Translate

Monday, January 9, 2012

ഇവര്‍ ആരെ ഭയപ്പെടുന്നു

ഇടവക ദേവാലയത്തില്‍ ഞായറാഴ്ച കേട്ട ഒരു കല്‍പന:

''വീടുകളില്‍ അത്മായരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാസമ്മേളനം പാടില്ല. വൈദികരോ കന്യാസ്ത്രീകളോ ഇല്ലാത്ത പ്രാര്‍ത്ഥനാകൂട്ടായ്മ അനുവദിച്ചിട്ടില്ല.''

പ്രഥമശ്രവണത്തില്‍ സദ്ദുദ്ദേശപൂര്‍വമായ ഒരു അറിയിപ്പായി തോന്നാം. എന്നാല്‍ മതാന്ധതയുടെ പരിണിതഫലമായ 'ഭയം' ആണ് ഇവിടെ ഇടവക വികാരി പ്രകടിപ്പിക്കുന്നത്. വീടുകളില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തുമ്പോള്‍ ഒരു വൈദികനോ കന്യാസ്ത്രീയോ ഉണ്ടെങ്കില്‍ ഓ.കെ. അല്ലാത്തപക്ഷം അപകടസാധ്യത. ജോസ് ആനത്താനത്തിന്റെ ഗ്രൂപ്പില്‍ രണ്ടു കത്തോലിക്കാവൈദികരുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഇടവക വികാരിമാര്‍ പ്രോട്ടസ്റ്റന്റ് പ്രസ്ഥാനങ്ങള്‍ നടത്തുന്ന 'പവര്‍ വിഷന്‍' പ്രോഗ്രാം കത്തോലിക്കാ വീടുകളില്‍ ആരും കാണരുതെന്നും കല്‍പന നല്‍കാന്‍ സാധ്യതയുണ്ട്.

വിശുദ്ധ ഗ്രന്ഥം കേരളത്തില്‍ പ്രോട്ടസ്റ്റന്റുകാരാണ് ആദ്യം പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും. അക്കാലങ്ങളില്‍ കത്തോലിക്കര്‍ ബൈബിള്‍ വായിക്കുന്നതുപോലും കുറ്റകരമായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയില്‍ ഇതു വായിക്കാം. സ്വന്തമായി ഒരു ബൈബിള്‍ വാങ്ങിച്ചു വീട്ടിലിരുന്നു വായിച്ചതിനു ഇടവകവികാരി മുണ്ടശ്ശേരിയെ വിളിച്ചു വരുത്തി ശാസിക്കുകയുണ്ടായി.

അകത്തോലിക്കാ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതും വലിയ കുറ്റമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ബൈബിള്‍ അടിസ്ഥാനമായി സ്വതന്ത്രമായി ചിന്തിക്കുന്നതും ചോദ്യം ചെയ്യുന്നതും അധികാരികള്‍ക്കു പൊറുക്കാന്‍ കഴിഞ്ഞിരുന്നില്ല. കാലം മാറി, ഇന്നു നാം കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇത്തരം വിലക്കുകള്‍ ആരെയും ഭയപ്പെടുത്തുന്നില്ല. പക്ഷേ നമ്മുടെ സഭാധികാരികള്‍ക്കു ഭയം വിട്ടുമാറിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ ഭയപ്പെടുന്ന ഒരു കോളജ് മാനേജ് മെന്റിനെ കോതമംഗലത്തു കാണാം.

കൂടുതല്‍ അപഹാസ്യമായ ഒരു ഭയവികാരമാണു ഇന്നു റീത്തിന്റെ പേരില്‍ കത്തോലിക്കാ സഭാമേലധികാരികള്‍ പ്രകടിപ്പിക്കുന്നത്.

അരനൂറ്റാണ്ടുകാലം ആന്ധ്രയില്‍ മിഷനറിയായി സേവനമനുഷ്ഠിച്ച ഒരു വൈദികന്‍ സ്വന്തം പിതാവിന്റെ മരണശുശ്രൂഷയ്ക്കുശേഷം ഇടവക പളളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അണഞ്ഞപ്പോള്‍ രൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശവുമായി ഇടവകവികാരിയുടെ ഒരു കല്‍പന. ലത്തീന്‍ റീത്തില്‍ ദേവാലയത്തിനകത്തു കുര്‍ബാന പാടില്ല! നിര്‍ബന്ധമെങ്കില്‍ സങ്കീര്‍ത്തിമുറിയില്‍ ആകാം. ആ വന്ദ്യ വൈദികന്‍ വേദനയോടെ പിന്‍വാങ്ങി. തുടര്‍ന്നു തനിക്കു പിതൃമേനിയായി ലഭിച്ച ഭൂമി ഒരു ധ്യാനകേന്ദ്രത്തിനായി ദാനം ചെയ്തു.

