Translate

Wednesday, January 21, 2015

കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസ്‌ കൊലക്കേസും പുരോഹിതരുടെ കയ്യാമവും

 
By ജോസഫ് പടന്നമാക്കൽ

(2014 ജൂണ്‍ പന്ത്രണ്ടാം തിയതി പ്രസിദ്ധീകരിച്ച ഈ  ലേഖനം അത്മായ  ശബ്ദത്തിൽ  കാണാൻ സാധിക്കാത്തതുകൊണ്ട് പുന പ്രസിദ്ധീകരിക്കുന്നു)
http://almayasabdam.blogspot.com/2015/01/blog-post_21.html

വടക്കേ ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ മിഷ്യനറി കൊല്ലപ്പെട്ടാൽ  നാടുമുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്   ആ വാർത്ത  മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കാറുണ്ട്.  ഇന്ത്യാ മുഴുവൻ മതപീഡനമായി ചിത്രീകരിച്ചുകൊണ്ട്  വാർത്താ തലക്കെട്ടുകളിൽ പിന്നീട്  ലോകമാദ്ധ്യമങ്ങളിലും  പ്രത്യക്ഷപ്പെടും.  ഫാദർ കെ. ജെ. തോമസിന്റെ കൊലപാതകം മാദ്ധ്യമങ്ങൾ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചില്ല.  കൊല ചെയ്തെന്നു  കരുതപ്പെടുന്ന  കുറ്റാരോപിതരായവർ പുരോഹിതരായതാണ് കാരണം.  2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി  ഫാദർ  കെ.ജെ.  തോമസിന്റെ മൃതദേഹം ബാംഗളൂരിലെ മല്ലേശ്വരത്തുള്ള  സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ കാഫീറ്റീരിയാക്ക്  സമീപം കണ്ടെത്തി. മുഖം മുഴുവൻ അടികൊണ്ട്  വിവർണ്ണമാക്കി, പൊട്ടിക്കാവുന്നടത്തോളം   എല്ലുകൾ  പൊട്ടിച്ച് തലയിൽ കമ്പി വടികൊണ്ട് അടിച്ച് തലച്ചോറ് പുറത്താക്കിയ നിലയിലായിരുന്നു, മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിൽ  തലയ്ക്കും ചങ്കിനും തലയോട്ടിക്കും മാരകമായ ചതവുകളുമുണ്ടായിരുന്നു. അക്രമ സ്ഥലത്തുനിന്നും രക്തക്കറയുള്ള  ഒരു ഇരുമ്പു വടിയും കിട്ടിയിരുന്നു. ഇടത്തെ കണ്ണ്, മൂക്ക്, ചുണ്ട് ഇവകളെല്ലാം തകർത്തിരുന്നു.  മരിച്ച ശരീരം  വലിച്ചിഴച്ച്  അദ്ദേഹം  വസിച്ചിരുന്ന  മുറിയുടെ മുമ്പിൽ  കൊണ്ടുവന്നതായ  അടയാളങ്ങളും മൃതദേഹത്തിലുണ്ടായിരുന്നു. പുരോഹിതന്റെ ഈ കൊലപാതകം ബാംഗ്ലൂർ നഗരത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. തെളിവുകളുടെ യാതൊരു തുമ്പും കിട്ടാതെ പോലീസിനും ഈ കേസ്  കീറാമുട്ടിപോലെ  ഒരു വെല്ലുവിളിയായി തീർന്നു.

