Translate

Friday, January 13, 2012

ഹൃദയഭേദകം, ആ കാഴ്ച! - ചെങ്ങളം പള്ളി തകര്ക്കല്‍)))

ചെങ്ങളം പള്ളിയുടെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പിംഗ്‌സിന്റെ കാഴ്ച ഹൃദയഭേദകമായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്ന കാഴ്ച ഇത്ര ഭീകരമായിരുന്നില്ലല്ലോ എന്നോര്‍ക്കുന്നു. ഒരു നൂറ്റാണ്ടുകാലംമുമ്പ് സ്ഥലവും പണവും ഉരുപ്പടികളുമെല്ലാം ദാനംചെയ്തും വിയര്‍പ്പൊഴുക്കിയും ഈ പള്ളി പണിതുയര്‍ത്തിയ ചെങ്ങളം പ്രദേശത്തെ കാരണവന്മാരെയും അവരുടെ പാവനസ്മരണയെയുംപോലും നിന്ദിക്കുന്ന തരത്തിലുള്ളതായിപ്പോയി, ഈ പുരോഹിതധിക്കാരം എന്നു പറയാതിരിക്കാനാവില്ല. മൂന്നു-നാലു തലമുറകളുടെ ആരാധാനാലയമെന്നനിലയില്‍ പ്രൗഢമായ സേവനം കാഴ്ചവെച്ച ചരിത്രമുള്ള ഒരു പള്ളിയെ കൊന്നുകൊലവിളിക്കുന്ന കാഴ്ചകണ്ട് പള്ളിവിശ്വാസികളല്ലാത്തവര്‍പോലും അന്ധാളിച്ചുപോയിട്ടുണ്ടാകും. അതുകൊണ്ടാകാം, ഈ പള്ളിയുമായി പ്രത്യേക ആത്മബന്ധമൊന്നുമില്ലാത്ത 'അല്‍മായശബ്ദം' വായനക്കാരും ഈ സംഭവത്തില്‍ വളരെ രോഷത്തോടെ പ്രതികരിച്ചത്.

കമന്റുകളില്‍ ഇടവകക്കാരുടെ പ്രതികരണശേഷിയില്ലായ്മയെ പലരും കുറ്റപ്പെടുത്തിക്കണ്ടു. എന്തുകൊണ്ട് ഇടവകക്കാര്‍ വികാരിക്കെതിരെ സംഘടിച്ചില്ല, എന്തുകൊണ്ടു കോടതിയില്‍ പോയില്ല എന്നൊക്കെ പലരും ചോദിച്ചുകണ്ടു. ഇടവകക്കാരുടെ പള്ളിയോഗം ചേര്‍ന്നാണ് പള്ളി പൊളിക്കലും പണിയലും ഒക്കെ തീരുമാനിക്കുന്നത് എന്നതിനാല്‍, വികാരിയെ ഇതില്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുള്ള പ്രതികരണവും കണ്ടു.

ഈ സാഹചര്യത്തില്‍, ചെങ്ങളം പള്ളി പൊളിക്കുന്നതിനെതിരെ നടന്ന ചില നീക്കങ്ങളെക്കുറിച്ച് എനിക്കറിവുള്ള ചില കാര്യങ്ങള്‍ 'അത്മായശബ്ദം' വായനക്കാരെ അറിയിക്കണമെന്നു വിചാരിക്കുന്നു:

