴിച്ചിട്ടിരിക്കുന്ന ചെരുപ്പ്" രണ്ടും ചെരുപ്പ് തന്നെ സാറെ? എല്ലാ മതഗ്രന്ഥ ശാസ്ത്ര വാദങ്ങളും ചെരിപ്പുകൾ മാത്രമാണ്. ശാസ്ത്രം മാത്രമാണ് ശാസ്ത്രം. മതങ്ങൾ ശാസനകൾ മാത്രമാണ്. കാളവണ്ടിയിൽ ഫാൻ വച്ച് കെട്ടിയാൽ വിമാനം ആകില്ല. പിന്നെ വെറുതെ വച്ചുകെട്ടി പറയാം ഇതും വിമാനവും ഒനാണു എന്ന്.

      Delete
  5. "സനാതന സത്യങ്ങള്‍ ഓജസ്സ് ചോരാതെ പകര്ത്ത്പ്പെട്ടിരിക്കുന്നത് ഭാരതീയ വേദ ഗ്രന്ഥങ്ങളില്‍ മാത്രമെന്ന് തന്നെ പറയാം." മറ്റപ്പള്ളിസാര് പറഞ്ഞ ഈ സത്യം നാം അന്ഗീകരിച്ചു ഇനിമുതൽ "ഭഗവത് ഗീത" മുതൽ നമ്മുടെ വല്ല്യപ്പച്ചെൻ ഉപേക്ഷിച്ച ഉപനിഷത്തുകൾ വരെ പള്ളികളിൽ ഇനിയും പഠിപ്പിച്ചാൽ ചിലപ്പോളചായസമൂഹം ഈ ആത്മീക അന്ധതയില്നിന്നും ഒരുപക്ഷെ രക്ഷപെട്ടും ! "താനും ദൈവവും ഒന്നാണെന്ന" ക്രിസ്തു വചനം അന്നേ അച്ചായന് മനസിലാകൂ ! എന്തിനാ നാം ഇത്ര നാണിക്കുന്നതു തിരിച്ചു പോകാൻ ? ഒരു ഭാരതീയനീ ഭാരതീയ സനാതനഭോധം മാത്രം മതിയെമതി ഇവിടെ സുഖിച്ചു വാഴാൻ ! പിന്നീന്തിനു നമുക്ക് വേറൊരു സ്വർഗ്ഗവും അബ്രഹാമിന്റെ മടിയും, സ്വഗത്തിൽ കയറ്റാനൊരു കത്തനാരും ? അതിനാലറിയാതെ ഞാൻ പാടുന്നു "എനിക്ക് നിൻ കൃപ മതി, അമൃതാ നിൻ സ്നേഹം മതി;പഴയപോലിടം നിന്റെ കരളിൽ മതി " എന്ന്!

    ReplyDelete
  6. ഈ മാർപപ്പാ പറയുന്നതിന് എത്രയോ മുൻപേ പരിണാമം ഒരു process ആണെന്നും intelligent design ആണ് എന്നും ഒക്കെ കത്തോലിക്കർ വിശ്വസിക്കുകയും പള്ളികളിലും സെമിനാരികളിലും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാർപാപ്പാ ഇപ്പോൾ വ്യക്തിപരമായും മാർപാപ്പ എന്ന നിലയിലും ഇപ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നതു പോലെ അല്ല പ്രപഞ്ചം എന്ന് പരസ്യമായി പറഞ്ഞു എന്നെ ഉള്ളൂ.
    പിന്നെ ഇവിടെ മറ്റപ്പിള്ളിയും സാക്കും കൂടലും യേശുവിനെ കുറിച്ച് പറയുന്നത് പരസ്പര വിരുദ്ധം തന്നെ. ചില കാര്യങ്ങളിൽ അവരൊന്ന് മറ്റു ചില കാര്യങ്ങളിൽ അവർ രണ്ട് , മൂന്ന്. ഒക്കെ ആണ്.