ഒരു വർഷം മുമ്പുനടന്ന ഈ ദുരന്തമരണത്തിനു  കാരണക്കാരായ    രണ്ടു പുരോഹിതരടക്കം മൂന്നു പേരെ ബാംഗ്ലൂർ പോലീസ് കമ്മീഷണറായ  ശ്രീ ജ്യോതി പ്രകാശ് മിർജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് അടുത്തയിടയാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്നു  വിശ്വസിക്കുന്ന ഗുൽബെർഗിലെ കെങ്കേരി ഇടവക ഫാദർ  ഏലിയാസ്, അദ്ദേഹത്തിൻറെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക്  എന്നിവരെയാണ്   അറസ്റ്റു ചെയ്തത്. വളരെയധികം ആസൂത്രണം ചെയ്തായിരുന്നു  ഈ കൊല നടത്തിയത്. ഫാദർ തോമസിന്റെ അധീനതയിലുള്ള ചില ഡോക്കുമെൻറുകൾ തട്ടിയെടുത്ത്   ധനപരമായ കാര്യങ്ങളിൽ അദ്ദേഹത്തെ കുടുക്കുകയെന്നത് കൊലപാതകികളുടെ ലക്ഷ്യമായിരുന്നു.  യാതൊരു മോക്ഷണവും  കൊല ചെയ്ത ദിവസം സെമിനാരിയിൽ നടന്നിട്ടില്ല.  തന്മൂലം കുറ്റവാളികൾ  സെമിനാരിയുമായി  ബന്ധപ്പെട്ടവരെന്നും  പോലീസ് അനുമാനിച്ചു. തലയ്ക്കടിയും, മുഖമാകെ വികൃതവുമാക്കിയ കൊലപാതകം അസൂത്രിതമായിരുന്നുവെന്നും പോലീസിനു മനസിലായി. ഇരുമ്പുവടികൊണ്ട് ഒന്നു രണ്ടു പേർ തലയ്ക്കടിച്ച പാടുകളുമുണ്ടായിരുന്നു.  സെമിനാരി  റെക്റ്ററായിരുന്ന   ഫാദർ തോമസ് ഭരണപരമായ കാര്യങ്ങളിലും സ്ഥാനങ്ങൾ നല്കുന്നതിലും  കുറ്റവാളികളായ  ഈ പുരോഹിതരെ ഒരിക്കലും പരിഗണിക്കാതെയിരുന്നതും   കൊലപാതകത്തിന് കാരണമായിരുന്നു.  അറസ്റ്റിലായ വൈദികരുടെ മേൽ അധോലോക ബന്ധവും ആരോപിച്ചിട്ടുണ്ട്. ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ  എന്നീ കുറ്റകൃത്യങ്ങളിൽ മറ്റു സഹവൈദികരുടെ അറസ്റ്റും  ഉടനുണ്ടാകുമെന്ന്  പോലീസ് കേന്ദ്രങ്ങൾ പറയുന്നു.  കൊലപാതകത്തെ തേയ്ച്ചു മായിച്ചു കളയാൻ സെമിനാരിയിലെ ഭരണതലത്തിലുള്ളവർ ആഗ്രഹിച്ചിരുന്നിരിക്കണം.   അവരുടെ ഭാഗത്തുനിന്നും കാര്യമായ സഹകരണം  പോലീസിന് ലഭിക്കാതെയിരുന്നതും അതിനാലായിരിക്കണം.
ഫാദർ തോമസിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന  ഇവർ  സഭയുടെ അധികാരസ്ഥാനത്തുനിന്ന്   അദ്ദേഹത്തെ പുകച്ചു തള്ളണമെന്നുള്ള ഗൂഢാലോചനകളിലും  എർപ്പെട്ടിരുന്നു. അതിനുള്ള  അവസരങ്ങൾക്കായി അവർ കാത്തിരിക്കുകയുമായിരുന്നു.  കൊല ചെയ്യുന്ന സമയം ലീതൽ ആയുധങ്ങളും കരുതിയിട്ടുണ്ടായിരുന്നു. കൊലയുടെ ലക്ഷണം നോക്കുമ്പോൾ കൊലപാതകം സ്വാഭാവിക മരണമല്ലെന്നും വ്യക്തമായിരുന്നു. കരുതിക്കൂട്ടി വളരെയധികം തന്ത്രങ്ങൾ മെനഞ്ഞായിരുന്നു അവരന്ന് തോമസിനെ കൊലപ്പെടുത്തിയത്. തെളിവുകളെല്ലാം നശിപ്പിച്ച് ആരും കണ്ടുപിടിക്കാത്ത രീതിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ കേസ്സിനെ മാറ്റിയെടുക്കാനും കുറ്റവാളികൾക്ക് സാധിച്ചു.