ആദ്യമേ പൊതുയോഗത്തെപ്പറ്റി പറയാം പൊതുയോഗത്തില്‍ പള്ളി പൊളിക്കുന്നതിനെതിരെ വളരെപേര്‍ ശബ്ദമുയര്‍ത്തുകയുണ്ടായി. മിനിട്‌സ് ബുക്കില്‍ വിയോജനക്കുറിപ്പ് എഴുതാന്‍പോലും വികാരി. റവ. ഫാ. മാത്യു പുതുമന സമ്മതിച്ചില്ല. അതിന് പള്ളിനിയമത്തില്‍ വകുപ്പില്ലത്രേ! (മെത്രാന്മാര്‍ തിരുത്തിയെഴുതിയ പള്ളിയോഗനടപടിക്രമങ്ങള്‍ അനുസരിച്ച്, പള്ളിയോഗങ്ങള്‍ക്ക് തീരുമാനങ്ങളെടുത്തു നടപ്പാക്കാന്‍ അധികാരമില്ല എന്ന കാര്യം പലര്‍ക്കും അറിഞ്ഞുകൂടാ. നിലവില്‍, പള്ളിയോഗത്തിന് ഉപദേശാധികാരം മാത്രമേയുള്ളു എന്നതാണ് സത്യം) ഇതേത്തുടര്‍ന്ന് പള്ളിപൊളിക്കുന്നതിനെതിരെ 110 ഇടവകക്കാരുടെ ഒപ്പോടെ കാഞ്ഞിരപ്പള്ളി മെത്രാന് നിവേദനം കൊടുത്തു. അദ്ദേഹം ഒരു നടപടിയുമെടുത്തില്ല. 2011 ജൂലൈ 14-ന്, ചെങ്ങളം മുന്‍ ഇടവകക്കാരനും ഇപ്പോള്‍ വിദേശത്തുള്ളയാളുമായ ശ്രീ. ജോസ് തോട്ടിപ്പാട്ട് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അപേക്ഷിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പിനു കത്തയച്ചിരുന്നു. ജര്‍മ്മനിയില്‍നിന്നുള്ള ഇന്റര്‍നെറ്റ് മാസികയായ 'സോള്‍ ആന്റ് വിഷ'ന്റെ 2011 ആഗസ്റ്റ് ലക്കത്തില്‍, ഇതില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരിയ്ക്ക് ഒരു തുറന്നകത്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹവും ഒരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, വികാരി ചതുരുപായങ്ങളും പ്രയോഗിച്ച്, എതിര്‍ത്തവരുടെ വായടപ്പിക്കുന്നതില്‍ വിജയിച്ചു.(ഈ 'വായടപ്പിക്കല്‍ വിദ്യ'യാണെന്നു തോന്നുന്നു, സെമിനാരികളിലെ മുഖ്യ പാഠ്യവിഷയം) അവസാനം, വന്ദ്യവയോധികരായ രണ്ടു മുന്‍ അദ്ധ്യാപകര്‍മാത്രം അവശേഷിച്ചു. അവര്‍ കേരളസംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്, ചെങ്ങളം പള്ളിക്ക് ആര്‍ക്കിയോളജിക്കല്‍ ആയ പ്രാധാന്യമുണ്ടോ എന്നു പരിശോധിക്കണമെന്നും ഉണ്ടെങ്കില്‍ ആ നിലയ്ക്ക് അതിനെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി. കൂടാതെ, മുമ്പു സൂചിപ്പിച്ച ശ്രീ. ജോസ് തോട്ടിപ്പാട്ട്, 'സോള്‍ ആന്റ് വിഷന്‍' എഡിറ്റര്‍ ശ്രീ. ജോര്‍ജ്ജ് കട്ടിക്കാരന്‍ (ജര്‍മ്മനി), ചെങ്ങളം മുന്‍ ഇടവകക്കാരായ ഫാ. ടി. സെബാസ്റ്റ്യന്‍ (തിരുവണ്ണാമല, തമിഴ്‌നാട്), ശ്രീ. ജോര്‍ജ് കുറ്റിക്കാട്ട് (ജര്‍മ്മനി), ശ്രീ. മാത്യു ജോസഫ് എന്നിവരും ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പള്ളി സംരക്ഷണമെന്നഭ്യര്‍ത്ഥിച്ച് നിവേദനങ്ങള്‍ നല്കി. ഇതേത്തുടര്‍ന്ന ഒക്‌ടോബര്‍ 25-ന് കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാന(KCRM)ത്തിന്റെ ആഭിമുഖ്യത്തില്‍, ഞങ്ങളും ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ നിവേദനം സമര്‍പ്പിക്കുകയുണ്ടായി. കൂടാതെ അന്നുതന്നെ അതിന്റെ കോപ്പി സഹിതം കോട്ടയം ജില്ലാ കളക്ടര്‍ക്കും ഒരു നിവേദനം നല്‍കി. (ഈ നിവേദനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഇതിന്റെയൊക്കെ ഫലമായിട്ടായിരിക്കാം, 'ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും അനുമതി ഉണ്ടാകും വരെ പള്ളി പൊളിക്കാന്‍ പാടില്ല' എന്നുകാണിച്ച് കളക്‌ട്രേറ്റില്‍നിന്നും വികാരിക്ക് നിരോധനാജ്ഞ നല്‍കപ്പെട്ടു. പള്ളി പൊളിക്കുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ തൊട്ടടുത്ത ഞായറാഴ്ച വികാരി പൊതുയോഗം നിശ്ചയിച്ചു. ഇതറിഞ്ഞതുകൊണ്ടും, കാഞ്ഞിരപ്പള്ളി മെത്രാന്റെ രാഷ്ട്രീയസ്വാധീനശക്തിയെപ്പറ്റി കേട്ടറിവുള്ളതുകൊണ്ടും, അതിനുമുമ്പേ ഹൈക്കോടതിയെ സമീപിച്ച് ഒരു സ്റ്റേ ഓര്‍ഡര്‍ വാങ്ങുന്നതിനെക്കുറിച്ചാലോചിക്കാന്‍ ഉടന്‍തന്നെ KCRM ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫും ഈ ലേഖകനും കൂടി, പൊന്‍കുന്നത്ത്, ഇക്കാര്യത്തില്‍ അനുഭാവിയാണെന്നറിയാവുന്ന ഒരു വക്കീലിനെ സമീപിക്കുകയുണ്ടായി. എന്നാല്‍, കുറഞ്ഞത് 10,000/ രൂപയെങ്കിലും ഉടന്‍ മുടക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ അതിനുള്ള ഫണ്ടില്ലാതിരുന്ന ഞങ്ങള്‍ നിരാശരായി മടങ്ങുകയായിരുന്നു. തിരിച്ചുപോരുംവഴി, സന്ധ്യയോടെ പള്ളിയുടെ ഏതാനും ഫോട്ടോകള്‍ എടുക്കാന്‍ പള്ളിമുറ്റത്തെത്തുകയും, ഭരണങ്ങാനം പള്ളിയുടെയും അരുവിത്തുറ പളളിയുടെയുമൊക്കെ തലയെടുപ്പോടെ ആകാശം നിറഞ്ഞുനില്‍ക്കുന്ന അതിമനോഹരമായ ചെങ്ങളം പള്ളി നേരില്‍ക്കാണുകയും ചെയ്തു.JCB ഉപയോഗിച്ച്, അടിത്തറയോടുചേര്‍ന്നുള്ള പള്ളിനടകള്‍ തകര്‍ത്തുമാറ്റിയിരുന്നു എന്ന പന്തികേടേ ഉണ്ടായിരുന്നുള്ളു. പള്ളിയുടെ ഏതാനും ഫോട്ടോകള്‍ എടുത്തപ്പോഴേക്കും, 'ആരോടു ചോദിച്ചിട്ടാണ് പള്ളിമുറ്റത്തു കയറി ഫോട്ടോ എടുത്തത്?' എന്നാക്രോശിച്ചുകൊണ്ട് രണ്ടുപേര്‍ ഓടിയെത്തി. പള്ളിയുടെ മേല്‍ക്കൂര ഉള്‍പ്പെടെ പള്ളിക്കെട്ടിടം മൊത്തം ലേലത്തില്‍ പിടിച്ച കൈക്കാരന്മാരായിരുന്നു, അവര്‍. 'വഴിയാത്രക്കാരാണ്, ഉടനെ പൊളിച്ചുകളയാന്‍ പോകുന്ന പള്ളിയാണെന്ന് വാര്‍ത്ത കണ്ടതുകൊണ്ട് ഈ വഴി പോയപ്പോള്‍ ഒന്നു കണ്ടിട്ടുപോകാമെന്ന് കരുതിയെന്നേയുള്ളൂ' എന്നു നല്ലവാക്കു പറഞ്ഞു തിരിച്ചുപോരുകയായിരുന്നു, ഞങ്ങള്‍.

