Translate

Thursday, January 12, 2012

ചര്ച്ച് ആക്ട് - ചില സംശയങ്ങള്‍


ഓശാന വായനക്കാരനായ കുര്യന്‍ മ്യാലില്‍ (അമേരിക്ക) എനിക്കയച്ച എഴുത്ത് താഴെ ചേര്‍ക്കുന്നു.

''കഴിഞ്ഞ 25 കൊല്ലമായി മുടങ്ങാതെ ഓശാന വരുത്തി വായിക്കുന്ന ഒരാളാണ് ഞാന്‍. എന്തുമാറ്റം എന്നില്‍ ഉണ്ടായി എന്ന് അറിയുവാന്‍ ഒരു പക്ഷേ താങ്കള്‍ക്കും ആകാംക്ഷയുണ്ടാകാം. വേഷം കെട്ടി കുര്‍ബാന ചൊല്ലുന്ന അച്ചന്മാരുടെ പ്രവൃത്തികളോടും അവര്‍ ചെയ്യുന്ന ക്രിസ്തീയമല്ലാത്ത എല്ലാ പ്രവൃത്തികളോടും അമര്‍ഷമുണ്ട്.


എന്നാല്‍ നിങ്ങള്‍ പറയുന്ന എല്ലാ ആശയങ്ങളോടും ഇതുവരെ യോജിച്ചു പോകാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. പോപ്പ് എന്ന ഒരു നേതാവ് നമുക്കുള്ളത് ഏറ്റവും വലിയ ഒരു അനുഗ്രഹമുള്ളതായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്റെ ആജ്ഞ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ തന്റെ സ്വത്തുക്കള്‍ മുഴുവനും പോപ്പിനു എഴുതികൊടുക്കുന്നതില്‍ എന്താണ് തെറ്റ്. പോപ്പ് അദ്ദേഹം ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. ചില വിശ്വാസത്തിന്റെ പേരില്‍ ഒരുമിച്ചു നില്ക്കാന്‍ തയ്യാറുള്ളവരല്ലെ അതു ചെയ്യുന്നുള്ളൂ. അത് തെറ്റായി ചിന്തിക്കാന്‍ എനിക്കു കഴിയുന്നില്ല. പള്ളിയുടെ കണക്കുകള്‍ ഒരു  പള്ളികമ്മറ്റിക്കു കൊടുക്കണമെന്നതില്‍ സംശയമില്ല. പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു നിയമത്തില്‍കൂടി ആയാല്‍ അത് ഇന്നത്തെ നിലയില്‍നിന്നും കൂടുതല്‍പേര്‍ക്ക് കൈയിട്ടുവാരാനുള്ള ഒരു സ്ഥാപനമായി മാറാനേ അതുപകരിക്കൂ എന്നാണ് എന്റെ വിശ്വാസം.

ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ ബൈബിള്‍ അവസാനിക്കുന്നതായി കാണാം. പിന്നീട് എന്തു നടന്നു? മുഹമ്മദ് നബിയുടെ കാലം വരെയുള്ള 600 - 700 കൊല്ലം ക്രിസ്തീയകാലം എങ്ങനെയായിരുന്നു. ഇന്നത്തെ നിലയില്‍ ഒരു സംവിധാനം എങ്ങനെ നിലവില്‍ വന്നു എന്നതു സംബന്ധിച്ച് വല്ല പ്രസിദ്ധീകരണവും നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ മലയാളമോ, ഇംഗ്ലീഷോ ബുക്കിന്റെ പേരോ എന്തെങ്കിലും അറിയിച്ചു തന്നാല്‍ നന്നായിരുന്നു. കഴിഞ്ഞ 2 വര്‍ഷം മുമ്പ് ചില അറിവുകള്‍ നിങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിരുന്നു. അതുപോലെ ഒരു പ്രസിദ്ധീകരണം നല്‍കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നന്നായിരുന്നു.''