കർണ്ണാടക പോലീസ് പ്രമാദമായ ഈ കൊലകേസ്സിന്റെ അന്വേഷണവുമായി ആന്ധ്രാ , ഗോവാ, കേരളം, തമിഴ്നാടുകളിൽ  ചുറ്റിക്കറങ്ങി,  എകദ്ദേശം രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. അവരിൽനിന്ന് .പത്തുപേരെ തിരഞ്ഞെടുത്ത് നുണ പരിശോധന യന്ത്രമുപയോഗിച്ച് (ലൈ ഡിറ്റക്റ്റീവ്  ടെസ്റ്റ്) പരീക്ഷണങ്ങളും നടത്തിയിരുന്നു. മൂന്നു പുരോഹിതരടക്കം അഞ്ചുപേരെ ഗുജറാത്തിലുള്ള ലാബ്രട്ടറിയിൽ കൊണ്ടുപോയി നാർക്കോ അനാലീസിസ് പരീക്ഷണങ്ങൾക്കും വിധേയരാക്കി. ഈ അന്വേഷണങ്ങളുടെ നൂലാമാലകളിൽക്കൂടിയാണ്  ഫാദർ  ഏലിയാസിനെയും കൂട്ടരേയും നിയമത്തിന്റെ കുടുക്കിൽപ്പെടുത്താൻ പോലീസിന്  സാധിച്ചത്. ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചതോടെ കൊലപാതകത്തിന്റെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞുകൊണ്ടിരിക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മറ്റു രണ്ടു പുരോഹിതരുടേയും പേരുവിവരങ്ങൾ ഇവർമൂലം പോലീസിന് അറിയാൻ കഴിഞ്ഞു.
തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയറിന്   തോമസിനെ കൊലപ്പെടുത്തിയ വിവരം അറിയില്ലായെന്ന മൊഴി  അന്വേഷണത്തിൽ മുഴുകിയിരുന്ന പോലീസിനെ സംബന്ധിച്ചടത്തോളം  അവിശ്വസിനീയമായിരുന്നു.  ഫാദർ സേവിയറിന്റെ  മൊഴിയിൽ വന്ന വൈകൃതങ്ങൾ പച്ചക്കള്ളങ്ങളാണെന്നും പോലീസിനു മനസിലായി.  സേവിയറിനെ നാർക്കോ അനാലീസിസിന് വിധേയമാക്കിയതോടെയാണ് സംഭവങ്ങളുടെ കള്ളികൾ പുറത്തു വന്നത്.  അവർ കൊലപാതകത്തിൽ പങ്കുകാരായിരുന്ന വിവരം അദ്ദേഹത്തിൽനിന്നും നാർക്കോ അനാലീസീസ് വഴിയാണ് ലഭിച്ചത്. സംഭവ ദിവസം രാത്രി രണ്ടരയ്ക്ക് ഫാദർ തോമസിന്റെ നിലവിളി കേട്ടിട്ടും അടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയർ കാര്യങ്ങൾ അന്വേഷിക്കാനോ പോലീസിനെ അറിയിക്കാനോ മെനക്കെട്ടില്ല. സഹവൈദികരെ രക്ഷിക്കണമെന്ന മനസായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രാരംഭഘട്ടങ്ങളിൽ അന്വേഷണ പുരോഗതി സാധിക്കാതിരുന്നതും ആരോപണ വിധേയരായ പുരോഹിതരുടെ കറുത്ത കൈകൾ അധികാരസ്ഥാനങ്ങളിൽ പ്രവർത്തിച്ചതുകൊണ്ടായിരുന്നു.
2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി രാത്രി  രണ്ടര മണി സമയത്ത് സെമിനാരിയിലെ ഇടുങ്ങിയ ഒരു ജനാലയിൽക്കൂടിയാണ് കുറ്റവാളികൾ  അകത്തു പ്രവേശിച്ചത്. അന്നൊരു ഈസ്റ്റർ ദിവസമായിരുന്നതുകൊണ്ട് പഠിക്കുന്നവരും പുരോഹിതരും  സെമിനാരിയിൽ കാണുകയില്ലെന്നും  കുറ്റവാളികൾ അനുമാനിച്ചിരിക്കണം. അതിനാലാണ് അനുയോജ്യമായ ഒരു ദിവസം കണ്ടെത്തി ഈസ്റ്റർ ദിവസത്തിൽ  പദ്ധതികൾ തയ്യാറാക്കിയത്.  ഫാദർ തോമസുൾപ്പടെ അഞ്ചുപേരേ  അന്നേ ദിവസം ആ രാത്രിയിൽ സെമിനാരിയിലുണ്ടായിരുന്നുള്ളൂ.
