Translate

Monday, January 19, 2015

ഫ്രാൻസീസ് പാപ്പാ ലോകമുതലാളിത്തത്തിന്‍റെ’ 'ചാരൻ'!

കത്തോലിക്കാ സഭ എങ്ങോട്ട് ചെരിയുന്നു മറിയുന്നു, എങ്ങിനെയാണ് അതായിരിക്കേണ്ടത് ഇതൊക്കെ പറയാന്‍ കെല്‍പ്പും ചങ്കൂറ്റവും ഉള്‍ക്കാഴ്ച്ചയുമുള്ള പ്രഗത്ഭരാണ് എക്കാലവും സഭാ വിപ്ലവങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ശ്രി. ഇപ്പന്റെ ഇരുത്തം വന്ന ഈ വിലയിരുത്തല്‍ വളരെ ശ്രദ്ധേയം തന്നെ - എഡിറ്റര്‍ 

ഇപ്പൻ

ആരും ക്ഷുഭിതരാകരുത്. പുതിയ പാപ്പാ മനുഷ്യനെന്ന നിലയിൽ മനുഷ്യനായ യേശുവിനെ ലേശം മറികടക്കുന്നില്ലേ എന്നു ഞാൻ സംശയിക്കുന്നു. യേശുവിന്‍റെ ദൈവികമായ സഹസ്രകോടി സൂര്യപ്രഭയിൽ ആ കാഴ്ച മങ്ങിപ്പോകുന്നുവെന്നേയുള്ളൂ. പ്രവാചകന്മാരെ പൂർത്തീകരിക്കാനാണു താൻ വന്നതെന്നു പറഞ്ഞ യേശു,  തന്‍റെ വചനങ്ങളെ പൂർത്തീകരിക്കാൻ ശ്രമിക്കുന്ന പാപ്പായെ ശ്ലാഘിക്കുകയേയുള്ളൂ. അന്നത്തെ അഭിജാതസമൂഹം യേശുവിനെ തച്ചന്‍റെ മകൻ എന്നാണു വിശേഷിപ്പിച്ചിരുന്നത്. തച്ചന്‍റെ മകനും ഇപ്പനെപ്പോലുള്ള ശപ്പന്മാർക്കും 'എന്തും' പറയാം. ഈ 'എന്തും' ലോകത്തെ ഞെട്ടിക്കുന്ന വിപ്ലവകരങ്ങളായ ആശയങ്ങളാണ്. 'രക്ഷ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ നീ നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കുകൊടുക്കുക' എന്ന് യേശു പറഞ്ഞത് അത്തരമൊരാശയമാണ്. ഇത്തരം ആശയങ്ങൾ കയ്യാഫാസോ ഹേറോദേസോ അന്നു പ്രസംഗിച്ചുകൊണ്ടു നടന്നിരുന്നുവെന്നിരിക്കട്ടെ;  തച്ചന്‍റെ മകനു കല്പിച്ചുകൊടുത്തതിലും എത്രയോ മടങ്ങു മഹത്വം മനുഷ്യരെന്ന നിലയിൽ അവർക്കു കല്പിച്ചുകൊടുക്കേണ്ടതാണ്. ഇത്തരം വിപ്ലവകരങ്ങളായ ആശയങ്ങൾ ക്രിസ്തു പറഞ്ഞുകൊണ്ടു നടന്നതിന്‍റെ പേരിലാണ് ബുദ്ധിയുള്ള മനുഷ്യർ ക്രിസ്ത്യാനികളായിരിക്കുന്നത്. ബുദ്ധിയില്ലാത്ത മനുഷ്യർക്ക് യേശു ഒരു ദൈവികബിംബം മാത്രമാണ്. നാഗാരാധകർക്ക് നാഗംപോലെ.
