Translate

Tuesday, January 3, 2012

2012 ന്റെ പ്രസന്നത - 10,000 ഹിറ്റുകള്‍

2012 ന്റെ പ്രസന്നതയും യേശുജയന്തിയുടെ നന്മകളും നേരുന്നു!!! നന്ദിയുടെ നറുമലരുകളും!!!

കൃതജ്ഞതകൊണ്ട് തുടിക്കുന്ന ഒരു ഹൃദയവുമായാണ് ഞാനിതെഴുതുന്നത്. നമ്മള്‍ ആരംഭിച്ച അല്‍മായ ശബ്ദം എന്ന ബ്ലോഗ് വളരെ നിര്‍ണായകമായ ഒരു ഘട്ടം കടക്കുകയാണ്. 10,000 ഹിറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ഈ നിമിഷം നമുക്ക് ആഹ്ലാദകരവും ആവേശകരവുമാണ്. മാന്യമായ ഭാഷയില്‍, വ്യക്തമായ കാഴ്ചപ്പാടോടുകൂടി, വിശ്വാസിപക്ഷത്തുനിന്നുള്ള സഭാവിമര്‍ശനമായിരുന്നു നമ്മുടെ നിലപാട്. ഭാരതസഭയുടെ നഷ്ടമായ പുഷ്‌കല പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയും സഭയില്‍ ജനാധിപത്യം നടപ്പാക്കി സുതാര്യത ഉറപ്പുവരുത്തുകയുമാണ് നമ്മുടെ ലക്ഷ്യം. ചര്‍ച്ച് ആക്ട് ഇതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു നിയമനിര്‍മാണമാണ്. രാജകീയ പുരോഹിതഗണമായ വിശ്വാസികളെ അനുസരിക്കാനും പിരിവു നല്‍കാനും മാത്രമുള്ള അടിമക്കൂട്ടമായിക്കണ്ട് സഭയുടെ സ്വത്ത് ധൂര്‍ത്തടിക്കുകയും ഏകാധിപതികളായി അധ:പതിക്കുകയും ചെയ്ത സഭാധികാരികള്‍ക്ക് താക്കീതാകാനും നമ്മുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നു. അതിനായി വാര്‍ത്താവിതരണവും ആശയവിനിമയവും അതുവഴി ബോധവല്‍ക്കരണവുമാണ് നമ്മുടെ ഉദ്ദേശ്യം.

പലപ്പോഴും ഇത്തരം തുറന്ന നിലപാടുകളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. അതിനാല്‍ത്തന്നെ ഇതാരംഭിക്കുമ്പോള്‍ വിജയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അതിയായ സംശയമുണ്ടായിരുന്നു. ഞങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്തായിരുന്നു എന്നു തെളിയിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായത്. ഇതു ഞങ്ങളെ വിസ്മയിപ്പിക്കുകതന്നെ ചെയ്തിരിക്കുകയാണ്. ഞങ്ങളുടെ എറ്റവും വലിയ പ്രതീക്ഷയെപ്പോലും മറികടന്ന ഒരു അനുഭവമാണിത്. ഇതു ഞങ്ങളുടെ വിജയമല്ല. മറിച്ച് വിശ്വാസിസമൂഹത്തിന്റെ വിജയമാണ്.

കേരളത്തില്‍നിന്നുമാത്രമല്ല അമേരിക്കയില്‍നിന്നും(ഏറ്റവുമധികം) യൂറോപ്പില്‍നിന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വായനക്കാര്‍ വളരെയാണ്. വെളിപ്പെടാത്ത നിലവിളികളും പൊട്ടിയൊഴുകാന്‍ വെമ്പുന്ന രോഷവും കെട്ടിക്കിടക്കുന്ന കാരാഗൃഹത്തില്‍നിന്നുള്ള തടവുകാരുടെ മോചനഗീതങ്ങളായി ലേഖനങ്ങളും പ്രതികരണങ്ങളും ഇതില്‍ നിറയുന്നതാണ് കാണാന്‍ കഴിഞ്ഞത്. പേരെടുത്തു പറയേണ്ടവര്‍ ഏറെയാണ്. എല്ലാവരെയും പറഞ്ഞില്ലെങ്കിലും, ജോസഫ് പുലിക്കുന്നേല്‍, അലക്‌സ് കണിയാമ്പറമ്പില്‍, ജോസാന്റണി, ജോസഫ് പടന്നമാക്കല്‍, സഖറിയാസ് നെടുങ്കനാല്‍, ചാക്കോ കളരിക്കല്‍, ജോസഫ് മറ്റപ്പള്ളി, ജയിംസ് ഐസക് കുടമാളൂര്‍, സി.കെ.പുന്നന്‍, സെബാസ്റ്റ്യന്‍ വട്ടമറ്റം, ജോര്‍ജ് കട്ടിക്കാരന്‍ എന്നിവരെ പരാമര്‍ശിക്കാതെ വയ്യ. എല്ലാവര്‍ക്കും നന്ദി.

ഈ വിജയത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് കൊണ്ട്  ഞങ്ങള്‍ ഒരു പുതിയ സംരംഭത്തിന്റെ പണിപ്പുരയിലാണ്. ഇതിലെ ലേഖനങ്ങളും സ്‌നേഹ സന്ദേശം, ബിലാത്തി മലയാളി, Soul & Vision എന്നീ ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ലേഖനങ്ങളും പ്രതികരണങ്ങളും വാര്‍ത്തകളും ഉള്‍പ്പെടുത്തി അച്ചടിച്ച ഒരു പ്രസിദ്ധീകരണം. മാസികതന്നെ. 2012-ലെ കാണിക്കയായി ഇതു നിങ്ങളുടെ കൈകളില്‍ എത്തിക്കുകയാണ് ഞങ്ങളുടെ അടുത്ത ദൗത്യം. ആ ശ്രമത്തില്‍ പ്രിയ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണം ഞങ്ങള്‍ തേടുന്നു. കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനക്കുടുംബത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒരിക്കല്‍കൂടി നന്ദി.

കെ ജോര്‍ജ് ജോസഫ്,
(കാട്ടേക്കര, രാമപുരം P.O )
ചെയര്‍മാന്‍ , KCRM, പാലാ.
PIN: 974 730 4646

No comments:

Post a Comment