മറുപടി

ബഹുമാനപ്പെട്ട സുഹൃത്ത് കുര്യന്‍ മ്യാലിലും മറ്റു പലരും ചര്‍ച്ച് ആക്ടിനെക്കുറിച്ച് വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സഭയുടെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് നമ്മുടെ വിശ്വാസത്തിന് രണ്ട് അതിപ്രധാന അടിസ്ഥാനങ്ങളുണ്ട്. 1. ബൈബിള്‍. 2. പാരമ്പര്യം. സുവിശേഷത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന യേശുവിന്റെ പഠനങ്ങളും അപ്പോസ്തലന്മാരുടെ നടപടികളും ആണ് വിശ്വാസത്തിന്റെ ഒന്നാമത്തെ അടിസ്ഥാനം. രണ്ടാമത് പാരമ്പര്യമാണ്. സഭ വളര്‍ത്തിയെടുത്ത പാരമ്പര്യങ്ങള്‍ ബൈബിളിലെ പഠനങ്ങളുടെ പൂര്‍ത്തീകരണമെന്ന നിലയിലാണ് വിശ്വാസത്തിന്റെ ഭാഗമായിത്തീരുന്നത്.


സഭയുടെ സമ്പത്ത് എങ്ങനെ ഭരിക്കണം എന്ന് ആദിമ നൂറ്റാണ്ടില്‍തന്നെ ക്രിസ്തു ശിഷ്യന്മാരായ അപ്പോസ്തലന്മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യേശു ജീവിച്ചിരുന്ന കാലത്ത് അവിടുത്തേക്ക് സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അന്നന്നത്തെ അപ്പം മാത്രം തരണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ച യേശു നാളേയ്ക്കുവേണ്ടി ഒന്നുംതന്നെ കരുതിയിരുന്നില്ല. മാത്രമല്ല, താന്‍ പറഞ്ഞതനുസരിച്ച് ഈ ലോകത്തില്‍ ജീവിച്ചു മരിച്ച ഒരു ചരിത്രപുരുഷനായിരുന്നു യേശു. അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: ''ആകാശത്തിലെ പറവകളെ നോക്കൂ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, പത്തായപ്പുരകളില്‍ കൂട്ടി വയ്ക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു'' (മത്താ. 6: 26). മാത്രമല്ല അവിടുന്നു പറഞ്ഞു: ''ഒരാള്‍ക്ക് രണ്ട് യജമാനന്മാരുടെ അടിമയായിരിക്കാന്‍ സാധ്യമല്ല. അയാള്‍ ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കയും രണ്ടാമനെ സ്‌നേഹിക്കയും ചെയ്യും; അല്ലെങ്കില്‍, ഒന്നാമനോടു കൂറു പുലര്‍ത്തുകയും രണ്ടാമനെ വെറുക്കയും ചെയ്യും. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.'' (മത്താ. 6 : 24)

യേശു ഇവിടെ വളരെ വ്യക്തമായി പറയുന്നു: ദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കാന്‍ സാധ്യമല്ല. പിതാവായ ദൈവത്തെ മനുഷ്യരുടെ മുമ്പില്‍ സാക്ഷിക്കുന്നതിനുവേണ്ടി മാത്രം അവതരിച്ച അവിടുത്തേക്ക് സമ്പത്തിന്റെ ഭരണം ഉണ്ടായിരുന്നില്ല. സാത്താന്‍ യേശുവിനോടു പറഞ്ഞു. ''പിശാച്  അവനെ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു  കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തിനുള്ളില്‍ അവന്നു കാണിച്ചു കൊടുത്തിട്ടു പറഞ്ഞു: 'ഞാന്‍ ഈ എല്ലാ അധികാരവും അവയുടെ പ്രതാപവും നിനക്കു തരാം. കാരണം, ഇവയെല്ലാം എനിക്കു തന്നിട്ടുള്ളതാണ്. എനിക്ക് ഇഷ്ടമുള്ളവന്ന് ഞാന്‍ ഇവയെല്ലാം കൊടുക്കും. അതിനാല്‍ നീ എന്നെ ആരാധിക്കുമെങ്കില്‍ ഇവയെല്ലാം നിനക്കുള്ളതായിരിക്കും'' (ലൂക്കോ. 4 : 5-7).

