Translate

Thursday, January 22, 2015

കന്യാവ്രതത്താല്‍ നഷ്ടമായ സ്ത്രീത്വം

മരിയാ തോമസ്
http://catholicreformation-kcrm.blogspot.in/2012_10_01_archive.html


[ 20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്‍ഷംമുമ്പ് വിട പറഞ്ഞിറങ്ങാന്‍ ധൈര്യം കാട്ടിയ മരിയാ തോമസ്, മഠം വിട്ടിറങ്ങിയ ആ രാത്രി ഉറങ്ങാനാവാതിരുന്നെഴുതിയ ഹൃദയവികാര-വിചാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്ന കവിത. ഇത് തന്റെ മാത്രം വിചാരങ്ങളല്ലെന്നും, ജീവിതഭദ്രതയില്ലാത്തതിനാല്‍മാത്രം മഠമെന്ന കാരാഗൃഹത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന നൂറുകണക്കിനു കന്യാസ്ത്രീകളുടെ മനോഗതങ്ങളെയും തേങ്ങലുകളെയും കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.]



സ്ത്രീത്വത്തിന്‍ രുചിയെന്തെന്നറിയുന്നതിന്‍ മുമ്പു
കന്യാസ്ത്രീ വേഷത്തിനുള്ളില്‍ ഞാന്‍ പെട്ടുപോയ്!
'പരിശുദ്ധമായ സമര്‍പ്പണം', 'ദൈവത്തിന്‍
പരിശുദ്ധമാം വിളി', 'വീടിന്നനുഗ്രഹ-
ദായകമാം വിളി' എന്നൊക്കെയല്ലയോ
കുഞ്ഞുങ്ങള്‍ കേള്‍ക്കു,ന്നിതല്ലോ പ്രചോദനം!

വയസ്സറിയിക്കാത്ത പതിനഞ്ചിലാവുമോ-
കന്യാവ്രതം സ്വയം സ്വീകരിച്ചീടുവാന്‍?
ദാരിദ്ര്യബാധിതയായവള്‍ക്കാവുമോ
ദാരിദ്ര്യവും വ്രതമായ് സ്വീകരിക്കുവാന്‍?
അനുസരിക്കായ്കയ്ക്കു പ്രഹരങ്ങളേല്ക്കുവോള്‍-
അനുസരിക്കാനും സ്വയം വ്രതം നേരുമോ?

അന്ധകൂപത്തിലെ മണ്ഡൂകമെന്നപോല്‍
നാലു ചുമരുകള്‍ക്കുള്ളിലായി ഞാന്‍
എന്നും മണിയടിയ്‌ക്കൊപ്പിച്ചുണര്‍ന്നിടും,
പിന്നെ നടന്നിടും, പ്രാര്‍ഥന ചൊല്ലിടും,
ഭക്ഷണമല്പം കഴിച്ചിടും, പുഞ്ചിരി
ഏവര്‍ക്കുമേകിയിട്ടുള്ളില്‍ കരഞ്ഞിടും,
വായിക്കും, ചിന്തിക്കും, വൃത്തിയാക്കും, മഠ-
ച്ചട്ടമൊത്തിത്തിരി മാത്രമേ മിണ്ടിടൂ.

ദൂരെയായ് മുത്തുകളൊത്തിരിയുള്ളിലുള്‍-
ക്കൊള്ളും വിശാലമാമാഴിപോല്‍ വാഗ്ദത്ത-
മാം പവിഴങ്ങള്‍ നിറഞ്ഞ സ്വര്‍ഗം, അതില്‍
മാലാഖമാരെന്നപോലെ തൂവെള്ളയാം
വസ്ത്രമണിഞ്ഞു നീന്തുന്നവരായിരം
ഭക്തര്‍, സകലതും ശീലമായോര്‍, രണ്ടു
കൂട്ടരിലും സത്യസന്ധര്‍, കപടരും.

കാരുണ്യമുള്ളവര്‍, നിര്‍ദ്ദയര്‍, ആരോഗ്യ-
മുള്ളവര്‍, രോഗികള്‍, പ്രായം കുറഞ്ഞവര്‍,
വാര്‍ധക്യബാധിതര്‍, സംതൃപ്തര്‍, സംതൃപ്തി
കിട്ടാതെ അസ്വസ്ഥചിത്തരായ്ത്തീര്‍ന്നവര്‍
സംശുദ്ധര്‍ സംശുദ്ധി തീരെയില്ലാത്തവര്‍,
ദാരിദ്ര്യചൈതന്യമുള്ളവര്‍, ധൂര്‍ത്തിന്റെ
പര്യായമായവര്‍, അനുസരിക്കുന്നവര്‍,
അനുസരിക്കാനായിടാതെ പരാതിയും
പരിവട്ടവും പറഞ്ഞാകുലരാകുവോര്‍
ഉള്ളില്‍ പ്രകാശം ലഭിച്ചവര്‍, മിഥ്യയാല്‍
ബാധിതരായവര്‍ -സര്‍വരും ക്രൂശിതന്‍
ക്രിസ്തുവിന്‍ നാമത്തിലാ, ണിതാണത്ഭുതം!