    " ബൈബിള്‍ ആദ്യന്തം തികഞ്ഞ ശാസ്ത്രമാണ്. അത് മനസ്സിലാക്കണമെങ്കില്‍ ഒരു പക്ഷെ ഒരു ഹിന്ദുവായി ജനിക്കേണ്ടിയും വന്നേക്കാം. സനാതന സത്യങ്ങള്‍ ഓജസ്സ് ചോരാതെ പകര്ത്ത്പ്പെട്ടിരിക്കുന്നത് ഭാരതീയ വേദ ഗ്രന്ഥങ്ങളില്‍ മാത്രമെന്ന് തന്നെ പറയാം"

    ബൈബിൾ ഒരു ശാസ്ത്രവും പറയുന്നില്ല. പിന്നെങ്ങനെ തികഞ്ഞ ശാസ്ത്രമാകും. ഇനി ബൈ ബിൽ തികഞ്ഞ ശാസ്ത്രമാണ് എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ രണ്ടാമത്തെ വാചകം എങ്ങിനെ ലോജിക്കലായി ശരിയാകും? അതായതു "അത് മനസിലാക്കണമെങ്കിൽ ഹിന്ദുവായി ജനിക്കണം" എന്ന്. സത്യങ്ങൾ ഓജസ്സ് ചേരാതെ എവിടെയാണ് ഭാരതീയ വേദ ഗ്രന്ഥങ്ങളിൽ ഉള്ളതു. തന്നെയുമല്ല ബൈബിൾ തികഞ്ഞതാനെങ്കിൽ പിന്നെ എന്തിനു വേദങ്ങളിൽ നോക്കണം?
    വേദങ്ങളിൽ നലുവേദങ്ങളിൽ ഉള്ളത് കുറെ പൂജാകർമങ്ങളും ഇട്രെൻ, വരുണൻ , പശു , ബ്ര്ഹമണൻ എന്നിവരുടെ പുകഴ്ചയും ,മാത്രമാണ് . വേദങ്ങൾ ഒന്ന് വായിച്ചു നോക്കിയിട്ട് അതിലെ ഇതാണ് ഈ സനാതന സത്യം എന്നൊന്ന് ഈ വായനക്കാര്ക്ക് വേണ്ടി ഒന്ന് പറഞ്ഞാല നന്നായിരുന്നു. ബൈബിൾ പറയുന്ന ശാസ്ത്രവും കൂടി ഒന്ന് പറയണേ. ശാസ്ത്രവുമായി പുലബന്ധം ഉള്ള ഒറ്റ മത ഗ്രന്ഥവും ഇല്ല. അതിനെ വേണമെങ്കിൽ വ്യാഖ്യാനിച്ചു വഷളാക്കി സാസ്ത്രമാക്കാം പക്ഷെ science ആവില്ല. ശാസിച്ചതോക്കെയും ശാസ്ത്രം എന്ന അർഥത്തിൽ ഇതു വിഡ്ഢിയുടെ ശാസനയും സാസ്ത്രമാണ്.എങ്കിൽ ഹിന്ദുവായി ജനിച്ചവരെല്ലാം ബൈബിൾ ശരിയായി മനസിലാക്കി ഇരിക്കണമല്ലോ.?!