അടുത്ത ദിവസംതന്നെ, ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയോഗിച്ചതനുസരിച്ച് ഒരു ഉദ്യോഗസ്ഥന്‍ ചെങ്ങളം പള്ളിയില്‍ എത്തുകയുണ്ടായി. എന്നാല്‍, നിവേദനം നല്‍കിയ ആരെയും അദ്ദേഹം ക്ഷണിക്കുകയോ ആശയവിനിമയം നടത്താന്‍ അവസരമുണ്ടാക്കുകയോ ചെയ്തില്ല. ഒരു നടപടിക്രമം പൂര്‍ത്തീകരിച്ചതായി വരുത്തിത്തീര്‍ക്കുക മാത്രമാണ്, ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് - അതോ അവര്‍ നിയോഗിച്ച ഉദ്യോഗസ്ഥനോ? - ചെയ്തത് എന്നുതോന്നുന്നു. ഏതായാലും, ആര്‍ക്കും അറിവില്ലാതിരുന്ന ഒരു ആര്‍ക്കിയോളജിക്കല്‍ സവിശേഷത ചെങ്ങളം പള്ളിക്കുണ്ടായിരുന്നു എന്ന് ആ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പള്ളിയുടെ അടിത്തറ കെട്ടിയിരുന്നത് കരിങ്കല്ലിനുപകരം വെട്ടുകല്ലുമാത്രം ഉപയോഗിച്ചായിരുന്നുവത്രെ! ഈ വാദം അച്ചനുമായുള്ള വിലപേശലിനായി ഉയര്‍ത്തപ്പെട്ടതായിരുന്നുവെന്നും പിന്നീട് കേട്ടു.

ഏതായാലും, നല്ല കാതലും കനവുമുള്ള ശീലാന്തികളും ഉത്തരങ്ങളും കഴുക്കോലുകളും കട്ടിളകളും വാതില്‍പാളികളും ഉള്‍പ്പെടെ ലേലത്തില്‍ പിടിച്ചിരുന്ന കൈക്കാരന്മാരെക്കൂടി നിരാശിതരാക്കിക്കൊണ്ട്, തൊട്ടടുത്ത ദിവസംതന്നെ ഡൈനാമിറ്റുകള്‍ പൊട്ടുകയായിരുന്നു. പള്ളി തകര്‍ന്നുവീണയുടന്‍തന്നെ, ആര്‍ക്കിയോളജി വകുപ്പിനു നിവേദനംകൊടുത്ത രണ്ട് ഇടവകക്കാരില്‍ 80 വയസ്സുള്ള ജോസഫ് സാര്‍ ഫോണില്‍വിളിച്ചു ഗദ്ഗദകണ്ഠനായി പറഞ്ഞു: 'ഇനി ഒന്നും ചെയ്യേണ്ട. എല്ലാംകഴിഞ്ഞു ഡൈനാമിറ്റ് വെച്ചാണ് കഥ കഴിച്ചത്! ഒരക്ഷരം മിണ്ടാനാകാതെ ഞെട്ടിത്തരിച്ചിരുന്നു പോയി, ഞാന്‍. വീഡിയോ ക്ലിപ്പിംഗ്‌സ്് കണ്ടപ്പോള്‍ ശരീരം മുഴുവന്‍ അരിച്ചുകയറിയതും അതേ ഞെട്ടല്‍ത്തന്നെ!

സഭയിലിന്ന് ഇത്തരം ധാരാളം സംഭവങ്ങള്‍ നടന്നുവരുന്നു. അന്ധവിശ്വാസംകൊണ്ടും ഭയംകൊണ്ടും മാത്രമല്ല വിശ്വാസിസമൂഹം ഇവിടെയെല്ലം തോറ്റുപോകുന്നത്. മറിച്ച്, നൈയാമികമായി വിശ്വാസികള്‍ക്ക് യാതൊരു അധികാരവും സഭയിലില്ല എന്നതുകൊണ്ടുകൂടിയാണ്. എല്ലാ പ്രതികരണങ്ങളെയും നിര്‍വീര്യമാക്കാനുളള അധികാരം, നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് പൗരോഹിത്യം ഉണ്ടാക്കിയിരിക്കുയാണ്. അതുകൊണ്ട്, ആ സാഹചര്യം മാറ്റിയെടുക്കുക എന്നുള്ളതാണ് പ്രധാനം. ഭാരത നസ്രാണി സഭയുടെ സഭാഭരണസംവിധാനമായിരുന്ന പള്ളിയോഗസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് നിയമപരിഷ്‌കരണകമ്മീഷന്‍ രൂപംകൊടുത്ത 'ചര്‍ച്ച് ആക്ട്' നടപ്പിലാക്കിത്തരണമെന്ന് ധാരാളം സ്വതന്ത്രക്രൈസ്തവസംഘടനകള്‍ ഗവണ്‍മെന്റിനോട് ഇന്നാവശ്യപ്പെടുന്നത് അതുകൊണ്ടാണ് 'ചര്‍ച്ച് ആക്ട്' പാസ്സാക്കിക്കുന്നതില്‍ വിശ്വാസികള്‍ വിജയിച്ചാല്‍പ്പിന്നെ, അധികാരമുള്ള പള്ളിയോഗങ്ങളാവും സഭയുടെ എല്ലാതലങ്ങളിലും സ്വത്തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുക...... അവരുടെ കൂട്ടായ വിവേകത്തില്‍ കൂടിയാലോചിച്ചു തീരുമാനിക്കാതെ ഒരു പള്ളിയും പൊളിക്കാനോ പണിയാനോ അപ്പോള്‍ ഒരച്ചനും സാധ്യമാവില്ല. അഡ്മിഷനും നിയമനത്തിനും കോഴ വാങ്ങാനും അവര്‍ക്കാവാത്ത സാഹചര്യം അന്നുണ്ടാവും.

