Translate

Saturday, January 31, 2015

കൊല്ലുന്നേ ...ഓടി വായോ...!


ശ്രീ. തെലക്കാട്ടച്ചന്‍ ഹൃദയം തുറന്നു പറഞ്ഞ സത്യങ്ങള്‍ ഏതൊരു സഭാംഗത്തിന്‍റെയും ഹൃദയം ഭേദിക്കും. സീറോ മലബാര്‍സഭ സ്വതന്ത്ര ഏജന്‍സി ആയപ്പോഴേ മാര്‍പ്പാപ്പാ പറഞ്ഞിട്ടുണ്ടാവണം, ‘നിന്‍റെ ഹൃദയത്തിലൂടെ കുറെ (ബാറുകളും) വാളുകളും ’ കടന്നു പോകുമെന്ന്. അതായിരിക്കണം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തേലക്കാട്ടച്ചന്‍ പുത്തന്‍ കുര്‍ബാന ചൊല്ലിയപ്പോള്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം ഒന്നൊന്നായി അയവിറക്കി കാണണം. എന്തൊരു സന്തോഷമായിരുന്നു, കുടുംബക്കാര്‍ക്കും, നാട്ടുകാര്‍ക്കും. പുതു മണവാളനും മണവാട്ടിയും ബന്ധു വീടുകള്‍ സന്ദര്‍ശിക്കുന്നതുപോലെയുള്ള സന്ദര്‍ശനങ്ങളും സ്വീകരണങ്ങളും ഒരു വര്ഷം മുഴുവന്‍. എല്ലാം പോയി, ഇപ്പോള്‍ ചില ഗെയിറ്റിനു മുമ്പില്‍ ‘പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്ന് ബോര്‍ഡ് വെയ്ക്കുന്നത് പോലെ ‘ഇവിടെ അച്ചനുണ്ട്‌ ബഹുമാനിക്കുക’ എന്നെഴുതി വെയ്ക്കേണ്ട ഗതികേട് ആര്‍ക്കുള്‍ക്കൊള്ളാനാവും? അയിലോക്കാംകാരാ  നീ മുടിഞ്ഞു പോകണേ എന്ന് പ്രാകുന്നതിനു പകരം, ‘നിന്‍റെ വീട്ടില്‍ ഒരച്ചനുണ്ടാകട്ടെ’ എന്ന് പറഞ്ഞു ശപിക്കുന്നിടം വരെ എത്തിയില്ലേ കാര്യങ്ങള്‍? ഇവിടെ ജനിക്കുന്നത് മുഴുവന്‍ ഇവിടെ നശിക്കട്ടെ എന്ന് വാശി പിടിച്ചത് കാരണം ലത്തിന്‍കാരുടെയും വഴി മുട്ടി. പട്ടി തിന്നുമില്ല, പശൂനെ തീറ്റിച്ചതുമില്ല.

കുറേക്കാലം മുമ്പ് ഗള്‍ഫില്‍വെച്ച് ഒരു കോട്ടയം ജില്ലക്കാരനെ കണ്ട കാര്യം ഓര്‍ക്കുന്നു. ഞാനും അര കോട്ടയമാണല്ലോ. പക്ഷേ, എത്ര ചോദിച്ചിട്ടും വീടിന്‍റെ സ്ഥാനമല്ലാതെ പേര് പറയുന്നില്ല. അവസാനം ഞാന്‍ കണ്ടുപിടിച്ചു; ഒരു മെത്രാന്‍റെ വീട്ടുപേരായിരുന്നത്. കുടുംബത്ത് നിന്ന് ഒരാള്‍ മെത്രാനായപ്പോള്‍ കടയുടെ പേര് മാറ്റിയ ഒരാളെയും ഞാന്‍ അറിയും. മെത്രാനുണ്ടെന്നു കരുതി ആ വീട്ടിലേക്ക് ആരെങ്കിലും കണ്ണുമടച്ചു പെണ്ണിനെ കെട്ടിച്ചു വിടുന്ന കാലവും പോയി. മൊത്തം മാര്‍ക്കറ്റില്‍ ഇടിവ് അനുഭവപ്പെടുന്നു. ഇനി വീട്ടുപേര് കൂട്ടി പേര് പറഞ്ഞ് ഒരാളെ മെത്രാനാക്കുന്നതിനു പകരം, പഞ്ചായത്തും വാര്‍ഡും വീട്ടു നമ്പരും ചേര്‍ത്ത് PM/Xl/312ല്‍ മത്തായി എന്നൊക്കെ സൂചിപ്പിക്കുന്ന സമ്പ്രദായം കൊണ്ടുവരാം. അച്ചന്മാര്‍ക്കും ഇതാവാം. കൊക്കന്‍ പോലുള്ള വീടുകളില്‍ വീര്‍പ്പ്മുട്ടി കഴിയുന്ന അനേകം സാധുക്കള്‍ക്ക് ഇത് ഉപകാരപ്പെടും.

