Translate

Friday, January 2, 2015

വിന്നേഴ്സ് ബുക്കിലേക്കൊറ്റക്കൊരമ്മ .....

തമിഴ്‌നാട്ടിലെ ഉശിലാംപെട്ടി ഗ്രാമത്തിൽ ജനിച്ചുവീഴുന്ന നിമിഷത്തിൽത്തന്നെ പെൺകുഞ്ഞുങ്ങളെ അരുംകൊല ചെയ്തിരുന്ന കാലം. ക്രൂരതയുടെ കരിനിഴൽ പതിച്ച ഉശിലാംപെട്ടിയിലെ കൂരകളിൽ ഒന്നു കരയാനോ ഒരു തുള്ളി അമ്മിഞ്ഞപ്പാൽ നുണയാനോ അനുവദിക്കാതെ പെൺകുരുന്നുകളെ വംശഹത്യ നടത്തിയിരുന്ന ഭയാനകമായ ദിനങ്ങളിലാണ് റാന്നി മന്ദമരുതി കാഞ്ഞിരത്തുമൂട്ടിൽ അമ്മിണി ഉമ്മൻ ഉശിലാംപെട്ടിയിലെത്തുന്നത്.
ഉശിലാംപെട്ടി, സാത്തൂർ, എലിമല, കുപ്പണംപെട്ടി, അരിയപ്പെട്ടി, ആണ്ടിപ്പെട്ടി ഗ്രാമങ്ങളിൽ അമ്മയും അച്ഛനും പെൺകുഞ്ഞുങ്ങളെ ആരാച്ചാരുടെ കർമം ഏറ്റെടുത്ത വൃദ്ധ കൈകളിലേക്ക് എറിഞ്ഞുകൊടുത്തിരുന്ന നീചത്വം ഭീതിയോടെയാണ് അമ്മിണി കേട്ടറിഞ്ഞത്.
ആദ്യമൊക്കെ കെട്ടുകഥകളാണെന്നു ധരിച്ചു. പൈശാചികത തളംകെട്ടിയ അവിടത്തെ വീടുകൾ കയറിയിറങ്ങിയപ്പോൾ കൊടുംക്രൂരത കാലങ്ങളായി തുടരുന്ന ദുരാചാരണമാണെന്നു തിരിച്ചറിഞ്ഞു. പെൺകുഞ്ഞ് ജനിക്കുന്നതും ജീവിച്ചിരിക്കുന്നതും ഭാരമാണെന്നു വിധിയെഴുതി ഒന്നും രണ്ടും കുഞ്ഞുങ്ങളെ കുരുതിക്കൈകളിലേൽപ്പിച്ചു കൊടുത്തവരെ അമ്മിണി നേരിൽ കണ്ടു. ശമനമില്ലാത്ത ശിശുരോദനം ഹൃദയത്തിൽ തേങ്ങലായി മാറിയതോടെ കൊലയ്ക്കു വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രക്ഷകയായി മാറാൻ അമ്മിണി ഉമ്മൻ തീരുമാനമെടുത്തു.
ഉശിലാംപെട്ടിയിൽ ജനിച്ചുപോയതിനാൽ മരണശിക്ഷ വിധിക്കപ്പെട്ട പന്ത്രണ്ടു കുഞ്ഞുങ്ങളെ മക്കളായി സ്വീകരിച്ച് കേരളത്തിലെത്തിച്ച് സ്വന്തം ഭവനത്തിൽ സനാഥരായി വളർത്തുകയാണ് ഈ അറുപതുകാരി. പത്തനംതിട്ട വടശേരിക്കരയ്ക്കടുത്തു തലച്ചിറ ഗ്രാമത്തിലെ കാർമൽ മേഴ്‌സിഹോമിന്റെ ഐശ്വര്യമായ പന്ത്രണ്ടു മക്കൾക്ക് അമ്മയാണ് അമ്മിണി. പിറന്ന് മണിക്കൂറുകൾക്കുള്ളിൽ കരുണയുള്ള കരങ്ങളിലെത്തിയ കുഞ്ഞുങ്ങൾ വീടിനു മാത്രമല്ല നാടിനും സ്‌കൂളിനും അഭിമാനമായി മാറിയിരിക്കുന്നു. പരസ്പരം സ്‌നേഹിച്ചും പങ്കുവെച്ചും പാട്ടുപാടിയും പ്രാർഥിച്ചും പെൺമക്കൾ നല്ല അമ്മയുടെ തണലിൽ നല്ല മക്കളായിരിക്കുന്നു.