ജോര്‍ജ്ജ് മൂലേച്ചാലില്‍

11 comments:

  1. സ്വന്തമായി മെത്രാന്മാര്‍ക്ക് ഒരു കാവല്‍ വിശുദ്ധന്‍ ഉണ്ടെന്നുള്ളത് എത്രപേര്‍ക്കറിയാം? അതാകട്ടെ യഥാര്‍ത്ഥ വിശുദ്ധനും. ആ ഒരാളോട് മാത്രമാണ് യേശു 'നാളെ നീ എന്റെ കൂടെ പരുദിസായിലായിരിക്കും' എന്ന് പറഞ്ഞത്. എന്ത് ചെയ്യാം, അയാള്‍ക്ക്‌ വേണ്ടത്ര സൌന്ദര്യമോ, പാരമ്പര്യമോ ഇല്ലാതെ പോയി. അല്ലെങ്കില്‍ യുദാ സ്ലിഹാ ഔട്ടായേനെ. യേശുവിന്റെ വലത്ത് വശത്ത് കിടന്ന ആ വിശുദ്ധന്റെ ജിവിതം ഗുണ്ടാ പിരിവു, കൊലപാതകം, ഭിഷണി, കള്ളസാക്ഷി പറച്ചില്‍, പൊതു ഭരണം ഇവയൊക്കെയായിരുന്നു. ആ ധന്യ ജിവിതം നമ്മുടെ മെത്രാന്മാര്‍ മൊട്ടു സുചിക്ക് വ്യത്യാസം വരാതെ നോക്കുന്നു. അവരെ എങ്ങിനെ കുറ്റം പറയാന്‍ നമുക്ക് കഴിയും? എല്ലാ അല്‍മായരും ഈ വഴിക്ക് ചിന്തിക്കേണ്ടതാണ്. അപ്പോള്‍ വഴക്കില്ലല്ലോ.

    ReplyDelete
  2. ശ്രീ ജോര്‍ജ് മൂലെച്ചാലില്‍ പോസ്റ്റ്ചെയ്ത ചെങ്ങളംപള്ളിയെപ്പറ്റി വായിച്ചപ്പോള്‍
    വളരെയധികം പ്രയാസമുണ്ടായി. ഓര്‍മ്മവെച്ചകാലംമുതല്‍ ആ പള്ളി എനിക്കറിയാം. ദൈവവിശ്വാസമില്ലാത്തവര്‍പോലും ചെങ്ങളംപള്ളി
    ഒരു നോക്ക്കണ്ടാല്‍ അറിയാതെ കുരിശു വരച്ചു പോവും. പോര്ടുഗീസ് കൊത്തളങ്ങളുടെ പൌരാണികതയില്‍ പണികഴിപ്പിച്ച ഈ മണിമന്ദിരം താഴെവീഴുന്ന സമയം പള്ളിയെ സ്നേഹിക്കുന്നവരുടെ ദുഃഖത്തില്‍ മതിമറന്നു വീണവായിച്ച അഭിനവ നീറോയാണ് ആ വികാരി. തറവാടിത്വം ഇയാള്‍ക്ക് ലേശമില്ലെന്നു സാരം. ഉണ്ടായിരുന്നുവെങ്കില്‍ ഇയാള്‍ മരിച്ചുപോയ കാരണവന്മാരെ ചിന്തിക്കുമായിരുന്നു.

    ജോര്‍ജിന്‍റെയും കൂട്ടുകാരുടെയും ചെങ്ങളംപള്ളി നിലനിര്‍ത്തുവാന്‍ ചെയ്ത മഹാശ്രമങ്ങളെ ‍ അഭിനന്ദിക്കുന്നു. ആര്‍ക്കിയോളജി വകുപ്പ് വരെ
    കയറി ഇറങ്ങിയിട്ടും പ്രയോജനം കാണാത്തത് അച്ചന്മാരുടെ സ്വാധീനശക്തി അത്രമാത്രമെന്നു സാരം.

    ഇടവകക്കാരും വികാരിയുംകൂടി
    തീരുമാനമെടുത്താല്‍ കോടതിയില്‍ പോയാലും ജയിക്കുവാന്‍ സാധ്യത കുറവാണ്.
    നാളെ ഒരു കിറുക്കന് അരീത്രപള്ളിയും കാഞ്ഞിരപ്പള്ളി പഴയപള്ളിയുമൊക്കെ ഇങ്ങനെ പൊളിക്കുവാന്‍ പ്രേരണയും ലഭിക്കും.

    അമേരിക്കയില്‍ കൊളോണിയല്‍ കാലങ്ങളിലുള്ള സ്വന്തം വീടാണെങ്കില്‍പ്പോലും പൊളിക്കുവാന്‍ സാധിക്കുകയില്ല. വ്യക്തിയാണെങ്കിലും സ്ഥാപനമാണെങ്കിലും വന്‍പിഴയും ജയിലും കിട്ടും.

    ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ കോണ്‍സുലേറ്റ് ഇന്ത്യാസര്‍ക്കാരിന്‍റെ വകയാണ്. കൊളോണിയല്‍ ഭരണം മുതലുള്ള ഒരു പൌരാണിക സൌധം. ആ കെട്ടിടം പൌരാണിക വസ്തുവായി സിറ്റിയുടെ അധീനതായിലാണ്. ഇന്ത്യായുടെ സ്വന്തമായ ആ കെട്ടിടത്തില്‍ എന്തെങ്കിലും ചെറുതായ മോഡിഫിക്കേഷന്‍പോലും നടത്തുന്നതിനു ന്യൂയോര്‍ക്ക്സിറ്റി സര്‍ക്കാരിന്‍റെ അനുവാദം വേണം.