കൊലപാതകം നടക്കുന്ന ദിവസം എലിയാസും  വില്ല്യം പാട്രിക്കും പീറ്ററും യശ്വവൻപൂർ സർക്കിളിൽ ഒത്തുകൂടി സെമിനാരിയിലെ ആക്രമ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ആയുധങ്ങളും വടിയുമായി അന്നവർ സെമിനാരിയിലേക്ക് നുഴഞ്ഞു കടന്നു.  തോമസച്ചന്റെ  മുറിയിൽ പൂട്ടിയിട്ടിരുന്ന താഴ് തല്ലി പൊട്ടിച്ച് അകത്തുകയറി. അതിനുശേഷം ഡോക്കുമെന്റ് പേപ്പറുകൾ തേടാൻ തുടങ്ങി.  മുറിയിൽ അന്വേഷണം നടത്തുന്ന സമയം ഫാദർ തോമസ് വെളിയിൽ നിന്ന് മുറിക്കുള്ളിൽ വരുകയും കുറ്റവാളികളെ കാണുകയും ചെയ്തു. ഡോക്കുമെന്റുകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിൽ  ഫാദർ തോമസിനെ കണ്ടയുടൻ പ്രതികൾക്ക്  അദ്ദേഹത്തോട് ഉഗ്രമായ കോപമുണ്ടായി.  രേഖകൾ മോഷ്ടിക്കുന്നതിനിടയിൽ  അവരെ  തോമസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നേരെ ബലപ്രയോഗവും കയ്യേറ്റവും തുടങ്ങി. അത് മരണത്തിലേക്ക് സംഭവിച്ചു. ആയുധധാരികളായ സഹപുരോഹിതരെ ഫാദർ തോമസ് തിരിച്ചാക്രമിച്ചുമില്ല. ക്രൂരമായ  കൃത്യം ചെയ്തിട്ട് യാതൊരു തെളിവുകളും അവശേഷിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. ആ രാത്രിയിൽ പുറത്ത് അതിഘോരമായ മഴയുണ്ടായിരുന്നതുകൊണ്ട് തോമസിന്റെ കരയുന്ന ശബ്ദമോ നിലവിളിയോ  ആരും കേട്ടില്ലായെന്നും പറയുന്നു. മഴ കാരണം സെമിനാരിയിലെ സെക്യൂരിറ്റി മനുഷ്യൻ മുറിക്കുള്ളിലായിരുന്നത്  കുറ്റ വാളികൾക്ക് രക്ഷപ്പെടാൻ സഹായമാവുകയും ചെയ്തു.
2012 മുതൽ  മൂന്നു വർഷത്തെ സേവനത്തിനായി ഫാദർ തോമസ്  സെമിനാരിയിൽ റെക്റ്ററായി നിയമിതനായി. അദ്ദേഹത്തിൻറെ ഈ നിയമനം രണ്ടാം തവണയായിരുന്നു.  ഭരണപരമായ കാര്യങ്ങളിൽ മറ്റുള്ളവർക്ക് മുൻഗണനകൾ നൽകുന്നതുകൊണ്ട് പ്രതികൾക്ക് അദ്ദേഹത്തോട്  അമർഷവുമുണ്ടായിരുന്നു.  മാറ്റങ്ങൾ വരുത്തി സെമിനാരിയുടെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു   പ്രതികളുടെ മനസിലുണ്ടായിരുന്നത്.  അതിനായി ചില തെളിവുകളും സാമ്പത്തിക ക്രമക്കേടുകളും കള്ളത്തരങ്ങളും കണ്ടുപിടിച്ച് തോമസിനെ സെമിനാരിയിലെ ഭരണ ചുമതലകളിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ    ഒരു കുറ്റവാളിയാക്കാനുള്ള  അവസരങ്ങൾക്കായും  പ്രതികൾ കാത്തിരുന്നു.
2013 ഏപ്രിൽ ഒന്നാം തിയതി  അതിരാവിലെ സമയം ഫാദർ തോമസ് മരിച്ചുകിടക്കുന്നതായി  കണ്ടത്  സെമിനാരിയുടെ പ്രിൻസിപ്പോളായിരുന്ന ഫാദർ പാട്രിക്ക് സേവിയറായിരുന്നു.   പോലീസിനെ സംബന്ധിച്ച് ഈ കേസ് വിവാദപരവും വെല്ലുവിളിയുമായിരുന്നു. കർണ്ണാടക  മുഖ്യമന്ത്രിയിൽ നിന്നും ഡൽഹിയിലെ ഉന്നതരായ കോണ്ഗ്രസ് നേതാക്കളിൽനിന്നും  പ്രതികൾക്കുവേണ്ടി കേസില്ലാതാക്കാൻ ശക്തമായ സ്വാധീനവും ഉണ്ടായിരുന്നു. പോലീസിൽ നിന്നുള്ള കാല താമസം മൂലം കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടത്തിനെതിരായി പ്രവർത്തിച്ചാൽ തൊപ്പി തെറിക്കുമെന്ന് പോലീസും ഭയപ്പെട്ടിരുന്നു.
സെമിനാരിയിലെ സ്ഥാനമാനങ്ങൾക്കുള്ള മത്സരവും അധികാര വടംവലിയും    സെമിനാരിയ്ക്കുള്ളിൽ നടക്കുന്ന  ആഭ്യന്തര പോരുകളും  അതിനോടനുബന്ധിച്ചുള്ള വിവരങ്ങളും  പോലീസിനോട് വെളിപ്പെടുത്താൻ അധികൃതർ  തയ്യാറല്ലായിരുന്നു.  ആ സ്ഥിതിക്ക് കൊലപാതകം സെമിനാരിയുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന നിഗമനത്തിൽ എത്താൻ പോലീസിന്  നീണ്ട അന്വേഷണങ്ങൾ വേണ്ടിവന്നു. കുറ്റവാളികൾക്കുവേണ്ടി  എല്ലാ വിധ തെളിവുകളും നശിപ്പിക്കാൻ  അധികൃതരും കൂട്ടുനിന്നിരുന്നു. സ്വജന പക്ഷപാതത്തോടുള്ള   നിയമനങ്ങളും  സാമ്പത്തിക ക്രമക്കേടുകളുടെ ഫയലുകളും  സെമിനാരിയിൽനിന്നും   സംഭവം കഴിഞ്ഞയുടൻ നീക്കം ചെയ്യുകയോ കുറ്റവാളികൾ നശിപ്പിക്കുകയോ ചെയ്തിരിക്കാം. ഏതായാലും  പോലീസിന് ലഭിച്ച  വിരലടയാളം കുറ്റവാളികളുടെ വിരലുകളോട് സാമ്യമുള്ളതായിരുന്നത്  അന്വേഷണ പുരോഗതിക്ക് സഹായമായി.