ഉശിലാംപെട്ടിയിലെ മരണത്തിന്റെ താഴ്‌വാരങ്ങളിൽ കഴിഞ്ഞ നാലഞ്ചു വർഷം ഉറക്കം വരാത്ത രാത്രികളായിരുന്നു എനിക്ക്. കണ്ണീർ ഇറ്റുവീണു കുതിർന്ന വചനത്താളിലെ തിരുവെഴുത്ത് വായിക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങി. മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്കുക. കൊലയ്ക്കായി വിറച്ചുചെല്ലുന്നവരെ രക്ഷിക്കാൻ നോക്കുക'.
ദൈവം കനിഞ്ഞു നൽകിയ കുഞ്ഞുങ്ങളെ ദൈവത്തെയോർത്ത് കൊല്ലരുതേ. അവയെ നിങ്ങളെനിക്കു തന്നേക്കു. ഞാൻ വളർത്തിക്കൊള്ളാം.ഉശിലാംപെട്ടി, ആണ്ടിപ്പെട്ടി ഗ്രാമങ്ങളിലെ അച്ഛനമ്മമാരോട് കരുണയോടെ ഈ സഹോദരി യാചിച്ചു. തീഷ്ണമായ പ്രാർഥനകൾക്ക് ഉത്തരമായി ദൈവം കൈക്കുമ്പിളിൽ സമ്മാനിച്ചതാണ് പന്ത്രണ്ടു പെൺമക്കളെ. ഉശിലാംപെട്ടിയിൽനിന്ന് പുതുച്ചിറയിലെ വീട്ടിലേക്ക് മടങ്ങിപ്പോന്ന കാലത്ത് 1999ലാണ് ആദ്യത്തെ മാലാഖ പിന്നാലെയെത്തുന്നത്. 1999 ലെ ഒരു കർക്കടരാത്രി. ഉശിലാംപെട്ടിയിൽ 'നിന്ന് എബ്രഹാം എന്ന സുഹൃത്ത് അമ്മിണിയെ ഫോണിൽ വിളിച്ചു.
പ്രസവിച്ചു മണിക്കൂർ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ മരണത്തിൽ നിന്നു രക്ഷിച്ചു എന്നായിരുന്നു സന്ദേശം. കുഞ്ഞിനെ എന്തുചെയ്യണം എന്നു ചോദിച്ചു തീരം മുൻപ് അമ്മിണി മറുപടി അറിയിച്ചു. 'കുഞ്ഞിനെ ഇവിടെ എത്തിക്കുക.' പൊതിഞ്ഞെടുത്ത ചോരക്കുഞ്ഞിനെയും കൊണ്ട് ഉശിലാം പെട്ടി യിൽനിന്നുള്ള സഭയുടെ സഹോദരങ്ങളെത്തി.