    ഇന്ത്യാ സ്വതന്ത്രമാവുന്നതിനു മുമ്പുള്ള എല്ലാ പള്ളികള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇങ്ങനെ ഒരു നിയത്രണം ആവശ്യമാണ്. കരുതല്‍ എന്നോണം നമ്മുടെ നാട്ടിലെ ഓരോ പൌരാണിക പള്ളികളും ആര്‍ക്കിയോളജിയുടെ പരിധിയില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ നന്നായിരുന്നു.
    മരിച്ചുപോയ കാരണവന്മാരെ സ്നേഹിക്കാത്ത
    ജാരസന്തതികളെ ഇനി മറ്റൊരു പള്ളിപൊളിക്കാന്‍
    അനുവദിക്കരുത്. കേരളത്തില്‍ അങ്ങനെ നിയമം ഇല്ലെങ്കില്‍ തെരഞ്ഞെടുത്ത ജനപ്രധിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കും.

    അഫ്ഗാനിസ്ഥാനില്‍ മതഭ്രാന്തന്മാര്‍ പണ്ട്
    ബുദ്ധവിഹാരങ്ങള്‍ തല്ലിതകര്‍ത്തു ചരിത്രത്തിന്‍റെ ഭാഗമായി. അതുപോലെ ചെങ്ങളംപള്ളിയും ഒരു കുബുദ്ധി പാതിരിമൂലംവെറും ചാരമായി. ചരിത്രവുമായി.

    ReplyDelete
  3. സഭാശുശ്രൂഷകളില്‍ അല്മായരുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സീറോ മലബാര്‍ സഭ മെത്രാന്മാരുടെ സിനഡിന്റെ കണ്‍കെട്ടുവിദ്യ.
    രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശ ങ്ങളും ചര്‍ച്ചു ആക്ടും നടപ്പിലാക്കുന്നതിനുപകരം സഭയില്‍ അല്മായ ശാക്തീകരണത്തിന്റെ ഭാഗമായി കാന്‍സര്‍ പ്രതിരോധ പദ്ധതി പോലുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അല്‍മായരോടു സീനഡിന്റെ ആഹ്വാനം.
    ചെങ്ങളം പള്ളി ഇടിച്ചു നിരത്തുകയും ഇടവകകാരുടെ 60 ലക്ഷം രൂപ ഒരു സുതാര്യത ഇല്ലാതെ കൈവശം വെച്ചുകൊണ്ടിരിക്കുന്ന മെത്രാന്റെ നേത്റ്ത്വത്തില്‍ തിരുവനന്തപുരത്ത്‌ ക്യാന്‍സര്‍ റീസെര്‍ച്ചു സെന്റര്‍ എന്ന വൈറ്റ്‌ എലിഫെന്റ്‌ പ്രൊജക്റ്റ്‌ തുടങ്ങുവാനും ഇടവകതോറും സെമിനാറുകളും ഫണ്ടു സംഭരണത്തിനും പദ്ധതികള്‍ തയ്യാരാക്കി കൊണ്ടിരിക്കുന്നു.
    അല്‍മായ കമ്മീഷനില്‍ അല്‍മായരില്ല. മൂന്നുമെത്രാമാരാണ്‌ ഇതിന്റെ അംഗങ്ങള്‍. "ഉവ്വു പിതാവെ, ഉവ്വു പിതാവെ" എന്നു ഉരുവിട്ടു കൊണ്ടുനടക്കുന്ന ഒരു സെക്രടറിയുമുണ്ട്. ഇവര്‍ അച്ചടിച്ചു പുറത്തിറക്കുന്ന
    മെത്രാന്‍ ശബ്ദത്തിന്റെ പേര് വിചിത്രം "Laity Voice". ഇതെല്ലാം എവിടത്തെ നാട്ടു നടപ്പാണ്‌? ഈ അല്‍മായ കമ്മീഷന്‍ തുടങ്ങിയിട്ട്‌ അല്‍മായിരില്‍നിന്നും സംഭരിച്ച തുക സുതാര്യതയില്ലാതെ്‌ ഏതു അടിസ്ഥാനത്തിലാണ്‌ മഹാരാഷ്ട്രയിലും ടാന്‍സാനിയായിലും എസ്റ്റേറ്റുകള്‍ വാങ്ങി കുട്ടിയതെന്ന്‌ വെളിപ്പെടുത്തേണ്ടക്കാലം അതിക്രമിച്ചു.
    ഇടവകള്‍ ട്രസ്റ്റുകള്‍ ആക്കി അല്‍മായര്‍ക്കു പങ്കാളിത്വം നല്‍കുകയാണ്‌ ന്യായമായിട്ടുള്ളത്‌.
    അര്‍ദ്ധപട്ടണിക്കാരായ നേര്‍സുമാര്‍ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങി
    പ്രതിഷേധിച്ചതുപോലെ അല്‍മായരെ തെരുവിലിറക്കരുത്.