പറയുന്ന ആളിന്‍റെ സാമൂഹികപദവി പറയുന്ന കാര്യത്തിന്‍റെ ഗൗരവത്തെ ശതഗുണീഭവിപ്പിക്കുന്നു. ടാറ്റായും ബിർളായും അംബാനിയും കണക്കുപ്രകാരം വരുമാനനികുതിയും സ്വത്തുനികുതിയും കൊടുക്കണമെന്ന് വിപ്ലവകാരിക്കു പറയാം, നരേന്ദ്ര മോഡിക്കു പറയാനാവില്ല. പറഞ്ഞാൽ പിറ്റേദിവസം അദ്ദേഹം പ്രധാനമന്ത്രിക്കസേരയിൽ ഉണ്ടാവില്ല. പക്ഷേ, ഈ പദവിയിലിരുന്ന് അദ്ദേഹം അതു പറഞ്ഞാൽ നക്ഷത്രങ്ങൾ താഴേക്ക് എത്തിനോക്കുമെന്നു തീർച്ച.
ചിന്തിക്കുന്ന മനുഷ്യരുടെ ദൃഷ്ടിയിൽ പേപ്പസിതന്നെ ഒരു മുഴുത്ത അസംബന്ധമാണ്. പക്ഷേചിന്തിക്കുന്നവർ കുറവാണല്ലോ. സാമാന്യലോകത്തിന്‍റെ ദൃഷ്ടിയിൽ ലോകത്തിലെ ഏറ്റവും വലിയ പദവിയാണ് പോപ്പിന്‍റെത്. ലോക്കൽ സിദ്ധന്മാരായ കയ്യാഫാസിന്‍റെയും ഹേറോദേശിന്‍റെയും പദവികളെക്കാൾ എത്രയോ ഉന്നതമായ പദവി! അമേരിക്കൻ പ്രസിഡന്റുമാർപോലും പോപ്പിനെ അങ്ങോട്ടു പോയി കാണുകയാണ് പതിവ്. ആ പദവിയിലിരുന്ന് ഒരു മനുഷ്യൻ യേശുവിന്‍റെ ഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മാത്രമല്ല കത്തോലിക്കാ മാഫിയായ്ക്ക് ഈ പോപ്പിനെ ഇരുത്തി വാഴിക്കുന്നതിൽ എന്തെങ്കിലും ഹിഡൻ അജണ്ടയുണ്ടോ എന്നും സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. ഒരു കാര്യം തീർച്ചഫ്രാൻസീസ് മാർപ്പാപ്പാ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ്. ചരിത്രത്തിലൊരു പോപ്പും വിപ്ലവക്കൊടുങ്കാറ്റിനെ ഇതുപോലെ നെഞ്ചേറ്റി ലാളിച്ച് ആഘോഷിച്ചിട്ടില്ല. 23-)0 ജോൺ മാർപ്പാപ്പായെപ്പോലുള്ള അപൂർവ്വം ചിലരുടെ കരളിനുള്ളിലതു കൂടുകെട്ടിയിരിക്കാം. വിരിയുന്നതിനു മുമ്പേ തല്ലിക്കൊഴിച്ച കുസുമമാണ് ജോൺ പോൾ ഒന്നാമൻ പാപ്പാ.  ചരിത്രമിങ്ങനെയിരിക്കെ, ഈ പോപ്പ് എന്തുകൊണ്ട് വധിക്കപ്പെടുന്നില്ല എന്നത് ആഴത്തിലുള്ള ആലോചന അർഹിക്കുന്നു.
ലോകമുതലാളിത്തലോബിയുടെ ബുദ്ധികേന്ദ്രത്തിന്‍റെ ഇടപെടൽ ഇതിലുണ്ടെന്നു ഞാൻ കരുതുന്നു. സംഘടിതമതങ്ങൾ എന്നും മുതലാളിത്തത്തിന്‍റെ ബലിഷ്ഠമായ അടിത്തറയും അംബരചുംബിയായ കോട്ടയും ആഴമേറിയ കിടങ്ങും ആയി വർത്തിച്ചിരുന്നു. സംഘടിതമതത്തിന്‍റെ നീരാളിക്കൈകൾ സമ്പന്നപക്ഷത്തെ തലോടുന്നതും ദരിദ്രപക്ഷത്തെ തല്ലുന്നതും സൂക്ഷ്മനേത്രങ്ങൾക്കേ കാണാൻ കഴിയൂ. സൂക്ഷ്മനേത്രനായ വയലാർ അതു കണ്ടെത്തുന്നു:

''കൊന്തകളാൽ പൂണൂലാൽ നിങ്ങൾ ചെന്നവരെവരി-
ഞ്ഞന്ധകാരങ്ങളിൽ തള്ളിയിട്ടു!''

