Translate

Saturday, January 24, 2015

വിരമിച്ച് ഒരു വർഷമായിട്ടും പ്രൊഫ. ജോസഫിന് പെൻഷനില്ല!

കൊച്ചി: ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് ആക്രമിക്കപ്പെട്ട പ്രൊഫസർ ടി.ജെ. ജോസഫിനെ സർക്കാരിന്റെ ചുവപ്പുനാട വേട്ടയാടുന്നു. വിരമിച്ച് ഒരുവർഷമാകുമ്പോഴും   ആനൂകൂല്യങ്ങളും പെൻഷനും നിഷേധിക്കപ്പെട്ട് ഗതികേടിലാണ് മൂവാറ്റുപുഴയിലെ ഈ അധ്യാപകൻ. ജീവിതദുരിതങ്ങളിൽ മനം നൊന്ത് അധ്യാപകന്റെ ഭാര്യ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. അക്രമികളുടെ വെട്ടിനേക്കാൾ വേദനിപ്പിക്കുന്നതാണ് ചുവപ്പുനാടകൾ തീർക്കുന്ന മുറിവെന്ന് അധ്യാപകൻ. 
നിയമപീഠം കുറ്റവിമുക്തനാക്കിയ ഒരു അധ്യാ പകന്റെ ഗതികേടാണിത്. വിരമിച്ച് വിശ്രമിക്കേണ്ട പ്രായത്തിൽ സർക്കാർ ഓഫീസുകളിലേയ്ക്കാണ് ഈ നെട്ടോട്ടം. ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് അധ്യാപകവൃത്തിയിൽ നിന്ന് പുറത്താക്കപ്പെട്ട ജോസഫിനെ കഴിഞ്ഞ മാർച്ച് 28-നാണ് തൊടുപുഴ ന്യൂമാൻ കോളജിൽ തിരിച്ചെടുത്തത്. കടുത്ത സാമ്പത്തിക   ബുദ്ധിമുട്ടടക്കമുളള ജീവിതദുരിതങ്ങ ളിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ. മൂന്നുദിവസത്തിനുശേഷം വിരമി ച്ചെങ്കിലും നാളിതുവരെ ഒരാനുകൂല്യവും പെൻഷനും കിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയിൽ കുരുങ്ങി. 
മാനുഷിക പരിഗണന നൽകി ജോലിയിൽ തിരിച്ചെടുത്തു എന്ന കോളജ് അധികൃതരുടെ ഉത്തരവാണ് തിരിച്ചടിയായത്. ഇത്തരമൊരു പതിവില്ലെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതു കൈക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ കൂലിപ്പണി ക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന് പ്രൊഫസർ ജോസഫ്.
(സ്രോതസ്സ്: ഏഷ്യാനെറ്റ് ന്യൂസ്)

-മെത്രാന്മാരുടെ 'മാനുഷികപരിഗണന'യിൽ പ്പോലും ഒരു വില്ലൻ ഒളിച്ചിരിപ്പുണ്ടാകും എന്നാണ് അത്യന്തം ഖേദകരമായ ഈ വാർത്ത നമ്മെ പഠിപ്പിക്കുന്നത്. ടി.ജെ. ജോസഫ് സാറിനും കുടുംബത്തിനുമുണ്ടായിരിക്കുന്ന ഈ ദുർവ്വിധിയിലും രൂപതാ നേതൃത്വവും കോളേജധികൃതരും ഒളിഞ്ഞിരുന്ന് ആർത്തു ചിരിക്കുന്നുണ്ടാകും. അല്ലെങ്കിൽ, അവർ തന്നെ വേണ്ട തിരുത്തലുകൾ അടിയന്തിരമായി നൽകിയാൽ മതിയായിരുന്നല്ലോ.
എന്തായാലും കേരളസർക്കാരിന്റെ  ഈ 'ചുവപ്പു നാടക്കളി'യെപ്പറ്റി ജനപ്രതിനിധികളെയും കേന്ദ്രസർക്കാരിനെയും എത്രയും വേഗം അറിയിക്കേണ്ടിയിരിക്കുന്നു. പ്രൊഫ. ജോസഫിന്റെ ഈ കഥ  ഉമ്മൻ ചാണ്ടി സർക്കാരിനെയും മോഡി സർക്കാരിനെയും അറിയിക്കണം. കേരളത്തിലെ ബിഷപ്പുമാരുടെ കൊള്ളരുതായ്മകളുടെയും ബ്യൂറോക്രസിയുടെ ക്രൂരതയുടെയും ചരിത്രം ലോകമറിയട്ടെ. മനുഷ്യാവകാശ സംഘടനകളെയും ഇക്കാര്യം അറിയിക്കേണ്ടതായുണ്ട്. 

No comments:

Post a Comment