Translate

Monday, January 12, 2015

സീറോ മലബാർ കത്തോലിക്കാ സഭയിലെ മെത്രാന്മാർ എന്തുകൊണ്ട് സീറോ മലബാർ സഭാ മഹാസിനഡ് രൂപികരിക്കുന്നില്ല?

By ചാക്കോ കളരിക്കൽ 

സീറോ മലബാർ കത്തോലിക്കാ സഭയെ സ്വയംഭരണാധികാരമുള്ള ഒരു സഭയായി റോം ഉയർത്തിയിട്ട് മൂന്ന് ദശകങ്ങൾ ആകുന്നു. സ്വയംഭാരണാധികാരം ലഭിച്ച ഉടനെതന്നെ സീറോ മലബാർ മെത്രാൻസിനഡ് രൂപികരിക്കുകയുണ്ടായി. എന്നാൽ മാർതോമ ക്രിസ്ത്യാനികളുടെ സുപ്രധാന പാരമ്പര്യങ്ങളിൽ ഒന്നായ അല്മായരും വൈദികരും മെത്രാന്മാരും ചേർന്നുള്ള സഭയുടെ മഹാസിനഡ് (മലങ്കര പള്ളിക്കാരുടെ പൂർവ പാരമ്പര്യമനുസരിച്ചുള്ള പള്ളിപ്രതിപുരുഷ മഹായോഗം) നാളിതുവരെയായിട്ടും രൂപീകരിച്ചിട്ടില്ല. അത്തരം ഒരു മഹാസിനഡ് രൂപീകരിക്കാൻ മെത്രാന്മാർക്ക് പ്ലാനുണ്ടന്നും തോന്നുന്നില്ല.

സീറോ മലബാർ മെത്രാൻസിനഡും സീറോ മലബാർ സഭാ മഹാസിനഡും രണ്ടാണന്ന് വായനക്കാർ മനസ്സിലാക്കണം. മെത്രാൻസിനഡിനെ സഭാസിനഡ് എന്ന് അതിസംബോധനചെയ്ത് സാധാരണ വിശ്വാസികളെ മെത്രാന്മാർതന്നെ തെറ്റിദ്ധരിപ്പിക്കാറുണ്ട്.

കേരളത്തിലെ മാർതോമ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ സഭാഭരണ സമ്പ്രദായങ്ങളെപ്പറ്റിയുള്ള പ്രാഥമീക അറിവ് ഉണ്ടായാലേ സീറോ മലബാർ സഭയുടെ മഹാസിനഡിൻറെ അഥവാ മേജർ ആർക്കി എപ്പിസ്കോപ്പൽ മഹാസിനഡിൻറെ (മഹായോഗത്തിൻറെ) പ്രധാന്യത്തെപ്പറ്റി നമുക്ക് മനസ്സിലാക്കാൻ സധിക്കൂ. മൂന്ന് ഉദാഹരണങ്ങൾ ഞാനിവിടെ കുറിക്കട്ടെ:

1. 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവയിലെ പൊർച്ചുഗീസ് മെത്രാപ്പോലീത്ത അലക്സിസ് മെനേസിസ് ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. യഥാർത്ഥത്തിൽ മാർതോമ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷ മഹായോഗം, ഇന്നത്തെ ഭാഷയിൽ സഭാ മഹാസിനഡ്, ആയിരുന്നു മെത്രാപ്പോലീത്ത സംഘടിപ്പിച്ച ഉടയമ്പേരൂർ സൂനഹദോസ്. ആ കൂടലിൻറെ ഉദ്ദേശം പാശ്ചാത്യ മതരീതി കൊളോണിയൽ ആക്രമണത്തിൽക്കൂടി മാർതോമ ക്രിസ്ത്യാനികളുടെമേൽ അടിച്ചേല്പിക്കുകയും അവരെ റോമിലെ പോപ്പിൻറെ കീഴിലാക്കുകയും എന്നതായിരുന്നു. മാർതോമ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷ മഹായോഗത്തെത്തന്നെ ഉപയോഗിച്ച് മെനേസിസ് മെത്രാപ്പോലീത്ത നമ്മുടെ സഭാഘടനയെ തകർത്തു. (കൂടുതൽ വിവരത്തിന് 'ഉദയമ്പേരൂർ സൂനഹദോസിൻറെ കാനോനകൾ' എന്ന പുസ്തകം കാണുക). എങ്കിലും മെനേസിസ് മെത്രാപ്പോലീത്ത മാർതോമ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗത്തെ മാനിച്ചു എന്നതിന് ഈ സംഭവം തെളിവാണ്. നാട്ടുമെത്രാന്മാരായ നമ്മുടെ ഇന്നത്തെ മെത്രാന്മാരോ?

