Translate

Monday, January 26, 2015

2015 ഫെ. 28 ന് പീഡാനുഭവം തുടങ്ങും....


കര്‍ത്താവീശോ മിശിഹായുടെ മലയിലെ പ്രസംഗത്തെക്കാള്‍ പ്രചാരത്തിലാണിപ്പോള്‍ അറക്കല്‍ മെത്രാന്‍റെ കാഞ്ഞിരപ്പള്ളി ചരമപ്രസംഗം. അതിലെന്തായിത്ര ചിരിക്കാനെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല (അദ്ദേഹം എന്ത് പറഞ്ഞാലും ചിന്തിക്കാന്‍ ധാരാളം കാണാറുണ്ട്‌; ഇവിടെ അദ്ദേഹം നിയമോപദേശം തേടിയിരുന്നോയെന്നു സ്പഷ്ടമല്ല). മാനുഷിക പരിഗണന കൂടി  കരുതിയായിരിക്കണം അദ്ദേഹം സ്വന്തം (ഒന്നാം കസിന്‍) സഹോദരന്‍റെ അടക്കിനു വന്നതെന്ന് ഉറപ്പ്. പക്ഷേ, മാനുഷിക പരിഗണന എന്ന  വാക്ക് കേട്ടാല്‍ പലര്‍ക്കും  ഇപ്പോള്‍ ഒരു ഞെട്ടലനുഭവപ്പെടാറുണ്ട്. മാനുഷിക പരിഗണന എന്ന കാരണം കൊണ്ടാണ് പ്രൊഫ. ജോസഫ് സാറിനെ തിരിച്ചെടുത്തതെന്നാണ് കേള്‍ക്കുന്നത്. ഏതായാലും സര്‍ക്കാരിന്‍റ ലിസ്റ്റിലുള്ള തിരിച്ചെടുക്കല്‍ വകുപ്പല്ലിത്; പ്രൊഫ. ജോസഫ് സാറിന്‍റെ പെന്‍ഷന്‍ ഇത്രയും വൈകാന്‍ കാരണം ഇതായിരിക്കുമോ? ഏതായാലും, മെത്രാനും പള്ളിയും അബദ്ധത്തില്‍ പോലും മാനുഷിക പരിഗണന പുറത്തെടുത്ത് ഒരു ജീവിയെയും സ്നേഹിക്കരുതേയെന്നാണ് എന്‍റെ അഭ്യര്‍ത്ഥന.
ഈ മാനുഷിക പരിഗണന കിട്ടിയ ധാരാളം ആളുകള്‍ ഉണ്ട്, മോനിക്കാ തോമസ്‌ മാത്രമല്ല. ഞാറക്കല്‍ കുറെ കന്യാസ്ത്രികള്‍ക്ക് ഈ സാധനം കിട്ടിയത് കൊണ്ട് അവര്‍  പുറത്തിറങ്ങുന്നത് പേടിച്ച്. ഇടമറുകിന് ഈ സാധനം കിട്ടിയത് കൊണ്ട് സ്വന്തം വീട്ടിലെ ശവമടക്കിന് വരാതിരിക്കാന്‍ പറ്റി; ഡല്‍ഹിയില്‍ ഇതൊരാള്‍ക്ക് കിട്ടിയതുകൊണ്ട് കുറി വാങ്ങിക്കാന്‍ വിമാനത്തില്‍ കേരളത്തില്‍ വന്നു പോകാന്‍ പറ്റി; നിരവധി ക്നാനായാക്കാര്‍ ഇത് പ്രതീക്ഷിച്ച് ഇപ്പോഴും വംശത്തിനു പുറത്തു നില്‍ക്കുന്നു. ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടി ഒരു അന്യമതസ്ഥനെ പ്രേമിച്ചു. സഭയും സഭയോടൊത്തു വീട്ടുകാരും മാനുഷിക പരിഗണന കൊടുത്തതുകൊണ്ട്‌ അവള്‍ വീടു വിടേണ്ടി വന്നു, ഒറ്റയ്ക്ക്. (കര്‍ത്താവ്, വല വീശിക്കൊണ്ടിരുന്ന കുറെ മുക്കവരോട് “വരൂ എന്നെ അനുഗമിക്കൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം,” എന്ന് പറഞ്ഞപ്പോള്‍ ഈ പരിഗണന ഉണ്ടായിരുന്നല്ലോ). ഈ ലിസ്റ്റ് ഇവിടെയെങ്ങും തീരില്ല, ഈ പരിഗണന കിട്ടാത്തവരായി അത്മായരില്‍ വളരെ കുറച്ചുപേരെ ബാക്കിയുള്ളെന്നു തോന്നുന്നു. അതു കൊണ്ടാണല്ലോ KCRMന്‍റെ എറണാകുളം പരിപാടിക്ക് ഇത്രയേറെ പിന്തുണ ഉണ്ടായത്. എവിടെ മാനുഷിക പരിഗണന വന്നാലും അതപ്പോള്‍ തന്നെ ഫെയിസ്ബുക്കിലും ബ്ലോഗ്ഗിലും വാര്‍ത്തയായി വരുന്നു; മാര്‍പ്പാപ്പാ വരെ ഇപ്പോള്‍ കേരളത്തിലെ പരിഗണന കഥകള്‍ വായിക്കുന്നുണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാമത്തെ കുട്ടിക്ക് ആയിരം രൂപാ (പരിഗണന) മാസം തോറും ഇനാമായി ഒരു പള്ളിയില്‍ പ്രഖ്യാപിച്ചതിന്‍റെ അടുത്ത ആഴ്ച, മുയലുകളെപ്പോലെ പെറ്റ് പെരുകരുതെന്നു മാര്‍പ്പാപ്പാ പറയുമായിരുന്നോ?