    ReplyDelete
    Replies
    1. ശ്രി റോഷന്‍ സാമിന്റെ അഭിപ്രായങ്ങളെ ഞാന്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹം ശരിയെന്നു വിശ്വസിക്കുന്നതിനെ തുറന്നു പറയുന്നു. അത് അഭിനന്ദനീയം തന്നെ. ഈ ബ്ലോഗ്ഗ് ഒരു സ്വതന്ത്ര ചര്‍ച്ചാ വേദിയാണ്. അങ്ങിനെ തന്നെ നമുക്ക് അതിനെ കണ്ടു കൂടെ? സാക്കും കൂടലും ഞാനും ഇവിടെ ഒരു യൂണിയനും ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ എല്ലാം വ്യത്യസ്ഥ മനസ്സിലാക്കല്‍ തലത്തിലാണ് നില്‍ക്കുന്നതെന്നത് എന്നത് ഒരു പോരായ്മയായി എങ്ങിനെ കാണും? ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുന്നു; ഞാന്‍ കണ്ടത് മാത്രമാണ് ശരിയെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. കൂടുതല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇതൊക്കെ ഏവറെസ്ടിലേക്ക് പല ദിശകളില്‍ നിന്ന് കയറുന്നവരെപ്പോലെ ആണെന്ന് മനസ്സിലായി. ഓരോ ദിശയിലും നിന്ന് വരുന്നവര്‍ കാണുന്നത് പലത്, പറയുന്നതും പലത്. മുകളില്‍ എത്തുമ്പോഴേ ഇവരുടെ വിശദീകരണങ്ങളില്‍ സമാനത കാണൂ.
      ഭാരതിയ പ്രബോധന ഗ്രന്ഥങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചാല്‍ അത് പക്ഷെ ചന്ദ്രനോളം വന്നേക്കാം. അതൊക്കെ പഠിച്ചിട്ട് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. വേദങ്ങള്‍ സത്യം എന്നോന്നുണ്ടെന്നെ പറഞ്ഞിട്ടുള്ളൂ, അതെന്താണെന്ന് പറഞ്ഞിട്ടില്ല. ശാസ്ത്രവും, യുക്തിയും പ്രായോഗികതയുമെല്ലാം ഒത്തു ചേരുന്ന ഒരു മഹത് ഗ്രന്ഥമാണ് വി. ബൈബിള്‍. അങ്ങിനെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് എന്നത് കൊണ്ട് എല്ലാവര്‍ക്കും അങ്ങിനെയാകണമെന്നില്ലല്ലോ, എന്നേക്കാള്‍ കൂടുതല്‍ കാണുന്നവരുടെ കഥകള്‍ ആണ് ഞാന്‍ സദാ കേള്‍ക്കുന്നത്. ഈ തലത്തില്‍ എല്ലാവരും സമന്മാരായിരിക്കണമെന്നുള്ള വാശി എനിക്കില്ല.
      ഉയര്‍പ്പില്‍ സാക്ക്‌ വിശ്വസിക്കുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ കാര്യം. ഉയര്‍ത്തിരുന്നില്ലെങ്കില്‍ ക്രൈസ്തവ ചിന്തകള്‍ക്ക് അടിസ്ഥാനമുണ്ടാകുമായിരുന്നില്ല എന്ന അഭിപ്രായം വി. പൌലോസിന്റെതാണ്. ഉത്ഭവ പാപവും അദ്ദേഹത്തിന്റെതാണ്. ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിനപ്പുറം പരലോകമാണെന്ന് കരുതിയ ഒരു സഭയാണ് പരി. അമ്മയെ ഉടലോടെ ആരോഹണം ചെയ്യാന്‍ അനുവദിച്ചതെന്ന് പലരും വാദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മണിക്കൂറില്‍ 30 കി. മീ സ്പീഡിലാണ് ആരോഹണം നടന്നതെങ്കില്‍ ഇപ്പോഴും സൌരയുഥത്തിനു പുറത്തു കടന്നിരിക്കാന്‍ സാദ്ധ്യതയില്ല എന്ന് പറയുന്നവരോടും തര്‍ക്കിക്കാന്‍ ഞാനില്ല. യേശു മലഞ്ചെരുവില്‍ ഇരുന്ന് തന്റെ ശിക്ഷ്യരോട് പറഞ്ഞു, "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍........." ആ മലയിലെ പ്രസംഗം നമ്മുടെ മാനിഫെസ്ടോ ആയിരിക്കേണ്ടതാണ്. സന്ദര്‍ഭവശാല്‍ ആ പ്രസംഗത്തിനു അതിനുള്ള ഭാഗ്യം ഉണ്ടായില്ല. ആ മഹാഗുരു ജീവിച്ചിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ആ വചനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു; അതിന്‍റെ ആന്തരാര്‍ത്ഥങ്ങളില്‍ എനിക്കുള്ളത് കിട്ടാന്‍ എനിക്കൊരു മാധ്യമത്തിന്റെയും ആവശ്യം തോന്നുന്നില്ല. ഉള്ളിലുള്ള ദൈവത്തിന്റെ സ്വരം കേള്‍ക്കാതെ ലോകം മുഴുവന്‍ അല്ഞ്ഞിട്ടെന്തു ഫലം. എനിക്ക് വേണ്ടത് കേള്‍ക്കാന്‍ ഞാന്‍ ഉള്ളിലെക്കല്ലേ ചെവി തിരിക്കേണ്ടത്‌? മറിച്ച് ആരെങ്കിലും ചെയ്‌താല്‍ തെറ്റെന്നു പറയാന്‍ ഞാനാര്?