കൊന്തയും പൂണൂലുമൊക്കെ ദരിദ്രനെ കെട്ടിവരിയാനുള്ള ചങ്ങലകളാണെന്നുള്ള സത്യം ദരിദ്രന് അറിഞ്ഞുകൂടാ എന്നതാണ് ചങ്ങലയുടെ ദാർഢ്യം വർദ്ധിപ്പിക്കുന്നത്. അതറിയുന്ന നിമിഷം മത്തദരിദ്രഗജം വാഴനാരുപോലെ ആ ചങ്ങല പൊട്ടിക്കും.
സംഘടിതമതം പരത്തുന്ന അന്ധവിശ്വാസങ്ങൾ ദരിദ്രന്‍റെ പ്രതികരണശേഷിയെ വന്ധ്യംകരിക്കുന്നു. എല്ലാം ഈശ്വര ഹിതമാണെന്ന വിശ്വാസം നോക്കുക:

''അരമനകളിൽ വിടുവേലയ്ക്കീശ്വരഹിതമെന്നോതി-
ചിരമവരെ നിയമിച്ചോരാണു നിങ്ങൾ.''

നിന്റെ ദാരിദ്ര്യം ഈശ്വരഹിതമാണ്. മുജ്ജന്മപാപഫലമാണ്. നീ അതു നിശ്ശബ്ദം സഹിക്കുക..... ഇതു ദാരിദ്ര്യത്തെ നിശ്ശബ്ദം സഹിക്കാൻ ദരിദ്രനെ പ്രേരിപ്പിക്കുന്നു. ദാരിദ്ര്യത്തിന്‍റെ മൂലകാരണങ്ങളായ അഴിമതിക്കും അനീതിക്കും ചൂഷണത്തിനുമെതിരെ പോരാടുന്നതിൽ നിന്ന് അവനെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

 'വിത്തനാഥന്‍റെ ബേബിക്കു പാലും നിർദ്ധനച്ചെറുക്കനുമിനീരും
ഈശ്വരനിശ്ചയമെങ്കിലമ്മട്ടുള്ളീശ്വരനെ ചവിട്ടുക നമ്മൾ', 