വിശുദ്ധ പൗലോസ് സഭയെ വിവരിച്ചിരിക്കുന്നത് യേശുവിന്റെ ശരീരമായിട്ടാണ്. യേശുവാണ് സഭയുടെ ശിരസ്. യേശുവിന്റെ മൗതിക ശരീരമായ സഭയില്‍ സാമ്പത്തിക ഭരണം എങ്ങനെ ആയിരിക്കണം എന്ന് യേശുവിന്റെ മരണശേഷം അപ്പോസ്തലന്മാര്‍ തീരുമാനിച്ചു. സുവിശേഷത്തില്‍ സഭയുടെ സാമ്പത്തിക ഭരണത്തെസംബന്ധിച്ചിടത്തോളം അഞ്ച് രേഖകള്‍ ഉണ്ട്.

1. ''അപ്പോസ്തലന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാര്‍ഥനയിലും അവര്‍ മുഴുകിയിരുന്നു. എല്ലാവരിലും ഭീതി ജനിച്ചു; അപ്പോസ്തലന്മാര്‍ വഴി പല അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു. അവര്‍ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു; ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയും ചെയ്തു. അവര്‍ അനുദിനം ദേവാലയത്തില്‍ ഒരുമിച്ചുകൂടുകയും വീടുകളില്‍ അപ്പം മുറിക്കുകയും ആഹ്ലാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തില്‍ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും സകല ജനങ്ങളുടെയും പ്രീതിപാത്രങ്ങളാവുകയും ചെയ്തു. രക്ഷ പ്രാപിക്കുന്നവരെ കര്‍ത്താവ് ദിനംപ്രതി അവരുടെ കൂട്ടത്തിലേക്കു ചേര്‍ത്തുകൊണ്ടിരുന്നു.'' (അപ്പോ. പ്രവ. 2: 42 - 47)

2. ''അപ്പോള്‍ പത്രോസ് പറഞ്ഞു: 'വെള്ളിയും പൊന്നും എനിക്കില്ല. എങ്കിലും, എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു: നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നീ നടക്കുക!''. (അപ്പോ. പ്രവ. 3: 6)

3. ''അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍, അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി; അവര്‍ എല്ലാവരിലും പരിശുദ്ധാത്മാവു നിറഞ്ഞു: അവര്‍ ധീരമായി ദൈവവചനം പ്രസംഗിക്കയും ചെയ്തു. വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു; തങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടേതു മാത്രമാണെന്ന് ആരും അവകാശപ്പെട്ടില്ല. അവര്‍ക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു. അപ്പോസ്തലന്മാര്‍ കൂടുതല്‍ ശക്തിയോടെ കര്‍ത്താവായ യേശുവിന്റെ ഉയിര്‍പ്പിന്നു സാക്ഷ്യം നല്‍കി. അവര്‍ എല്ലാവരുടെയുംമേല്‍ സമൃദ്ധമായ കൃപ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായി ഉണ്ടായിരുന്നവരെല്ലാം, അവ വിറ്റുകിട്ടിയ പണമ്രതയും അപ്പോസ്തലന്മാരുടെ പാദങ്ങളില്‍ അര്‍പ്പിച്ചു. ഓരോരുത്തന്റെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു.'' (അപ്പോ. പ്രവ. 4: 31-35).
സഭയ്ക്കു പണം നല്‍കിയവര്‍ അപ്പോസ്തലന്മാരുടെ പാദങ്ങളിലാണ് അവ സമര്‍പ്പിച്ചത്. പക്ഷേ പത്രോസോ അപ്പോസ്തലന്മാരോ അത് തങ്ങള്‍ക്കു ലഭിച്ച പണമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് പൊന്നും വെള്ളിയും ഇല്ലാ എന്ന് പത്രോസ് സധൈര്യം പറഞ്ഞത്.