2. ഉദയമ്പേരൂർ സൂനഹദോസിനുശേഷം നസ്രാണിസഭ പദ്രുവാദൊ ഭരണത്തിൻറെയും പ്രോപഗാന്ത ഭരണത്തിൻറെയും കീഴിൽ കഴിയേണ്ടിവന്നു. പ്രോപഗാന്ത ഭരണം നസ്രാണികൾക്ക് അസഹനീയമായതിനാലാണ് 1773-ൽ മലങ്കരപള്ളിക്കാരുടെ മഹാ സമ്മേളനം അങ്കമാലിയിൽവെച്ച് കൂടിയതും ജോസഫ് കരിയാറ്റി മല്പ്പാനെയും പറേമ്മാക്കൽ  തോമാകത്തനാരെയും യൂറോപ്പിലേയ്ക്ക് അയച്ചതും (കൂടുതൽ വിവരത്തിന് പറേമ്മാക്കൽ  ഗൊവർണദോരുടെ ‘വർത്തമാനപുസ്തകം’ കാണുക).

3. പാശ്ചാത്യമെത്രാൻ ഭരണസമ്പ്രദായത്തിൻ കീഴിൽ നസ്രാണികളുടെ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും ബലഹീനങ്ങളായിപ്പോയി. അതുവരെ പള്ളിയോഗങ്ങൾ ഈ സഭയുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ എല്ലാകാര്യങ്ങളും ആലോചിച്ചു തീരുമാനമെടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു. പാശ്ചാത്യമെത്രാൻ ഭരണസമ്പ്രദായത്തോട് ഇടഞ്ഞുകൊണ്ടാണങ്കിലും, 1632-ലെ ഇടപ്പള്ളിയോഗത്തെയും 1773-ലെ അങ്കമാലിയോഗത്തെയും 1854-ലെ കുറവിലങ്ങാട്ടുയോഗത്തെയും 1892-ലെ പാലായോഗത്തെയും ഈ പരമ്പരാഗത പള്ളിയോഗവ്യവസ്ഥിതി നിലനിർത്താൻ നസ്രാണികൾ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളാണ്.

അപ്പോസ്തലിക കാലഘട്ടത്തിലെ സഭാഭരണം റോമൻ സാമ്രാജ്യ രാഷ്ട്രീയസ്വാധീനത്താൽ യൂറോപ്പിൽ നഷ്ടപ്പെട്ടു. എന്നാല്‍ നസ്രാണിസഭ പതിനാറു നൂറ്റാണ്ടുകള്‍ അത് കാത്തുസൂക്ഷിച്ചിരുന്നു. പോര്‍ട്ടുഗീസ് മതകൊളോണിയലിസത്തിലൂടെ ആ സഭാഭരണഘടനയെയും തകര്‍ത്തുകളഞ്ഞു. പള്ളിയോഗത്തിന്റെ നിലയും വിലയും കളഞ്ഞ് നസ്രാണിസഭയിലുണ്ടായിരുന്ന ജനാധിപത്യ ഭരണസമ്പ്രദായത്തെ തകിടം മറിച്ചു. പാശ്ചാത്യരീതിയിലുള്ള സഭാഭരണം നസ്രാണിസഭയില്‍ അടിച്ചേല്പിച്ചു