ഇത്രേം നാളും വെറും ഊശാനയെന്നു കരുതി തള്ളിക്കളഞ്ഞ അത്മായാശബ്ദം, കളിയല്ല കാര്യമാണെന്ന് ഇപ്പോഴാണ് മെത്രാന്മാര്‍ക്ക് മനസ്സിലായത്‌ (ആരും വിഷമിക്കണ്ടാ, വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ!) ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സില്‍ പിരിച്ചു വിടുന്നതിനു മുമ്പ് ഒരു മഹാസമ്മേളനം നടന്നു കാണണമെന്ന് എനിക്കൊരാഗ്രഹമുണ്ടായിരുന്നു; അത് നടക്കും! ലോകമെമ്പാടുമുള്ള സീറോ വായനക്കാരുള്ള എല്ലാ പത്രങ്ങളിലും കൊച്ചി സമ്മേളന വാര്‍ത്ത വന്നു, കേരളത്തിലെ ചാനലുകളിലും വന്നു. ഫെ. 28 കഴിഞ്ഞാല്‍ വേറെ കുറെ സദ്‌വാര്‍ത്തകളും വരും. ഇപ്പോള്‍ തന്നെ കാര്യം അറിയേണ്ടവരെല്ലാം എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ഇന്റര്‍നെറ്റ് ഒന്ന് കണക്റ്റ് ചെയ്‌താല്‍ മാത്രം മതി. ഞാന്‍ കഴിഞ്ഞ ദിവസം ഒരു കക്ഷിയുടെ ഫെയിസ് ബുക്ക് പ്രൊഫൈല്‍ ഒന്ന് നോക്കി. കക്ഷി സ്ഥിരം സദ്‌ വാര്‍ത്തകള്‍ ഫെയിസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നവന്‍. അയാളുടെ ഫ്രണ്ട്സ് 3000 ത്തോളം. അയാളുടെ ചില പോസ്റ്റുകള്‍ക്ക് 800 വരെ ഷെയറുകള്‍! അതായത് അദ്ദേഹം വിക്ഷേപിക്കുന്ന തുണ്ടുകള്‍ രണ്ടു മൂന്നു ലക്ഷം പേരെങ്കിലും ഓരോ ദിവസവും വായിക്കുന്നു. അധികമാരും ശ്രദ്ധിക്കാത്ത, അകത്തു നടക്കുന്ന ഈ വന്‍ തുരപ്പന്‍ പണിയുടെ റിസള്‍ട്ട് വെച്ചു നോക്കിയാല്‍ അവരുടെ ചെരുപ്പിന്‍റെ  വാര്‍ അഴിക്കാനുള്ള യോഗ്യത പോലും ഈ അത്മായാശബ്ദം ബ്ലോഗ്ഗിന് കാണില്ല.