ആകാംഷയുടെ നെഞ്ചിടിപ്പോടെയാണ് ആ മുത്തിനെ ഞാൻ നെഞ്ചോടു ചേർത്തുവാങ്ങിയത്. പ്രസവിച്ചിട്ടില്ലാത്ത ഒരു സ്ത്രീയുടെ കൈകളിലേക്ക് പ്രസവിച്ച് 24 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുമ്പോൾ എങ്ങനെ വളർത്തും എന്നറിയാതെ ഞാൻ ആശങ്കപ്പെട്ടു. വിശപ്പകറ്റാൻ മുലപ്പാലും തണുപ്പകറ്റാൻ കുഞ്ഞുടുപ്പും ആട്ടിയുറക്കാൻ തൊട്ടിലും ഇല്ലാതെ ഞാൻ അമ്മയായി ദൗത്യം ഏറ്റെടുത്തു. കുഞ്ഞിനെ നെഞ്ചോടുചേർത്ത് വെള്ളം നാവിൽ തുടച്ചുകൊടുത്ത് ഞാൻ ഒരു വിധം നേരം വെളുപ്പിച്ചു.
പ്രസവിച്ചു കിടന്ന ഒരു അയൽക്കാരിയുടെ അരികിലേക്ക് അതിരാവിലെ മാലാഖക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഞാൻ ഓടിച്ചെന്നു. എന്റെ കുഞ്ഞിനു തരാൻ വല്ലതുമുണേ്ടായെന്നു ഞാൻ ചോദിച്ചു. രണ്ടു കുഞ്ഞുടുപ്പുകളും ഒരു പാൽക്കുപ്പിയും കൊതുകുവലയും അവർ എനിക്കു നൽകി. പ്രസവിക്കാതെ തന്നെ മാതൃത്വത്തെ ഞാൻ അന്നു സ്വന്തമാക്കി. അമ്മിണി അവൾക്ക് പേരിട്ടു- ഏഞ്ചൽ അമ്മിണി ഉമ്മൻ.
പോറ്റമ്മയുടെ വിരൽത്തുമ്പുകളിൽ ഏഞ്ചൽ പിച്ചവെച്ചു. കുഞ്ഞിക്കാലുകളിൽ തുടങ്ങി പുഞ്ചിരിയോടെ ഏഞ്ചൽ അമ്മിണിയെ അമ്മേ എന്നു വിളിച്ചുതുടങ്ങി. ഉശിലാംപെട്ടിയിൽ അരുംകൊലകൾക്ക് ഇരയായ കുഞ്ഞുങ്ങളെല്ലാം മനസിൽ ' അമ്മേ കൊല്ലരുതേ' എന്നു പറഞ്ഞിട്ടുണ്ടാകുമെന്ന് അമ്മിണി കരുതുകയാണ്.
ഏഞ്ചലിനു കൂട്ടായി പിന്നേയും ഉശിലാംപെട്ടിയിൽനിന്ന് നവജാതർ എത്തിക്കൊണ്ടിരുന്നു. ഫേബ, റൂത്ത്, ഷേബ, ഷാരോൺ, ഫെയ്ത്ത്, കൃപ, സാറാ, എസ്‌തേർ, ലുദിയ, സലോമി, ഹന്ന. ഒന്നും രണ്ടും വയസ് ഇളപ്പക്കാരായ ഈ മക്കളാണ് ഇന്ന് അമ്മയുടെ ജീവൻ. ഇനിയും കുഞ്ഞുങ്ങളെ ആഗ്രഹമുണ്ട്. പരിപാലിക്കാനുള്ള സൗകര്യമില്ലെന്നതാണ് പോറ്റമ്മയുടെ ദുഖം.
ഉശിലാംപെട്ടിയിൽനിന്ന് കുമളിവഴി കേരളം കടന്ന് പലപ്പോഴായി പലരും ബസുകളിൽ കൊണ്ടുവന്നവരാണ് ഈ കുഞ്ഞുങ്ങളിൽ പലരും. മഴ കോരിച്ചൊരിയുന്ന ഒരു അർധരാത്രി റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെത്തി ഒരിക്കൽ രണ്ടു കുഞ്ഞുങ്ങളെ ഒരുമിച്ചാണ് രണ്ടു കൈകളിലായി കോരിയെടുത്തുകൊണ്ടുവന്നത്. ഓരോ കുഞ്ഞിനെയും സ്വന്തമാക്കിയപ്പോഴെല്ലാം കാരുണ്യവാനായ ദൈവം വളർത്തിത്തരും എന്ന ധൈര്യം മനസിലുണ്ടായിരുന്നു.