പരദേശി മെത്രാന്മാരെ പറഞ്ഞുവിട്ട് സ്വദേശിമെത്രാൻ വന്നപ്പോൾ നസ്രാണിപള്ളിഭരണസമ്പ്രദായം കൂടുതൽ വഷളാകുകയാണ് ചെയ്തത്. നമ്മുടെ ആദ്യത്തെ നാട്ടുമെത്രാൻ മാർ മാത്യു മാക്കീലാണ്. ഈ സഭയുടെ പാരമ്പര്യത്തിന് വിരുദ്ധമായ, പള്ളിവക സ്വത്ത് മെത്രാൻറേതാണെന്ന കാഴ്ചപ്പാട് നമ്മുടെ സഭയുടെമേല്‍ അടിച്ചേല്പിച്ചത് ദെക്രെത്തിലൂടെയാണ്. ഇതാ അതിലുള്ള കുറേ നിയമങ്ങള്‍:

''ഓരോ രൂപതകളിലും, വികാരിയാത്തുകളിലും ഉള്ള പള്ളിവക സ്വത്തുക്കളുടെയും, വസ്തുക്കളുടെയും മേല്‍പെട്ട അന്വേഷണവും നടത്തയും സൂക്ഷവും തിരു കാനോനാകള്‍ പ്രകാരം ശുദ്ധ റോമാ സിംഹാസനത്തില്‍ നിന്ന് ആ രൂപതകളെയും, വികാരിയാത്തുകളെയും ഭരിക്കുന്നതിന് അധികാരം സിദ്ധിച്ചിട്ടുള്ള മെത്രാന്മാർക്കുള്ളതാകുന്നു. അവര്‍ അവരുടെ സ്ഥാനാധികാരത്താൽത്തന്നെ റോമ്മാ മേല്പട്ടക്കാരൻറെ കീഴായി, അവർക്ക് ഏല്പ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ വിലതീരാത്ത ആത്മാവുകളെ ഭരിച്ചു നടത്തുന്നതിന്നു റൂഹാദക്കുദശാ തമ്പുരാനാല്‍ ശ്ലീഹന്മാരുടെ സ്ഥാനത്തിൽ വെക്കപ്പെട്ടിരിക്കുന്നതുപോലെ തന്നെ, പള്ളിവക വസ്തുക്കളെയും ഭരിച്ചു നടത്തുന്നതിനു നിയമിക്കപ്പെട്ടിരിക്കുന്നു...... പള്ളിവക വസ്തുക്കളുടെയും, വൈദിക സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും നടത്തുകാരായും, അന്വേഷണക്കാരായും ഭക്തന്മാരായ അല്‌മേനികള്‍ തെരഞ്ഞെടുക്കപ്പെടുകയും മെത്രാനാല്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നാലും, അവര്‍ സാക്ഷാൽ പള്ളിഭരണക്കാരായ വികാരിമാര്‍ക്കും, പട്ടക്കാർക്കും ആലോചനക്കാരും സഹായികളും കൂട്ടുനടത്തുകാരും മാത്രമായി വിചാരിക്കപ്പെടുന്നു.'' ആണ്ടെ കിടക്കുന്നു ചട്ടീം കലവും എന്നുപറഞ്ഞപോലുണ്ട് മാക്കീൽ മെത്രാൻ ഭരിക്കാൻ കയറിയപ്പോൾ.