സഭ യേശുവിന്റെ ശരീരമാണെന്നാണ് പൗലോസ് പറയുന്നത്. അതായത് യേശുവിനെപ്പോലെ ദൈവത്തെ പൂജിക്കുന്ന ഒരു സമൂഹം. യേശുവിന്റെ മരണശേഷം അനുയായികളില്‍ പലരും തങ്ങളുടെ സ്വത്തു വിറ്റ് അപ്പോസ്തലന്മാര്‍ക്കു നല്‍കി. ക്രൈസ്തവസമൂഹത്തിന്റെ ഭൗതികാവശ്യങ്ങള്‍  നിറവേറ്റുന്നതിനായിരുന്നു ഉദാരമതികളായ പലരും സമ്പത്ത് ദാനം ചെയ്തത്. ഈ സമ്പത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന പ്രശ്‌നം ശിഷ്യന്മാര്‍ക്ക് പരിഹരിക്കേണ്ടിയിരുന്നു. ഇതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ പന്ത്രണ്ടു ശിഷ്യന്മാരും ഒരുമിച്ചുകൂടി. സഭയുടെ ആദ്യത്തെ സൂനഹദോസ്.

4. ''ആ ദിവസങ്ങളില്‍ ശിഷ്യരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ദിവസംതോറുമുള്ള വിഭവ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നു എന്ന് ഗ്രീക്കുകാര്‍ എബ്രായര്‍ക്കെതിരെ പിറുപിറുത്തു. അതുകൊണ്ട്, ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചന ശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.

അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. വിശ്വാസംകൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും നിറഞ്ഞ സ്‌തെഫാനോസ്, ഫിലിപ്പോസ്, പ്രൊക്കൊറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മെനാസ്, യഹൂദമതം അവലംബിച്ച അന്തിയോഖ്യക്കാരനായ നിക്കൊലാവൊസ് എന്നിവരെ അവര്‍ തെരഞ്ഞെടുത്തു; അവരെ അപ്പോസ്തലന്മാരുടെ മുമ്പാകെ നിര്‍ത്തിഅപ്പോസ്തലന്മാര്‍, പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈകള്‍ വച്ചു. ദൈവവചനം വ്യാപിച്ചു; ജെറൂശലേമില്‍ ശിഷ്യരുടെ സംഖ്യ വളരെ വര്‍ധിച്ചു. പുരോഹിതരില്‍ വളരെപ്പേര്‍ വിശ്വാസത്തിന്നു വിധേയരായി'' (അപ്പോ. പ്രവ. 6 : 1-7).

അപ്പോസ്തലന്മാര്‍ ഭൗതികഭരണത്തില്‍നിന്നും പൂര്‍ണമായും ഒഴിയുകയും തെരഞ്ഞെടുക്കപ്പെട്ടവരെ അതിന്നായി നിയോഗിക്കുകയുംചെയ്തു. അതായത് ആദ്ധ്യാത്മിക ശുശ്രൂഷകര്‍ ഭൗതിക വസ്തുക്കളുടെ ഭരണം നടത്തുവാന്‍ പാടില്ല എന്ന തീരുമാനമാണ് അപ്പോസ്തലന്മാര്‍ എടുക്കുന്നത്. മാത്രമല്ല, പൊതുപ്പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

5. ''സുവിശേഷം പ്രസംഗിക്കുന്നതില്‍ സഭകളിലെല്ലാം പ്രസിദ്ധനായ ഒരു സഹോദരനെയും അയാളുടെകൂടെ ഞങ്ങള്‍ അയയ്ക്കുന്നു. മാത്രമല്ല, കര്‍ത്താവിന്റെ മഹത്വത്തിന്നും നമ്മുടെ സന്മനസ്സു പ്രകടിപ്പിക്കുന്നതിന്നുമായി നാം നടത്തുന്ന ഈ കാരുണ്യപ്രവൃത്തിയില്‍ ഞങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ സഭകള്‍ ആ സഹോദരനെ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്തുവാന്‍ ഇടയാകരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം. കര്‍ത്താവിന്റെ ദൃഷ്ടിയില്‍ മാത്രമല്ല, മനുഷ്യരുടെ ദൃഷ്ടിയിലും ആദരണീയമായതു ചെയ്യണം എന്നാണു ഞങ്ങളുടെ ആഗ്രഹം.'' (2 കോറി. 8: 18-21).