എന്നു ചങ്ങമ്പുഴ പാടിയതാണു ശരി. അങ്ങനെയൊരീശ്വരനുണ്ടെങ്കിൽ അയാൾ ചവിട്ടുമാത്രമല്ല, ഒരു തൊഴിയുംകൂടി അർഹിക്കുന്നു. പക്ഷേ, നമ്മുടെ സ്‌നേഹപ്രവാചകരായ ഈശ്വരന്മാർ അങ്ങനെയുള്ളവരല്ലല്ലോ. നീതിക്കുവേണ്ടി ഒരുപാടു പീഡകൾ സഹിക്കണമെന്നു നമ്മുടെ ഈശ്വരൻ ആഹ്വാനംചെയ്തു. അനീതിയാണ് നിർദ്ധനച്ചെറുക്കന് ഉമിനീരുറവ സമ്മാനിക്കുന്നതെന്ന് അവിടുത്തേക്കറിയാമായിരുന്നു. ധർമ്മത്തിനുവേണ്ടി പോരാടാൻ കൃഷ്ണഭഗവാനും ഉദ്‌ബോധിപ്പിക്കുന്നു. അനീതി അവരുടെ സൃഷ്ടിയും നിശ്ചയവും ആണെങ്കിൽ അനീതിക്കെതിരെ പോരാടണമെന്ന് ഈശ്വരന്മാർ ആഹ്വാനംചെയ്യുമോ?
മുതലാളിത്തത്തിന്‍റെ കാവലാളായ ഭരണകൂടം മതം വിതയ്ക്കുന്ന അന്ധവിശ്വാസങ്ങളെ ചരിത്രത്തിന്‍റെ തുടക്കം മുതൽ സമർത്ഥമായി ഉപയോഗിച്ചുപോന്നു. യുദ്ധത്തിൽ മരിക്കുന്ന ഭടന് വീരസ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാ സം നോക്കുക. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം നടപ്പാക്കുന്നതിൽ ഭരണവർഗ്ഗത്തിന് മതം ഏറെ പ്രയോജകീഭവിച്ചു. ദൈവം ഭീകരനാണെന്ന അബദ്ധവിശ്വാസം പ്രചരിപ്പിച്ച് സംഘടിതമതം സമൂഹത്തിൽ ഭയസംക്രസ്തമായ ഒരു ദാർശനികാന്തരീക്ഷം സൃഷ് ടിച്ചു. ദൈവഭയം പ്രത്യക്ഷദൈവമായ രാജാവിലേക്കും പകർന്നു.
പാശ്ചാത്യ മുതലാളിത്തം ഇന്നൊരു തിരിച്ചറിവിലാണ്. ഊന്നുവടിയായിരുന്ന മതം ഇതാ ബൂമറാങ്ങുപോലെ തിരിച്ചടിക്കുന്നു. ശീതസമരത്തിന്‍റെയും യുദ്ധങ്ങളുടെയും കാലം കഴിഞ്ഞു. ഹിരോഷിമയിലും നാഗസാക്കിയിലും പൊട്ടിയത് വെറും ഏറു പടക്കങ്ങൾ മാത്രമാണെന്ന് കുഞ്ഞുങ്ങൾക്കും അറിയാം. അടുത്ത ലോകമഹായുദ്ധം ഒരു സംഭവമേ അല്ലെന്നും എല്ലാ സംഭവങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കലാണെന്നും എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഇന്നു ലോകസമാധാനത്തിനു ഭീഷണി മതതീവ്രവാദമാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള മ്ലേച്ഛമായ അവിഹിതബന്ധമാണ് മതതീവ്രവാദം ശക്തിപ്പെടാൻ കാരണം. പാശ്ചാത്യലോകം മതവും രാഷ്ട്രീയവുമെന്ന സയാമീസ് ഇരട്ടയെ വിജയകരമായി ശസ്ത്രക്രിയ ചെയ്തു വേർപെടുത്തിയിരിക്കുന്നു. ഇത് ഇന്നലെ വെട്ടിയ വെള്ളിടിയിൽ സംഭവിച്ചുപോയതൊന്നുമല്ല. നവോത്ഥാനചിന്തകളുടെ പരിണതഫലമാണത്.