ആരുടേയും സമ്മർദ്ദം കൂടാതെ രണ്ടാം വത്തിക്കാൻ കൗൻസിലിലെ പിതാക്കന്മാര്‍ പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: ''...... കാലത്തിൻറെയോ വ്യക്തിയുടെയോ സാഹചര്യങ്ങൾക്ക്   അടിപ്പെട്ട് തങ്ങൾക്കു  ചേരാത്തവിധത്തില്‍ ഇവയിൽനി‍ന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പരാമ്പര്യത്തിലേക്ക് തിരിയുവാന്‍ അവർ ശ്രദ്ധിക്കേണ്ടതാണ്.'' കൂടാതെ, ഓരോ സഭയ്ക്കും സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് കൗൻസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതിൻറെയെല്ലാം വെളിച്ചത്തിൽ നമ്മുടെ പൂർവപാരമ്പര്യമായ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും സീറോ മലബാർ സഭാധികാരികൾ പുനസ്ഥാപിക്കേണ്ടതാണ്. പള്ളിയും പള്ളിസ്വത്തുക്കളും പിടിച്ചെടുക്കുകയും പള്ളിയോഗത്തിനുപകരം വികാരിയെ ഉപദേശിക്കാന്മാത്രം അവകാശമുള്ള പാരിഷ് കൌണ്‍സിൽ നടപ്പിലാക്കുകയും ചെയ്ത മെത്രാന്മാരുടെ മുമ്പിൽ  എൻറെ ഈ ലേഖനം വെറും ഒരു വനരോദനമാണ്. 'സഭാനവീകരണത്തിലേക്ക്  ഒരു വഴി'  എന്ന എൻറെ പുസ്തകത്തിലെ അവതാരികയിൽ ഡോ. സ്കറിയാ സക്കറിയ എഴുതിയതുപോലെ "പാരമ്പര്യബലമുള്ള ഒരു നസ്രാണികത്തോലിക്കൻറെ വേവലാതികൾ " മാത്രമായി ഈ വിഷയം മാറും. ഇന്ന് പശ്ചാത്യമാതൃകയിലുള്ള ഒരു അസ്സൽ അല്മായതലമുറയെ വളർത്തിയെടുക്കാൻ ഔദ്യോഗികസഭ നാനാവിധത്തിൽ പരിശ്രമിക്കുന്നുണ്ട്. അന്ധവിശ്വാസത്തെ ഊട്ടിവളർത്തിയും  കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലൂടെയും ഔദ്യോഗിക മതബോധനം വഴിയും അല്മേനിയെ മെരുക്കിയെടുക്കുകയാണ്.

ഈയിടെ ഒരു മെത്രാൻ കളരിക്കനെപ്പോലുള്ളവരെ നന്നാക്കാൻ പറ്റുകയില്ലെന്നും സഭയുടെ പൊതുവേദികളിൽ ഇത്തരക്കാർക്ക് പ്രസംഗിക്കാൻ അവസരം നല്കരുതെന്നും പറഞ്ഞതായി കേട്ടു. അധികാരക്കസേരയിലും സ്വന്തം സുഖഭോഗങ്ങളിലും മുഴുകിയിരിക്കുന്ന സഭാധികാരികൾ, ആടുകൾ തുലയട്ടെയെന്നു ചിന്തിക്കുന്ന സഭാധികാരികൾ, ഇടവകക്കാർ പേപ്പട്ടികൾ എന്ന് പീഠത്തിൽനിന്ന് കുരക്കുന്ന സഭാധികാരികൾ, തെരുവുകളിൽവെച്ച് സഭാപൌരരെ ഗുണ്ടാകളെ ഉപയോഗിച്ചുപോലും തല്ലിച്ചതക്കുന്ന സഭാധികാരികൾ, സ്നേഹത്തിൻറെയും ഉപവിയുടെയും വഴിവിട്ട് പുഴുക്കളായ സഭാപൌരരെ നല്ലപാഠം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭാധികാരികൾ, യേശുവിൻറെ ആദർശലക്ഷ്യത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയ സഭാനവീകരണക്കാരെ വചനം പ്രഘോഷിക്കണ്ട പീഠങ്ങളിൽ നിന്നുകൊണ്ട് സഭാദ്രോഹികൾ എന്നുവിളിച്ച് ആക്ഷേപിക്കുന്ന സഭാധികാരികൾ അറിയുക സഭാപൌരർ പഴശ്ശിരാജാവിൻറെ കുറിച്യപ്പടകളെപ്പോലെയാണന്ന്; വെറും പാറ്റകളല്ലെന്ന്.

