Translate

Friday, December 7, 2012

ഇങ്ങിനെയൊക്കെ ആയിപ്പോയി

ആരെന്തു പറഞ്ഞാലും സിറോ മലബാര്‍ സഭ വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ചൂടും പുകയും വമിപ്പിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നും ഉയരുമ്പോള്‍ അതിനെ എങ്ങിനെ നേരിടാമെന്ന ചിന്തയാണ് അരമനകളില്‍. ഒന്നും വയ്യാത്ത ഒരവസ്ഥ! കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ നാടടക്കിവാണപ്പോള്‍ എല്ലാവരും സത്യത്തില്‍ ഓര്‍ത്തു, ഓ ... രക്ഷപെട്ടുവെന്ന്. അതിന്റെ ബാക്കിപത്രം വന്നപ്പോള്‍ സംഗതി വിണ്ടും പ്രശ്നം. ഓരോന്ന് കേള്‍ക്കുമ്പോഴും ഇങ്ങിനെയല്ലല്ലോ ‘ബൈബിളില്‍ പറഞ്ഞിരിക്കുന്നത്.... അല്ലെലൂയാ’ എന്ന് എല്ലാ കോണുകളിലും നിന്ന് മറുപടി വന്നു തുടങ്ങിയപ്പോള്‍ നേതൃത്വത്തിന് വിണ്ടും അങ്കലാപ്പ്. അസ്തമിച്ചുവെന്നു കരുതിയ കുരിശു പ്രശ്നം വിണ്ടും സജിവമാകുമെന്ന് ആരും സ്വപ്നേപി വിചാരിച്ചതല്ല. മാര്‍പ്പാപ്പയാണ്‌ പാരമ്പര്യത്തിലേക്ക്‌ മടങ്ങണമെന്ന് പറഞ്ഞതെന്ന് കുറെനാള്‍ പറഞ്ഞു. ഇപ്പൊ ജനം ചോദിക്കുന്നത്, അപ്പോപ്പിന്നെ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ട അല്മായാ സ്വാതന്ത്ര്യം എവിടെയെന്ന്. അതിനും വഴി കണ്ടെത്തി. കുട്ടികള്‍ പഠിക്കുന്ന വേദപാഠ പുസ്തകത്തില്‍ ക്രിസ്ത്യാനിയെ നിര്‍വ്വചിച്ചു, അത് കുട്ടികളെക്കൊണ്ട് കാണാപാഠം പഠിപ്പിച്ചു. അതിങ്ങനെ – ‘യേശു പഠിപ്പിച്ച വചനങ്ങളും, യേശു പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ സഭയുടെ ചട്ടവട്ടങ്ങളും അനുസരിക്കുന്നവന്‍ ആരോ അവന്‍ ക്രിസ്ത്യാനി.’

ഞാനൊരു ക്രിസ്ത്യാനിയാണ്, എന്‍റെ പൊതു ജിവിതത്തില്‍ അക്ഷരം പ്രതി നിതിയും സത്യവും ഞാന്‍ പിന്തുടരുവെന്നുറപ്പിച്ചു പറയാന്‍ പോന്ന എത്ര ക്രിസ്ത്യാനികളെ നിങ്ങള്ക്ക് കാണിച്ചു തരാന്‍ കഴിയും? ആ വര്‍ഗ്ഗം അതിവേഗം വംശനാശം നേരിടുകയാണ്. കേരളത്തില്‍ ഒരു രൂപതയില്‍, യുവ തലമുറയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ‘യുവദിപ്തി’ യുടെ മുകളില്‍ ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്തയിടെ പറഞ്ഞത്, മെത്രാനെ പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങള്‍ പരിപാടികള്‍ നടത്താറില്ലെന്നാണ്.