ഫാദർ കെ.ജെ. തോമസ് തമിഴ് നാട്ടിലെ  ഊട്ടി രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരുന്നു. ബാംഗ്ലൂർ രൂപതയിലുള്ള  പുരോഹിതർക്കിടയിൽ   തമിഴിലും  കന്നഡയിലുമുള്ള  ആരാധന ക്രമങ്ങൾ  എന്നും വാക്കുതർക്കങ്ങളും വിവാദങ്ങളുമുണ്ടാക്കിയിരുന്നു.  വളരെക്കാലമായി പുരോഹിതരുടെ ആരാധനക്രമങ്ങളിലുള്ള ഭാഷാവിത്യാസം  രൂപതയുടെയും  പ്രശ്നമായിരുന്നു. രണ്ടു വിഭാഗക്കാരെയും ഒരുപോലെ സന്തോഷിപ്പിച്ചുകൊണ്ട്   തോമസ് അവരെ നയിക്കുകയും  ചെയ്തു.  എല്ലാവരുടെയും പ്രിയങ്കരനായ അദ്ദേഹം സഹ പുരോഹിതരുടെ സ്നേഹാദരവുകളും ബഹുമാനവും  എന്നും നേടിയിരുന്നു. മുപ്പതു വർഷത്തോളം സെമിനാരിയിൽ കർമ്മനിരതനായി സേവനം അർപ്പിക്കുകയും ചെയ്തു.  പിറ്റേ ദിവസം പോണ്ടിച്ചേരിയിൽ നിന്നും വരുന്ന തന്റെ സഹോദരി കന്യാസ്ത്രി,  സിസ്റ്റർ ജാക്വലിനെ റയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു.  തോമസിനെ അനേക തവണകൾ ടെലഫോണിൽ  വിളിച്ചിട്ട് ഉത്തരം കിട്ടായ്കയാൽ സിസ്റ്റർ തന്നെ  റെയിൽവേ സ്റ്റേഷനിൽനിന്നും ഒരു ഓട്ടോ റിക്ഷാ പിടിച്ച് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.  പോലീസ് അന്ന് കൊലപാതകത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സമയമായതിനാൽ കന്യാസ്ത്രിയോട്  തല്ക്കാലം തൊട്ടടുത്തുള്ള മഠത്തിൽ   താമസിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു.
നിഷ്കളങ്കനായ ഒരു മനുഷ്യൻ എന്തുകൊണ്ട് മരിച്ചുവെന്ന് സെമിനാരിയിൽ  വസിക്കുന്നവരുടെയിടയിൽ  സംസാരവിഷയമായിരുന്നു. സത്യമെന്തെന്ന് അറിയാനുള്ള ജിഞാസ  അവരിൽ   പ്രകടമായിരുന്നു. 2013 ആഗസ്റ്റ് പതിമൂന്നാം തിയതി സെന്റ് പീറ്റർ ഫൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും  സംശയത്തിന്റെ മറവിൽ താല്ക്കാലികമായി നാലു പുരോഹിതരെ പുറത്താക്കി. ആത്മീയ മേഖലകളിൽ ചുമതലകൾ വഹിച്ചിരുന്ന റെക്റ്റർ  ഫാദർ ജി. ജൊസഫ്, മുമ്പ് സ്ഥാനം വഹിച്ചിരുന്ന റെക്റ്റർ  ഫാദർ സെബാസ്റ്റ്യൻ പെരിയണ്ണൻ, രെജിസ്റ്റ്രറാർ  ലൂർദ് പ്രസാദ്, ഫാദർ പാട്രിക്ക് സേവിയർ എന്നിവരെയാണ് പുറത്താക്കിയത്. കൊല്ലപ്പെട്ട രാത്രിയിൽ ഇവർ നാലുപേരും സെമിനാരിയിലുണ്ടായിരുന്നു. പോലീസ് ആദ്യം സംശയിച്ചിരുന്നതും ഇവരെയായിരുന്നു. ഫാദർ സേവിയറിന് കൊലയിൽ പങ്കില്ലെങ്കിലും കൊന്നത് ആരെന്ന് അദ്ദേഹത്തിന് അറിയാമെന്നുള്ള നിഗമനവും കേസന്വേഷണത്തിന്  തുടക്കമിട്ടു.
ഫാദർ തോമസിന്റെ മൃതദേഹം  ബന്ധുജനങ്ങൾ ഏറ്റുവാങ്ങി ഏറ്റുമാന്നൂരുള്ള  കൊടുവത്താനം സെന്റ്. ജൊസഫ്സ്  ദേവാലയത്തിൽ സംസ്ക്കരിച്ചു.