കന്യാസ്ത്രികളുടെ എണ്ണം കുറഞ്ഞാല്‍ പിന്നെ കത്തോലിക്കാസഭ തീര്‍ന്നൂവെന്ന് കരുതിയാല്‍ പോരെ? രൂപതയിലെ മഠങ്ങളിലെ വോട്ട് കാണിച്ചായിരുന്നല്ലോ ഇത്രയും നാളും പാര്‍ട്ടിക്കാരെ വിരട്ടിക്കൊണ്ടിരുന്നത്. അവരായിരുന്നല്ലോ വികാരിയച്ചനും കൂട്ടര്‍ക്കും വെച്ച് വിളമ്പി കൊടുത്തുകൊണ്ടിരുന്നത്. അവരായിരുന്നല്ലോ, പിരിവു തരാത്തവരും കണക്കു ചോദിക്കുന്നവരുമായ അത്മായരുടെ മക്കളെ ഉച്ചകുര്‍ബാനക്കിടെ പുറത്തിറക്കി വിട്ടുകൊണ്ടിരുന്നത്. ഇപ്പോ വാല്യക്കാരും പോയി, മഠംകാരും പോയി. ഇനി നാട്ടില്‍ നടക്കുന്ന സദ്യകള്‍ മാത്രം ശരണം. ഈ അത്മായര് കാരണം ഉണ്ടാകുന്ന പൊല്ലാപ്പ് വേറെ. അനുഭവിക്കട്ടെ, മരിച്ച വീട്ടില്‍ പാട്ട് പാടാന്‍ കൂലിക്കാളിറക്കേണ്ടി വന്നില്ലേ? കൊച്ചിയില്‍ ‘എക്സ്’ പ്രസ്സുകളെല്ലാം കൂടുന്നു എന്ന് കേട്ടതേ നാലും അഞ്ചും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളാണ് പൊങ്ങുന്നത്. ആത്മകഥകള്‍ ഇനിയും ഉണ്ടാകും എന്നുറപ്പ്. അതിലൊന്നും കാണാന്‍ കഴിയാത്ത നുറുങ്ങുകള്‍ കൊച്ചിയില്‍ വന്നാല്‍ കേള്‍ക്കാന്‍ കഴിയും താനും. (ആ കഥ കേള്‍ക്കാന്‍ രണ്ടു പേര്‍ ഗള്‍ഫില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, അവരെ ഇറക്കി വിടരുതെന്ന് എന്‍റെ അഭ്യര്‍ത്ഥന). സ്ടോറി ചെയ്യാന്‍ മീഡിയാക്കാരും ഉണ്ടാവും. അന്നോ തലേന്നോ, ഒന്നും മിണ്ടരുതെന്ന് ശ്രി. ബിജു രമേശ്, പി. സി ജോര്‍ജ്ജ്, ആര്‍ ബാലകൃഷ്ണപിള്ള, എന്നിവരോട് ആരെങ്കിലും പറയുന്നത് കൊള്ളാം. അല്ലെങ്കില്‍ അന്നത്തെ ചാനല്‍ സ്ടോറി മാറിപ്പോവും.