ലത്തീന്‍ കുര്‍ബാനയെ ഭയപ്പെടുന്ന സുറിയാനി സഭാ മേലദ്ധ്യക്ഷനെക്കുറിച്ച് ജനം എങ്ങനെ വിലയിരുത്തണം? അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവള്‍ എന്ന് പ്രഖ്യാപിക്കുവാന്‍ കോട്ടയത്തു വന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായെ മൂന്നിലേറെ മണിക്കൂര്‍ നിന്ന നില്‍പില്‍ നിര്‍ത്തി സീറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാന ചൊല്ലിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍ ഒരു മിഷനറി വൈദികനെ സ്വന്തം ഇടവകദേവാലയത്തില്‍ ലത്തീന്‍കുര്‍ബാന ചൊല്ലിക്കാതിരുന്നതു ഒരു ധീരകൃത്യമായി കരുതുന്നുണ്ടാവും.

കത്തോലിക്കര്‍ പ്രോട്ടസ്റ്റന്റുകാരുമൊത്തു പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധ ഗ്രന്ഥം അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യുന്നതും അനുവദിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എക്യുമെനിസമെന്ന പേരില്‍ സഭാമേലദ്ധ്യക്ഷന്മാര്‍തന്നെ ഒന്നിച്ച് ഒരു വേദിയില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ഇന്നു പതിവായിരിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള പ്രതിബന്ധങ്ങള്‍ നേരിട്ടാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ പേരില്‍ ഒന്നിച്ചുകൂടി സര്‍ക്കാരിനോടു വില പേശുവാനും മടിയില്ല. സ്വന്തം രൂപതയിലോ ഇടവകയിലോ പ്രാര്‍ത്ഥന നടത്തുമ്പോള്‍ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും പ്രാര്‍ത്ഥനകള്‍ തരംതിരിച്ചു ചില പ്രാര്‍ത്ഥനകള്‍ക്കു നിരോധനം പ്രഖ്യാപിക്കാന്‍ ഒരു മടിയുമില്ല. മാതാവിന്റെ രൂപമോ ചിത്രമോ ഉണ്ണിയേ കൂടാതെ പാടില്ല എന്നു നിര്‍ബന്ധിക്കുന്നവര്‍ വലിയ നേര്‍ച്ച വരുമാനമുള്ള ദേവാലയങ്ങളിലെ രൂപങ്ങളില്‍ കൈവയ്ക്കാന്‍ ഒരുമ്പെടുന്നില്ല. അവിടെ ഇവര്‍ക്കു ജനങ്ങളെയാണു ഭയം.

പുതിയ ദേവാലയങ്ങളില്‍ മാര്‍ത്തോമ്മാ കുരിശ് അടിച്ചേല്‍പിക്കുമ്പോള്‍ പുരാതന ദേവാലയങ്ങളില്‍ ക്രൂശിത രൂപം അനക്കാന്‍ ധൈര്യപ്പെടുന്നില്ല. അപ്പോള്‍ 'ഭയം' എന്ന വികാരം ഇവര്‍ക്കും ഉണ്ട്. അവസരത്തിനൊത്തു മാത്രമായിരിക്കും പ്രകടനം. സ്വന്തം തടികേടുകൂടാതെ നോക്കുന്നതാണു ബുദ്ധി.

ഭീരുത്വത്തിന്റെ ആത്മാവിനെ സ്വീകരിച്ചിരിക്കുന്ന സഭാധികാരികളാണു ഇന്നു സീറോ മലബാര്‍ സഭയില്‍ ഭരണം നടത്തുന്നത്. കാലം മാറും എന്നു പ്രത്യാശിക്കാം.