    ReplyDelete
  4. ജോര്‍ജ് എഴുതി:
    "സഭയിലിന്ന് ഇത്തരം ധാരാളം സംഭവങ്ങള്‍ നടന്നുവരുന്നു. അന്ധവിശ്വാസംകൊണ്ടും ഭയംകൊണ്ടും മാത്രമല്ല വിശ്വാസിസമൂഹം ഇവിടെയെല്ലം തോറ്റുപോകുന്നത്. മറിച്ച്, നൈയാമികമായി വിശ്വാസികള്‍ക്ക് യാതൊരു അധികാരവും സഭയിലില്ല എന്നതുകൊണ്ടുകൂടിയാണ്. എല്ലാ പ്രതികരണങ്ങളെയും നിര്‍വീര്യമാക്കാനുളള അധികാരം, നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് പൗരോഹിത്യം ഉണ്ടാക്കിയിരിക്കുയാണ്. അതുകൊണ്ട്, ആ സാഹചര്യം മാറ്റിയെടുക്കുക എന്നുള്ളതാണ് പ്രധാനം. ഭാരത നസ്രാണിസഭയുടെ സഭാഭരണസംവിധാനമായിരുന്ന പള്ളിയോഗസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് നിയമപരിഷ്‌കരണകമ്മീഷന്‍ രൂപംകൊടുത്ത 'ചര്‍ച്ച് ആക്ട്' നടപ്പിലാക്കിത്തരണമെന്ന് ധാരാളം സ്വതന്ത്രക്രൈസ്തവസംഘടനകള്‍ ഗവണ്‍മെന്റിനോട് ഇന്നാവശ്യപ്പെടുന്നത് അതുകൊണ്ടാണ് 'ചര്‍ച്ച് ആക്ട്' പാസ്സാക്കിക്കുന്നതില്‍ വിശ്വാസികള്‍ വിജയിച്ചാല്‍പ്പിന്നെ, അധികാരമുള്ള പള്ളിയോഗങ്ങളാവും സഭയുടെ എല്ലാതലങ്ങളിലും സ്വത്തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുക...... അവരുടെ കൂട്ടായ വിവേകത്തില്‍ കൂടിയാലോചിച്ചു തീരുമാനിക്കാതെ ഒരു പള്ളിയും പൊളിക്കാനോ പണിയാനോ അപ്പോള്‍ ഒരച്ചനും സാധ്യമാവില്ല. അഡ്മിഷനും നിയമനത്തിനും കോഴ വാങ്ങാനും അവര്‍ക്കാവാത്ത സാഹചര്യം അന്നുണ്ടാവും."

    വളരെ നല്ല ചിന്ത. കാര്യങ്ങള്‍ അവിടെവരെ എത്താന്‍, വിശ്വാസികള്‍ സംഘടിതമായി മുന്നിട്ടിറങ്ങണം. ഇത്തരം കഴുവേറിത്തരം കാണിക്കുന്ന വികാരിമാരെയും എളുപ്പത്തില്‍ പാഠം പഠിപ്പിക്കാം, അന്ധവിശ്വാസം കുറേ കുറച്ചിട്ട്, ഇടവകക്കാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെങ്കില്‍. ഉദാ: അച്ചന്‍റെ സ്വന്ത ഇഷ്ടം മാത്രം നടപ്പാക്കാന്‍ ശ്രമം തുടങ്ങുന്നതായി കാണുമ്പോള്‍, വിശ്വാസികള്‍ ഒറ്റ കെട്ടായി, പള്ളിയില്‍ പോക്ക് ബഹിഷ്ക്കരിക്കണം. ഭൂരിപക്ഷം ആവശ്യപ്പെടുന്നതിന് വഴങ്ങാന്‍ മടിക്കുന്ന വികാരിയെ വരച്ച വരയില്‍ നിറുത്താന്‍ അത് മതി. ഇത് പക്ഷേ, ഒട്ടും എളുപ്പമല്ല. കാരണം, എവിടെയും കാണും, അച്ഛന്മാരോടുള്ള അമിതബഹുമാനം മൂലം അവര്‍ പറയുന്നതൊന്നും ചോദ്യം ചെയ്യാന്‍ കഴിവില്ലാത്ത, ആത്മീയ അടിമകള്‍. പള്ളിയും പട്ടക്കാരുമൊക്കെ സമൂഹത്തിന് ഉപകാരപ്രദമായിരിക്കാം, എന്നാല്‍ അതൊന്നുമില്ലാതെയും, തൃപ്തികരമായ, സന്തുഷ്ടമായ, ആനന്ദകരമായ ജീവിതം സാദ്ധ്യമാണ് എന്ന് മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങണം. അതിനു മാതൃക കാണിക്കാന്‍ സാധിക്കുന്നവര്‍ ഇന്ന് എത്ര പേരുണ്ട്? ഇപ്പോഴത്തെ, പള്ളിയോടുള്ള മനുഷ്യരുടെ അമിതമായ ആശ്രിതത്വം സഭ മനപ്പൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. അത് വലിച്ചെറിയാന്‍ പഠിക്കുക. അപ്പോള്‍ കാര്യങ്ങള്‍ നേരെയാകാന്‍ തുടങ്ങും.

    ഞാനിത് വെറുതേ പറയുന്നതല്ല. അനുഭവമാണ്. ഒരു കാര്യത്തിലും ഒരു പള്ളിയെയും ആശ്രയിക്കേണ്ട അവസരം ഞാന്‍ കാണുന്നില്ല. അതുകൊണ്ട്, ഒരച്ഛനും എന്നോട് മെക്കിട്ടു കേറാന്‍ വരുന്നുമില്ല. ഈ അഭയത്തിന്റെ അനുഭവം ആര്‍ക്കും നേടിയെടുക്കാവുന്നതാണ്.

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞു ഒരു പള്ളിയെയും ആശ്രയിക്കേണ്ട അവസരം താങ്കള്ക്കില്ലെന്നു. മരനാനന്ത കര്‍മ്മങ്ങളും പള്ളിയില്‍ വച്ച്
      നടത്താന്‍ പാടില്ലെന്ന് വില്ലെഴുതി താങ്കള്‍ മാത്രുകയാവണം.
      വി കെ കുര്യന്‍ സാറും ഇങ്ങനെ ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു. പിന്നെന്തിനാണ് പള്ളി സെമിത്തേരിക്കുവേണ്ടി വാശി പിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല !

      jomon

      Delete
  5. ദൈവദാനവിശ്വാസം?
    ഈ അടുത്തയിടെ ഒരു ഓശാനവായനക്കാരന്‍ എന്നോടു പറഞ്ഞ ഒരു സംഭവം കുറിക്കട്ടെ:
    ഒരു സന്യാസധ്യാനഗുരുവിന്റെ ധ്യാനത്തിനിടെ, ധ്യാനഗുരുവുമായി നടത്തിയ സ്വകാര്യസംഭാഷണത്തില്‍ ഓശാനയും പരാമര്‍ശവിഷയമായി. അച്ചന്‍ പറഞ്ഞു: ''ഓശാന വായിക്കുന്നത് നമ്മുടെ വിശ്വാസത്തെ ഇല്ലെന്നാക്കും. അതുകൊണ്ട് അത് വായിക്കാതിരിക്കുകയാണു നല്ലത്.'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ പല വര്‍ഷങ്ങളായി ഓശാന വായിക്കുന്നു. എന്റെ വിശ്വാസത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. അച്ചന്‍ ഒന്നുരണ്ടു ലക്കം ഒന്നു വായിച്ചുനോക്കൂ.'' അച്ചന്‍ കുറച്ചൊന്നു ക്ഷോഭിച്ചു. ''ഇത്തരം ചവറുകളൊന്നും ഞാന്‍ വായിക്കാറില്ല'', അച്ചന്‍ പറഞ്ഞു. ''വായിക്കാത്ത അച്ചന്‍ അതു ചവറാണെന്ന് എങ്ങനെ മനസ്സിലാക്കി?'' അദ്ദേഹം ചോദിച്ചു. ''ഞാന്‍ കേട്ടു'', അച്ചന്റെ മറുപടി. ''എന്നാല്‍ അച്ചന്‍ ഇതൊന്നു വായിച്ചുനോക്കണം'', അദ്ദേഹം കയ്യിലിരുന്ന രണ്ട് ഓശാന അച്ചനു കൊടുത്തുകൊണ്ടു പറഞ്ഞു. അച്ചനതു തിരിച്ചുകൊടുത്തുകൊണ്ടു ക്ഷോഭത്തോടെ പറഞ്ഞു: ''ഈ ചവറൊന്നും വായിച്ച് എന്റെ വിശ്വാസം നഷ്ടപ്പെടുത്താന്‍ മനസ്സില്ല!'' അദ്ദേഹം പറഞ്ഞു: ''അപ്പോള്‍ ഓശാന വായിച്ചാല്‍ തകരുന്നതാണ് അച്ചന്റെ വിശ്വാസമെന്നു മനസ്സിലായി. അപ്പോള്‍ ഇതാണോ അച്ചന്‍ പറഞ്ഞ 'ദൈവദാനവിശ്വാസം?''' അച്ചന്‍ നിശബ്ദനായി.
    (ജോസഫ് പുലിക്കുന്നേല്‍, ഓശാന, ജൂലൈ 1997)

    ReplyDelete
  6. ചെങ്ങളം ഇടവകാംഗംJanuary 14, 2012 at 8:22 PM

    എന്റെ വല്യപ്പനും സഹോദരങ്ങളും നാട്ടുകാരും കൂടി അധ്വാനിച്ചു പണി കഴിപ്പിച്ച എന്റെ പ്രിയപ്പെട്ട ഇടവക ദേവാലയം - ചെങ്ങളം പള്ളി തകര്‍ന്നടിയുന്നത് കണ്ടു നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളൂ. ഏതാണ്ട് നൂറു കൊല്ലം പഴക്കമുള്ള ആ പ്രദേശത്തുള്ള പല പള്ളികളെക്കാളും പ്രൌഡഗംബീരമായി തലയെടുപ്പോട് കൂടി നിന്നിരുന്ന എന്റെ സ്വന്തം എന്ന് തോന്നിയിരുന്ന എന്റെ പള്ളി പൊളിച്ചു കളഞ്ഞതില്‍ എന്റെ അഗാതമായ ദുഖം ഞാന്‍ രേഖപ്പെടുത്തുന്നു. എന്റെ മാമോദീസ, ആധ്യകുര്ബാന എല്ലാം അവിടെയായിരുന്നു.......

    അങ്ങനെതന്നെയാണ് ചെങ്ങളത്തിനടുത്തുള്ള ഇളങ്ങുളം, ഉരുളികുന്നം, പൈക, കാഞ്ഞിരമറ്റം, ആനിക്കാട്, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കൊഴുവനാല്‍ , ചേര്‍പ്പുങ്കല്‍ എന്നീ പള്ളികലെല്ലാം അതിമനോഹരമായ പുരാതന കൊത്തുപണികലോടുകൂടി പണികഴിപ്പിച്ചവയാണ്‌......... ചെങ്ങളം പള്ളി പൊളിച്ചത് പോലെ, മുകളില്‍ പറഞ്ഞിരിക്കുന്ന പോലെയുള്ള, നമ്മുടെ പ്രിയപ്പെട്ട പള്ളികള്‍ പൊളിക്കാന്‍ ആലോചന വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പ്രതിഷേധം നല്ലരീതിയില്‍, എന്നാല്‍ ശക്തമായി അറിയിക്കണം എന്ന് എനിക്കൊരഭ്യര്ധനയുണ്ട്.

    ReplyDelete
  7. ചെങ്ങളം ഇടവകക്കരനോട് ഒരു അപേക്ഷയുണ്ട്- ചെങ്ങളം പള്ളിയുടെ ഒരു നല്ല ഫോട്ടോയും, പള്ളി തകര്ന്നുകൊണ്ടിരിക്കുന്നതും തകര്‍ന്നുകഴിഞ്ഞുള്ളതുമായ ഏതാനും ഫോട്ടോകളും ഈ ബ്ലോഗിലേക്ക് പോസ്റ്റ്‌ ചെയ്യാമോ?-------ജോര്‍ജ് മൂലെചാലില്‍