സത്യദീപത്തിലൂടെ സത്യമല്ലാത്തതെല്ലാം മാലോകരെ അറിയിച്ചുകൊണ്ടിരുന്ന തേലക്കാട്ടച്ചന്‍ നോക്കിയപ്പോള്‍ മരം ‘പേര്‍ഫെക്റ്റ്’; കുഴപ്പം പഴങ്ങള്‍ക്ക്. അച്ചന്മാര്‍ കുഴപ്പക്കാര്‍, മെത്രാന്മാര്‍ പരമയോഗ്യര്‍. നമുക്കങ്ങു സമ്മതിച്ചേക്കാം അല്ലേ? തേലക്കാട്ടച്ചന്‍ നോക്കുമ്പോള്‍ അങ്ങേരും ആലത്തറ അച്ചനും മാത്രമേ കഷ്ടിച്ചു ദാരിദ്ര്യ രേഖക്ക് മുകളില്‍ കടന്നിട്ടുള്ളൂ. തേലക്കാട്ട് പോള്‍ അച്ചന്‍ കഴിഞ്ഞകൊല്ലം ചാനലുകാരോട് ഒരു രഹസ്യം പറഞ്ഞായിരുന്നു, ഭാരതം മുഴുവന്‍ ക്രൈസ്തവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്ന്. അത് പറഞ്ഞതിന് ശേഷമാണ് ഇവിടെ ഒരു തരം വല്‍ക്കരണം മൂര്‍ച്ചിച്ചതെന്ന്‍ തോന്നുന്നു. ഈ വല്‍ക്കരണം മന്ത്രി മാണിയെയും ബാധിച്ചുവെന്ന് പാലാ വാര്‍ത്തകള്‍. മാണി ‘വാങ്ങിച്ചിരിക്കാം’ എന്നാണ് ഒരു മലബാര്‍ സ്വര്‍ണ്ണം പറഞ്ഞത്. പക്ഷേ, സമിതി തീരുമാനം വന്നപ്പോള്‍ വാങ്ങിക്കാതിരിക്കുന്നത് കണ്ടവരാണ് കൂടുതല്‍. സത്യം പറഞ്ഞേനെ, ഒരു പേടി. മാണിയും ആത്മകഥ എഴുതിയാലോ? വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സഭ കരുതുന്നില്ല, കാരണം അത് നല്ലൊരു വരുമാന മാര്ഗ്ഗമാണല്ലോ; അതായിട്ടല്ലേ മനുഷ്യര്‍ ഇപ്പോള്‍ അതിനെ കാണുന്നുള്ളൂ താനും. വിശ്വാസപരമായ മൂല്യതകര്‍ച്ചയെപ്പറ്റി വക്താവ് പറയുന്നുണ്ട്. അത് മേലേന്ന് കീഴോട്ടാണോ കീഴേന്നു മേലോട്ടാണോ വ്യാപിക്കുന്നത് എന്ന് അങ്ങേര് വ്യക്തമാക്കിയില്ല. സഭാസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ഈ നാല്‍പ്പത്തഞ്ച്‌ ലക്ഷം പേരുള്ള സഭക്ക് സാധിക്കില്ലാ എന്ന് പറഞ്ഞതിന്‍റെ വ്യംഗ്യാര്‍ഥം, ഈ നാല്‍പ്പത്തഞ്ച്‌ ലക്ഷവും കാശിനു കൊള്ളാത്തവരെന്നായിരിക്കണം (അങ്ങനെയാണല്ലോ സഭ കരുതിയിരിക്കുന്നത്).

ആളുകള്‍ക്ക് കാശ് കൂടിയതാണ് പ്രധാന പ്രശ്നം എന്ന് അങ്ങേര് പറയുന്നുണ്ട്. വ്യാപകമായ രീതിയില്‍ ഇത്രേം നാളും പിരിവു നടത്തിക്കൊണ്ടുപോന്നത് സഭയുടെ രക്ഷക്കായിരുന്നുവെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്‌. ഇക്കാര്യം പറഞ്ഞു സഭയെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അച്ചന്‍ ക്ഷമിക്കണം! അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയതാ.