ജനം സാവധാനം അകലുകയാണ്. പണിയുന്നത് പള്ളിയാണെങ്കിലും, മുറിയാണെങ്കിലും പള്ളി കമ്മറ്റിക്കാര്‍ പിരിവിനിറങ്ങിയാല്‍ ഉണ്ടുപിരിയും. വല്ലോം കിട്ടണമെങ്കില്‍ അച്ചന്‍ ഇറങ്ങണം. ഒരു പാര ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്, 70 mm  ചിരിയും പാസ്സാക്കി എല്ലാവരും കവര്‍ നിറച്ചു കൊടുക്കും. ഇത് പള്ളിയോടുള്ള ആല്‍മാര്‍ത്ഥത കൊണ്ടാണെന്ന് എങ്ങിനെ പറയും?
സഭയില്ലായിരുന്നെങ്കില്‍ മനുഷ്യകുലം തകര്‍ന്നെനെയെന്നാണ് മറ്റൊരു വാദം. നമ്പൂരി ഇടുന്ന പൂണൂലിനു 8000 വര്‍ഷം പഴക്കമുണ്ട്. അത് ഇന്നും ഉണ്ട്. വേദങ്ങള്‍ ഒരു കാലത്തും മതമെന്ന ഒരു സംഘടിത സമൂഹത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല - വേദങ്ങള്‍ക്ക് തിളക്കം കൂടിയിട്ടുള്ളതെയുള്ളൂ. ഈ ലോകം സൃഷ്ടിച്ച ദൈവത്തിനു അത് നോക്കാന്‍ കേള്പ്പില്ലേ? ഞാന്‍ ഓര്‍ക്കുകയാണ്, അമ്പതു വര്‍ഷത്തെ എന്റെ ജിവിതത്തിനിടയില്‍ പലപ്പോഴും വ്യത്യസ്ത പ്രശ്നങ്ങളുമായി പല വൈദികരെയും സമിപിച്ചിട്ടുണ്ട്. ‘റോഷന്‍, ഒരു മിനിട്ട്, ഞാനൊന്ന് പ്രാര്‍ഥിക്കട്ടെ, എന്റെ ഗുരുനാഥന്‍ എന്താണ് പറയുന്നതെന്ന് നോക്കട്ടെ’ എന്ന് പറയുന്ന ഒരൊറ്റ വൈദികനെയോ ധ്യാന പ്രസംഗകനെയോ കണ്ടിട്ടില്ല. സഭ ദൈവത്തില്‍ നിന്നും അകന്നുവെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്‌. കാലുകള്‍ മരവിച്ച, ചാടാന്‍ കെല്‍പ്പില്ലാത്ത ഒരു സമൂഹത്തെ വെച്ച് വിലപറയുന്നു നാം.

കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോനിക്കാ ധ്യാനത്തിന്‍റെ കഥകള്‍ ഓരോ ദിവസവും ഓരോ പത്രങ്ങളില്‍ കാല്‍ പേജ് വെച്ച് അച്ചടിച്ചു വരുന്നു. വക്കിലന്മാര്‍ക്ക് അറിയാം നിയമയുദ്ധം വഴി മോനിക്കാക്ക് സ്ഥലം തിരിച്ചുകിട്ടാന്‍ ഇടയില്ലായെന്നും, ആ സ്ഥലം വിട്ട്കൊടുക്കാതെ ഏതറ്റം വരെ കേസ് നടത്താനുള്ള കെല്‍പ്പു സഭക്കുണ്ടെന്നും – മോനിക്കാക്കു ദശാബ്ദങ്ങള്‍ ബാക്കിയില്ലെന്നും. എത്ര ക്രിസ്ത്യാനി അതിന്റെ പേരില്‍ തലേല്‍ മുണ്ടിട്ടു നടന്നാലും അവര്‍ക്കത്‌ പ്രശ്നമല്ലെന്നും കൊച്ചു കുട്ടിക്ക് പോലും അറിയാം. ഒരു ഫെയ്ത്കാരെയോ ഏതെങ്കിലും വൈദികനെയോ അടച്ചാക്ഷേപിക്കുകയല്ല ലക്‌ഷ്യം. ഇതില്‍ വളരെ നല്ല വൈദികരുമുണ്ട്, സന്യാസിനികളുമുണ്ട്, മെത്രാന്മാരുമുണ്ട്. പക്ഷെ ബഹു ഭൂരിപക്ഷവും മറുപക്ഷത്താണ്. പുസ്തകത്തിലെ പശു പുല്ലുതിന്നുകയില്ല, നിയമാവലികള്‍കൊണ്ട് മുഖം മറച്ച വെളിച്ചം കൊണ്ട് ആരും വഴി നടക്കാനും പോകുന്നില്ല. ചെവിയുള്ളവര്‍ കേള്‍ക്കും, കണ്ണുള്ളവര്‍ കാണും. 