 
സ്വന്തം വീട് വൃദ്ധസദനമാക്കി അനാഥരെ പാർപ്പിക്കണം എന്നു മുൻപെടുത്ത തിരുമാനം അമ്മിണി എന്നേക്കുമായി മാറ്റിയെഴുതുകയായിരുന്നു ഈ പെൺമക്കളുടെ വരവോടെ. പന്ത്രണ്ടു പെൺമക്കൾ പിച്ചവെച്ചതോടെ സ്വന്തം ഭവനം കാർമൽ മേഴ്‌സി ഹോമായി. ഇപ്പോൾ മൈലപ്ര എസ്എച്ച് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ പൊന്നോമനകളാണ് അമ്മിണി ഉമ്മന്റെ പൊന്നോമനകൾ.
ഏഞ്ചലും ഫേബയും റൂത്തും ഷേബയും പത്താം ക്ലാസിൽ പഠിക്കുന്നു. ഷാരോൺ, ഫെയ്ത്ത്, കൃപ, സാറ എന്നിവർ ഒൻപതിൽ. എസ്‌തേർ, ലുദിയ, സലോമി എന്നിവർ എട്ടാംക്ലാസിൽ. ഹന്ന ഏഴാം ക്ലാസിൽ. എല്ലാവരുടെയും പേരിനൊപ്പം അമ്മിണി ഉമ്മൻ, കാർമൽ മേഴ്‌സി ഭവൻ, ഏറം പിഒ, തലച്ചിറ എന്നാണ് വിലാസം.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങളാണിവർ. ഉണ്ണുന്നത് അമ്മയ്‌ക്കൊപ്പം. അക്ഷരം പഠിപ്പിച്ചതും പ്രാർഥനയിൽ വളർത്തുന്നതുമൊക്കെ അമ്മയാണ്. പങ്കുവയ്ക്കലിന്റേതാണ് ഇവരുടെ ജീവിതം. ഒരു മിഠായി കിട്ടിയാൽ പതിമൂന്നായി വീതിക്കും.
പുലർച്ചെ അഞ്ചിനുണർത്തി അമ്മിണി മക്കളെ പഠിപ്പിക്കും. വാരിക്കൊടുത്തു വളർത്തിയ അമ്മതന്നെ 12 പൊതിച്ചോറുകൾ കെട്ടി സ്‌കൂളിലയയ്ക്കും. ദിവസവും അധ്യാപകരെ വിളിച്ച് മക്കളുടെ കാര്യങ്ങൾ തിരക്കും. ഇവരുടെ ഓരോ ചുവടും അമ്മയുടെ നിരീക്ഷണത്തിലാണ്. ചുവടുതെറ്റാതെ കുഞ്ഞുങ്ങളെ വളർത്തി അവരുടെ ആഗ്രഹം പോലെ ഒരു നിലയിലെത്തിക്കണം. വൈകുന്നേരം നാലുകഴിഞ്ഞാൽ ഇവരുടെ കാൽപ്പെരുമാറ്റം കേൾക്കും വരെ അമ്മ ജനാലയോടു ചേർന്ന് വഴിക്കണ്ണുമായി കാത്തിരിക്കും. കാൽപ്പെരുമാറ്റം മാത്രമല്ല ഓരോരുത്തരുടെയും നെഞ്ചിടിപ്പും അമ്മയ്ക്കറിയാം. പന്ത്രണ്ടു മക്കളും അമ്മയുടെ ഇരുവശങ്ങളിലുമായി കിടന്നാണ് ഉറക്കം.