സ്വന്തം നിലനില്പിന് ഉതകാത്ത മതം ഇന്നിന്‍റെ ബാദ്ധ്യതയും നാളെയുടെ ഭീഷണിയുമാണെന്ന് പാശ്ചാത്യ സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഇറാക്കുയുദ്ധവും അഫ്ഗാൻ യുദ്ധവും ആവർത്തിച്ചു പഠിപ്പിച്ചു.  ഓരോ അഞ്ചുവർഷംകൂടുമ്പോഴും ശാസ്ത്രവിജ്ഞാനം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണത്രേ; ഇങ്ങനെ പുരോഗമിച്ചാൽ കാൽനൂറ്റാണ്ടിനുള്ളിൽ ഒരു പൈശാചികപ്രതിഭ അവന്‍റെ ബെഡ്‌റൂമിൽ സജ്ജീകരിച്ച ലാബറട്ടറിയിൽ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോന്ന ഒരായുധം വികസിപ്പിച്ചെന്നുവരാം; ചുരുങ്ങിയപക്ഷം ഒരു സ്യൂട്ട്‌കേസ് അണുബോംബെങ്കിലും. ഇതൊക്കെ മതതീവ്രവാദം ഉണർത്തുന്ന ഭീഷണിയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ഇതൊക്കെ കണക്കിലെടുത്ത് പാശ്ചാത്യമുതലാളിത്ത ലോബിയുടെ ബുദ്ധികേന്ദ്രം ഒരു തീരുമാനത്തിലെത്തിയെന്നു ഞാൻ കരുതുന്നു. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന മുസ്ലീങ്ങളുടെ ഇടയിൽ അതിവേഗം പ്രചരിക്കുന്ന മതതീവ്രവാദത്തെ അടിച്ചമർത്തുക അസാധ്യമാണ്. ക്രിസ്ത്യൻ മതതീവ്രവാദമാണ് കുരിശുയുദ്ധങ്ങൾക്കു തുടക്കംകുറിച്ചത്. മുസ്ലീം മതതീവ്രവാദത്തിനു വിത്തുവിതച്ചതും മറ്റൊന്നല്ല. അതുകൊണ്ട്, ഏകപക്ഷീയമായി വെടിനിറുത്തിയാൽ മുസ്ലീം തീവ്രവാദം അപ്രത്യക്ഷമായിക്കൊള്ളും. രണ്ടു കൈകളുംകൂടി കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ. ജീവിതക്കൊതി കൂടുതൽ മുതലാളിത്തത്തിനാണല്ലോ. അതുകൊണ്ട് മുസ്ലീം മുതലാളിത്തലോബിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നു കരുതാം.
മതം മാനവികതകൊണ്ടു നിറയുമ്പോൾ തീവ്രവാദപ്രവണതകൾ അപ്രത്യക്ഷമാകും. മാനവികതാവാദിയായ ഒരു പോപ്പിന് ഇരുന്നുവാഴുവാൻ അവർ കനിഞ്ഞനുവാദം കൊടുത്തതത് അതുകൊണ്ടാണ്. ഇതു മുതലാളിത്തം കനിഞ്ഞുനീട്ടിയ ഭിക്ഷയല്ല. ചരിത്രത്തിന്‍റെ നിർദ്ദയസമ്മർദ്ദത്തിന്റെ ഫലമാണിത്. 'ചാർട്ടർ' ചെയ്ത ഒരു രഹസ്യപദ്ധതിയുടെ ഭാഗമായാണ് യാഥാസ്ഥിതികനായിരുന്ന ബെനഡിക്റ്റ് പതിനാറാമന് കെട്ടുകെട്ടേണ്ടിവന്നതെന്നും ഞാൻ ഊഹിക്കുന്നു. അല്ലാതെ, വത്തിക്കാനിലെ സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലൊന്നുമല്ല. വത്തിക്കാനിൽ എന്നാണ് സാമ്പത്തികക്രമക്കേടുകൾ ഇല്ലാതിരുന്നത്? ലോകം സംഘടിതമതങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നേടി ആരോഗ്യകരമായ ആത്മീയതയിലേക്ക് ഉണരുന്നതിന്‍റെ മുന്നോടിയായി ഇതിനെ കാണാം.