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. Replies
  1. വിശ്വാസവര്‍ഷം വിശ്വാസിവര്‍ഷമാകുമോ?
   അവന്‍റെ പേര് പറഞ്ഞു നടക്കുകയും ഏതു ചെറിയ നേട്ടത്തിനും തുട്ടിനും വേണ്ടി അവനെ മറക്കുകയും ചെയ്യുന്ന പ്രതിനിധികളെ പുകച്ച് പുറത്താക്കാന്‍ സഭയുടെ മക്കള്‍ക്ക്‌ ഇനിയെന്നാണ് ധൈര്യം വരിക? സഭ്ടയുടേതെന്നു പറയുന്ന മുതലെല്ലാം വക്രിച്ചെടുത്തവയാണ്. ഒരൊറ്റ മനുഷ്യന്‍ പുറത്തു ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ടെങ്കില്‍ ഈ മുതലെല്ലാം അകത്തുള്ളവര്‍ പൂഴ്ത്തി വയ്ക്കുന്നതുകൊണ്ടാണ്. അത് മനുഷ്യപുത്രന്‍ ഒരു നിമിഷമം പോലും അനുവദിക്കുകില്ലെന്ന് ഏവര്‍ക്കും അറിയാം. എന്നിട്ടു മനസ്സാക്ഷിയെ വഞ്ചിക്കാന്‍ ഒരു മടിയും ഇല്ല. എവിടെയും തിരിമരികളാണ്. ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ പിന്നെയാരാണ് ഇതിനൊക്കെ പരിഹാരം കാണേണ്ടത്? ഇത്രയും നാളത്തെ വചനം പറച്ചിലും പ്രഘോഷണവും എന്തിനുവേണ്ടിയായിരുന്നു? പറഞ്ഞ് അടുത്ത ശ്വാസത്തോടെ മറക്കാനുള്ളതാണോ ദൈവവചനം?
   വിശ്വാസവര്‍ഷം ഇപ്പോഴത്തെപ്പോലെയുള്ള അന്ധവിശ്വാസത്തില്‍ ഒതുങ്ങുമോ അതോ ശരിക്കും വിശ്വാസിവര്‍ഷമായിത്തീരുമോ? അത് തീരുമാനിക്കേണ്ടത് പുരോഹിതരല്ല, വിശ്വാസികളാണ്. അതിനുള്ള തന്റേടമില്ലേ? എങ്കില്‍ അതുപേക്ഷിക്കുകയാണ് അഭികാമ്യം. വ്യക്തിയെയും സമൂഹത്തെയും ഒഴിച്ച് നിര്‍ത്തി, കുറെ ഗീര്‍വാണക്കാര്‍ക്കായി മാത്രമുള്ള 'ഇസം' പറഞ്ഞു മനുഷ്യരെ കബളിപ്പിക്കുകയാണ് കുരിശ് പിടിച്ചു നടക്കുന്ന തൊപ്പിക്കാരായ പ്രമാണികള്‍ . വചനം തന്നെ പഠിപ്പിക്കുന്നത്, ഇത്തരക്കാരെ ചാട്ടവാര്‍ കൊണ്ടടിക്കണമെന്നാണ്. ഗുരു തന്നെ അടിച്ചു മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്.

   Delete
 3. സഭ അല്ല ലോകത്തെ താങ്ങുന്നത്‌

  ReplyDelete