മന്ദമരുതി കാഞ്ഞിരത്തുമൂട്ടിൽ കെ.സി. ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും എട്ടുമക്കളിൽ നാലാമത്തെയാളായിരുന്നു അമ്മിണി. റാന്നി എസ്.സി. ഹൈസ്‌കൂളിലെ വിദ്യാർഥിനിയായിരുന്ന അമ്മിണി പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു. പത്താംക്ലാസ് വാർഷികപ്പരീക്ഷയുടെ ഫലം കാത്തിരുന്ന അമ്മിണിയെ തേടിയെത്തിയത് വലിയൊരു രോഗമായിരുന്നു. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ ദിവസങ്ങളായിരുന്നു അത്. മാസങ്ങളോളം ആശുപത്രിയിൽ കിടന്നു.
ചികിത്സയില്ലാത്തതിനാൽ മരണമെന്നു വിധിയെഴുതി ഡോക്ടർമാർ വീട്ടിലേക്കയച്ചു. കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ കണ്ണീരിന്റെ ഉറവ പൊട്ടി. പ്രാർഥന മാത്രമായിരുന്നു ബന്ധുക്കളുടെ അവശേഷിച്ച പ്രതീക്ഷ. തീഷ്ണമായ പ്രാർഥനകൾ ദൈവം കൈവിട്ടില്ല. അക്കൊല്ലത്തെ ഈസ്റ്റർ ദിനത്തിൽ ദൈവകൃപയിൽ അമ്മിണിക്ക് ആശ്വാസകരമായ സൗഖ്യം ലഭിച്ചു. ഈ രോഗസൗഖ്യത്തിനു കൃതജ്ഞതയെന്നോണം സുവിശേഷവേലയ്ക്ക് ഇറങ്ങിത്തിരിക്കാൻ ഇവർ തീരുമാനമെടുത്തു. സമർപ്പിതമായ ശുശ്രൂഷയുടെ യാത്രകളിലാണ് ഉശിലാംപെട്ടിയിലെ ഉൾഗ്രാമങ്ങളിലേക്ക് കടന്നുചെല്ലാൻ ഇടയായത്.
ഒരു പൊതി പുകയില പ്രതിഫലം വാങ്ങി ഒരു ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചും വിഷക്കറ കൊടുത്തും കൊലചെയ്യാൻ കൈയറപ്പില്ലാത്ത വൃദ്ധകൾ ഉശിലംപെട്ടിയിലുണ്ടായിരുന്നു. ലിംഗനിർണയം അക്കാലത്ത് സാധാരണമല്ല. കൂരയിൽ പ്രസവം നടക്കുമ്പോൾ ഈ പാട്ടിത്തള്ളമാർ പുറത്ത് ചെവി കൂർപ്പിച്ചിരിക്കും. പെൺകുഞ്ഞാണെങ്കിൽ വയറ്റാട്ടി കണ്ണുകാണിക്കും. കരുണവറ്റിയ വയറ്റാട്ടി ചോരക്കുഞ്ഞിനെ പച്ചകുത്തിയ വൃദ്ധയുടെ കൈ കൊലക്കളത്തിലേക്ക് എറിഞ്ഞുകൊടുക്കും.