മാധ്യമങ്ങളോട് ലക്ഷ്മണരേഖ കടക്കരുതെന്ന് ഒരു മാര്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. ‘മാര്‍’ ഉള്ളവര്‍ക്ക് ലക്ഷ്മണക്കയ്യാല വേണമെങ്കിലും കടക്കാമെന്നും ഓര്‍ക്കുക. അടുത്ത കാലത്താണല്ലോ ജയറാം രമേഷിന്‍റെ ചുറ്റുമുണ്ടായിരുന്ന ലക്ഷ്മണമതില് ഒരു ഹഠയോഗി അരമനയുടെ വളപ്പിലിരുന്നു കൊണ്ട് തന്നെ നെറ്റ് എറിഞ്ഞു ഭേദിച്ചതും ക്ഷമ ചോദിച്ചതും. തൃശ്ശൂര്‍ ഭാഗത്ത് ഇങ്ങിനെ ഒരു രേഖയേ ഇല്ല, ബഹുമാനപ്പെട്ട  മാര്‍.  മലബാര്‍ ഇടുക്കി ഭാഗങ്ങളില്‍ ഇങ്ങിനെ ഒരു രേഖ ഉണ്ടായിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പശ്ചിമഘട്ടത്തില്‍ ഒഴുകി പോവുകയും ചെയ്തു. ഒരു കാര്യം എനിക്ക് മനസ്സിലായി, ഈ മാണി ചങ്ങനാശ്ശേരിയിലും പോയിട്ടുണ്ട്, അല്ലെങ്കില്‍ പോകേണ്ടി വന്നിട്ടുണ്ട്. ബാര്‍ വാര്‍ത്തകളെല്ലാം വായിക്കുമായിരുന്ന ഒരു വിരുതന്‍ പറഞ്ഞത്, അഴിമതി പൂര്‍ണ്ണമായും ദേശവത്കരിക്കാന്‍ മെത്രാന്മാരും സഹായിച്ചു  എന്നാണ്. തൃശ്ശൂര്‍ മെത്രാന്‍ എന്താ ഒന്നും മിണ്ടാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