സഭാധികാരികളുടെ ഹിമാലയൻ വങ്കത്തരമല്ലേ സഭാപൌരരെ ശ്രവിക്കാൻ വൈമുഖ്യം കാണിക്കുന്നത്. എൻപതുവയസ്സുകാരനായ ഡോ. ജയിംസ് കോട്ടൂർ ഈ കാര്യത്തിനായി സഭാധികാരികളെ നേരിൽകണ്ട് അഭ്യർത്ഥിച്ചിട്ടും അനുകൂലമായ ഒരു മറുപടിയും നാളിതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. 'ഏസ് ഫാദർ' മൂളുന്നവരുടെ ഉപദേശമല്ലാ സഭാധികാരികൾക്ക് വേണ്ടത്. മറിച്ച്, വിമർശകരുടെ നിർദേശങ്ങളാണ് അവർക്ക് തിരുത്തൽശക്തിയാകേണ്ടത്. വിമർശിക്കപ്പെടാത്തതൊന്നും വളരുകയില്ല.

സത്യം വിളിച്ചുപറയുന്ന സഭാനവീകരണക്കാരുടെ വായടപ്പിക്കാൻ ശ്രമിച്ചതുകൊണ്ട് സത്യം മരിക്കുമോ? ഒരിക്കലുമില്ലാ. അതിൻറെ നാരായവേര് സാവധാനം ഉറയ്ക്കും. നമ്മുടെ പൂർവീകരുടെ സമരപാരമ്പര്യം  തിളച്ചു പൊങ്ങണം. സഭയുടെ മഹാസിനഡു് പുനസ്ഥാപിക്കണം. അതിനായുള്ള സംവാദം മെത്രാന്മാരുമായി നടത്തിയേ തീരൂ. അതിനായി ദിക്ഷണാബോധമുള്ള, ചിന്തിക്കുന്ന, മതേതരമനോഭാവമുള്ള ഒരു യുവതലമുറ മുമ്പോട്ട് വരുന്നുണ്ടന്നുള്ളത് ശുഭലക്ഷണമാണ്. നമുക്ക് ഒരു നവോന്മേഷം ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളിൽകൂടി കൈവന്നിട്ടുണ്ട്. കൈ കഴക്കാതെ എഴുതിയും വാതോരാതെ പ്രസംഗിച്ചും നവീകരണ ആശയങ്ങൾ പ്രചരിപ്പിക്കണം. പോപ്പ് ഫ്രാൻസിസ് ആയിരിക്കണം നമ്മുടെ വഴികാട്ടി. സഭയുടെ പഴഞ്ചൻ പല്ലവിക്കൊരു മാറ്റം വരണം. സഭാനവീകരണക്കാരെ സഭാവിരോധികൾ എന്നുവിളിച്ചാക്ഷേപിക്കുന്നതിന് അറുതി വരണം. ജന്മിത്വചൂഷണംപോലെ ആദ്ധ്യാത്മീകചൂഷണം അറപ്പില്ലാതെ നടത്തുന്ന പൌരോഹിത്യ അധികാരഘടനയെ തകർക്കണം. സഭയിലെ മൂപ്പന്മാർ ശുശ്രൂഷാ വേലയിൽ കഴിയട്ടെ. ഇത് സന്ധിയില്ലാത്ത ഒരു ജനകീയ യുദ്ധമാണ്. മതമല്ല ദൈവമെന്നതാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത്‌. വഞ്ചനാപരമായ നിലപാട് സഭാധികാരികൾ സ്വീകരിക്കുമ്പോൾ  സഭാപൌരരുടെ ജനകീയജനാധിപത്യസമരം താനേ വളരും. പുതിയതും പ്രകാശമാനവുമായ നല്ല നാളെ  മനസ്സിൽ പതഞ്ഞുപൊങ്ങും. സഭാധികാരികൾ വെറും പാറ്റകളെപ്പോലെ കരുതുന്ന സഭാപൌരരെ കൂദാശകുതന്ത്രംകൊണ്ട് വിരട്ടി ഓടിക്കുന്ന പരിപാടി അവസാനിക്കണം. റോമിൻറെ പാദസേവകരായ ഇവരുടെ പത്താഴം നിറക്കലിന് തടയിടണം. മതമെന്ന വെള്ളക്കുപ്പായം ധരിച്ചും വെള്ളപൂശിയും ശക്തമാക്കപ്പെട്ട ഇവരുടെ ചുവടുകൾ താളം തെറ്റിയവകളാണ്. ഇവർ കപ്പലിനുവേണ്ടി വിമാനത്താവളത്തിൽ കാത്തിരിക്കുന്നവരെപ്പോലെയാണ്. ദൈവജനം ഇവരുടെ ആത്മീയചൂഷണത്തെ സഹിഷ്ണതയോടെ കണ്ടു. ഇനിയത് നടപ്പില്ല. ഇവരുടെ 'I job' സമ്പ്രദായം 'we job' സമ്പ്രദായമായി മാറിയേ തീരൂ. നല്ല സഭാപൌരർ മൌനം പാലിച്ചാൽ ഇവരുടെ അധർമ്മം തഴച്ചുവളരും. സഭാപൌരരെ റീത്തുകളായി വെട്ടിമുറിച്ച് അവരുടെ മുഴുവൻ  സ്വാതന്ത്ര്യത്തെയും നശിപ്പിച്ച ഇവരുടെ ദുഷ്പ്രവർത്തികൾ ഒരു കാലത്ത് ഇവരെത്തന്നെ വേട്ടയാടും. അതിരുകൾ നിശ്ചയിച്ചു ഇവർ കുത്തിയ കോലുകൾ വരും തലമുറ പറിച്ച് മാറ്റികുത്തും.