ദ്രവ്യാഗ്രഹം എന്ന വിഗ്രഹാരാധന

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കണ്ട ഒരു കൗതുകവാര്‍ത്ത ശ്രദ്ധേയമായി. സ്പാനിഷ് സംസ്‌കാരം മുന്നിട്ടു നില്‍ക്കുന്ന പെറു എന്ന രാജ്യത്തില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കരാണ്. മാതാവിനോടു വലിയ ഭക്തിയുള്ള വര്‍. മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നവര്‍ ഒരു വലിയ രൂപം ആഘോഷമായി എഴുന്നെള്ളിക്കുന്നു. ഷാംപെയ്ന്‍ കുപ്പികള്‍ പൊട്ടിച്ചു മാതാവിന്റെ തലയില്‍ ഒഴിക്കും. പലരും രൂപം മുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒടുവില്‍ കടലില്‍ മുക്കി കുളിപ്പിക്കുന്നു. മാതാവിനെ കുളിപ്പിക്കുന്നതിനടുത്തു തന്നെ ബിക്കിനി മാത്രം ധരിച്ച ടൂറിസ്റ്റ് പെണ്ണുങ്ങളുടെയും കുളി വിനോദങ്ങള്‍ കാണാം. ഇന്ത്യയില്‍ ഗണപതി വിഗ്രഹം ആഘോഷമായി എഴുന്നെള്ളിച്ച് കടലിലോ കുളത്തിലോ നിക്ഷേപിക്കുന്ന ഒരു ചടങ്ങ് ഓഗസ്റ്റ് മാസത്തില്‍ ആഘോഷിക്കാറുണ്ടല്ലോ. ഏതാണ്ട് അതേ ആഘോഷംതന്നെയാണ് മാതാവിന്റെ പേരില്‍ പെറു നിവാസികള്‍ നടത്തുന്നത്. വിഗ്രഹാരാധനയുടെ കരിനിഴല്‍ ഇവിടെ ദര്‍ശിക്കാം.

വിശുദ്ധഗ്രന്ഥ ചൈതന്യത്തിനും ക്രൈസ്തവ വിശ്വാസത്തിനും നിരക്കാത്ത ഇത്തരം ആഘോഷങ്ങള്‍ സാംസ്‌കാരിക പൊരുത്തത്തിന്റെ പേരിലാണങ്കില്‍ പോലും സഭാധികാരികള്‍ വിലക്കാതിരിക്കുന്നത് ആഘോഷങ്ങള്‍ മൂലം ധനസമാഹരണം നടത്താം എന്ന കാരണത്താലായിരിക്കണം. പോര്‍ട്ടുഗീസുകാരില്‍ നിന്നാണു കേരളത്തിലും വിശുദ്ധരുടെ തിരുനാളുകളില്‍ ആഘോഷപൂര്‍വം വിഗ്രഹങ്ങള്‍ എഴുന്നെളളിക്കുന്ന പതിവു തുടങ്ങിയത്. ആരാധനാക്രമത്തിലും പള്ളിഭരണത്തിലും പോര്‍ട്ടുഗീസുകാര്‍ നമ്മുടെ തനിമ നശിപ്പിച്ചു എന്ന് ആവര്‍ത്തിക്കുന്നവരില്‍ ഏറെയും ചങ്ങനാശ്ശേരി രൂപതയിലാണ്. പക്ഷേ എടത്വാ പള്ളി, പാറേല്‍ പള്ളി, അതിരംപുഴ എന്നീ പ്രസിദ്ധമായ തിരുനാളുകള്‍ ഇന്നും പോര്‍ട്ടുഗീസ് പാരമ്പര്യങ്ങള്‍ പിന്‍തുടരുന്നു. രൂപം എഴുന്നെള്ളിക്കുന്നതും ആഭരണങ്ങള്‍ ചാര്‍ത്തി രൂപങ്ങള്‍ ഭക്തജനങ്ങള്‍ക്കു ചുംബിക്കാന്‍ വയ്ക്കുന്നതുമൊക്കെ പൗരസ്ത്യ പാരമ്പര്യത്തിനിണങ്ങുന്നതല്ല എന്ന് വ്യക്തമായി അറിയാമെങ്കിലും രൂപതാധികാരികള്‍ മൗനം ദീക്ഷിക്കുന്നു.

പ്രതികരണം ജോസഫ് പുലിക്കുന്നേല്‍

നമ്മുടെ മെത്രാന്മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ബൈബിളിനെയാണ്. വിശുദ്ധ ഗ്രന്ഥത്തെക്കാളേറെ മാര്‍പാപ്പായുടെ ചാക്രിക ലേഖനങ്ങളും മെത്രാന്മാരുടെ അധികാര വ്യവസ്ഥയുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഞാന്‍ ഈയിടെ പത്താംക്ലാസ് വരെയുള്ള വേദപാഠ പുസ്തകം പരിശോധിക്കുകയുണ്ടായി. അവിടെയൊക്കെ ഉപ്പും കുരുമുളകുംപോലെ യേശു ഉണ്ട് എന്നു പറയാം. നമ്മുടെ നാവിന് രുചി സൃഷ്ടിക്കാന്‍ ഉപ്പും കുരുമുളകും ഇട്ട് നാം മുട്ട കഴിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗീരണം ചെയ്യുന്നത് ഉപ്പും കുരുമുളകും അല്ല മറിച്ച് മുട്ടയാണ്. അതുപോലെ മെത്രാന്മാര്‍ തരുന്ന വേദപാഠം കുട്ടികള്‍ക്ക് യേശുവിനെ അറിയാനല്ല മറിച്ച് സഭയെ അറിയാനാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ന് വേദപാഠം പഠിക്കുന്നത് കേവലം സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ്. അത് അവരുടെ ജീവിതത്തില്‍ ഒരിക്കലും യേശുവിനെ പ്രതിഷ്ഠിക്കാന്‍ കാരണമാകുന്നില്ല.