നെൻമണികൾ കുഞ്ഞിന്റെ മൂക്കിൽകൂടി കടത്തിവിടും. അല്ലെങ്കിൽ അരളിച്ചെടി വേരിന്റെ വിഷക്കറ വായിലേക്കു ഇറ്റിച്ചുവീഴ്ത്തും. അതുമല്ലെങ്കിൽ വെള്ളത്തിൽ മുക്കിയെടുത്ത ഒരു പുതപ്പിൽ ജീവൻ അവസാനിപ്പിക്കും. മൺകുടത്തിൽ അടച്ചുവച്ച് ശ്വാസം മുട്ടിച്ചുകൊല്ലുന്നതിനും മടിക്കാത്തവരായിരുന്നു അവർ. സ്ത്രീധനമാണ് ഉശിലാംപെട്ടി ഉൾപ്പെടെ തമിഴ് ഗ്രാമങ്ങളുടെ ശാപം. 18 വയസു തികഞ്ഞാൽ പെൺകുട്ടിയെ കെട്ടിച്ചയയ്ക്കണം. പൊന്നും പുടവയും മാത്രമല്ല വീട്ടുപകരണങ്ങൾ വരെ നൽകിയാലേ ഉശിലാംപെട്ടിയിൽനിന്ന് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു വിടാനാകൂ. പ്രസവം, പിറന്നാൾ തുടങ്ങി മരണശ്രാദ്ധത്തിൽവരെ പൊന്നും പുടവയും ഉപഹാരമായി കൊടുത്തുകൊണ്ടിരിക്കണം. ഇങ്ങനെയൊരു ദുരവസ്ഥയിൽ മനംനൊന്താണ് ജീവന്റെ പ്രഘോഷകയായി അമ്മിണി ഈ മക്കൾക്കൊപ്പം ജീവിക്കുന്നത്.
കാർമൽ മേഴ്‌സി ഹോമിൽ ഇന്ന് സ്വപ്നങ്ങളുടെ ചിറകടികൾ കേൾക്കാം. മൂത്ത മകൾ ഏഞ്ചലിന് ഐഎഎസുകാരിയാവണം. ഫേബയ്ക്ക് എൻജിനിയറാകണം. ഷേബയ്ക്ക് ടീച്ചറാകണം. റൂത്തിന് പൈലറ്റാകണം. പന്ത്രണ്ടു പേരുടെ മനസു വായിച്ചറിയുന്ന അമ്മ പറയും. മക്കൾ പഠിച്ചാൽ മതി. ദൈവംതമ്പുരാൻ അത് നടത്തിത്തരും. പഠനത്തിൽ മാത്രമല്ല പാട്ടിലും പ്രസംഗത്തിലും കഥയെഴുത്തിലുമൊക്കെ തമിഴകം കടന്നുവന്ന മക്കൾ മിടുക്കരാണ്. കാർമൽ ഹോമിലെ അലമാരകളെ ഈ കലാതിലകങ്ങൾ സ്വന്തമാക്കിയ ട്രോഫികളാണ് അലങ്കരിക്കുന്നത്.
പളുങ്കുമാലയിലെ മുത്തുകളെപ്പോലെ കാത്ത് ഉമ്മവെച്ചും ചോറു വാരിക്കൊടുത്തും അമ്മ പരിപാലിക്കുകയാണ് മാലാഖമാരെ. ഉറങ്ങാതെ താരാട്ടുപാടിയുറക്കിയ ഇന്നലെകളിലെ രാത്രികളെ ഓർക്കുമ്പോൾ കരുണാർദ്രമായ മുഖത്ത് കണ്ണീരിന്റെ ഉറവ ചാലുകീറിയൊഴുകും. മക്കളെ പോറ്റിവളർത്താൻ അമ്മയ്ക്ക് എന്തുണ്ട് വരുമാനമെന്ന് ചോദിച്ചേക്കാം. ഇങ്ങനെയൊരു ശുശ്രൂഷ ഏൽപ്പിച്ച ദൈവം ഓരോ ദിവസവും സഹായവുമായി ആരെയെങ്കിലും അയയ്ക്കുമെന്നതാണ് അമ്മയുടെ അനുഭവം. പലരും വിശേഷവേളകളിൽ ഈ മക്കൾക്കുകൂടി ഭക്ഷണവും വസ്ത്രവും സഹായവും നൽകാറുണ്ട്.