സഭകള്‍ക്കു വേണ്ടി സമാഹരിച്ച തുക തനിയെ കൈകാര്യം ചെയ്യാന്‍ പൗലോസ് തയ്യാറായില്ല. മറിച്ച്, സഭകള്‍ തെരഞ്ഞെടുത്ത ബഹുമാന്യനായ ഒരു വ്യക്തിയെക്കൂടി അവരോടൊപ്പം ചേര്‍ക്കുകയുണ്ടായി. കാരണം, സാമ്പത്തിക കൈകാര്യകര്‍തൃത്വത്തില്‍  ദൈവത്തിന്റെ ദൃഷ്ടിയില്‍ മാത്രമല്ല, മറിച്ച്, മനുഷ്യരുടെ ദൃഷ്ടിയിലും ആദരണീയമായതു ചെയ്യണം എന്ന് അവര്‍ ആഗ്രഹിച്ചു. ലോകചരിത്രത്തില്‍ ആദ്യമായാണ് പൊതു പണം വിനിയോഗിക്കുന്നതിന് സുതാര്യമായ ഒരു സമ്പ്രദായം ക്രൈസ്തവര്‍ രൂപപ്പെടുത്തുന്നത്. ആദ്ധ്യാത്മികതയുടെ പേരില്‍ സഭയുടെ സമ്പത്ത് ഭരിക്കാന്‍ അപ്പോസ്തലന്മാര്‍ തയ്യാറായില്ല. ഭൗതിക വസ്തുക്കളുടെ ഭരണകാര്യങ്ങളില്‍ സുവിശേഷ നിര്‍ദ്ദേശിതമായ ഒരു വ്യവസ്ഥ നാലാംനൂറ്റാണ്ടുവരെ യൂറോപ്പില്‍ നിലനിന്നിരുന്നു. സഭയുടെ മേലന്വേഷകരെയും അന്ന് സഭാംഗങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു.

അങ്ങനെ സഭാസമ്പത്തിന്റെ ഭരണം അപ്പോസ്തലന്മാര്‍ സഭ തെരഞ്ഞെടുത്തവരില്‍ നിക്ഷിപ്തമാക്കി. സഭ വളര്‍ന്ന് പ്രാദേശിക സഭകള്‍ ഉണ്ടായപ്പോഴും സമ്പത്തിന്റെ ഭരണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിക്ഷിപ്തമാക്കിപ്പോന്നു. മാത്രമല്ല, സഭാശുശ്രൂഷകരെ തെരഞ്ഞെടുത്തിരുന്നതും സഭയായിരുന്നു. ഹിപ്പോളിറ്റസ് മാര്‍പാപ്പാ രണ്ടാം നൂറ്റാണ്ടില്‍ സഭയുടെ മേലന്വേഷകരെ എങ്ങനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്.  'Let the bishop be ordained after he has been chosen by all the people. When someone pleasing to all has been named, let the people assemble on the Lord's Day with the presbyters and with such bishops as may be present.  All giving assent, the bishops shall impose hands on him, and, the presbytery shall stand by in silence. Indeed, all shall remain silent, praying in their hearts for the descent of the Spirit. Then one of the bishops present shall at the request of all, impose his hand on the one who is being ordained bishop, and shall pray thus, saying.'' (The Faith of the Early Fathers Vol. !, Page 166) ഇതായിരുന്നു ആദിമ സഭയുടെ പാരമ്പര്യം.

