Translate

Tuesday, January 6, 2015

നമുക്ക് വേണ്ടത് ഫാ. പുന്നശ്ശേരിമാര്‍....


ദൈവം കണ്ണ് തുറക്കുന്ന 51/2 മണിക്കുറുകള്‍ .....2015 ല്‍ ആദ്യം വായിക്കേണ്ട വാര്‍ത്ത‍ .. കടപ്പാട് ...മാതൃഭൂമി പത്രം
ചങ്ങനാശ്ശേരി: ജീവിതത്തിനും മരണത്തിനുമിടയില്‍ എത്രസമയത്തെ യാത്രയുണ്ടാകും പല ഉത്തരങ്ങള്‍ കിട്ടും. എന്നാല്‍, ചങ്ങനാശ്ശേരി റേഡിയോ മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരിക്ക് ഒറ്റ ഉത്തരമേ കാണൂ. അഞ്ചുമണിക്കൂറെന്ന് അച്ചന്‍ പറയും. ചികിത്സിച്ചു ഭേദമാക്കാവുന്ന ഏതുരോഗത്തിനും നിര്‍ണായകമാണ് അച്ചന്‍ പറയുന്ന അഞ്ചുമണിക്കൂര്‍. മരണമുഖത്തുനിന്നു മടങ്ങിയെത്തിയ 41 ജീവനുകള്‍ ഫാ.പുന്നശ്ശേരിയുടെ വാക്കുകള്‍ക്ക് സാക്ഷ്യംപറയുന്നു.
ഇത് നന്മനിറയ്ക്കുന്ന പുതിയ ജീവന്റെ വചനം. പണമില്ലാത്തതിനാല്‍ ഒരുജീവന്‍പോലും പൊലിയരുതെന്നത് അതിന്റെ അടിസ്ഥാനപ്രമാണം. ചങ്ങനാശ്ശേരിയിലും പരിസരത്തുമായാണ് മനുഷ്യനന്മയുടെ പുതുചരിത്രം എഴുതപ്പെടുന്നത്.
ചികിത്സിക്കാന്‍ പണമില്ലാതെ വലയുന്നവര്‍ക്ക് പ്രത്യാശയുടെ വഴികള്‍ കാണിച്ചുകൊടുക്കുകയാണ് ഈ വൈദികന്‍.

രോഗിയെപ്പറ്റി വിവരം ലഭിച്ചാലുടന്‍ അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 140 സ്ഥിരം പ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്. അവര്‍ സമൂഹത്തിന്റെ വിവിധമേഖലകളില്‍നിന്നുള്ളവര്‍. ജീവന്‍ രക്ഷിക്കുകയെന്നതുമാത്രം ലക്ഷ്യം.

രോഗിയുടെ സമുദായത്തിലുള്ളവരോട് വിവരം തിരക്കും. നാട്ടുകാരുള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും. പിന്നെ ആ പ്രദേശത്തെ വീടുവീടാന്തരം കയറിയിറങ്ങും. പണംനല്‍കി സഹായിക്കണമെന്ന് അഭ്യര്‍ഥിക്കും. പണം സ്വീകരിക്കാന്‍ ഇറങ്ങുന്ന തിയ്യതിയും പറയും. നിശ്ചയിച്ചദിവസം രാവിലെ വീടുകള്‍കയറും. സാന്പത്തികശേഷി കുറഞ്ഞവര്‍ 500 രൂപയെങ്കിലും തരണമെന്ന് അഭ്യര്‍ഥിക്കും. പണമുള്ളവര്‍ക്ക് കഴിവിനനുസരിച്ച് നല്‍കാം.
രാവിലെ സംഭാവന സ്വീകരിച്ചുതുടങ്ങുമ്പോള്‍ സ്ഥിരംപ്രവര്‍ത്തകരും സമിതിയംഗങ്ങളും മാത്രമേ കാണൂ. വീടുകള്‍ പിന്നിടുന്തോറും ആളെണ്ണം കൂടും. ഓരോ വീട്ടില്‍നിന്നും ഒരാളെങ്കിലും പിരിക്കാനിറങ്ങണമെന്നുണ്ട്. തീരുമ്പോഴേക്കും പെരുന്നാളിന്റെ ആളുണ്ടായിരിക്കും. ഒരുകണക്കിന് ഇത് രക്ഷയുടെ പെരുന്നാളാണല്ലോ.
കൃത്യം അഞ്ചുമണിക്കൂര്‍ നേരമേയെടുക്കൂ. അതിനുള്ളില്‍ വേണ്ടതുക കിട്ടും. വേണ്ടതിലേറെ തുക, കഴിഞ്ഞതവണകളിലെല്ലാം പിരിഞ്ഞുകിട്ടി.
പ്രവര്‍ത്തകരാരും പത്തുപൈസപോലും എടുക്കില്ല. പിരിവിനിടയില്‍ ബണ്ണും കാപ്പിയും കിട്ടിയാല്‍ കഴിക്കാം.