ഒരിക്കൽ അമ്മിണി പത്തനംതിട്ടയിലെ ഒരു തുണിക്കടയിൽപ്പോയി ഒരേ അളവിൽ ഒരേ നിറത്തിലുള്ള 12 ഉടുപ്പുകൾ വാങ്ങി. ഒരേ വലിപ്പത്തിൽ ഇത്രയും ഉടുപ്പുകൾ എന്തിനാണെന്ന് കടയുമ തിരക്കി. എനിക്കു 12 മക്കളുണെ്ടന്നു പറഞ്ഞപ്പോൾ അയാൾക്കു കാര്യം മനസിലായി. കടയിൽനിന്നിറങ്ങുമ്പോൾ ഒരു പൊതിക്കെട്ട് കടയുടമ സമ്മാനമായി നൽകി. വീട്ടിലെത്തി സമ്മാനപ്പൊതി തുറന്നു നോക്കുമ്പോൾ അതിശയിച്ചുപോയി. എല്ലാവർക്കും വസ്ത്രക്കടക്കാരന്റെ വീതം ഓരോ ഉടുപ്പുകൾ.
തിരിച്ചറിവായതിനുശേഷം ഈ മക്കൾ അമ്മയോടൊപ്പം ഒന്നിലേറെ തവണ ഉശിലാംപെട്ടി കാണാൻപോയിട്ടുണ്ട്. വിഷക്കറയുള്ള എരിക്കിൻകായ്കളും കൂർത്ത കള്ളിമുൾച്ചെടികളും ഊഷരഭൂമിയിലെ നെൽപ്പാടങ്ങളുമൊക്കെ അവർ കണ്ടു. അവയൊക്കെയും ഉശിലാംപെട്ടിയുടെ ശാപമാണെന്നു മാത്രം അമ്മിണിയമ്മ മക്കളോടു പറഞ്ഞതില്ല.
ഉശിലാംപെട്ടിയുടെ പാതയോരങ്ങളിൽ ഇവരെ മറന്നുപോയ ഒരച്ഛനും അമ്മയും മകളേ എന്നു വിളിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നില്ല.
ഉശിലാംപെട്ടിയിൽ ഇവർക്കു മുൻപോ ശേഷമോ ജനിച്ച സഹോദരൻമാർ ജീവിച്ചിരിപ്പുണ്ടാകും. അവരാരും ഇങ്ങനെയൊരു സഹോദരിയെ അറിയണമെന്നില്ല. ഇവർക്കുശേഷം ജനിച്ച അനുജത്തിമാർ ലോകം കാണാൻ ഭാഗ്യമില്ലാതെ ആ വൃദ്ധകളുടെ കൈകളാൽ മരിച്ചിട്ടുണ്ടാകും. ഈ ജൻമത്തിൽ ഞങ്ങൾക്ക് അമ്മ ഒന്നേയുള്ളുവെന്നു പറഞ്ഞ് ഏഞ്ചലും ശലോമിയും കൃപയുമൊക്കെ അറുപതു കഴിഞ്ഞ അമ്മയുടെ ഇരുകവിളിലും ഉമ്മ വയ്ക്കുകയാണ്. ബൈപാസ് ശസ്ത്രക്രിയയ്ക്കുവിധേയയായ അമ്മിണിക്ക് മക്കളുടെ ഭാവി ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാകുമെന്ന വിശ്വാസത്തിലാണ് ഓരോ ദിനവും മുന്നോട്ടുനീക്കുന്നത്.
റെജി ജോസഫ്
ഫോട്ടോ കെ. ജെ ജോസ്

Source: The Deepika

1 comment:

  1. ഉശിലാംപെട്ടിയിലെ ഈ കഥ ഒരു തമിഴ് സിനിമയില്‍ പണ്ട് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു! അന്നു മനം വിതുമ്പി ! ഇന്നത്‌ അല്മായശബ്ദത്തില്‍ വായിച്ചപ്പോള്‍ മനസു വീണ്ടും ഈറനണിഞ്ഞു ! ശ്രീ.റെജിജോസെഫിനു നന്ദി ! ഇതാനാരാധന ....ഇതിനെന്തിനു പള്ളിയും പാതിരിയും ? കരുണയുള്ള കരളുപോരെ?

    ReplyDelete