മതപീഡനം അനുഭവിക്കുന്ന അത്മായര്‍ക്ക് ഡല്‍ഹി  അത്മായര്‍ Help Line ഒരുക്കിയതും പുതിയ വാര്‍ത്ത. മെത്രാന്‍റെ കൈയ്യില്‍ നിന്ന് സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്ന് അവര്‍ മനസ്സിലാക്കി. അത്മായന്‍ ഇത്ര പെട്ടെന്ന് വടി എടുക്കുമെന്ന് ആരും കരുതിയില്ല. ചില അത്മായാ കൃഷിക്കാര്‍ ചുറ്റും മുള്ള് വേലി കെട്ടി കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാന്‍ കാവലിരിക്കുന്നു. ഇതുണ്ടാക്കിയ ഇമ്പാക്റ്റ് അറിയണമെങ്കില്‍, ഏറണാകുളത്ത് സീറോ റോഡുകളില്‍ നടക്കുന്ന കുശു കുശുപ്പു ശ്രദ്ധിച്ചാല്‍ മതി. എറണാകുളത്ത് വലിയ ഒരു  ഹോള്‍ അത്മായര്‍ ബുക്ക് ചെയ്തെന്ന വാര്‍ത്തക്ക് അങ്ങിനെ പ്രചരിക്കാനാണ് യോഗമുണ്ടായത്‌ (പെങ്ങടെ കല്യാണത്തിന് നാട്ടില്‍ പോയി വന്ന ടോണി ജോര്‍ജ്ജിനോട്‌ കടപ്പാട്).
ഇക്കഴിഞ്ഞ ദിവസം ഒരു ദേശീയ  പത്രത്തില്‍, കഴിഞ്ഞ മന്‍മോഹന്‍ മന്ത്രിസഭ പിടിച്ചു വെച്ച ഒരു വാര്‍ത്ത വന്നിരുന്നു. ചില മതക്കാരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്രെ. ഇപ്പോള്‍ മെത്രാന്മാര്‍ അതിന്‍റെ പിറകെയാണ്. എങ്ങിനെ  സ്വന്തം ഗ്രൂപ്പിന്‍റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാം എന്നാണ്  ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. നമ്മുടെ അംഗസംഖ്യ നാല്‍പ്പത്തഞ്ച്‌ ലക്ഷം എന്ന് പത്തു വര്‍ഷമായി പറഞ്ഞു പറഞ്ഞു മടുത്തു! ഈ പ്രശ്നത്തില്‍ തങ്ങളാലാകാവുന്നത് ചെയ്യുന്ന അച്ചന്മാര്‍ ഇല്ലാതില്ല. എങ്കിലും അതല്ലല്ലോ ശരി. ഇക്കാര്യം ഓരോ ദിവസവും വൈകിട്ട് SMS അയച്ച് വേണ്ടപ്പെട്ടവരെ ഓര്‍മ്മിപ്പിക്കാനുള്ള ഒരു വിപുലമായ പദ്ധതി ഉടന്‍ ഉണ്ടായേക്കാം. സഹായം വേണ്ടവര്‍ക്ക് C(space)Zero(space)4 എന്നെഴുതി (..........) ലേക്ക് SMS അയക്കാനുള്ള സൌകര്യവും ഉണ്ടാകണം.
അത്മായര്‍ ചോദ്യാവലിയുമായി നഗര മദ്ധ്യത്തില്‍ പത്രലേഖകരാല്‍ ചുറ്റപ്പെട്ട് പ്രത്യക്ഷപ്പെടുമെന്ന് ആരു വിചാരിച്ചു? പണ്ട് പണ്ട്, ഒരു ക്രൈസ്തവ ആശ്രമമുണ്ടായിരുന്നു. അവിടെ ചേരുന്ന നവാഗതര്‍ ആശ്രമത്തിന്‍റെ നിയമാവലി തര്‍ജ്ജമ ചെയ്യുന്ന ഒരു പതിവുമുണ്ടായിരുന്നു. ആരുടെയെങ്കിലും തര്‍ജ്ജമ കോപ്പിയടിക്കാതെ,  ആശ്രമത്തിലെ മൂലലിഖിതങ്ങള്‍ നോക്കി കിറുകൃത്യമായ ഒരു തര്‍ജ്ജമ ചെയ്യാന്‍ ഒരു നവാഗതന്‍ തീരുമാനിച്ചു. അയാള്‍ ആബട്ടിനെ വിവരം അറിയിച്ചു. ഗുരു, മൂലലിഖിതങ്ങള്‍ എടുത്ത് കൊടുക്കാന്‍  ആശ്രമത്തിന്‍റെ നിലവറയില്‍ കയറി. ഒരു പാട് നേരമായിട്ടും ആളിനെ കണ്ടില്ല; കുറച്ചു കഴിഞ്ഞപ്പോള്‍  ഒരു വലിയ അലര്‍ച്ച അകത്തു നിന്ന് കേട്ടു; തുടര്‍ന്ന്, നിലക്കാത്ത കരച്ചിലും. നവാഗതന്‍ കാര്യം അറിയാതെ കുഴങ്ങി. നവാഗതര്‍ക്ക് ആ നിലവറയില്‍ പ്രവേശനം ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ അകത്തേക്ക് പോയില്ല. കുറെക്കൂടി കഴിഞ്ഞപ്പോള്‍ ആകെ പരവശനായി ഗുരു വന്നു. അന്തിച്ചു നില്‍ക്കുന്ന നവാഗതനോട് ഗുരു പറഞ്ഞു. “ഒരക്ഷരം നാം കാണാതെ പോയി!”  