കോട്ടയം അതിരൂപതയില്പ്പെട്ട  ഏറ്റുമാന്നൂർ സെന്റ് ജോസഫ്സ് ഇടവകയിൽ പഴയമ്പള്ളിൽ (കൊച്ചുപുരയിൽ) പി. എം. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും പുത്രനായി  1951 മെയ് പതിമൂന്നാം തിയതി  തോമ്മാച്ചൻ ജനിച്ചു.  ആ ഇടവകയിലെ നാട്ടുകാരുടെ അഭിമാനവും കണ്ണിലുണ്ണിയുമായിരുന്നു.  മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഏറ്റുമാന്നൂരുള്ള   കൊടുവത്താനം 'ടൌണ്  യൂ.പി.എസ്', 'ഗവ. ഹൈസ്കൂൾ' എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. മാന്നാനം കെ.ഈ.കോളേജിൽ പ്രീ ഡിഗ്രീ പഠനശേഷം ഊട്ടി രൂപതയിൽ വൈദിക പഠനത്തിന് ചേർന്നു. 1980-ൽ പുരോഹിതനായി. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിലും, മദ്രാസ് യുണിവേഴ്സിറ്റിയിൽ നിന്ന്  പോളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടി. മധുര കാമരാജ് യൂണി വെഴ്സിറ്റിയിൽ  നിന്ന് എം..എഡ് ബിരുദവും ഉണ്ട്. റോമിൽ നിന്ന് ദൈവ ശാസ്ത്രത്തിൽ ഡോക്ട്ടർ ഡിഗ്രിയും ലഭിച്ചു.   ബാംഗ്ലൂരും ഊട്ടിയിലുമുള്ള വിവിധ ആശ്രമങ്ങളിലും സേവനമനുഷ്ഠിച്ചു. ഫാദർ തോമസ് ഒരു മികച്ച ധ്യാന ഗുരുവുംകൂടിയായിരുന്നു. നാട്ടിൽ വരുന്ന സമയങ്ങളിലെല്ലാം   സ്വന്തം മാതൃരൂപതയായ സെന്റ്. ജോസഫ്സ് പള്ളിയിൽ കുർബാന അർപ്പിക്കുമായിരുന്നു. പ്രാർത്ഥനയും പഠനവും ലളിത ജീവിതവുമായി കഴിഞ്ഞ അച്ചന്റെ കൊലപാതകം നാട്ടുകാർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. സിസ്റ്റർ ജാക്വലിൻ, മേരി മൂലേക്കാട്ട് (വെളിയന്നൂർ), ഏലീശാ ചാലയിൽ, (കുറുമുള്ളൂർ) എന്നിവർ  അച്ചന്റെ സഹോദരികളാണ്. ഫാദർ തോമസിന്റെ സഹോദരൻ  കെ.ജെ. മാത്യു മകനൊപ്പം അമേരിക്കയിൽ താമസിക്കുന്നു.  മരിക്കുന്ന ദിവസമായ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം  തന്റെ  കുടുംബാംഗങ്ങളെ  ഫോണിൽ വിളിച്ച്  ആശംസകൾ അറിയിച്ചിരുന്നു. അക്കൊല്ലം ജനുവരിയിലാണ് അവസാനമായി നാട്ടിലെത്തിയത്. ശാന്തശീലനായ  തോമ്മാച്ചന്റെ മരണം ഒരു നാടിനെത്തന്നെ  ദുഖത്തിലാഴ്ത്തി.
ആയിരക്കണക്കിന് പുരോഹിതരെ വാർത്തെടുത്ത   പവിത്രമായ  പൊന്തിഫിക്കൽ സെമിനാരി മുടിയന്മാരായ പുരോഹിതർക്കും ജന്മം നൽകിയതിൽ  സങ്കോജ ഭാവത്തോടെ തല കുനിഞ്ഞിരുന്നിരിക്കാം.   അവിടെയാണ് മൃദലമായി സംസാരിച്ചിരുന്ന  ഈ അദ്ധ്യാപകൻ,  പ്രൊഫസർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ  അറിയപ്പെട്ടിരുന്ന തോമസച്ചൻ സേവനം ചെയ്തിരുന്നത്.  നല്ല മനുഷ്യനാകാൻ പഠിപ്പിച്ച പുരോഹിതന്  സഹപ്രവർത്തകരായ പുരോഹിതരുടെ കരങ്ങൾകൊണ്ട് രക്തസാക്ഷിയാകേണ്ടി വന്നു.  അന്നേ ദിവസം  കളങ്കത്തിന്റേതായ ഒരു തിലകംകൂടി സഭയുടെ കറുത്ത അദ്ധ്യായങ്ങളിൽ കുറിച്ചുവെച്ചു.  നിത്യതയിലുറങ്ങുന്ന  പ്രിയപ്പെട്ട അച്ചാ, കൈവിട്ടുപോയ അങ്ങയുടെ അഭാവം ഞങ്ങൾ അറിയുന്നു. മനുഷ്യത്വമെന്തെന്ന് എന്നും   അങ്ങ് പഠിപ്പിക്കുമായിരുന്നു.  അവസാനം അങ്ങ് എങ്ങനെ രക്തസാക്ഷിയായെന്നും അറിയില്ല.  ഇത്തരം ക്രൂരമായ മരണങ്ങൾ കാതുകൾക്കും വിശ്വസിക്കാൻ സാധിക്കില്ല. നീതി കിട്ടാതെ അഭയായെപ്പോലെ അങ്ങയുടെ ആത്മാവ് അലയരുതെയെന്നും അങ്ങയെ സ്നേഹിക്കുന്ന, കേഴുന്ന ലോകം ഇന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നുണ്ട്.  'ഭയപ്പെടേണ്ടാ ഞാൻ നിങ്ങളോടുകൂടിയുണ്ടെന്ന' ഇശയ്യായുടെ പ്രവചനവും അങ്ങയുടെ നിത്യമായ സത്യത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.