സഭ ഇവർക്കൊരു ശ്മശാനമാകണം. സഭയിൽ സമ്പൂർണ്ണ  നിശബ്ദതയാണ് ഇവർ ഇഷ്ടപ്പെടുന്നത്. ഒച്ചപ്പാടുണ്ടാക്കുന്നവരെ ഇവർക്ക് വേണ്ടാ. പോപ്പ് ഫ്രാൻസിസിൻറെ നിർദേശം ഒച്ചപ്പാടുണ്ടാക്കണമെന്നാണ്. സഭാനവീകരണക്കാർ പോപ്പിനെ അനുസരിക്കുന്നവരാണ്. ഇവരാണ് പോപ്പിനെ അനുസരിക്കാത്തവർ. കുടുംബസർവെ എവിടെയാണ് പൂഴ്ത്തിവെച്ചിരിക്കുന്നത്?

റോമാസാമ്രാജ്യത്തിൻറെ മതകൊളോണിയൽ ഭരണം അഞ്ചുനൂറ്റാണ്ടുകൾകൊണ്ട് മാർതോമ  നസ്രാണി സഭയിൽ നടപ്പാക്കി. ആ ഭരണതന്ത്രം നാട്ടുമെത്രാന്മാർ അതേപടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ലത്തീൻകാരാൽ സീറോ മലബാർ സഭ മുഴുവൻ താറുമാറായെന്ന് മുതലകണ്ണുനീർ പൊഴിക്കുകയും അതേസമയം മനസാക്ഷി വിരുദ്ധമായ നിലപാടു സ്വീകരിച്ച് കിഴക്കിൻറെ കാനോൻ നിയമം സഭയിൽ നടപ്പിലാക്കുകയും ചെയ്തു. താളം തെറ്റിയ ഇവരുടെ നിലപാടിന് കടിഞ്ഞാണിടാൻ  നമ്മുടെ  സർവ്വതുമായ  പള്ളിപ്രതിപുരുഷമഹായോഗം പുനരുദ്ധരിച്ചേ  മതിയാവൂ.  

1 comment:

  1. Chacko Sir I can understand your strong views and concern. Our only recourse is to get the Church Act enacted. But how many of our fellow Catholics are aware that such a recommendation is pending with the State Govt. for nearly a decade. The only way to get publicity for this issue is by fielding a strong candidate against one of the leaders of the Kerala Congress. I think we should seriously consider to field Prof Eppan or his daughter Attorney Indulekha either at Palai or Thodupuzha in the next Assembly Elections.

    ReplyDelete