      Delete
  7. സാമുവേല്‍ സാര്‍ ഉദ്ദേശിച്ചത് പോലെ ഭഗവത് ഗീത പഠിപ്പിക്കുന്ന അനേകം വൈദികര്‍ ഇവിടുണ്ട്. തപസ്സ് ധ്യാനം ആവിഷ്കരിച്ച ഫാ. ദയാനന്ദ് IMS (അദ്ദേഹം ഇപ്പോഴില്ല) തന്നെ സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളോട് ഗീത വായിക്കാന്‍ ഉപദേശിക്കുമായിരുന്നു. പള്ളിയുടെ മുകളില്‍ ഓം കാരം പിടിപ്പിച്ച മഠം ഈ കേരളത്തില്‍ ഉണ്ട്. അനേകം സംസ്കാരങ്ങള്‍ ഇവിടെ ജനിച്ച് മരിച്ചിട്ടുണ്ട്, പക്ഷെ, ഇപ്പോഴും തുടരുന്ന ഏറ്റവും മഹത് സംസ്കാരം ഭാരത വേദ സംസ്കാരം മാത്രം. വേദ ബന്ധിത ദാര്‍ശനികത തന്നെയാണ് യേശു പഠിപ്പിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന അനേകരുണ്ട്. യേശുവിനെ ജെരൂസലെമില്‍ പോയി കണ്ടു വണങ്ങിയ ജ്ഞാനികള്‍ ഭാരതീയരായിരുന്നു എന്ന് മറക്കരുത്.
    യേശു ഇരുന്ന കല്ലിനെ ചുറ്റിപ്പറ്റിയും കണ്ട കുന്നിനെ ചുറ്റിപ്പറ്റിയും ഉള്ള ഫിലോസഫി യേശു പഠിപ്പിച്ച തത്വങ്ങള്‍ക്ക് ആവശ്യമില്ല. എദീസ്സായില്‍ മരിച്ച ഒരു തോമസ്സിനെപ്പറ്റിയെ, തെളിവുകളോടെ റോമിന് ഉള്‍ക്കൊള്ളാനാവൂ. വി. തോമ്മാ സ്ലീഹായുടെതെന്നു പറയപ്പെടുന്ന അഞ്ചോളം കല്ലറകള്‍ ഇന്ന് ലോകത്തുണ്ട്. അതിലൊന്നാണ് മൈലാപ്പൂര്‍. ഒന്നാം നൂറ്റാണ്ടില്‍ തോമ്മാ സ്ലീഹായില്‍ നിന്ന് ജ്ഞാനം സ്വീകരിച്ചവര്‍ എന്നവകാശപ്പെടുന്ന കൂട്ടായ്മകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന ചരിത്ര രേഖ തോമ്മാ സ്ലീഹാ ഇവിടെ വന്നു എന്നതിന് തെളിവല്ല. റോം വിശ്വസിക്കുന്നതും ശരിയായിരിക്കണമെന്നില്ല. ഏറ്റവും രസകരമായ കാര്യം, ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു എന്നതിനല്ല പകരം യേശുവിന്‍റെ വചനങ്ങള്‍ നാം അനുവര്‍ത്തിക്കുന്നുണ്ടോ എന്നതിനാണ്. അത് നമ്മള്‍ മറക്കുകയും ചെയ്യുന്നു. സിറോ മലബാര്‍ സഭയിലെ ഭൂരിഭാഗം വൈദികരും ദൈവ നിവേശിത വ്യാഖ്യാനങ്ങള്‍ നടത്തുന്നവരല്ല. അടുത്ത കാലത്ത് കടലിനെ ശാന്തമാക്കിയ കഥ അടിസ്ഥാനമാക്കി ഒരു കൊച്ചച്ചന്‍ പ്രസംഗിക്കുന്നത് കേട്ടു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ യേശുവിനെ വിളിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിക്കോണ്ടേ ഇരിക്കുമത്രേ. പ്രതിസന്ധികള്‍ എന്ന് തോന്നുമ്പോള്‍ ഉള്ളിലുള്ള ദൈവത്തെ ഉണര്‍ത്താനാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ അത് ശരിയായേനെ. ഒരാള്‍ പ്രതിസന്ധി എന്ന് കാണുന്നത് മറ്റൊരാള്‍ക്ക് പ്രതിസന്ധി ആയിരിക്കണമെന്നില്ല. എല്ലാ സാഹചര്യങ്ങളെയും സമചിത്തതയോടെ, സമാവേശത്തോടെ കാണുന്ന ഒരുവന് പ്രതിസന്ധിയേ കാണണമെന്നില്ല.
    കടലില്‍ കാറ്റും കോളുമുണ്ടാക്കിയത്‌ ദൈവമാണെങ്കില്‍ ദൈവത്തിനെ അത് ശമിപ്പിക്കാനാവൂ - നമ്മിലെ അല്ലെങ്കില്‍ നാമാകുന്ന സഹ സൃഷ്ടാവിനു അതിന് കഴിയും. ആ സൃഷ്ടാവിനെ ഉണര്‍ത്തുക എന്ന വലിയ ഒരു തത്ത്വം പറഞ്ഞു തരുന്ന ഈ സംഭവം എത്ര നിസ്സാരമായാണ് ആ വൈദികന്‍ കണ്ടതെന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി, അദ്ദേഹത്തെ സഹിക്കാന്‍ വിധിക്കപ്പെട്ട ആടുകളെ ഓര്‍ത്ത്‌.