E-Malayalee
-http://www.emalayalee.com/varthaFull.php?page=7&newsId=79939

Malayalam Daily News:
http://www.malayalamdailynews.com/?p=95167

4 comments:

  1. ....ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
    ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
    ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
    പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!....atholicreformation-kcrm.blogspot.in/2012/03/blog-post_11.html

    ReplyDelete
    Replies
    1. correct link http://catholicreformation-kcrm.blogspot.in/2012/03/blog-post_11.html

      Delete
  2. ഈ കൊലയാളി കത്തനാരുടെ മുന്‍പില്‍ മുട്ടുകുത്തി കുമ്പസാരിക്കാന്‍ ഇടവന്ന ജനമേ, ഇവരുടെ കൈകളിലിരുന്ന "ഗോതമ്പ് കര്‍ത്താവിനെ" തിന്നു സ്വര്‍ഗരാജ്യം മോഹിക്കുന്ന ജനമേ..ഇനിക്ക് ഹാ കഷ്ടം !

    ReplyDelete
  3. സാമാന്യ ജനങ്ങളുടെ മനസിലുള്ള സങ്കല്പം ഒരുവൻ ത്യാഗങ്ങളിൽക്കൂടി സെമിനാരി പഠനം പൂർത്തിയാക്കുന്നുവെന്നാണ്. ത്യാഗവും സഹനവുമാണ് ഒരു പുരോഹിതന്റെ തത്ത്വ സംഹിതകളെങ്കിൽ ആത്മീയത ലവലേശമില്ലാത്ത, ഭൌതികത മാത്രം ലക്ഷ്യമിട്ടിരിക്കുന്ന, പുരോഹിതരെ കണ്ടുപിടിച്ച് അവരെ സഭയിൽ നിന്ന് പുറത്താക്കേണ്ടതായുണ്ട്. ഭൌതിക സുഖത്തിൽ മാത്രം മുഴുകിയിരുന്ന രണ്ടു കാപാലിക വൈദികർ പണത്തിനും അധികാരത്തിനും വേണ്ടി പാവം മറ്റൊരു പുരോഹിതനെ കൊലപ്പെടുത്തിയെന്നറിയുമ്പോൾ ഏതു മതവിശ്വാസിയും അഭിമാന ക്ഷതംകൊണ്ട് അറിയാതെ തലകുനിച്ചുപോവും. യൂറോപ്പിലും അമേരിക്കയിലുമുള്ള മലനാടൻ പുരോഹിതർ ഭൌതിക സുഖസൌകര്യങ്ങൾ മാത്രം തേടി വന്നെത്തുന്നവരാണ്. പുരോഹിത സമൂഹത്തിലും കൊല ചെയ്യാൻ മടിക്കാത്തവരുണ്ടെന്നും തെളിഞ്ഞു കഴിഞ്ഞു.


    ഇന്ന് മിക്ക പുരോഹിതരുടെ കഴുത്തിലും നാലും അഞ്ചും പവനുള്ള കട്ടിയുള്ള മാല കാണാം. ചിലർക്ക് പട്ടിയുണ്ട്. ഫെർഫ്യൂം അടിച്ചേ ഈ ചേട്ടന്മാർ വീട്ടമ്മമാരോടൊത്തു സഞ്ചരിക്കാറുള്ളൂ. പിതാവെന്നു പറയുന്നയാൾക്ക് സെക്ക്യൂരിറ്റിയോ പോലീസ് സംരക്ഷണമോ കിട്ടും.' നിങ്ങൾ പോലീസ് സംരക്ഷണത്തിൽ സഞ്ചരിക്കണമെന്ന്' വിശുദ്ധ വചനത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. അരമനയിലെ ബിഷപ്പാണ് കർത്താവിന്റെ നാവെന്നു പറഞ്ഞു സംസാരിക്കുന്നത്. ശുദ്ധ തട്ടിപ്പല്ലാതെ ഇതെന്താണ്? ബിഷപ്പും ആർച്ചു ബിഷപ്പും കല്പ്പിക്കുന്നത് ആരും ചോദ്യം ചെയ്യാൻ പാടില്ല. അല്മെനികളെ തമ്മിലടിപ്പിക്കുന്ന പല ചെപ്പടി വിദ്യകളും ഇവരുടെ കൈവശമുണ്ട്. ഇടയ്ക്കിടെ ദുഷിച്ച ഇടയ ലേഖനങ്ങളും പുറത്തിറക്കും. കുറ്റ വാളികളെയും വേണ്ടാത്തവരെയും അമേരിക്കാ പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പറഞ്ഞു വിടും. അതിനു മുമ്പ് അരമനയിൽ നിന്ന് ചോർത്താവുന്നടത്തോളം പണവും അപഹരിച്ചു കഴിഞ്ഞിരിക്കും. പകരം അയാളെ ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളോടെയാണ് വിദേശത്തയക്കുന്നത്. അഴിമതിയിലും പണാപഹരണത്തിലും മുഴുകിയിരിക്കുന്ന അരമനയ്ക്ക് അതേ വഞ്ചിയിൽ സഞ്ചരിക്കുന്ന പുരോഹിതരെ നിയന്ത്രിക്കാനും സാധിക്കില്ല. ഒരു പുരോഹിതനെ നാട്ടിലെ അരമനയിൽനിന്ന് കയറ്റിയയച്ചാൽ വിദേശരൂപതകൾ 2000 ഡോളർ കമ്മീഷനും പുരോഹിതന്റെ വരുമാനത്തിന്റെ പങ്കും നല്കും. ആ പണം വരവു ചെലവുകളായി അരമന കണക്കിൽ കണ്ടെന്നും വരില്ല. വിദേശത്തു ചെന്നാലും കാട്ടാള കുപ്പായത്തിൽ നടക്കുന്ന ഇവർക്ക് മാന്യനായ മനുഷ്യനെപ്പോലെ ജീവിക്കാനും അറിയില്ല. അവസരം കിട്ടിയാൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കാനും മടിക്കില്ല.