പണം നല്‍കുന്നവര്‍ക്കെല്ലാം കാര്‍ബണ്‍പേപ്പര്‍വെച്ച രസീതുകള്‍ കൊടുക്കും. പിരിവു തീരുമ്പോള്‍ അവിടെവെച്ചുതന്നെ പണമെണ്ണും. ഒരുജീവന്‍ രക്ഷിക്കാന്‍ എത്രകിട്ടിയെന്ന് വിളിച്ചുപറയും. അത് മനുഷ്യനന്മയുടെ വിളംബരംകൂടിയാകും. ഒടുവില്‍ കണക്കുകള്‍ അച്ചടിച്ചും പ്രസിദ്ധീകരിക്കും.ഇതുവരെ സഹായം ലഭിച്ചവരില്‍ നാനാജാതിമതസ്ഥരുണ്ട്.പിരിവിനുമുമ്പ് പലദിവസങ്ങളിലായി 22 യോഗമെങ്കിലും ചേരും. സ്ഥലത്തെ സര്‍വസമ്മതരായ ആളുകളാകും ഇതിനായി രൂപവത്കരിക്കുന്ന ജീവന്‍രക്ഷാ സമിതിയിലുണ്ടാകുക.

ഫാ.പുന്നശ്ശേരിയുടെ സഹായംതേടി മാമ്പുഴക്കരി സ്വദേശി തങ്കപ്പന്‍ രണ്ടുവര്‍ഷംമുമ്പ് ചെന്നു. മകന്‍ ബിജുവാണ് കുടുംബം നോക്കിനടത്തിയിരുന്നതെന്നും അവന് കരള്‍രോഗമാണെന്നും പറഞ്ഞ് തങ്കപ്പന്‍ പൊട്ടിക്കരഞ്ഞു. അവരുടെ വീട്ടില്‍ച്ചെന്നുകണ്ട അച്ചന്റെ കരളലിഞ്ഞു. ഒന്നും രണ്ടുമല്ല, 25 ലക്ഷം രൂപ ചികിത്സയ്ക്കു വേണമായിരുന്നു. കരള്‍ പകുത്തുനല്‍കാന്‍ സഹോദരി തയ്യാറായി. അന്നാണ് അച്ചന്‍ ആദ്യമായി പിരിവിനിറങ്ങിയത്. പിന്നെ അത് നിയോഗംപോലെയായി. രക്ഷതേടിയവരെയെല്ലാം ജീവിതത്തിലേക്കു തിരിച്ചുതന്നതിന് ദൈവത്തോട് അച്ചന്‍ നന്ദിപറയുന്നു.
പിരിച്ച പണം നാട്ടുകാരുടെ സമിതി, രോഗിക്കു കൈമാറും. ഇപ്പോള്‍, രോഗിയുടെ ബന്ധുക്കളുമായി കരാറും വയ്ക്കുന്നുണ്ട്. പണം കൈപ്പറ്റുംമുമ്പ് രോഗി മരിക്കാനിടയായാല്‍ പിരിച്ചതുക സമാനരോഗമുള്ള മറ്റാര്‍ക്കെങ്കിലും കൈമാറാമെന്നാണ് കരാര്‍.
പള്ളിപ്പാട് സ്വദേശികളായ ശശികുമാര്‍, ബിജു എന്നിവരെ സഹായിക്കാന്‍ ഡിസംബര്‍ 21ന് 18 ലക്ഷം രൂപ പിരിച്ചു. ഇവര്‍ വൃക്കരോഗികളായിരുന്നു. ഇനി ജനവരി നാലിന് വെള്ളാവൂര്‍ സ്വദേശിനി സിന്ധുവിനായി 25 ലക്ഷം രൂപ പിരിക്കും. കരള്‍ മാറ്റിവയ്ക്കാനാണിത്.
ചങ്ങനാശ്ശേരി അതിരൂപതയുടെ വിദ്യാഭ്യാസസംരംഭമായ മീഡിയാ വില്ലേജിലാണ് പ്രത്യാശയുടെ ഓഫീസ്. അവിടത്തെ ജീവനക്കാര്‍തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളും പ്രതിഫലേച്ഛയില്ലാതെ നോക്കിനടത്തുന്നു.

നന്മ പ്രചരിപ്പിക്കാനുള്ള വേദിമാത്രമാണ് പ്രത്യാശയെന്ന് മാനേജര്‍ ജോമോന്‍ പറയുന്നു. പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രക്ഷേപണസൗകര്യമുള്ള റേഡിയോ മീഡിയ വില്ലേജ് 90.8 എന്ന കമ്യൂണിറ്റി റേഡിയോയും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ജിഹ്വയാകുന്നു.

No comments:

Post a Comment