    ReplyDelete
    Replies
    1. മട്ടപ്പിള്ളി സാറേ യേശു ജനിച്ചിട്ടെ ഇല്ല പിന്നെങ്ങിനെ പിന്നെങ്ങനെ ഇന്ത്യൻ ആചാര്യന്മാർ യേശു ശിശു ആയി ജനിച്ചപ്പോൾ പോയി കാണും?
      about vedas listen to this youtube video

      Understanding Vedas (Malayalam) By Dr Viswanathan C

      Delete
  8. ആത്മവഞ്ചനയുടെ കുത്തക വ്യാപാരികളാണീ പുരോഹിതവര്‍ഗം എന്നിരിക്കെ ,ഇവരെ വിളിക്കുവാന്‍ പുതിയ അക്ഷരമാലയും തെറികളും നാളെ നമ്മുടെ സന്താനങ്ങള്‍തന്നെ കണ്ടെത്തില്ല എന്നാരു കണ്ടു ? "ഉള്ളതു വച്ചു ഓണം പോലെ" നമുക്കിപ്പോള്‍ ഉള്ളപോലെ വിളിക്കാം ഒരു മനസമാധാനത്തിനായി ...ഹോ!

    ReplyDelete
  9. യേശു നമ്മൾ ഒക്കെ ആയിരിക്കുന്നതിനപ്പുറം ദൈവപുത്രനാണെന്നോ അതുകൊണ്ട് പാപികൾക്കായി ബലിയായിത്തീർന്നെന്നൊ ഉയിർത്തെഴുന്നേറ്റു എന്നോ ഉള്ള വിശ്വാസങ്ങളിൽ (ഇതൊന്നും യേശു അവകാശപ്പെട്ടിട്ടില്ല, സഭയുടെ കണ്ടുപിടുത്തങ്ങളാണ്) പങ്കുചേരാൻ എനിക്കാവില്ലെങ്കിലും ലോകഗുരുക്കന്മാരിൽ പ്രഥമ സ്ഥാനത്ത് അദ്ദേഹത്തെ കാണാനും ബഹുമാനിക്കാനും അദ്ദേഹത്തിൻറെ പഠനങ്ങളിൽ മിക്കവയും അംഗീകരിച്ചു ജീവിക്കാനും എനിക്കാകുന്നുണ്ട്. പള്ളിയുടെ വിശ്വാസപ്രമാണങ്ങളും ഉള്ളില്ലാത്ത വചനപ്രഘോഷണങ്ങളും അർഥശൂന്യമായതിനാൽ അവയ്ക്കെതിരെ എന്റെ അഭിപ്രായം പ്രകടിപ്പിക്കുക എന്നത് ഒരാവശ്യവും എന്റെ കടമയുമായി ഞാൻ കാണുന്നു. അർധസത്യങ്ങൾ അസത്യത്തെക്കാൾ ദൂഷ്യം ചെയ്യുമെന്നതിനാൽ വട്ടായിയെപ്പോലുള്ളവരുടെ ശബ്ദകോലാഹലങ്ങളിൽ വീണുപോകുന്നവരോട് ദയ തോന്നുന്നതുകൊണ്ട് അത്തരം വഞ്ചനകളെ രൂക്ഷമായിത്തന്നെ എതിർക്കേണ്ടതുണ്ട് എന്നും ഞാൻ കരുതുന്നു.

    ReplyDelete