    സാധാരണക്കാർക്ക് അപ്രാപ്യമായ എല്ലാ ജീവിത സൌകര്യങ്ങളും പുരോഹിതർക്ക് ലഭ്യമാണ്. അവരും മനുഷ്യരല്ലേയെന്ന് ചിലർ ന്യായികരിക്കും. അങ്ങനെയെങ്കിൽ ആദ്യം മനുഷ്യരെപ്പോലെ ദരിദ്രരരെയും ദളിതരേയും പീഡനമനുഭവിക്കുന്നവരെയും സ്നേഹിക്കാനും പഠിക്കട്ടെ. ഇന്നത്തെ ദുഷിച്ച പൌരാഹിത്യത്തിന്റെ പോക്കിൽ അവിശ്വാസികളെക്കാൾ വിശ്വാസികളാണ് പുരോഹിതരെ വെറുക്കാൻ തുടങ്ങിയിരിക്കുന്നത്. പ്രിയപ്പെട്ടവരേ, കെ.ജെ. തോമസച്ചനെ കൊന്ന കുറ്റവാളികളെ വെറുതെ വിടാൻ പാടില്ല. ഒരു പരമാധികാര രാജ്യത്തിന്റെ നിയമങ്ങൾ അവരുടെ മേൽ നടപ്പിലാക്കണം. പുരോഹിതർ നിയമത്തിനുപരിയല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. ഒരാൾ പുരോഹിതനായാൽ അയാൾ ദൈവമല്ലെന്നും അറിയിക്കണം.

    പുരോഹിതർ അല്മെനികളോട് എളിമയുള്ളവരായിരിക്കണമെന്ന് ഉപദേശിക്കും. എന്നാൽ ലോകം കാണുന്ന എല്ലാ സുഖസൗകാര്യങ്ങളും പുരോഹിതർക്കു കൂടിയേ തീരൂ. ആഡംഭര അധികാര വികേന്ദ്രീകരണത്തിനായി മത്തുപിടിച്ചുനടന്ന പുരോഹിതരായ കൊലയാളികൾക്ക് ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല. രാജ്യത്തിന്റെ നിയമം നടപ്പിലാക്കിക്കൊണ്ട് ഈ കുറ്റവാളികൾ ദൈവമല്ലെന്നു തെളിയിക്കണം. സമൂഹത്തിലെ ഓരോ പുരോഹിതനും നിയമത്തിനുപരിയല്ലെന്നും മനസിലാക്കി കൊടുക്കണം. മറ്റു പൌരന്മാർക്ക് നല്കുന്ന അതേ പരിഗണന മാത്രമേ പുരോഹിതർക്കും നൽകാവൂയെന്ന സാമൂഹിക വ്യവസ്ഥ നടപ്പിലാക്കണം. എങ്കിലേ കേഴുന്ന ശൂന്യതയിലെവിടെയോ പറന്നു നടക്കുന്ന അഭയായെന്ന ഒരു പാവം പെണ്കുട്ടിയുടെ ആത്മാവ് ഈ സമൂഹത്തോട് മാപ്പു നല്കുകയുള്ളൂ. സത്യം പുറത്തു വരണം. സത്യത്തിന്റെ മേലെ ഇനിയാരും സഞ്ചരിക്കരുത്.

    സഭയിൽ പാപമല്ലാതെ പരിശുദ്ധിയെവിടെ? ക്രൂരമായ ഈ കൊലപാതകം ഭക്തരായ കത്തോലിക്കരുടെ മനസുപോലും വ്രണപ്പെടുത്തിയെങ്കിൽ അകത്തോലിക്കരായവരുടെ ചിന്താഗതി എന്തായിരിക്കും? കുത്സിത പുരോഹിതരുടെ പ്രവർത്തനങ്ങൾ എത്രയായിരം സഭാ ജനങ്ങളുടെ ധാർമ്മിക വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കും.? ഒരു പുരോഹിതനെ സഹ പ്രവർത്തകരായ പുരോഹിതർ തന്നെ നീചമായി, മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തെ ദുഷിച്ച സഭാ നേതൃത്വം ആദ്യം മറച്ചു വെക്കാനാണ് ശ്രമിച്ചത്. "പിതാവേ ഇവരോട് ക്ഷമിക്കണമേയെന്ന് " കാൽവരിയിൽ നിന്ന് യേശു പറഞ്ഞു. നാഥാ പാടില്ലാ, പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്ത ഇവർക്ക് അവിടുത്തെ വചനങ്ങളിൽ മാപ്പർഹിക്കുന്നില്ല.

    ReplyDelete