മാധ്യമങ്ങള്‍ നിലക്ക് നില്‍ക്കണമെന്നുള്ള പവ്വത്തിന്‍റെ ഉത്തരവ് ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലിന്‍റെ അധികാര പരിധിയിലുള്ളതല്ല. ഇത് പറയാന്‍ മുകളില്‍ ഒരാള്‍ ഉണ്ട് താനും. ആ ലേഖനം വായിച്ചാല്‍ ഒരു മഹാരാജാവിന്‍റെ സ്ഥാനമാണ് ഇപ്പോഴും പവ്വത്തിനുള്ളതെന്നു തോന്നും. അധികാരത്തില്‍ സ്നേഹമോ സ്നേഹത്തില്‍ അധികാരമോ ഇല്ലെന്നാണ് പുലിക്കുന്നേല്‍ സാറിന്‍റെ ഭാഷ്യം. ഗാന്ധിജിയും ഗോട്സെയും വായിച്ചത് ഒരേ ഗീത, പക്ഷെ ഒരാള്‍ അക്രമിയായി അടുത്തയാള്‍ രക്ത സാക്ഷിയുമായി. ഒരേ ബൈബിളാണ് ഈ മെത്രാന്മാര്‍ വായിക്കുന്നതെങ്കിലും മനസ്സിലാക്കുന്നത് വേറൊന്ന്. മാണി കൈക്കൂലി വാങ്ങിച്ചിരിക്കാം എന്ന് പറഞ്ഞ റെജിമാവൂസ് മെത്രാന് ഒരു മുന്നറിയിപ്പും കൂടിയാണ് ഈ വൃദ്ധന്‍ കൊടുത്തതെന്ന് ഓര്മ്മിക്കുക. അങ്ങേര് ഒരു ജര്‍മ്മന്‍ ലൈന്‍ വരച്ചാല്‍ അരമനകള്‍ മുഴുവന്‍ ഒരു വശത്തും പൊതുമനകള്‍ മുഴുവന്‍ മറുവശത്തും വരും. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലെ പവ്വം അംഗീകരിക്കൂ. അങ്ങിനെയാണ് കുറ്റവാളിയെന്നു കോടതി വിധിച്ച ബെനഡിക്റ്റ് അച്ചന്‍ സഹനദാസനാവാനും  നിരപരാധിയെന്ന് കോടതി വിധിച്ച പ്രോഫ. ജൊസഫിന് തെമ്മാടിയാവാനും കഴിഞ്ഞത്! തെളിവുകളുടെ അടിസ്ഥാനത്തില്‍ സെ. ജോര്‍ജ്ജും, സെ. സെബാസ്റ്യനും പുണ്യവാന്മാരുമായില്ലേ! താമരക്കുരിശിന്‍റെ പിറകിലുള്ള തെളിവോ അതിഗംഭിരം! ഈ ജര്‍മ്മന്‍ ലൈന്‍ ഭേദിച്ച വൈദികരെ ആയ കാലത്ത് പരപ്പനംകൊട്ടിനു ട്രാന്‍സ്ഫര്‍ ചെയ്തു നീതി നടപ്പാക്കിയ ഈ വന്ദ്യ മെത്രാനെ അരമനയില്‍ ഒരു ഐസോലെഷന്‍ വാര്‍ഡുണ്ടാക്കി അവിടെ പാര്‍പ്പിക്കണമെന്ന് അപേക്ഷിക്കുന്നു. കുട്ടനാട്ടുകാര്‍ കാറിന്‍റെ ടയര്‍ പഞ്ചാറാക്കിയത് മറന്നിട്ടില്ലല്ലോ! പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നത് പോലെ ചാനലുകാര്‍ ഈ വയസ്സനെ വിചാരണ  ചെയ്യുന്നത് കേരളം കണ്ടു. എന്തിന് വിശ്വാസികളുടെ മാനം കെടുത്തുന്നു? ഏറണാകുളത്ത് അത്മായര്‍ അരങ്ങേറ്റം നടത്തുന്നുവെന്ന് കേട്ട് ഇങ്ങനെ ഭയക്കേണ്ടതുണ്ടോ?

CBCI യുടെ ഇടയലേഖനം ഈ വര്‍ഷത്തെ ഹിറ്റെന്ന് പറയാം. സ്കൂളുകള്‍ VHP കാവിവത്കരിക്കുന്നുവെന്നാണ് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നത്. കത്തോലിക്കാ സ്കൂളുകളില്‍ മാതാവിന്‍റെ സ്തുതിഗീതം എല്ലാ മതസ്ഥരായ കുട്ടികളെയും പാടിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു വത്കരണവും ഇല്ലായിരുന്നു. ഇപ്പോഴും  ചില ക്രിസ്ത്യന്‍ ആശുപത്രികളില്‍ ഡ്യുട്ടിക്ക് മുമ്പ് എല്ലാ മതങ്ങളിലുമുള്ള നേഴ്സുമാരും സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലണം. CBCI യുടെ വ്യാഖ്യാന പ്രകാരം ഘര്‍ വാപ്പസിയെന്നാല്‍ പള്ളിയില്‍ തിരിച്ചു വരുന്നിടം വരെ മാത്രം. അതിന് പിന്നോട്ട് പോകാന്‍ പാടില്ല. ക്രിസ്ത്യന്‍ കുട്ടികളെ കൃസ്ത്യന്‍ പള്ളിക്കൂടങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന് പ്രഖ്യാപിച്ച ക്രൈസ്തവ ധന്യന്‍ ഭാരതത്തിന്‍റെ മതേതരത്വത്തിന് നല്‍കിയ സംഭാവന ചെറുതല്ലെന്നും ഓര്‍ക്കണം.