ഫോൺ: 9446561252

3 comments:

 1. Akhil Jacob on FB

  460 കോടി വർഷം ആയിട്ടുണ്ട് ഭൂമി ഉണ്ടായിട്ട് , അതിനു ശേഷം ഏതാണ്ട് 350 കോടി വർഷം ആയപ്പോൾ ആണ് സൈനോ ബാക്ടീരിയകൾ ഉണ്ടാകുന്നത് , 110 കോടി വർഷങ്ങൾ കൂടി കഴിഞ്ഞപ്പോ മറ്റുള്ള ജീവികളുടെ മൈക്രോകോശങ്ങൾ രൂപപ്പെട്ടു, അവസാനത്തെ ഏതാണ്ട് ഒന്നര ലക്ഷം വർഷം വരുമ്പോൾ ആണ് ഹോമോസാപിയൻസ് സാപിയൻസ് എന്ന വർഗ്ഗം ഭൂമിയിൽ ഉണ്ടാകുന്നത്.
  അതായത് ഈ പ്രപഞ്ചത്തിന്റെ പ്രായത്തെ 365 ദിവസത്തിലേക്ക് താരതമ്യപ്പെടുത്തിയാൽ മുന്നൂറ്റിയറുപത്തിയഞ്ചാമത്തെ ദിവസം 23 മണിക്കൂറും 56 മിനിട്ടും കഴിഞ്ഞു ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ജീവിയാണ് ഹോമോ സാപിയൻസ് സാപിയൻസ് എന്ന നമ്മൾ. പിന്നീട് ലക്ഷക്കണക്കിന്‌ വർഷങ്ങൾകൊണ്ടാണ് പരിണാമം സംഭവിക്കുന്നതും സംസാരിക്കാനും, എഴുതാനും, പരസ്പരം കമ്മ്യുണിക്കെട്റ്റ് ചെയ്യാനും പ്രാപ്തിയുള്ള ഒരു ജീവിയായി മനുഷ്യൻ മാറിയത്.
  അതുവരെ ഈ ദൈവവും ദൈവത്തിന്റെ പ്രവാചകന്മാരും എന്തു ചെയ്യുകയായിരുന്നു?
  അതോ " ഈ മനുഷ്യൻ, ഇവനൊക്കെ ഒന്ന് പുരോഗതി പ്രാപിക്കട്ടെ, എന്നിട്ടുവേണം എനിക്കെന്റെ പ്രവാചകന്മാരെ അയച്ച് ഞാനാണ് ഈ പ്രപഞ്ചത്തിന്റെ പ്രോപ്പറെറ്റർ എന്ന് ഈ മനുഷ്യനെ പറഞ്ഞു മനസിലാക്കാൻ" എന്നൊരു തീരുമാനം ദൈവം എടുത്തിരുന്നോ എന്നും വിശ്വാസികൾ പരിശോധിക്കേണ്ടതായിട്ടുണ്ട്.

  ReplyDelete
 2. ഫ്രാൻസീസ് മാർപ്പാപ്പാ മുതലാളിത്ത ചാരനെന്ന' തലക്കെട്ടിൽ ശ്രീ ഇപ്പന്റെ ലേഖനം വായിച്ചപ്പോൾ മാർപ്പാപ്പായുടെ ചാരപ്പണികൾ അറിയാനുള്ള ജിജ്ഞാസയുമുണ്ടായി. ലേഖനം മുഴുവൻ വായിച്ചിട്ടും മാർപ്പാപ്പയുടെ ലോകമുതലാളിത്ത രാജ്യങ്ങൾക്കുവേണ്ടിയുള്ള ചാര പ്രവർത്തനങ്ങളെപ്പറ്റി ഒന്നും തന്നെ മനസിലായില്ല. എല്ലാം ഇപ്പനു തോന്നുന്നുവെന്നും എഴുതിയിട്ടുണ്ട്. ഇപ്പനെപ്പോലുള്ളവർ അത്തരം ഗൌരവപരമായ കാര്യങ്ങൾ എഴുതുമ്പോൾ വസ്തു നിഷ്ഠമായി ചിന്തിച്ചിട്ട് ഒന്നുകൂടി വിശകലനം ചെയ്ത് എഴുതണമായിരുന്നു. ഒരു വിഷയം അവതരിപ്പിച്ചിട്ട് ആ വിഷയം തന്നെ കാടു കേറി മുസ്ലിം തീവ്ര വാദമാക്കുകയും ചെയ്തു. മുസ്ലിം തീവ്രവാദത്തെ മാർപ്പാപ്പായുടെ ചാരപ്പണിയുമായി ബന്ധപ്പെടുത്തുന്നതും യുക്തിക്ക് നിരക്കുന്നതല്ല.