ഇന്ത്യന്‍ പാരമ്പര്യം

16 നൂറ്റാണ്ടുകാലം ഇന്ത്യയിലെ ക്രൈസ്തവര്‍ പാശ്ചാത്യ പൗരസ്ത്യ സഭകളുമായി അധികാരപരമായ ഒരു ബന്ധവുമില്ലാതെ വളര്‍ന്നു. തന്മൂലം നമുക്ക് നമ്മുടേതായ പാരമ്പര്യമുണ്ടായിരുന്നു.
ഫാ. കൂടപ്പുഴ എഴുതുന്നു: (വടവാതൂര്‍ സെമിനാരി സഭാചരിത്ര പ്രൊഫസര്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വ പാരമ്പര്യം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്):

''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍ നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.

പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്്.'' (ഭാരതസഭാചരിത്രം, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 198, 199).

എല്ലാ സഭാചരിത്രകാരന്മാരും - റവ ഡോ. പ്ലാസിഡ് പൊടിപാറ സി.എം.ഐ., റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. എ.എം.മുണ്ടാടന്‍ സി.എം.ഐ., മാര്‍ ജോസഫ് പവ്വത്തില്‍, റവ. ഡോ. ജോസ് കുറിയേടത്ത്, റവ.ഡോ.ജേക്കബ് കൊല്ലാപറമ്പില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ. ഡോ. ജോസഫ് തെക്കേടത്ത് ഇവരെല്ലാം നമ്മുടെ പള്ളിഭരണസമ്പ്രദായം തികച്ചും ജനാധിപത്യപരമായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്.

ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കും തങ്ങളുടെ സഭയ്ക്കുവേണ്ടി പണം പിരിക്കുന്നതിനുമായി പേര്‍ഷ്യയില്‍ നിന്നും മെത്രാന്മാര്‍ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഈ മെത്രാന്മാരോ ജാതിക്കു കര്‍ത്തവ്യനോ പള്ളികളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല.

കേരളക്രൈസ്തവരുടെ അധികാരസംവിധാനത്തെക്കുറിച്ച് ആഴമായി പഠിച്ച റവ.ഡോ. ജോസ് കുറിയേടത്ത് മെത്രാന്മാരുടെ മുന്‍കാല അധികാരത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:

'To the question whether the bishops were involved in the temporal administration of the community, historians almost unanimously say that the bishops exercised no such powers execpt perhaps in rare and unusual situations, and that the actual administration of the socio-temporal matters of the community was normally in the hands of an Archdeacon and Yogam'' (Authority in the Catholic Community in Kerala, P-86). 

അങ്ങനെ സുവിശേഷം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും പള്ളികളുടെ ഭരണസംവിധാനം ആദിമ നൂറ്റാണ്ടുകളിലും 16-ാം നൂറ്റാണ്ടുവരെ കേരളത്തിലും തികച്ചും ജനാധിപത്യപരമായിരുന്നു. മെത്രാന്മാരും പുരോഹിതരും ആദ്ധ്യാത്മിക ശുശ്രൂഷകരായിരുന്നു. ഇടവകയോഗമായിരുന്നു പള്ളികളുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നത്.  ആ പൂര്‍വ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോകണം എന്നാണ് നാം വാദിക്കുന്നത്. ഈ പൂര്‍വ പാരമ്പര്യത്തെ നാം വിളിച്ചിരുന്നത് ''മാര്‍ത്തോമ്മായുടെ നിയമം'' എന്നായിരുന്നു.

മാര്‍ ജോസഫ് പവ്വത്തില്‍ എഴുതുന്നു. ''The sum total of their particular theological heritage was expressed by the phrase 'Law of Thomas' (Thomma- yude Margam) which implied their Christian heritage specifically expressed in the entire life style of their Church. Thommayude Margam was a dynamic expression of a living theology'' (Acts of the Synod of Bishops of the Syro-Malabar Church, P - 71).