ഞാറക്കല്‍ ഒരു സ്കൂള് കൊതിച്ചപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും പോക്കറ്റിലേക്കു വരുമെന്ന് ആരെങ്കിലും നിനച്ചിരുന്നോ? അല്ലെലൂജാ...!!!!

2 comments:

 1. റിപ്പോര്‍ട്ടര്‍ എക്സി. എഡിറ്റര്‍ പി കേ പ്രകാശ് എഴുതുന്നു: ഷാർലി എബ്ദോ ആക്രമണത്തെ കേരളത്തിൽ ആരും ന്യായീകരിച്ചില്ല. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമമോ എസ്ഡിപിഐയുടെ തേജസോ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ സിറാജോ ഒന്നും .

  രാഷ്ട്രീയ നേതാക്കളോ മത സാമുദായിക നേതാക്കളോ ഷാർലി എബ്ദോ ആക്രമണത്തെ പിന്തുണച്ചില്ല.എല്ലാവരും ആക്രമണത്തെ അപലപിച്ചു.ലോകത്ത് അൽ ഖ്വയ്ദ മാത്രമാണ് ആക്രമണത്തെ ന്യായീകരിച്ചത്.അൽ ഖ്വയ്ദ കഴിഞ്ഞാൽ ഫാരീസ് അബുബക്കറിൽ നിന്ന് കത്തോലിക്ക സഭ തിരിച്ച് വാങ്ങിയ ദീപിക ദിനപത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലാണ് ഷാർലി എബ്ദോ ആക്രമണത്തെ ന്യായീകരിച്ചത്. പവ്വത്തിൽ ആക്രമണത്തെ ന്യായീകരിക്കുക മാത്രമല്ല ചെയ്തത്; കേരളത്തിന് പറ്റിയ മാതൃകയായി അതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.കെ എം മാണിക്കെതിരെ വാർത്ത നൽകുന്നത് ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ഇല്ലെങ്കിൽ പ്രതികരണ സ്വാതന്ത്ര്യവും അതിര് വിട്ടു പോകും, അതാണ് പാരിസിൽ നിന്ന് മാധ്യമങ്ങൾ പഠിക്കേണ്ട പാഠം എന്നാണ് പവ്വത്തിൽ എഴുതുന്നത്. പവ്വത്തിൽ അൽ ഖ്വയ്ദക്കാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?....
  http://www.reporterlive.com/2015/01/31/156523.html