    ReplyDelete
  8. താങ്കള്‍ (ജോമോന്‍? anonymous?) ആവശ്യപ്പെട്ടതുകൊണ്ട് മാത്രം (മരണാനന്ത കര്‍മ്മങ്ങളും പള്ളിയില്‍ വച്ച് നടത്താന്‍ പാടില്ലെന്ന് വില്ലെഴുതി താങ്കള്‍ മാതൃകയാവണം.) എന്റെ മനോഗതങ്ങള്‍ പരസ്യപ്പെടുത്തേണ്ട കടമയെനിക്കില്ല. എന്നിരുന്നാലും, വല്ല പുസ്തകക്കടയിലും നിന്ന് കണ്ടെടുക്കാനാവുമെങ്കില്‍, എന്റെയൊരു കവിതാ സമാഹാരത്തില്‍ (അന്ധന്റെ ആവൃതികള്‍, മള്‍ബറി, 2000) ഞാന്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്: (പുനരുത്ഥാന ചിന്തകള്‍)
    ... ... ...
    എന്റെയീ പഴയ ദേഹം
    എന്നെ ഞാനാക്കിയ പ്രത്യക്ഷം
    നിങ്ങള്‍ക്കുമെനിക്കുമിനി
    ഒരു ഭാരമാകേണ്ടതില്ല.
    പള്ളിസിമിത്തേരിയിലെ അഴിയാത്ത
    അസ്ഥികല്‍ക്കിടക്കും പിരിയാന്‍ മടിക്കുന്ന
    ആത്മാവുകളോടൊത്തും ശയിക്കാന്‍
    അതിന് ഇടവരുത്തരുതേ!
    പകരം, എനിക്ക് സുപരിചിതമായ
    ഈ മണ്ണില്‍, ഈ കുന്നിന്‍ചെരുവില്‍
    ഞാന്‍ വിശ്രമിക്കട്ടെ.
    അവിടെയത് ഭൂമിയുടെ നനവില്‍
    അലിഞ്ഞു ചേരട്ടെ.
    അവിടെയത് പുതുജീവന്റെ
    തന്മാത്രകളായി രൂപാന്തരപ്പെടട്ടെ.
    വളമായും ഊര്‍ജമായും
    പൂക്കളിലും കനികളിലും
    പ്രത്യക്ഷനായിടുമെന്നെ
    തളിരിലകള്‍ തിരിച്ചറിയും
    അവയുടെ കോട്യാനുകൊടി
    സിരാവ്യൂഹപരമ്പരയില്‍
    ജീവതൃഷ്ണ തിരയടിക്കുമ്പോള്‍
    അതെന്റെയും പുളകമായിടും
    അതെന്റെയും അനേക
    പുനര്‍ജന്മങ്ങളായിടും.

    ഞങ്ങള്‍ മരിക്കുമ്പോള്‍, ഒരു കാരണവശാലും പള്ളിയില്‍ അടക്കേണ്ടതില്ലെന്ന് ഭാര്യയും ഞാനും മക്കളുമായി ചേര്‍ന്ന് തീരുമാനമെടുത്തിട്ടുമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ പള്ളിയുടെ ആവശ്യം തോന്നാത്തവര്‍ക്ക്, മരിച്ചു കഴിഞ്ഞ് അതിന്റെയാവശ്യമെന്ത്?

    ReplyDelete
  9. തോമ്മാ എന്ന് വിളിക്കപ്പെട്ട ആള്‍ ക്രിസ്ത്യാനി കുഞ്ഞച്ചന്മ്മാരുടെ ഇടയില്‍ പുതുക്രിസ്ത്യാനി ആണ്. പാവപ്പെട്ട തോമ്മാ മരിച്ചു ,മുപ്പതിലേറെ വര്‍ഷങ്ങള്‍ ഇടവകയിലെ എല്ലാവരെയും ശവക്കുഴിയില്‍ അടക്കാന്‍ സഹായിച്ച നീണ്ട കാല ജോലി ചെയ്ത ശേഷം. തോമ്മാ നാട്ടുകാരുടെ ഭാഷയില്‍ ചെങ്ങളം ഇടവകയുടെ ശവ കുഴി വെട്ടുകാരന്‍ ആണ്. അദ്ദേഹത്തെ അടക്കിയ കല്ലറയില്‍ നിന്നും മൂന്നാം ദിവസം പാതിരായ്ക്ക് ചെങ്ങളം വികാരിയും കെ.സി.ബി.സി.യുടെ ഹെല്‍ത്ത് കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ..മാത്യു പുതുമനയും , ചെങ്ങളം പള്ളിയുടെ കൈക്കാരന്മാരും കൂടി രഹസ്യമായി പൊക്കിയെടുത്തു മറ്റൊരു കുഴിയില്‍ കുഴിച്ചിട്ടു.ഇത് നടന്നിട്ട് കുറച്ചു മാസങ്ങള്‍ ആയി.ഇക്കാര്യം പുറത്തു പറഞ്ഞ കപ്യാരെ വികാരിയും മറ്റു കഷ്മലന്മാരും കൂടി ഡിസ്മിസ് ചെയ്തു ആ കപ്യാരുടെ കുടുംബത്തെയും പട്ടിണിയാക്കി. ഈ വികാരിയുടെ ക്രൂര വിനോദമായിരുന്നു ചെങ്ങളം സെന്റു ആന്റണീസ് ദേവാലയം ബോംബിട്ടു തകര്‍ത്തത്.ഇദ്ദേഹത്തെ രക്ഷിക്കുന്നത് കാഞ്ഞിരപ്പള്ളി മെത്രാനാണ്. ഇവര്‍ രണ്ടും കൂടി മതി , ആരെയും പൊളിച്ചടുക്കും. കള്ളപ്പണം ഉണ്ടാക്കുന്നത്‌ ഒരു വെറും ഹോബി മാത്രം.പുതുമന എന്നാ കള്ളക്കത്തനാര്‍ താമസിയാതെ അമേരിക്കയിലേക്ക് കടക്കുകയാണ്.പകരം മറ്റൊരു (ക്ണാപ്പന്‍ കത്തനാരും മുന്‍ വികാരി ജനാരാളും) ചെങ്ങളത്തെയ്ക്ക് പകരം വരാന്‍ അരയും തലയും മുറുക്കി കഴിഞ്ഞു. അമേരിക്കന്‍ മലയാളികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുതുമന അവരെ പൊളിച്ചടുക്കും.!!!

    ReplyDelete