നെഞ്ചത്തലച്ചു കരയാന്‍ മാത്രം വലിയ അക്ഷരമോയെന്നോര്‍ത്തു വിഷമിച്ചു നിന്ന നവാഗതനോട് ഗുരു പറഞ്ഞു, “Clebate (ബ്രഹ്മചാരി ആയിരിക്കുക) എന്നല്ല, Celebrate (ആഘോഷിക്കുക) എന്നാ എഴുതിയിരുന്നത്.” ഇപ്പറഞ്ഞത്‌ പോലെയായി സീറോ മലബാര്‍ മെത്രാന്മാരുടെ കാര്യം. മൂല ലിഖിതങ്ങള്‍ നോക്കിയപ്പോള്‍ ഒത്തിരി അക്ഷരങ്ങള്‍ മാറിപ്പോയ കാര്യം ഓരോരുത്തര്‍ക്കും മനസ്സിലായി വരുന്നു. ഇപ്പോളിനി അലമുറയിട്ടതു കൊണ്ടെന്തു കാര്യം!
ഞാന്‍ ഒരു നല്ല കാര്യം മെത്രാന്മാരോട് പറയട്ടെ; ആദ്യം അത്മായന്‍ ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, എന്നിട്ട് അതിന് പറയാനുള്ള മറുപടി എല്ലാ മെത്രാന്മാര്‍ക്കും പ്രിന്റ്‌ ചെയ്ത് അയച്ചു കൊടുക്കുക. കുറെ സാമ്പിള്‍ ചോദ്യങ്ങള്‍ ഞാന്‍ തരാം. 1) ഇടുക്കിയില്‍ പശ്ചിമഘട്ട സമരം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും നടത്തുമോ?  2) ഞാറക്കല്‍  കന്യാസ്ത്രികള്‍ക്ക് സ്കൂള്‍ തിരിച്ചു കൊടുക്കുമോ? 3) അടുത്തെങ്ങും സീറോ മലബാര്‍ കത്തോലിക്കാ പള്ളി ഇല്ലെങ്കില്‍ കെട്ടിയ കത്തോലിക്കാ പെണ്ണിനെ ക്നാനായാക്കാരന്‍ എങ്ങിനെ കുര്‍ബാന കാണിക്കും? 4) വട്ടായി അച്ചന്‍റെ പ്രഘോഷണം വഴി മൊത്തം പിരിച്ച പണം എത്ര കോടി? 5) അള്‍ത്താര ബാലസഖ്യാംഗംങ്ങള്‍ കാര്‍മ്മികനില്‍ നിന്ന് എത്ര അകലെ നില്‍ക്കണം? 6) ചില സ്ഥലങ്ങളില്‍ വക്കീല്‍ നോട്ടീസിനനുസരിച്ച് കാനോന്‍ മാറുന്നു. എന്തുകൊണ്ട്? 7) വിദേശങ്ങളില്‍ പാപമല്ലാത്ത ചെയ്തികള്‍ വ്യക്തമാക്കുമോ? 8) മാര്‍പ്പാപ്പാ നമ്മുടെ ആരാണ്? 9) ബാര്‍ പൂട്ടണം പൂട്ടണം എന്ന് പറഞ്ഞ് മാണി സാറിന് (സാഡിന്?) കോടികളുടെ സംശയാസ്പദമായ സാഹചര്യം ഒരുക്കിക്കൊടുത്ത മെത്രാന്മാര്‍ക്ക് ആരെങ്കിലും എന്തെങ്കിലും തന്നോ? 10) AKCC ഇപ്പോഴും ഉണ്ടോ? 11) വാറ്റ് ലൈസന്‍സ് ഉള്ള അപ്പസ്തോലന്മാര്‍ ഉണ്ടായിരുന്നോ? 12) തൃശ്ശൂര്‍ രൂപതയുടെ മെത്രാന്‍ സത്യത്തില്‍ കത്തോലിക്കനാണോ?
നാല്  മീറ്റര്‍ തുണിയാണ് മെത്രാനും അത്മായനും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് പറഞ്ഞ് അത്മായനെ അധിക്ഷേപിക്കുന്നവര്‍ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ എന്ത് ചെയ്യണമെന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കില്‍!


No comments:

Post a Comment