നിയമത്തിന്റെ ആവശ്യം

റോമിലെ മാര്‍പാപ്പാ സഭയുടെ ആദ്ധ്യാത്മിക തലവനാണ്. വിശ്വാസത്തെസംബന്ധിച്ചും സന്മാര്‍ഗത്തെ സംബന്ധിച്ചും സഭയെ പഠിപ്പിക്കുന്ന ഉത്തരവാദിത്തമാണ് പോപ്പിനുള്ളത്. അദ്ദേഹത്തെയോ വിശ്വാസികളുടെ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കായി നിയോഗിതരാകുന്ന പുരോഹിതരെയോ സാമ്പത്തിക ഭരണം യേശുവോ അപ്പോസ്തലന്മാരോ ഏല്പിച്ചിട്ടില്ല. അപ്പോസ്തലന്മാര്‍ സ്വയം ഒഴിഞ്ഞുപോയ സഭയുടെ ഭൗതിക വസ്തുക്കളുടെ ഭരണം മാര്‍പാപ്പായോ മെത്രാന്മാരോ ഏറ്റെടുക്കുന്നത് തികച്ചും സുവിശേഷ വിരുദ്ധമാണ്, പാരമ്പര്യ വിരുദ്ധമാണ്. മെത്രാന്മാരോ അച്ചന്മാരോ പണം കക്കുന്നു എന്നുള്ളതുകൊണ്ടല്ല പള്ളിഭരണം നിയമത്തിന്‍കീഴില്‍ കൊണ്ടുവരണം എന്ന് ഞാന്‍ വാദിക്കുന്നത്. മറിച്ച് പുരോഹിതര്‍ പള്ളികളുടെ സാമ്പത്തിക ഭരണം നടത്തുന്നത് സുവിശേഷ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും സഭയുടെ പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്.

മാര്‍പാപ്പായുടെ അധികാരഭരണത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയ്ക്ക് എന്തു സംഭവിച്ചു എന്ന് അറിയാത്തവരല്ല വിദേശ മലയാളികള്‍. അവിടെ ഇന്ന് പള്ളികള്‍ കാഴ്ചവസ്തുക്കള്‍ മാത്രമാണ്. പത്തു ശതമാനംപേര്‍ പോലും ഇന്നു പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനക്കുപോലും എത്തുന്നില്ല. എന്തിന് ശുശ്രൂഷയ്ക്ക് ആവശ്യമായ പുരോഹിതര്‍ ഇന്ന് യൂറോപ്പിലെ പള്ളികളിലില്ല. പള്ളികളും കോണ്‍വെന്റുകളും ഇന്നു ലേലത്തില്‍ വില്ക്കപ്പെടുകയാണ്. മാമോനെയും ദൈവത്തെയും ഒരുമിച്ച് ആരാധിക്കുന്നതിനുവേണ്ടി പാശ്ചാത്യസഭ നടത്തിയ പരിശ്രമത്തില്‍ മാമോന്‍ ജയിക്കുകയും ദൈവം പുറംതള്ളപ്പെടുകയും ചെയ്തു. ഇത്തരം ഒരു അവസ്ഥ വിശ്വാസികള്‍ക്ക് കേരളത്തിലുണ്ടാകാന്‍ പാടില്ല. സമ്പത്ത് എവിടെ കുന്നുകൂടുന്നുവോ അവിടെ ജീര്‍ണത ജനിക്കും.


ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഇന്ത്യന്‍ ഭരണഘടന 26-ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട് മതങ്ങളുടെ ഭൗതിക സമ്പത്ത് നിയമമനുസരിച്ച് ഭരിക്കപ്പെടണമെന്ന്. ഹിന്ദുക്കളുടെയും മുസ്ലീമുകളുടെയും സിഖുകാരുടെയും പൊതുസമ്പത്തിന്റെ ഭരണം നിയമമനുസരിച്ചാണ് നടത്തപ്പെടുന്നത്. ഒരു കാലത്ത് നമ്പൂതിരിമാരും മുള്ളാമാരും സാന്തുക്കളും പൊതുമുതല്‍ ഭരിച്ചതിന്റെ ഫലമായി അതതു സമുദായങ്ങള്‍ തളരുകയാണുണ്ടായത്. എന്നാല്‍ ഇന്ന് പൊതുമുതല്‍ നിയമാനുസൃതം ഭരിക്കാന്‍ ആരംഭിച്ചപ്പോള്‍ ഈ സമുദായങ്ങള്‍ കൂടുതല്‍ ശക്തമായി. കേരള സഭയ്ക്ക് ഇന്നുണ്ട് എന്ന് മിഥ്യാഭിമാനംകൊള്ളുന്ന സമ്പത്തിന്റെ കേന്ദ്രീകരണവും അനിയന്ത്രിതമായ സാമ്പത്തിക കൈകാര്യ കര്‍തൃത്വവും സഭയെ തളര്‍ത്തുകയല്ലാതെ വളര്‍ത്തുകയില്ല. നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം നമ്പൂതിരിമാരുടെയും ഊരാടന്മാരുടെയും വകയായിരുന്നു. അതിന്റെ ഫലമായി ഹൈന്ദവ ക്ഷേത്രങ്ങള്‍ പലതും തകര്‍ന്നടിഞ്ഞു. പൊതു മുതലിന്റെ ഭരണം നിയമമനുസരിച്ച് ബ്രാഹ്മണരില്‍നിന്നും എടുത്തുമാറ്റിയതിനുശേഷം ഹൈന്ദവ സമൂഹം കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. ഇന്ന് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ നിയമമുണ്ട്. അവിടെ അഴിമതിയോ അപാകതയോ കണ്ടാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഓരോ വിശ്വാസിക്കുമുണ്ട്.

ബഹുമാനപ്പെട്ട കുര്യന്‍ മ്യാലില്‍ പറയുന്നത് നിയമമുണ്ടായാല്‍ കൂടുതല്‍ പേര്‍ക്ക് കൈയിട്ടുവാരാന്‍ അവസരം ലഭിക്കുമെന്നാണ്. കണക്കില്ലാത്തിടത്ത് കയ്യിട്ടുവാരല്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ. മറിച്ച് പള്ളികളുടെ ഭരണം നിയമാനുസൃതമായാല്‍ ആരെങ്കിലും കയ്യിട്ടുവാരിയാല്‍ വിശ്വാസികള്‍ക്ക് കോടതിയെ സമീപിക്കാം.

ജോസഫ് പുലിക്കുന്നേല്‍
(September 2011 Hosana)


(ചര്‍ച്ച് ആക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യപ്പെടുക: Necessity of a Law for the Administration of the  Properties of the Churches in India, Edited by Joseph Pulikunnel with a forward by Justice K. T. Thomas (English)., Price Rs. 15/-,  ചര്‍ച്ച് ആക്ട് (മലയാളം), വില 10/ രൂപ, പ്രസാധകര്‍ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം പി. ഒ.)

2 comments:

  1. ശ്രീ.ചെമ്മനം ചാക്കോ വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ഒരു കവിതയിലെ നാല് വരികള്‍

    യേശുവിലാണെന്‍ വിശ്വാസം
    കീശയിലാണെന്‍ ആശ്വാസം

    ഞാനാകും കുരിശിന്മേല്‍ തറഞ്ഞു കിടക്കയാണ് ഞാന്‍
    എന്നിട്ടും ഹാ ക്രിസ്തുവായിത്തീരുന്നില്ല.

    ReplyDelete
    Replies
    1. യേശുവിലാണെന്‍ വിശ്വാസം
      കീശയിലാണെന്‍ ആശ്വാസം എന്നെഴുതിയത് കുഞ്ഞുണ്ണി മാഷായിരുന്നില്ലേ? ആരായിരുന്നാലും
      ഞാന്‍ എന്ന ഭാവം ഒരു കുരിശാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവന്‍ ക്രിസ്ത്യാനിയാകാന്‍ യോഗ്യനാണെന്നതില്‍ സംശയമില്ല.

      Delete