  വത്തിക്കാന്റെ സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഇപ്പൻ യാതൊന്നും തന്നെ പരാമർശിച്ചിട്ടില്ല. അമേരിക്കൻ ബാങ്കുകളിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ള രാജ്യം വത്തിക്കാനാണ്. 600 ബില്ല്യൻ ഡോളർ വത്തിക്കാൻ വക അമേരിക്കൻ ബാങ്കിലുണ്ട്. ഒബാമ മാർപ്പാപ്പയെ വത്തിക്കാനിൽ ചെന്നു കാണുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ കാരണമാണ്. ആവശ്യം അമേരിക്കൻ സാമ്പത്തിക ലക്ഷ്യമെങ്കിൽ അവിടെ വത്തിക്കാൻ അമേരിക്കയുടെ ചാരനാകുന്നതെങ്ങനെ? ശീത സമരങ്ങൾ തകർക്കാൻ സാമ്പത്തിക സഹായം ചെയ്തത് വത്തിക്കാനാണ്. അന്ന് മുതലാളിത്ത രാജ്യങ്ങൾക്ക് വത്തിക്കാനെ വേണമായിരുന്നു. അങ്ങനെയാണ് വത്തിക്കാന് സമ്പന്ന രാജ്യങ്ങളെ കൂട്ടു പിടിച്ച് സോവിയറ്റ് കമ്യൂണിസം തകർക്കാൻ സാധിച്ചത്. വാസ്തവത്തിൽ സമ്പന്ന രാജ്യങ്ങൾക്ക് വത്തിക്കാനെ ആവശ്യമുണ്ട്.

  കമ്യൂണിസ്കാർ പറയുന്നപോലെ ഒരു സുപ്രഭാതത്തിൽ വത്തിക്കാന്റെ പണം ബാങ്കിൽനിന്നു പിൻവലിച്ച് ദരിദ്രർക്ക് ദാനം ചെയ്താൽ അമേരിക്കയിലെ വൻകിട കോർപ്പറേഷൻ തകർന്നു നിലം പതിക്കും. തെരുവുകളിൽ തൊഴിലില്ലാത്തവരുടെ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരിക്കും. പിന്നീട് ഇവിടം ഉഗാണ്ടാ പോലാകും. മാർപ്പാപ്പാ, മുതലാളിത്ത ചാരനെന്ന ഭാഷ നാട്ടിലെ കമ്യൂണിസ്റ്റ്കാരുടെ നാവിൽ നിന്ന് കേള്ക്കുന്നതാണ്. അവരുടെ ലക്ഷ്യം വോട്ടു ബാങ്കും. ഇപ്പന് രാഷ്ട്രീയ മോഹമുണ്ടോയെന്നും അറിയില്ല.

  അമേരിക്കൻ പ്രസിഡണ്ട് മാർപ്പാപ്പയെ സന്ദർശിക്കുന്നുണ്ടെങ്കിൽ അത് അമേരിക്കയുടെ താല്പര്യത്തിനാണ്. ഒബാമയ്ക്ക് ഇനി വോട്ടു തേടി വത്തിക്കാന്റെ സഹകരണം ആവശ്യമില്ല. കാരണം, റൂസ്'വെൽറ്റൊഴികെ ഒരു മൂന്നാം മുഴം അമേരിക്കൻ പ്രസിഡന്റ് ചരിത്രത്തിലില്ല..

  അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന് വത്തിക്കാന്റെ പണം ആവശ്യമാണ്. നിനക്കുള്ളതെല്ലാം ദാരിദ്രർക്കായി ദാനം ചെയ്യുകയെന്ന ആത്മീയ പ്രഭാഷണവും കമ്യൂണിസറ്റ് പ്രത്യായ ശാസ്ത്രവുമായി പോയാൽ രാഷ്ട്ര ങ്ങളുടെ സാമ്പത്തിക ശാസ്ത്രം തന്നെ തകരും. മുതലാളിത്ത രാജ്യങ്ങളെ തകർക്കണമെന്ന് വീരോടെ വാദിച്ചിരുന്ന കമ്യൂണിസ്റ്റ് ചൈനയും മുതലാളിത്ത രാജ്യങ്ങളിൽ ഒന്നാമനായി. ഫ്യൂഡൽ കാസ്ട്രോയുടെ കമ്യൂണിസ്റ്റ് ക്യൂബയും അവസാനം അമേരിക്കയ്ക്ക് കീഴടങ്ങി.

