Translate

Saturday, January 31, 2015

മനസാക്ഷി മരവിച്ച കുഞ്ഞാടുകള്‍...

സിസ്റ്റര്‍ ജെസ്മിയും സിസ്റ്റര്‍ മേരി ചാണ്ടിയും കന്യാസ്ത്രീ മഠങ്ങളിലെ രഹസ്യങ്ങളെക്കുറിച്ചു പുസ്തകങ്ങള്‍ എഴുതി. അവയൊന്നു വായിച്ചുനോക്കാനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ കുഞ്ഞാടുകള്‍ തയ്യാറല്ല. അവരുടെ നിഗമനം വളരെ ലളിതമാണ് – ഇവരൊക്കെ സാത്താന്റെ ഏജന്റ്മാരാണ്; പുരോഹിതര്‍ തെറ്റുചെയ്യുകയില്ല; ചെയ്‌താല്‍ തന്നെ, നമ്മളായിട്ട് അതൊന്നും വിളിച്ചുകൂവി നടക്കരുത്.

പുതിയതായി പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകാന്‍ തയ്യാറാകുന്നില്ല; മഠങ്ങള്‍ താമസിയാതെ അടച്ചുപൂട്ടേണ്ടിവരും എന്നൊക്കെ സഭാധികാരികള്‍ അടുത്തയിടെ വിലപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥയെന്നോ, അതിന്റെ പരിഹാരമെന്താണെന്നോ അവര്‍ പറയുന്നില്ല.
കത്തോലിക്കാ കന്യാസ്ത്രീകളുടെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെയാണ്. അവരില്ലാത്ത ഒരു ലോകത്ത് – വിദ്യാഭ്യാസ-ആതുരസേവന-സാമൂഹ്യക്ഷേമ മേഖലകളില്‍ പ്രത്യേകിച്ച് - കേരളം പതറും.
സഭാധികാരികളെ വിശ്വസിച്ച് മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ മഠങ്ങളിലെയ്ക്ക് അയയ്ക്കുന്ന ഈ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മലയാളികള്‍ എന്തുകൊണ്ടാണ് ഇത്രയും അലംഭാവം കാണിക്കുന്നത്? ഒരു സമൂഹമെന്ന നിലയില്‍ നാം ഒരിക്കലും ഇരയ്ക്കുവേണ്ടിയല്ല, വേട്ടക്കാരനൊപ്പമാണ് നില കൊള്ളുന്നത്.
കൊക്കന്‍ സംഭവം ഉണ്ടായപ്പോള്‍, ഈയുള്ളവന്‍ എന്തോ എഴുതിയപ്പോള്‍, ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: ഈ വൈദികന്‍ താങ്കളുടെ സഹോദരനായിരുന്നുവെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നോ? ഞാന്‍ തിരിച്ചു ചോദിച്ചു: ആ പെണ്‍കുഞ്ഞ് താങ്കളുടെ മകളായിരുന്നുവെങ്കില്‍ താങ്കള്‍ ഇങ്ങനെ ചോദിക്കുമോ?

ഇപ്പോള്‍ ഇതാ വടക്കേഇന്ത്യയില്‍ നിന്നൊരു സംഭവം...
സാഗര്‍ രൂപതയുടെ കീഴിലുള്ള ശ്യാമപുര എന്ന പള്ളിയോടു ചേര്‍ന്നുള്ള മഠത്തിലെ ഒരു കന്യാസ്ത്രീ (അവരുടെ പേര് വെളിയില്‍ വിട്ടിട്ടില്ല; എങ്കിലും അവര്‍ മലയാളി ആണെന്ന് കരുതുന്നു..) 2010 ഏപ്രില്‍ മാസത്തില്‍ ഒരു പുരോഹിതനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പുരോഹിതന്‍ മലയാളിയാണെന്നു വിശ്വസിക്കാം; കാരണം അദ്ദേഹത്തിന്റെ വീട്ടുപേര് ചിരമേല്‍ എന്നാണു കണ്ടത്.

ദൈവത്തിന്റെ പ്രതിപുരുഷന്‍ മോശക്കാരനല്ല. അദ്ദേഹം കന്യാസ്ത്രീയുടെ ചിത്രമെടുത്തു.. (നന്ഗ്നചിത്രമായിരുന്നു എന്നൂഹിക്കാം..). എന്നിട്ടു പറഞ്ഞു: പുറത്തു പറഞ്ഞാല്‍, ഈ ചിത്രങ്ങള്‍ ഞാന്‍ പുറത്തുവിടും.
തങ്ങള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. തങ്ങളുടെ ശരീരത്തിന്റെ മേല്‍ ദൈവത്തിന്റെ പ്രതിപുരഷന്മാര്‍ക്കും അവകാശമുണ്ട്‌ എന്നു വിശ്വസിക്കുന്ന കന്യാസ്ത്രീമാര്‍ ഒരു പക്ഷെ ഉണ്ടാവാം. പക്ഷെ ഈ കന്യാസ്ത്രീ അത്തരക്കാരിയായിരുന്നില്ല എന്ന് വിശ്വസിക്കാം. നാലു വര്ഷം അവര്‍ ഇതെല്ലാം ബ്ലാക്ക്മെയില്‍ ഭയന്ന് ഉള്ളില്‍ അടക്കിപ്പിടിച്ചു. ചിരമേലച്ചന്‍ രൂപതയില്‍ നിന്നും സ്ഥലംമാറി പോയതോടെ പോലീസില്‍ പരാതിപ്പെട്ടു.
ഇനിയങ്ങോട്ട് പതിവു കലാപരിപാടികള്‍ തുടങ്ങും. അവസാനം ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായി കേസ് ഇല്ലാതാകും. പാവം കന്യാസ്ത്രീയെ മാനസികരോഗിണിയായി മുദ്രകുത്തും.
മരവിച്ച മനസാക്ഷികളുമായി കുഞ്ഞാടുകള്‍ ചിരമേലച്ചനെ കണ്ടാലും ഭയഭക്തിബഹുമാനത്തോടെ പറയും:
ഈശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ.

Alex Kaniamparambil

No comments:

Post a Comment