Translate

Thursday, January 1, 2015

തുടക്കവും ഒടുക്കവും

തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തിൽ അയാളൊരു സ്വപ്നത്തിൽ കണ്ടു, ദൈവം ഒരു കൊച്ചു പെട്ടിയുമായി അടുത്തേയ്ക്ക് വരുന്നത്. "സമയമായി, കുഞ്ഞേ, പോരാനൊരുങ്ങിക്കോളൂ." ദൈവം പറഞ്ഞു.
ഇത്ര വേഗം? എനിക്ക് പലതും ചെയ്യാൻ ബാക്കികിടക്കുന്നല്ലോ. അങ്ങയുടെ കൈയിലെന്താണ്?
"നിന്റെ സാധനങ്ങളാണ്", ദൈവം മൊഴിഞ്ഞു.
"എന്റെ കാശും തുണിയുമൊക്കെയോ?"
"അവയൊക്കെ ഈ ഭൂമിയുടേതല്ലേ, മോനേ?"
"അങ്ങനെയെങ്കിൽ, എന്റെ ഒർമകളോ?"
"അവയെല്ലാം സമയത്തിന്റേതാണ്, നിന്റെയല്ല."
"അപ്പോൾ പിന്നെ എന്റെ വാസനകളും കഴിവുകളുമോ?"
"അവയെല്ലാം നീ ജീവിച്ച സാഹചര്യത്തിന്റേതാണ്, നിന്റെയല്ല."
"എങ്കിൽ, എന്റെ കുടുംബവും സുഹൃത്തുക്കളുമോ?"
"നീ വഴിയിൽ കണ്ടുമുട്ടിയവർ മാത്രമാണവർ."
"ഇവയൊന്നുമല്ലെങ്കിൽ, അവസാനമായി, അതിലുള്ളത് എന്റെ ആത്മാവായിരിക്കണം."
"നിന്റെ ആത്മാവ് എന്റേതാണ്. "
അതോടെ ദൈവത്തിന്റെ കൈയിൽ നിന്ന് ആ പെട്ടി അപ്രത്യക്ഷമായി.

ജീവിതം എന്നത് നാം ജീവൻ നല്കുന്ന ഓരോ നിമിഷവുമാണ്. ആദ്യത്തേതായാലും അവസാനത്തേതായാലും, നന്ദിയോടെ സ്വീകരിക്കുകവഴി അതുമാത്രം, അതും ആ നിമിഷത്തേയ്ക്ക് മാത്രം, നമ്മുടേതാകുന്നു. അതിനപ്പുറത്തും ഇപ്പുറത്തുമുള്ളത് തന്റേതാക്കാൻ നോക്കുന്നവൻ ജീവിക്കുന്നേയില്ല. അത്തരക്കാർ അഭിമുഖീകരിക്കുന്നത് ശൂന്യതയെയാണ്. കാരണം, തുടക്കവും ഒടുക്കവും ഒരേയൊരു നിമിഷമാണ്.

(bbpp യുടെ ഒരു കഥയുടെ പുനരെഴുത്ത്, സക്കറിയാസ് നെടുങ്കനാൽ - Tel. 9961544169 / 04822271922)

No comments:

Post a Comment