കിണറിന്റെയടിയില്‍നിന്നവളോര്‍ത്തു: മുകളിലായ്
വ്യത്യസ്ത രശ്മികള്‍ കാണുമോ, ചോദ്യമൊരു
കടകോലു പോലെയായ്, വെണ്ണമേല്‍ നിന്നവള്‍
നോക്കി, പൊന്‍തരിവെട്ടമുണ്ടല്ലൊ മുകളിലായ്!

തീരമില്ലാക്കടല്‍ത്തീരത്തുനിന്നവള്‍
ഏകയായ്, ഭീതയായ്, കുറ്റപ്പെടുത്തലാല്‍
ലജ്ജിതയായ്, തന്നരക്ഷിതത്വത്തിലും
ഏതോ നിഗൂഢതയില്‍പ്പെട്ടുഴന്നവള്‍!

തീര്‍ത്തും ദരിദ്ര, വിധേയ, കന്യാവ്രതം
കാത്തുപോരുന്നവള്‍ ഞാനിതാ ടാഗോറി-
നോടൊത്തു പാടുന്നു: 'ഞാനമരം വിടും
വേളയില്‍ നീ തന്നെ നാവികനായ് വരും!'


Translation: by ജോസാന്റണി  



Translation from Womanhood Lost in Nunhood: by Josaantany

3 comments:

  1. മരിയാ തോമസിന്റെ കവിത ഇംഗ്ലീഷില്‍ത്തന്നെ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ലിങ്കാണ് ഈ പോസ്റ്റിന്റെ അടിയില്‍ Womanhood Lost in Nunhood:എന്ന് കൊടുത്തിരുന്നത്. അങ്ങോട്ടു പോകാന്‍ മടിക്കരുതേ. സന്യസ്തരുടെ പുനരധിവാസത്തെപ്പറ്റി സജീവമായി ചര്‍ച്ചചെയ്യുന്ന ഈ അവസരത്തില്‍ അതിന് അന്ന് ലഭിച്ച കമന്റുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

    ReplyDelete
  2. പ്രിയ മരിയാതോമസേ, ഇനിയെങ്കിലും "നീ എകയായിരിക്കുന്നത് നന്നല്ല "എന്ന ദൈവവിചാരം ഓര്‍ത്ത്‌ ഒരു ഇണയെ കണ്ടെത്തൂ ! ഏദനില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ ദമ്പതികള്‍ക്ക് പകരം നിങ്ങള്‍ ദൈവത്തിന്റെ മനസാകുന്ന പറുദീസയില്‍ ജടരാഗ്നി ഇല്ലാതാകുംവരെ രമിച്ചുജീവിക്കൂ...മാലാഖമാരും അതുകണ്ടു സന്തോഷിക്കട്ടെ (അവര്‍ക്കും വിവാഹവും ഇണയും ഇണചേരലും ഇല്ലല്ലോ!) ഭവതിയുടെ കവിതപോലെ മനോഹരമാകട്ടെ ഇനിയുള്ള ഭൂവാസം ! ആശംസകള്‍ ...

    ReplyDelete
  3. അനാദികാലം വിഷ്ണു ഭക്തരായി ജീവിച്ചു മരിച്ചു പുനര്‍ജ്ജന്മം കാത്തിരുന്ന പതിനാറായിരം ഭക്തമനസുകളാണ് പോലും അന്നു കൃഷ്ണനൊപ്പം ഗോപസ്ത്രീകളായി അവതരിച്ചത്! അതേമാതിരി അനേകവര്‍ഷം കര്‍ത്താവിന്റെ 'മണവാട്ടിപ്പട്ടം' കെട്ടി ജീവിച്ച നമ്മുടെ socalled സിസ്റെര്സ്, മരിച്ചുചെന്നു സ്വര്‍ഗത്തില്‍ കര്‍ത്താവിനെകെട്ടാന്‍ വട്ടംകൂടുമോ എന്നാരും സംശയിക്കണ്ടാ.....കാരണം പാതിരിമാര്‍ അവകാശവാദവുമായി അവിടെയെത്തി "കര്‍ത്താവ് goback " എന്ന് മുദ്രാവാക്യം വിളിച്ചേക്കും ; ഹല്ലേലൂയ്യ മറന്നതുകാരണം !

    ReplyDelete