(Article writtePublish Postn by James Issac Kudamalloor in April 2011 issue of Hosana)

2 comments:

  1. ചിക്കാഗോ കേന്ദ്രമാക്കിയെന്നു തോന്നുന്നു, പുതിയതായി ഒരു മലയാളീഅച്ചന്‍ വന്നിട്ടുണ്ട്. അദ്ദേഹം നാനാഭാഗത്തുനിന്നുമുള്ള
    അമേരിക്കന്‍മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് ടെലിഫോണ്‍-സ്പീക്കര്‍ ഫോണ്‍വഴി ഒരു പ്രാര്‍ഥന സംഘടന രൂപികരിച്ചിരിക്കുന്നു. ശനിയും ഞായറും
    മൂന്നു മണിക്കൂര്‍ ഇടവിട്ടും മറ്റുള്ള ദിവസങ്ങളില്‍ ദിവസം മൂന്നും നാലും പ്രാവിശ്യവും
    ഉരുവിട്ടുള്ള പ്രാര്‍ഥന. ഈ ടെലിഫോണ്‍ കൂട്ടായ്മക്ക് ഫീസുണ്ട്.

    ഓരോവീടും ഒരു ദേവാലയംതന്നെയെന്നു പറയാം. എനിക്കു ഇതില്‍ അസഹ്യതയുണ്ടെങ്കിലും കഴിയുന്നതും കേള്‍ക്കാതിരിക്കുവാന്‍ ശ്രമിക്കും. ടെലിഫോണ്‍ മണിയടിക്കുമ്പോള്‍ സ്പീക്കര്‍ ഫോണില്‍കൂടി സ്വര്‍ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുകയാണ്. കേട്ടുനില്‍ക്കുന്നവരെല്ലാം അന്നന്നുള്ള ആഹാരം എന്ന ഏറ്റുപറയണം. പ്രാര്‍ത്ഥനയും. ചില സമയങ്ങളില്‍ അയല്‍ക്കാരും കൂടും. ഒരു പ്രാര്‍ത്ഥന ഒരു തവണ പത്തുമിനിറ്റു മാത്രം. വെളുപ്പാന്‍കാലത്ത് സ്പീക്കര്‍ഫോണില്‍ ഈ അച്ചന്‍റെ പ്രാര്‍ഥനയും ഉച്ചത്തില്‍ ഏറ്റുപറച്ചിലും സഹിക്കുവാന്‍ നല്ല ക്ഷമവേണം. ഒരു കുടുംബജീവതത്തിന് ഏറ്റവുമാവശ്യവും ക്ഷമയാണല്ലോ. പ്രാര്‍ഥിക്കുക ഒരാളിന്‍റെ വ്യക്തിപരമായ കാര്യമാണ്. പരാതിയില്ല.
    പുലരുംമുമ്പേ എഴുന്നേല്‍ക്കുന്ന സമയം
    സ്പീക്കര്‍ അച്ചന്‍റെ പരുപരുത്തശബ്ദം,പ്രാര്‍ഥി ക്കാത്ത എന്നെപ്പോലെയുള്ളവര്‍ക്ക് ശിക്ഷ തന്നെ. കൂടെ ചിലസ്ത്രീകളുടെ പ്രാര്‍ത്ഥനകൊണ്ട് ലഭിച്ച വരദാനങ്ങളെപ്പറ്റി സാക്ഷ്യം പറച്ചിലുമുണ്ട്. എന്തു ചെയ്യാം പുറത്ത് കടുംശൈത്യവും അകത്തു സ്പീക്കര്‍ അച്ചന്‍റെയും കൂട്ടായ്മയുടെയും കൂട്ടപ്രാര്‍ഥനയും.

    അമേരിക്കന്‍ മലയാളീകുടുംബങ്ങളില്‍ നാശംവിതക്കാനാണ് നാട്ടില്‍നിന്നു ഇത്തരം പ്രസ്ഥാനം ഇവിടെ തുടങ്ങിയതെന്നു ചിന്തിക്കുന്നു. പ്രാര്‍ഥിക്കുന്നതിനു തടസമില്ല, പക്ഷെ നിശബ്ദമായി പ്രാര്‍ഥിച്ചാലും ദൈവം കേള്‍ക്കുകയില്ലേ?

    ReplyDelete
  2. the priest who found out this methode of prayer should be treated by a psychiatrist,this priest has very serious problem.He is suffering with his sexuel wishes,the first therapy is ..catch him and for him find a suitable womanto fullfill his night dream.This only the best treatment to stop his prayer group syndrome.

    ReplyDelete