  ReplyDelete
 2. അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)
  പവ്വത്തിൽ പറയുന്നത് മാണിയുമായി ബന്ധപ്പെട്ട ബാർ കോഴ വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇങ്ങനെ സമൂഹങ്ങളെ വേദനിപ്പിച്ചാൽ ആ സമൂഹങ്ങൾ അവരുടെ രീതിയിൽ പ്രതികരിക്കും. അത് മാധ്യമക്കാർ മനസിലാക്കണം. അക്രമത്തിന്റെ ഭാഷയേ മാധ്യമങ്ങൾക്ക് മനസിലാവുകയുള്ളു എന്ന സ്ഥിതിവിശേഷം തീർത്തും അപകടകരമാണ്- ഇതാണ് പവ്വത്തിൽ പറയുന്നത്. അതായത് മാണിക്കെതിരെ വാർത്ത കൊടുത്താൽ കത്തോലിക്കർ മാധ്യമങ്ങളെ വെടി വച്ച് ശരിപ്പെടുത്തണം. പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം പാർലർ ആരോപണം ഉയർന്നപ്പോൾ ലീഗുകാർ ചെയ്തതു പോലെ പോര.അന്ന് മുസ്ലീം ലീഗുകാർ കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ കൊടി കുത്തി. മാധ്യമ പ്രവർത്തകരെ പൊതിരെ തല്ലി.അങ്ങനെ തല്ലിയിട്ട് കാര്യമില്ല. പാരിസിൽ ചെയ്തതു പോലെ വെടി വയ്ക്കണം എന്നാണ് പവ്വത്തിൽ തിരു മനസ്സിന്റെ ആഹ്വാനം.
  ആരാ ഈ പവ്വത്തിൽ? കത്തോലിക്ക സഭയിലെ ഒരു തൊഗാഡിയ. ഇയാളാണ് പണ്ട് പറഞ്ഞത് കത്തോലിക്കരുടെ കുട്ടികളെ കത്തോലിക്കരുടെ സ്കൂളിലേ പഠിപ്പിക്കാവൂ എന്ന്. സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്ന് പറഞ്ഞല്ലോ . മഹാരാജിന് ഈ ഐഡിയ കിട്ടിയത് പവ്വത്തിലിൽ നിന്നാണ്. പരമാവധി കുട്ടികളെ ഉണ്ടാക്കി കത്തോലിക്ക ജനസംഖ്യ പെരുക്കണമെന്നാണ് പവ്വത്തിൽ നേരത്തെ നടത്തിയ ആഹ്വാനം.
  ഇത് മാത്രമല്ല പവ്വത്തിൽ നടത്തിയത്. ഇസ്രയേൽ പലസ്ഥീൻ സംഘർഷത്തിൽ ഇസ്രയേലിന്റെ പക്ഷം പിടിച്ച് പരസ്യമായി സംസാരിച്ചു പവ്വത്തിൽ. പലസ്ഥീനിലെ ദുരിതമല്ല, ഇസ്രയേലികളുടെ ബുദ്ധിമുട്ടുകളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് എന്ന് ഉപദേശിച്ചു.കത്തോലിക്കാ സഭയിൽ ഭിന്നത സൃഷ്ടിച്ചവരിൽ പ്രധാനിയാണ് പവ്വത്തിൽ. കൽദായവാദം- ആരാധനാക്രമം, കുരിശിന്റെ രൂപം എന്നിവ സംബന്ധിച്ച് 1990 കളിൽ നടന്ന ചർച്ച വഴി സഭയിൽ വിഭാഗീയത കൊണ്ടുവന്നത് പവ്വത്തിൽ ആയിരുന്നു.പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ് ആ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ- ഞാൻ അന്ന് ഇന്ത്യ ടു ഡേയിൽ ആയിരുന്നു.നിരവധി റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് തയ്യാറാക്കേണ്ടിവന്നു. കേരള കത്തോലിക്ക സഭയിൽ പവ്വത്തിൽ ഉണ്ടാക്കിയ വിഭാഗീയത സംബന്ധിച്ച് പുരോഹിതർ തന്നെ എനിക്ക് കത്ത് എഴുതുകയും തെളിവ് നൽകുകയും ചെയ്തു. ഇന്ന് അതേ പവ്വത്തിലണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും പരസ്യമായി ആഹ്വാനം ചെയ്യുന്നത്. ഈ ഭീഷണി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ അടുത്ത് നടക്കില്ല-ജേക്കബ് ജോർജ് പറയുന്നു.
  യഥാർത്ഥത്തിൽ ഇപ്പോൾ പവ്വത്തിൽ ആരാണ്. പെൻഷൻ പറ്റിയ ഒരു ആർച്ച് ബിഷപ്. സഭയുടെ അഭിപ്രായം പറയാൻ സഭക്ക് ആളുണ്ട്. ചങ്ങനാശേരി ആർച്ച് ബിഷപ് ഇപ്പോൾ പെരുന്തോട്ടം ആണ്. കർദ്ദിനാൾ ആലഞ്ചേരി ഉണ്ട്.ഇവരൊന്നും പറയാത്ത അഭിപ്രായം പവ്വത്തിൽ പറയുമ്പോൾ അത് തൊഗാഡിയ, അൽ ഖെയ്ദ സ്വാധീനം തന്നെ.

  ReplyDelete