  ഇപ്പന്റെ ഭാഷയിൽ മാർപ്പാപ്പാ ഇന്ന് മുതലാളിത്ത രാജ്യമായ ചൈനയുടെ ചാരനാണൊയെന്നും അറിയില്ല. കാരണം, അദ്ദേഹത്തിന്റെ ലേഖനം ഒരു തൊന്നലാണെന്നും അദ്ദേഹം തന്നെ എഴുതിയിരിക്കുന്നു.

  കുറച്ചു കൂടി ഗവേഷണം നടത്തി ഗൌരവമേറിയ ഈ വിഷയം അവതരിപ്പിക്കാമായിരുന്നു.ഇപ്പന്റെ ലേഖനം വായനക്കാരനോട് നീതി കാണിച്ചിട്ടില്ല. കുട്ടികളെ ഒതല്ലോയും റ്റെമ്പസ്റ്റും പഠിപ്പിക്കുന്ന പോലെയായി. ജിജ്ഞാസ നിറഞ്ഞ തലക്കെട്ടിൽ തുടങ്ങിയ ലേഖനം അവസാനിക്കുന്നത് അമിട്ടുവെടി പോലെ ലോക തീവ്രവാദത്തിലാണ്. ഗൗരവമേറിയ ഒരു ലേഖനം എഴുതുമ്പോൾ വത്തിക്കാന്റെ സാമ്പത്തിക ശാസ്ത്രവും അതോടൊപ്പം വത്തിക്കാൻ നടത്തിയ ചാരപ്പണികളും വ്യക്തമാക്കണമായിരുന്നു. പകരം ഈ ലേഖനം കമ്യൂണിസ്റ്റു രാഷ്ട്രീയക്കാർ അർത്ഥമില്ലാതെ പ്ലാറ്റ്ഫോമിൽ പറയുന്നപോലെയായി.

  ഒരു കാര്യം ചിന്തിക്കണം, വത്തിക്കാന്റെ സാമ്പത്തിക ശാസ്ത്രം ഒരു മാർപ്പാപ്പായുടെ പൂർണ്ണനിയന്ത്രണത്തിലുള്ളതല്ല. വത്തിക്കാന്റെ കലാ ചിത്രങ്ങൾ മാത്രം വിറ്റാൽ അനേക ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കാൻ പറ്റും. അവിടുത്തെ കലാശേഖരങ്ങൾ ഓരോ കുടുംബങ്ങളുടെയും ട്രസ്റ്റു നിയന്ത്രണത്തിലാണ്. മാർപ്പാപ്പാ വിചാരിച്ചാലും അതൊന്നും കൈകാര്യം ചെയ്യാൻ സാധിക്കില്ല

  ReplyDelete
 3. പലപ്പോഴും അര്‍ഹതയില്ലാത്ത പലരും മാര്‍പ്പാപ്പയുടെ കസേരയില്‍ കയറി ഇരുന്നുട്ടുട്ടെങ്കിലും ഇന്നത്തെ പോപ്പിനെ ഇപ്പന്സാര്‍ മനസിലാക്കിയോ എന്നെനിക്കു സംശയമുണ്ട് ! നന്മയില്‍ നന്മയെ കാണാനുള്കണ്ണാണ് നമുക്കെന്നും ആവശ്യം ! ഇറ്റീസ് ബെറ്റര്‍ എഗ്ര്രീ ടൂ ഡിസ്എഗ്രീ.. . "നന്മയില്‍ നന്മയെ കാണാനുല്‍ക്കണ്ണില്ല ,തിന്മയില്‍ തിന്മയെ കണ്ടുമില്ല ! നല്ലതെന്നായിരം ചിന്തകള്‍ കൂറിയ കന്മഷപാതയില്‍ ഞാനലഞ്ഞു !" എന്നൊടുവില്‍ തേങ്ങുന്നവരാണ് മാനവകുലമാകെ...

  ReplyDelete